✍️ Nayana Vydeshi Suresh
മൂന്നു പേരാൽ ബലാത്സംഗം ചെയ്യപ്പെട്ട എന്നെ എല്ലാമറിഞ്ഞു കൊണ്ട് വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നവരിൽ നിന്നും ആലോചന ക്ഷണിക്കുന്നു .
രമ്യ
26 വയസ്സ്
1234567890
എന്ന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റിട്ടതിനു ശേഷം മേശയിൽ തല ചാരിവെച്ച് അവൾ കിടന്നു .
കുറച്ചു ദിവസങ്ങളായി ചാനലിലും പത്രത്തിലുമെല്ലാം താനാണ് വാർത്ത ,പേരില്ലെങ്കിലും ആ വാർത്തകൾ കാണുമ്പോൾ കണ്ണ് നിറയും .
ശരീരത്തിലെ ഉണങ്ങിത്തുടങ്ങിയ മുറിവുകളിലെ നീറ്റൽ ഇതുവരെ മാറിയിട്ടില്ല .ഫേസ് ബുക്കിലെ വാർത്തകൾക്കടിയിലെ കമ്മൻ്റുകൾ വായിക്കുബോഴാണ് ശരിക്കും നെഞ്ച് പൊള്ളുന്നത് .
അഴിഞ്ഞാടി നടക്കുന്നവളായിട്ടാണ് പലരും കണ്ടത് , ഒറ്റക്ക് വേറെ സ്ഥലത്ത് പോയി ജോലി ചെയ്തിട്ടല്ലെ ,എന്തെ കേരളം പേരാഞ്ഞിട്ടാണോ വേറെ സംസ്ഥാനം , അങ്ങനെ അങ്ങനെ …
മുഴുവൻ വായിച്ചപ്പോഴെക്കും രക്ഷപ്പെടണ്ടായിരുന്നു തോന്നി .ആകെ ഒരു മരവിപ്പ് , എന്തൊരു ലോകമാണ് …
പ്രതികൾ മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട് ..
പത്രത്തിൽ പേരോ മുഖമോ ഇല്ലെങ്കിലും നാട്ടിലൊക്കെ എല്ലാവരുമറിഞ്ഞിട്ടുണ്ട് ആ ഇര താനാണെന്ന് ..
വീട്ടിൽ നിന്നും ആരും പുറത്തിറങ്ങാറില്ല .അമ്മ അന്നു തുടങ്ങിയ കരച്ചിലാണ് , രാത്രി ഇറങ്ങി നടന്നത് വലിയ കുറ്റമായതുകൊണ്ട് ഒന്നും പ്രതികരിച്ചില്ല …
ഇനി അനിയത്തിയുടെ ഭാവി എന്താവും അതാണ് അച്ഛൻ്റെ പേടി , എന്തിന് പറയുന്നു ചെറിയച്ഛൻന്മാർക്കും വല്യച്ഛൻ ന്മാർക്കും വരെ പേടിയാണ് താൻ കാരണം അവരുടെ മക്കളെ ഓർത്ത് …
കുടുംബത്തിൻ്റെ പേര് വരെ കളഞ്ഞു കുളിച്ചില്ലെ …
സഹതാപവും കുറ്റപ്പെടുത്തലും മാത്രം .. ആരും തന്നെ മനുഷ്യനായി കാണുന്നില്ല .. ഉണങ്ങി തുടങ്ങിയ മുറിവിലേക്ക് നേക്കുമ്പോഴെല്ലാം കണ്ണ് നിറയും …
ആശുപത്രിയിലെ ആ ദിവസങ്ങൾ ഓർക്കാൻ വയ്യ , അന്നൊക്കെ ചികിത്സിച്ച ഡോക്ടറോഡ് വല്ലാത്ത ബഹുമാനം തോന്നി .. ഇങ്ങനെയെങ്കിൽ ഇങ്ങനെ തന്നെ മാറ്റിയത് ഡോക്ടറാണ് .കഴുകൻ്റെ കണ്ണുകളില്ലാത്ത ഒരു നല്ല മനുഷ്യൻ .. ഒരു സാധാരണക്കാരൻ… എപ്പോഴും ചിരിക്കുന്ന ഒരാൾ
ഒരു പാട് ചിന്തിച്ചിട്ടൊന്നുമല്ല ഈ തീരുമാനം ,ഈ സ്ഥിതിയിലുള്ള എന്നെ കെട്ടാൻ ആർക്കെങ്കിലും ഒക്കുമോ ? സഹതാപം ആഗ്രഹിക്കുന്നില്ല , ഒരു കൂട്ട് … അതാണ് ആവശ്യം ….
വായിച്ചെടുക്കാൻ കഴിയാത്ത ചുറ്റുമുള്ള കണ്ണുകളിൽ നിന്നും ഒളിച്ചോട്ടം …
പെട്ടെന്നാണ് ആരോ വാതിലിൽ മുട്ടിയത്
കതക് തുറന്നതും അച്ഛൻ മുഖത്ത് നോക്കി ഒന്ന് തന്നു …
ഇപ്പോ നാറ്റിച്ചതു പോരാണ്ടാണോ . എഫ് ബി യിൽ പോസ്റ്റ് ഇട്ടത് . ചെറിയച്ഛൻ വിളിക്കുമ്പോഴാ അറിഞ്ഞത് …
ഇങ്ങനെ ഒരു നാശം വേറെയില്ല …
നിൻ്റെ ഒറ്റ വാശിക്കാ പുറത്ത് പഠിക്കാൻ വിട്ടതും ജോലി ശരിയായപ്പോൾ വേണ്ടാന്ന് പറയാഞ്ഞതും എന്നിട്ട് ..
അച്ഛാ .. ഞാൻ പറഞ്ഞില്ലെ ജോലി കഴിഞ്ഞ് വരുമ്പോൾ സാധനങ്ങൾ വാങ്ങി കടയിൽ നിന്ന് എടുക്കാൻ മറന്നൂന്ന് രാത്രിയാ ഓർമ്മ വന്നെ അതാ ആ നേരത്ത് പോയത് .പക്ഷേ … എത്ര പറഞ്ഞിട്ടും എന്തിനാ എന്നെ കുറ്റപ്പെടുത്തണെ
നീയാ പോസ്റ്റ് കളയ്
ഇല്ലച്ഛാ … എനിക്ക് ഇവിടെ നിൽക്കാൻ വയ്യ ,തിരികെ പോകാനും വയ്യ .. എല്ലാം അറിഞ്ഞ് കൊണ്ട് ആരെലും വന്നാൽ ..
ആര് വരാൻ … എന്നെ കൊണ്ട് പറയിപ്പിക്കരുത് ,നീയിട്ട പോസ്റ്റിനടിയിലെ കമ്മൻ്റ്സ് കണ്ടാ നീ . ഒരച്ഛന് മകളോട് പറയാൻ കൊള്ളില്ല അതൊന്നും …
പതിവ് കമൻ്റുകൾ തന്നെയാകും എല്ലാം .
സഹതാപം , കുറ്റം ,ഉപദേശം … അതിനിടയിൽ ചിലപ്പോൾ ഒരാളെങ്കിലും ..
പെട്ടെന്നാണ് ഫോൺ റിംഗ് ചെയ്തത് ..
ഹലോ രമ്യയാണോ ?
അതെ ,അരാ ?
ഞാൻ പോസ്റ്റ് കണ്ട് വിളിച്ചതാ ..
ഉം ,,, ഞാൻ പറഞ്ഞത് ഒക്കെ സത്യണ് ..തമാശക്കാണെങ്കിൽ വിളിക്കരുത് . ശരിക്കും താൽപര്യമുണ്ടെങ്കിൽ പറയണം
തനിക്ക് എന്നെ മനസ്സിലായില്ലെ ,ഞാൻ തന്നെ ചികിത്സിച്ച ഡോക്ടറാടോ
സാറായിരുന്നോ ഞാൻ കരുതി കല്യാണ ആലോചനയാണെന്ന് ..
അതെ ആലോചനത്തന്നെയാണ് . എനിക്ക് വിരോധമില്ല രമ്യ
സാറിനെ പോലെയൊരാൾക്ക് എന്തിനാ ഞാൻ ..
അതിന് തനിക്ക് എന്താ കുറവ് , വിദ്യാഭ്യാസമുണ്ട് , ജോലിയുണ്ട് , ബോൾഡാണ് , അതിലുപരി ഇന്ന് കാണിച്ച ഈ ധൈര്യം .. ഇതൊക്കെ മതീടോ ..
സർ … ഞാൻ
രമ്യ ശരീരമാണ് ഒക്കെ എന്ന് ഞാൻ വിശ്വസിക്കുന്നില്ല കേട്ടോ .. ധൈര്യം , തൻ്റേടം ,ആഗ്രഹം ഇതൊക്കെയാണ് വേണ്ടത് … അത് തനിക്കുണ്ട് … ഒട്ടും കുറഞ്ഞു പോയ ഒരാളല്ല താൻ … തനിക്ക് ഓക്കെയാണെങ്കിൽ ഭാവിയിൽ ഡോക്ടറുടെ ഭാര്യയാണ് … ഞാൻ വീട്ടിലേക്ക് വരാം … എല്ലാരോടും സംസാരിക്കാം..
അവൾ ചിരിച്ചു ..ഞാനും വിശ്വസിക്കുന്നില്ല ശരീരമാണ് ഒക്കെയെന്ന് ..
വീണ്ടും അവൾ ഫേസ് ബുക്ക് തുറന്നു .. അപ്പോഴും ശരീരത്തിൽ മാത്രം ജീവിതമർപ്പിച്ചവരുടെ കമ്മൻ്റുകൾ നിറഞ്ഞു കൊണ്ടിരുന്നു …
