Story by J. K
“” എത്ര നാളായി ഞാൻ തന്റെ പുറകെ നടക്കുന്നു.. തനിക്കാണെങ്കിൽ മറ്റാരോടും പ്രണയം ഇല്ല എന്ന് വ്യക്തമായി പറഞ്ഞു കഴിഞ്ഞു അപ്പോൾ പിന്നെ എന്റെ കാര്യം പരിഗണിക്കുന്നതിന് എന്താണ് ഇത്ര വിഷമം?”
രാഹുൽ അത് അവളെ നോക്കി ചോദിച്ചപ്പോൾ അവളുടെ നീണ്ട മിഴികൾ നിറഞ്ഞു..
അവനോടുള്ള ഉള്ളിലെ പ്രണയം പുറത്തേക്ക് വരുമോ എന്ന് അവൾക്ക് ഭയം ആയിരുന്നു അതുകൊണ്ടുതന്നെ ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു…
ഇനി ആകെ കഷ്ടിച്ച് ഒരു മാസം കൂടിയേ ഉള്ളൂ താൻ ഈ കോളേജിൽ ഇതിനകം അവൾ എന്തെങ്കിലും ഒരു തീരുമാനം പറഞ്ഞില്ല എന്നുണ്ടെങ്കിൽ അവളെ എന്നെന്നേക്കുമായി തനിക്ക് നഷ്ടപ്പെടും എന്ന് രാഹുലിന് ഉറപ്പായിരുന്നു..
അതുകൊണ്ടാണ് അയാൾ വീണ്ടും അവളുടെ മുന്നിൽ പോയി അവൾക്ക് തടസ്സം നിന്നത്..
“” ഇത് കുറേ ആയി ഗൗരി ഞാൻ തന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്.. എന്തു ചോദിച്ചാലും ഒന്നും മിണ്ടാതെ ഇങ്ങനെ കണ്ണുനിറച്ച് ഒരു പോക്ക്, അത് ഇനി പറ്റില്ല.. ഞാൻ ചോദിച്ചത് ക്ലിയർ ആണല്ലോ തനിക്ക് എന്നെ ഇഷ്ടമാണോ അല്ലയോ അല്ല എന്ന് ഉണ്ടെങ്കിൽ തനിക്ക് അത് തുറന്നു പറയാം ഞാൻ പിന്നെ തന്നെ ശല്യപ്പെടുത്താൻ വരില്ല.. അല്ലാതെ ഇതുപോലെ ഒന്നും മിണ്ടാതെ പോകാൻ ഇനി ഞാൻ സമ്മതിക്കില്ല..!”
അല്പം ദേഷ്യത്തോടെ തന്നെ ആയിരുന്നു രാഹുൽ അത്രയും പറഞ്ഞത്..
അത് കേട്ടതും അവളുടെ മിഴികൾ നിറഞ്ഞൊഴുകി.
“” രാഹുലേട്ടന് എന്നെക്കുറിച്ച് ഒന്നും അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ഇഷ്ടമാണ് എന്നും പറഞ്ഞ് പുറകെ നടക്കുന്നത്!! എന്നെക്കുറിച്ച് എന്തെങ്കിലും അറിഞ്ഞാൽ പിന്നെ എന്നോട് വെറുപ്പ് ആകും.. അങ്ങനെ ഒരു സിറ്റുവേഷൻ എനിക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല അതിലും നല്ലതല്ലേ നമ്മൾ ആദ്യമേ ഇങ്ങനെ ഒരു റിലേഷൻഷിപ്പ് വയ്ക്കാതിരിക്കുന്നത്..!””
അത്രയും പറഞ്ഞപ്പോഴാണ് രാഹുലിന് ചെറിയ ഒരു ആശ്വാസം തോന്നിയത്.. അവൾ പറഞ്ഞതിൽ തന്നെ ഉണ്ട് അവൾക്ക് തന്നെ ഇഷ്ടമാണ് എന്ന് ഇനി ഒന്നും അവന് അറിയേണ്ടിയിരുന്നില്ല..
“” എടോ തന്റെ പ്രശ്നങ്ങൾ എന്റെയും പ്രശ്നങ്ങളാണ് അത് നമുക്ക് ഒരുമിച്ച് പരിഹരിക്കാം പക്ഷേ അതിനുമുമ്പ് തന്റെ വായിൽ നിന്ന് തന്നെ എനിക്കത് കേൾക്കണം എന്നെ ഇഷ്ടമാണ് എന്ന്!””
അത് കേട്ടതും കരയുകയാണ് അവൾ ചെയ്തത് അതോടെ രാഹുൽ ചുറ്റിനും നോക്കി കോളേജ് ക്യാമ്പസ് ആണ് ഇങ്ങനെ എന്തെങ്കിലും ഒരു കാഴ്ച ആരെങ്കിലും കണ്ടുകൊണ്ടു വന്നാൽ പിന്നെ എന്തൊക്കെ ഉണ്ടാകും എന്ന് പറയാൻ പറ്റില്ല…
അത് മനസ്സിലാക്കി എന്ന വണ്ണം അവളും പെട്ടെന്ന് സ്വയം നിയന്ത്രിച്ചു.. ഇന്ന് ക്ലാസ്സിൽ പോകേണ്ട നമുക്ക് സംസാരിക്കാൻ എന്നും പറഞ്ഞ് രാഹുൽ അവന്റെ സുഹൃത്തിന്റെ കാറും കൊണ്ടുവന്നു അവളെയും കയറ്റി നേരെ പോയത് ബീച്ചിലേക്കാണ്.
“” ഇവിടെവച്ച് പറയണം തനിക്ക് എന്തൊക്കെയാണ് എന്നോട് പറയാനുള്ളത് എന്ന് വെച്ചാൽ.. എല്ലാം അറിഞ്ഞു കഴിഞ്ഞിട്ടും എനിക്ക് തന്നോട് സ്നേഹം തോന്നുന്നുണ്ടെങ്കിൽ തനിക്ക് പിന്നെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ?? ”
രാഹുൽ ചോദിച്ചപ്പോൾ അവൾ ഇല്ല എന്ന് തലയാട്ടി…
ചെറിയൊരു മടിയോടെ അവൾ അവളുടെ കാര്യങ്ങൾ പറഞ്ഞു തുടങ്ങി…
ലോറി ഡ്രൈവർ ആണ് അവളുടെ അച്ഛൻ.. ഏതോ ഒരു നാട്ടിലേക്ക് ട്രിപ്പും കൊണ്ട് പോയപ്പോൾ അവിടെവച്ച് കൂടെ കൂടിയതാണ് അമ്മയ്ക്ക് മറ്റൊരു ഭർത്താവും കുടുംബവും ഉണ്ടായിരുന്നു.. അവിടെനിന്ന് ലോറി ഡ്രൈവർ ആയ തന്റെ അച്ഛനുമായി ഉണ്ടായ ഒരു അവിഹിതബന്ധത്തെ തുടർന്ന് അയാളുടെ കൂടെ അവിടെ നിന്ന് പുറപ്പെട്ടു പോരുകയായിരുന്നു..
അങ്ങനെയാണ് ഈ നാട്ടിൽ എത്തിയത്.. അമ്മ വന്ന് പത്തുമാസത്തിനുള്ളിൽ തന്നെ തനിക്ക് ജന്മം നൽകി.. എന്നാൽ അപ്പോൾ മുതൽ അത് അയാളുടെ കുഞ്ഞല്ല എന്നായിരുന്നു അയാളുടെ വിശ്വാസം.. അമ്മയുടെ ആദ്യ ഭർത്താവിന്റെ കുഞ്ഞാണ് എന്ന് തന്നെ അയാൾ കരുതി…
. എങ്കിലും അവൾക്കും അമ്മയ്ക്കും അയാൾ ചിലവിനു കൊടുത്തു അമ്മ വീണ്ടും ഗർഭിണിയായി പിന്നെയും ഒരു പെൺകുഞ്ഞിനെ പ്രസവിച്ചു…
അപ്പോഴൊന്നും വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ടുപോയി അയാൾ എന്നും ഒന്നും വീട്ടിൽ ഉണ്ടാവില്ല ലോറിയുമായി ട്രിപ്പ് പോകും..
ചിലപ്പോൾ ഒന്നിൽ കൂടുതൽ മാസങ്ങൾ കഴിഞ്ഞായിരിക്കും വീട്ടിലേക്ക് എത്തുക വരുമ്പോൾ കുറെ പണം കൊണ്ടുവന്ന് ഏൽപ്പിക്കും
.. അതു മതിയായിരുന്നു അമ്മയ്ക്ക് അയാൾ കുടിച്ചാലും അമ്മയെ അടിച്ചാലും ഒന്നും അമ്മയ്ക്ക് പ്രശ്നമല്ല ആണുങ്ങൾ ആയാൽ കുടിക്കും പെണ്ണുങ്ങളെ രണ്ട് അടിക്കും എന്നൊക്കെയാണ് അമ്മയുടെ കൺസെപ്റ്റ്…
എന്നാൽ അതൊന്നും ആയിരുന്നില്ല പ്രശ്നം.. താൻ വലുതായി വരുംതോറും അയാൾക്ക് തന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു തുടങ്ങി.. അനാവശ്യമായി തട്ടലും മുട്ടലും… ചേർത്തുപിടിച്ച് കൊഞ്ചിക്കലും എല്ലാംകൂടി അസഹനീയമാകാൻ തുടങ്ങി.. അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ മറുപടി കേട്ടപ്പോഴാണ് ആകെ തകർന്നു പോയത്..
“” അതിനിപ്പോ എന്താ?? അങ്ങ് കണ്ടില്ല എന്ന് നടിച്ചാൽ മതി!! അങ്ങേര് പണം കൊണ്ട് തന്നില്ലെങ്കിൽ തെരുവിലേക്ക് ഇറങ്ങേണ്ടിവരും!! പിന്നെ മൂന്നുനേരം ഈ വെട്ടിവിഴുങ്ങുന്നത് നിൽക്കും!””
ആകെ തകർന്നു പോയ ഒരു നിമിഷം ആയിരുന്നു അത്.. ഒരമ്മ സ്വന്തം മകൾക്ക് ഇതുപോലുള്ള പീഡനങ്ങൾ ഏൽക്കുമ്പോൾ കൂടെ നിൽക്കില്ലെങ്കിൽ ആ പെൺകുട്ടിയുടെ ജീവിതം എത്രത്തോളം ദുസഹം ആയിരിക്കും..
പിന്നെ പിന്നെ എനിക്ക് മനസ്സിലായി എന്റെ രക്ഷ ഞാൻ തന്നെ നോക്കണം എന്ന് അതോടെ അയാൾ വരും എന്ന് ഉറപ്പുള്ള ദിവസങ്ങളിൽ എല്ലാം കൂട്ടുകാരിയുടെ വീട്ടിലേക്ക് രാത്രി ഓടും..
ആദ്യം ഒക്കെ അയാൾ ഒന്നും പറഞ്ഞില്ല പിന്നീട് അവളുടെ വീട്ടിൽ വന്ന് അയാൾ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങി അതോടെ അവർ അങ്ങോട്ട് വരുന്നത് വിലക്കി.
ഒടുവിൽ രണ്ടും കൽപ്പിച്ചാണ് ഞാൻ പോലീസ് സ്റ്റേഷനിലേക്ക് പോയത് അവിടെ പോയി വിവരം പറഞ്ഞു അവർ വനിതാ കമ്മീഷനിൽ പരാതി എന്നെക്കൊണ്ട് കൊടിപ്പിച്ചു പിന്നെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ മുന്നോട്ടുപോയി അവർ അയാളുടെ പേരിൽ കേസ് എടുത്തു.. അതോടെ അമ്മ എനിക്ക് എതിരായി.
ഒരമ്മ മകളെ പറയാൻ പാടില്ലാത്ത പലതും ആ സ്ത്രീ എന്റെ മുഖത്ത് നോക്കി വിളിച്ചു പറഞ്ഞു… അത് കേട്ട് നിർമല ഭവൻ എന്ന് പറഞ്ഞ ഒരു ചാരിറ്റി ട്രസ്റ്റ് എന്റെ കാര്യങ്ങൾ ഏറ്റെടുത്തു… ഇപ്പോൾ ഞാൻ അവിടുത്തെ അന്തേവാസിയാണ് അവരാണ് സ്പോൺസർഷിപ്പിൽ എന്നെ ഈ കോളേജിൽ പഠിപ്പിക്കുന്നത്.
ഇത്ര മോശമായ ബാഗ്രൗണ്ട് ഉള്ള ഒരു പെൺകുട്ടിയെ രാഹുലേട്ടന് സ്നേഹിക്കാൻ കഴിയും എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല!! അത് മാത്രമല്ല ഇപ്പോൾ ജയിലിൽ കിടക്കുന്ന അയാൾ എന്നു വേണമെങ്കിലും പുറത്തേക്കു വരാം വന്നാൽ ഒരുപക്ഷേ എന്നെ ഇനി ജീവിക്കാൻ പോലും അനുവദിക്കില്ല രാഹുലേട്ടൻ ഇനി എന്നോട് സഹതാപം തോന്നി ജീവിതത്തിലേക്ക് കൂടെ കൂട്ടുകയാണെങ്കിൽ, അയാൾ തിരികെ വരുമ്പോൾ എന്തു വേണമെങ്കിലും ചെയ്യാം…
എല്ലാം കൂടി കേട്ടിട്ട് പേടിയാവുന്നുണ്ട് അല്ലേ.. പേടിക്കണ്ട.. നമുക്ക് എല്ലാം ഇവിടെ വച്ച് നിർത്താം..
ഉള്ളിലെ മോഹങ്ങൾ എല്ലാം ഒതുക്കി ഗൗരി പറഞ്ഞു..
“” അങ്ങനെ പകുതിക്ക് വെച്ച് നിർത്താൻ അല്ല ഞാൻ നിന്നെ ഇഷ്ടപ്പെട്ടത് എങ്കിലോ?? നോക്ക് പെണ്ണേ ഞാൻ സഖാവ് രാജന്റെ മോനാ… അങ്ങേര് ഉന്നതകുലജാതയായ സാവിത്രി ദേവിയെ ഇല്ലത്തുനിന്ന് ചാടിച്ച് കൊണ്ടുവന്ന താലികെട്ടിയ സാഹസിക പ്രവർത്തിയൊന്നും നീ എന്നെ കൊണ്ട് പറയിപ്പിക്കരുത്..!!
തൽക്കാലം നിർമ്മല ഭവനിലേക്ക് ഞാൻ സാവിത്രി ദേവി എന്ന എന്റെ അമ്മയെയും കൊണ്ടുവരാം… തയ്യാറായി ഇരുന്നോ എന്റെ താലി ഏറ്റുവാങ്ങാൻ പിന്നെ നിന്റെ തന്ത അല്ല അവന്റെ തന്ത വന്നാലും നേരിടാനുള്ള ചങ്കൂറ്റം ഇപ്പോൾ എനിക്കുണ്ട്….
അതുകൊണ്ട് മോള് ചെല്ല് ഈ രാഹുലേട്ടനെയും മനസ്സിൽ വിചാരിച്ച് അങ്ങ് സ്വപ്നം കാണാൻ തുടങ്ങിക്കോ..
ചിരിയോടെ രാഹുൽ പറഞ്ഞതും അതേ ചിരി അവളുടെ ചുണ്ടിലേക്കും പടർന്നിരുന്നു… പതിയെ രാഹുൽ തന്റെ കയ്യിൽ അവളുടെ കൈ ചേർത്ത് പിടിച്ചു ഇനി ഒരിക്കലും പിടി വരില്ല എന്ന മൗന വാഗ്ദാനത്തോടെ…