താലികെട്ടി കൊണ്ടുവന്നവർ തന്റെ ഭോഗ വസ്തു ആണെന്ന് ചിന്തയിൽ ആയിരുന്നു അയാൾ ഓരോ നിമിഷവും പെരുമാറിയത്…

(രചന: മിഴി മോഹന )

” ഉപ്പും ഇല്ല മുളകും ഇല്ല…. വായിൽ വെച്ച് മനുഷ്യനെ കഴിക്കാൻ കൊള്ളാവുന്നതാണോ ഉണ്ടാക്കി വെച്ചിരിക്കുന്നത്…”

മനോജിന്റെ ഉറക്കെയുള്ള ശബ്ദം കേട്ടുകൊണ്ടാണ് ഗൗരി ഉറക്കത്തിൽ നിന്നും ചാടി എഴുന്നേൽക്കുന്നത്… ആ നിമിഷം അവളുടെ അഴിഞ്ഞു ഉലഞ്ഞു വസ്ത്രങ്ങൾക്കിടയിലൂടെ പൊക്കിൾ ചുഴിയെ ചുറ്റി പിടിച്ചു കൊണ്ട് മഹേഷിന്റെ കൈ അലസം അങ്ങനെ കിടക്കുകയാണ്… അവളുടെ മുടിയിൽ നിന്നും അടർന്നുവീണ മുല്ലപ്പൂ മൊട്ടുകൾ ചുറ്റും ചിതറി കിടപ്പുണ്ട്… അലങ്കരിച്ച പട്ടുമെത്ത അലങ്കോലമായി കിടക്കുന്നു…

ഇന്നലെയാണ് ആ വീട്ടിലേക്ക് ഗൗരി മഹേഷിന്റെ സപത്നിയായി കാലെടുത്തു വെച്ചത്…. പെണ്ണുകാണാൻ വന്നത് മുതൽ പോലീസ്കാരൻ ആയ സ്നേഹസമ്പന്നനായ ഏട്ടനും അമ്മയും അച്ഛനും എല്ലാം മഹേഷിന്റെ വാചാലങ്ങളിൽ നിറഞ്ഞുനിന്നിരുന്നു… ഏട്ടൻ അമ്മയും അവിടെയുണ്ട് പക്ഷേ കൂടുതൽ ഒന്നും ഏട്ടത്തിയമ്മയെ കുറിച്ച് അവൻ പറഞ്ഞു കേട്ടില്ല…

ഏട്ടത്തിയമ്മയെ കുറിച്ച് ചോദിക്കുമ്പോൾ ഒന്നോ രണ്ടോ വാക്കുകളിൽ മാത്രമാണ് മഹേഷും ഉത്തരം പറഞ്ഞിരുന്നത്…

” നിനക്ക് എന്താ ചെവി കേട്ട് കൂടെ… എന്ത് പറഞ്ഞാലും നിന്ന് പൂങ്കണ്ണീര് ഒഴുക്കിക്കോളും…. ഇന്നലെ വന്നു കയറിയ ഒരു പെണ്ണ് അകത്തുണ്ട്…. നിന്നെപ്പോലെ അഷ്ടിക്ക് വക ഇല്ലാത്ത വീട്ടിലെ കൊച്ച് അല്ല അത്… വല്ലതും നല്ലതുപോലെ തിന്നു വളർന്നതാണ്… എടുത്തോണ്ട് പോകുന്നുണ്ടോ…”

വീണ്ടും മനോജിന്റെ ശബ്ദം പുറത്തുനിന്ന് കേൾക്കുന്നതിനൊപ്പം പാത്രം നിലത്തുവീട് ഉടയുന്ന ശബ്ദവും കേട്ടു…

” മഹേഷേട്ടാ… ദേ ഒന്ന് എഴുന്നേറ്റ്… ഏട്ടൻ ഏട്ടത്തിയ വഴക്ക് പറയുന്നതാണെന്ന് തോന്നുന്നു… ”

നഗ്നതയെ മുഴുവൻ വാരിപ്പൊത്തി കൊണ്ട് അവൾ മഹേഷിനെ തട്ടി വിളിക്കുമ്പോൾ അവൻ ഒന്ന് ഞരുങ്ങി…

” നീ അവിടെ കിടക്കാൻ നോക്ക് ഗൗരി.. ഇത് അവർക്ക് സ്ഥിരം ഉള്ളതാണ്.. ഏട്ടൻ ഇഷ്ടപ്പെടാത്തത് എന്തെങ്കിലും കാണിച്ചു കാണും… ഏട്ടന്റെ കയ്യിൽ നിന്നും രണ്ട് അടി വാങ്ങി കഴിയുമ്പോൾ അവിടെ ഇരുന്നു മോങ്ങും.. നീ അതൊന്നും കാര്യമാക്കണ്ട..”

മഹേഷ് പറയുന്നത് ഗൗരിക്ക് അത്രയ്ക്ക് അങ്ങോട്ട് ദഹിച്ചില്ല.. എങ്കിലും അവനോട് മറുപടിയൊന്നും പറയാതെ അവൾ പതുക്കെ എഴുന്നേറ്റു… ദേഹമാസകലം നീറി പുകയുന്നുണ്ട് …. ഒരു വികൃതി കുട്ടിയുടെ കയ്യിൽ മനോഹരമായ ഒരു റോസാപ്പൂ കിട്ടിയാൽ അതിനെ എങ്ങനെ പിച്ചിചിന്തുമോ അതുപോലെ ആയിരുന്നു രാത്രിയിലെ മഹേഷിന്റെ പ്രകടനം…

താലികെട്ടി കൊണ്ടുവന്നവർ തന്റെ ഭോഗ വസ്തു ആണെന്ന് ചിന്തയിൽ ആയിരുന്നു അയാൾ ഓരോ നിമിഷവും പെരുമാറിയത്… ആദ്യദിവസം ആയതുകൊണ്ട് ഗൗരിയും മറുത്ത് ഒന്നും പറഞ്ഞില്ല കിടന്നുകൊടുത്തു….

കുളിയെല്ലാം കഴിഞ്ഞ് ഒന്ന് ഫ്രഷ് ആയി നേരെ അടുക്കളയിലേക്ക് ഗൗരി ചെല്ലുമ്പോൾ അടുപ്പിലെ പുക ഊതി തളർന്നു നിൽക്കുന്ന ഏട്ടത്തിയെ കണ്ടു…

ഗ്യാസ് സ്റ്റൗ അടുത്തുതന്നെയുണ്ട്… അത് കത്തിച്ചിട്ടില്ല പുത്തൻ പോലെ തന്നെ ഇപ്പോഴും ഇരിക്കുന്നു… അപരിചിതമായ ലോകത്ത് വന്നു പെട്ടത് പോലെ ഗൗരി ചുറ്റും ഒന്ന് നോക്കി…

” ചായ.. ”

ചെറിയ ഒരു ചിരിയോടെ ജയന്തി ഒരു ഗ്ലാസിലേക്ക് പകർന്ന ചായ അവളുടെ നേരെ നീറ്റുമ്പോൾ ആണ് ജയന്തിയുടെ നൈറ്റി അവൾ ശ്രദ്ധിക്കുന്നത്… മൊത്തം വെള്ളം കൊണ്ട് തുടച്ചിരിക്കുന്ന പാടാണ്…

” ഇതെന്താ ഏട്ടത്തി ഡ്രസ്സ് മുഴുവൻ വെള്ളമാണല്ലോ.. ”

ഗൗരിയുടെ ചോദ്യം കേട്ടതും ജയന്തി ഒന്നു പരുങ്ങി..

” അത്… അത്… മനോജേട്ടന് ആഹാരം കഴിക്കാൻ കൊടുത്തപ്പോൾ സാമ്പാർ ഒന്നും മറിഞ്ഞതാ… ”

” മറിഞ്ഞതോ… അതോ തലവഴി ഒഴിച്ചതോ..? നൈറ്റിയിലെ തുടച്ചു കളയാൻ നേരം തലയിൽ പറ്റിയത് തുടക്കാൻ മറന്നു അല്ലേ.. ”

ഗൗരി ചൂട് ചായ ഊതി കുടിച്ചുകൊണ്ട് ചോദിക്കുമ്പോൾ ജയന്തി ശ്വാസം ഒന്ന് എടുത്തു വിട്ടു…

” ഹ്ഹ.. ”

” ഞാൻ എല്ലാം കേട്ടു… ഈ കല്യാണ ആലോചന വന്നപ്പോൾ തൊട്ട് തന്നെ എനിക്ക് സംശയം ഉണ്ട്…. ഇപ്പോൾ ബോധ്യമായി… സ്കൂൾ കലാതിലകം ആയിരുന്ന വൈജയന്തിയുടെ അവസ്ഥ ഓർത്തു എനിക്ക് പുച്ഛം ആണ് തോന്നുന്നത് … എന്തിനിങ്ങനെ അയാളുടെ ആട്ടും തുപ്പും കേൾക്കുന്നു.. ”

ഗൗരി എടുത്തടിച്ചത് പോലെ പറഞ്ഞതും ജയന്തി പെട്ടെന്ന് അവളുടെ വാ പൊത്തി..

‘ അയ്യോ പതുക്കെ പറ മോളെ… അമ്മ എങ്ങാനും കേട്ടാൽ അത് മതി… ഇന്നത്തോടെ എന്റെ പൊറുതി ഇവിടെ അവസാനിക്കും.. എന്നെ ഇറക്കി വിടും.. ”

“ഇറങ്ങി പോണം… അതിനുള്ള തന്റേടമെങ്കിലും ഏട്ടത്തി കാണിച്ചാൽ ഇങ്ങനെ നിന്നു കൊള്ളേണ്ട കാര്യമില്ലല്ലോ..”

” എങ്ങോട്ട് പോകാൻ…. ജപ്തി ചെയ്ത് ബാങ്ക് വീണ്ടെടുത്ത വീട്ടിലേക്കോ… ആ വീട് എനിക്കിപ്പോൾ അന്യമാണ്… അച്ഛൻ പോയി അമ്മ ഉണ്ട്… ചേച്ചി കൊണ്ട് പോയി… അവരുടെ കാര്യവും വലിയ കഷ്ടത്തിലാണ്… ഏട്ടൻ കൂലിപ്പണി ചെയ്തു ഉണ്ടാക്കുന്നത് കൊണ്ട് വേണം അഞ്ചാറു വയറു കഴിഞ്ഞുകൂടാൻ… അതിന്റെ ഇടയിലേക്ക് ഞാൻ എന്റെ പിള്ളേരെയും കൊണ്ട് ചെന്നാൽ അവര് കയർ എടുക്കേണ്ടി വരും…. അതിലും നല്ലത് എല്ലാ സഹിച്ചു ഇവിടെ നിൽക്കുന്നതല്ലേ..”

ചെറിയ ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് കറിക്കുള്ളത് എന്തെങ്കിലും കിട്ടുമോ എന്ന് അറിയാൻ തൊടിയിലേക്ക് ഇറങ്ങിയപ്പോൾ ഗൗരിയും പുറകെ ഇറങ്ങി…. ഗൗരിയുടെ വരവിന്റെ ഉദ്ദേശം മനസ്സിലായ ജയന്തി ഒന്ന് ചിരിച്ചു…

” ഞാൻ എങ്ങനെ ഇയാളുടെ കയ്യിൽ വന്ന് പെട്ടു എന്നല്ലേ ആലോചിക്കുന്നത്..? ”

” അയാളുടെ രണ്ടാം കെട്ട് ആണ് ഞാൻ… ആദ്യത്തെ ഭാര്യ…. ”

തൊടിയിൽ നിൽക്കുന്ന ഒരു കൊച്ചു പേര മരത്തിലേക്ക് പോയി അവളുടെ കണ്ണുകൾ…

” സഹികെട്ട് സ്വയം ചെയ്തതാണെന്നും അല്ല അയാൾ കെട്ടിത്തൂക്കിയതാണെന്നും ആളുകൾ പറയുന്നുണ്ട്… കെട്ടിത്തൂക്കിയതാവാനേ വഴിയുള്ളൂ… ആ കുട്ടിയുടെ പോരായ്മ അത് പ്രസവിച്ചില്ല എന്നതായിരുന്നു… കുത്തുവാക്കുകൾ നിറഞ്ഞപ്പോൾ ചിലപ്പോൾ സ്വയം ചെയ്തതും ആകാം…

“അങ്ങനെ ആണ് വലിയ തറവാട്ടുകാരന്റെ ആലോചന എനിക്ക് വന്നത്.. തന്റേതല്ലാത്ത കാരണത്താൽ ഭാര്യ മരിച്ചുപോയി… പോലീസുകാരൻ… മൂത്ത മകളെ വിവാഹം കഴിപ്പിക്കാൻ വേണ്ടി സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുത്തിയ അച്ഛൻ ഹൃദയം പൊട്ടി മരിച്ചു… പിന്നെ എല്ലാം നഷ്ടമായ ഞാനും അമ്മയും ചേച്ചിയുടെ വീട്ടിലായിരുന്നു…

അങ്ങോട്ടാണ് ഈ വിവാഹാലോചന വന്നത്… അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി സമ്മതം മൂളിയത് ആണ്.. എനിക്ക് പിന്നെ രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായതുകൊണ്ട് ആ പോരായ്മ ഇല്ല… പകരം അയാൾ എന്നെ കഴുത്തിൽ താടി കിട്ടുമ്പോൾ എന്റെ കഴുത്ത് പോലും ശൂന്യം ആയിരുന്നു… കുറവുകൾ അവിടെയാണ്…”

ജയന്തി ദീർഘമായി വിശ്വസിച്ചു കൊണ്ട് കഥകളെല്ലാം പറയുമ്പോൾ ഗൗരി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു…

അത്ര മനോഹരമായ വിടർന്ന കണ്ണുകൾ ഇപ്പോഴും ആ കണ്ണുകളിൽ ലാസ്യഭാവം നിലനിൽക്കുന്നു… ഗൗരിയുടെ നോട്ടം മനസ്സിലായതും ജയന്തി പിന്നെയും ചിരിച്ചു..

” അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു എന്നെ ഒരു വലിയ നർത്തകിയായി കാണണം എന്നത്… കടങ്ങൾ കേറി ജീവിതം വഴിമുട്ടിയപ്പോൾ നൃത്തം പാതിവഴിയിൽ ഉപേക്ഷിച്ചു… പിന്നെ അയാൾക്കും അതൊന്നും ഇഷ്ടമല്ല… ആട്ടക്കാരികളുടെ കലയാണ് നൃത്തം എന്നാണ് പറയുന്നത്….”

തന്റെ നിസ്സഹായത ഒരു നിശ്വാസത്തിൽ പറഞ്ഞു തീർത്തുകൊണ്ട് അവൾ അകത്തേക്ക് പോകുമ്പോൾ ഗൗരിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി…

ദിവസങ്ങൾ മുൻപോട്ടു പോയി ഗൗരി പോലും നിസ്സഹായയായി നോക്കി നിൽക്കുകയാണ്… പക്ഷേ മഹേഷിനെ പറഞ്ഞു തിരുത്താൻ അവൾക്ക് ആയി…. ഇന്ന് ജയന്തിക്ക് വേണ്ടി വാദിക്കാൻ മഹേഷും ഗൗരിയും ഉണ്ട്… പക്ഷേ അവർക്കും എല്ലാത്തിലും ഇടപെടുന്നതിൽ ഒരു പരിധി ഉണ്ടായിരുന്നു….

💠💠💠💠

തലയ്ക്കൽ വിളക്ക് വെച്ച് വെള്ള പുതച്ചു കിടക്കുന്ന മനോജിന്റെ മൃതദേഹത്തിന് അടുത്ത് ഇരിക്കുമ്പോൾ ജയന്തിയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയില്ല…

” ആരോ കൊന്നു കെട്ടി തൂക്കിയത് ആണെന്ന പറയുന്നത്… പോലീസിൽ അല്ലേ ശത്രുക്കൾ ഒരുപാട് കാണും… സ്വയം ചെയ്യാനുള്ള തരം ഒന്നും കാണുന്നില്ല… നല്ല ജോലി ഇല്ലേ… സുന്ദരിയായ ഒരു ഭാര്യ ഇല്ലേ രണ്ടു മക്കളുണ്ട്… അപ്പോൾ ഇത് അത് തന്നെ… പക്ഷേ കേസിന് ഒന്നും പോകുന്നില്ലെന്ന ഇളയ ചെറുക്കാൻ പറയുന്നത് കേട്ടത് … അതിനും ജോലിക്ക് പോകണ്ടെ… ഒരു കുടുംബമായില്ലേ… പിന്നെ രണ്ടു പിള്ളേരെയും കൊണ്ട് ആ പെൺകൊച്ച് ഇതിനൊക്കെ പോകുമോ… അപ്പോൾ പിന്നെ ഇത് ആത്മഹത്യ ആണെന്ന് എഴുതി തള്ളും.. ”

ചുറ്റും കൂടി നിന്ന് പറയുന്നവരുടെ വാക്കുകൾ ജയന്തിയുടെ കാതുകളിലേക്ക് വരുന്നുണ്ട്… ആ നിമിഷം തൊടിയിൽ നിൽക്കുന്ന പേരമരത്തിലേക്ക് പോയി അവളുടെ കണ്ണുകൾ… ചുണ്ടിൽ ഒരു പുച്ഛം നിറഞ്ഞു….

മനോജിന്റെ ദേഹം ചാരമായിട്ട് ഇന്നേക്ക് 16 നാൾ… അവസാന കർമ്മവും ചെയ്തു എട്ടുവയസ്സുകാരൻ മകൻ മഹേഷിന്റെ ഒപ്പം നടന്നു വരുമ്പോൾ അവളോട് ചേർന്ന് നിൽപ്പുണ്ട് നാല് വയസ്സുകാരി മകളും ഗൗരിയും…

” ഏട്ടത്തി ഇനി എന്താണ്…? ”

ഗൗരി ചോദിക്കുമ്പോൾ വർഷങ്ങൾക്കുശേഷം മഹേഷ് ജയന്തിയുടെ ചുണ്ടിൽ തെളിഞ്ഞ ഒരു പുഞ്ചിരി കണ്ടു… ഒപ്പം അകത്തേക്ക് പോയവൾ തിരികെ വരുമ്പോൾ കാൽപാദങ്ങളിൽ കിലുങ്ങുന്ന ശബ്ദം…

” ഇനി എനിക്ക് പാതിവഴിയിൽ നഷ്ടമായ സ്വപ്നങ്ങൾ വീണ്ടെടുക്കണം… മഹേഷേ അവസാന നിമിഷങ്ങളിൽ നീ എനിക്ക് വേണ്ടി വാദിച്ചു… എനിക്ക് ഒരു ഉപകാരം കൂടി ചെയ്തു തരണം ഈ വീടിന്റെ ഉമ്മറപ്പടിയിൽ എനിക്കൊരു അൽപസ്ഥലം വേണം… നൃത്തം ചെയ്യാനും താല്പര്യമുള്ള കുട്ടികളെ നൃത്തം പഠിപ്പിക്കാനും…. എനിക്കും ജീവിക്കണം… ബന്ധനങ്ങളിൽ നിന്നും മോചിതയായി എന്റെ മക്കൾക്ക് വേണ്ടി… എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി… ”

ഇന്ന് ജയന്തിയിൽ അന്നത്തെ നിശ്വാസമില്ല.. പകരം ആത്മവിശ്വാസത്തിന്റെ കരുത്ത് ആയിരുന്നു അവളുടെ വാക്കുകളിൽ…. ആ കരുത്തിലെ കൂട്ടുനിൽക്കാൻ ഇന്നവൾക്ക് ഒരു അനിയൻ ഉണ്ട് അനിയത്തിയുണ്ട് അവളുടെ മക്കളുണ്ട്… സ്വപ്നങ്ങൾ നിറവേറ്റാൻ വേണ്ടി ഇന്നു മുതൽ ഒരു പുതുജീവിതത്തിന് തുടക്കം കുറിക്കുകയാണ്… ചില ബന്ധങ്ങൾ അങ്ങനെയാണ് അത് നഷ്ടമായാൽ ജീവിക്കാൻ ഒരു കരുത്താണ്… ആത്മവിശ്വാസമാണ്….

മിഴി മോഹന

Leave a Reply

Your email address will not be published. Required fields are marked *