എനിക്കവളെ ഇപ്പോഴെന്റെ ഭാര്യയായ് കാണാനോ കരുതാനോ കൂടെ നിർത്താനോ ഒന്നും വയ്യ… എന്നെ മനസ്സിലാക്കണം… ഇവളെ….

✍️ RJ

“നിന്നെ എനിക്കിഷ്ട്ടമില്ല കീർത്തി… നിന്റെ കൂടെ മുന്നോട്ടിനിയും ഈ ജീവിതം കൊണ്ടുപോവാൻ എനിക്ക് യാതൊരു താൽപര്യവുമില്ല… പിരിയാം നമുക്ക് നല്ല സുഹൃത്തുക്കളായ് തന്നെ…. ”

തികഞ്ഞ നിശബ്ദതയിൽ മാനവിന്റ ശബ്ദം ആ ലിവിംങ് റൂമിൽ ഉയരുമ്പോൾ കേട്ടതു വിശ്വസിക്കാൻ കഴിയാതെ അവനെ ഞെട്ടലോടെ നോക്കി അവന്റെ അച്ഛനും അമ്മയും….

മോളെ…..

മാനവിന്റെ വാക്കുകൾക്കു മുമ്പിൽ നെഞ്ചു പൊള്ളി കണ്ണും നിറച്ചു നിൽക്കുന്ന കീർത്തിയുടെ അരികിലെത്തി അവളെ ചേർത്തു പിടിച്ചവളുടെ അമ്മ…

നീയെന്താ മനൂ ഈ പറയുന്നത്…?
നിനക്കെന്താ ഭ്രാന്താണോ….?

മാനവിന്റെ അച്ഛറെ ശബ്ദം അവനു നേരെ വല്ലാതെയുയർന്നെങ്കിലും യാതൊരു ഭാവഭേദമില്ലാതെ അച്ഛനെ നോക്കി നെഞ്ചിൽ കൈ പിണച്ചുകെട്ടി നിന്നു മാനവ്…

എനിയ്ക്ക് ഭ്രാന്തൊന്നും ഇല്ല അച്ഛാ… ഞാൻ പറഞ്ഞതും കാര്യമായിട്ടാണ് … പിന്നെ എനിക്കിവളുമൊത്തുള്ള ജീവിതം മടുത്തെന്ന് ഞാനിന്ന് ആദ്യമായിട്ടല്ല ഇവളോട് പറയുന്നത്… കഴിഞ്ഞ ഒരു മാസത്തോളമായ് ഞാനിത് ഇവളോടു പറയുന്നുണ്ട്

ഞാനെത്ര പറഞ്ഞിട്ടും കീർത്തിയതു കാര്യമായിട്ടെടുത്തില്ലാന്ന് എനിക്ക് തോന്നിയതുകൊണ്ടാണ് ഇന്ന് ഞാനവളുടെ അച്ഛനേയും അമ്മയേയും വിളിച്ചു വരുത്തിയതും നിങ്ങളുടെ എല്ലാവരുടെ മുന്നിൽ വെച്ച് കാര്യം അവതരിപ്പിച്ചതും… മുന്നോട്ടുള്ള എന്റെ ജീവിതത്തിൽ കീർത്തി എന്റെ ഒപ്പം വേണ്ട അച്ഛാ… എനിക്കവളെ ഇപ്പോഴെന്റെ ഭാര്യയായ് കാണാനോ കരുതാനോ കൂടെ നിർത്താനോ ഒന്നും വയ്യ… എന്നെ മനസ്സിലാക്കണം… ഇവളെ തിരികെ നിങ്ങളടെ ഒപ്പം നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടു പോവണം… പ്ലീസ്…”

ആദ്യം സ്വന്തം അച്ഛനോടും അവസാനം കീർത്തിയുടെ അച്ഛനോടുമായ് മാനവ് പറഞ്ഞു നിർത്തുമ്പോൾ ആ അച്ഛൻ അമ്പരപ്പും പകപ്പും നിറഞ്ഞൊരു നോട്ടം അവനെ നോക്കി…

വിവാഹം കഴിഞ്ഞിട്ടിന്നുവരെ കീർത്തിയെ തനിച്ച് തങ്ങൾക്കൊപ്പം അയച്ചിട്ടില്ലവൻ…

തങ്ങൾക്ക് അവളൊരാളെയുള്ളു മകളായിട്ട് ഇടയ്ക്കെല്ലാം ഞങ്ങൾക്കൊപ്പവും അവൾ നിൽക്കട്ടെ മോനേന്ന് പറഞ്ഞാൽ എനിയ്ക്കും അവളൊരാളെയുള്ളൂ സ്വന്തമായിട്ടെന്നും പറഞ്ഞ് ,അവളെ തനിച്ചു വിടാതെ അവൾക്കൊപ്പം തങ്ങളുടെ വീട്ടിൽ വന്നു നിന്നിരുന്നവനാണിന്ന് അവളെ തങ്ങൾ പോവുമ്പോൾ തിരികെ വിളിച്ചു കൊണ്ടുപോവാൻ പറയുന്നത്…

“തിരികെ ഇന്നുതന്നെ വിളിച്ചു കൊണ്ടുപോവാൻ പറയാൻ മാത്രം നീ എന്റെ കുഞ്ഞിനെ അത്രയും വെറുത്തോ മനൂ… അതിനു മാത്രം എന്തു തെറ്റാ എന്റെ കുഞ്ഞ് നിന്നോടു ചെയ്തത്… ?

നോവോടെ മാനവിനോടു ചോദിച്ചു കീർത്തിയെ തന്റെ നെഞ്ചിലേക്ക് ആ അച്ഛൻ ചേർത്തു പിടിക്കുമ്പോഴും ഇമ ചിമ്മാതെ മാനവിനെ തന്നെ നോക്കി കീർത്തി… വഴിതെറ്റി പോലും പക്ഷെ മാനവിന്റെയൊരു നോട്ടം കീർത്തിക്ക് നേരെ ചെന്നതേയില്ല…

“മോളുടെ അച്ഛൻ ചോദിച്ചതു കേട്ടില്ലേടാ നീ… എന്താണ് അവളെ ഇത്രമാത്രം വെറുത്ത് ഇന്നു തന്നെയിവിടുന്ന് പറഞ്ഞയക്കാൻ മാത്രം അവൾ നിന്നോടു ചെയ്ത തെറ്റ്…?

ഒരു നേരം പോലും കാണാതെയിരിക്കാൻ മാത്രം ഇഷ്ടവും പ്രണയവും നിറഞ്ഞു നിന്നവരുടെ ജീവിതത്തിൽ ഇത്ര പെട്ടന്ന് എന്താണ് സംഭവിച്ചത് എന്നൊരു ഉത്കണ്ഠയുണ്ട് മാനവിന്റെ അച്ഛന്റെ ആ ചോദ്യത്തിൽ

എനിയ്ക്ക് പറയാനും ബോധിപ്പിക്കാനും ഉള്ളത് ഞാനങ്ങ് വക്കീലിന്റെ അടുത്തോ കോടതിയിലോ അറിയിച്ചോളാം അച്ഛാ… എനിക്കിപ്പോഴതൊന്നും വിശദികരിച്ചിവിടെ നിൽക്കാൻ സമയമില്ല… ഓഫീസിൽ പോണം… അർജന്റ് വർക്കുണ്ട് ഓഫിസിൽ…”

പരുഷമായ ശബ്ദത്തോടെ മാനവ് പറയുമ്പോൾ തന്നെയാണ് ടേബിളിലിരിക്കുന്ന അവന്റെ ഫോൺ ബെല്ലടിച്ചത്

ഫോണിൽ തെളിഞ്ഞു കണ്ട ഗീതു എന്ന നമ്പറിലുടക്കി അവിടെ നിന്നവരുടെയെല്ലാം കണ്ണുകൾ.. അതു കണ്ടതുമൊരു വെപ്രാളത്തോടെ ടേബിളിൽ നിന്ന് ഫോണെടുത്ത് പുറത്തേക്ക് വേഗത്തിൽ നടന്നിരുന്നു മാനവ്…

ഞാൻ… ഞാൻ വരില്ല അച്ഛാ… മനുവേട്ടനെന്തു പറഞ്ഞാലും ഞാൻ ഈ വീടുപേക്ഷിച്ചു വരില്ല…

അച്ഛനും അമ്മയും മാറി മാറി കൂടെ കൊണ്ടുപോവാൻ വിളിച്ചിട്ടും പോവാനൊരുക്കമല്ലാതെ കരഞ്ഞു കണ്ണീർ വാർത്തു കീർത്തി…

മകളുടെ കണ്ണുനീരും മരുമകന്റെ സംസാരവുമോർത്ത് നിസ്സഹായതയോടെ തളർന്നു നിന്നവിടെ കീർത്തിയുടെ മാതാപിതാക്കൾ…

നിന്റെ ഗന്ധവും നിന്റെ ശ്വാസവുമേൽക്കാതെ എനിയ്ക്കൊരു രാത്രി പോലും ഉറങ്ങാൻ പറ്റില്ല പെണ്ണെ….

കരഞ്ഞു തളർന്നുറങ്ങി പോയ കീർത്തി കാതോരം മാനവിന്റെ ശബ്ദം കേട്ടിട്ടെന്ന പോലെ ഞെട്ടിയുണർന്നതും കണ്ടു അവളെ നോക്കി പൊട്ടിക്കരയുന്ന മാനവിന്റെ അമ്മയെ…

മോളെ…. മനൂട്ടന്റെ കാർ അപകടത്തിൽ പെട്ടെന്ന്…

മുളച്ചീന്തും പോലെ പൊട്ടി കരഞ്ഞമ്മ പറഞ്ഞതും കേട്ട വാർത്തയുടെ ഞെട്ടലിൽ ബോധം മറഞ്ഞ് നിലത്തേക്കു വീണു കീർത്തി

ശരീരമാകെ ഘടിപ്പിച്ച അനേകം വയറുകൾക്കിടയിൽ കിടക്കുമ്പോഴും മാനവിന്റെ കണ്ണുകൾ ചെന്നെത്തി നിന്നത് ഐ സി യു ഡോറിനടുത്തേക്കാണ്..

“നീ നോക്കുന്നത് കീർത്തി മോളെയാണെങ്കിൽ അവൾ നിന്നെ തേടി വരില്ല മനു… ഒരു തെറ്റും ചെയ്യാത്ത അവളെ നീ വീട്ടിൽ നിന്നും നിന്റെ ജീവിതത്തിൽ നിന്നും ഇറക്കിവിടാൻ ശ്രമിച്ചത് മറ്റൊരു പെണ്ണിനെ നിന്റെ കൂടെ കൂട്ടാനാണെന്നു മനസ്സിലായ നിമിഷം അവളെ അവളുടെ വീട്ടുകാർ ഇവിടെ നിന്ന് തിരികെ പിടിച്ചു കൊണ്ടു പോയ്…

മാനവിന്റെ നോട്ടം കണ്ടതും അവന്റെ അച്ഛൻ കാര്യങ്ങൾ വ്യക്തമാക്കിയവന്….

“കീർത്തി മോളെക്കാൾ എന്തു ഗുണവും മേന്മയും ആണ് മനു നിനക്കൊപ്പം കാറിൽ ഉണ്ടായിരുന്നവൾക്ക് ഉള്ളത്… ?
കീർത്തി മോൾക്ക് പകരം നിന്റെ ജീവിതത്തിലേക്ക് അവളെ കൂട്ടാൻ മാത്രം എന്തു കുറവാണ് കീർത്തിയ്ക്ക്…?

അച്ഛൻ ചോദിച്ചതും പകപ്പോടെ അച്ഛനെ നോക്കി മാനവ്

“അച്ഛനിതെന്താണ് പറയുന്നത്… കീർത്തിക്ക് പകരം മറ്റൊരുവളോ….?

ഇത്തവണ പകപ്പു നിറഞ്ഞത് മാനവിലാണ്..

“കഴിഞ്ഞ കുറെ നാളുകളായ് നിന്റെ കൂടെ കാണാറുള്ള പെണ്ണ് ഗീതു അവളെ പറ്റിയാണ് ഞാൻ പറഞ്ഞത്… നീ വീട്ടിൽ നിന്നിറങ്ങി പോയത് ആ പെണ്ണിന്റെ ഫോൺ വന്നിട്ടാണ്… നിന്റെ കാർ അപകടത്തിൽ പെടുന്നതിനു തൊട്ടുമുമ്പും ആ പെണ്ണ് നിന്റെ കാറിലുണ്ടായിരുന്നു… ഇതെല്ലാം അന്വോഷിച്ചറിഞ്ഞതിനു ശേഷമാണ് കീർത്തിയുടെ വീട്ടുകാർ ബലം പിടിച്ച് വാശിയോടെ ഇന്നവളെ ഇവിടെ നിന്ന് കൊണ്ടുപോയത്…

“നിനക്ക് അപകടമുണ്ടായ ഇന്നലെ മുതൽ ഇന്ന് നിനക്ക് ബോധം തെളിഞ്ഞ ഈ സമയത്തിനു തൊട്ടുമുമ്പ് വരെ ഈ ഐസിയു വാതിലിനു പുറത്ത് നിനക്ക് വേണ്ടി കരഞ്ഞു പ്രാർത്ഥിച്ചിരിപ്പായിരുന്നു മോൾ….

ആരു വിളിച്ചിട്ടും പോവാതെ… നിനക്ക് ബോധം തെളിഞ്ഞെന്ന് ഡോക്ടർ പറഞ്ഞ നിമിഷം
നിർബന്ധിച്ചു വലിച്ചോണ്ടാ അതിനെ ഇവിടെ നിന്ന് അതിന്റെ ആങ്ങളമാരും വീട്ടുകാരും കൊണ്ടുപോയത്….

അച്ഛന്റെ വാക്കുകൾ വേദനകൾക്ക് മേൽ വേദനയായ് മാനവിന്റെ ശരീരത്തെയും മനസ്സിനെയും വരിഞ്ഞു മുറുക്കി… അവനൊരു മയക്കത്തിലേക്കാണ്ടു പോയ്…

കാലിലൊരു കയ്യുടെ മൃദുലമായ സ്പർശനം അറിഞ്ഞ് മാനവ് കണ്ണുകൾ തുറന്നതും കണ്ടു തന്നെ നോക്കി നിറമിഴികളോടെ ഇരിക്കുന്ന കീർത്തിയെ…

പ്രിയപ്പെട്ട ആ കാഴ്ചയിൽ ഒരു മാത്ര നിശ്ചലമായ് മാനവിനു മുമ്പിൽ ലോകം തന്നെ… കൺമുന്നിലിരിക്കുന്നവളെ തന്നിലേക്കാഞ്ഞു ചേർത്ത് പുൽകാനും ആ മുഖമാകെ തന്റെ ചുണ്ടുകൾ ചേർത്തുവെയ്ക്കാനും കൊതികൂടി മാനവിനുള്ളിൽ…

കണ്ണുകൾ നിറഞ്ഞതിനൊപ്പം ചുണ്ടിലൊരു പുഞ്ചിരി കൂടി തെളിഞ്ഞവന്റെ…

“അച്ഛൻ പറഞ്ഞല്ലോ നിന്നെ നിന്റെ ആങ്ങളമാർ വലിച്ചോണ്ടു പോയെന്ന്.. പിന്നെങ്ങനെ…?

ചിരി മായാതെ ചോദിക്കുന്നവനെ തറപ്പിച്ചു നോക്കി കീർത്തി… അവളുടെ നോട്ടത്തെ നേരിടാനാവാതെ മിഴികൾ വെട്ടിച്ചവൻ…

“നമുക്ക് കുട്ടികൾ ഉണ്ടാവാത്തതുകൊണ്ട് നീയറിയാതെ ഞാൻ പോയ് കണ്ട ഡോക്ടറാണ് ഗീതു.. എന്റെ ഒപ്പം പഠിച്ചവൾ… എന്റെ സുഹൃത്ത്….

അവനിൽ നിന്നവൾ നോട്ടം മാറ്റാതെ വന്നതും കുമ്പസാരം പോലെ ഏറ്റുപറഞ്ഞു മാനവ്…

അവളുടെ പരിശോദനയിൽ നിങ്ങൾക്കാണ് കുഴപ്പം എന്നറിഞ്ഞ നിങ്ങളെന്നെ നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി രക്ഷിക്കാൻ ശ്രമിച്ചു… അതിനു വേണ്ടി എന്റെ വീട്ടുകാരെ വരെ വിളിച്ചു വരുത്തി അല്ലേ….?

മാനവ് പറഞ്ഞു തുടങ്ങിയത് കീർത്തി പൂർത്തിയാക്കിയതും നിറക്കണ്ണോടെ അവളെ നോക്കി കിടന്നു മാനവ്.

‘എനിയ്ക്കൊപ്പം എന്റെ നെഞ്ചിൽ ചാരി നീയുള്ള കാലംവരെ മതി എനിക്ക് ഈ ഭൂമിയിൽ ആയുസെന്ന് പറഞ്ഞിരുന്ന മനുവേട്ടന് ഞാനില്ലാതെ മുന്നോട്ടു ജീവിക്കാൻ പറ്റോ…. എന്നെ ഒഴിവാക്കി വിടാനെങ്ങനെ തോന്നി മനുവേട്ടന്…?

കീർത്തിയുടെ ചോദ്യങ്ങൾക്കൊന്നിനും ഉത്തരമില്ലാതെ നിശബ്ദം കണ്ണുനീർ വാർത്തു മാനവ് കിടന്നതും അവനു നോവാതെ അവന്റെ അരികിലായ് ചാഞ്ഞിരുന്നു കീർത്തി

ഈ ജന്മത്തിൽ മരണം വരെ നിങ്ങൾ എന്റെ കൂടെ വേണമെന്നല്ലാതെ വേറൊന്നും ആഗ്രഹിച്ചിട്ടില്ല മനുവേട്ടാ ഞാൻ… ഇന്നീ നിമിഷവും ആ ഒറ്റ ആഗ്രഹമേ ഉള്ളു എനിയ്ക്ക്…

കണ്ണീരോടെ പറയുന്നവളെ ചേർത്തു പിടിക്കാൻ ശ്രമിക്കുമ്പോൾ നീയ്യില്ലാതെ ജീവിക്കാൻ വയ്യാഞ്ഞിട്ടാണ് പെണ്ണെ ജീവനൊടുക്കാൻ ഞാൻ നോക്കിയതെന്ന സത്യം ഞെരിഞ്ഞമർന്നു മനുവിന്റെ തൊണ്ടയിൽ… അതെന്നുമിനി തന്റെ മാത്രം രഹസ്യമായ് തന്നിലിരിക്കട്ടെ എന്ന് ചിന്തിച്ച് തന്നിലേക്ക് കീർത്തിയെ ചേർത്തണച്ചു കണ്ണടച്ചു മാനവ്…

RJ

Leave a Reply

Your email address will not be published. Required fields are marked *