അവർ രണ്ടാളും തമ്മിലുള്ള ബന്ധം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചു കഴിഞ്ഞു… വെറും കാഴ്ചക്കാരായ് നിൽക്കാനേ…

✍️ RJ

“ഇന്ന് വൈകുന്നേരം ഹോട്ടൽ ധീരയിൽ വെച്ചൊന്ന് കൂടിയാലോ …..?
ഒരിക്കലും മറക്കില്ലാന്നുറപ്പുള്ളൊരു സുന്ദര സായാഹ്നം ഓഫർ ചെയ്യുന്നു ഞാൻ…പോരുന്നോ എനിയ്ക്കൊപ്പം…. ?

മെയിലുകൾ ചെക്ക് ചെയ്യുന്നതിനിടയിൽ പെട്ടന്നു വന്നൊരു മെസേജ് ട്യൂൺ കേട്ട് മൊബൈലെടുത്ത് നോക്കിയ ഗോവിന്ദിന്റെ മുഖത്തൊരു കള്ളത്തരമൊളിപ്പിച്ച ചിരി തെളിഞ്ഞു …

അവന്റെ നോട്ടമൊന്ന് മാനേജറുടെ ക്യാമ്പിനിലേക്ക് പാളിയതും കണ്ടു പ്രതീക്ഷയോടവനെ നോക്കിയിരിക്കുന്ന മാനേജർ വന്ദനയെ…

അവളിലുമുണ്ട് കള്ളത്തരമൊളിപ്പിച്ചൊരു വശ്യമായ ചിരി…

അകത്തേക്ക് ചെല്ലാനെന്ന വിധം വന്ദന കണ്ണു കൊണ്ടവനെ ക്ഷണിച്ചതും കയ്യിലൊരു ഫയലുമെടുത്ത് ചുറ്റും തന്നിലേക്ക് കൂർപ്പിച്ചു നിർത്തിയിരിക്കുന്ന അനേകം കണ്ണുകളെ അവഗണിച്ച് മാനേജരുടെ ക്യാമ്പിനിലേക്ക് നടന്നു ഗോവിന്ദ്

ചാക്കോ …. ദേ നോക്കെടാ….

മാനേജരുടെ ക്യാമ്പിനകത്തേക്ക് ഗോവിന്ദ് കയറിയതും അടുത്തിരുന്ന ചാക്കോയെ തട്ടി വിളിച്ചത് കാണിച്ചു കൊടുത്തു മുരളി

“ഞാൻ നിന്നോടന്ന് പറഞ്ഞതിപ്പോൾ സത്യമായില്ലേ … ?
നോക്ക് ഇന്നിത് എത്രമത്തെ പ്രാവശ്യമാണ് ഗോവിന്ദ് വന്ദന മാഡത്തിന്റെ ക്യാമ്പിനിൽ കയറുന്നത്…
ഇതിനു മാത്രം എന്തു സംശയമാണവന് നമ്മളോടൊന്നും ചോദിക്കാതെ മാഡത്തോട് മാത്രമായ് ചോദിച്ചറിയാൻ …?

“ഇതൊന്നും ശരിയല്ല ചാക്കോ… നിനക്കറിയാലോ അവനൊരു കുടുംബവും കുട്ടികളുമെല്ലാം ഉള്ളവനാണെന്ന്…?

ഗോവിന്ദിന്റെ പ്രവർത്തിയിൽ അവനോടുള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം മുഴുവനടങ്ങിയിട്ടുണ്ട് മുരളിയുടെ ശബ്ദത്തിൽ…

മുരളിയെ ഒന്നു നോക്കിയ ചാക്കോയുടെ കണ്ണുകളും ഗോവിന്ദിന് പുറകെയാ ക്യാമ്പിനുള്ളിലേക്ക് നീണ്ടു…

“എന്താണ് ഗോവിന്ദ് ,ഞാനൊരു മെസേജ് അയച്ചിട്ട് അതിനു മറുപടി തരാനിത്ര താമസം…? ഇയാൾക്ക് താൽപര്യമില്ല വൈകീട്ടത്തെ കൂടിക്കാഴ്ചയ്ക്കെങ്കിൽ ഞാൻ നിർബന്ധിക്കില്ല…ഇയാൾക്കും കൂടി ഇഷ്ടവും താൽപ്പര്യവുമുണ്ടെങ്കിൽ മതി ….

ഗോവിന്ദിനെ അവൻ കാണും വിധം കണ്ണാലാക്കെയൊന്നുഴിഞ്ഞു നോക്കിയാണ് വന്ദനയുടെ സംസാരം…

വെളുത്ത് നീണ്ട് ഏതൊരു പെണ്ണും ആഗ്രഹിയ്ക്കും വിധം സുന്ദരനായിട്ടുള്ള ഗോവിന്ദിന്റെ ഉറച്ച നെഞ്ചിലും ബലിഷ്ഠമായ ശരീരത്തിലുമെല്ലാം വശ്യതയോടെ അലസ മൊഴുകുന്നുണ്ട് വന്ദനയുടെ കണ്ണുകൾ…

അവളുടെ നോട്ടവും മുഖത്തെ ഭാവവുമെല്ലാം ഗോവിന്ദിൽ വല്ലാത്തൊരു സന്തോഷം നിറയ്ക്കുന്നുണ്ട്…

“എന്താ ഗോവിന്ദ് വൈകീട്ട് കാണണ്ടേ…? ഇയാൾക്ക് താൽപ്പര്യമില്ലേ…?

ഗോവിന്ദിൽ തന്നെ മിഴികളുറപ്പിച്ച് മുന്നിലെ ടേബിളിലേക്കാഞ്ഞിരുന്ന് വന്ദന ചോദിച്ചതും സാരിക്കിടയിലൂടെ വെളിവായ അവളുടെ നഗ്നതയിലുടക്കി നിന്നു ഗോവിന്ദിന്റെ മിഴികളൊരു നിമിഷം

“താൽപ്പര്യമുണ്ട് മാഡം… നല്ല താൽപ്പര്യമുണ്ട്… വൈകീട്ട് മാഡത്തെ കണ്ടേ മതിയാവുള്ളു ഇന്നെനിയ്ക്ക്…

കണ്ണൊന്നിറുക്കെയടച്ച് കീഴ്ച്ചുണ്ടിലൊന്ന് പല്ലമർത്തി പ്രത്യേകമൊരു ഭാവത്തിൽ വേഗത്തിൽ ഗോവിന്ദ് പറഞ്ഞതും വന്ദനയിൽ അവനെ അത്രയും മോഹിപ്പിയ്ക്കുന്നൊരു ചിരി വിരിഞ്ഞു….

വന്ദനയുടെ ക്യാമ്പിൻഡോർ തുറന്നൊരു ചിരിയോടെ പുറത്തേക്കു വരുന്ന ഗോവിന്ദിനെ ദേഷ്യത്തോടെ നോക്കി മുരളി….

ആറു മാസത്തോളമായ് ഗോവിന്ദ് ഇവിടേക്ക് സ്ഥലമാറ്റം കിട്ടി വന്നിട്ട്… വന്ന അന്നു മുതൽ സൗഹൃദമുണ്ട് ചാക്കോയും മുരളിയും അവനും തമ്മിൽ..

കുടുംബത്തെ ജീവനായ് കൊണ്ടു നടക്കുന്ന ഗോവിന്ദിന്റെ സ്വഭാവത്തിൽ മാറ്റം വന്നത് വന്ദന ഇവിടേക്ക് സ്ഥലമാറ്റം കിട്ടി വന്നതുമുതലാണ്..

സ്ത്രീകളോട് അത്ര മാത്രം ബഹുമാനത്തോടെ ഇടപഴകുന്ന ഗോവിന്ദിന്റെ വന്ദനയിലേക്കുള്ള ചായ്‌വ് ആ ഓഫീസിലെ പലരും ശ്രദ്ധിക്കുന്നുണ്ട്….

‘ചാക്കോ ഞാൻ വൈകീട്ട് അര മണിക്കൂർ നേരത്തെ ഇറങ്ങും ട്ടോ… ഒരത്യാവശ്യമുണ്ട്… ”

ചാക്കോയോട് പറയുന്നതിനൊപ്പം തന്നെ മുരളിയിലേക്കും പോവുന്നുണ്ടവന്റെ മിഴികൾ ..

“അവരു രണ്ടാളും ഒരുമിച്ച് പ്ലാൻ ചെയ്താണ് ഈ പോകുന്നതെങ്കിൽ ഇന്നത്തോടെ ഇത് നിർത്തിയ്ക്കും ചാക്കോ ഞാൻ.. അവനവന്റെ ഭാര്യയേയും മക്കളെയും മറന്നിട്ടുള്ള ഈ പരിപാടിയ്ക്ക് ഞാൻ കൂട്ടുനിൽക്കില്ല… എനിയ്ക്കുമുണ്ട് ഞാൻ ചെല്ലുന്നതും നോക്കി വഴിക്കണ്ണുമായ് കാത്തിരിക്കുന്നൊരുത്തി… എന്റെ ജീവനാണവൾ… ”

മുരളി പറയുമ്പോൾ ചാക്കോയുടെ ഉള്ളിലും മിഴിവോടെ തെളിഞ്ഞതവന്റെ പെണ്ണിന്റെ രൂപമാണ്….

വൈകുന്നേരമായതും ആദ്യം ഗോവിന്ദും അവനു പുറകെ വന്ദനയും ഓഫീസ് വിട്ടിറങ്ങിയതും അവരറിയാതെ അവരുടെ പുറകെ തന്നെ ചെന്നു മുരളിയും ചാക്കോയും…

ഹോട്ടൽ ധീരയുടെ ലക്ഷ്വറി റൂമിലേക്ക് കൈകൾ കോർത്ത് ചിരിയോടെ കയറി പോവുന്ന ഗോവിന്ദിനെയും വന്ദനയേയും ഇത്തവണ മുരളി നോക്കി നിന്നത് നൊമ്പരത്തോടെയാണ്… തങ്ങളിലൊരുവൻ ഇത്രയും തരം താഴ്ന്നുപോയത് അവന്റെ മനസിനെ വല്ലാതെ മുറിവേല്പിച്ചു…

അടച്ചിട്ട മുറിയ്ക്കുള്ളിൽ വന്ദനയുടെ നഗ്നതയിൽ ഗോവിന്ദ് പുതിയ ചിത്രങ്ങൾ വരയ്ക്കുമ്പോൾ അവന്റെ ശരീരത്തിനടിയിൽ വന്ദന വശ്യമായൊരു ചിരിയോടെ തളർന്നു കിടന്നു…

മുരളി… അവർ രണ്ടാളും തമ്മിലുള്ള ബന്ധം അതിന്റെ എല്ലാ അതിരുകളും ഭേദിച്ചു കഴിഞ്ഞു… വെറും കാഴ്ചക്കാരായ് നിൽക്കാനേ നമുക്കിനി സാധിക്കൂ… നമുക്ക് മടങ്ങി പോവാം വാ….

ചിന്തയിൽ മുഴുകിയെന്ന പോലെ ഗോവിന്ദിന്റെ ബൈക്കിനു പിന്നാലെ അവനെ പിൻതുടരുന്ന മുരളിയെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു ചാക്കോ

ഹോട്ടൽ മുറിയിൽ നിന്നാദ്യം വന്ദനയിറങ്ങി പോയതിനു ശേഷമാണ് ഗോവിന്ദ് ഇറങ്ങി വന്നത് …

വീട്ടിലേക്കൊന്നു രണ്ട് സാധനങ്ങളും വാങ്ങി ബൈക്കിൽ കയറിയ ഗോവിന്ദിനു പിന്നാലെ അപ്പോൾ കൂടിയതാണ് മുരളി… ചില ലക്ഷ്യങ്ങളോടെ…

വീട്ടിലെത്തി ബൈക്ക് ഹാൻഡിലിൽ തൂക്കിയിട്ട സാധനങ്ങളുമായ് അകത്തേക്ക് കയറാനൊരുങ്ങിയ ഗോവിന്ദ് തന്റെ വീട്ടിലേക്ക് യാതൊരു മുന്നറിയിപ്പും ഇല്ലാതെ കടന്നു വന്ന മുരളിയേയും ചാക്കോയെയും കണ്ടമ്പരന്നു…

ഇതെന്താ നിങ്ങളൊരു മുന്നറിയിപ്പും ഇല്ലാതെ…?

മുഖം നിറയെ ചിരിയോടെ ചോദിച്ചവർക്കടുത്തെത്തി ഗോവിന്ദ്

“നീ ഓഫീസിൽ നിന്നിറങ്ങിയപ്പോൾ മുതൽ ഗ്നിനക്ക് പിന്നാലെയുണ്ട് ഗോവിന്ദ് ഞങ്ങൾ… നീ പോയിടത്തെല്ലാം ഞങ്ങളും ഉണ്ടായിരുന്നു… ഞങ്ങളുടെ പ്രിയ സുഹൃത്തിന്റെ യഥാർത്ഥ സ്വഭാവം നേരിട്ടറിയാൻ…..

ദേഷ്യം നിയന്ത്രിച്ചെന്ന പോലെ മുരളി പറഞ്ഞതും ഗോവിന്ദിന്റെ മുഖത്തെ ചിരി മാഞ്ഞു… അവനെന്തോ പറയാൻ തുടങ്ങും നേരം തന്നെ വീടിനുളളിൽ നിന്നവന്റെ ആളുകളെല്ലാം പുറത്തേക്കിറങ്ങിയത്

ആരാ കണ്ണാ ഇവര്…?
കൂട്ടുക്കാരാണോ..?

ഗോവിന്ദിന്റെ അമ്മ വന്നു ചോദിച്ചതും പിന്നെയൊരു ബഹളമായിരുന്നവിടെ

കൂട്ടുകുടുംബമാണ് ഗോവിന്ദിന്റേതെന്ന് തിരിച്ചറിഞ്ഞവർ

അമ്മയും അച്ഛനും ഏട്ടനും അനിയനും അവരുടെ ഭാര്യമാരും കുട്ടികളുമെല്ലാവരും സന്തോഷത്തോടെ താമസിക്കുന്ന ഒരു കുഞ്ഞു സ്വർഗ്ഗം…

ഇതാണ് ട്ടോ എന്റെ കുറുമ്പൻമാർ … നിങ്ങൾ കണ്ടിട്ടില്ലല്ലോ ഇവരെ…?

നാലു വയസ്സോളം പ്രായമുള്ള രണ്ടിരട്ട ആൺകുട്ടികളെ കയ്യിലെടുത്ത് വന്ന് ഗോവിന്ദ് പറഞ്ഞതും അവനെ ദേഷ്യത്തിൽ നോക്കി മുരളി

“ഇത്ര നല്ല കുടുംബത്തിനകത്ത് ജനിച്ചിട്ടും നീയെങ്ങനെയാ ഗോവിന്ദ് ഇത്രയും തരം താഴ്ന്നുപോയത്….?

മുരളി ചോദിച്ചതും അവനെയൊന്നു നോക്കി ഗോവിന്ദ്

ഇതെന്താ ചാക്കോയും മുരളിയും ഇവിടെ…?

പുറകിൽ നിന്നൊരു ചോദ്യം കേട്ട് തിരിഞ്ഞവർ തങ്ങൾക്കു പുറകിൽ നിൽക്കുന്ന ആളെ കണ്ടു ഞെട്ടി

വന്ദന മാഡം….

കുളി കഴിഞ്ഞിറങ്ങി വന്നു നിൽക്കുന്ന വന്ദനയെ അവിടെ കണ്ടവർ പകച്ചു ഗോവിന്ദിനെ നോക്കിയപ്പോൾ അവന്റെ മുഖം നിറയെ കള്ള ചിരിയാണ്…

ഇതാണെന്റെ ഭാര്യ വന്ദന… വന്ദനാ ഗോവിന്ദ്… നിങ്ങൾ ഓഫീസിലും ഹോട്ടലിലും ഇപ്പോ ദേ എന്റെ വീടിലുമെല്ലാം കാണുന്നത്, കണ്ടത് ഒരാളെ തന്നെയാണ്…

ഗോവിന്ദ് പറഞ്ഞതും കാര്യങ്ങൾ ഏകദേശം മനസ്സിലായ വന്ദന പൊട്ടി വന്ന ചിരിയമർത്തി അകത്തേക്ക് നടന്നു

“എന്റെ ഭാര്യ എന്റെ മേലുദ്യോഗസ്ഥ ആണെന്നു പറയാനുള്ള മടി കൊണ്ടൊന്നുമല്ല മുരളീ ഞങ്ങളത് രഹസ്യമാക്കി വെച്ചത്… ഒരു രസം… ജീവിതത്തിലെ ഓരോ ചെറിയ കാര്യവും അനുഭവിച്ചറിയാനുള്ള ഇഷ്ടം… അതിലുപരി അവളെന്റെ ഭാര്യയാണെന്ന് പറഞ്ഞാൽ നിങ്ങളെല്ലാം ചെറുതായിട്ടെങ്കിലും എന്നെ ഒറ്റപ്പെടുത്തിയാലോന്നുള്ള ചിന്ത… അങ്ങനെ പല കാരണങ്ങൾ ഉണ്ടെടാ… അതിലുപരി ഞാനും വന്ദനയും ഏറെ ആസ്വദിക്കുന്നുണ്ട് ഈ തൊഴിലാളി മുതലാളി അവിഹിത ബന്ധം…. ”

പൊട്ടിച്ചിരിയോടെ പറയുന്ന ഗോവിന്ദിനെ കനപ്പിച്ചു നോക്കി മുരളിയും ചാക്കോയും..

ഇത്രയും വലിയ വീടുണ്ടായിട്ടെന്തിനാണെടാ നിങ്ങൾ ഹോട്ടലിൽ റൂമെടുത്ത് ശൃംഗരിക്കുന്നത്…? ഇവിടെ സ്ഥലവും സമയവും ഇല്ലേ നിങ്ങൾക്ക്….?

ദേഷ്യമടങ്ങുന്നില്ല മുരളിക്ക്

ഇവിടെ വെച്ച് ശൃംഗരിച്ചാലത് എന്റെ ഭാര്യയോട് ശൃംഗരിക്കലാവും…
ഓഫീന്നിറങ്ങി ഹോട്ടലിൽ വെച്ചാവുമ്പോ അതെന്റെ മാഡത്തിനൊപ്പമുള്ള രഹസ്യ ബന്ധമാവും… അതിന്റെ ത്രില്ലൊന്നു വേറെയാണ് മോനെ…. അതനുഭവിച്ചു തന്നെ അറിയണം….’

പൊട്ടിച്ചിരിയോടെ പറയുന്ന ഗോവിന്ദിനെ അമ്പരന്നു നോക്കി നിന്ന ചാക്കോയിലും മുരളിയിലും ചിരി തെളിഞ്ഞന്നേരം… അവൻ അവന്റെ ജീവിതം എത്ര സുന്ദരമായും സന്തോഷമായുമാണ് ആഘോഷിക്കുന്നതെന്ന ചിന്തയിൽ…

ചിലരിങ്ങനെയാണ് കിട്ടുന്ന ജീവിതത്തിൽ തൃപ്തരായ് എല്ലാ വേഷവും ആടി തിമിർത്തു കൊണ്ട്…..

RJ

Leave a Reply

Your email address will not be published. Required fields are marked *