ഒരിക്കലും അ പെൺകുട്ടി ആരോപിക്കുന്നത് പോലൊരു കാര്യം എന്റെ ഭർത്താവ് ചെയ്യില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്…

✍️ പ്രജിത്ത് സുരേന്ദ്രബാബു

“ടാ നോക്ക് ഇങ്ങേരല്ലേ ബസിൽ വച്ച് ആ പെണ്ണിനെ കേറി പിടിച്ചത്. എന്നിട്ട് ഒരു ഉളുപ്പും ഇല്ലാണ്ട് നടന്ന് പോണ നോക്യേ..”

കുത്തുവാക്കുകൾ കേട്ടുകൊണ്ടാണ് രാമചന്ദ്രൻ റോഡിലൂടെ നടന്നത്.

” അണ്ണോ.. ഇന്ന് ബസിൽ വച്ച് എന്തോ കാട്ടിയിട്ട്.. നല്ലോണം കിട്ടി ന്ന് കേൾക്കുന്നു.. ഉള്ളതാണോ.. ”

” അണ്ണൻ ഇങ്ങനെ വയ്യ ന്ന് പറഞ്ഞ് നടന്നാൽ എന്താ.. കൊച്ച് പെൺപിള്ളേരെ അല്ലെ നോട്ടം… സംഗതി വൈറൽ ആയിട്ടുണ്ട് ആ കൊച്ച് വീഡിയോ എടുത്ത് യൂ ട്യൂബിൽ ഇട്ടിട്ടുണ്ട്… ”

പരിഹാസ വാക്കുകളുമായി പലരും പിന്നാലെ കൂടിയപ്പോഴും മറുത്തൊന്നും പറയാതെ തല കുമ്പിട്ടു നടന്നു നീങ്ങി അയാൾ.

” നിനക്കൊക്കെ എന്താടോ.. അയാളൊരു വയ്യാത്ത മനുഷ്യൻ അല്ലെ.. എന്തേലും അബദ്ധം പറ്റിയതാകും.. ചുമ്മാ പിന്നാലെ നടന്നു കുത്താൻ നിൽക്കല്ലേ.. ”

പഞ്ചായത്ത്‌ മെമ്പർ പ്രകാശൻ സഹികെട്ട് പ്രതികരിച്ചു പോയി..

” എന്ത് വയ്യായ്ക… ബസിൽ അടുത്തിരുന്ന പെങ്കൊച്ചിന്റെ കാലിനിടക്ക് കയ്യിടാൻ പോയപ്പോ ഈ വയ്യായ്ക ഒന്നും കണ്ടില്ലല്ലോ… ഇതൊക്കെ അടവല്ലേ പ്രകാശേട്ടാ… പിടിക്കപ്പെട്ടാൽ അന്നേരം ഈ അസുഖത്തിന്റെ കാര്യം പറഞ്ഞിട്ട് രക്ഷപ്പെടാലോ…. കള്ള കിളവൻ.. ”

ആ മറുപടി കേൾക്കെ പിന്നെ ഒന്നും പറഞ്ഞില്ല പ്രകാശൻ. ആ സമയം പതിയെ നടന്നകന്നു രാമചന്ദ്രൻ. അയാളുടെ കൈകൾ അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു

നടന്നു വീട്ടിൽ എത്തുമ്പോൾ ഭാര്യ സുലേഖ അയാളെ കാത്തിരുന്നിരുന്നു. അവരെ കണ്ട മാത്രയിൽ വിതുമ്പിപ്പോയി രാമചന്ദ്രൻ.

” ചേട്ടാ.. ഇതെന്താ ഇങ്ങനെ… ഒരു ഓട്ടോ വിളിച്ചു വന്നാൽ പോരായിരുന്നോ.. എന്തിനാ നടക്കാൻ പോയെ.. അകത്തേക്ക് വന്നേ.. ”

വേദനയോടെ അയാളെ ചേർത്തു പിടിച്ചു കൊണ്ട് വീടിനുള്ളിലേക്ക് നടന്നു സുലേഖ.

” എടോ.. ഞാൻ ഒന്നും ചെയ്തില്ല.. ആ കുട്ടി വെറുതെ തെറ്റിദ്ധരിച്ചതാണ്. നമ്മുടെ നമ്മളെക്കാൾ ഇളയ കുട്ടിയാണ് ”

ഇടർച്ചയിൽ അത് പറയുമ്പോൾ രാമചന്ദ്രന്റെ കൈകൾ വീണ്ടും വിറയ്ക്കുന്നുണ്ടായിരുന്നു

” ഏട്ടൻ ബി പി ടെ ഗുളിക കഴിച്ചില്ലേ..ഇന്ന്..കൈ വിറയൽ നല്ലത് പോലെ ഉണ്ടല്ലോ… ”

അപ്പോഴാണ് സുലേഖ അത് ശ്രദ്ധിച്ചത്.

” രാവിലെ കഴിക്കാൻ മറന്നു ബസിൽ വച്ച് ഓർത്തിട്ട് പാന്റിന്റെ പോക്കറ്റിലെ പേഴ്സിൽ നിന്നും ഗുളിക എടുക്കാൻ ശ്രമിച്ചതാ.. അതാ ഇത്രേം പ്രശ്നമായത്…. ഇപ്പോ നാട്ടുകാർക്കിടയിൽ…. പറഞ്ഞിട്ട് ആര് വിശ്വസിക്കാൻ…”

ആ മറുപടി കേൾക്കെ തന്നെ ബസിനുള്ളിൽ സംഭവിച്ചത് എന്താകാമെന്ന് ഊഹിച്ചു സുലേഖ.

” ഇനീപ്പോ പോട്ടെ ഏട്ടാ.. നാട്ടുകാർ പലതും പറയും അത് കേട്ട് വിഷമിക്കാൻ നിൽക്കേണ്ട. ഏട്ടനെ എനിക്ക് അറിയാം നിങ്ങൾ വിഷമിക്കേണ്ട.. ”

ഭർത്താവിനെ പരമാവധി ആശ്വസിപ്പിച്ചു സുലേഖ

എന്നാൽ ഉച്ച കഴിയവേയാണ് കാര്യത്തിന്റെ ഗൗരവം അവർക്ക് മനസ്സിലാകുന്നത്. ബസിൽ വച്ച് പെൺകുട്ടി ഇട്ട ലൈവ് വീഡിയോ വളരെ പെട്ടെന്ന് കേറി വൈറൽ ആയി. അതോടെ ബന്ധുക്കളും നാട്ടുകാരും പരിചയക്കാരും തുടങ്ങി എല്ലാവരും ചറപറാ അന്വേഷണങ്ങൾ ആരംഭിച്ചു. ആകെ മൊത്തത്തിൽ നാണക്കേട് കൊണ്ട് തകർന്ന അവസ്ഥയിൽ ആയി രാമചന്ദ്രൻ. ഒരു ഘട്ടത്തിൽ ഈ മാനസിക സമ്മർദ്ദം അയാളുടെ ആരോഗ്യനില പോലും വഷളായെക്കുമെന്ന് മനസിലാക്കിയ സുലേഖ ഒടുവിൽ ആ തീരുമാനം എടുത്തു. വളരെ വൈകാതെ തന്നെ അന്ന് ആദ്യമായി ഫേസ് ബുക്കിൽ അവൾ ഒരു ലൈവ് വീഡിയോ ഇട്ടു.

” പ്രിയ സുഹൃത്തുക്കളെ.. ഇന്നിപ്പോ ആദ്യമായി ഞാൻ ഒരു ലൈവ് വീഡിയോ ഇടുകയാണ് എന്റെ പേര് സുലേഖ.. രാവിലെ മുതൽ വൈറൽ ആയ.. ബസിൽ വച്ച് ഒരു പെൺകുട്ടി എടുത്ത വീഡിയോയിൽ ഉള്ളത് എന്റെ ഭർത്താവ് ആണ് പേര് രാമചന്ദ്രൻ ആളൊരു റിട്ടയർഡ് അധ്യാപകനാണ്. ഞാൻ ഇനിയെങ്കിലും പ്രതികരിച്ചില്ലായെങ്കിൽ എന്റെ ഭർത്താവിന്റെ ആരോഗ്യ സ്ഥിതിയെ പോലും ഈ പ്രശ്നം ബാധിച്ചേക്കും. ഒരു വർഷം മുന്നേ ഹാർട്ട് അറ്റാക്ക് വന്ന് ജീവനോട്‌ മല്ലിട്ട് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം തിരികെ ജീവിതത്തിലേക്ക് വന്ന ഒരാളാണ് എന്റെ ഭർത്താവ്. പക്ഷെ അന്ന് മുതൽ അദ്ദേഹത്തിന് ഒരു പ്രശ്നം കൂടി ഉണ്ടായി കൈ വിറയൽ… ഇനിയുള്ള കാലം അത് ഒപ്പം ഉണ്ടാകുമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ആരോഗ്യപരമായും ആള് ഏറെ ക്ഷീണിച്ചു പോയി. ഈ ഒരു അവസ്ഥയിൽ അധികം പുറത്ത് പോകാറില്ല ആള്.. ഇനീപ്പോ പെൻഷൻ കാശ് വാങ്ങാൻ പോയി വന്ന വരവായിരുന്നു. അപ്പോഴാണ് ഈ സംഭവം ഉണ്ടായത്…. എന്റെ ഭർത്താവിനെ എനിക്ക് നല്ലത് പോലെ അറിയാം. ആ വീഡിയോ ഇട്ട പെൺകുട്ടിയേക്കാൾ പ്രായമുള്ള രണ്ട് പെണ്മക്കളുടെ അച്ഛൻ ആണ് അദ്ദേഹം… ‘

അത്രയും പറഞ്ഞ് ഒന്ന് നെടുവീർപ്പിട്ടു അവർ ശേഷം കാര്യത്തിലേക്ക് കടന്നു.

” ഒരിക്കലും അ പെൺകുട്ടി ആരോപിക്കുന്നത് പോലൊരു കാര്യം എന്റെ ഭർത്താവ് ചെയ്യില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്. രാവിലെ ബി പി യുടെ ടാബ്ലറ്റ് കഴിക്കാൻ മറന്നത് ഓർത്തിട്ട് പേഴ്സിൽ ഉള്ള ടാബ്ലറ്റ് എടുക്കാൻ പോക്കെറ്റിൽ കയ്യിട്ടതാണ് ആണ്. മുന്നേ പറഞ്ഞല്ലോ കൈ വിറയൽ ഉള്ള ആളാണ്. കൈ അറിയാതെ ആ പെൺകുട്ടിയുടെ കാലിലോ മാറ്റോ തട്ടി. ഈ കാലത്ത് ഇത്തരം സംഭവങ്ങൾ സ്ഥിരമാണല്ലോ ഒരുപക്ഷെ ആ പെൺകുട്ടി തെറ്റിദ്ധരിച്ചതാകാം… ഞാൻ ഈ പറഞ്ഞത് ആരെയും വിശ്വസിപ്പിക്കാൻ വേണ്ടിയല്ല.. അത് നിങ്ങടെ ഇഷ്ടം പോലെ ചെയ്യാം.. പക്ഷെ ആര് എന്ത് പറഞ്ഞാലും ഞാനും എന്റെ മക്കളും അദ്ദേഹത്തിനൊപ്പം ഉണ്ടാകും കാരണം ആ മനുഷ്യൻ അനുഭവിക്കുക ബുദ്ധിമുട്ടുകൾ എന്താണെന്ന് ഞങ്ങൾക്ക് മാത്രമേ അറിയുള്ളു… പിന്നേ ഈ വാർത്ത കേട്ടത് മുതൽ കുത്തുവാക്കുകൾ കൊണ്ട് അദ്ദേഹത്തെ വേദനിപ്പിക്കാൻ ശ്രമിക്കുന്നവരോട് എനിക്ക് ഒന്നേ പറയാൻ ഉള്ളു. കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിട്ട് മാത്രം പ്രതികരിക്കുക. ഒരിക്കൽ മരണത്തിന്റെ വക്കിൽ നിന്നും വളരെയേറെ പ്രയാസപ്പെട്ട് ഞങ്ങൾ തിരികെ കൊണ്ട് വന്നതാണ് അദ്ദേഹത്തെ. നിങ്ങളുടെ ഇത്തരം പരിഹാസങ്ങളും പ്രതികരണങ്ങളും മൂലം മാനസികമായി തകർന്ന് ആൾക്ക് ഇനിയും എന്തേലും വയ്യായ്ക വന്നാൽ……. ആ ബസിൽ ക്യാമറ ഉണ്ടായിരുന്നു എന്ന് ഏട്ടൻ പറഞ്ഞു അതും ഏട്ടൻ ഇരുന്നിരുന്ന സീറ്റിന്റെ അരികിൽ തന്നെ ഉണ്ടായിരുന്നു. നിങ്ങൾ ആർക്ക് വേണേലും ആ ക്യാമറയും ചെക്ക് ചെയ്യാം.. ഇത്തരമൊരു വൃത്തികേട് അദ്ദേഹം മനഃപൂർവം ചെയ്തിട്ടുണ്ടേൽ ഉറപ്പായും അത് ക്യാമെറയിലും പതിഞ്ഞിട്ടുണ്ടാകും… പെൺകുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഇന്നത്തെ സമൂഹം മുൻ‌തൂക്കം കൊടുക്കുന്നുണ്ട്. അത് നല്ല കാര്യമാണ് പക്ഷെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ കൂടി അറിയാൻ ശ്രമിച്ചാൽ വലിയ ഉപകാരം ആയേക്കും… കൂടുതൽ ഒന്നും പറയുന്നില്ല…”

അത്രയും പറഞ്ഞു കൊണ്ട് സുലേഖ തന്റെ ലൈവ് വീഡിയോ അവസാനിപ്പിച്ചു. ഉള്ളിൽ അലയടിച്ച വിഷമത്താൽ അറിയാതെ വിതുമ്പി പോയി അവർ.

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. സുലേഖയുടെ ലൈവ് വിഡിയോയും വളരെ വേഗത്തിൽ വൈറൽ ആയി. അതോടെ കാര്യങ്ങൾ കൂടുതൽ മനസിലാക്കി രാമചന്ദ്രന് സപ്പോർക്കുമായി ആൾക്കാർ പ്രതികരിച്ചു തുടങ്ങി. ഇതിനിടയിൽ ആ ബസിലെ ജീവനക്കാർ ക്യാമറ വിഡിയോസും പരിശോധിച്ചു. രാമചന്ദ്രൻ ബസിൽ കയറിയത് മുതൽ സീറ്റ് കിട്ടിയപ്പോൾ ആ പെൺകുട്ടിയുടെ അടുത്ത് ഇരുന്നതും ശേഷം സംഭവിച്ചതും എല്ലാം ക്യാമെറയിൽ വ്യക്തമായിരുന്നു.

” ദേണ്ടേ ടാ.. ആ ചേട്ടൻ ബസിൽ കേറിയത് കണ്ടോ ആ ചേച്ചി ലൈവിൽ പറഞ്ഞ പോലെ ആൾടെ കൈ ക്ക് നല്ല വിറയൽ ഉണ്ട് കേട്ടോ.. ”

” എടാ നോക്കിയേ കക്ഷി പോക്കെറ്റിൽ കൈ ഇടാൻ നോക്കുന്നത് തന്നെയാണ് കേട്ടോ.. കൈ വിറച്ചിട്ട് ആ കൊച്ചിന്റെ കാലിൽ തട്ടുന്നതാണ്.. വിഡിയോയിൽ അത് ക്ലിയർ ആണ്.. ആ കൊച്ച് തെറ്റിദ്ധരിച്ചു വെറുതേ പ്രശ്നങ്ങൾ ഉണ്ടാക്കിയതാണ് ”

വീഡിയോയിൽ കൂടി കാര്യങ്ങൾ വേഗത്തിൽ വ്യക്തമായി. അതോടെ ബസ് ജീവനക്കാർ ആ ക്യാമറ വിഡിയോസും സോഷ്യൽ മീഡിയ വഴി പുറത്ത് വിട്ടു.

സത്യാവസ്ഥ എല്ലാവർക്കും മനസിലായി തുടങ്ങി

” അയ്യോടാ.. ദേ ഈ വീഡിയോ നോക്ക്യേ ആ ചേച്ചി പറഞ്ഞത് ശെരിയാ അങ്ങേരു ആ കൊച്ചിനെ കേറി പിടിച്ചിട്ടൊന്നും ഇല്ല അതിനു അങ്ങിനെ തോന്നീട്ട് വെറുതേ പ്രശ്നം ഉണ്ടാക്കിയതാണ്.. നമ്മൾ ആണേൽ എടുത്ത് ചാടി അങ്ങേരെ കളിയാക്കി വിടേം ചെയ്ത്.. ”

കവലയിൽ മുന്നേ രാമചന്ദ്രനെ പിന്നാലെ പോയി കളിയാക്കിയവർ സത്യം മനസിലാക്കിയതോടെ നിരാശപ്പെട്ടു.

” ഞാൻ അപ്പോഴേ പറഞ്ഞില്ലേ വെറുതേ ആ പാവത്തിനെ കുത്തരുത് ന്ന്.. എനിക്ക് പണ്ട് തൊട്ടെ അറിയുന്ന ആളാണ് രാമചന്ദ്രൻ മാഷ്.”

പുച്ഛത്തോടെ ഒന്ന് നോക്കി നടന്നകന്നു മെമ്പർ പ്രകാശനും .

മുന്നേ കുറ്റപ്പെടുത്തിയവർ എല്ലാം തന്നെ സത്യാവസ്ഥ മനസിലാക്കിയതോടെ ക്ഷമാപണവുമായി സോഷ്യൽ മീഡിയ വഴി മുന്നിലേക്ക് വന്നു.ഒപ്പം ആ പരാതി ഉന്നയിച്ച പെൺകുട്ടിയും…. എന്നാൽ അവളുടെ ക്ഷാപണത്തിന് താഴെ കമന്റുകളായി നിരവധി പേര് ശക്തമായി പ്രതികരിച്ചു അതിൽ കൂടുതലും ബാലചന്ദ്രന്റെ സ്റ്റുഡന്റസ് തന്നെയായിരുന്നു. എടുത്തുചാട്ടം മൂലം ഒരുപക്ഷെ അയാൾ അനുഭവിച്ചതിന്റെ ഇരട്ടി മാനസിക വിഷമത്തിലായി ആ പെൺകുട്ടി. കാര്യങ്ങൾ മാറ്റി മറിയ്ക്കുവാൻ ഒരൊറ്റ ലൈവ് വീഡിയോ വഴി സുലേഖയ്ക്ക് കഴിഞ്ഞു.

” നീ എന്റെ അഭിമാനം ആണ് കാത്തത്… ഇല്ലെങ്കിൽ ചിലപ്പോ ഞാൻ ചങ്ക് പൊട്ടി ചത്ത് പോയേനെ..”

സന്തോഷത്തിൽ അത് പറയുമ്പോൾ രാമചന്ദ്രന്റെ മിഴികൾ തുളുമ്പി.

” ഏട്ടൻ വിഷമിക്കേണ്ട.. ടെൻഷൻ ഒക്കെ കളയ് ഇപ്പോ സത്യാവസ്ഥ എല്ലാവർക്കും മനസിലായി.. ഇനി ആരും ഏട്ടനെ കുറ്റം പറയില്ല. പലരും ഇങ്ങട് വിളിച്ചു സോറി ഒക്കെ പറയുന്നുണ്ട്..”

ഒടുവിൽ എല്ലാം കലങ്ങി തെളിഞ്ഞ സന്തോഷത്തിൽ അയാൾക്കരികിൽ നിറമിഴികളുമായി തന്നെ ഇരുന്നു സുലേഖയും.

സമൂഹത്തിൽ നല്ലതും ചീത്തയുമായി പലതും ഉണ്ട്. അത് മനസിലാക്കി പ്രതികരിക്കുക എന്നതാണ് വിവേകമുള്ള പെരുമാറ്റം. പലപ്പോഴും നമ്മുടെ എടുത്തു ചാട്ടം മറ്റുള്ളവരെ കൂടി വേദനിപ്പിച്ചേക്കാം. എല്ലാവരും അതോർത്താൽ നല്ലത്. എന്തിനു എതിരെയും പ്രതികരിക്കുന്നതിനു മുന്നേ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയാൽ അത് തന്നെ വലിയ ഉപകാരം

(ശുഭം.)

പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *