‘എനിയ്ക്ക് നിന്നെ എൻ്റെ ഇഷ്ടത്തിന് മതിവരുവോളം ഉമ്മ വെയ്ക്കണം അന്നേ…. അതുപോലെയെനിയ്ക്ക് തോന്നുമ്പോഴെല്ലാം നിന്നെ കെട്ടിപിടിക്കുകയും എന്റെ നെഞ്ചിൽ ചേർത്തു പിടിച്ച് നിന്റെ കൂടെ കിടന്നുറങ്ങുകയും വേണമെനിയ്ക്ക്…
ഇതെല്ലാം എന്റെ സ്വപ്നമല്ലാതെ യാഥാർത്ഥ്യമാവണമെങ്കിൽ നമ്മുടെ കല്യാണം നടക്കണം.. ഞാൻ എത്രയും പെട്ടന്ന് നിന്നെ കല്യാണം കഴിച്ചോട്ടെ അന്നേ….?
തന്നെ ഞെട്ടി പകപോടെ നോക്കുന്ന അന്നയെ കണ്ണെടുക്കാതെ തിരികെ നോക്കി അവളുടെ മുഖത്തേയ്ക്ക് തൻ്റെ മുഖമടുപ്പിച്ച് അലക്സ് ചോദിച്ചതും ശ്വാസം നിലച്ച പോലെ അലക്സിനെ തുറിച്ചു നോക്കി അന്ന…
ഇങ്ങനെയാണോ ഒരു പെൺകുട്ടിയോട് ഒരു പുരുഷൻ വിവാഹാഭ്യർത്ഥന നടത്തുന്നത്… അതും ഫുൾ യൂണിഫോമിൽ നിൽക്കുന്ന ഒരു
ഐപിഎസ് ഓഫീസർ….
താൻകേട്ട കാര്യമെന്താണെന്ന് ഒന്നുകൂടിയവൾ ചിന്തിച്ചതും ഒരു പരവേശം നിറഞ്ഞവളിലാകെ…
ഒരു തളർച്ച ശരീരത്തെ കീഴടക്കുന്നുണ്ടെന്ന് തോന്നിയതും അരികെ നിർത്തിയിട്ട അവന്റെ ബുള്ളറ്റിൽ മുറുകെ പിടിച്ച സ് അവനെ കൂർപ്പിച്ചു നോക്കി..
” സാറെന്തൊക്കെയാണ് ഈ പറയുന്നത്…?
എ…. എനിയ്ക്ക് നിങ്ങളോട് ഇഷ്ടമില്ല സാർ.. ഇഷ്ടമില്ലെന്നു മാത്രമല്ല പേടിയുമാണ്…
നമുക്ക് ഒട്ടും ഇഷ്ടമില്ലാത്തൊരാളെ… നല്ല ഭയമുള്ള ഒരാളെ എങ്ങനെയാ അലക്സ് സാറെ നമ്മൾ കല്യാണം കഴിക്കുക….
ഒന്നോ രണ്ടോ ദിവസത്തേക്കുള്ളതല്ലല്ലോ ഈ വിവാഹം എന്നു പറയുന്നത്… അതൊരു ലൈഫ് ലോംങ് യാത്രയല്ലേ… എന്റെ ആ യാത്രയിൽ സാറിനെ എന്റെ കൂടെ കൂട്ടാൻ എനിയ്ക്ക് ഒട്ടും താൽപര്യമില്ല സാർ… ഞാനൊരു സാധാരണക്കാരിയാണ്… എനിയ്ക്ക് പങ്കാളിയായ് വേണ്ടതും ഒരു സാധാരണക്കാരനെയാണ്… സാറിനെ പോലൊരാളെ ഒന്നും എനിയ്ക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റില്ല… അതിൽ തന്നെ സാറിന്റെ ജോലി… എന്റെ എക്കാലത്തെയും പേടികളിൽ ഒന്നാണ് പോലീസെന്നത്…
അതു കൊണ്ട്
ഈ പ്രെപ്പോസലിൽ നിന്ന് സാറെന്നെ ദയവായൊന്നു ഒഴിവാക്കി വിടണം…
പിടപ്പോടെ അന്ന പറയുമ്പോഴും അവന്റെ നോട്ടമത്രയും അവളിലാണെങ്കിലും അവളുടെ വാക്കുകൾ കേട്ട് ഒന്നവളെ ഇരുത്തി നോക്കി അലക്സ്…
“ഈ കാര്യത്തിലെനിയ്ക്ക് ബഹുമാനമുണ്ട് സാറിനോട്…. ഉള്ളിൽ തോന്നിയൊരിഷ്ടം സാറെന്നോടാണല്ലോ ആദ്യം പറഞ്ഞത്… അതെങ്ങനെയാണെങ്കിലും… അതിനുള്ള മറുപടിയും ഞാൻ തന്നു… ഇതിവിടെ കഴിഞ്ഞു… ഇനിയൊരു സംസാരം വേണ്ടല്ലോ ഇതിന്റെ പേരിൽ നമ്മളു തമ്മിൽ… എല്ലാം പറഞ്ഞു കഴിഞ്ഞല്ലോ
ഇനി ഞാനെന്നാൽ പൊയ്ക്കോട്ടെ സാർ…. പതിവു സമയത്തു എന്നെകണ്ടില്ലെങ്കിൽ അപ്പച്ചനും അമ്മച്ചിയും പേടിയ്ക്കും… പൊയ്ക്കോട്ടെ ഞാൻ….
അവന്റെ നോട്ടത്തിൽ അസാധാരണമാം വിധം ഹൃദയമിടിപ്പ് ഉയർന്നിട്ടും ശരീരമാകെ വിയർപ്പിൽ കുതിർന്നിട്ടും ഉള്ളിലെ പതർച്ച പുറത്തു കാണിക്കാതെ തന്റെ മനസ്സവനുമുമ്പിൽ തുറന്നിട്ടു അന്ന…
തന്റെ സംസാരത്തിനുള്ള അന്നയുടെ മറുപടി എന്താണെന്നറിഞ്ഞിട്ടും മടങ്ങി പോവാനവൾ അനുവാദം ചോദിച്ചിട്ടും ഒന്നും പറയാതെ തന്റെ മുമ്പിൽ നിൽക്കുന്ന ആ ചുരുണ്ട മുടിയുള്ള, പളുങ്ക് കൃഷ്ണമണികളുള്ള പെൺക്കുട്ടിയെ തന്നെ കൺചിമ്മാതെ നോക്കി നിന്നു അലക്സും… അവളെ കണ്ണിലും മനസ്സിലും പൂർണ്ണമായും നിറയ്ക്കാനെന്ന പോലെ….
സാർ….
മറുപടിയൊന്നും പറയാതവൻ തന്നെ തന്നെ മിഴി ചിമ്മാതെ നോക്കി നിൽക്കുന്നതു കണ്ടതും നാലു ചുറ്റും പരിഭ്രമത്തോടെ നോക്കി അവനെ ശബ്ദമുയർത്തി വിളിച്ചു അന്ന….
റോഡരിക്കാണ്… നടന്നും വാഹനങ്ങളിലുമായ് പോവുന്ന ആളുകളുടെയെല്ലാം ഒരു നോട്ടം തങ്ങളിൽ വീഴുന്നതറിയുന്നുണ്ടവൾ…
അതിനു കാരണം ആറടി പൊക്കത്തിലും അതിനൊത്തവണ്ണത്തിലും ഫുൾ യൂണിഫോമിൽ തന്റെ അരികിൽ നിൽക്കുന്നവന്റെ എടുപ്പും പ്രൗഡിയും ആണെന്ന് ആരും പറയാതെ തന്നെ അറിയാം അവൾക്ക്… ആരും നോക്കി പോകുന്ന സൗന്ദര്യത്തിലൊരാണൊരുത്തൻ തന്നെയാണ് അലക്സ്… അതിലന്നയ്ക്കും സംശയമൊന്നുമില്ല…
“അന്ന അന്നയുടെ കാര്യം പറഞ്ഞു… ഞാൻ എന്റെയും…. എനിയ്ക്ക് വിവാഹം കഴിക്കണമെന്ന് തോന്നിയ എന്റെ മനസ്സും ശരീരവും ഒരുപോലെ പങ്കു വെക്കണമെന്ന് തോന്നിയ ഒരേയൊരു പെൺക്കുട്ടി നീയാണ് അന്നേ… നിന്നോടു തോന്നുന്ന ഒന്നും എനിയ്ക്കിതുവരെ മറ്റൊരു പെണ്ണിനോടും തോന്നിയിട്ടില്ല എന്റെ ജീവിതത്തിൽ… ഇനി തോന്നുമെന്ന പ്രതീക്ഷയുമില്ല… പക്ഷെ എന്റെ മാത്രമല്ലല്ലോ തന്റേം കൂടി ജീവിതമല്ലേ… നിർബന്ധിക്കാൻ പറ്റില്ലല്ലോ… പക്ഷെ അന്ന അന്നയുടെ ജീവിതത്തിലേക്ക് മറ്റൊരാളെ കൂടെ കൂട്ടി എന്നറിയുന്നതുവരെ ഞാൻ അന്നയ്ക്കായ് കാത്തിരിയ്ക്കും കേട്ടോ…. ”
അത്ര നേരവും അവളിൽ നിന്ന് നോട്ടം മാറ്റാതെ വെച്ചവൻ അതു പറയുമ്പോൾ മാത്രം അവളിൽ നിന്ന് തന്റെ മുഖവും കണ്ണുകളും വെട്ടിച്ചു മാറ്റി… അവൾ കാണരുത് തന്റെ നിറഞ്ഞ കണ്ണുകൾ എന്ന വാശിയോടെ തന്നെ… അത്രത്തോളം ഹൃദയത്തിൽ പതിഞ്ഞു പോയവളാണ് തന്നെയും തന്റെ പ്രണയത്തെയും വേണ്ടെന്നു വെച്ച് പോകുന്നത്….
എന്നാൽ അലക്സിന്റെ ആ വാക്കുകൾ അവളെയാകെയൊന്ന് ഉലച്ചു..
“അന്ന ചെല്ലാൻ നോക്ക്… കാത്തിരിയ്ക്കുന്ന വീട്ടുക്കാരെ ഭയപ്പെടുത്തണ്ട… എനിയ്ക്ക് പിന്നെ എന്നെ കാത്തിരിക്കാനൊരാൾ പോലും ഇല്ലാത്തതു കൊണ്ട് നേരോം കാലോം ഒന്നുമില്ല വീട്ടിൽ ചെല്ലാൻ…
അന്നയോടു പറയുന്നതിനിടയിൽ തന്നെ അലക്സ് കൈകാണിച്ചൊരു ഓട്ടോറിക്ഷ നിർത്തിച്ചതും പിന്നീടവനോടൊന്നും പറയാൻ സാധിക്കാതെ അന്നയ്ക്കവിടെ നിന്ന് മടങ്ങേണ്ടി വന്നെങ്കിലും ആ ഓട്ടോറിക്ഷ കണ്ണിൽ നിന്ന് മറയുവോളം അതിലേക്ക് തന്നെ നോക്കി നിൽക്കുന്നവനെ അവളും കണ്ടിരുന്നു…
ഒരു കേസുമായ് ബന്ധപ്പെട്ട് യദൃശ്ചയാ പരിചയപ്പെട്ട രണ്ടു പേർ… അതിലൊരാൾക്ക് മറ്റൊരാളോടു തോന്നിയ പ്രണയം…. ഒരൊറ്റ നോ യിലൂടെ എല്ലാം അവസാനിച്ചെന്ന് അന്ന കരുതിയെങ്കിലും ഒന്നും അങ്ങനെ പെട്ടന്ന് അവസാനിക്കില്ലെന്ന് അന്നയ്ക്ക് തോന്നിയ ദിവസങ്ങളായിരുന്നു പിന്നീടവളെ തേടിയെത്തിയത്…
അന്നയുടെ ചിന്തകളിലെപ്പോഴും അലക്സ് നിറഞ്ഞു നിന്നു തുടങ്ങി…. ഏതാൾക്കൂട്ടത്തിലും അലക്സിനെ തേടുന്ന മിഴികളെയും അവനായ് പിടയുന്ന ഹൃദയത്തെയും ശാസിച്ചു മടുത്തു പോയന്ന….
അലക്സിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല… എത്രയെല്ലാം അന്നയെ ബുദ്ധിമുട്ടിക്കില്ലാന്ന് കരുതിയവൻ അവളിൽ നിന്നൊഴിഞ്ഞു മാറാനും അവളെ കാണാതിരിക്കാനും ശ്രമിച്ചാലും അവന്റെ കണ്ണുകളും ശരീരവും എപ്പോഴും എവിടെയും നേടിയത് അവളെ മാത്രമായിരുന്നു…
പതിവിലും നേരത്തെ ഉറക്കമുണർന്ന അന്നയന്ന് തന്റെ മാതാപിതാക്കളെ തനിയ്ക്ക് അരികെ പിടിച്ചിരുത്തി പറഞ്ഞത് താൻ അലക്സിനെ കല്യാണം കഴിക്കാൻ ആഗ്രഹിയ്ക്കുന്നു എന്നാണ്.. തന്റെ ജീവിതത്തിൽ അലക്സില്ലാതെ തനിയ്ക്കിനി ഒരിത്തിരി പോലും മുന്നോട്ടു പോവാൻ സാധിക്കില്ലെന്നു അവൾ മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയതെല്ലാം…
മകളെ എന്നോ മനസ്സിലാക്കിയ അവളുടെ വീട്ടുകാർക്ക് അവളെ മനസ്സിലാക്കാൻ എളുപ്പമായതും അലക്സിനെ അവന്റെ വീട്ടിൽ ചെന്ന് കാണാനുറപ്പിച്ച് വേഗം ഒരുങ്ങിയിറങ്ങി അന്നയും….
അലക്സ് ഓഫീസിലേക്ക് പുറപ്പെടാനൊരുങ്ങി നിൽക്കുമ്പോഴാണ് അന്ന അവന്റെ മുമ്പിലേക്ക് ചെല്ലുന്നത്…
ഒട്ടും പ്രതീക്ഷിക്കാതെ അത്ര രാവിലെ അന്നയെ തന്റെ വീട്ടിൽ കണ്ടതും അമ്പരന്നു അലക്സ്… മിഴിഞ്ഞവന്റെ കണ്ണുകൾ….
എനിയ്ക്ക് സമ്മതമാണ് സാറിനെ വിവാഹം കഴിക്കാൻ…. എന്നെ കൂടെ കൂട്ടാമോ സാറിന്റെ ജീവിതത്തിലേക്ക്…..
നിറമിഴികളോടെ ചോദിക്കുന്നവളെ വാരിനെഞ്ചിലേക്കു ചേർത്തു പിടിയ്ക്കുമ്പോൾ അലക്സ് കരയുക തന്നെയായിരുന്നു സത്യത്തിൽ….
അന്നയും ഞെട്ടി അവന്റെ കണ്ണുനീർ തുള്ളികൾ മുഖത്തു വീണപ്പോൾ…
എന്താ…. എന്നാത്തിനാ കരയുന്നെ….?
അവന്റെ കയ്യിൽ നിന്നടർന്നു മാറി അന്ന ചോദിച്ചതും അടുത്തുള്ള മേശയിലേക്ക് നീണ്ടു അലക്സിന്റെ കണ്ണുകൾ….
അവയെ പിന്തുടർന്ന അന്ന കണ്ടു അവന്റെ തൊപ്പിയ്ക്കരികിലായിരിക്കുന്നൊരു ലെറ്റർ
തുറന്നു വായിച്ചതും പകപ്പോടെ അലക്സിനെ നോക്കിയവൾ…
ജോ…. ജോലി രാജി വയ്ക്കുകയോ…. എന്തിന്….?
ചോദിയ്ക്കുമ്പോൾ വിറച്ചിരുന്നു അവളുടെ ശബ്ദം
നിനക്ക് പോലീസുക്കാരെ ഇഷ്ടമില്ലല്ലോ… ആഗ്രഹിച്ചു നേടിയ ജോലിയെക്കാളിഷ്ടമാണെടി പെണ്ണെ നിന്നെ എനിയ്ക്ക്… നിനക്ക് വേണ്ടി…. നിന്നെ നേടാൻ… എന്തും ഉപേക്ഷിയ്ക്കും അന്ന ഞാൻ… അത്രയ്ക്കും എനിയ്ക്കിഷ്ട്ടാണ് നിന്നെ…
കാതോരം അലക്സ് പറയുമ്പോൾ കണ്ണീരോടെ അവനെ തന്നിലേക്ക് ചേർത്തു അവന്റെ നെഞ്ചിൽ മുഖം ചേർത്തു പൊട്ടി കരഞ്ഞു അന്ന….
എനിയ്ക്കീ പോലീസുകാരനെ മതി എന്റെ ജീവിതത്തിൽ… ഭയമില്ലെനിയ്ക്കിപ്പോൾ…
കരച്ചിലിനിടയിൽ പറയുന്നുണ്ടൊരുവൾ….
ഇഷ്ടവും പ്രണയവും ഇങ്ങനെ തന്നെയാണ്… എന്തും ത്യജിയ്ക്കും… ഏതനിഷ്ടവും ഇഷ്ടമാവും… ഇവരെ പോലെ….
✍️ RJ
