✍️ RJ
” എത്ര മാസങ്ങളായ് ദാസേട്ടാ എന്നെ ആ ശരീരത്തോടൊന്ന് ചേർത്ത് പിടിച്ചിട്ട്…. എന്നോട് സ്നേഹത്തിലെന്തെങ്കിലും രണ്ട് വാക്ക് മിണ്ടിയിട്ട്…
പരിഭവത്തെക്കാളധികം സങ്കടം നിറഞ്ഞു നിൽക്കുന്ന ശബ്ദത്തിൽ രാധിക ചോദിച്ചതിനവളെ അലസമായൊന്നു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ദാസൻ…
ശീലമായ ദാസന്റെ നിശബ്ദത ഇത്തവണ വല്ലാതെ സങ്കടപ്പെടുത്തി രാധികയെ…
രാവന്തിയോളം അവന്റെ വീട്ടിലെ വേലക്കാരിയെ പോലെയാണ് താനെന്ന ചിന്ത രാധികയുടെ മനസ്സിലെ ചിന്തകൾക്ക് കടുപ്പമേറ്റിയതും ഒരു തേങ്ങൽ പുറത്തേക്ക് തെറിച്ചവളുടെ ഉള്ളിൽ നിന്നും….
“കരഞ്ഞു മോങ്ങി ഇവിടെ കിടക്കാൻ പറ്റില്ല രാധികേ… ബാക്കിയുള്ളവൻ
വൈകുന്നേരംവരെ ആ ബാങ്കിൽ കുത്തിയിരുന്നു നടുവേദനയെടുത്ത് മടുത്തൊന്നു നടുനിവർത്താൻ കിടക്കുന്ന നേരത്താണവളുടെ പൂങ്കണ്ണീര്…. ”
രാധികയുടെ കരച്ചിൽ കേട്ട മാത്രയിൽ ദാസൻ ദേഷ്യത്തിൽ അവൾക്കു നേരെ ചീറിയെങ്കിലും രാധികയുടെ ശ്രദ്ധ പോയതവന്റെ നടുവേദന എന്ന വാക്കിലേക്കാണ്…
“നല്ല നടുവേദന ഉണ്ടോ ദാസേട്ടാ..?
ഞാൻ കുഴപ്പിട്ട് ചൂടുപിടിച്ച് തരട്ടേ..?
അത്ര നേരവും തേങ്ങികരഞ്ഞവൾ പെട്ടന്നൊരാധിയോടെ ദാസനിലേക്ക് ചെരിഞ്ഞു കിടന്നവന്റെ നടുവിൽ കയ്യമർത്തിവെച്ച് ചോദിച്ചതും തന്റെ ശരീരത്തിൽ പതിഞ്ഞ അവളുടെ കൈ ഒരൊറ്റ തട്ടായിരുന്നു ദാസൻ…
“എന്തെങ്കിലുമൊരു കാരണം കാത്തു നിൽക്കുവാണവൾ മനുഷ്യന്റെ ശരീരത്തിൽ കയറി ഒട്ടാൻ….
വെറുപ്പോടെയുള്ള ദാസന്റെ വാക്കുകൾ കാതിൽ പതിഞ്ഞതും പൊള്ളിയതു പോലെ കിടക്കയിലെഴുന്നേറ്റിരുന്നു പോയവൾ…
പണ്ടെല്ലാം താൻ അകന്നു കിടന്നാൽ നിന്റെ ചൂടും ചൂരും ഇല്ലാതെ ഉറങ്ങാൻ പറ്റില്ലെടീന്നു പറഞ്ഞു തന്നോട് ഒട്ടിയൊട്ടി വന്നിരുന്നവന്റെ ഇന്നത്തെ മാറ്റം വിശ്വസിക്കാൻ കഴിയാതെ കരയാൻ പോലും മറന്നവിടെ തരിച്ചിരുന്നു പോയവൾ…
ശബ്ദമുണ്ടാക്കാതെ ആ മുറിയിൽ നിന്നിറങ്ങി രാധിക പുറത്തേക്ക് പോവുന്നതറിഞ്ഞിട്ടും കിടന്ന കിടപ്പിൽ നിന്നനങ്ങുകയോ അവളെ തിരികെ വിളിക്കുകയോ ചെയ്തില്ല ദാസൻ…..
” പത്തു മുപ്പത്തഞ്ചു വയസ്സായപ്പോഴേക്കും വയസ്സികളുടെ പോലെയായവളുടെ തടിയും സ്വഭാവവും.. ഇനി കുറെ കെട്ടിപ്പിടിച്ച്
പുന്നാരിക്കാഞ്ഞിട്ടാണ്… നാശം പിടിച്ചതിനെയൊന്നും കിടക്കുന്ന മുറിയിലേക്ക് പോലും കയറ്റാൻ കൊള്ളില്ല…. ”
മുറിയ്ക്ക് പുറത്തേക്ക് കടക്കും മുമ്പ് ദാസൻ പിറുപിറുത്തത് വ്യക്തമായ് കേട്ടു രാധിക…
എത്ര അമർത്തിയിട്ടും ഒരു തേങ്ങൽ പുറംച്ചാടി അവളുടെ ഉള്ളിൽ നിന്നും….
രാവെളുക്കുവോളം ഹാളിലെ സോഫയിലിരുന്ന് കണ്ണീർ വാർക്കുന്നവളെ ദാസന്റെ അമ്മയും കാണുന്നുണ്ടായിരുന്നു….
രാധികേ….. ഡീ….
എഴുന്നേറ്റു വരുമ്പോഴേ കയ്യിൽ കിട്ടാറുള്ള പതിവ് കാപ്പി കിട്ടാതെ വന്നതും അടുക്കള വാതിൽ കടന്നു രാധികയെ തേടി ദാസന്റെ വിളിയെത്തി….
“ഒരു കാപ്പിയ്ക്ക് ഇത്രയും അലറി വിളിക്കണ്ട ദാസാ ….ഒന്നടുക്കള വരെ ചെന്നാൽ നിനക്ക് തന്നെ എടുത്തു കുടിച്ചൂടെ…. ആ പെണ്ണവിടെ വേറെന്തോ തിരക്കിലാണ്…”
ദാസന്റെ വിളിക്കേട്ടെത്തിയ അമ്മ സാധാരണയെന്ന പോലെ അയാളോടു പറഞ്ഞിട്ട് വേറെ ജോലിയിലേക്ക് തിരിഞ്ഞതും അമ്മയെ തറപ്പിച്ചു നോക്കി രാധികയെ ചീത്ത വിളിച്ചടുക്കളയിലേക്ക് നടന്നു ദാസൻ
അതൊരു തുടക്കം മാത്രമായിരുന്നു ദാസന്…
ആ വീട്ടിലും പറമ്പിലും അവരുടെയെല്ലാം ജീവിതത്തിലും എണ്ണയിട്ട മിഷ്യൻ പോലെ ദിവസേനെ ഓടികൊണ്ടിരുന്ന രാധിക തന്റെ ആ വക ഉത്തരവാദിത്തങ്ങളെല്ലാം ഒഴിഞ്ഞതോടെ പറമ്പിൽ നിന്ന് ആദായവും തൊഴുത്തിൽ നിന്ന് പശുക്കളും അപ്രത്യക്ഷമായ്….
മായമില്ലാത്ത പശുവിൻ പാലെന്ന ചിന്തയിൽ ദാസൻ വാങ്ങിയ പശുക്കളുടെ കാര്യങ്ങളും ഏക്കറുകളോളം നീണ്ടു കിടക്കുന്ന തെങ്ങിൻ തോട്ടങ്ങളുമെല്ലാം രാധികയുടെ മാത്രം ഉത്തരവാദിത്തമായിരുന്നു ഇക്കാലം വരെ…
എന്നാലതെല്ലാം ഒരു രാത്രി ഇരുട്ടിവെളുത്തതു മുതൽ ദാസന്റെ ചുമലിലെത്തിയതും തളർന്നവൻ…
രാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിച്ച് നീറ്റായ് വസ്ത്രം ധരിച്ച് ബാങ്കിലേക്ക് പൊയ്ക്കൊണ്ടിരുന്ന ദാസൻ പിന്നീട് പലപ്പോഴും ഒഴിഞ്ഞ വയറോടെയും ചുളിവ് വീണ ഷർട്ടോടെയും ബാങ്കിൽ പോയ് തുടങ്ങി…
ഒന്നിനും സമയം തികയാത്തൊരവസ്ഥയിൽ ആകെ ഭ്രാന്തെടുത്തു തുടങ്ങി ദാസന്….
രൂപത്തിലും ഭാവത്തിലും അവനറിയാതെ
തന്നെയവന് പ്രായമേറി…
“അമ്മേ രാധികയെ ഞാനെന്റെ ഭാര്യയായി ഇവിടേക്ക് കൊണ്ടുവന്നത് എന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനാണ്… ഇതിപ്പോളവൾ എന്റെ കാര്യം നോക്കുന്നില്ലാന്നു മാത്രമല്ല ഒരേ വീട്ടിൽ താമസിക്കുന്ന ഞാനവളെ കണ്ടിട്ട് തന്നെ മാസം രണ്ടായ്…. രാത്രി അവളുടെ കിടപ്പു പോലും അമ്മയ്ക്കൊപ്പമല്ലേ….?
ഞാനറിയാത്ത എന്തു തിരക്കാണവൾക്ക്… ഇന്നവളെ കണ്ടിട്ടേ ഞാനുറങ്ങൂ…. പറഞ്ഞേക്കമ്മ അമ്മയുടെ മരുമകളോട്…. ”
ദേഷ്യത്തിലമ്മയോടു പറഞ്ഞ് ബെഡ് റൂമിൽ കയറിയ ദാസന് ആകെ നിരന്നും വലിച്ചു വാരിയും കിടക്കുന്ന മുറി കൂടി കണ്ടതും നിയന്ത്രണം വിട്ടു…
ഒരിത്തിരി പോലും സാധനങ്ങൾ സ്ഥാനം മാറാത്ത ടേബിളും ,ചുളിവുകളില്ലാതെ വിരിച്ചിട്ട കിടക്കയുമെല്ലാം ദാസൻ കണ്ടിട്ട് രണ്ടു മാസത്തോളമായ്….
അന്നിറങ്ങി പോയതിൽ പിന്നെ മുറിയിലേക്ക് വന്നിട്ടില്ല രാധിക…അമ്മയ്ക്കും ചിലപ്പോൾ തങ്ങളുടെ മകൾക്കും ഒപ്പമാണവളുടെ കിടത്തം എന്നറിഞ്ഞിട്ടും അവളെ തിരിച്ചുവിളിച്ച് താഴ്ന്നു കൊടുക്കാനൊരുക്കമായിരുന്നില്ല ദാസൻ…
തന്റെ അന്നത്തെ വാക്കുകൾക്കും പ്രവർത്തികൾക്കും കടുപ്പമേറിയിരുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും രാധികയോട് സോറി പറഞ്ഞില്ല ദാസൻ…
തന്റെ വീട്ടിലെ ജോലിഭാരം കൊണ്ടാണ് തന്റെ ഭാര്യയ്ക്ക് പ്രായമേറിയതെന്നും താൻ ചെറുപ്പമായിരിക്കാൻ കാരണം തന്നെ ടെൻഷനുകൾ അലട്ടാത്ത വിധം തന്റെ കുടുംബത്തെ കാര്യങ്ങൾ രാധിക കൈകാര്യം ചെയ്തിരുന്നതുകൊണ്ടാണെന്നും ഇന്നറിയാം അവന്…. കാരണം അന്നറിയാതിരുന്ന എന്നാൽ ഇന്നറിയുന്ന പലതും അവനിലും പ്രായമേറ്റിയിട്ടുണ്ട്…
ദാസേട്ടാ…. മുറിയിലേക്ക് കയറിക്കോട്ടെ…
വാതിൽക്കൽ വന്നു ചോദിക്കുന്ന രാധികയെ മിഴിച്ചു നോക്കി ദാസൻ…
പതിമൂന്നു വർഷം മുമ്പ് താൻ കണ്ടിഷ്ടപ്പെട്ട രാധിക തന്റെ മുമ്പിൽ വന്നു നിൽക്കുന്ന പോലെ… അത്രയ്ക്കും തുടിപ്പും സൗന്ദര്യവും ഉണ്ടാവളിലിന്ന്…
അറിഞ്ഞിരുന്നു ഒരിക്കലുപേക്ഷിച്ച നൃത്തത്തെ അവൾ തന്നോടുള്ള വാശിക്ക് കൂടെ കൂട്ടിയതും.. അവൾക്ക് ചുറ്റും ശിഷ്യഗണങ്ങൾ ഉണ്ടായതും..
രാധികേ…. ഞാൻ… എനിയ്ക്ക്….
തനിയ്ക്ക് മുമ്പിൽ ആത്മവിശ്വാസം തുളുമ്പുന്ന ഭാവത്തിൽ നിൽക്കുന്നവളെ നോക്കി എന്തോ പറയാൻ ദാസൻ ശ്രമിച്ചതും വാക്കുകൾ തടഞ്ഞവന്റെ തൊണ്ടയിൽ…
“ദാസേട്ടന്റെ കാര്യങ്ങൾ ശ്രദ്ധിക്കാനാണ് എന്നെ ഇങ്ങോട്ടു കൊണ്ടുവന്നതെന്ന് ഞാൻ മറന്നു പോയിടയ്ക്ക്… സോറി… പറഞ്ഞോളൂ ഞാനെന്താണ് ചെയ്തു തരേണ്ടത്….?
അവനടുത്ത് വന്നു നിന്ന് രാധിക ചോദിച്ചതും മുഖം പൊത്തി കിടക്കയിലേക്കിരുന്നു പോയ് ദാസൻ….
എടുത്താൽ പൊങ്ങാത്ത ചുമട് തലയിൽ വെച്ച് കൊടുത്തിട്ട് കാലിടറാതെ നടക്കാൻ പറഞ്ഞാൽ അതനുസരിക്കാൻ എല്ലാവർക്കും കഴിയില്ല ദാസാ…. ഭാരം പകുത്തെടുക്കാനും കൈ പിടിച്ച് കൂടെ നടത്താനും പറ്റണം ഒരു പങ്കാളിയ്ക്ക്… അതല്ലാതെ കുറ്റപ്പെടുത്താൻ പോയാൽ എന്റെ മോൻ ഒറ്റപ്പെട്ടു പോവും ഇനിയുള്ള ജീവിതത്തിൽ….. ”
രാധികയ്ക്ക് പിന്നാലെ മുറിയിലേക്ക് കയറി വന്ന അമ്മയുടെ വാക്കുകളിൽ അടങ്ങിയിരിക്കുന്ന തനിയ്ക്കുള്ള മുന്നറിയിപ്പ് തിരിച്ചറിഞ്ഞതും രാധികയുടെ ഇരു കൈകളും തന്റെ കൈകളാൽ പൊതിഞ്ഞു ദാസൻ
പറഞ്ഞ വാക്കുകൾക്കും ചെയ്ത പ്രവർത്തികൾക്കുമെല്ലാം മാപ്പ്…. ഇനിയാവർത്തിക്കില്ല….
തകരാനുള്ളത് തന്റെ ജീവിതമാണെന്ന്, തെറ്റുകൾ സംഭവിച്ചത് തനിയ്ക്കാണെന്ന് തിരിച്ചറിഞ്ഞവൻ മാപ്പു ചോദിക്കുമ്പോൾ അവനോടു ക്ഷമിക്കാനുള്ള മനസ്സ് രാധികയും കാട്ടി…. നിറഞ്ഞ സന്തോഷത്തോടെ അവരെ ആ മുറിയിലാക്കി പുറത്തേക്കിറങ്ങിയ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നന്നേരം….
തകരാൻ തുടങ്ങിയ തന്റെ മകന്റെ കുടുംബ ജീവിതം തിരികെ മടക്കി നൽകിയ സന്തോഷത്തിന്റെ കണ്ണുനീരായിരുന്നത് എന്നു മാത്രം…..
RJ
