ഗർഭിണി
രചന: സനൽ SBT
സേതു ഏട്ടാ ഞാൻ ഗർഭിണിയാണ്.
ഭാമയുടെ വാക്കുകൾ ഇടുത്തി പൊലെയാണ് സേതുമാധവന്റെ കാതുകളിൽ പതിച്ചത്.
മനുഷ്യനെ പേടിപ്പിക്കാതെ ഒന്ന് പോയെ ഭാമേ നീ.
അല്ല സേതു ഏട്ടാ എനിക്ക് ഉറപ്പുണ്ട് ഇപ്പോൾ തന്നെ 3 മാസമായി മാസമുറ തെറ്റിയിട്ട് ചിലപ്പോൾ ചില മാസങ്ങളിൽ ഉണ്ടാവാറില്ല അതുകൊണ്ടാണ് ഞാൻ ഇതു വരെ മെൻറ് ചെയ്യാതിരുന്നത് പക്ഷേ ഇതിപ്പോ എനിക്ക് എന്തോ പേടി തോന്നുന്നു .
അതിന് നീ പണ്ട് നിർത്തിയതല്ലേ പിന്നെ എങ്ങനെ ചുമ്മാ പൊട്ടത്തരം വിളിച്ച് പറയാണ്ട് വന്ന് കിടന്ന് ഉറങ്ങാൻ നോക്ക്.
അതൊക്കെ അന്നത്തെ കാലത്തെ നിർത്തലല്ലേ അതിനൊന്നും യാതൊരു ഗ്യാരണ്ടിയും ഇല്ല. നന്മുക്ക് എന്തായാലും ഹോസ്പിറ്റൽ വരെ ഒന്ന് പോയി നോക്കാം എനിക്ക് എന്തോ വല്ലാതെ പേടിയാവുന്നു സേതു ഏട്ടാ.
ഇത് പറയുമ്പോഴും ഭാമയുടെ മനസ്സ് ഞെരിപ്പോട് പൊലെ കിടന്ന് പുകയുകയായിരുന്നു. തെല്ല് ഭയം സേതുവിന്റെ ഉള്ളിലും തോന്നാതിരുന്നില്ല.
ഉം .ശരി രാവിലെ തന്നെ പോയേക്കാം .
കട്ടിലിൽ മറിഞ്ഞും തിരിഞ്ഞും കിടന്നിട്ട് സേതുവിന് ഉറക്കം വരുന്നില്ല .പയ്യേ എഴുന്നേറ്റ് വിജനമായ ജനലഴിയിലൂടെ പുറത്തേക്ക് നോക്കി .പുറത്ത് നല്ല നിലാവ് ജനലഴിയിലൂടെ ഇളം തെന്നൽ സേതുവിന്റെ തലമുടിയെ തഴുകിക്കൊണ്ടിരുന്നു. അയാൾ തീർത്തും അസ്വസ്ഥൻ ആയിരുന്നു. ടേബിളിന്റെ പുറത്ത് ഇരിക്കുന്ന സിഗററ്റ്പാക്കറ്റിൽ നിന്നും ഒന്ന് എടുത്ത് കത്തിച്ച് വലിക്കാൻ തുടങ്ങി. പഴയ ഓർമ്മകൾ എല്ലാം അയാളുടെ മനസ്സിൽ ഒരു വേലിയേറ്റം സൃഷ്ടിച്ചു.
അച്ഛന്റെ മരണശേഷം നന്നേ പാടുപെട്ടാണ് ചെറുപ്പം മുതലേ സേതു വീട് നോക്കിയിരുന്നത് .അമ്മയും കല്യാണപ്രായമായ രണ്ട് പെങ്ങൻമാരും ആയിരുന്നു ആകെയുള്ള സമ്പാദ്യം . അവർക്ക് കെട്ട് പ്രായം ആവുമ്പോഴേക്കും നല്ല കാശിന് ചിലവ് വരും എന്ന് അയാൾക്ക് അറിയാമായിരുന്നു’ അതു കൊണ്ടു തന്നെയാണ് ഗൾഫിൽ പോകാൻ തീരുമാനിച്ചതും പിന്നെ അങ്ങോട്ട് 20 വർഷത്തെ പ്രവാസ ജീവിതം അതിനിടയ്ക്ക് എപ്പോഴോ ഭാമയെ അമ്മാവൻ സേതുവിന്റെ കൈകളിൽ പിടിച്ച് ഏൽപ്പിച്ചു. കാലാന്തരങ്ങളിൽ രണ്ടു കുട്ടികളും ജനിച്ചു. മൂത്ത മകൻ മനുവും രണ്ടാമത്തെ മകൾ മീനുവും .
ഇപ്പോൾ പ്രവാസ ജീവിതം അവസാനിപ്പിച്ചിട്ട് ഇന്നേക്ക് 6 മാസം പക്ഷേ ഇത് സേതുവും ഭാമയും തീരെ പ്രതീക്കിച്ചില്ല .ഇപ്പോൾ അതും ഈ പ്രായത്തിൽ ഒരു കുഞ്ഞ് ജനിക്കുന്നു എന്ന് നാട്ടുകാരും വീട്ടുകാരും അറിഞ്ഞാൽ എന്താവും എന്നാണ് പേടി. അതു മാത്രമല്ല മനു ഇപ്പോൾ ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥിയാണ് മീനു പ്ലസ് വണ്ണിലും അവർഇത് അറിഞ്ഞാൽ ഒരിക്കലും അംഗീകരിക്കില്ല എന്ന് രണ്ടു പേർക്കും നല്ല ബോധ്യമുണ്ട് .
എന്താണേലും വരട്ടെ അങ്ങിനെയാണേൽ തന്നെ അപോർഷൻ എന്ന ഒരു ഒപ്ഷൻ ഉണ്ടല്ലോ രണ്ടും കൽപിച്ച് സേതു ഉറങ്ങാൻ കിടന്നു.
ഭാമ രാവിലെ തന്നെ കുളിച്ചൊരുങ്ങുന്നത് കണ്ട് മീനു ചോദിച്ചു
അമ്മ എങ്ങോട്ടാ പതിവില്ലാതെ സാരിയൊക്കെ ഉടുത്ത് .
അത് പിന്നെ ഹോസ്പറ്റലിൽ ഒന്ന് പോകണം
ഉം എന്താ കാര്യം
ഇടയ്ക്ക് ഇടയ്ക്ക് വല്ലാത്ത വയറുവേദന അപ്പോൾ ഒന്ന് പോയി കാണിക്കാം എന്ന് വെച്ചു.
ഉം ഞാനും കുറച്ചായി ശ്രദ്ധിക്കുന്നു അമ്മയ്ക്ക് നല്ല മാറ്റം ഉണ്ട് തടിയൊക്കെ കൂടിയ പോലെ ഇനി വല്ല ഗർഭിണിയും ആയോ?
മീനു പൊട്ടിച്ചിരിച്ചു.
ഒരു ഞെട്ടലോടെ ഭാമ മീനുവിന് നേരെ കയ്യോങ്ങി.
ഒന്ന് പോകുന്നുണ്ടോ മീനു അവിടുന്ന് മനുഷ്യന് ഒരു സമാധാനം തരില്ല എന്ന് വെച്ചാൽ .
ഞാനൊരു തമാശ പറഞ്ഞതല്ലേ അതിന് അമ്മ എന്തിനാ ഇങ്ങിനെ ചൂടാവണേ?
ഭാമയുടെ നെഞ്ചിലെ തീ ഒന്നു കൂടി ആളിക്കത്തി.
ഹോസ്പറ്റലിൽ ടോക്കൺ നമ്പർ എടുത്ത് കാത്തുനിൽക്കുമ്പോഴും ഓരോ മണിക്കൂറും ഓരോ ദിനത്തിന്റെ ദൈർഘ്യമായി തോന്നി .കൊടുക്കാറ്റിൽ അകപ്പെട്ട കപ്പലുപൊലെ ഭാമയുടെ മനസ്സ് ദിശയറിയാതെ പാഞ്ഞു.
ടോക്കൽ നമ്പർ 74
ഭാമ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നു.
വാതിൽ തുറന്ന് അകത്തേക്ക് കയറി കൂടെ സേതുവും
വരൂ ഇരിയ്ക്കൂ ,
ഡോക്ടർ ഞാൻ ഗർഭിണിയാണോ എന്നൊരു സംശയം ? ഒന്ന് ചെക്ക് ചെയ്യണം .
ഉം ആ ബെഡിലേക്ക് ഇരുന്നോളൂ . ചേട്ടൻ കുറച്ച് നേരം ഒന്ന് പുറത്ത് നിൽക്കണം.
സേതു പുറത്തേക്കിറങ്ങി വരാന്തയുടെ ഒരു ഓരം ചാരി നിന്നു.
ഒരൽപം സമയം കഴിഞ്ഞ് നഴ്സ് പുറത്ത് വന്ന് വിളിച്ചു പറഞ്ഞു.
ആരാ സേതുമാധവൻ ഡോക്ടർ വിളിക്കുന്നു ഒന്ന് അകത്തേക്ക് വരൂ.
നിങ്ങളല്ലേ ഇവരുടെ ഭർത്താവ് ഒന്ന് കരച്ചിൽ നിർത്താൻ പറയൂ. നിങ്ങൾ സംശയിച്ചത് പൊലെ തന്നെ ഭാര്യ പ്രഗ്നന്റ് ആണ്.
ഡോക്ടറുടെ വാക്കുക്കൾ ഒരു ഇടിമിന്നൽ പോലെ സേതുവിന്റെ കാതുകളിലൂടെ കടന്നു പോയി. ഭൂമി പിളർന്ന് താൻ താഴെ പോകുന്ന പൊലെ സേതുവിന് തോന്നി.
ഡോക്ടർ ഞങ്ങൾക്ക് ഈ കുഞ്ഞിനെ വേണ്ടാ .
എടോ ഇത് തന്നെ പറഞ്ഞാണ് തന്റെ ഭാര്യയും കരയുന്നത് പക്ഷേ നോക്കൂ ഇപ്പോഴത്തെ നിങ്ങളുടെ ഭാര്യയുടെ ശാരീരികാവസ്ഥയിൽ ഒരു അപോർഷൻ സാധ്യമല്ല. അത് അവരുടെ ജീവനെ തന്നെ ഭീഷണിയായേക്കാം .
പ്ലീസ് ഡോക്ടർ എങ്ങനെയെങ്കിലും ഞങ്ങളെ ഒന്ന് സഹായിക്കണം കെട്ടിക്കാൻ പ്രായമായ രണ്ട് മക്കൾ ഉണ്ട്, നാട്ടുകാരും വീട്ടുകാരും ഇത് അറിഞ്ഞാൽ കുറച്ച് വിഷം മേടിച്ച് കഴിച്ച് ജീവിതം അവസാനിപ്പിക്കുകയല്ലാതെ ഞങ്ങൾക്ക് വേറെ വഴിയില്ല.
സേതു ഇത് ഇപ്പോൾ പഴയ കാലം ഒന്നും അല്ല അത്ര പെട്ടെന്ന് അപോർഷൻ ചെയ്യാൻ ഇപ്പാൾ തന്നെ 4 മാസം ആയി കുഞ്ഞിന് ഇവിടെ അല്ല വെറെ എവിടെ പോയാലും ഇത് നിങ്ങൾക്ക് ആരും ചെയ്ത് തരില്ല.
മാത്രമല്ല തന്റെ ഭാര്യയുടെ ആരോഗ്യസ്ഥിതിയും വളരെ മോശമാണ് ശരിക്കും റെസ്റ്റ് എടുക്കേണ്ട സമയം ലോ ബി.പി യാണ് ഉള്ളത്. കൂടാതെ ഗർഭപാത്രത്തിന് വികസം കുറവാണ് ഇതിപ്പോൾ ഏജ് ഇത്രയും ആയില്ലേ അതുകൊണ്ടാണ് . ഇത്രയും പ്രശ്നങ്ങൾ ഉള്ള ഒരാളെ ഞാൻ എങ്ങനെ അപോർട്ട് ചെയ്യും നിങ്ങൾ തന്നെ പറ നാളെ നിങ്ങളുടെ ഭാര്യയ്ക്ക് വല്ലതും സംഭവിച്ചാൽ നിങ്ങൾ പൊലും എന്നെയല്ലേ കുറ്റം പറയുന്നത്,
ഡോക്ടർ ഇനി എന്താണ് ചെയ്യുക
ഒന്നും ചെയ്യാൻ ഇല്ല അവർ പ്രസവിക്കട്ടെ ടോ എത്ര പേർ വർഷങ്ങളായി കുട്ടികൾ ഇല്ലാതെ കാത്തിരിക്കുന്നു ‘ ഇനി നിങ്ങൾക്ക് വളർത്താൻ ബുദ്ധിമുട്ടാണ് എങ്കിൽ വെറെ വഴിയുണ്ടല്ലോ ഞങ്ങൾ ഒക്കെ ഇവിടെ തന്നെ ഇല്ലേ. താൻ ധൈര്യമായിട്ട് ഇരിയ്ക്ക് പിന്നെ തന്റെ ഭാര്യയേയും ഇതൊന്ന് പറഞ്ഞ് മനസ്സിലാക്ക് .
സേതുവും ഭാമയും കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി ഡോക്ടറുടെ റൂമിന് പുറത്തേക്കിറങ്ങി ‘
ഭാമയെ വീട്ടിൽ കൊണ്ടുപോയി വിട്ട് സേതു നെരെ തന്റെ ആത്മ മിത്രമായ അനിലിന്റെ അടുത്തേക്കാണ് പോയത്. അനിലിനെ കണ്ട് കാര്യങ്ങളെല്ലാം ധരിപ്പിച്ചു.
അനിലും ഞെട്ടലോടെയാണ് സേതുവിന്റെ വാക്കുകൾ കേട്ടത്.
സേതു ബാക്കിയെല്ലാം നമ്മുക്ക് വഴിയുണ്ടാക്കാം പക്ഷേ മനുവും മീനുവും ഇത് ഏത് സെൻസിൽ എടുക്കും എന്ന് അറിയില്ല. ഏതായാലും നിങ്ങൾ രണ്ടു പേരും ഇപ്പോൾ ഒന്നും പറയണ്ട ആദ്യം നിന്റെ അമ്മാവനെ വിവരം അറിയിക്ക് അവർ പയ്യേ രണ്ടു പേരേയും പറഞ്ഞ് മനസ്സിലാക്കിക്കോളും .
സേതു അർഥ സന്മതം മൂളി
ഹേയ് നീ ഇങ്ങനെ ടെൻഷൻ ‘ അടിക്കല്ലേടാ എന്നായാലും ഇത് വീട്ടുകാരും നാട്ടുകാരും അറിയും കുറച്ച് നേരെത്തെ ആയാൽ അത്രയും ഈ ഭാരം ചുമന്ന് നടക്കേണ്ടല്ലോ? പിന്നെ ഇത് ആരേയും അറിയിക്കാതെ കൊണ്ടു നടക്കാനും പറ്റില്ല. നീ വീട്ടിലോട്ട് പോകാൻ നോക്ക് എല്ലാത്തിനും നമുക്ക് വഴി ഉണ്ടാക്കാം.
അനിൽ സേതുവിനെ പറഞ്ഞ് സമാധാനിപ്പിച്ച് വിട്ടു.
പതിവില്ലാതെ അമ്മാവനെയും കുടുംബത്തെയും വീട്ടിൽ കണ്ടപ്പോൾ തന്നെ സ്ക്കൂൾ വിട്ടു വന്ന മീനുവിന് എന്തൊക്കെയോ ഒരു സംശയം ഉടലെടുത്തിരുന്നു. മാത്രമല്ല ഇപ്പോൾ വീട് ഒരു മരണവീട് പൊലെയാണ് അമ്മയും അച്ഛനും സംസാരിക്കാറില്ല. സമയത്തിന് ആരും ഭക്ഷണം കഴിക്കുന്നില്ല ഏത് നേരവും അമ്മ ഒരേ കിടപ്പാണ്. ഇനി അമ്മയ്ക്ക് വെറെ വല്ല അസുഖവും വന്നോ ? മീനുവിന്റെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുത്തു.
മോളെ മനു എവിടെ.?
ചേട്ടൻ കൂട്ടുമാരുമൊത്ത് ഒരുമിച്ചാണ് വരാറ് ഞാൻ നേരത്തെ ഇങ്ങ് പോന്നു.
ആ അത് നന്നായി.
എങ്ങനെ തുടങ്ങണം എന്ന് അറിയാതെ അമ്മാവനും നിന്ന് പരുങ്ങുകയാണ് ഏതായാലും മനുവും വരട്ടെ രണ്ടു പേരേടും ഒരുമിച്ച് കാര്യം അവതരിപ്പിച്ചേക്കാം .
രാത്രി അത്താഴം കഴിഞ്ഞ് രണ്ടു പേരെയും പുറത്തേക്ക് വിളിപ്പിച്ച് കാര്യം അവതരിപ്പിച്ചു . മീനുവിന് എന്തൊക്കെയോ ഒരു കണക്കു കൂട്ടൽ ഉണ്ടായിരുന്നത് കൊണ്ട് വലിയൊരു പൊട്ടിത്തെറി ഉണ്ടായില്ല. പക്ഷേ മനു അങ്ങിനെ ആയിരുന്നില്ല. അവൻ നേരെ ചെന്നത് അമ്മയുടെ റൂമിലേക്കായിരുന്നു.
അമ്മേ ഞാൻ കേട്ടത് സത്യമാണോ? അമ്മ ഗർഭിണി ആണോന്ന്.
ഭാമയ്ക്ക് പറയാൻ വാക്കുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പകരം കണ്ണുനീർ അവന്റെ ചോദ്യത്തിന് മറുപടി നൽകി.
നാണം ഇല്ലേ നിങ്ങൾക്ക് തള്ളേ ഇത്രയും വയസ്സും പ്രായവും ആയില്ലേ. മോളെ കെട്ടിക്കാറായി കൊച്ചു മക്കളെയും നോക്കി ഇരിക്കേണ്ട കാലത്താണ് ഇപ്പോൾ ഒരു കുഞ്ഞിന് പ്രസവിക്കാൻ പോണത്.
മനുവിന് ദേഷ്യം ഇരട്ടിയായി വന്നു.
ഇനി ഇപ്പോ ആർക്കും പുറത്തേക്ക് ഇറങ്ങണ്ട നാണക്കേട് കാരണം തലയിൽ മുണ്ടും ഇട്ട് നടക്കാലോ ? ഇതിലും ഭേദം കുറച്ച് വിഷം മേടിച്ച് ഞങ്ങൾക്ക് തരുന്നതായിരുന്നു’ .
അമ്മാവൻ രംഗം വഷളാവും മുൻപേ മനുവിന പിടിച്ചു മാറ്റി .
ഇനിയും ഈ കുഞ്ഞിനെ പ്രസവിക്കാനാണ് നിങ്ങളുടെ ഉദ്ദേശം എങ്കിൽ ഞാനോ ഇല്ലെങ്കിൽ ആ ഒരു കുഞ്ഞോ ഏതെങ്കിലും ഒന്നേ ഈ വീട്ടിൽ കാണൂ .
അത് ശക്തമായ ഒരു മുന്നറിയിപ്പായിരുന്നു’
സേതു എല്ലാം കേട്ടുകോണ്ട് ഒരു ശില പൊലെ അപ്പുറത്തെ മുറിയിൽ ഇരിപ്പുണ്ടായിരുന്നു’ ഭാമയുടെ തേങ്ങലടിക്കുന്ന ശബ്ദം സേതുവിന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു.
ആഴ്ചകളും മാസങ്ങളും കടന്നു പോയി. തന്റെ മക്കളുടെ മുഖത്ത് നോക്കാൻ കഴിയാതെ വന്നപ്പോൾ സേതു വീണ്ടും പ്രവാസ ലോകത്തേക്ക് മടങ്ങിപ്പോയി. ഇനി ഒരു തിരിച്ച് വരവ് ഇല്ല എന്ന ഉറച്ച തീരുമാനത്തോടെ ആയിരുന്നു അത്.
കർക്കിടകം തകർത്ത് പെയ്യുകയാണ് ഭൂമിയോട് എന്തോ പക തീർക്കും പോലെ .തുള്ളി മുറിയാതെയുള്ള മഴ നാടിനേയും വീടിനെയും വെള്ളത്തിലാഴ്ത്തി. ഭാമയ്ക്ക് ഇപ്പോൾ 9 മാസം നടപ്പാണ് എന്നിരുന്നാലും തന്റെ കാര്യങ്ങൾ എല്ലാം പരസ്പര സഹായം ഇല്ലാതെ ഒറ്റയ്ക്കാണ് ചെയ്തിരുന്നത് . വീടിന്റെ പുറകുവശത്ത് നനച്ചിട്ടിരുന്ന തുണികൾ എടുത്തോണ്ട് വരുമ്പോഴായിരുന്നു ഭാമ അപ്രതീക്ഷിതമായി കലുതെന്നി വീണത്, ഭാമയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് മീനു ഓടിയെത്തി ഭാമയെ പിടിച്ച് എഴുന്നേൽപ്പിച്ച് റൂമിലിരുത്തി.
വേദന കൊണ്ട് പുളയുന്ന ഭാമയുടെ മുഖം മീനുവിന് സഹിക്കാനായില്ല അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ വീടിന് ചുറ്റും ഓടി നടന്നു. മീനു അടുത്ത വീട്ടിലെ ശാന്ത ചേച്ചിയുമായി ഓടിയെത്തിയപ്പോഴേക്കും കട്ടിലിന് താഴെ രക്തം തളംകെട്ടി കിടപ്പുണ്ടായിരുന്നു.
മോളെ കുറച്ച് ചൂടുവെള്ളം ഇങ്ങെടുക്ക് ഇനി ആശുപത്രി വരെ കൊണ്ടു പോയാൽ എത്തുമെന്ന് തോന്നുന്നില്ല. നീ ആ വാതിലിങ്ങ് അടച്ചേ .
വാതിൽ പാതി ചാരുമ്പോഴും രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാമയുടെ മുഖം മനുവിന് കാണാമായിരുന്നു. ബോധം പതിയെ ഭാമയിൽ നിന്ന് മറയുമ്പോഴും മനുവിനോട് എന്തോ പറയാൻ അവർ കൈകൾ പൊക്കി.
നിർജീവമായി മനു തന്റെ റൂമിലേക്ക് തിരിച്ച് നടന്നു.കട്ടിലിൽ കിടന്നിരുന്ന മീനുവിന്റെ ഷാൾ എടുത്ത് അത് ഫാനിൽ കെട്ടി. ഒരു നിമിഷം കണ്ണുകൾ അടച്ച് അവൻ സ്റ്റൂളിന്റെ മുകളിൽ കയറി നിന്നു. ഇത്രയും നാൾ സുഹുത്തുകളിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിച്ച അപമാനവും കുത്തുവാക്കുകളും അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതിനൊരു മോചനം തന്റെ മരണത്തോടെ മാത്രമേ സാധ്യമാവൂ എന്ന് അവന് അറിയാമായിരുന്നു’ .
അമ്മേ മാപ്പ് എനിക്ക് വേറെ വഴിയില്ല ഇത്രയും കാലം എന്റെ അമ്മയെ വെറുത്തതിന് എനിക്ക് മാപ്പ് നൽകേണമേ
മനു കഴുത്തിൽ കുരുക്ക് മുറുക്കി സ്റ്റൂൾ കാലുകൊണ്ട് തട്ടി മറിച്ചു.
പ്രാണൻ തന്റെ ശരീരത്തിൽ നിന്നു പോകുന്ന വേളയിൽ ഒരു കുഞ്ഞിന്റെ കരച്ചിൽ അവന്റെ കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു.
ശുഭം
രചന: സനൽ SBT