“ഡാ… ഷഫീക്കേ ദേ വരുന്നെടാ നിൻ്റെ നാദിറ സിസ്റ്റർ…. കൂടെ മോളൂട്ടിയുമുണ്ട്… ഇന്ന് സ്കൂളില്ലല്ലോ ….
നഴ്സിംഗ് റൂമിന്റെ അരികു ചേർത്തിട്ടിരിയ്ക്കുന്ന ചെയറുകളിലിരുന്ന് ഫോണിൽ നോക്കുകയായിരുന്ന ഷെഫിക്ക് ഉൾപ്പെടെ അവിടെയുള്ള സകലപുരുഷ പ്രജകളുടെയും നോട്ടം വിനോദിന്റെ ആ ഒറ്റ ഡയലോഗിൽ ആ താലൂക്ക് ആശുപത്രിയുടെ എൻട്രൻസിലേക്കായ്…
തന്റെഇടം കയ്യിലൊരു പത്തു വയസ്സുക്കാരിയുടെ കയ്യും കൊരുത്ത് വേഗത്തിൽ ആശുപത്രി കവാടം കടന്ന് താലുക്ക് ആശുപത്രിയുടെ ഉള്ളിലേക്കെത്തി ഈ സമയം കൊണ്ട് നാദിറ
ഓ… എന്റെ ദൈവങ്ങളെ….. ഈ തട്ടമിട്ട സുന്ദരിയെ കണ്ടാലപ്പോഴെന്റെ ഹൃദയം ഡപ്പാംകൂത്ത് കളിക്കാൻ തുടങ്ങുമല്ലോ… എത്ര പറഞ്ഞാലും അനുസരണ ഇല്ലാതെ മനുഷ്യനെ നാണം കെടുത്താൻ മിനക്കെട്ടിറങ്ങിയേക്കുവാണ് നെഞ്ചും ഹൃദയവുമെല്ലാം….
ഇടം നെഞ്ചിൽ കൈ ചേർത്ത് ദീർഘശ്വാസം വിട്ട് ഷഫീക്ക് പറയുമ്പോൾ അവനരികിലൂടെ നഴ്സിംഗ് റൂമിനുള്ളിലേക്ക് കയറിയിരുന്നു നാദിറ….
മൊഞ്ചത്തി പെണ്ണേ…..
നാദിറയുടെ കയ്യിൽ തൂങ്ങി അകത്തേക്ക് കടക്കാനൊരുങ്ങിയ പെൺക്കുട്ടിയെ കളിയാക്കി ഷഫീക്ക് വിളിച്ചതും അവനെ പരിഭവത്തിലൊന്നു നോക്കിയവൾ
ഗിരി രാജൻ കോഴി…..
അവനെ നോക്കി ചുണ്ടനക്കി ആ പെൺകുട്ടി കൂളായ് പറഞ്ഞതും ചമ്മി വിളറി ഷഫീക്ക് ചുറ്റുമൊന്നു നോക്കി…
“ഭാഗ്യം ഉണ്ടെടാ ഷഫീക്കേ അധികമാരും കണ്ടിട്ടും കേട്ടിട്ടും ഇല്ല… ഇവിടെ ഈ ഇരിക്കുന്ന പത്തമ്പതു പേർ മാത്രമേ ആ കൊച്ച് നിന്നെ നിന്റെ പേര് വിളിച്ചത് കേട്ടിട്ടും കണ്ടിട്ടുമുള്ളു…. ”
രഞ്ജിത്തിന്റെ സംസാരത്തിൽ ചമ്മി ഉരുകി ഷഫീക്കിരിക്കുമ്പോൾ അവനെ നോക്കി മനാഹരമായൊന്നു ചിരിച്ച് യൂണിഫോം ധരിച്ച് വാർഡിനള്ളിലേക്ക് നടന്നിരുന്നു നാദിറ….
ഡാ….ഷഫീക്കേ നിനക്ക് നാദിറയോടുള്ളത് യഥാർത്ഥ പ്രണയമാണെങ്കിൽ ചെന്നവളോട് നേരിട്ട് നിന്റെ ഇഷ്ടം പറയെടാ… അല്ലാതെയിങ്ങനെ അവളെ മനസ്സിലിട്ടു നടന്നിട്ടെന്താ കാര്യം….?
നിന്റെ ഉള്ളിലിരിപ്പ് അവളറിയണ്ടേ…?
കൂട്ടുകാരന് നല്ലൊരു ഉപദേശകനായ് മാറി രഞ്ജിത്ത്….
“എന്റെ മനസ്സെന്താണെന്ന് അവൾക്ക് നന്നായറിയാം രഞ്ജി…. നീ കണ്ടില്ലേ അവളുടെ മകളെന്നെ എന്താ വിളിച്ചതെന്ന്… എന്നെ പറ്റി ആ കുഞ്ഞിനവൾ പറഞ്ഞു കൊടുത്തിരിയ്ക്കുന്നത് പോലും അതാണ്… പിന്നെ ഞാനെന്താ ചെയ്യുക…?
‘അതിനവളെ കുറ്റപ്പെടുത്താൻ പറ്റില്ല ഷഫീക്കേ… അവളിവിടെ ജോലിയ്ക്ക് കയറിയ നാൾ മുതൽ നീയുൾപ്പെടെ പലരുമവളെ കണ്ടത് ഭർത്താവില്ലാതെ മകളുമൊത്ത് ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഒരു വെറും പെണ്ണായിട്ടാണ്…
ഒന്നു മുട്ടിയാൽ നിന്റെയൊക്കെ ഇഷ്ടത്തിന് അന്തി കൂട്ടിന് കിട്ടുമോ എന്ന രീതിയിലാണ് നീയൊക്കെ അവളോടാദ്യം സംസാരിച്ചതു പോലും…. ഇവിടെ ജോയിൻ ചെയ്ത നാൾ മുതൽ നീയുൾപ്പെടെ കുറെയെണ്ണം ആ പെണ്ണിനെ ബുദ്ധിമുട്ടിച്ചതിന് കയ്യും കണക്കുമുണ്ടോ… ?
“ആ നിന്നെയൊക്കെ അവൾ ഗിരി രാജൻ കോഴീന്നല്ലേ വിളിക്കുന്നുള്ളു എന്നു കരുതി ആശ്വസിക്ക് നീ തൽക്കാലം… ”
രഞ്ജിത്തിന്റെ തുറന്ന സംസാരത്തിൽ കുനിഞ്ഞു പോയ് ഷഫീക്കിന്റെ തല…
രഞ്ജിത്ത് പറഞ്ഞതത്രയും സത്യമാണ്… ജീവിതത്തിൽ ഒറ്റയ്ക്കായ് പോയൊരുവളോട് തനിയ്ക്കാദ്യം തോന്നിയത് കാമം തന്നെയാണ്…
ആരെയും മയക്കുന്ന അവളുടെ സൗന്ദര്യവും ശരീരവും തനിയ്ക്ക് സ്വന്തമാക്കണമെന്നു കരുതി തന്നെയാണ് അവളോടു സൗഹൃദം സ്ഥാപിച്ചതും… അടുത്തതും…..
എന്നാൽ അവളെ അടുത്തറിഞ്ഞപ്പോൾ അവളുടെ ജീവിതമറിഞ്ഞപ്പോൾ അവളെ കൂടെ ചേർക്കാൻ ആഗ്രഹിച്ചത് ആത്മാർത്ഥമായിട്ടു തന്നെയാണ്….
പക്ഷെ വിശ്വാസമില്ല അവൾക്ക് തന്നെ…
ഭംഗിയുള്ള മുഖവും സൗന്ദര്യമുള്ള ശരീരവും കണ്ടാൽ ഏതൊരു പെണ്ണിനോടും പ്രണയം തോന്നുന്ന തന്നെ പോലൊരുവനെ അവൾക്ക് വിശ്വാസമില്ലെന്നു പറഞ്ഞത് സ്വന്തം അനുഭവ വെളിച്ചത്തിൽ നിന്നു തന്നെയാണ്…
കുറ്റപ്പെടുത്താൻ തോന്നിയില്ല… സത്യം ഒരുനാൾ അതു തന്നെയായിരുന്നല്ലോ….?
ഒട്ടൊരു നൊമ്പരത്തോടെ ചിന്തയിൽ നിന്നുണർന്ന് ചുറ്റും നോക്കിയ ഷഫിക്കിന്റെ കണ്ണുകൾ നഴ്സിംഗ് റൂമിനുള്ളിലിരിയ്ക്കുന്ന സുന്ദരിക്കുട്ടിയിലെത്തി….
ആർക്കും ശല്യമാവാതെ നഴ്സിംഗ് റൂമിനുള്ളിൽ ഒരരുകിലിരുന്ന് തന്റെ കയ്യിലുള്ള പുസ്തകത്തിൽ കാര്യമായ് എഴുതുകയാണ് പുള്ളി….
നാദിറയുടെ ചേച്ചി നെജീറയുടെ മകളാണ് പത്തു വയസുകാരി സനമോൾ…
കോളേജിൽ പഠിക്കാൻ പോയിരുന്ന സഹോദരി ഒരു നാൾ ബോധം മറഞ്ഞ് ദേഹമാസകലം മുറിവുകളുമായ് വീട്ടിനുള്ളിൽ കിടന്നപ്പോഴാണ് അവളെ ആരോ ക്രൂരമായ് പീഡിപ്പിച്ചത് വീട്ടുക്കാരും നാട്ടുകാരുമറിഞ്ഞത്….
ഉപദ്രവിച്ചത് ആരെന്ന ചോദ്യത്തിന് കണ്ണീരുമാത്രം മറുപടി നൽകി നെജീറ….
ക്രമേണ സംസാരം കുറഞ്ഞ് തന്നിലേക്ക് മാത്രമായി നെജീറ ഒതുങ്ങിയ നാളിലാണ് അവളുടെ ഉള്ളിലൊരു ജീവൻ കുരുത്ത കാര്യം നാദിറയും മറ്റുള്ളവരും അറിഞ്ഞത്…
ആരെല്ലാം എത്രയെല്ലാം ശ്രമിച്ചിട്ടും ഉള്ളിൽ കുരുത്ത ജീവനെ കൊന്നൊടുക്കാൻ സമ്മതിച്ചില്ല നെജീറ… നെജിറയുടെ ഇഷ്ടത്തിനെതിരായ് ഒന്നും ചെയ്യാൻ പാടില്ലെന്ന ഉറപ്പോടെ അവൾക്കൊപ്പം നാദിറയും ചേർന്നതും നിസ്സഹായരായ് കുടുംബം…
എന്നാൽ നെജീറ പ്രസവിച്ച പെൺക്കുട്ടിയെ തന്റെ കയ്യിൽ ഏറ്റുവാങ്ങി നാദിറ ചെന്നു നിന്നത് സ്വന്തം സഹോദരന്റെ മുന്നിലേക്കാണ്.. വല്ലപ്പോഴും ഒരു വീരുന്നുക്കാരാനായ് മാത്രം വീട്ടിലെത്തുന്ന അയാൾ നാദിറയുടെ ഭാവത്തെയും കയ്യിലെ കുഞ്ഞിനെയും ഭയത്തോടെ നോക്കാൻ തുടങ്ങിയതും ഉലഞ്ഞു പോയത് അവരുടെ ഉപ്പയും ഉമ്മയുമാണ്…
ദിവസങ്ങൾക്ക് മുമ്പ് നാദിറയും നെജീറയും സംസാരിക്കുന്നത് അറിയാതെ കേട്ടപ്പോൾ അവരുടെ മനസ്സിൽ ഉറഞ്ഞുകൂടിയ ചില സംശയങ്ങൾക്കുള്ള ഉത്തരങ്ങളാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്ന മക്കളിൽ നിന്ന് ലഭിയ്ക്കുന്നത്….
മക്കളിൽ മാത്രമായ് കൊരുത്തവരുടെ മിഴികൾ…
നാദിറയെ നോക്കാൻ ഭയന്ന് നജീബ് അവിടെ നിന്ന് മടങ്ങാൻ തുടങ്ങിയതും അയാൾക്കു മുമ്പിലേക്ക് കയറി നിന്നു നാദിറ…
അവളുടെ കണ്ണുകളിൽ അന്നേരം എരിയുന്നത് തീയാണെന്നു തോന്നി നജീബിന്
“എങ്ങോട്ടാണ് ഓടി രക്ഷപ്പെടുന്നത്… സ്വന്തം സഹോദരിയെ ക്രൂരമായ് പീഡിപ്പിച്ച് അതിലൂടെ നിങ്ങൾ ഉണ്ടാക്കിയെടുത്ത നിങ്ങളുടെ മകളാണിത്… ഇപ്പോൾ സ്വന്തം പെങ്ങളെ തിരിച്ചറിയാൻ കഴിവില്ലാത്ത നിങ്ങൾക്ക് നാളെ നിങ്ങളുടെ ഈ മകളെയും തിരിച്ചറിയാൻ പറ്റില്ല… എല്ലാം വെറും സ്ത്രീ ശരീരമല്ലേ നിങ്ങൾക്ക്… എന്നാലും എങ്ങനെ തോന്നിയെടാ ചെറ്റേ നിനക്ക് അവളോടത്രയും ക്രൂരത കാണിക്കാൻ… ഞങ്ങളുടെ ഏട്ടനല്ലേടാ നീ… ഒരേ ചോരയല്ലേ…. എന്നിട്ടും…..
പറഞ്ഞു വന്നൊടുവിലൊരു പൊട്ടി കരച്ചിലോടെ നാദിറ നിലത്തേയ്ക്കിരുന്നതും സർവ്വവും തകർന്നതു പോലെ തളർന്നു പോയ് നജീബ്…
തന്നെ തുറിച്ചു നോക്കുന്ന ആളുകൾക്കിടയിൽ നിന്ന് രക്ഷപ്പെട്ട് വേഗത്തിൽ ആശുപത്രി സ്റ്റെയറുകളിറങ്ങിയോടിയ നജീബിന്റെ കാലൊന്നു പിടഞ്ഞതും സ്റ്റെയറുകളിലൂടെ താഴേക്ക് ഉരുണ്ടുരുണ്ട് വീണുപോയവൻ ആർക്കും തടയാൻ സാധിക്കാതെ….
താഴേക്കുള്ള ഉരുണ്ടു വീഴ്ചയുടെ അവസാനം നജീബിന്റെ തല ശക്തമായ് ഏറ്റവും താഴത്തെ ഫ്ലോറിലൊന്നടിച്ചതും ഒന്നു ഞരങ്ങി പിടഞ്ഞവൻ…
നജീബിന്റെ ജീവിതത്തിലെ അവസാന ഞരക്കവും പിടച്ചിലും ആയിരുന്നത്…..
അവന്റെ മരണവും അവൻ ചെയ്ത തെറ്റിന്റെ വ്യാപ്തിയും വീണു പോയാ കുടുംബമൊന്നാകെ…
സ്വന്തം കൂടപ്പിറപ്പ് തന്നോടു ചെയ്ത തെറ്റ് ഉൾക്കൊള്ളാൻ കഴിയാതെ പാതി ബോധത്തിലാദ്യം ജീവിച്ച നെജീറ പിന്നീടവനോടുള്ള പ്രതികാരമായിട്ടാണ് വയറ്റിൽ കുരുത്തതിനെ നശിപ്പിക്കാതെ വാശിയോടതിനെ പ്രസവിച്ചത്…. എന്നാൽ നജീബിന്റെ മരണത്തോടെ ആ കുഞ്ഞിനോടായ് പിന്നീട് നെജീറയുടെ ദേഷ്യവും വാശിയുമെല്ലാം….
കുഞ്ഞിനെ നെജീറ ദേഹോപദ്രവവും തുടങ്ങിയതോടെ സഹിക്കെട്ടൊടുവിൽ ആ കുഞ്ഞിനെ സ്വന്തം കുഞ്ഞായ് കരുതി അവളെയും കൊണ്ടൊറ്റയ്ക് താമസം തുടങ്ങി നാദിറ… അന്നു മുതലിന്നോളം ഈ സമൂഹത്തോട് പൊരുതി കൊണ്ടാണവളുടെ ജീവിതവും….
ഡാ… ഷെഫിക്കേ നിനക്ക് ഇന്ന് ഡ്യൂട്ടി വാർഡിലല്ലേ …. നാദിറയ്ക്കും അവിടെയാണ്…. ചെല്ലെടാ ചെന്ന് നിന്റെ ഇഷ്ടം പറഞ്ഞാ പനി വാർഡൊരു പ്രണയവാർഡ് ആക്കി മാറ്റെടാ നീയും അവളും കൂടി…
കാടുകയറിയ ചിന്തകളോടെയിരിക്കുന്നവനെ തട്ടിവിളിച്ചു പ്രോത്സാഹിപ്പിച്ചു രഞ്ജിത്തെങ്കിലും ഒരു ചിരിയോടെ രഞ്ജിത്തിന്റെ കൈ പിടിച്ചു ഷെഫീക്ക്…
ഇല്ലെടാ രഞ്ജീ…. ഇനിയൊരിക്കലും ഞാനെന്റെ പ്രണയം പറഞ്ഞ് അവൾക്കു പിന്നാലെ പോവില്ല… അവളെന്നെ വിശ്വസിക്കില്ല… അതിനവളെ കുറ്റം പറയാനും പറ്റില്ല കാരണം അവളെന്നെ ആദ്യം കണ്ടപ്പോൾ അവളുടെ സൗന്ദര്യം കണ്ട് അവളെ മോഹിച്ച അനേകരിലൊരുവനായിരുന്നു ഞാൻ… ഇന്ന് ഞാനെത്ര മാറിയെന്നു പറഞ്ഞാലും എന്നെ വിശ്വസിക്കാൻ അവൾക്ക് ബുദ്ധിമുട്ടാവും… സ്വന്തം കൂടപ്പിറപ്പ് ചെയ്ത ചതിയിൽ കുടുംബം ഉലഞ്ഞു പോയൊരുവളാണ് അത്… പത്തു വയസ്സുള്ള ഒരു പെൺകുഞ്ഞുമായ് ജീവിതം മുന്നോട്ടു തുഴയുന്ന അവളെന്നെ അവിശ്വസിച്ചാൽ അതിനവളെ കുറ്റപ്പെടുത്താൻ പറ്റില്ല.. അവളെയും മോളെയും എന്റെ സ്വന്തമായ് കണ്ട് സ്നേഹിക്കാൻ ഇന്നെനിക്ക് പറ്റുന്നുണ്ട്… അതു മതിയെനിക്ക്… ”
വിടർന്നൊരു ചിരിയോടെ രഞ്ജിത്തിനോടു പറഞ്ഞ് ഷെഫീക്ക് നഴ്സിംഗ് റൂമിനുള്ളിലേക്ക് നടന്നപ്പോൾ ഒരു ചുമരിനപ്പുറം നിന്ന് അവന്റെ വാക്കുകൾക്ക് കാതോർത്തിരുന്ന നാദിറയുടെ ചുണ്ടിലെ ചിരിയ്ക്ക് മാറ്റേറി….
ആ ചിരിയിലും അവളുടെ മുഖത്തും അന്നേരം തെളിഞ്ഞു കണ്ടത് ഷെഫീക്കിനോടുള്ള ഇഷ്ടം തന്നെയാണ്… തന്റെയും മോളുടെയും ജീവിതത്തിലേക്ക് ഷെഫീക്കിനെ കൂടി ചേർക്കാൻ നാദിറ തീരുമാനിച്ചതറിയാതെ അവളെ അകന്നു നിന്നെങ്കിലും പ്രണയിക്കാൻ പറ്റണേ എന്ന പ്രാർത്ഥനയോടെ നഴ്സിംഗ് റൂമിനുള്ളിലിരുന്നു ഷെഫീക്കും… വിധിപോലെ കൂടി ചേരട്ടെയവർ…. കാത്തിരിയ്ക്കാം നമുക്ക്….
✍️ രജിത ജയൻ
