(രചന: RJ)
അവളയാളെ വീട്ടിലേക്ക് താലിക്കെട്ടി ഭാര്യയാക്കി കൊണ്ടു വന്നതൊരു കർക്കിടകത്തിലെ നല്ല മഴയുള്ള ദിവസമായിരുന്നു…
തുള്ളിമുറിയാതെ പെയ്യുന്ന മഴയിൽ ആകെ നനഞ്ഞൊട്ടിയ സാരിയിൽ അയാൾക്കൊപ്പം അയാളുടെ വീട്ടിൽ വന്നു കയറുമ്പോൾ അവൾക്ക് തുണ പതിനേഴുക്കാരനായ അയാളുടെ അനിയൻ വിനു മാത്രമാണ്…
കല്യാണത്തിന് കർക്കിടകം നന്നല്ല അതുകൊണ്ട് കല്യാണം വരുന്ന ചിങ്ങത്തിലാവാമെന്ന് പറഞ്ഞ അവളുടെ അമ്മാവനോട് അവനൊന്നേ പറഞ്ഞുള്ളു , താനീ പെണ്ണിനെ കെട്ടണമെങ്കിൽ കല്ല്യാണമീ കർക്കിടകത്തിൽ തന്നെ വേണം… മറിച്ച് ചിങ്ങത്തിലാണെങ്കിൽ പെണ്ണിനെ കെട്ടാൻ വേറെ ആണുങ്ങളെ നോക്കാൻ…
അച്ഛനും അമ്മയും അപകടത്തിൽ നഷ്ടപ്പെട്ട അവൾക്കൊരു ആശ്രയം ആയതിന്റെ പേരിൽ ഭാര്യയുടെ കുത്തുവാക്കുകൾ നിത്യേനെ കേൾക്കുന്ന അമ്മാവൻ രണ്ടാമതൊന്ന് ആലോചിക്കാതെ ആ കർക്കിടകത്തിലെ പെരും മഴയത്തവളുടെ കൈ പിടിച്ച് അയാളുടെ കയ്യിൽ ഏൽപ്പിച്ചു…. ഉടുത്തിരുന്ന വസ്ത്രം മാത്രം സ്ത്രീധനമായ് നൽകി കൊണ്ട്…
“ഇതാണ് വീട് … ഇവിടെ ഞാനും ഇവനും മാത്രമേയുള്ളു… സ്വീകരിക്കാനും ആനയിക്കാനും വെച്ചുവിളമ്പാനുമൊന്നും വേറെ ആളില്ല…
നീ അടുക്കളയിലേക്ക് ചെന്നൊരു ചായയിട്.. ”
കയ്യിലെ പൂമാലയും ബൊക്കയും എവിടെ വെക്കണം എന്തു ചെയ്യണം എന്നറിയാതെ പരിഭ്രമിച്ചു നിന്നവളുടെ കയ്യിൽ നിന്ന് തട്ടിപ്പറിക്കും പോലത് പിടിച്ചെടുത്ത് നിലത്തൊരു മൂലയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ടാണയാളുടെ പറച്ചിൽ…
ഭയത്തോടെ ശിരസ്സിളകി അറിയാത്ത ആ വീടിന്റെ അടുക്കള തേടിപ്പിടിച്ച് ചായക്ക് വെള്ളം വെക്കുമ്പോൾ ആ പെണ്ണിന്റെ കണ്ണുനീർ തുള്ളികൾ ആ അടുക്കള നിലത്ത് ചിതറി തെറിക്കുന്നുണ്ടായിരുന്നു…
കഴിഞ്ഞ ദിവസങ്ങളുടെ ആവർത്തനം പോലെയാണ് വരും ദിവസങ്ങളുമെന്നവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു ..
വ്യത്യാസം വീടിനും വീട്ടുകാർക്കും മാത്രം… ജോലി വേലക്കാരിയുടേത് തന്നെയാണ്…
അമ്മാവന്റെ വീട്ടിൽ ചെയ്തിരുന്നതിനെക്കാൾ കൂടുതലായ് ഇവിടെ അയാളുടെ ഭാര്യ എന്ന ജോലിക്കൂടി അധികമായ് ചെയ്യേണ്ടി വരും…
ഒരിക്കൽ മാത്രം കണ്ടൊരാൾക്കൊപ്പം ശരീരം പങ്കിടേണ്ടി വരിക…
ആ ഓർമ്മയിൽ പോലും ഭയന്നവൾ…
“ചായയിട്ടില്ലേ ഏടത്തിയമ്മേ…
ഞാൻ സഹായിക്കണോ…?
അടുക്കള വാതിൽക്കൽ വന്നു നിന്ന് ചോദിക്കുന്ന വിനുവിനെ കണ്ടതും കണ്ണുകൾ തുടച്ചൊരു പുഞ്ചിരിയോടവൾ തിളച്ച ചായ ഇറക്കി വെച്ചതും മൂന്നു ഗ്ലാസുകൾ അവൾക്ക് മുന്നിൽ നിരത്തി വെച്ചവൻ…
“മനുവേട്ടന്റെ ചായ ഏടത്തിയമ്മ തന്നെ കൊടുത്തോളൂ…
ഉമ്മറത്തുണ്ട് ഏട്ടൻ… ”
രണ്ടു ഗ്ലാസിലെ ചായ കയ്യിലെടുത്തവൻ പറയുമ്പോഴാണ് തനിയ്ക്ക് താലിചാർത്തിയവന്റെ പേരവൾ ശ്രദ്ധിച്ചത്
“മ…മനുവേട്ട നോ…. വേറെ പേരാണല്ലോ എന്നോട് പറഞ്ഞത്…?
വിനുവിനോട് പറയുന്നതിനൊപ്പം തന്റെ വിരലിൽ അയാൾ അണിയിച്ച മോതിരത്തിലേക്കൊന്ന് നോക്കിയവൾ
മനുവെന്ന പേര് മോതിരത്തിൽ കണ്ടതും ചുളിഞ്ഞ മുഖത്തോടവൾ വിനുവിനെ വീണ്ടും നോക്കി
“ഏട്ടന്റെ മുഴുവൻ പേര് മനു പ്രസാദ്, ഞാൻ വിനു പ്രസാദ്… പ്രസാദ് ഞങ്ങളുടെ അച്ഛന്റെ പേരാണ്…
പക്ഷെ മനുവേട്ടനെ എല്ലാവരും വിളിക്കാ പ്രസാദേന്നാ…. അതാവും ഏടത്തിയമ്മയും കേട്ടിട്ടുണ്ടാവുക… ”
അവൾക്ക് വിശദീകരിച്ച് നൽകുന്നതിനൊപ്പം തന്നെ ഉമ്മറകോലായിലേക്ക് നടന്നിരുന്നവൻ…
നേരിയ വിറയലോടെ അവൾ നീട്ടിയ ചായ കൈനീട്ടി വാങ്ങുമ്പോൾ അവനും ഓർക്കാൻ ശ്രമിച്ചത് അവളുടെ പേര് തന്നെയാണ്…
അവളിൽ തന്നെ നോട്ടമുറപ്പിച്ചവന്റെ ചിന്തയിൽ പല പേരുകൾ തെളിഞ്ഞു മറഞ്ഞു…. പലയിടത്തും പോയ് അവൻ പെണ്ണുകണ്ട പെൺക്കുട്ടികളുടെ പേരുകൾ….
ഇതിലേതാണ് അവളുടെ പേര്…
“സീതാലക്ഷ്മി എന്നാ ഏടത്തിയമ്മയുടെ പേര്…
അവന്റെ ചിന്തയെന്തെന്നറിഞ്ഞതുപോലെ വിനു അല്പം ശബ്ദത്തോടെ തന്നെ പറഞ്ഞതും സീത വേഗം അടുക്കളയിലേക്ക് തിരികെ നടന്നു… അവന്റെ നോട്ടത്തിൽ നിന്ന് രക്ഷതേടിയെന്ന പോലെ..
“രാത്രി ഭക്ഷണം ഏട്ടൻ പുറത്തൂന്ന് വാങ്ങി വരും… നമ്മുക്കൊന്നും ഉണ്ടാക്കണ്ട ഇന്ന്.. ”
വിനു വന്നു പറഞ്ഞതും സീതയവനെ നോക്കി തെളിമയോടൊന്ന് ചിരിച്ചു
രാവിലെ അമ്പലത്തിൽ അവന്റെ ഏട്ടനൊപ്പം വന്നതുമുതൽ ഇന്നീ നേരംവരെയും ഓരോന്നും പറഞ്ഞവൻ നടക്കുന്നത് തനിയ്ക്കൊപ്പമാണല്ലോ എന്നോർത്തവൾ…
തന്നോടു സംസാരിക്കാനൊരാൾ… താൻ പറയുന്നതു കേൾക്കാനൊരാൾ….
അങ്ങനെയുള്ള സൗഭാഗ്യങ്ങളെല്ലാം തനിയ്ക്ക് നഷ്ടമായിട്ടു വർഷങ്ങളായ്…
അമ്മാവന്റെ വീട്ടിലെ അടുക്കളക്കാരിയായിരുന്ന തന്നോടവർക്കെല്ലാം പുച്ഛം മാത്രമായിരുന്നെന്നും…
“ഇതാണ് ഏട്ടന്റെയും ഏട്ടത്തിയമ്മയുടേയും മുറി… ഏടത്തിയമ്മയ്ക്ക് വേണ്ടതെല്ലാം അവിടെ ഷെൽഫിലുണ്ട്… ”
സാമാന്യം വലിയൊരു മുറിയ്ക്ക് നേരെ ചൂണ്ടി വിനു പറഞ്ഞതും ഉടലാകെയൊരു വിറയൽ പാഞ്ഞവളിൽ…
തങ്ങളുടെ മുറി… താനും അയാളും ഇനിയൊരുമ്മിച്ച് ജീവനും ജീവിതവും പങ്കിടേണ്ട ഇടം….
ആ ഓർമ്മയിൽ നിറയാനൊരുങ്ങുന്ന മിഴികളെ അതിനനുവദിക്കാതെ തുടച്ചു നീക്കിയവൾ മുറിയ്ക്കുള്ളിലേക്ക് കയറിയതും പിന്നാലെ തന്നെ മനുവുമെത്തി…
ഒന്നു വിറച്ചവളെങ്കിലും അവളെ ഒന്നലസം ഉഴിഞ്ഞു നോക്കി മേശയിൽ നിന്നൊരു കണക്ക് ബുക്കുമെടുത്തവൻ വേഗം മുറി വിട്ടിറങ്ങി…
അതൊരു തുടക്കം മാത്രമായിരുന്നു.. തുടർന്നുള്ള ദിവസങ്ങളിലെല്ലാം അവൻ അവൾക്കരികിൽ എത്തുമ്പോൾ തന്നോടുള്ള ഭയത്താൽ വിറയ്ക്കുന്നവളെ ഒന്നു നോക്കി മിണ്ടാതെ മുറി വിട്ടിറങ്ങി പോവുമായിരുന്നവൻ…
ദിവസങ്ങൾ മുന്നോട്ടു നീങ്ങി തുടങ്ങിയതും വിനുവിലും സീതയിലും പിന്നെയവരുടെയാ വീട്ടിലും മാറ്റങ്ങളേറെ വന്നു…
വർണ്ണചെടികളും പച്ചക്കറികളും തിങ്ങി വളരുന്ന മുറ്റവും, സന്ധ്യാ ദീപം നിറഞ്ഞു കത്തുന്ന പൂമുഖവുമെല്ലാം വീടിനൈശ്വര്യം കൂട്ടിയപ്പോൾ വിനുവിനവന്റെ ഏടത്തിയമ്മ അത്രമേൽ വേണ്ടപ്പെട്ടവളായ് തീർന്നു….
അവന്റെ അമ്മയോളം പ്രിയപ്പെട്ടവൾ…
മനുവിൽ മാത്രം കല്ല്യാണം കഴിഞ്ഞ് മാസമൊന്ന് കഴിഞ്ഞിട്ടും യാതൊരു മാറ്റവുമില്ലായിരുന്നു …
പതിവുപോലുണർന്ന് ഭക്ഷണം കഴിച്ച് ജോലിക്ക് പോവുകയും വൈകുന്നേരം തിരിച്ചെത്തി തന്റേതായൊരു ലോകത്തിലൊതുങ്ങുകയും ചെയ്തവൻ..
സീതയ്ക്കിപ്പോഴവനെ ഭയമൊന്നുമില്ലെങ്കിൽ കൂടി മനു അവൾക്കരികിലേക്ക് ചെല്ലാറില്ല… ഒരിക്കലും ഒരു ഭർത്താവിന്റെ അവകാശമോ അധികാരമോ കാണിക്കാൻ ശ്രമിച്ചിരുന്നുമില്ല….
“നീയെന്താ വിനൂ നിന്റെ ചേട്ടനോട് അധികം സംസാരിക്കാൻ നിൽക്കാത്തത്…?
നിന്റെ ഏട്ടനല്ലേ അത്…
നിങ്ങളുടെ മാതാപിതാക്കളുടെ മരണശേഷം നിനക്കു വേണ്ടി മാത്രം ജീവിച്ചവൻ… നിനക്കിഷ്ടമല്ലേ നിന്റെ ഏട്ടനെ…?
സീതയുടെ ചോദ്യം കേട്ടതും വിനു അവളെ നോക്കി… അവന്റെ കണ്ണ് നിറഞ്ഞതു കണ്ടതും പരിഭ്രമിച്ചു സീത…
“എന്താ… എന്തിനാ കണ്ണു നിറച്ചത്…?
സീതയൊരു ചോദ്യത്തോടെ അവന്റെ ചുമലിൽ പിടിച്ച് ചോദിച്ചതും അവളുടെ തോളിലേക്ക് ചാരി കിടന്നിരുന്നു വിനു
“എനിയ്ക്ക് ഏട്ടനെ ഒരുപാടിഷ്ട്ടമാണ് ഏടത്തിയമ്മേ… ഏട്ടനെന്നെയും ഇഷ്ടമാണ് ഒരുപാട്… ഞങ്ങള് തമ്മിൽ പത്തു വയസു പ്രായ വ്യത്യാസം ഉണ്ട്… എന്റേട്ടന് ഞാൻ മകനെ പോലെയാണ്… പക്ഷെ ഏട്ടനത് പ്രകടിപ്പിക്കില്ല… ഏട്ടന് പേടിയാണ് എല്ലാരേം സ്നേഹിക്കാനും സ്നേഹം പ്രകടിപ്പിക്കാനും… ”
വിനു പറഞ്ഞതും ചുളിവു വീണത് സീതയുടെ നെറ്റിയിലാണ്…
” എന്തിനാ ഏട്ടന് അങ്ങനെയൊരു പേടി വിനൂ…?
ചോദിക്കുമ്പോൾ ആകാംക്ഷയാണവളുടെ ശമ്പ്ദത്തിൽ
“സ്നേഹിച്ചവരെയൊക്കെ നഷ്ടപ്പെട്ടിട്ടേ ഉള്ളൂ ഏട്ടന്…. അച്ഛനേം അമ്മയേം പിന്നെ എന്റേട്ടൻ സ്നേഹിച്ചിരുന്ന ചേച്ചിയേം ഒക്കെ നഷ്ടപ്പെട്ടു ഏട്ടന്…
ഒരപകടത്തിൽ അവരു മരിക്കുമ്പോൾ ചെറിയ കുട്ടിയായിരുന്ന എന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ഏട്ടനാണ്…. എന്റെ ഏട്ടനെ എനിയ്ക്ക് പ്രാണനാ….
കരച്ചിലിനിടയിൽ പറയുന്നവനെ ആശ്വസിപ്പിക്കുമ്പോൾ സീതയ്ക്കുള്ളിൽ ഉയർന്നത് അവൻ പറഞ്ഞ ഏട്ടൻ സ്നേഹിച്ച ചേച്ചി എന്ന വാക്കായിരുന്നു…
ഒന്നു രണ്ട് ദിവസങ്ങൾ കഴിഞ്ഞതും സീത മനസ്സിലാക്കിയിരുന്നു അച്ഛനും അമ്മയും ഇല്ലാത്ത, ഒരനിയൻ മാത്രമുള്ള വീട്ടിലേക്ക് മരുമകളായ് വരാൻ താൽപര്യം ഇല്ലാത്തതു കൊണ്ടു മാത്രമാണ് മനു സ്നേഹിച്ച പെൺകുട്ടി അവനെ ഉപേക്ഷിച്ചതെന്ന്…. അതിനു ശേഷമാണവന്റെ സ്വഭാവം ഇത്തരത്തിൽ മാറിയതെന്ന്….
മറ്റുള്ളവർക്ക് മുമ്പിൽ ഇല്ലാത്ത ഗൗരവം ഉണ്ടെന്ന് നടിക്കുമ്പോൾ അവരുടെ സഹതാപവും പുച്ഛവും അവനെ തേടി വരാതെയായ്… അവനാഗ്രഹിച്ചതു പോലെ…
സ്വന്തക്കാരുണ്ടെങ്കിലും അനാഥയെ പോലെ കഴിഞ്ഞിരുന്ന തനിയ്ക്കൊരു ജീവിതം ഉണ്ടാക്കി തരുന്നതിനൊപ്പം സന്തോഷം നിറഞ്ഞ ഒരു ജീവിതം അവനും ആഗ്രഹിക്കുന്നുണ്ടെന്ന് സീത തിരിച്ചറിഞ്ഞതും അവനായ് കാത്തിരുന്നവൾ…
തന്റെ കണ്ണിലെ പേടിയും ഭയവുമാണ് തന്നിൽ നിന്നവൻ അകന്നു നിൽക്കാൻ കാരണമെന്ന് തിരിച്ചറിഞ്ഞവളുടെ കാത്തിരിപ്പ്…
“മനുവേട്ടാ ചായയെടുക്കട്ടെ…
പതിവുപോലെ ജോലി കഴിഞ്ഞെത്തിയവനോട് സീത തിരക്കിയതും അവളെ ഒന്നു നോക്കിയവൻ..
യാതൊരു വിറയലോ പേടിയോ ഇല്ലാതെ തനിയ്ക്കരികിൽ ചിരിയോടെ നിൽക്കുന്നവൾ മനുവിലും അത്ഭുതം നിറച്ചു…
അവളുടെ തെളിഞ്ഞ ചിരിയിലേക്കും വിടർന്ന മുഖത്തേക്കും കണ്ണുകൾ പായിക്കുമ്പോൾ മനുവിലും അവനറിയാതെ തന്നെയൊരു ചിരി തെളിഞ്ഞു നിന്നു…
അന്നാ രാവിൽ തനിയ്ക്ക് അരികിലേക്ക് വരാതെ ഒഴിഞ്ഞു മാറി കിടന്നിരുന്നവന്റെ അരികിലേക്ക് അവനെ തേടി അവൾ ചെന്നതും മിഴികളിൽ തെളിഞ്ഞ അമ്പരപ്പോടെ അവളെ നോക്കി കിടന്നു മനു
“കല്ല്യാണം കഴിഞ്ഞിട്ടും ഒറ്റയ്ക്കൊരു മുറിയിൽ അന്തി ഉറങ്ങാനായിരുന്നെങ്കിൽ എനിയ്ക്കെന്റെ അമ്മാവന്റെ വീട്ടിൽ തന്നെ നിന്നാൽ മതിയായിരുന്നല്ലോ… ?
മനുവേട്ടനെ കെട്ടണായിരുന്നോ…?
കുസൃതിയോടെ ചോദിച്ചവൾ അവനരികിലേക്ക് ചേർന്നു കിടന്നതും ഇരു ദേഹങ്ങളും ഒരുപോലെ വിറച്ചു പോയത് അവർ രണ്ടു പേരും തിരിച്ചറിഞ്ഞിരുന്നു…
“എനിയ്ക്ക് മനുവേട്ടനെ ഇഷ്ടമാണ്… മറ്റാരെക്കാളും… വിനുവിനെയും ഇഷ്ടമാണ് നമ്മുടെ മകനോളം…”
അവന്റെ കാതോരം ചുണ്ടു ചേർത്തവൾ പറഞ്ഞതും അവളിൽ മുറുകിയവന്റെ കൈകൾ..
അതൊരു തുടക്കം മാത്രമായിരുന്നു
ജീവിതത്തിൽ നിറങ്ങൾ നഷ്ട്ടപ്പെട്ടവനെ പോലെ ജീവിച്ചൊരുവനു വേണ്ടിയവൾ നിറങ്ങളുടെ വർണ്ണ ലോകം തന്നെ തീർത്തുകൊണ്ടിരുന്നു പിന്നീട്….
അവളിൽ ഉറങ്ങി, അവളിൽ ഉണരുന്ന പ്രഭാതങ്ങൾ അവനു മാത്രം സ്വന്തമായ് തുടങ്ങിയപ്പോൾ എന്നോ നഷ്ട്ടപ്പെട്ടിരുന്ന ചിരിയും സന്തോഷവും അവനിലും തിരിച്ചെത്തി….
അവരുടെ കുഞ്ഞു സ്വർഗ്ഗത്തിൽ സന്തോഷം തിരികെയെത്തിയതും അവനിലെ ഗൗരവവും ദേഷ്യത്തിന്റെ പൊയ്മുഖവുമെല്ലാം എങ്ങോ പോയ് പറഞ്ഞു
ഏട്ടനും ഏട്ടത്തിയമ്മയും തീർക്കുന്ന സ്വർണ്ണക്കൂട്ടിൽ അവരുടെ മകനായ് വിനു നിറഞ്ഞു നിന്നു…
ഒറ്റനോട്ടം കൊണ്ട് തന്നെ മോഹിപ്പിച്ചവളെ, തന്റെ ജീവിതം സന്തോഷത്താൽ നിറയ്ക്കുമെന്ന് തനിയ്ക്ക് തോന്നിയവളെ കാത്തിരിക്കാൻ ക്ഷമയില്ലാതെ, നഷ്ടപ്പെടുത്താൻ വയ്യാതെ വാശിപ്പിടിച്ചൊരു കർക്കിടകത്തിൽ കല്ല്യാണം കഴിച്ച മനുവിന്റെ മനസ്സിന്റെ സന്തോഷം അതവന്റെ ഉള്ളിൽ മറ്റാരും അറിയാതെ ഭദ്രമായിരുന്നു….
RJ