കല്യാണം കഴിഞ്ഞ് ഒരു വർഷം എത്തുന്നതിനു മുൻപേ പെണ്ണ് വേറൊരുത്തന്റെ കൂടെ പോയാൽ പിന്നെ നാട്ടുകാർക്ക്…

✍️ അംബിക ശിവശങ്കരൻ

‘പുത്തൻപുരയ്ക്കൽ രാഘവന്റെ മരുമകൾ വേറെ ഒരുത്തന്റെ കൂടെ ഒളിച്ചോടിയെന്ന്..’ ഈ വാർത്ത ഇതിനോടകം തന്നെ നാടാകെ പടർന്നിരുന്നു. കല്യാണം കഴിഞ്ഞ് ഒരു വർഷം എത്തുന്നതിനു മുൻപേ പെണ്ണ് വേറൊരുത്തന്റെ കൂടെ പോയാൽ പിന്നെ നാട്ടുകാർക്ക് ആഘോഷിക്കാൻ ഇതിലും വലിയ വാർത്ത മറ്റെന്തെങ്കിലും ഉണ്ടോ?

രാഘവൻ നായർക്കും ഭാര്യ രമയ്ക്കും ആകപ്പാടെ ഉള്ള ഒരു സന്തതിയാണ് കിരൺ. ഒറ്റ മകനായതുകൊണ്ടുതന്നെ അത്യധികം ലാളിച്ചും വഷളാക്കിയും ആണ് അമ്മ മകനെ വളർത്തിയത്. മകന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നതും അവനെക്കാൾ പുറത്തിറങ്ങാൻ പറ്റാതായത് അവർക്കാണ് കാരണം നല്ല സമ്പത്തുള്ള വീട്ടിലെ കുട്ടിയുടെ ആലോചന വന്നപ്പോൾ മുതൽ അഹങ്കരിക്കാൻ തുടങ്ങിയതാണ് അവർ.ഇനി പുറത്തിറങ്ങിയാൽ നാട്ടുകാർ പരിഹസിച്ചു കൊല്ലും എന്ന് അവർക്കുറപ്പായിരുന്നു.

“എന്റെ ദൈവമേ ഇനി എങ്ങനെയാണ് ആളുകളുടെ മുഖത്ത് നോക്കുന്നത്? ആ ഒരുമ്പേട്ടോള് എന്നാലും നമ്മളോട് ഈ ചതി ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കൊമ്പത്തെ ആൾക്കാരാണത്രേ അന്തസ്സ് ഇല്ലാതെ എന്തുണ്ടായിട്ടും എന്താ കാര്യം?ആ തന്തയെയും യും തള്ളയെയും ഞാൻ കാണട്ടെ..കണ്ടവനെയും മനസ്സിലിട്ട് നടക്കുന്നവളെ ആണോ എന്റെ മോന്റെ തലയിൽ കെട്ടിവച്ചത് എന്ന് മുഖത്തുനോക്കി ചോദിക്കണം എനിക്ക്.” അവർ കലിയടങ്ങാതെ പിറുപിറുത്തു കൊണ്ടിരുന്നു.

“നീ ഇങ്ങനെ പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കാതെ രമേ..അല്ലെങ്കിൽ തന്നെ മനുഷ്യന്‍ ഇവിടെ എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുകയാണ്. ആ കുട്ടിക്ക് കല്യാണത്തിന് മുന്നേ ഒരു ബന്ധമുണ്ടായിരുന്നു, കല്യാണം കഴിഞ്ഞെങ്കിലും അവൾക്ക് അവനെ മറക്കാൻ കഴിഞ്ഞില്ല അവൾ അവന്റെ കൂടെപോയി..നിന്റെ മോൻ ചെയ്തതുപോലെ പണക്കാരി പെണ്ണിനെ കണ്ടപ്പോൾ പ്രേമിച്ച പെണ്ണിനെ വഞ്ചിചൊന്നുമില്ലല്ലോ.. അന്നേ ഞാൻ പറഞ്ഞതാ ആ കുട്ടിയുടെ കണ്ണുനീരിന് മറുപടി പറയേണ്ടി വരുമെന്ന്.. ഇപ്പോൾ എന്തായി?ഇത് ഇവിടം വരെ കൊണ്ടെത്തിച്ചത് നീയല്ലേ രമേ.. ആ അനാഥ പെണ്ണിന്റെ ശാപം അവനെ ചുട്ടെരിച്ച് ഭസ്മമാക്കും നോക്കിക്കോ നീയ്.”

അതും പറഞ്ഞ് അയാൾ അകത്തേക്ക് പോകുമ്പോൾ അവർക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല പിന്നെ ഒന്നും പറയാൻ നിൽക്കാതെ അവർ മകന്റെ മുറിയിലേക്ക് ചെന്നു. ആരെയും അഭിമുഖീകരിക്കാൻ ശക്തിയില്ലാതെ ബെഡിൽ ചുരുങ്ങി കൂടി കിടക്കുന്ന കിരണിനെ കണ്ടതും അവരുടെ മനസ്സ് പിടഞ്ഞു.

” എന്തൊരു കിടപ്പാണ് മോനേ ഇത്? നീ ഇങ്ങനെ കിടന്നത് കൊണ്ട് എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകുമോ? ഇങ്ങനെയൊക്കെ സംഭവിക്കണം എന്നുള്ളത് വിധിയായിരിക്കും. ” അവർ അവന്റെ നെറുകയിൽ തലോടിക്കൊണ്ട് നെടുവീർപ്പിട്ടു.

“വിധി അല്ലമ്മേ കർമ്മഫലം.. അച്ഛൻ പറഞ്ഞതൊക്കെയും ഞാൻ കേട്ടു അതെല്ലാം സത്യമാണ്. ഒരു പാവം പെണ്ണിന്റെ കണ്ണീരിന്റെ ശാപമാണ് ഇന്ന് ഞാൻ അനുഭവിക്കുന്നത്. മീര എന്നെ ഇട്ടിട്ടു പോയപ്പോൾ ഉള്ള അതേ വേദനയല്ലേ അമ്മേ അന്ന് അവളും അനുഭവിച്ചിട്ടുണ്ടാകുക..ഇന്ന് എന്റെ ഒപ്പം അച്ഛനും അമ്മയും എങ്കിലും ഉണ്ട് അന്ന് അവൾക്കൊപ്പം ആരുണ്ടായിരുന്നു.. സങ്കടം പറഞ്ഞു ഒന്ന് കരയാൻ പോലും ഒരു തുണയുണ്ടായിരുന്നില്ല അവൾക്ക്..” അവന്റെ കണ്ണുകൾ തുളുമ്പാൻ തുടങ്ങി.

“മോനെ..”

“സാരമില്ല..അമ്മ പൊയ്ക്കോളൂ എനിക്ക് കുറച്ചുനേരം ഒറ്റയ്ക്ക് കിടക്കണം.”

നിർബന്ധിച്ചവരെ പറഞ്ഞുവിട്ടതും അവൻ പിന്നെയും കണ്ണുകൾ അടച്ചു കിടന്നു. “എന്തിനായിരിക്കും മീര തന്നെ ചതിച്ചത്?കല്യാണം കഴിഞ്ഞ നാൾ മുതൽ അവൾ തന്നോട് ഒരു അകൽച്ച പാലിച്ചിരുന്നു. ഒരു വർഷം കഴിയാതെ കുട്ടികൾ വേണ്ട എന്നത് അവളുടെ തീരുമാനമായിരുന്നു. ഇപ്പോഴത്തെ കാലമല്ലേ.. അവളുടെ തീരുമാനത്തിന് താനും ശരിവെച്ചു. കുഞ്ഞിക്കാല് കാണാൻ അച്ഛനും അമ്മയും കാത്തിരുന്നപ്പോൾ താൻ കൊതിച്ചത് നല്ലൊരു ദാമ്പത്യം ആയിരുന്നു. ഈ ഒരു വർഷത്തിനിടയ്ക്ക് എല്ലായിപ്പോഴും അവൾ ശാരീരിക ബന്ധത്തോട് വിരക്തി പ്രകടിപ്പിച്ചു. ഗർഭം ധരിക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ എടുക്കാറുണ്ടെങ്കിലും അതൊക്കെ പരാജയപ്പെട്ടേക്കാം എന്ന് പറഞ്ഞാണ് അവൾ തന്നെ തടഞ്ഞിരുന്നത്. എത്രയെന്ന് വെച്ചാണ് അവളുടെ താൽപര്യത്തിന് വിടുക? താനും ഒരു മനുഷ്യനല്ലേ? ഈയിടെയായി അവളുടെ അവഗണനകൾ വകവയ്ക്കാതെ തന്നെ മിക്കപ്പോഴും അവളുടെ ശരീരത്തെ താൻ കീഴ്പ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. അതാകാം അവൾ തന്നെ ഉപേക്ഷിച്ചു പോയത്. മനസ്സിൽ മറ്റൊരു പുരുഷനെ വെച്ച് വേറൊരു പുരുഷന് കീഴടങ്ങാൻ അവൾക്ക് സാധിക്കുന്നില്ലായിരിക്കാം. പക്ഷേ താനോ……?”മനസ്സിൽ വലിയൊരു ചോദ്യചിഹ്നം ബാക്കി നിൽക്കെയാണ് അവന്റെ മനസ്സിലേക്ക് ആ പേര് ഓടിയെത്തിയത്.

‘മിഴി ‘

നാലുവർഷം മുൻപ് ആ അമ്പലനടയിൽ വെച്ചാണ് അവളെ ആദ്യം കാണുന്നത്. ആ പേര് പോലെ തന്നെ അവളുടെ മിഴികളാണ് തന്നെ ഏറെ ആകർഷിച്ചത്. യാതൊരുവിധ ചമയങ്ങളും ഇല്ലാത്ത ഒരു നാടൻ പെണ്ണ്. നീട്ടി എഴുതിയ മിഴികൾ ആ കൽവിളക്കിന്റെ വെട്ടത്തിൽ കണ്ടപ്പോൾ ആ നോട്ടം തറച്ചത് തന്റെ ഹൃദയത്തിൽ ആയിരുന്നു. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മാത്രം അമ്പലത്തിൽ പോകാറുള്ള താൻ പിന്നീട് അവളെ കാണാനായി സ്ഥിരം അവിടേക്ക് പോയി തുടങ്ങി. ആദ്യമൊക്കെ തന്നോട് അടുക്കാൻ അവൾ ഭയവും താല്പര്യക്കുറവും പ്രകടിപ്പിച്ചിരുന്നു എങ്കിലും തന്റെ സ്നേഹപ്രകടനത്തിൽ തോന്നിയ ആത്മാർത്ഥതയാകാം അവൾ തന്നിലേക്ക് അടുക്കാൻ കാരണമായി. പതിയെ പതിയെ അവളുടെ ലോകമായി മാറാൻ തനിക്ക് കഴിഞ്ഞു.

ചെറുപ്പത്തിലെ തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു വ്യക്തിയായിരുന്നു അവൾ.’ കരുണ’ എന്ന് പേരുള്ള ഒരു അനാഥാലയത്തിൽ വളർന്ന അവൾ ഇപ്പോൾ അവിടത്തെ തന്നെ കാര്യങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. എന്നും മുടങ്ങാതെ ഭഗവാനെ കണ്ട് സങ്കടങ്ങൾ പറയും. കുറെ അനാഥ കുട്ടികളും ഈശ്വരനും മാത്രമുള്ള അവളുടെ ലോകത്ത് പിന്നീട് അവൾക്ക് എല്ലാം താനായി മാറി.. എന്തിന് അവളുടെ ലോകം തന്നെ തന്നിലേക്ക് ചുരുങ്ങി.അവൾ അത്രയേറെ തന്നെ സ്നേഹിച്ചിരുന്നു.ഒരു വട്ടം അവളെയും കൊണ്ട് ഈ വീട്ടിൽ വന്നിരുന്നതാണ് അച്ഛനെയും അമ്മയെയും കാണിക്കാൻ. മകൻ സ്നേഹിക്കുന്നത് ഒരു അനാഥ പെൺകുട്ടിയെ ആണ് എന്നറിഞ്ഞ നാൾ മുതൽ അമ്മ മനസ്സ് മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ എന്തിനേക്കാളും പ്രാധാന്യം പണത്തിന് ആണെന്നും മിഴിയെപ്പോലൊരു പെൺകുട്ടിയെ വിവാഹം കഴിച്ചാൽ നീ കുത്തുപാള എടുക്കുമെന്നും അമ്മ നിരന്തരം കാതിൽ ഓതി. അപ്പോഴും അച്ഛനു മാത്രം അവളോട് ദയവുണ്ടായിരുന്നു.ആദ്യം ആദ്യം അമ്മ പറയുന്നത് ചെവി കൊള്ളാർ ഇല്ലെങ്കിലും പിന്നീട് അതിൽ കാര്യമുണ്ടെന്ന് താൻ മനസ്സിലാക്കുകയായിരുന്നു. ശേഷം മിഴിയെ ഒഴിവാക്കേണ്ടത് തന്റെ വലിയൊരു ഉത്തരവാദിത്തമായി മാറി. മീരയുടെ ആലോചന വന്നതും മറുത്തൊന്നു ചിന്തിക്കാതെ എല്ലാം മിഴിയോട് തുറന്നു സംസാരിച്ചു. വലിയൊരു പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല ശാപവാക്കുകൾ ചൊരിഞ്ഞില്ല. മൗനമായി എല്ലാം കേട്ട് നിന്നു. അപ്പോഴും ആ കണ്ണുകൾ തുളുമ്പി കൊണ്ടിരുന്നു. പാവം നാല് ചുവരുകൾക്കുള്ളിൽ ആരോടും ഒന്നും പറയാൻ ആവാതെ അവൾ എത്രനാൾ സ്വയം എരിഞ്ഞു തീർന്നിട്ടുണ്ടാവും.. ഒന്ന് പൊട്ടിക്കരയാൻ അവൾ കൊതിച്ചിട്ട് ഉണ്ടാകില്ലേ…? അന്ന് അവളുടെ വേദന മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല പക്ഷേ ഇന്നത് ആവോളം മനസ്സിലാവുന്നുണ്ട്. അവൻ തലയിണയിൽ മുഖം അമർത്തി പൊട്ടിക്കരഞ്ഞു.

ദിവസങ്ങൾ കഴിയുന്തോറും ആളുകൾ പതിയെ പതിയെ ആ വിഷയം മറക്കാൻ തുടങ്ങി. മീരയുടെ വീട്ടുകാർ കിരണിനും കുടുംബത്തിനും ഏറ്റ അപമാനത്തിന് ലക്ഷങ്ങൾ വിലയിട്ടെങ്കിലും കിരൺ അത് സ്വീകരിക്കാൻ തയ്യാറല്ലായിരുന്നു കാരണം പണത്തിനോടുള്ള ആർത്തിയാണ് തന്റെ ജീവിതത്തെ ഇത്തരത്തിൽ നശിപ്പിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞിരുന്നു. നാളുകൾ പോകെ പോകേ മീരയെയും കാമുകനെയും അവളുടെ വീട്ടുകാർ സ്വീകരിച്ചെന്ന കാര്യം ആരെല്ലാമോ പറഞ്ഞ് അവൻ അറിഞ്ഞു അന്നേരം ദേഷ്യവും വിഷമവും തോന്നിയെങ്കിലും അവൻ അവളെ ശപിച്ചില്ല. ഇതെല്ലാം താൻ അർഹിക്കുന്നതെന്ന് മാത്രം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. പതിയെ എല്ലാവരും എല്ലാം മറന്നു എന്നാൽ ഇപ്പോഴും എല്ലാം ഒരു അഗ്നിയായി തന്നെ ചുട്ടെരിക്കുന്നു.

“മോനേ എത്ര നാളായി നീ ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങിയിട്ട് പുറത്തോട്ടൊക്കെ ഒന്ന് പോയി കൂട്ടുകാരെയൊക്കെ ഒന്ന് കണ്ടുകൂടെ.. അവരോടൊപ്പം കുറച്ചു സമയം ചെലവഴിച്ചിട്ട് വാ അപ്പോൾ തന്നെ മനസ്സിന് ഒരു ആശ്വാസം കിട്ടും… പോയത് പോയി എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി.”
ഒരിക്കൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് അമ്മ അവനോട് പറഞ്ഞത്.അവൻ മൗനമായിരുന്നപ്പോൾ അവർ വീണ്ടും തുടർന്നു.

” നീ ദേഷ്യപ്പെടില്ലെങ്കിൽ അമ്മ ഒരു കാര്യം പറയാം.. “എന്താണെന്നുള്ള ഭാവത്തിൽ അച്ഛനും അവനും അവരെ നോക്കി.

“ആ കുട്ടിയില്ലേ..നീ അവളെ വിളിച്ചു കൊണ്ടുവാ..എനിക്ക് യാതൊരു ഇഷ്ടക്കേടും ഇല്ല.. പൂർണ്ണ സമ്മതത്തോടെ ആണ് ഞാൻ ഈ പറയുന്നത്. കൊട്ടും കുരവയും ഒന്നും വേണ്ട അമ്പലത്തിൽ വച്ച് ഒരു താലികെട്ടി കൊണ്ടുവന്നാൽ മതി. അല്ലെങ്കിലും മീരയേക്കാൾ എന്തുകൊണ്ടും നിന്റെ ഭാര്യയാകാൻ യോഗ്യത ആ മോൾക്കാണ്…”
ഒരിക്കൽ അവളെ വഞ്ചിക്കാൻ തന്റെ കാതിൽ ഓതി തന്റെ ജീവിതം തന്നെ തകർത്ത അമ്മയാണ് ഇപ്പോൾ മറിച്ച് പറയുന്നതെന്ന് അവൻ ഓർത്തു.

” രമേ നീ മിണ്ടിപ്പോകരുത്..ആ പാവം പെണ്ണിന്റെ കണ്ണീരിന്റെ ശാപമാണ് നമ്മൾ ഈ അനുഭവിക്കുന്നത്. നാളെ അവളെ ഇവിടെ കൊണ്ടുവന്നിട്ട് പിന്നീട് ഒരു പണക്കാരി പെണ്ണിനെ കാണുമ്പോൾ അമ്മയുടെയും മകന്റെയും മനസ്സ് മാറില്ലെന്ന് എന്താണ് ഉറപ്പ്? അതാണല്ലോ സ്വഭാവം.”
അയാൾ ദേഷ്യത്തോടെ പറഞ്ഞു. അത് കേട്ടതും ഭക്ഷണം മതിയാക്കി ഒന്നും മിണ്ടാതെ അവൻ അവിടെ നിന്ന് എഴുന്നേറ്റ് പോയി.

“നിങ്ങൾ എന്താ രാഘവേട്ടാ…. നമ്മുടെ മോനല്ലേ അവൻ മക്കൾ എന്തെങ്കിലും തെറ്റ് ചെയ്താൽ മാതാപിതാക്കൾ അല്ലെ ക്ഷമിക്കേണ്ടത്.. “അവരയാളെ ശകാരിച്ചു.

” മക്കൾ തെറ്റ് ചെയ്യുമ്പോൾ ക്ഷമിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ് എന്നാൽ ഇവിടെ മാതാവ് അല്ലേ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്..അതിന് ആരാണ് ക്ഷമിക്കേണ്ടത്? “ആ ചോദ്യത്തിന് അവർക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

ആദ്യമാദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും ഓരോ ദിനങ്ങൾ കഴിയുംതോറും അമ്മ പറഞ്ഞ വാക്കുകൾ അവനെ അലട്ടിക്കൊണ്ടിരുന്നു. മിഴിയോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ആയിട്ടെങ്കിലും അവൾക്കൊരു ജീവിതം കൊടുക്കാൻ കഴിഞ്ഞാൽ അതിൽപരം തനിക്ക് സന്തോഷം മറ്റൊന്നില്ല. അങ്ങനെ കുറെ ആലോചിച്ച ശേഷമാണ് അവൻ ആ തീരുമാനത്തിലെത്തിയത്.അവളെ നേരിൽ കണ്ട് തന്നെ ഇത് പറയണം.. മാപ്പ് ചോദിക്കണം.. ഈ ലോകത്ത് അവളെക്കാൾ മനോഹരമായി തന്നെ മറ്റാരും സ്നേഹിച്ചിട്ടില്ല എന്ന് പറയണം. അവൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല ചിലപ്പോൾ ആട്ടിയോടിച്ചേക്കാം തല്ലിയേക്കാം അല്ലെങ്കിൽ സന്തോഷം കൊണ്ട് തന്നെ ചേർത്തുപിടിച്ചു കരഞ്ഞേക്കാം എന്തുതന്നെയായാലും അതൊന്നും താൻ അവളോട് ചെയ്തതിന്റെ ഒരു ശതമാനം പോലും ആകില്ല.”

അവളെ കണ്ടുമുട്ടാൻ അവന് ഒട്ടും തന്നെ പ്രയാസമുണ്ടായിരുന്നില്ല.എന്നും ഭഗവാനോട് വന്നു സങ്കടം പറയാറുള്ള അവൾ ഇക്കുറിയും മുടങ്ങാതെ അവിടെയെത്തും എന്ന് അവന് ഉറപ്പായിരുന്നു. പിറ്റേന്ന് രാവിലെ അവൻ കുളിച്ചു റെഡിയായി അമ്പലത്തിലേക്ക് പുറപ്പെട്ടു.അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറമായ നീല കളർ ഷർട്ട് ധരിച്ചാണ് പോയത്. അമ്പലത്തിലേക്ക് ചെല്ലുമ്പോൾ നാദസ്വരം വായിക്കുന്നത് കേൾക്കാമായിരുന്നു. പിന്നീടാണ് മനസ്സിലായത് ആരുടെയോ വിവാഹമാണെന്ന്. പാവം.. ഇതുപോലൊരു മുഹൂർത്തം അവൾ എത്രയോ സ്വപ്നം കണ്ടതാണ്.. ഭഗവാന്റെ മുന്നിൽ വച്ച് താൻ അണിഞ്ഞ താലി ധരിക്കാൻ അവൾ എത്ര കൊതിച്ചതാണ്.. അവളുടെ സ്വപ്നം നിറവേറ്റാൻ താൻ തയ്യാറാണെന്ന് അവളോട് പറയണം. ” അവൻ അക്ഷമയോടെ ആൽ മര ചുവട്ടിൽ അവൾക്ക് വേണ്ടി കാത്തിരിക്കുമ്പോഴാണ് അമ്പലത്തിനുള്ളിൽ നിന്നും ഒരു പുരുഷന്റെ കൈ പിടിച്ചു വരുന്ന സ്ത്രീരൂപം കണ്ടത്.

” മിഴി!. ”

അവന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ദൈവമേ കാണുന്നത് സത്യം തന്നെയാണോ? ഈ മുഹൂർത്തം കാണാനായിരുന്നോ ഇത്രയും നാളുകൾക്കു ശേഷം താൻ വീണ്ടും ഈ അമ്പലനടയിൽ എത്തിയത്?

അമ്പരന്നുനിന്ന് ആ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ അവളുടെ മിഴികളും അവനിലുടക്കി.പരസ്പരം ഞെട്ടലോടെ നോക്കിനിൽക്കെ ഇരുവരുടെയും മിഴികൾ അറിയാതെ നിറഞ്ഞു.

“കിരൺ ഏട്ടൻ..” തന്റെ വരനോട് കിരണിനെ ചൂണ്ടിക്കൊണ്ട് അവൾ പറഞ്ഞു. ആ പയ്യൻ കിരണിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. കിരണും വേദന കടിച്ചമർത്തി പുഞ്ചിരിക്കാൻ ശ്രമിച്ചു.ശേഷം മിഴിയോടു പോയി കിരണിനോട് സംസാരിച്ചോളാൻ ആ പയ്യൻ പറഞ്ഞു.
അവൾ തളരുന്ന കാലുകളോടെ കിരണിന്റെ അടുത്തേക്ക് ചെന്നു. അവന് തലകറങ്ങുന്നതുപോലെ തോന്നി.

“ആരോടും പറഞ്ഞിരുന്നില്ല എന്നിട്ടും കിരണേട്ടൻ എങ്ങനെ അറിഞ്ഞു.” അവൾ നിറഞ്ഞു വന്ന കണ്ണുനീർ ഒപ്പിക്കൊണ്ട് ചോദിച്ചു.

“ദൈവം… ഒരുപക്ഷേ ഈയൊരു മുഹൂർത്തം കാണാൻ ആയിരിക്കാം എന്നെ ജീവനോടെ ബാക്കി വെച്ചത്.”
അവൻ ഇടറുന്ന ശബ്ദത്തോടെ പറഞ്ഞു.

“ഇത് അമൽ.എന്നെപ്പോലെ തന്നെ ആരുമില്ലാത്ത അനാഥനാണ്. ആരുമില്ലാതെ വളർന്നവർക്ക് സ്നേഹത്തിന്റെ വില നന്നായി അറിയാമല്ലോ കിരൺ ഏട്ടാ..എന്നോട് കാണിക്കുന്ന സ്നേഹത്തിൽ ആത്മാർത്ഥത ഉണ്ടെന്നു തോന്നി.. ഇഷ്ടമാണെന്ന് അമൽ വന്നു പറഞ്ഞപ്പോൾ കുറെ ചിന്തിച്ചു ഞാൻ… ഇനിയും കരയാൻ കണ്ണുനീർ ബാക്കിയില്ലാത്തതുകൊണ്ട്… പിന്നെ ഏതൊരു സാഹചര്യത്തിലും ഇട്ടിട്ടു പോകില്ലെന്ന് ഉറപ്പു തോന്നിയതുകൊണ്ട് ഞാനും സമ്മതം മൂളി. നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ ഒപ്പമല്ലേ നമ്മളെന്നും നിൽക്കേണ്ടത്.”

അവൻ പുഞ്ചിരിച്ചു അതേ എന്ന് തലയാട്ടി.

“രണ്ടാൾക്കും വിവാഹമംഗളാശംസകൾ.”

മനസ്സുനിറഞ്ഞ് അവനവരെ അനുഗ്രഹിച്ചു. അമലിന്റെ കൈപിടിച്ച് അവൾ നടന്നകലുമ്പോൾ കിരൺ ഒന്ന് തിരിച്ചറിഞ്ഞു. താൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടുന്ന നിമിഷം അവൾ എത്ര വേദനിച്ചുവോ ആ വേദന എത്രയെന്ന് അതേ നാണയത്തിൽ വിധി ഇന്ന് തനിക്ക് മനസ്സിലാക്കി തന്നിരിക്കുന്നു. നമ്മുടെ കർമ്മങ്ങൾ അതൊരിക്കലും നമ്മെ വിട്ടു പോകുകയില്ല. കാലമെടുത്ത് ആയാലും അത് നമുക്ക് നേരെ തന്നെ ശക്തിയിൽ ആഞ്ഞടിക്കും.

അംബിക ശിവശങ്കരൻ

Leave a Reply

Your email address will not be published. Required fields are marked *