✍️ RJ
“എന്റെ സ്വന്തം ഭാര്യയെ പകൽ വെട്ടത്തിലൊന്ന് കെട്ടിപ്പിടിച്ചിഷ്ടം പോലെ ഉറങ്ങാൻ ഞാനിനി എന്താണ് ചെയ്യേണ്ടതെന്റെ പൊന്നുവേ…ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കാതെ കുറച്ചു നേരം സച്ചേട്ടന്റെ അടുത്ത് വന്നു കിടക്കെ ടീ… നല്ല പൊന്നുവല്ലേ…. ”
ഉച്ചയ്ക്ക് ഊണുകഴിഞ്ഞൊന്നു മയങ്ങാൻ ബെഡ് റൂമിലെത്തിയ സച്ചിൻ തനിയ്ക്ക് പിന്നാലെ മുറിയിലേക്കെത്തിയ ഭാര്യ പൊന്നമ്പിളിയെ തടഞ്ഞു നിർത്തി കെഞ്ചിയതും അവന്റെ കയ്യിൽ നിന്നൊഴിഞ്ഞുമാറി ചിരിച്ചു പൊന്നമ്പിളി
“സച്ചേട്ടന് ആകെ ആഴ്ചയിലൊരു ലീവ് കിട്ടണതല്ലേ… സ്വസ്ഥായിട്ട് കിടന്നുറങ്ങിക്കോ… ഞാനപ്പുറത്ത് ചേച്ചീടേം കുഞ്ഞിചെക്കന്റേം അടുത്തുണ്ടാവും… എന്നെ അടുത്ത് കണ്ടില്ലെങ്കിൽ അപ്പോ കരയും അവൻ…. ”
പുറത്തേക്കു നടക്കുമ്പോൾ സച്ചിനോടായ് പറയുന്നുണ്ട് പൊന്നമ്പിളി….
“എന്റെ പൊന്നൂ നിനക്കിത്തിരി നേരമെങ്കിലും ഒന്നു കിടന്നൂടേ കൊച്ചേ… ഇതെപ്പോ നോക്കിയാലും ആ പൊടികൊച്ചിന്റെ അടുത്താണല്ലോ നീ…. നിന്റെ വെപ്രാളവും തിരക്കും കണ്ടാൽ ആളുകൾ കരുതും അത് നീ പെറ്റ കുഞ്ഞാണെന്ന്…”
പൊന്നുവാതിൽ തുറന്നു പുറത്തേക്കിറങ്ങുന്നതിനിടയിൽ തന്റെ അമ്മ പൊന്നുവിനോടു പറയുന്നതു കേട്ടു സച്ചിൻ…. അമ്മയ്ക്കുള്ള മറുപടിയൊന്നും പൊന്നുവിൽ നിന്ന് വരാതെ ആയതും അവൾ തനിക്കു തന്നതുപോലൊരു ചിരി അമ്മയ്ക്കും നൽകിയിട്ട് തന്റെ ചേച്ചിയുടെ മുറിയിലേക്ക് കയറിയിട്ടുണ്ടാവുമെന്നുറപ്പിച്ചു സച്ചിൻ
എന്തോ അപ്പോൾ സച്ചിന്റെ മുഖമൊന്നു മങ്ങി… തന്റെ വിവാഹം കഴിഞ്ഞിട്ടിപ്പോൾ ആറു മാസമാകുന്നു…. തന്റെ ചേച്ചിയുടെ പ്രസവം കഴിഞ്ഞിട്ട് നാലു മാസവും….
വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ മാത്രമേ പൊന്നു തന്നോടൊപ്പം പൂർണ്ണമായ് എന്തിനും ഉണ്ടായിരുന്നുള്ളു… പിന്നീട് മെല്ലെയവൾ തന്റെ ചേച്ചിയിലേക്കും ചേച്ചിയുടെ കുഞ്ഞി ചെക്കനിലേക്കും മാത്രമായൊതുങ്ങി…
താൻ ജോലി സ്ഥലത്തു നിന്നു വരുന്ന ദിവസങ്ങളിൽ തന്റെ ഒരുറക്കം കഴിയുമ്പോഴായിരിക്കും കിടക്കാനവൾ റൂമിലെത്തുന്നതു പോലും… എത്ര വൈകി കിടന്നാലും വെളുപ്പിനു തന്നെയവൾ തനിയ്ക്കരികിൽ നിന്നെഴുന്നേറ്റും പോവും… മനസ്സ് തുറന്നവളോടൊന്ന് ചിരിച്ചു സംസാരിച്ചിട്ടു തന്നെ നാളുകളേറെ ആയിരിക്കുന്നു…. തന്നോടെന്തെങ്കിലും ഇഷ്ടക്കുറവോ താൽപര്യ കുറവോ ഉണ്ടോ പൊന്നമ്പിളിയ്ക്ക്….
ചിന്തകൾ കാടുകയറി തുടങ്ങിയതും തലയൊന്നു കുടഞ്ഞ് കണ്ണുകളടച്ച് ബെഡ്ഡിലേക്ക് കിടന്നു സച്ചിൻ….
“എന്താടീ എന്റെ ആങ്ങള നിന്നെ ഇപ്പോഴവന്റെ കൂടെ കിടക്കാൻ ക്ഷണിച്ചില്ലേ…?
നിന്റെ കൂടെ കെട്ടി മറിയാനുള്ള പൂതി മൂത്തിട്ടല്ലേ ഓരോ ആഴ്ചയും അവനിങ്ങോട്ടുകെട്ടിയെടുക്കുന്നത്… നാണം ഇല്ലാത്തവൻ…. പെണ്ണിനെ കാണാത്തവൻ….
സച്ചിന്റെ സഹോദരി സാന്ദ്ര തന്റെ അടുത്തേക്കു വന്ന പൊന്നുവിന്റെ ചുമലിൽ അല്പം കനത്തിൽ തന്നെയൊന്നടിച്ച് ചോദിച്ചതും നിറമിഴികളോടെ ഒന്നും മിണ്ടാതെ അവളെ നോക്കി തലക്കുനിച്ചു പൊന്നു…
അവൻ ക്ഷണിക്കുവൊക്കെ ചെയ്തു മോളെ… ഇവൾക്കുമുണ്ടാശ അവന്റെ കൂടെ കിടന്ന് ശൃംഗരിക്കാൻ പക്ഷെ ഞാൻ സമ്മതിച്ചിട്ടു വേണ്ടേ…
തന്തേം തള്ളേം ഒന്നുമില്ലാതെ വല്ലവന്റേം അടുക്കളയിൽ എച്ചിൽപാത്രം കഴുകി നടന്നവള് കയ്യും കലാശവും കാട്ടി ഞങ്ങടെ ചെക്കനെ മയക്കിയെടുത്തു… നീയെന്താടീ വിജാരിച്ചത് അവനെ കെട്ടിയാൽ ഇവിടെ കൊച്ചമ്മയായ് വാഴാമെന്നോ… ആ പൂതി നിന്റെ മനസ്സിലിരിക്കത്തേയുള്ളു ഇവിടെ ചിലവാക്കില്ല… ഇവിടെ ഞങ്ങള് പറയും നീ കേൾക്കും … മനസ്സിലായോടി…?
സച്ചിന്റെ അമ്മ പൊന്നുവിന്റെ കവിളത്ത് അവൾക്കു വേദനിക്കാൻ പാകത്തിലൊന്നു കൊടുത്തു പറഞ്ഞതും ഒരു തേങ്ങലുയർന്നു പൊന്നുവിൽ നിന്നും…
ശബ്ദം… ശബ്ദം കേൾക്കരുത് വെളിയിൽ… അവനുറങ്ങിയിട്ടുണ്ടാവും… എഴുന്നേൽക്കും മുമ്പ് ഈ വീടിനകമൊന്നടിച്ച് തുടച്ചിട്ടേക്ക്.. അതു കഴിഞ്ഞ് കൊച്ചിന്റെ മൂത്ര തുണികളും ഞങ്ങള് കുളിച്ചു മാറീതുമെല്ലാം എടുത്ത് അലക്കിയിട്ടേരെ…
ശബ്ദം കടിച്ചമർത്തി പൊന്നുവിനെ നോക്കി രൂക്ഷമായ് അമ്മ പറഞ്ഞതും ഭയത്തിൽ കണ്ണടച്ചു പോയ് പൊന്നു
അല്ലമ്മേ ഇവള് രാവിലെ ഇവിടെയൊക്കെ അടിച്ചു തുടച്ചതല്ലേ…?
മുറിയിൽ നിന്ന് പൊന്നു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും അവൾക്കു കേൾക്കാൻ പാകം ചോദിച്ചു സാന്ദ്ര
രാവിലെ അടിച്ചു തുടച്ചെങ്കിൽ ഉച്ചയ്ക്ക് നല്ലോണം തിന്ന് നിറച്ചിട്ടും ഉണ്ടവള്… അവനിവളെ അവിടെയിരുന്ന് ഊട്ടി നിറയ്ക്കുന്നത് നീ കണ്ടില്ലായിരുന്നോ… അവന്റെ മുന്നിൽ വെച്ച് വേണ്ടാന്നു വെച്ചിട്ടാണ്… അല്ലെങ്കിൽ ഇവളുടെ തീറ്റക്കൊതിയൊക്കെ ഞാനൊരൊറ്റ അടിയ്ക്ക് തീർത്തേനെ… അവന്റെ മുമ്പിലീ നാശത്തെ മകളെ പോലെ സ്നേഹിക്കുന്ന അമ്മയല്ലേ ഞാൻ… അഭിനയിച്ചു മടുത്തെനിയ്ക്ക്….
ദേഷ്യമിരമ്പി അവരുടെ സ്വരത്തിൽ…
“എടുത്തു ചാടല്ലേ അമ്മേ…അവന്റെ ശമ്പളം നമ്മുടെ ഇഷ്ടത്തിനിവിടെ കിട്ടണമെങ്കിൽ ഇവളെ അവന്റെ മുന്നിൽ നമ്മുക്ക് സ്നേഹിച്ചേ പറ്റൂ… ഇവിടെ എന്റേയും കുഞ്ഞിന്റെയുമെല്ലാം കാര്യം ഇവള് നോക്കി തരുന്ന സുഖം കൊണ്ടാണ് ഞാൻ വിനീതേട്ടൻ തിരികെ ചെല്ലാൻ വിളിച്ചിട്ടും ദേഷ്യപ്പെട്ടിട്ടുമൊന്നും
വിനീതേട്ടന്റെ വീട്ടിലേക്കു തിരികെ മടങ്ങി പോവാതെയീ നില്പ് ഇവിടെ നിൽക്കുന്നത്…
അവരമ്മയും മകളും തന്നെയവിടെ നിർത്തി താൻ കേൾക്കേ പറയുന്ന ഓരോന്നും പൊന്നുവിൽ വേദനകൾ നിറഞ്ഞു… ഒന്നേങ്ങിയവൾ…
മോങ്ങി നിൽക്കാതെ പോയ് മേലനങ്ങി പണി ചെയ്യടി… തിന്ന് നിറച്ചതെല്ലാം അങ്ങനേലും ഒന്ന് ദഹിക്കട്ടെ… പോടീ….
പൊന്നുവിനെ പിടിച്ച് പുറത്തേക്കുന്തി സാന്ദ്ര…
ഇതേ സമയം റൂമിലുറക്കം നഷ്ട്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ കിടക്കുകയായിരുന്നു സച്ചിൻ….
അമ്മേ… പൊന്നു എവിടെ….
സന്ദ്രയും അമ്മയും സംസാരിച്ചിരിക്കുന്നതിനിടയിലേക്ക് പെട്ടന്നു സച്ചി കയറി ചെന്നതും ഒന്നു ഞെട്ടി പരസ്പരം നോക്കി അവരമ്മയും മകളും
നീ ഉറങ്ങീലേ ടാ…
മറു ചോദ്യം ചോദിക്കുമ്പോൾ ഒരു പരിഭ്രമം അമ്മയിൽ നിറഞ്ഞതറിഞ്ഞതും സാന്ദ്രയുടെ നോട്ടം മുറിക്കു പുറത്തേക്ക് നീണ്ടു…
“കിടന്നിട്ടുറക്കം ശരിയാവുന്നില്ല… ചെക്കൻ നല്ല ഉറക്കാണല്ലോ അമ്മേ.. ഇവനെ നോക്കാനെന്നു പറഞ്ഞവിടെ നിന്നൊരുത്തിവന്നിട്ടെവിടെ… ഇവിടെ കാണുന്നില്ലല്ലോ…?
പൊന്നുവിനെ തിരയുന്ന സച്ചിയെ ദേഷ്യത്തിൽ അവനറിയാതെ നോക്കി അമ്മയും മകളും…
അവള് നിന്റൊപ്പം ഇല്ലേ… ഇത്തിരി നേരം നിന്റൊപ്പം വന്നിരിക്കാൻ പറഞ്ഞ് പൊന്നൂനെ ഞാൻ നേരത്തെ തന്നെ നിന്റെ അടുത്തേക്ക് അയച്ചല്ലോ…
കൈമലർത്തി അമ്മ…
അങ്ങോട്ടു വന്നില്ലമ്മേ… എവിടെയാണെന്നു നോക്കട്ടെ ഞാൻ…
പറഞ്ഞു സച്ചി എഴുന്നേറ്റതും അവനെക്കാൾ മുന്നേ എഴുന്നേറ്റു അമ്മ
ഞാൻ നോക്കാം… നീ ചെന്ന് കിടന്നോ… വല്ലപ്പോഴുമല്ലേ ഈ വരവ്.. ചെല്ല് …അവളെ ഞാൻ നോക്കി പറഞ്ഞയക്കാം…
സച്ചിയെ തിരികെ മുറിയിലേക്ക് പറഞ്ഞയച്ചൊന്ന് ശ്വാസം വിട്ടമ്മ…അതിനു ശേഷം സച്ചിയെ തിരക്കി വീടിനു പുറകുവശത്തേക്ക് ചെന്നതും കണ്ടു ആഴമുള്ള കിണറ്റിൽ നിന്ന് വെളളം കോരിയെടുത്ത് തങ്ങളുടെ മുഷിഞ്ഞ തുണികൾ അലക്കുന്നവളെ…
സച്ചിൻ വീട്ടിൽ ഇല്ലാത്ത ദിവസങ്ങളിൽ
പൊന്നുവിനെ ആ വീട്ടിലെ യാതൊരു സുഖ സൗകര്യങ്ങളും ഉപയോഗിക്കാൻ സമ്മതിക്കില്ല അവരമ്മയും മകളും… വെള്ളമടിക്കുന്ന മോട്ടർ മുതൽ മിക്സി ഉൾപ്പെടെ ഉള്ളഅടുക്കള ഉപകരണങ്ങളിൽ വരെ വിലക്കാണ് പൊന്നുവിന്…
കുളിച്ചീറൻ മുടിയോടെ തനിക്കരികിലേക്ക് വന്ന പൊന്നുവിനെ സൂക്ഷിച്ചു നോക്കി സച്ചി
കൊച്ചിനെ നോക്കാൻന്ന് പറഞ്ഞു പോയിട്ട് നീ കുളിക്കുവായിരുന്നോ പൊന്നൂ…?
അവളുടെ ഈറൻ മുടിയിൽ തൊട്ടു ചോദിക്കുമ്പോൾ വല്ലാതൊന്നു വിങ്ങിയിരുന്നവന്റെ ശബ്ദം…
അത്… സച്ചേട്ടാ …മോൻ മൂത്രം ഒഴിച്ചു ദേഹത്ത്… അതോണ്ടുകുളിച്ചതാണ്
അമ്മപറഞ്ഞു പഠിപ്പിച്ചു വിട്ടത് അതുപോലെ പറഞ്ഞവൾ… അലക്കി വിരിച്ചപ്പോൾ നനഞ്ഞു പോയതാണെന്ന് പറയാൻ പറ്റില്ലല്ലോ…
തന്നെ നോക്കാതെ മറ്റെങ്ങോ നോട്ടമയച്ചു പറയുന്നവളെ വാരി തന്റെ നെഞ്ചോരം അണച്ചുപിടിച്ചു സച്ചിൻ
വാതിലും അടച്ച് കുറ്റിയിട്ട് തന്നെയും കൊണ്ട് കിടക്കയിലേക്ക് വീഴുന്നവനെ മുഖമുയർത്തി നോക്കിയതും പകച്ചു പൊന്നു
നിറഞ്ഞൊഴുകുന്നുണ്ട് സച്ചിന്റെ മിഴികൾ…
ആകെ ഭയന്ന പൊന്നു എന്തോ ചോദിക്കാനൊരുങ്ങിയതും അവളുടെ ചുണ്ടിനെ തന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞിരുന്നു സച്ചിൻ…
അന്നാ ദിവസം സച്ചിൻ തനിക്കരികിൽ നിന്ന് എങ്ങോട്ടും വിട്ടയച്ചില്ല പൊന്നുവിനെ… അമ്മയുടെയും സാന്ദ്രയുടെയും നോട്ടങ്ങളിൽ ഭയന്ന് പലവട്ടം പൊന്നു അവനരികിൽ നിന്നെഴുന്നേറ്റു പോവാൻ ശ്രമിച്ചതും അവർക്കു മുന്നിൽ വെച്ചു തന്നെ അവളെ തന്റെ ശരീരത്തിലേക്ക് ഇറുക്കി ചേർത്തു പിടിച്ചു സച്ചിൻ….
അന്നത്തെ ആ രാത്രിയ്ക്ക് ശേഷം നേരം പുലർന്നതും വീടിനകം കിടക്കുന്നതു കണ്ടാകെ ഞെട്ടി അമ്മയും സാന്ദ്രയും
ഡൈനിംഗ് ടേബിളുൾപ്പെടെ ഹാളിലെ സകല വസ്തുക്കളും നശിപ്പിച്ചിട്ടിരിക്കുന്നു.. ടിവിയെല്ലാം നിലത്തു കിടപ്പുണ്ട്…
അടുക്കളയിലേ സ്ഥിതി മോശമല്ല… വീണ്ടുമൊരിക്കൽക്കൂടി ഉപയോഗിക്കാൻ പറ്റാത്ത വിധം തകർക്കപ്പെട്ട അടുക്കള ഉപകരണങ്ങൾ അവിടെയും നിരന്നു കിടന്നു…
അമ്മേ… ദേ കിണറ്റിലെ മോട്ടറും വാഷിംഗ് മെഷീനുമെല്ലാം മുറ്റത്തു കിടക്കുന്നു…
സാന്ദ്ര കൈ ചൂണ്ടി മുറ്റത്തേക്ക്…
ഇതാരാ ഇതെല്ലാം ചെയ്തു വെച്ചേക്കുന്നത് ഈശ്വരാ…. നീ ചെന്ന് സച്ചിയെ വിളിക്ക്… അവനൂടി കാണട്ടെ ഇത്… എത്രായിരം രൂപയുടെ മുതലാണിത്….
നെഞ്ചത്തടിച്ചു അമ്മ
അമ്മേ …… ഞങ്ങളിറങ്ങാണ്…
സച്ചിൻ ചുറ്റും സംഭവിച്ചതൊന്നും കണ്ടേയില്ലാത്ത ഭാവത്തിൽ വന്നു നിന്നു പറഞ്ഞതും ഞെട്ടിയവർ… സച്ചിനൊപ്പം യാത്രയ്ക്ക് പാകത്തിൽ ഒരുങ്ങി വന്നവളെ കണ്ട്…
മോനെ… ഇതൊക്കെ…
അതൊക്കെ ഞാൻ നശിപ്പിച്ചതാണമ്മേ.. എന്റെ ഭാര്യയ്ക്ക് ഉപയോഗിക്കാൻ അനുവാദമില്ലായിരുന്ന ഒന്നും ഇനിയീ വീട്ടിൽ ഉണ്ടാവില്ല.. ഞാനും ഉണ്ടാവില്ല… നിങ്ങളുമായിട്ടുള്ളതെല്ലാം അവസാനിപ്പിച്ചാണ് ഞാനെന്റെ ഭാര്യയുമായ് പടിയിറങ്ങുന്നത്…
കയറി ചെല്ലാൻ ഒരിടമോ സങ്കടം പറയാനൊരാളോ എന്റെ പെണ്ണിനില്ലാന്ന് കരുതിയല്ലേ നിങ്ങൾ രണ്ടാളും അവളെ ദ്രോഹിച്ചതും വേദനിപ്പിച്ചതും… ഞാനുണ്ടാവും അവൾക്ക് എന്നും തുണക്ക്…
സച്ചിൻ പറഞ്ഞതും കാര്യങ്ങൾ കൈവിട്ടു പോയന്ന് തിരിച്ചറിഞ്ഞവർ
മോനെ… നിന്നെ ഇവൾ പറ്റിച്ചതാടാ…. എന്തോ പറയാൻ തുടങ്ങിയ അമ്മയെ കൈ നീട്ടി തടഞ്ഞു സച്ചിൻ
എന്നെ ഒരാളും പറഞ്ഞു പറ്റിച്ചതല്ല… കുറച്ചു ദിവസങ്ങളായിട്ട് എനിക്കി സംശയമെല്ലാം ഉണ്ടായിരുന്നു… കഴിഞ്ഞ ദിവസം നിങ്ങൾ ഇവളോട് പറഞ്ഞതെല്ലാം എന്റെ കാതുകൾ കൊണ്ട് കേട്ടവനാണ് ഞാൻ… ഞാൻ പോവുന്നമ്മാ എന്റെ ഭാര്യേം കൂട്ടി… തിരക്കി വരരുത്… കൂടെ വരില്ല ഞാൻ….
പൊന്നുവിന്റെ കൈ പിടിച്ച് സച്ചിനാ വീടിന്റെ പടിയിറങ്ങുന്നത് എതിർക്കാനോ പിടിച്ചു നിർത്താനോ സാധിക്കാതെ തകർന്ന ആ വീടിനുള്ളിൽ അതിനേറെ തകർന്ന മനസ്സോടെ മരവിച്ചു നിന്നു സച്ചിന്റെ അമ്മ
RJ
