ഞാനൊരു പെണ്ണിനെ ശരീരം കൊണ്ടറിയുവാണേൽ അവളുടെ കഴുത്തിലെന്റെ മിന്നുണ്ടാവണം… അതെൻ്റെ അമ്മച്ചിയ്ക്ക് ഞാൻ പണ്ടേ….

✍️ RJ

” കർത്താവിൻ്റെ പത്തു കല്പനകളിൽ ചിലതൊന്നും നമ്മുടെ മിന്നു കെട്ടിനു മുമ്പേ ഞാൻ തെറ്റിക്കത്തില്ല ജിൻസി …. ഞാനൊരു പെണ്ണിനെ ശരീരം കൊണ്ടറിയുവാണേൽ അവളുടെ കഴുത്തിലെന്റെ മിന്നുണ്ടാവണം…
അതെൻ്റെ അമ്മച്ചിയ്ക്ക് ഞാൻ പണ്ടേ കൊടുത്ത വാക്കാണ് … അതു ഞാൻ തെറ്റിക്കില്ലെടി…
നീയെന്നെ കൂടുതൽ നിർബന്ധിക്കല്ലേടീ പെണ്ണേ….. ഞാൻ പെട്ടു പോകും കേട്ടോ…

തന്റെ നെഞ്ചിൽ ചാരിയിരുന്നു മെല്ലെ മെല്ലെ തന്റെ കവിളിലൂടെയും നെഞ്ചിലൂടെയും വിരലുകളിഴച്ച് തലോടി തന്നെ പ്രലോഭിപ്പിക്കാൻ നോക്കുന്നവളെ നെഞ്ചിൽ നിന്നകറ്റി എബി പറഞ്ഞതും തന്റെ ഉദ്ദേശം അവൻ മനസ്സിലാക്കിയതിന്റെ ചളിപ്പോടെ അവനിൽ നിന്നിത്തിരി അകന്നു മാറിയിരുന്നു ജിൻസി…

“എനിയ്ക്ക് ഒത്തിരി ഇഷ്ടമാണ് എബി നിന്നെ… എന്റെ ഓരോ ദിവസവും തുടങ്ങുന്നതും ഒടുങ്ങുന്നതുമെല്ലാം നീയെന്ന ചിന്തയിലും പിന്നെ നിനക്ക് ചുറ്റിലുമാണ്…
നിനക്കറിയില്ലേടാ എന്നെ…?

“നീ എന്നോടു ചേർന്നിരിയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം എനിയ്ക്ക് പലപ്പോഴും എന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ല…

‘എത്രയും വേഗം നിന്നെ എന്റേതാക്കാനും എന്നെ നിനക്കു തരാനുമെല്ലാം വല്ലാത്തൊരു കൊതി തോന്നും… അതാണ് ഞാൻ പലപ്പോഴും ഞാൻ പോലുമറിയാതെ നിന്നോടൊട്ടി വന്നു പോവുന്നത്…. നീ എന്റെയാണ് എബി…. ഈ ജന്മം മാത്രമല്ല ഇനി വരുന്ന ഏതു ജന്മത്തിലും നീ എന്റെയാണ്… ആർക്കും വിട്ടുകൊടുക്കില്ല ഞാൻ… അത്രയ്ക്കും ഇഷ്ടമാണ് എനിയ്ക്ക് നിന്നെ…. നിനക്കും എന്നോടതു പോലൊരു ഇഷ്ടമല്ലേ എബീ….?

നിറമിഴികളോടെ മുന്നിലിരുന്ന് ജിൻസി ചോദിച്ചതും എബിയ്ക്കാ പെണ്ണിനോടുള്ളിൽ അടക്കാൻ പറ്റാത്ത അത്രയും സ്നേഹം തോന്നി…

തന്നെ അത്രയേറെ ഇഷ്ടപ്പെടുന്നവളാണ്… ആഗ്രഹിക്കുന്നവളാണ്…. തന്റെ പിന്നാലെ നടന്ന് തന്റെ ഇഷ്ടം പിടിച്ചു വാങ്ങിച്ചവളാണ്… അവളെ കണ്ടില്ലെന്നു നടിയ്ക്കാൻ വയ്യവന്…

തന്റെ അടുത്തേയ്ക്ക് നീങ്ങി വന്നു തന്റെ തോളിലൂടെ കൈ ചേർത്തു പിടിയ്ക്കുന്നവനെ ഒട്ടൊരു അമ്പരപ്പോടെയും ഉള്ളിലൂറുന്ന പരിഹാസചിരിയോടെയും നോക്കി ജിൻസി..

“നമുക്ക് കല്യാണം കഴിച്ചാലോ ജിൻസി…. നിന്റെ വീട്ടിലേക്ക് ഞാനെന്റെ അമ്മച്ചിയെ കൂട്ടിയങ്ങ് വന്നാലോ….? ഇതിനു മുമ്പും ഞാനിത് ചോദിച്ചതല്ലേ കൊച്ചേ നിന്നോട്… നീയല്ലേ സമ്മതിക്കാത്തത്…. ഞാൻ വന്നോട്ടെ എന്റെ അമ്മച്ചിയേയും കൂട്ടി…?

എബിന്റെ ചോദ്യത്തിൽ ജിൻസി നന്നായൊന്നു ഞെട്ടി..

തന്റെ ചോദ്യത്തിൽ ജിൻസിയിലുണ്ടായ ഞെട്ടൽ അവളുടെ ചുമലിൽ ചേർത്ത തന്റെ കയ്യിൽ അറിഞ്ഞു എബി… ഒന്നു ചുളിഞ്ഞു എബിന്റെ മുഖം

“നീയെന്തിനാ ജിൻസീ ഇങ്ങനെ പേടിയ്ക്കുന്നത്…?
നിന്റെ ഞെട്ടൽ കണ്ടാൽ തോന്നും
ഞാൻ നിന്റെ വീട്ടിലേക്ക് വന്നു നിന്നെ പെണ്ണു ചോദിച്ചാൽ നിന്റെ അപ്പൻ നിന്നെ എനിയ്ക്ക് തരത്തില്ലെന്ന്… എനിയ്ക്കെന്താടി ഒരു കുറവ്…?

കുറുമ്പും കുസൃതിയും നിറഞ്ഞ എബിന്റെ മുഖവും സംസാരവും ജിൻസിയെ വല്ലാതെ മോഹിപ്പിച്ചെങ്കിലും വേഗത്തിൽ എബിനരിക്കിൽ നിന്നെഴുന്നേറ്റു മാറി ജിൻസി…

“അങ്ങനൊരു വരവ് ശരിയാവത്തില്ല എബീ… ഞാൻ മുന്നേയും നിന്നോടു പറഞ്ഞിട്ടുണ്ടല്ലോ എന്നെ ഒരു സർക്കാർ ജോലിക്കാരനു മാത്രമേ എന്റെ അപ്പൻ കെട്ടിച്ചു കൊടുക്കത്തുള്ളുവെന്ന്… നീ ഇപ്പോൾ വെറുമൊരു പ്രൈവറ്റ് ബാങ്ക് ജീവനക്കാരനാണ് എബീ… എന്റെ അപ്പൻ ഒരിക്കലും നിനക്ക് എന്നെ കെട്ടിച്ചു തരത്തില്ല… അപ്പനെ വേദനിപ്പിച്ച് നിന്റെ കൂടെ ഞാനിറങ്ങിവരികയുമില്ല… നിനക്ക് നിന്റെ അമ്മച്ചിയോളം വലുതാണ് എനിയ്ക്കെന്റ അപ്പനും….”

എബിയിൽ മിഴികളുറപ്പിച്ച് ജിൻസി പറഞ്ഞു നിർത്തുമ്പോൾ അവളെ കണ്ണെടുക്കാതെ നോക്കി എബി….

തന്നോളം തന്നെ സ്വന്തം അപ്പനെ സ്നേഹിക്കുന്നവളെ ഏറിയ ഇഷ്ടത്തോടെയാണവൻ നോക്കിയത്.. അവളോടുള്ള അവന്റെ സ്നേഹമേറി…

“നിനക്കൊരു ജോലി കിട്ടും വരെ നമ്മൾ കാത്തിരുന്നേ മതിയാവൂ എബീ… ആ കാത്തിരിപ്പ് അതു നമ്മുടെ വിവാഹത്തിനു വേണ്ടി മാത്രമാണ് എബീ… എനിയ്ക്ക് നിന്നെയോ നിനക്ക് എന്നെയോ സ്നേഹിക്കാൻ ഒരു കാത്തിരിപ്പിന്റെയും ആവശ്യമില്ലെടാ…. ഞാനെന്നും ഏതവസ്ഥയിലും നിന്റേതു മാത്രമാണ്… നീയൊന്നു മനസ്സുവെച്ചാൽ മാത്രം മതി… നമ്മക്കടിച്ചു പൊളിച്ചു ജീവിയ്ക്കാം എബീ നമ്മുടെ വിവാഹം വരെ… ”

നീ എന്താ ജിൻസീ പറഞ്ഞു വരുന്നത്…?

ജിൻസിയുടെ സംസാരത്തിൽ എബിയുടെ മുഖത്ത് അത്ര നേരവും ഉണ്ടായിരുന്ന ശാന്തത മാറി അവിടെ ഗൗരവം പ്രത്യക്ഷപ്പെട്ടിരുന്നു…

ഞാനെന്താണ് പറഞ്ഞതെന്ന് എബിയ്ക്ക് നന്നായി അറിയാം…. നമ്മുടെ സന്തോഷം നിറഞ്ഞ ജീവിതം നമുക്ക് ആഘോഷിക്കാൻ നമ്മുടെ കല്യാണം കഴിയുന്നതുവരെ നമ്മൾ കാത്തിരിക്കേണ്ട കാര്യമില്ലെന്ന്… എബി ,എബിയുടെ അമ്മച്ചിയ്ക്ക് കൊടുത്ത വാക്കൊന്നു മറന്നാൽ മാത്രം മതി നമുക്ക് നമ്മുടെ സന്തോഷം നേടാൻ… ഞാനാഗ്രഹിയ്ക്കുന്ന എന്റെയീ എബിയെ… എബിയുടെ കരുത്തിനെ എല്ലാം നേരഞ്ഞെ എനിയ്ക്കറിയാലോ എന്നാൽ… അത്രയ്ക്കും ഞാൻ നിന്നെ മോഹിക്കുന്നുണ്ട് എബീ… നിന്റെ സ്ഥാനത്ത് വേറൊരു പുരുഷനായിരുന്നെങ്കിൽ എനിയ്ക് എന്റെയീ ആഗ്രഹം ഒരിക്കൽ പോലും പറയേണ്ടി വരില്ലായിരുന്നു.. നിന്നെ പോലെ ഇത്ര പഴഞ്ചൽ ചിന്താഗതികളുളള ഒരുത്തനെ ഞാൻ വേറെ കണ്ടിട്ടില്ല എബീ… ഒരവസരം ഒത്തുവന്നാൽ പെണ്ണിനെ മുതലെടുത്ത് വിടുന്ന ആണുങ്ങൾക്കിടയിൽ നിന്നെ പോലൊരുവൻ …കഷ്ടം തന്നെ ആണെടാ…

പരിഹാസവും കളിയാക്കലും നിറഞ്ഞ ജിൻസിയുടെ സംസാരത്തിൽ തന്റെ മനസ്സിലെ ജിൻസിയെന്ന പെണ്ണിന്റെ രൂപത്തിനു മങ്ങലേൽക്കുന്നത് ഞെട്ടലോടെയറിഞ്ഞു എബി

“ഇരുട്ടിന്റെ മറവിലും, ഹോട്ടൽ മുറികളിലും എന്തിന് ഒരവസരം ഒത്താൽ രാപകൽ വ്യത്യാസമില്ലാതെ ഏതു നടുറോഡിലും പെണ്ണിന്റെ മാനത്തിന് വില പറയുന്നവരെയും അവസരമെത്താൽ ആ മാനം കവരുന്നവരെയും മാത്രമേ നീ കണ്ടിട്ടുള്ളു ജിൻസി…

പെണ്ണിനെ ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിച്ചൊരമ്മച്ചിയുടെ മകനാണ് ഞാൻ… നീ എന്റേതാണെന്ന പൂർണ്ണ ബോധ്യം എനിയ്ക്കു വരാത്തിടത്തോളം നീ എനിയ്ക്ക് വിലക്കപ്പെട്ട കനി തന്നെയാണ് ജിൻസീ… കൂടുതലൊന്നും പ്രതീക്ഷിക്കരുത് നീ എന്റെടുക്കൽ നിന്ന്… നിന്നെ നേടാൻ എത്രക്കാലം വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം…

“അങ്ങനെയെല്ലാം നിന്റെയും നിന്റെ അമ്മച്ചിയുടേയും ഇഷ്ടത്തിനു വിട്ടുതരാൻ എനിയ്ക്ക് ബുദ്ധിമുട്ടാണ് എബീ… ഒറ്റ ജീവിതമേയുള്ളു നമുക്ക്, അത് എല്ലാ സന്തോഷവും അറിഞ്ഞുതന്നെ ജീവിക്കണമെനിയ്ക്ക്… അതിനായ് കല്യാണം വരെയൊന്നും കാത്തിരിക്കാൻ പറ്റില്ല എനിയ്ക്ക്… ഞാനാഗ്രഹിക്കുമ്പോഴെല്ലാം എനിയ്ക്ക് കിട്ടണം നിന്നെ… നിന്റെ സൗന്ദര്യവും അതിനെക്കാൾ നിന്റെ ശരീരവും കണ്ടിഷ്ടപ്പെട്ട് തന്നെയാണ് നിന്നെ ഞാൻ സ്നേഹിച്ചത്…. ഞാനാഗ്രഹിക്കുമ്പോൾ എനിക്കത് വേണം എബീ…

എബിയുടെ ശരീരത്തിലേക്കാഞ്ഞവനെ ഇറുക്കെ പുണർന്ന് ജിൻസി പുലമ്പിയതും അവളെ തന്റെ ശരീരത്തിൽ നിന്ന് തള്ളിയകറ്റി എബി…

“എന്റെ ശരീരത്തെ മാത്രമാന്നോ ജിൻസീ നീ സ്നഹിച്ചത്…? അങ്ങനെയാണെങ്കിൽ ഇവിടെ ഇപ്പോൾ തീരും ജിൻസി നീയും ഞാനുമായുള്ളതെല്ലാം… പറ നീ സ്നേഹിച്ചത് എന്റെ ശരീരത്തെ മാത്രം അല്ലേ….?

ചോദിക്കുമ്പോൾ വേദന തിങ്ങിയ എബിയുടെ മുഖം ജിൻസിയിൽ പുച്ഛം നിറച്ചു…

കാലത്തിനനുസരിച്ച് ജീവിയ്ക്കാൻ അറിയാത്തവൻ…. എനിയ്ക്ക് വേണ്ട നിന്നെ….

എബി കേൾക്കേ ഉറക്കെ പറഞ്ഞ് ജിൻസി തിരിഞ്ഞു നടന്നതും അവളെ തടയാൻ പോലും ശ്രമിയ്ക്കാതെ അവൾ നടന്നു മറയുന്നത് നോക്കി നിന്നു എബി….

കൊച്ചിയിൽ നടന്ന രഹസ്യ റെയ്ഡിൽ വൈഫ് സ്വാപ്പിംങ് നടത്തി പണം സമ്പാദിച്ചിരുന്ന മലപ്പുറം ദമ്പതികൾ ഉൾപ്പെടെ വൻ സംഘം പോലീസ് പിടിയിൽ… രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ എം സിഎംഎ ഉൾപ്പെടെയുള്ളവൻ മയക്കുമരുന്ന് ശേഖരവും പോലീസ് പിടിച്ചെടുത്തു….

എബിയ്ക്ക് മുമ്പിൽ തലയുയർത്തി നിൽക്കാൻ സാധിക്കാതെ ശിരസുകുനിച്ച് സ്വന്തം കാൽവിരലകളിലേക്ക് ജിൻസി നോട്ടം മാറ്റുമ്പോഴും ടി വി ചാനലുകൾ അന്നത്തെ പ്രധാന വിശേഷം ചാനൽ ചർച്ചയാക്കി മാറ്റിയിരുന്നു…

പോലീസ് യൂണിഫോമിൽ ജിൻസിയുടെ മുമ്പിൽ എ ബി നിൽക്കുമ്പോൾ വർഷങ്ങൾക്കിപ്പുറം അവനെ നോക്കാൻ കഴിയാതെ ഉഴറി ജിൻസി…

“നിന്നെ കെട്ടാൻ വേണ്ട ഏറ്റവും വലിയ യോഗ്യതയായ സർക്കാർ ജോലി തന്നെയാണല്ലോ ജിൻസീ നിന്റെ ഭർത്താവിന്…. സർക്കാർ ശമ്പളം ജീവിയ്ക്കാൻ പോരാഞ്ഞിട്ടാണോ രണ്ടാളും കൂടി ഈ പരിപാടിയ്ക്കിറങ്ങിയത്…? ജീവിതം ഒന്നേയുള്ളു അതും ഇങ്ങനെയാവുമ്പോൾ നിനക്ക് നന്നായ് ആസ്വദിക്കാൻ പറ്റുന്നുണ്ടാവും അല്ലേ…?

ചോദ്യങ്ങൾ ഒന്നിനു പുറകെ ഒന്നായ് അവനിൽ നിന്നു വന്നിട്ടും ശബ്ദം നഷ്ടപ്പെട്ടവനുമുമ്പിൽ ഉത്തരമിണ്ടാതെ നാണംകെട്ടുനിന്നവൾ…

“നിന്റെ കേസ് ഞാൻ വേറൊരാൾക്ക് കൈമാറിയിട്ടുണ്ട്…. വല്ല പിടിപാടും മുകളിൽ നിനക്കുണ്ടെങ്കിൽ ഊരി പോവാൻ നോക്ക്…. ”

എബി പറഞ്ഞു നീങ്ങിയതും തിളങ്ങി ജിൻസിയുടെ മിഴികൾ…

നിനക്കെന്നെ ഇപ്പോഴും ഇഷ്ടമാണല്ലേടാ… നീ എന്നെ മറന്നിട്ടില്ല അല്ലേ….

വല്ലാത്തൊരാവേശം നിറഞ്ഞവളിൽ..

ജിൻസിയോടെന്തോ മറുപടി പറയാൻ എബി ഒരുങ്ങും നേരം തന്നെയാണ് നിറവയറോടെ സുന്ദരി പെണ്ണൊരുവൾ വന്നവനോടു ചേർന്നത്…

ഹോസ്പ്പിറ്റലിൽ എത്താൻ വൈകി ഇച്ചായ.. വാ പോവാം….

അവനോടൊട്ടി വന്നവൾ പറയുമ്പോൾ ചിരിയോടെ അവളെ പരസ്യമായ് തന്റെ നെഞ്ചിലേക്കു ചേർത്തു എബി… ജിൻസി ആ കാഴ്ച നോക്കി നിന്നതും ആ പെൺകുട്ടിയുടെ മാറിനുള്ളിൽ നിന്നൊരു മിന്നു മാല വലിച്ചെടുത്തു വസ്ത്രത്തിനു പുറത്തേക്കിട്ടു എബി….

ജിൻസിയുടെ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം പോലെ….

ശുഭം…

RJ

Leave a Reply

Your email address will not be published. Required fields are marked *