ഹോസ്റ്റൽ പെൺ പിള്ളാരുടെ അഴിഞ്ഞാട്ടമെന്ന തലക്കെട്ടോടെ പിറ്റേന്ന് ആ ദൃശ്യം ലോകത്തിലുള്ള ആർക്ക് വേണമെങ്കിലും…

✍️ ശ്രീജിത്ത് ഇരവിൽ

ആളനക്കം കുറഞ്ഞ റോഡരികിലൂടെ കേടായ സ്കൂട്ടറും ഉരുട്ടി നടക്കുമ്പോഴാണ് സമാന ദിശയിലേക്ക് എന്നേയും കടന്ന് ഒരു ഓട്ടോ പോയത്. വലിയ ദൂരത്തല്ലാതെ അത് നിൽക്കുകയും ചെയ്തു. ഇറങ്ങി വന്നത് എന്റെ പ്രായത്തിലുള്ള പെണ്ണൊരുത്തി ആയിരുന്നു.

ഓട്ടോയെ പറഞ്ഞയച്ച് അവൾ അടുത്തേക്ക് വരുകയാണ്. മുന്നിൽ നിന്നിട്ടും വലിയ മുൻ പരിചയമൊന്നും എനിക്ക് തോന്നിയില്ല.

‘ശ്യാമയല്ലേ? എന്നെ അറിയോ?’

കൂടുതൽ ശ്രദ്ധിച്ചിട്ടും ആളെ എനിക്ക് മനസ്സിലായില്ല. എന്തായാലും എന്നെ അറിയുന്ന ആരോ ആണ്. പേര് കൃത്യമായി പറഞ്ഞിരിക്കുന്നു. കോളേജ് പഠനകാലത്തെ മിക്കവരെയും ഞാൻ ആവർത്തിച്ച് ഓർത്തു. രക്ഷയില്ല. ഒടുവിൽ തോൽവി സമ്മതിക്കുകയായിരുന്നു.

‘ഇല്ല. മനസ്സിലായില്ല… പേര്.?’

സ്കൂട്ടർ തള്ളുന്നത് നിർത്തി അൽപ്പം പുഞ്ചിരിയോടെയാണ് ഞാനത് പറഞ്ഞതും ചോദിച്ചതും. അതുവരെ പരിചയം പുതുക്കാൻ വന്ന ഭാവത്തിൽ നിന്ന പെണ്ണിന്റെ മുഖം പതിയേ ആ നേരം മാറി.

‘എന്നെ അറിയില്ലായല്ലേ…? ഉം… പോ…’

അവളുടെ ആ പറച്ചിലും, ഭാവ വ്യത്യാസവും വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വൈകുന്നേര വെയലിന്റെ മഞ്ഞ വെളിച്ചം ഊർന്ന് വീണ റോഡിലൂടെ സ്കൂട്ടർ ഉരുട്ടുന്നത് ധൃതിയിൽ ഞാൻ തുടർന്നു. പരിസരത്തൊന്നും ആരുമില്ല. കടന്നാക്രമിച്ചാലൊ, കത്തിയെടുത്ത് കുത്തിയാലൊ പോലും ആരും അറിയാൻ പോകുന്നില്ല. തിരിഞ്ഞ് നോക്കിയപ്പോൾ തല പോലും അനക്കാതെ അവൾ അതേ ഇടത്ത് നിൽക്കുകയാണ്.

‘ആരായിരിക്കുമത്…?’

സ്വയം ചോദിച്ച് വിളറിയിരിക്കുകയാണ്. ഹാൻഡിലും പിടിച്ചുള്ള നടത്തത്തിൽ ഭയത്തിന്റെ വിയർപ്പ് കണങ്ങൾ പൊടിഞ്ഞ് കൈ നീളത്തിൽ വീഴുന്നുണ്ട്. ജീവിതത്തിൽ ഇടപെട്ട ഒരുവിധം മനുഷ്യരെയൊക്കെ ഞാൻ ഓർത്ത് വെച്ചിട്ടുണ്ട്. പക്ഷെ, അവരിലാരും ഇങ്ങനെയൊരു മുഖം…!

ചിലപ്പോൾ ആള് മാറിയതായിരിക്കും. ലോകത്തിൽ എനിക്ക് മാത്രമല്ലല്ലോ ശ്യാമയെന്ന പേരുള്ളത്…! അങ്ങനെ ചിന്തിച്ചപ്പോൾ ഇത്തിരി ആശ്വാസം തോന്നി. ആ ശ്വാസത്തിൽ ഒന്നുകൂടി വെറുതേ ഞാൻ തിരിഞ്ഞ് നോക്കുകയായിരുന്നു…

‘ഹമ്മേ…’

ഉൾവിറയലോടെയാണ് അങ്ങനെയൊരു ശബ്ദം എന്നിൽ നിന്നും പുറത്തേക്ക് വന്നത്. അതേ ഭാവത്തിൽ ആ പെണ്ണ് മുന്നിൽ നിൽക്കുന്നു. ഞാൻ ഭയപ്പെട്ടെന്ന് കണ്ടിട്ടാണോ, ആള് മാറിയെന്ന് അറിഞ്ഞിട്ടാണോയെന്ന് അറിയില്ല അവളുടെ ഭാവം പതിയേ സാധാരണതയിലേക്ക് മാറി.

‘സോറി. ഞാൻ ഉദ്ദേശിച്ച ശ്യാമ നിങ്ങൾ ആയിരിക്കില്ല. വർഷങ്ങൾക്ക് മുമ്പുള്ള ബന്ധമായിരുന്നു. സേലത്തെ വിനായക കോളേജിൽ വെച്ച്… മാറ്.. ഞാൻ സഹായിക്കാം…’

എന്നും പറഞ്ഞ് ആ പെണ്ണ് സ്കൂട്ടറിന്റെ ഹാന്റിലിൽ പിടിച്ച് തള്ളാൻ തുടങ്ങി. എനിക്ക് ഒരടി മുന്നോട്ട് അനങ്ങാൻ പറ്റിയില്ല. സേലത്തെ വിനായക കോളേജെന്ന ശബ്ദം പലയാവർത്തി തലയിൽ മുഴങ്ങുകയാണ്. അതെന്ത്‌ കൊണ്ടാണെന്ന് ചോദിച്ചാൽ ഞാനും ആ കോളേജിൽ തന്നെയാണ് പഠിച്ചതെന്ന് പറയേണ്ടി വരും. എന്നിട്ടും എന്റെ സ്കൂട്ടറും ഉരുട്ടി മുന്നിൽ പോകുന്ന ആ പെണ്ണിനെ മനസ്സിലായതേയില്ല…

‘ഹലോ… വരുന്നില്ലേ..?’

തിരിഞ്ഞ് നോക്കി അവൾ നീട്ടി ചോദിച്ചു. ഏതൊയൊരു സ്വപ്നത്തിൽ നിന്ന് ഉണർന്ന തല കുലുക്കത്തോടെ ഞാൻ മുന്നോട്ടേക്ക് നടന്നു. ഒപ്പം എത്തുന്നത് വരെ അവൾ നിന്നിരുന്നു. ഭയപ്പാട് നിലയ്ക്കാത്തത് കൊണ്ടായിരിക്കണം ഞാനും അതേ കോളേജിലാണ് പഠിച്ചതെന്ന് പറയാൻ എനിക്ക് സാധിക്കാതിരുന്നത്. മറ്റൊന്നും ചോദിക്കാനും കഴിഞ്ഞില്ല.

ഇത്രയും വർഷങ്ങളായിട്ടും കൃത്യമായി എന്നെ തിരിച്ചറിഞ്ഞവളെ കണ്ടുപിടിക്കാൻ സാധിക്കാത്ത തല, നടത്തിലും അതീവ ലജ്ജാലുവായി താഴ്ന്നു.

‘കുടിക്കോ…?’

ചോദ്യത്തിന്റെ അർത്ഥം മനസ്സിലാകാത്ത വിധം എന്റെ നോട്ടം ഉണർന്നപ്പോൾ മദ്യപിക്കുമോയെന്നാണ് ഉദ്ദേശിച്ചതെന്ന് അവൾ വ്യക്തമാക്കി. ഇല്ലെന്ന് പറഞ്ഞപ്പോൾ പെണ്ണ് നിൽക്കുകയും, സ്കൂട്ടറിന്റെ ഹാൻഡിലിൽ പിടിക്കെന്ന ആംഗ്യവും കാട്ടി. തുടർന്ന്, താൻ കുടിക്കുമെന്ന് പറഞ്ഞ് തോളിൽ കോർത്ത ബാഗ് തുറക്കുകയായിരുന്നു.

‘വെള്ളമുണ്ടോ…?’

റോഡരികിൽ നിർത്തിയ സ്കൂട്ടറിന്റെ സീറ്റിലേക്ക് പാതിയോളം തീർന്ന ഒരു കുപ്പി എടുത്ത് വെച്ചായിരുന്നു ആ ചോദ്യം. ഞാൻ മിണ്ടിയില്ല.

‘വെള്ളമില്ലെങ്കിലും സാരമില്ല… ഡ്രൈയാണ് ഇഷ്ടം…’

എന്നും പറഞ്ഞ് അവൾ ആ കുപ്പിയിൽ നിന്ന് കാൽ കവിൾ മദ്യം തൊണ്ടയിലേക്ക് ഒഴിച്ചു. ശേഷം, താൻ മുഴുകുടിയത്തിയാണെന്ന ഭാവത്തിൽ തല കുടഞ്ഞു. തുടർന്ന്, വേണോയെന്ന് ചോദിച്ച് എന്റെ കണ്ണുകളിക്ക് നീട്ടി. കുപ്പി മൂക്കിലേക്ക് മുട്ടിയോയെന്ന് വരെ സംശയിച്ച നിമിഷമായിരുന്നുവത്.

‘നിങ്ങളിത് എന്താണ് കാട്ടുന്നേ…?’

വളരേ മുഷിച്ചലോടെയാണ് ഞാനത് പറഞ്ഞത്. തുടർന്ന് സ്കൂട്ടർ ഉരുട്ടി ചലിക്കുകയും ചെയ്തു. ഇത്തവണ ഭയമായിരുന്നില്ല തോന്നിയത്. ഓർമ്മകളിൽ വെളിച്ചം വീണിരിക്കുന്നു. സേലത്തെ കോളേജ് ഹോസ്റ്ററ്റലിൽ വെച്ച് മദ്യപിച്ച എത്രയോ രാത്രികൾ ഉള്ളിൽ തിങ്ങി നിന്നു. അതിൽ അവളുടെ മുഖം എവിടെയാണെന്ന് മനസ്സ് തിരയുകയാണ്. മദ്യ ലഹരിയിൽ ജൂനിയർ പിള്ളാരുടെ മുറികളിൽ കയറി ഇറങ്ങിയ നാളുകളിലേക്ക് തല നങ്കൂരമിട്ടു.

അവസാന വർഷം പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു. ഒന്നാം വർഷക്കാരുടെ മുറിയിലേക്ക് അനുവാദമില്ലാതെ പ്രവേശിച്ച് പെർഫ്യൂമും, ഫേഷ്യൽ ക്രീമുമൊക്കെ പിടിച്ചെടുത്ത രാത്രി തെളിയുകയാണ്. ഞാൻ അടക്കം നാല് പേരായിരുന്നു. എല്ലാവരുടെ കൈകളിലും കുടിച്ച് തീരാറായ ബിയർ ബോട്ടിലും ഉണ്ടായിരുന്നു. ഒടുവിൽ ചെന്ന് കയറിയ മുറിയിൽ നിന്നും ഒരുത്തി പുറത്തേക്ക് പോകാൻ ഞങ്ങളോട് പറഞ്ഞു. അവൾ ഒരിക്കലും ആ രാത്രിയെ മറന്ന് കാണില്ല.

‘വേണ്ട… വിട്…. വാർഡൻ.. വാർഡൻ… സംബഡി പ്ലീസ് ഹെൽപ്പ് മീ…’

ഗ്രൗണ്ട് ഫ്ലോറിൽ താമസിക്കുന്ന വാർഡന്റെ കാതുകളിലേക്കൊന്നും ആ ജൂനിയർ പെണ്ണിന്റെ ശബ്ദം എത്തില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മുറിയിലേക്ക് കൂടിയവരെയെല്ലാം പിടിച്ച് പുറത്താക്കി കതക് അടക്കുകയും കൂടി ചെയ്തപ്പോൾ പെണ്ണ് പേടിച്ചു. തുടക്കത്തിൽ എതിർക്കാൻ കാണിച്ച ധൈര്യമെല്ലാം ഇറങ്ങിപ്പോയ അവൾ ഇപ്പോൾ തൊഴുത് നിൽക്കുകയാണ്. ഞങ്ങൾക്ക് ഹരം പിടിച്ചു. കൈകളിൽ ഉണ്ടായിരുന്ന ബീയർ അവളെ ബലമായി കുടിപ്പിക്കുമ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചിരുന്നു.

തമാശയെന്നോണം അവളുടെ ചുണ്ടുകളിൽ ചുംബിക്കുകയും, മുലയിൽ അമർത്തി പിടിക്കുകയും ചെയ്തു. ആ ചെയ്തികളെല്ലാം മൊബൈലിൽ പകർത്തി കോളേജ് ഗ്രൂപ്പിൽ ചേർത്തിരുന്നു.

ഹോസ്റ്റൽ പെൺ പിള്ളാരുടെ അഴിഞ്ഞാട്ടമെന്ന തലക്കെട്ടോടെ പിറ്റേന്ന് ആ ദൃശ്യം ലോകത്തിലുള്ള ആർക്ക് വേണമെങ്കിലും കാണാൻ പാകം പ്രചരിപ്പിക്കപ്പെട്ടു. അതിൽ ജൂനിയർ പെണ്ണിന്റെ മുഖം മാത്രമേ തെളിഞ്ഞിട്ടുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് മാത്രം ഞങ്ങൾ നാലുപേരും മാന പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. പിന്നീട് ആ ജൂനിയർ പെണ്ണിനെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ശരിയാണ്. ഇത് അവൾ തന്നെ. പക്ഷെ, പേര്…! എത്ര ശ്രമിച്ചിട്ടും പേര് ഓർത്തെടുക്കാൻ എനിക്ക് സാധിച്ചില്ല. വിട്ട് പോയെന്ന് കരുതിയ ഭയം പൂർവ്വാധിക ശക്തിയോടെ വീണ്ടും എന്നിൽ പ്രവേശിച്ചു. എന്നിരുന്നാലും, ഉൾവിറയലോടെ അവളെ ഞാൻ തിരിഞ്ഞ് നോക്കുകയായിരുന്നു..

‘ഹമ്മേ ‘

ഭയപ്പാടിന്റെ ശബ്ദം ആവർത്തിക്കപ്പെട്ടു. ചിരിച്ച മുഖത്തോടെ കൺമുന്നിൽ അവൾ നിൽക്കുകയാണ്. ഹൃദയമിടിപ്പ് കൂടുന്നത് അറിയുന്നുണ്ട്. ധൃതിയിൽ സ്കൂട്ടർ മുന്നോട്ടേക്ക് ഉരുട്ടി ഞാൻ വല്ലാതെ കിതച്ചു. എപ്പോൾ വേണമെങ്കിലും ഓടിയെത്താൻ പാകത്തിലൊരു അകലം സൂക്ഷിച്ച് അവൾ പിന്തുടരുകയാണ്. സായാഹ്ന വെയിലിലേക്ക് ഇരുട്ട് കലരുകയാണ്…

തീർച്ചയായും അവൾ പകരം വീട്ടാൻ വന്നതായിരിക്കും. അധികമൊന്നും ആൾക്കാർ ഇല്ലാത്ത ഈ പ്രദേശത്ത് വെച്ച് കൊല്ലപ്പെടുമോയെന്ന് പോലും ഞാൻ ഭയന്നു. വീണ്ടും തിരിഞ്ഞ് നോക്കിയപ്പോൾ ആളെ കാണാനില്ല. എവിടെ പോയെന്ന സൂചന പോലുമില്ല. അടുത്ത വളവ് കൂടി കഴിഞ്ഞാൽ വീടെത്തും. വെപ്രാളത്തോടെ സ്കൂട്ടറും ഉരുട്ടി, തുടർന്ന് ഞാൻ ഓടുകയായിരുന്നു…

വിവാഹം കഴിഞ്ഞ തുടക്കത്തിൽ ഭർത്താവിനോട് ഈ വിഷയമെല്ലാം ഒരു തമാശയോടെ പറഞ്ഞിരുന്നു. അതിൽ അൽപ്പം കുറ്റബോധവും ഉണ്ടായിരുന്നുവെന്ന് പറഞ്ഞാലും തെറ്റാകില്ല. ആ ബോധം യാതൊന്നും തിരുത്തില്ലെന്ന് അറിയുന്നത് കൊണ്ട് ന്യായീകരിക്കുകയല്ല. പറ്റിപ്പോയി… പരിഹാരമായി ചാകാൻ പറ്റോ… ഇത്രയും കടുത്ത ഭാവത്തിൽ എന്നോട് ഇടപെടണമെങ്കിൽ തിരിച്ചെടുക്കാൻ പറ്റാത്ത വിധം അവൾക്ക് ജീവിതം നഷ്ടമായിട്ടുണ്ടാകണം.

വീടെത്തി. സ്കൂട്ടർ നിർത്തി ഞാൻ അകത്തേക്ക് പ്രവേശിച്ചു. ഭർത്താവും മോളും, ടീവിയും കണ്ട് ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. എന്റെ ഭാവം കണ്ടപ്പോൾ എന്ത്‌ പറ്റിയെന്ന് രണ്ട് പേരും ചോദിച്ചു. ഞാൻ വിശദീകരിച്ചു. ഇതാണൊ വലിയ ആനക്കാര്യമെന്ന് പറഞ്ഞ് ഭർത്താവ് അതിനെ നിസ്സാരപ്പെടുത്തുകയായിരുന്നു. എന്റെ ശ്വാസം അപ്പോഴും സാധാരണ ഗതിയിലേക്ക് വന്നിട്ടുണ്ടായിരുന്നില്ല.

അല്ലെങ്കിലും, അങ്ങർക്കത് പറയാം. പൂർവ്വകാലത്തിന്റെ പാപങ്ങൾക്ക് പിന്തുടരാൻ പാകം നിന്ന് കൊടുക്കേണ്ടി വരുന്ന പ്രാണന്റെ അവസ്ഥ ദയനീയമാണ്. എപ്പോൾ വേണമെങ്കിലും പേര് മറന്ന് പോയ ആ മുഖം മുന്നിൽ തെളിയുമെന്ന് ഞാൻ ഭയപ്പെടുന്നു. അത് തന്നെ ആയിരിക്കണം എനിക്കായി കാലം കാത്ത് വെച്ച ശിക്ഷയും…

പാകമല്ലാത്ത പ്രായത്തിലെന്ന് പറഞ്ഞാലും, തെറ്റായ ചെയ്തികളെല്ലാം ജീവിതത്തിന്റെ ഏതെങ്കിലുമൊരു നാൾവഴിയിൽ നിന്ന് തിരിഞ്ഞ് കൊത്തുമെന്ന് പറയുന്നതെത്ര ശരിയാണല്ലേ…!!!

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *