✍️ RJ
“ഇങ്ങനൊരു ചതി നിങ്ങളെന്നോട് ചെയ്യുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ലെടാ …
എന്റെ ശരീരത്തിൽ ജീവന്റെ ഒരംശമെങ്കിലും ബാക്കിയുണ്ടെങ്കിൽ ഈയൊരു കല്യാണം ഞാൻ നടത്തില്ല…
സ്വയം നടത്താൻ നിന്നെയൊന്നും അനുവദിക്കുകയും ഇല്ല….
ലോകത്ത് വേറൊരു പെണ്ണില്ലാത്തതുപോലെ അവൻ കണ്ടെത്തിയേക്കുന്നൊരു കാക്ക തമ്പ്രാട്ടിയെ…ത്ഫൂ…. ”
ദേഷ്യവും പുച്ഛവും ഇടക്കലർത്തി പറയുന്നതിനൊപ്പം വീടിന്റെ നടുത്തളമാണെന്നു കൂടി ഓർക്കാതെ നീട്ടി തുപ്പുന്ന അച്ഛനെയും അച്ഛന്റെ ഭാവങ്ങളെയും വളരെ നിസ്സാരമെന്നോണം നോക്കി നിന്നു ഗൗതം..
“അച്ഛന്റെ സമ്മതമില്ലാതെ ഏട്ടനെങ്ങനെ
ശ്യാമയെ വിവാഹം കഴിയ്ക്കും ഏട്ടാ….?
പരിഹസിച്ച് ചോദിക്കുന്ന അനിയത്തി ഗീതുവിനെ നോക്കിയപ്പോൾ മാത്രം അവന്റെ കണ്ണിലവളോടുള്ള ദേഷ്യമിരച്ചു…
“ഞാനും എന്റെ അച്ഛനൊപ്പമേ നിൽക്കൂ… എനിയ്ക്കെന്റെ അച്ഛനാ വലുത്..
എരിത്തീയ്യിൽ എണ്ണ പകർന്നു ഗീതു
തന്റെയോ ഗീതുവിന്റെയോ വാക്കിന് തെല്ല് വില പോലും കല്പിക്കാതെ അലസമായ് നിൽക്കുന്ന മകനെ അല്പനേരം നോക്കി നിന്നു രാഘവൻ… വാശിയിൽ തന്നെക്കാൾ മുമ്പിലാണ് അവനെന്നറിയുന്നതു കൊണ്ടു തന്നെ അവനു മുമ്പിലൊന്നു താഴ്ന്നു കൊടുക്കാൻ തീരുമാനിച്ചയാൾ…
“നിന്റെ വിവാഹകാര്യത്തിൽ അച്ഛനൊരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമുണ്ടെടാ … ആ സ്വപ്നങ്ങളിലൊന്നും ശ്യാമയെ പോലൊരുവളല്ല നിന്റെ ഭാര്യ… നിനക്കും നമ്മുടെ കുടുംബത്തിനും ചേർന്നൊരുവൾ ,വെളുത്ത് തുടുത്ത് സുന്ദരിയായൊരു പെൺക്കുട്ടി നിന്റെ ഭാര്യയായ് വരുന്നതാണെടാ അച്ഛന്റെ ആഗ്രഹവും സ്വപ്നവും…
ശ്യാമയെ ഒഴിവാക്കിയേക്ക് നീ… അവളെ പോലെ കറുത്തിരുണ്ടൊരുവൾ നിനക്ക് ചേരില്ല… നമ്മുടെ കുടുംബത്തിനേ ചേരില്ല…”
മനസ്സിലെ വിഷം പുറത്തേയ്ക്ക് തുപ്പി രാഘവൻ
“ജീവിതം എന്റെയാണച്ഛാ… അതെങ്ങനെയാവണമെന്ന ആഗ്രഹങ്ങളും സ്വപ്നങ്ങളും എനിയ്ക്കുള്ളിലും ധാരാളമായിട്ടുണ്ട്… എന്റെ ജീവിതത്തിൽ എനിയ്ക്കൊരുവളേ ഇണയായിട്ടുണ്ടാവുകയുള്ളു… എന്റെ ശ്യാമ… അവൾ മാത്രമേയുള്ളു എന്റെ സ്വപ്നത്തിലും ആഗ്രഹത്തിലും…”
പുച്ഛത്തിലച്ഛനെ നോക്കി പറയുന്ന ഗൗതത്തിന്റെ ഓരോ വാക്കിലും നിറഞ്ഞു നിന്നത് അവന് ശ്യാമയെന്ന പാവം പെണ്ണിനോടുള്ള പ്രണയമാണ്…
“ഞാൻ ജീവിച്ചിരിക്കുമ്പോൾ അവളുമൊത്ത് വിവാഹ ജീവിതം സ്വപ്നം കാണണ്ട നീ…”
ഇരിയ്ക്കുന്ന സോഫ തട്ടി നീക്കി കയ്യിൽ തടഞ്ഞ ഫ്ലവർ വേസ് നിലത്തേക്കാഞ്ഞെറിഞ്ഞ് പകയോടെ മുരണ്ട് പുറത്തേയ്ക്ക് ശരവേഗത്തിൽ രാഘവൻ ഇറങ്ങി പോയതും ഒരു നിശബ്ദത നിറഞ്ഞവിടെയാകെ…
“അച്ഛനെ എതിർക്കുന്നതിന്റെ ഫലം ഏട്ടനനുഭവിയ്ക്കും… ഒരിക്കലും… ഒരിക്കലും ശ്യാമയെ ഏട്ടനു കിട്ടില്ല… എനിക്കിഷ്ടമില്ല അവളെ…..വെറുപ്പാണ്… അറപ്പാണ്.. ”
ശ്യാമയോടുള്ള എരിയുന്ന പകയിൽ പരിസരം മറന്ന് ഗൗതത്തിനു നേരെ ശബ്ദമുയർത്തി ഗീതു
പ്ടേ….
അവളുടെ കവിളിൽ ശക്തിയോടെ പതിച്ചു ഗൗതത്തിന്റെ കൈ…
“നീ.. നീയൊറ്റൊരുവളാണെടി എന്റെയും ശ്യാമയുടെയും ശാപം… നിന്നോളം അസൂയയും കുനുഷ്ട്ടും ഉള്ള മറ്റൊരു നികൃഷ്ട്ട ജീവിയെ ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.. ”
സഹോദരിയോടുള്ള വെറുപ്പ് മുഴുവനായും നിറഞ്ഞു നിന്നു ഗൗതത്തിന്റെയോരോ വാക്കിലും….
അടി കിട്ടിയ ഇടം കവിളിൽ വലം കൈയമർത്തി പകയോടെ ഗൗതത്തെ നോക്കി നിന്നു ഗീതുവും..
“അതേ ഞാൻ തന്നെയാണ് നിങ്ങളുടേയും അവളുടേയും ശാപം… ഞാനെന്ന ആ ‘ശാപം എന്റെ മരണം വരെ നിങ്ങളെ ഒന്നിച്ചു ജീവിക്കാൻ സമ്മതിക്കില്ല… മരിച്ചാലും സമ്മതിക്കില്ല…
പകയിലും വർദ്ധിച്ച വീര്യത്തോടെ വിളിച്ചു പറയുന്നവളെ തല്ലാൻ വീണ്ടും കയ്യുയർത്തി ഗൗതമെങ്കിലും അകത്തു നിന്നമ്മയുടെ ദീനമായ നോട്ടമൊന്ന് അവനു നേരെ ചെന്നതും ഉയർത്തിയ കൈതാഴ്ത്തി നിസ്സഹായതയോടെ സ്വന്തം റൂമിനുള്ളിൽ കയറി വാതിലടച്ചവൻ…
ഗൂഡമായൊരു വിജയ ചിരി വിരിഞ്ഞു ഗീതുവിൽ… അതേ ചിരിയോടെ തന്നെ അമ്മയ്ക്ക് അടുത്തേയ്ക്ക് ചെന്നവൾ…
“ഒരിക്കലും… ഒരിക്കലും നിങ്ങളുടെയാ മാനസപുത്രിയേയും നിങ്ങളുടെ പുന്നാര മകനെയും ഒരുമിച്ച് ജീവിക്കാൻ സമ്മതിക്കില്ല ഞാൻ…
തന്തേം തള്ളയും അപകടത്തിൽ മരിച്ചു പോയവളെ ഏറ്റെടുത്ത് സംരക്ഷിക്കാൻ നിൽക്കരുതെന്ന് നിങ്ങളോടു ഞാൻ പണ്ടേ പറഞ്ഞത് നിങ്ങൾ കേട്ടിരുന്നെങ്കിൽ ഇന്നിങ്ങനെയൊന്നിവിടെ സംഭവിക്കില്ലായിരുന്നു… എനിയ്ക്കിഷ്ട്ടമില്ലാത്ത ഒന്നിനെയും ആരെയും ഞാനെന്റെ വീട്ടിൽ കയറ്റില്ല… അതിനെനിക്കെന്റെ അച്ഛന്റെ സപ്പോർട്ടും ഉണ്ട്… അതിനെ മറികടക്കാൻ പറ്റുമോന്ന് നോക്ക് അമ്മയും മകനും കൂടി…
പകയും വെറുപ്പും ദേഷ്യവും തിങ്ങിയ സ്വരത്തിൽ പറഞ്ഞിട്ടു പോണവളെ തരിച്ചു നോക്കി നിന്നു പോയ് അമ്മയും…
അടുത്ത വീട്ടിലെ മാതാപിതാക്കൾ മരിച്ചാരു പെൺക്കുട്ടിയായ ശ്യാമയെ ആ അമ്മ തങ്ങളുടെ കൂടെ കൂട്ടിയത് അവളുടെ നന്മയെ കരുതി മാത്രമാണ്… അവളീ സമൂഹത്തിൽ ആരുമില്ലാത്തവളായ് പോവരുത് എന്നവർക്ക് നിർബന്ധമായിരുന്നു..
എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്നവളാണ് ശ്യാമ…. എല്ലാവർക്കും ഇഷ്ടവും ആയിരുന്നവളെ… കുറ്റങ്ങളേതുമില്ലാത്ത പെൺക്കുട്ടി…
എന്നാലൊട്ടും പ്രതീക്ഷിക്കാതെയൊരുനാൾ ശ്യാമയെ തന്റെ ശത്രുവായ് കണ്ടുതുടങ്ങി ഗീതു.. എന്തിനും ഏതിനും ശ്യാമയെ ഉപദ്രവിക്കുന്നതും കുറ്റം പറയുന്നതും അവളുടെ ശീലമായ് തുടങ്ങി
തന്നെക്കാൾ നന്നായ് പഠിക്കുന്ന, ആർട്സിലും സ്പോർട്സിലും നന്നായ് തിളങ്ങുന്ന ശ്യാമയോട് അസൂയ ആയിരുന്നു ഗീതുവിന്… ആ അസൂയ വളർന്നതൊടുവിൽ അവളിലൊരു വാശിയായ്
ശ്യാമയെ കളിയാക്കുന്നതും കരയിക്കുന്നതും ഹരമാക്കി മാറ്റി ഗീതു… അതിനിടയിലാണ് ഗീതു അറിയുന്നത് തന്റെ ചേട്ടന് അവളെ ഇഷ്ടമാണെന്നത്… അതറിഞ്ഞതും പകയേറിയവളിൽ…
ശ്യാമയെ ഇഷ്ടമായിരുന്ന സ്വന്തം അച്ഛനെയും ശ്യാമയ്‌ക്കെതിരാക്കി ഗീതു…
നിറമല്പം കുറഞ്ഞു പോയവളെ ആൾക്കൂട്ടത്തിനിടയിൽ പോലും കാക്ക തമ്പുരാട്ടിയെന്ന് കളിയാക്കി വിളിച്ചത് അവരച്ഛനും മോളും ഒരുമിച്ച് നിന്നാണ്…
ശ്യാമയെന്ന പെണ്ണിനെ തങ്ങൾക്കിഷ്ടമില്ലായെന്നത് ഏതാൾക്കൂട്ടത്തിലും അവളെ അപമാനിച്ചുകൊണ്ടവർ തെളിയിച്ചു കൊണ്ടേയിരുന്നു… അതിനൊരന്ത്യം വേഗത്തിൽ കുറിക്കാനാണ് ഗൗതം ശ്യാമയെ വിവാഹം ചെയ്ത് കൂടെ കൂട്ടാൻ തുടങ്ങിയത്…
കുടുംബം രണ്ടായ് ആ തീരുമാനത്തോടെ…
അച്ഛാ…. ഇന്നേട്ടന്റെ കല്യാണമാണെന്ന്…. ദേ നോക്കിയേ…
ഒരാഴ്ച കഴിഞ്ഞൊരു ദിവസം രാവിലെ കയ്യിലെ മൊബൈലുയർത്തി പിടിച്ച് ഗീതു ഓടി വന്ന് പറഞ്ഞതു കേട്ട് ഞെട്ടി രാഘവൻ…
അതേ ഞെട്ടലോടെ തന്നെ അവളുടെ കയ്യിൽ നിന്നാ ഫോൺ വാങ്ങി നോക്കിയതും കണ്ടു ഇന്ന് വിവാഹിതരാവുന്നു എന്നെഴുതിയതിനു താഴെയായ് ചിരിയോടെ ചേർന്നു നിൽക്കുന്ന ഗൗതത്തിന്റെയും ശ്യാമയുടെയും ഫോട്ടോ
കാലു കുത്താൻ ഇടമില്ലാത്ത വിധം ജനങ്ങൾ തിങ്ങി നിറഞ്ഞിരിക്കുന്ന ആ വലിയ ഓഡിറ്റോറിയത്തിലേക്ക് ഓടിയണച്ചെന്ന വിധമാണ് അവരച്ഛനും മകളും എത്തിയത്…
എത്തിയതും കണ്ടു നിരന്നു നിൽക്കുന്ന അമ്പത്തൊന്ന് വിവാഹ ജോഡികളിലൊന്നായ് അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഗൗതത്തെയും ശ്യാമയേയും…
കോടീശ്വരനായ തന്റെ ഏക മകൻ വിവാഹിതനാകുന്നത്
പഞ്ചായത്തു നടത്തുന്ന സമൂഹ വിവാഹത്തിലൂടെ…. കെട്ടുന്ന പെണ്ണാണെങ്കിലോ താനെന്നും നാട്ടുകാർക്കിടയിലിട്ട് പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തൊരുവൾ
നാണക്കേട് തോന്നി രാഘവന്…
തലയുയർത്തിയവരെ നോക്കാനോ തടയാനോ സാധിക്കാതെ വെറുമൊരു പ്രതിമ പോലെ, തന്റെ മകന്റെ കൈകൾ ശ്യാമയുടെ കഴുത്തിൽ താലിയണിക്കുന്നതും നോക്കി നിന്നു രാഘവൻ…
കനലെരിയുന്ന മിഴികളോടെ ശ്യാമയേയും ഗൗതത്തെയും നോക്കി നിന്ന ഗീതു തലയ്ക്ക് കൂടം കൊണ്ടടിയേറ്റ പോലെ ഞെട്ടി ഗൗതത്തിൽ നിന്നവനരികിലുള്ളവരിലേക്ക് നോട്ടം പോയപ്പോൾ…
ഗൗതം ശ്യാമയെ താലിചാർത്തുന്നതിനൊപ്പം അവർക്കരികിൽ നിൽക്കുന്ന മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലിചാർത്തുന്ന നിധിൻ…
ഗൗതത്തിന്റെ പ്രിയ സുഹൃത്ത്…. വർഷങ്ങളായ് ഗീതു മനസ്സിൽ കൊണ്ടു നടക്കുന്നവൻ… സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവൻ… അവനാണ് മറ്റൊരുവളെ താലിചാർത്തി സ്വന്തമാക്കുന്നത്
നിറഞ്ഞൊഴുകിയവളുടെ മിഴികൾ…
വിവാഹ ചടങ്ങുകൾ കഴിഞ്ഞ് വേദിയിൽ നിന്ന് ഗൗതം താഴെയിറങ്ങിയതും പാഞ്ഞവനരികിലെത്തി ഗീതു
“ഈ ചതി എന്നോടു വേണ്ടായിരുന്നു ഏട്ടാ… എനിയ്ക്ക് നിധിനെ ഇഷ്ടമാണെന്നറിഞ്ഞുടായിരുന്നോ നിങ്ങൾക്ക്…
അറിയാമായിരുന്നു ഗീതു… നിനക്കവനെ ഇഷ്ടമാണെന്ന് എനിക്കറിയാം… അതുപോലെ തന്നെ അസൂയയും കുശുമ്പും മാത്രം നിറഞ്ഞ നിന്നെ അവനിഷ്ടമില്ലായെന്നതും എനിക്കറിയാം… മാത്രമല്ല അവൻ താലിക്കെട്ടിയത് അവൻ സ്നേഹിക്കുന്ന അവനെ സ്നേഹിക്കുന്ന ഒരുവളെയാണ്…
ഞാനെന്നും എന്റെ കൂട്ടുക്കാരന്റെ ഒപ്പമാണ്… സ്നേഹിച്ചയാളെ നഷ്ടപ്പെടുമ്പോഴുള്ള വേദന നീയൊന്നറിയ്…
അച്ഛനെ കൂട്ടുപിടിച്ച് ഞങ്ങളെ അകറ്റാൻ പല തറ പണികളും ചെയ്ത നിനക്കുള്ള ഈശ്വരന്റെ ശിക്ഷയായ് കൂട്ടിയാൽ മതിയിതിനെ
ശ്യാമയെ ചേർത്തണച്ച് ഗീതുവിനെ പരിഹാസത്തിലൊന്നു നോക്കി നടന്നു പോവും വഴി ഒരിക്കൽ പോലും ഗൗതം രാഘവനെ നോക്കിയില്ല…
മകനെന്ന തന്നെ മറന്ന് മകളുടെ വാക്കു കേട്ട് മകളെ പോലെ കാണേണ്ടൊരുവളോട് അയാൾ ചെയ്ത തെറ്റിനുള്ള ശിക്ഷയായ് അയാളെ അവഗണിച്ച് ജീവിക്കാൻ അവനും തീരുമാനിച്ചിരുന്നു.. അവന്റെ ജീവിതത്തിലെ സന്തോഷങ്ങളിൽ അവരെ സ്നേഹിക്കുന്നവർ മാത്രം മതിയെന്ന തീരുമാനം അവന്റെ മാത്രമാണ്
End
RJ
