✍️ RJ
“നിന്നെ വിശ്വസിച്ച ഈ കുടുംബത്തെയും ഞങ്ങളെയും നീ ഇങ്ങനെ ചതിച്ചു കളഞ്ഞല്ലോ ടീ… ഇത്രയും തരം താഴ്ന്നു പോയിരുന്നോ നീ….
“എത്രമാത്രം ധൈര്യമുണ്ടായിട്ടാ വല്ലവന്റേം കൊച്ചിനേം വയറ്റിലിട്ട് നീ ഇപ്പോഴും ഞങ്ങൾക്കു മുമ്പിലീ നിൽപ്പ് നിൽക്കുന്നത് അസത്തേ…?
ചോദ്യങ്ങൾക്കും കരച്ചിലിനും ഒപ്പം അമ്മയുടെ കൈക്കൂടി അനിയത്തിയുടെ ശരീരത്തിൽ പതിയുന്നുണ്ടെന്നു കണ്ടതും വേഗം അമ്മയ്ക്കും അനിയത്തിയ്ക്കും ഇടയിൽ കയറി അനീഷ്
“അമ്മയിത് എന്തു വിവരക്കേടാണീ കാണിക്കുന്നത് …?
ഒന്നൂല്ലെങ്കിലും അവളുടെ ഇപ്പോഴത്തെ അവസ്ഥ നോക്കണ്ടേ നമ്മൾ… അമ്മ ഇങ്ങോട്ട് മാറിക്കേ..
പറയുന്നതിനൊപ്പം അമ്മയെ അനിയത്തിയുടെ അരികിൽ നിന്ന് പിടിച്ചു മാറ്റി മീരയുടെ അടുത്തേക്ക് നിർത്തി അനീഷ്…
അന്നേരമൊന്ന് നോട്ടമിടഞ്ഞു അവന്റേയും മീരയുടേയും
സാരമില്ലെന്നതു പോലെ കണ്ണുകൾ ചിമ്മി തന്നെ ആശ്വസിപ്പിക്കുന്നവളെ പ്രണയത്തോടൊന്ന് നോക്കിയവനും
“ഇനി നമ്മളെന്തു ചെയ്യും മോനെ….?
പൊട്ടി പിളർന്നു കരഞ്ഞു അമ്മ
“അമ്പിളി നിന്റെ വയറ്റിലുള്ളത് ഗോപന്റെ കുഞ്ഞു തന്നെയല്ലേ…?
കുഞ്ഞെന്നു കരുതി ഇത്രനാളും കൊഞ്ചിച്ചു കൊണ്ടു നടന്നവളുടെ മുഖത്തു നോക്കി തുറന്നു ചോദിക്കുമ്പോൾ തന്റെ ഉള്ളിലെന്താണെന്ന് അനീഷിനു തന്നെ അറിയുന്നുണ്ടായിരുന്നില്ല…
“ഏട്ടനെന്നോട് പൊറുക്കണം… അറിയാതെ പറ്റിപ്പോയതാ… ”
കാൽക്കൽ പിടിച്ച് കരയുന്നവളെ മിഴിച്ചൊന്ന് നോക്കിയവൻ
“എന്നാണമ്പിളീ അറിയാതെ പറ്റിപ്പോയത്…? വിവാഹത്തിന് മുമ്പ് നിന്റെ വയറ്റിലൊരു കുഞ്ഞുണ്ടായതാണോ…?
അതാണെങ്കിലൊരിക്കലും അത് നീയും അവനും അറിയാതെ സംഭവിക്കില്ല… കൂടുതൽ പറയിപ്പിക്കരുത് നീ എന്നെക്കൊണ്ട്…”
ദേഷ്യമടക്കി പിടിച്ച് അനീഷ് പറഞ്ഞതും അമ്പിളിക്കടുത്തെത്തിയിരുന്നു അമ്മ വീണ്ടും
“നീ നിന്റെ ഏട്ടനെയും അവൻ കെട്ടാൻ പോവുന്ന നിന്റെ അമ്മാവന്റെ മകൾ മീരയേയും കണ്ടോ… ഒരു കൂരയ്ക്ക് കീഴിൽ വർഷങ്ങളോളം ഒന്നിച്ചു താമസിച്ചിട്ടും പരസ്പരം അത്രയും ഇഷ്ടമായിട്ടും എന്തെങ്കിലുമൊരു മോശം പ്രവർത്തി അവന്റെ ഭാഗത്ത് മീരയോട് ഉണ്ടായത് നീ കണ്ടിട്ടുണ്ടോ ടീ… ”
“ഏതു കാര്യത്തിനുമുണ്ടൊരും നേരും നെറിയും കാലവുമെല്ലാം… നിനക്ക് ഗോപനെ അത്രയ്ക്കിഷ്ടമായിരുന്നെങ്കിൽ അതിവിടെ ഞങ്ങളോടു പറയണമായിരുന്നു… അല്ലാതെ അവനൊപ്പം അവൻ വിളിയ്ക്കുന്നിടത്തെല്ലാം ചെന്ന് വയറും വീർപ്പിച്ച് വരുകയല്ല ചെയ്യേണ്ടത്…
മതി പറഞ്ഞതമ്മേ…. നിർത്ത്..
നിർത്താൻ ഭാവമില്ലാതെ അമ്മ തുടർന്നതും അമ്മയെ തടഞ്ഞ് അനീഷ് അമ്പിളിയെ നോക്കി
നിന്റെ കല്യാണം എത്രയും വേഗം ഗോപനുമായ് നടത്താനുള്ള കാര്യങ്ങൾ ചെയ്യാം ഞാൻ…
ഒരു തീർപ്പെന്ന പോലെ അനീഷ് പറഞ്ഞതും വിടർന്നു അമ്പിളിയുടെ മുഖമെങ്കിൽ അമ്മയിൽ ദേഷ്യം തന്നെയാണ്…
“അതെങ്ങനെയാ ടാ ശരിയാവുന്നത് ,നിന്റേം മീരയുടെയും കല്യാണം നടത്തിയിട്ടല്ലേ ഇവളുടെ കല്യാണം നടത്തേണ്ടതുള്ളു… മീരയ്ക്ക് അമ്പിളിയെക്കാൾ വയസ്സുണ്ട് ,അതു മാത്രമല്ല എന്റെ ആങ്ങളയും ഭാര്യയും മരിക്കുമ്പോൾ എന്റെ കയ്യിൽ ഏൽപ്പിച്ചതാണെന്റെ മീരയെ… അമ്മായി അല്ല അമ്മ തന്നെയാണ് ഞാനവൾക്ക്… ആദ്യം അവളുടേം നിന്റേം കല്യാണം അതു കഴിഞ്ഞു മതി അമ്പിളിയുടെ…”
വാശിയോടെ പറയുന്ന അമ്മയെ സ്നേഹത്തോടെ നോക്കി മീരയും അനീഷും…
അമ്മേ ഞങ്ങളുടെ വിവാഹം നടത്താൻ ഇപ്പോൾ പറ്റില്ലെന്ന് അമ്മയ്ക്ക് അറിയില്ലേ… മീരയുടെ ജാതക പ്രകാരം ഇനിയും അഞ്ചു മാസം കഴിയണം ഞങ്ങളുടെ കല്യാണത്തിന് … അത്രയും നാൾ അമ്പിളിയെ ഇവിടെ നിർത്തിയാൽ വിവാഹത്തിന് മുമ്പേ ഗർഭിണിയായവളെ പറ്റി നാട്ടുക്കാരും കുടുംബക്കാരും ഏറെ കഥകൾ പാടും…. അതു വേണോ….?
അനീഷിന്റെ ചോദ്യത്തിൽ അമ്മ നിശബ്ദയായതും ഗോപന്റെ വീട്ടിൽ വിവാഹക്കാര്യം സംസാരിക്കാൻ തീരുമാനിച്ചു അനീഷ്
അനീഷിന്റെ തൊട്ടയൽവാസിയും സുഹൃത്തുമാണ് ഗോപൻ…
പ്രവാസിയായ അനീഷ് നാട്ടിൽ ഇല്ലാത്തപ്പോൾ അനീഷിന്റെ വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് ഗോപനാണ്… ആ നോട്ടമാണ് ഇന്നീ അവസ്ഥയ്ക്ക് കാരണവും…
അനീഷിന്റെയും വീട്ടുകാരുടെയും മുമ്പിൽ തല കുനിച്ചിരുന്നു ഗോപനും വീട്ടുകാരും…. ഈയൊരവസ്ഥയിൽ എന്തു പറയാൻ….
ഗോപാ… ഇപ്പോൾ സംഭവിക്കാൻ പാടില്ലാത്തതെല്ലാം സംഭവിച്ചു കഴിഞ്ഞു.. ഇനിയിത് കൂടുതൽ ആളുകൾ അറിയുന്നതിന് മുമ്പ് വേഗം നിന്റേം അമ്പിളിയുടെയുടെയും കല്യാണം നടക്കണം….
“അതു അത്ര പെട്ടന്ന് നടക്കില്ല അനീഷേ…. ഇനി നടക്കണമെങ്കിൽ തന്നെ അനീഷ് കരുതണം… ”
അനീഷ് പറഞ്ഞു പൂർത്തിയാക്കും മുമ്പ് അവന്റെ അച്ഛൻ പറഞ്ഞതും പകപ്പോടെ അയാളെ നോക്കി അനീഷ്…
” അച്ഛൻ പറഞ്ഞത് മനസ്സിലായില്ല എനിയ്ക്ക്… എന്താണ് കല്യാണം നടത്താനുള്ള തടസ്സം…?
അനീഷ് ചോദിച്ചതും ഗോപന്റെ വീട്ടുകാരുടെ നോട്ടം ഗോപന്റെ അനിയത്തി ഗോപികയിലെത്തി…
വലതുകാലിനും ചെറിയൊരു വൈകല്യമുണ്ട് ഗോപികയ്ക്ക്… അതു കൊണ്ടു തന്നെ കല്യാണമൊന്നും നടക്കുന്നില്ല…
“ഗോപൻ അമ്പിളിയെ വിവാഹം കഴിക്കണമെങ്കിൽ അനീഷ് ഗോപികയെ വിവാഹം കഴിക്കണം… എന്നാലേ ഇവരുടെ വിവാഹം നടക്കൂ…”
ഗോപന്റെ അച്ഛന്റെ വാക്കുകളിൽ ഞെട്ടി പകച്ച് നിന്നു മീരയും അനീഷും
“നിങ്ങളെന്തു അനാവശ്യമാണ് ഈ പറയുന്നത്…?
മീരയെ കുഞ്ഞു നാൾ മുതൽ അനീഷിന് പറഞ്ഞു മെച്ചതാണെന്ന് അറയില്ലേ നിങ്ങൾക്ക്… മാറ്റക്കല്യാണം നടക്കില്ല…. ”
പൊട്ടിതെറിച്ചു അനീഷിന്റെ അമ്മ
“മീരയെ പറഞ്ഞുവെച്ചതല്ലേയുള്ളൂ.. അനീഷല്ലെങ്കിൽ വേറൊരാൾ വന്നെളുപ്പം കെട്ടും മീരയെ.. അത്ര സുന്ദരിയാണ്.. പക്ഷെ എന്റെ മോളുടെ അവസ്ഥത്തിയാലോ…. മാറ്റക്കല്ല്യാണമേ നടക്കൂ… ഇല്ലെങ്കിൽ ഒന്നും നടക്കില്ല….
വാക്പോരുകൾ മുറുകി അടിയിൽ കലാശിച്ചതും ഗോപനെതല്ലാനൊരുങ്ങി അനീഷ്
നീയെന്നെ എത്ര തല്ലിചതച്ചാലും എന്റെ അച്ഛന്റെ തീരുമാനത്തിനൊപ്പമേ ഞാൻ നിൽക്കൂ അനീഷ്… നിന്നെ പോലെഎനിയ്ക്കും എന്റെ സഹോദരിയുടെ ഭാവി കൂടി സുരക്ഷിതമാക്കാനുള്ള ഉത്തരവാദിത്തം ഉണ്ട്… അതു മറക്കരുത് നീ…”
തന്നെ തല്ലാനോങ്ങിയ അനീഷിന്റെ കൈതടുത്ത് ഗോപൻ പറഞ്ഞതും അവനെ ഊക്കോടെ പിന്നിലേക്ക് തള്ളി അനീഷ്…
” സ്വന്തം പെങ്ങളെ പറ്റി അത്രയേറെ ബോധം ഉണ്ടായിട്ടാണോടാ നീ മറ്റൊരു പെണ്ണിന് ഗർഭം ഉണ്ടാക്കാൻ പോയത് ചെറ്റേ….?
ദേഷ്യം തിളച്ച അനീഷ് ചോദിച്ചതും ഗോപന്റെ നോട്ടമൊന്ന് അമ്പിളിയ്ക്ക് നേരെ ചെന്നതും തലകുനിച്ചവൾ വേഗത്തിൽ….
അനിഷേ… മോനെ… വേണ്ടെടാ…വാ പോകാം…
വഴക്ക് അടിയിൽ കലാശിയ്ക്കും എന്നു തോന്നിയതും അനീഷിനെയും വലിച്ചുകൊണ്ടിറങ്ങി പോയമ്മ…
കണ്ണീരും കരച്ചിലുകളുമായ് രണ്ടു ദിവസം കടന്നു പോയതും എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെ അമ്പിളി മീരയ്ക്ക് മുമ്പിലെത്തി അവളുടെ കാലുകളിൽ വീണു…
എന്റെ ജീവിതം തകർക്കരുത് … എന്റേട്ടനെ വിട്ടുതരണം… മീരേടത്തിയ്ക്ക് നല്ലൊരാളെ ഞങ്ങൾ കണ്ടെത്തി കല്യാണം നടത്തി തരാം.. എന്റെ ജീവിതം ഇല്ലാതാക്കരുത്… ഏടത്തി പിന്മാറിയാൽ ഏട്ടൻ ഗോപികയെ വിവാഹം കഴിയ്ക്കും ഞങ്ങൾക്കുറപ്പാണ്… ഏടത്തിയെ വിവാഹം കഴിച്ചാലും ഏട്ടന് സൗഭാഗ്യങ്ങളൊന്നും കിട്ടില്ല…മറിച്ച് ഗോപികയെ കെട്ടിയാൽ എന്റേട്ടന് ഇനിയൊരു പ്രവാസിയാവേണ്ടി വരില്ല… ഞങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു തരണം… പ്ലീസ്…”
കരച്ചിലിന്റെ അകമ്പടി വിട്ടൊഴിഞ്ഞ് ഉറപ്പോടെ പറയുന്ന അമ്പിളിയെ ഞെട്ടി നോക്കിയ മീരയൊരു പകപ്പോടെ കണ്ടു വാതിൽക്കൽ അമ്പിളിയുടെ സംസാരം കേട്ട് യാതൊരു ഭാവഭേതമുമില്ലാതെ നിൽക്കുന്ന അമ്മയെ…
അമ്മയുടെ മുഖത്തു നിന്നും അറിയാം അമ്മയും ആഗ്രഹിക്കുന്നത് അതാണെന്ന്…
അനീഷിന്റെ നന്മയല്ലേ മോളെ നിനക്കാവശ്യം…
അമ്മയുടെ ആ ചോദ്യത്തിൽ
വല്ലാതെ വിയർത്തു പോയ് മീര ..
അമ്പിളിയുടെ സംസാരത്തിലെ ഞങ്ങളിലെ ഒരാൾ അമ്മ തന്നെയാണ്… ഒന്നുമില്ലാത്ത തന്നെ യൊഴുവാക്കി മകനും മകൾക്കും നല്ല ഭാവി തേടുന്ന അമ്മ….
നിറഞ്ഞൊഴുകി അവളുടെ മിഴികൾ
“ഞാൻ… ഞാൻ മാറി തരാം അമ്പിളി… ”
വിതുമ്പുന്ന ചുണ്ടോടെ മീര പറഞ്ഞതും ഒരു വിജയ സ്മിതം തെളിഞ്ഞു അവരമ്മയിലും മകളിലും…
“അമ്മ അപ്പോഴേ പറഞ്ഞില്ലേ മോളെ മീര മോൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാവുമെന്ന്… മോള് അനീഷിനെയും പറഞ്ഞു സമ്മതിപ്പിക്കണം ട്ടോ… മോള് പറഞ്ഞാൽ കേൾക്കും അവൻ…”
അനീഷിന്റെ മുന്നിൽ നല്ലൊരമ്മയായ് പിടിച്ചു നിൽക്കാൻ അഭിനയിക്കുകയായിരുന്നു അവരിത്രയും കാലമെന്ന് എളുപ്പം തിരിച്ചറിഞ്ഞു മീര
അമ്മേ …. ഞങ്ങളിറങ്ങി….
ദിവസങ്ങൾക്കപ്പുറം ബാഗുമെടുത്ത് ഇറങ്ങാൻ തയ്യാറായ് അനീഷ് വിളിച്ചു പറഞ്ഞതും അവനെ ഞെട്ടലോടെ നോക്കി അമ്മയും അനിയത്തിയും…
നീ എങ്ങോട്ടാ ടാ ഈ ബാഗെല്ലാം എടുത്ത്
പകപ്പാണവരിൽ
“തൽക്കാലം ഞാനെന്റെ പെണ്ണിനേം കൂട്ടി ഇവിടെ നിന്നിറങ്ങുകയാണ്…
സമ്പത്തിനു മുന്നിൽ ബന്ധങ്ങൾ മറക്കുന്ന ഗർഭമെന്ന നാടകം നടിയ്ക്കുന്ന നിങ്ങളമ്മയുടേയും മകളുടേയും കൂടെയിനി ഒരു നിമിഷം പോലും വയ്യ…
മീരയെ സ്നേഹിക്കുന്ന അമ്മയായ് എന്റെ മുമ്പിലഭിനയിക്കാൻ ഇനിയും അമ്മ അമ്പിളിയെ തല്ലേണ്ട… ചീത്ത പറയണ്ട… എല്ലാം കഴിഞ്ഞു…
ഞങ്ങളുടെ രജിസ്റ്റർ വിവാഹം നടന്നിട്ട് രണ്ടു ദിവസമായ്…
ഗോപികയെ കൊണ്ട് എന്നെ വിവാഹം കഴിപ്പിക്കാനുള്ള നിങ്ങളുടെ ഗർഭ നാടകവും മീരയെ വല്ലാതെ സ്നേഹിക്കുന്ന എന്റെ അമ്മയേയുമെല്ലാം ഞാൻ ഈ ദിവസം കൊണ്ട് തിരിച്ചറിഞ്ഞു കഴിഞ്ഞു… ഇനിയാവേഷങ്ങൾ അഴിച്ചോളൂ നിങ്ങൾ… എനിയ്ക്ക് ഞാൻ സ്നേഹിക്കുന്ന എന്നെ സ്നേഹിക്കുന്ന ഈ പെണ്ണാണ് വലുത്… ഇവളുടെ അച്ഛനമ്മമാർ ഇവൾക്കായ് സമ്പാദിച്ചതെല്ലാം ഇവളി കുടുംബത്തിനു വേണ്ടി കണക്കില്ലാതെ ചിലവഴിച്ചതുകൊണ്ടാണ് ഗോപിയുടെ മുന്നിൽ ഇവളൊന്നുമില്ലാത്തവളായ് തീർന്നതെന്ന് മറക്കരുത് അമ്മ… നിങ്ങളമ്മേം മകളും ജീവിക്കാൻ പഠിച്ചവരാണ്… നിങ്ങൾ ജീവിച്ചോ തനിയെ മുന്നോട്ടിനിയും… ഞങ്ങളെ ശല്യപ്പെടുത്തരുത്..
പറഞ്ഞു കൊണ്ട് മീരയേയും കൂട്ടി അനീഷ് വീടിന്റെ പടിയിറങ്ങിയതും ആകെ നാണംക്കെട്ട് ഇളിഭ്യരായ് നിന്നവരമ്മയും മോളും….
ശുഭം
RJ