(രചന: മിഴി മോഹന)
” മോളെ നിന്റെ അവസ്ഥ എനിക്കറിയാം.. എന്നാലും ഗതി കേട് കൊണ്ട് ആണ് ഞാൻ ഇത് വാങ്ങുന്നത്… എനിക്കും ഉണ്ട് രണ്ട് പെൺകുട്ടികൾ.. അവർക്ക് വേണ്ടി കരുതി വെച്ച ഇച്ചിരി മുതൽ ആണ്… രമേശൻ ഒരു ആവശ്യം പറഞ്ഞപ്പോൾ കൊടുക്കാതെ ഇരിക്കാൻ തോന്നിയില്ല എന്റെ മോന്…. ഞങൾ അറിഞ്ഞോ കുഞ്ഞേ അവൻ ചതിക്കും എന്ന്…… എല്ലാം ഒപ്പിച്ചു വെച്ചിട്ട് അവൻ ഒരു മുഴം കയറിൽ രക്ഷപ്പെട്ടില്ലേ..ഹ്ഹ.. ”
ശങ്കരേട്ടൻ അല്പം ബുദ്ധിമുട്ട് ശ്വാസം എടുത്തു കൊണ്ട് പറയുമ്പോൾ ഹേമ ഒന്ന് ചിരിച്ചു…
” സാരമില്ല ശങ്കരേട്ടാ …. എനിക്ക് അറിയാം ശങ്കരേട്ടന്റെ അവസ്ഥ.. ഇതേ അവസ്ഥയിൽ കൂടി കടന്നു പോയതാണ് എന്റെ അച്ഛനും.. രണ്ടു പെൺമക്കളെ കെട്ടിച്ചു വിടാൻ വേണ്ടി ഒരുപാട് ഓടുന്നത് കണ്ടത് ആണ്…. രണ്ടുപേർക്കും നല്ലൊരു ജീവിതം കിട്ടണമെന്ന് ആയിരുന്നു അച്ഛന്റെ ആഗ്രഹം.. എന്നിട്ടും എന്റെ വിധി ഇത് ആയി പോയി…. ആഹ് ശങ്കരേട്ടാ ബാക്കി ഒരു 15,000 രൂപ കൂടിയുണ്ട്… മൂന്നുമാസം കൊണ്ട് അത് ഞാൻ തന്നോളം…. ”
” എന്റെ കുട്ടി…. ഈ തുണിക്കടയിൽ നിന്നാൽ ആകെ കിട്ടുന്നത് പതിനായിരം… അതിൽ നിന്നും രമേശൻ എന്റെ കയ്യിൽ നിന്നും വാങ്ങിയ 50000 രൂപ തന്നു തീർക്കാൻ വേണ്ടി മാസം അഞ്ചു രൂപ വെച്ച് എനിക്ക് തരും… ബാക്കി കൊണ്ട് നീ എങ്ങനെയാ ഒരു കുടുംബം നോക്കുന്നത് എന്നോർത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്… ഈ വാങ്ങുന്നത് തെറ്റാണോ ശരിയാണോ എന്ന് പോലും എനിക്കറിയില്ല… ”
ശങ്കരേട്ടന്റെ ശബ്ദം ഒന്ന് ഇടറി…
” ശരി തന്നെ ആണ്… വലിയ തുക ആയി ചോദിച്ചാൽ തരാൻ എന്റെ കയ്യിൽ കാണില്ല… ഇത് ആകുമ്പോൾ ഇങ്ങനെ അങ്ങ് പൊയ്ക്കോളും… ഇപ്പോൾ എന്നെക്കാൾ ഇത് ആവശ്യം ശങ്കരേട്ടനാണ്…”
വേദന നിറഞ്ഞ ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ പിന്നെയും ആമുഖത്തേക്കും നോക്കി…
” ഉ.. ഉണ്ണിയേട്ടന് ഇപ്പോൾ എങ്ങനെയുണ്ട് ശങ്കരേട്ടാ..”
അൽപ്പം മടിയോടെ ഉള്ള അവളുടെ ചോദ്യത്തിൽ അയാൾക്ക് സങ്കടം ഒന്നും തോന്നിയില്ല കാരണം ഒന്നര വർഷമായി കേട്ടുകൊണ്ടിരിക്കുന്ന ചോദ്യമാണ് ഇത്..
” അങ്ങനെ തന്നെ… എഴുന്നേറ്റു നടക്കാൻ കഴിയും എന്ന് ഒരു ഉറപ്പും ഡോക്ടർമാർ പറയുന്നില്ല.. പിന്നെ ജീവിതകാലം മുഴുവൻ വീൽചെയറിൽ കഴിയാം… ജീവൻ ബാക്കി കാണും… ആകെ ഒരു പ്രതീക്ഷ ആയിരുന്നു അതും പോയി… നമ്മളെ പോലുള്ള ജന്മങ്ങൾ അങ്ങനെയാണ് കുട്ടി… ദൈവം ഇങ്ങനെ പരീക്ഷിച്ചു കൊണ്ടിരിക്കും… ആഹ് കുട്ടി ചെല്ല്… കച്ചവടം നടക്കുന്ന സമയമല്ലേ മുതലാളി വഴക്ക് പറയും… ”
ശങ്കരേട്ടൻ അവൾ കൊടുത്ത പൈസയും പോക്കറ്റിൽ ഇട്ടുകൊണ്ട് വയ്യാത്ത കാൽ വേച്ചു വേച്ചു നടന്നകലുമ്പോൾ ശ്വാസം ഒന്ന് എടുത്തു വിട്ടുകൊണ്ട് ഹേമ അവൾ ആയി നിൽക്കുന്ന തുണിക്കടയിലേക്ക് കയറി…. ഭർത്താവ് മരിച്ച കാണാൻ കൊള്ളാവുന്ന യുവതിയായ ഒരു പെൺകുട്ടിയോട് സമൂഹത്തിനുണ്ടാകുന്ന മനോഭാവത്തിന് വലിയ മാറ്റം ഒന്നും ഉണ്ടാവില്ല എന്ന് തെളിയിച്ചുകൊണ്ട് മുതലാളിയുടെ കാമകണ്ണുകൾ അവളെ ഒന്ന് ഉഴിഞ്ഞു..
ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിൽ അതൊന്നും അവൾ ശ്രദ്ധിക്കാതെ വീണ്ടും കൗണ്ടറിലേക്ക്…
” എന്റെ ഹേമേ… നിനക്ക് ആ ശങ്കരേട്ടനോട് ഒരു അവധി പറഞ്ഞു കൂടായിരുന്നോ… അയാൾക്ക് ഇപ്പോൾ ആ പെൺ പിള്ളേരെ കെട്ടിച്ചു വിടാൻ ധൃതി ഒന്നുമില്ലല്ലോ… നീ ബാക്കിയും കൊണ്ട് വീട്ടിലോട്ട് ചെന്ന് കഴിഞ്ഞാൽ നിന്റെ അമ്മായിയമ്മയും അമ്മായിയപ്പനും കൂടി അതിന് പിടിക്കും… പിന്നെയും പതിവ് പോലെ അവരുടെ ആട്ടും തുപ്പും കേട്ട് നീ മോങ്ങും…. ”
ശാരി തുണിയെടുക്കി വെക്കുന്നതിനിടയിൽ അൽപ്പം ദേഷ്യത്തോടെ പറയുമ്പോൾ ഹേമ ചിരിച്ചു…
” ആ പൈസ ശങ്കരേട്ടൻ കൊണ്ടുപോകുന്നത് ഉണ്ണിയേട്ടന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ശാരി…. പാവം ആ മനുഷ്യന് ഇത് അല്ലാതെ വേറെ മാർഗം ഇല്ല… ആ മനുഷ്യനെ സങ്കടപ്പെടുത്തി എനിക്ക് എന്ത് നേടാനാണ്… ”
ഹേമ യും ശാരിക്കൊപ്പം തുണിയെടുക്കാൻ കൂടി…
” നിന്റെ അവസ്ഥ കണ്ട് ഞാൻ പറഞ്ഞു എന്നെ ഉള്ളു… എന്തായാലും രമേശേട്ടൻ മരിച്ചു വർഷം ഒന്നരയായി… ബാധ്യത എന്ന് പറയാൻ മക്കളുമില്ല എങ്കിൽ പിന്നെ നിനക്ക് നിന്റെ വീട്ടിൽ പൊയ്ക്കൂടെ…അവിടെ അച്ഛൻ ഇല്ലേ… ”
ശാരി ഹേമയ്ക്കൊപ്പം അവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് അധികം ദിവസങ്ങളായില്ല… അതുകൊണ്ടുതന്നെ ഹേമയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഒന്നും അവൾക്ക് അറിയില്ല…പക്ഷേ ഇതിനോടകം നല്ല സൗഹൃദം ഉടലെടുത്തത് കൊണ്ട് ആണ് അറിഞ്ഞ കാര്യങ്ങൾ വെച്ച് അവൾ ചോദിച്ചത്…..
” അച്ഛൻ ഉണ്ട്… ആ നെഞ്ചിൽ ചേർന്നാൽ ഒരുപക്ഷേ എനിക്ക് സംരക്ഷണം കിട്ടുമായിരിക്കും… പക്ഷേ അച്ഛൻ മറ്റൊരാളുടെ സംരക്ഷണയിലാണ്… അനിയത്തിയുടെയും അവളുടെ ഭർത്താവിന്റെയും…. എവിടുന്നൊക്കെയോ കടം മേടിച്ച് സ്വർണ്ണം സ്വരു കൂട്ടി എന്നെ രമേശേട്ടന്റെ ഒപ്പം പറഞ്ഞു വിടുമ്പോൾ അനിയത്തിക്ക് കൊടുക്കാൻ അച്ഛന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു…
ആകെയുള്ള 3 സെന്റ് സ്ഥലവും വീടും മുറ ചെറുക്കന്റെ പേരിൽ എഴുതിക്കൊടുത്താൽ അനിയത്തിയെ അവൻ കെട്ടിക്കോളാം എന്ന അപ്പച്ചി പറഞ്ഞു… ഒപ്പം അച്ഛന്റെ ബാധ്യതയും അവൻ ഏറ്റെടുക്കും എന്ന് ഒരു നിബന്ധന വെച്ചു.. പിന്നെ ഒന്നു നോക്കിയില്ല അച്ഛൻ മൂത്തമകൾക്ക് ഒരു ജീവിതമായി ഇളയ മകൾക്കും ജീവിതമാകട്ടെ എന്ന് കരുതി അവന്റ പേരിലേക്ക് എഴുതിക്കൊടുത്തു… ഇപ്പോൾ വയ്യാത്ത അച്ഛൻ പോലും ഒരു അഭയാർത്ഥിയാണ് ആ വീട്ടിൽ.. മറ്റൊരു അഭയാർത്ഥിയായി ഞാൻ കൂടി ചെന്ന് കഴിഞ്ഞാൽ വയ്യാത്തച്ഛനെയും കൊണ്ട് ഞാൻ തെരുവിലേക്ക് ഇറങ്ങേണ്ടിവരും… ഭർത്താവ് മരിച്ച ഒരു പെണ്ണ് ഒറ്റയ്ക്ക് പിടിച്ചുനിൽക്കാൻ പെടുന്ന പാട് നിനക്ക് അറിയാമല്ലോ.. അതുകൊണ്ട് അച്ഛനെ ഒന്നും അറിയിക്കരുത് എന്ന് തീരുമാനിച്ചത് ഞാൻ തന്നെയാണ്.. ”
ഹേമയുടെ പക്വതയാർന്ന സംസാരം കേൾക്കുമ്പോൾ ശരിക്ക് അവളുടെ അവസ്ഥ മനസ്സിലാകുന്നുണ്ടായിരുന്നു… എങ്കിലും ഹേമയുടെ മുന്നോട്ടുള്ള ജീവിതം അത് എങ്ങനെയായിരിക്കും എന്നുള്ള ആശങ്ക ആയിരുന്നു ശാരിക്ക്…
” എടൊ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് രമേശേട്ടൻ മരിച്ചത് കൊണ്ട് തനിക്ക് അവിടെ അവകാശം ഒന്നുമില്ല എന്നല്ലേ രമേശേട്ടന്റെ അച്ഛനും അമ്മയും പറയുന്നത്… സഹോദരിക്കും മക്കൾക്കും ആണ് അവകാശം എന്നും പറയുന്നു.. എന്നെങ്കിലും തന്നെ അവിടെ നിന്നും അവരെ ഇറക്കി വിട്ടാൽ താൻ എങ്ങോട്ട് പോകും…? ”
ആ ഒരു ചോദ്യം ഹേമയെ ഞെട്ടിച്ചില്ല…. കാരണം ഏതുനിമിഷവും അവൾ പ്രതീക്ഷിക്കുന്നത് ആണ് അത്…
വിവാഹം കഴിച്ചു കൊണ്ടുവന്നതിന്റെ പിറ്റേന്ന് മുതൽ കേൾക്കുന്നതാണ് കടത്തിന്റെയും കഷ്ടപ്പാടിന്റെയും കണക്കുകൾ… കടത്തിന്റെ പേര് പറഞ്ഞാൽ കഴുത്തിൽ കിടക്കുന്ന താലിമാല വരെ പൊട്ടിച്ച് എടുക്കാൻ ഒരു മാസം പോലും വേണ്ടി വന്നില്ല…. ഹേമയുടെ അച്ഛന്റെ കഷ്ടപ്പാടുകൾ മുഴുവൻ രമേശിന്റെ വീട്ടിലെ കടത്തിന്റെ മുകളിൽ ഒരു ചീട്ട് കൊട്ടാരം ആയി….
അവളിൽ നിന്ന് കിട്ടാവുന്നതെല്ലാം എടുത്ത് കഴിഞ്ഞപ്പോൾ പിന്നെ അവൾ വെറും കറിവേപ്പില ആയിരുന്നു… കൂട്ടത്തിൽ അനിയത്തിയുടെ വിവാഹം നടത്താൻ വേണ്ടി അവളുടെ ഭർത്താവിന്റെ പേരിൽ ആകെയുള്ള 3 സെന്റ് സ്ഥലം അച്ഛൻ എഴുതിക്കൊടുത്തതും കൂടി കണ്ടപ്പോൾ പിന്നെ അത് പറഞ്ഞു ആയിരുന്നു രമേശിന്റെ വഴക്ക് മുഴുവൻ…
കൂരമ്പുകൾ നിറച്ച കുത്തുവാക്കുകൾക്ക് മുൻപിൽ ഒരുതരത്തിൽ പിടിച്ചു നിൽക്കുമ്പോഴാണ് രമേശിന്റെ അനിയത്തി ബാക്കി സ്ത്രീധന തുകയും ചോദിച്ചു വരുന്നത്…. അതോടെ എല്ലാവരും ഹേമയിൽ നിന്നും പൂർണമായും തിരിഞ്ഞു… അനിയത്തിക്ക് കൊടുക്കാനുള്ള അമ്പതിനായിരം രൂപ വീടിന്റെ ഭാഗമായിട്ടുള്ള സ്വത്തിൽ നിന്ന് കിട്ടണം എന്നായിരുന്നു ആവശ്യം… എത്രയൊക്കെ ശ്രമിച്ചിട്ടും അത് കിട്ടാതെ വന്നപ്പോഴാണ് ശങ്കരേട്ടന്റെ മകനായ ഉണ്ണിയിൽ നിന്നും 50000 രൂപ കടം വാങ്ങുന്നത്… രമേശിന്റെ സുഹൃത്ത് കൂടിയായ ഉണ്ണി സ്വന്തം സഹോദരിമാരെ കെട്ടിക്കാൻ വേണ്ടി മാറ്റിവെച്ചിരുന്ന തുകയിൽ നിന്നാണ് അത് എടുത്തു കൊടുത്തത്….
വിശ്വാസത്തിന്റെ പുറത്തു കൊടുത്തത് രമേശ് ചതിച്ചു… സഹോദരിയുടെ കല്യാണ ആവശ്യത്തിന് വേണ്ടി ആ കാശ് ചോദിക്കാൻ വന്ന ഉണ്ണിയെ രമേശൻ കുത്തി…. നട്ടെല്ലിന് ക്ഷതമേറ്റ ഉണ്ണി തളർന്നു…. കേസ് ആയി എന്ന് കണ്ടതും രമേശ്ൻ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു..
രമേശന്റെ വീട്ടുകാർ മുഴുവൻ ഹേമയെ മാത്രമാണ് കുറ്റപ്പെടുത്തിയത്… ഹേമ അവളുടെ വീട്ടിൽ നിന്നും ആ തുക കൊണ്ടുവന്നു കൊടുത്തിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നു അപ്പോൾ തെറ്റ് അവളുടെ ഭാഗത്ത് ആണല്ലോ അങ്ങനെയല്ലേ അവർ വരുത്തി തീർക്കൂ…
പക്ഷേ ശങ്കരേട്ടൻ അവളെ കുറ്റപ്പെടുത്തിയില്ല…. രമേശൻ ചെയ്ത തെറ്റിന് ഹേമ എന്തു പിഴച്ചു… അയാളും ഒരു അച്ഛനാണ് അതുകൊണ്ട് അയാൾക്ക് ക്ഷമിക്കാൻ കഴിയും… മുൻപോട്ട് ജീവിക്കാൻ വേണ്ടി ശങ്കരേട്ടൻ തന്നെയാണ് അങ്ങനെയൊരു ജോലി അവൾക്ക് ഒരുക്കി കൊടുത്തത്…. രമേശൻ വാങ്ങിയ തുക അതിൽ നിന്നും അവൾ കുറച്ചു കുറച്ചായി കൊടുത്തു തുടങ്ങി… അതുകൊണ്ട് ഉണ്ണിയുടെ ചികിത്സയും നടക്കും… ഇതായിരുന്നു ഹേമയുടെ ഇതുവരെയുള്ള ജീവിതം… ശാരി ചോദിച്ചത് പോലെ ഇനിയങ്ങോട്ട് എന്തായിരിക്കും..
അതെ…, ഹേമ പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു… രമേശനിൽ ഒരു കുഞ്ഞു പോലും ജനിക്കാത്ത ഹേമയെ അവർ ആ വീട്ടിൽ നിന്നും പുറത്താക്കി… രമേശന്റെ അനിയത്തിയുടെ പേരിൽ ആ വീട് കൊടുക്കുമ്പോൾ ഇന്ന് തെരുവിലേക്ക് എറിയപ്പെട്ടു…. ഇറക്കിവിട്ട ഇടത്തുനിന്നും കയറി ചെല്ലാൻ അവൾക്ക് ഒരു വീടു പോലുമില്ല…. മുതലാളിയുടെ കാമകണ്ണിന് നിന്നു കൊടുക്കാത്തതിന്റെ പേരിൽ കടയിലെ ജോലിയും അവൾക്ക് നഷ്ടമായി…
ആകെയുള്ള മൂന്നാല് സാരിയും ഒരു കുഞ്ഞു ബാഗുമായി അവൾ വിജനമായ റോഡിലൂടെ മുന്നോട്ട് നടന്നു.. ഏറെ ദൂരം പിന്നിട്ട് ചെന്നാൽ മുൻപിൽ കുത്തിയൊഴുകുന്ന പുഴയാണ്… ഒരു നിമിഷം മതി തെരുവിലേക്ക് എറിയപ്പെട്ടവളുടെ ജീവിതം അവസാനിപ്പിക്കാൻ ഒരു നിമിഷം മതി…
പാലത്തിൽ നിന്നും കുത്തിയൊഴുകുന്ന പുഴയിലേക്ക് അവൾ കുറച്ചുനേരം നോക്കി നിന്നു… ജീവിതം അവസാനിപ്പിക്കാൻ വേണ്ടി മനസ്സിനെ പാകപ്പെടുത്തി…
” മോളെ…. ”
ഒരു വിളി…
” ഹ്ഹ.. ”
ഞെട്ടലോടെ അവളുടെ ശ്വാസം ഉയർന്നുപൊങ്ങി… പെട്ടെന്ന് തിരിഞ്ഞു നോക്കുമ്പോൾ ഒരു ഓട്ടോയിൽ ശങ്കരേട്ടനാണ്….
” നീ എന്ത് പണിയാ കുട്ടി കാണിച്ചത്… ഞാൻ എല്ലാം അറിഞ്ഞു വീട്ടിൽ ചെന്നപ്പോൾ നീ എങ്ങോട്ടാ പോയത് എന്ന് അവർക്ക് പോലും അറിയില്ല.. വാ കയറ്… വീട്ടിൽ കൊണ്ട് പോകാം.. ”
അവളുടെ ബാഗ് എടുത്ത് ശങ്കരേട്ടൻ അവളുടെ കയ്യിൽ പിടിച്ചതും അവൾ ആ കൈ പുറകോട്ട് വലിച്ചു..
” എനിക്ക് കയറി ചെല്ലാൻ ഒരു വീട് ഇല്ലാ ശങ്കരേട്ടാ.. അവർ.. അവർ എന്നെ ഇറക്കി വിട്ടു….പിന്നെ എന്റെ അച്ഛൻ.. ”
അവളുടെ ശബ്ദം ഇടറ്മ്പോൾ ആ മനുഷ്യൻ ഒന്ന് ചിരിച്ചു..
” മ്മ്ഹ്ഹ്.. അതിനു നിന്നെ ഏതു വീട്ടിലേക്കാണ് കൊണ്ടുപോകുന്നത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ… എനിക്കും ഉണ്ട് രണ്ട് പെൺകുട്ടികൾ.. ഞങ്ങളുടെ ഒപ്പം തന്നെ നിന്റെ ജീവിതവും ഇങ്ങനെയൊക്കെ ആകാൻ കാരണം ഒരു വിധി തന്നെ ആണ്… അത് നമുക്ക് ഒരുമിച്ച് നേരിടാം… വിരോധം ഇല്ലങ്കിൽ എന്റെ ഉണ്ണിക്ക്… ഉണ്ണിക്ക് ഒരു ജീവിതം കൊടുത്തു കൂടെ…”
പെട്ടെന്ന് ശങ്കരേട്ടൻ ചോദിക്കുമ്പോൾ അവൾ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കി..
” തെറ്റ് ആണെങ്കിൽ ക്ഷമിക്കണം… ഒരച്ഛന്റെ സ്വാർത്ഥത ആയിരിക്കാം എന്നെക്കൊണ്ട് ഇങ്ങനെ ചോദിപ്പിച്ചത്… എന്റെ കല ശേഷം അവന് ആരുമില്ലാതാകും..നടക്കാൻ കഴിയില്ല എന്നേയുള്ളൂ… പക്ഷേ വീൽചെയറിൽ ഇരുന്നുകൊണ്ട് അവനെ കൊണ്ട് കഴിയുന്ന എല്ലാ ജോലികളും ചെയ്യാൻ കഴിയും… അവന് ഒരു കുഞ്ഞു പോലും ഉണ്ടാകും എന്ന് ആണ് ഡോക്ടർ പറഞ്ഞത്….
രമേശൻ കാരണം ജീവിതം നഷ്ടപ്പെട്ട നിങ്ങൾക്ക് ഒരു ജീവിതം തുടങ്ങിക്കൂടെ… ”
ആ അച്ഛന്റെ കണ്ണുനീർ താഴെ കൊഴുകുമ്പോൾ ഹേമ ഒരു പൊട്ടിക്കരച്ചിലൂടെ ആ നെഞ്ചിലേക്ക് ചേർന്നു…. ജീവിതം അവസാനിപ്പിക്കാൻ നിന്ന ഇടത്ത് ശങ്കരേട്ടൻ വെച്ച് നീട്ടുന്ന ജീവിതം തള്ളിക്കളയാൻ അവൾക്ക് തോന്നിയില്ല….
ജീവിക്കണം രമേശൻ തളർത്തിയ ഉണ്ണിക്ക് വേണ്ടി… രമേശൻ ജീവിതം തകർത്ത അവൾക്കുവേണ്ടി…. ശങ്കരേട്ടനു വേണ്ടി ഉണ്ണിയുടെ രണ്ട് സഹോദരിമാർക്ക് വേണ്ടി… ആ ഓട്ടോയിൽ ശങ്കരേട്ടനൊപ്പം മുൻപോട്ടു പോകുമ്പോൾ മരണത്തെ തോൽപ്പിച്ച് ജീവിക്കാൻ വേണ്ടി അവൾ മനസ്സിനെ പാകപ്പെടുത്തുക ആയിരുന്നു….
മിഴി മോഹന