നിന്നോട് കൊഞ്ചി കൊഴിഞ്ഞു കൊണ്ടിരുന്നാ മതിയോ.. അനൂപ് തിടുക്കത്തിൽ പറഞ്ഞു. ഒപ്പം അവന്റെ മുഖത്ത് ഇത്തിരി ദേഷ്യവും പ്രകടമായി…

വിവാഹമോചിത

അശ്വതിയുടെയും അനൂപിന്റെയും വിവാഹം കഴിഞ്ഞിട്ട് രണ്ടു വർഷങ്ങൾ പിന്നിട്ടു. എന്നാൽ ഇതുവരെയായിട്ടും അവർക്ക് കുട്ടികൾ ഒന്നും ആയിട്ടില്ല, രണ്ടാൾക്കും ആരോഗ്യപരമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടല്ല കുറച്ചുകൂടി കഴിഞ്ഞിട്ട് മതി എന്നുള്ള തീരുമാനം അനൂപ് മുന്നോട്ടുവച്ചത് അശ്വതി അനുസരിച്ചു എന്നതു മാത്രം.

എറണാകുളത്തെ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ വർക്ക് ചെയ്യുകയാണ് അനൂപ്. അശ്വതി അവളുടെ പിജി കമ്പ്ലീറ്റ് ചെയ്തിട്ട് ആറുമാസം കഴിഞ്ഞതേയുള്ളൂ. പലതരം ജോലിക്കായി ട്രൈ ചെയ്യുന്നുണ്ടെങ്കിലും ഇതുവരെയായിട്ടും അവൾക്ക് ഒന്നും കിട്ടിയിട്ടില്ല

രണ്ടാളും എറണാകുളത്ത് ഒരു ഫ്ലാറ്റിലാണ് താമസം. ആദ്യമൊക്കെ അശ്വതിക്ക് ഒറ്റയ്ക്കുള്ള ജീവിതം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് അവളുടെ നാട്ടിലെ തന്നെ സുഹൃത്തായ ദിയ എന്ന ഒരു പെൺകുട്ടിയും ഇടയ്ക്കൊക്കെ അവളോടൊപ്പം വന്നു താമസിക്കുമായിരുന്നു.ദിയ അവിടെയൊരു ഐ റ്റി കമ്പനി സ്റ്റാഫ്‌ ആയിരുന്നു

അടുക്കളയിൽ ഉച്ചഭക്ഷണം ഒരുക്കുന്ന തിരക്കിനിടയിലും അശ്വതിയുടെ മനസ്സിൽ സന്തോഷത്തിൻ്റെ മധുരം നിറഞ്ഞിരുന്നു.

ഇന്ന് അനൂപ് നേരത്തെ വരുമെന്ന് പറഞ്ഞിട്ടുണ്ട്.

തിരക്കിട്ട ദിവസങ്ങൾക്കൊടുവിൽ അവർക്ക് മാത്രമായി ഒരു ദിവസം ലഭിക്കുന്നതിൻ്റെ ആഹ്ളാദം അവളുടെ മുഖത്ത് പ്രതിഫലിച്ചു.

അവന് ഇഷ്ടപ്പെട്ട ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഒക്കെ അശ്വതി റെഡിയാക്കി വച്ചു. ശേഷം പോയി കുളിയൊക്കെ കഴിഞ്ഞ് ചെറുതായിട്ടൊന്ന് മേക്കപ്പ് ഒക്കെ ചെയ്ത് അനൂപ് വരുന്നത് കാത്തിരുന്നു.

 

അപ്പോഴാണ് രമ്യയുടെ കോൾ വന്നത്. അശ്വതിയുടെ ഉറ്റ സുഹൃത്താണ് രമ്യ. “എന്താടി, ഇപ്പൊ ഫോണിൽ വിളിക്കാൻ നേരമില്ലേ? നിൻ്റെ കല്യാണം കഴിഞ്ഞതോടെ എന്നെ മറന്നല്ലേ?” നാട്ടിലെ നീ വന്നു പോയിട്ട് എത്ര നാളായി പെണ്ണെ.. കഴിഞ്ഞദിവസം ഇന്ദിരാമ്മയോട് ഞാൻ ചോദിച്ചപ്പോഴാണ് പറഞ്ഞത്, നീ വന്നു പോയിട്ട് ആറുമാസം കഴിഞ്ഞു എന്ന്. രമ്യ പരിഭവത്തോടെ ചോദിച്ചു.

“അങ്ങനെയൊന്നുമില്ലെടി. നിനക്കറിയാലോ അനൂപിൻ്റെ ജോലിയുടെ തിരക്കുകൾ. കഴിഞ്ഞ കുറച്ച് മാസമായി ആള് വളരെ ബിസിയായിരുന്നു, ഇനി ഈ മാസം ഒന്ന് ഇറങ്ങണമെന്ന് കരുതിയാണ്. അനൂപിന്റെ അച്ഛനും അമ്മയും ഒക്കെ എന്നാണ് വരുന്നത് ന്ന് ചോദിച്ചു വിളിക്കുന്നുണ്ട്..
അശ്വതി പറഞ്ഞു.

ഹമ്… പിന്നെ വേറെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.. ഇതുവരെയായിട്ടും നിങ്ങള് ഒരു ബേബിയെ കുറിച്ച് പ്ലാൻ ചെയ്തിട്ടില്ലേ.

എല്ലാം നോക്കണം മോളെ.. നിനക്കറിയാലോ പിജി ഫസ്റ്റ് ഇയറിൽ ആയിരുന്നല്ലോ എന്റെ വിവാഹം. പഠിത്തത്തിനിടയിൽ ഒരു കുഞ്ഞും കൂടി വന്നാൽ എല്ലാം കൂടി ഒരുമിച്ച് കൺട്രോൾ ചെയ്ത് പോകാൻ എനിക്ക് ആവില്ലായിരുന്നു. അതുകൊണ്ട് സത്യത്തിൽ ഞങ്ങൾ ട്രൈ ചെയ്യാതിരുന്നത്.

ഇനി നോക്കിക്കോണം കേട്ടോ.. അല്ലെങ്കിൽ ഇനി ജോലിയുടെ പുറകെ നീ പൊയ്ക്കോണം..

ഇല്ലടാ ഒരു കുഞ്ഞിനെ വേണം ഞാനും ഒരുപാട് ആഗ്രഹിക്കുന്നുണ്ട്…
അശ്വതി പറഞ്ഞു.
.ആ സമയത്താണ് അനൂപ് കോളിംഗ് ബെൽ അമർത്തിയത്.

ടാ അനൂപ് വന്നെന്ന് തോന്നുന്നു ഞാൻ വയ്ക്കട്ടെ കേട്ടോ.

ഓക്കേ.. ഇടയ്ക്ക് വിളിക്കാം. രമ്യ ഫോൺ കട്ട് ചെയ്തു.

വാതിൽ തുറന്ന് അനൂപ് അകത്തേക്ക് വന്നപ്പോൾ അശ്വതി സ്നേഹത്തോടെ ചിരിച്ചു. “ഇങ്ങനെയെങ്കിലും കാണാൻ പറ്റിയല്ലോ,” അവൾ പറഞ്ഞു.

ഒപ്പം അവൾ അവനെ കെട്ടിപ്പുണർന്നു.

മടുത്തു പെണ്ണെ… ഒരു ചായ എടുക്ക്..

“നല്ല ക്ഷീണമുണ്ടല്ലോ. വേഗം ഫ്രഷായി വാ, ഞാൻ ചായ എടുത്ത് വെക്കാം… ഉഴുന്ന് വടയും ഉണ്ടാക്കി യിട്ടുണ്ട്

അനൂപ് ചെറുതായി ചിരിച്ചുകൊണ്ട് തലയാട്ടി.

എന്നാൽ ആ ചിരിയിൽ പതിവില്ലാത്ത ഒരുതരം അസ്വസ്ഥത അവൾക്ക് തോന്നി.
ജോലിഭാരം ആയിരിക്കുമെന്ന് അവൾ കരുതി.

അവൻ വേഗം കുളിക്കാനായി പോയി.

ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴും അനൂപ് അത്ര കാര്യമായിട്ട് അവളോട് ഒന്നും സംസാരിച്ചില്ല.

പിന്നീട് അശ്വതി വിളക്ക് കത്തിക്കാനും നാമം ജപിക്കാനും ഒക്കെയായി പൂജാമുറിയിലേക്ക് പോയിരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടയിൽ, അശ്വതി അനൂപിനോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൻ്റെ ശ്രദ്ധ ഫോണിലായിരുന്നു.

ഇടയ്ക്കിടെ അവൻ്റെ മുഖത്ത് മിന്നിമറയുന്ന ചിരിയും ഫോണിൽ വരുന്ന മെസ്സേജുകളും അവളെ വല്ലാതെ അലോസരപ്പെടുത്തി.

“ആരാണൂ ഈ മെസ്സേജ് അയക്കുന്നത്? കുറെ നേരമായല്ലോ… ഞാനാണോ അതോ ഫോണാണോ വലുത്?”

അവൾ പരിഭവം പറഞ്ഞു.

“അതൊന്നുമില്ല, അശ്വതി. ഓഫീസിലെ ചില കാര്യങ്ങളാ. എത്രമാത്രം സ്ട്രെസ്സ് ആണെന്ന് അറിയാമോ ഓരോ ദിവസവും.. നിന്നോട് കൊഞ്ചി കൊഴിഞ്ഞു കൊണ്ടിരുന്നാ മതിയോ..
അനൂപ് തിടുക്കത്തിൽ പറഞ്ഞു. ഒപ്പം അവന്റെ മുഖത്ത് ഇത്തിരി ദേഷ്യവും പ്രകടമായി.
.
അവൾക്ക് അതിൽ വിഷമം തോന്നി. എങ്കിലും തർക്കിക്കാൻ പോകാതെ അവൾ ഭക്ഷണം കഴിക്കുന്നത് തുടർന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞ ഉടൻ, “ഞാനൊന്ന് പുറത്ത് പോയിട്ട് വരാം. അർജൻ്റായ ഒരു കോൺഫറൻസ് കാൾ ഉണ്ട്.” എന്ന് പറഞ്ഞ് അനൂപ് വേഗം പുറത്തേക്ക് പോയി.

അവനെപ്പോഴുംഎല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്ന ഒരാളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്തൊക്കെയോ മറയ്ക്കാൻ ശ്രമിക്കുന്നതുപോലെ അവൾക്ക് തോന്നി.
എങ്കിലും എല്ലാ വിഷമങ്ങളും കടിച്ചുപിടിച്ച് അശ്വതി കഴിഞ്ഞു.

കോൺഫറൻസ് കോളുണ്ടെന്ന് പറഞ്ഞ് പോയ അനൂപ് തിരികെയെത്തിയത് രാത്രി 11:30 മണിക്ക് ശേഷമാണ്.
വാതിൽ തുറന്നു അശ്വതി കൊടുത്തപ്പോൾ അവൻ ചെറുതായി മദ്യപിച്ചിട്ടുണ്ട് എന്ന് അവൾക്ക് മനസ്സിലായി.

അവനോട് ഒന്നും സംസാരിക്കാൻ തുനിയാതെ അവൾ നേരെ ബെഡ്റൂമിലേക്ക് പോയി.

അന്ന് മുഴുവനും അശ്വതി കട്ടിലിൽ കിടന്ന് കരഞ്ഞു. അവൾ കരയുന്നത് കണ്ടിട്ട് പോലും അനൂപ് ഒന്ന് ആശ്വസിപ്പിക്കാൻ പോലും വന്നില്ല.
അവൻ ഹോളിലെ സെറ്റിയിലും കിടന്നുറങ്ങി.

പിറ്റേദിവസം രാവിലെ പതിവുപോലെ അശ്വതി അവനും ബ്രേക്ഫാസ്റ്റും ലഞ്ചും ഒക്കെ റെഡിയാക്കി വെച്ചിട്ട് റൂമിൽ പോയിരുന്നു.

അനൂപ് അവളോട് സോറി ഒക്കെ പറയുവാൻ ശ്രമിച്ചെങ്കിലും അശ്വതി മൈൻഡ് ചെയ്യാൻ പോയില്ല

അന്ന് വൈകുന്നേരം, അശ്വതി തൻ്റെ കൂട്ടുകാരിയായ ദിയയെ ഫോണിൽ വിളിച്ചു.

“ദിയാ, നാളെ നമുക്കൊന്നിച്ച് സിനിമയ്ക്ക് പോയാലോ.. കുറേയായി ഞാൻ ഈ ഫ്ലാറ്റിൽ തന്നെ ഇരിക്കാൻ തുടങ്ങിയിട്ട്. അശ്വതി പറഞ്ഞു

“സോറി അശ്വതി. എനിക്കിപ്പോൾ വരാൻ പറ്റില്ല. ഞാനിപ്പോൾ വളരെ പ്രധാനപ്പെട്ട ഒരിടത്താണ്. നിന്നെ ഞാൻ തിരിച്ചു വിളിക്കാം,” ദിയ തിരക്കിട്ട് ഫോൺ വെച്ചു..

അപ്പോഴാണ് അനൂപിന്റെ സഹപ്രവർത്തകനായ ജോസഫിന്റെ ഭാര്യ എലിസബത്ത് അവളുടെ അനുജത്തിയുടെ വിവാഹം ക്ഷണിച്ചുകൊണ്ട് അശ്വതിയെ ഫോണിൽ വിളിക്കുന്നത്.

കുറച്ച് സമയം എലിസബത്തുമായി സംസാരിച്ചിരന്നു.

അനൂപിന് എന്തു പറ്റിയെന്നും, മൂന്ന് ദിവസമായല്ലോ ഓഫീസിൽ വന്നിട്ട് എന്നും എലിസബത്ത് ചോദിച്ചപ്പോൾ അശ്വതി ഞെട്ടിപ്പോയി.

ങ്ങെ…. അനൂപ് എല്ലാദിവസവും കാലത്തെ ജോലിക്ക് പോകുന്നതാണല്ലോ.
പിന്നെ ആള് ഓഫീസിൽ വന്നിട്ടില്ല എന്ന് പറഞ്ഞാൽ അത് എങ്ങനെ ശരിയാകും എന്ന് അശ്വതി ഓർത്തു. അവനിൽ എന്തൊക്കെയോ കള്ളത്തരങ്ങൾ ഉണ്ടെന്നും അവൾ ചിന്തിച്ചു.

കൂടുതൽ ഒന്നും പറയാതെ അശ്വതി ആ സംഭാഷണം അവസാനിപ്പിച്ചു

ശേഷം അനുപിന്റെ ഓഫീസിലേക്ക് വിളിച്ചു, അനൂപ് നാല് ദിവസമായിട്ട് ഓഫീസിൽ വരുന്നില്ലെന്നും ലീവ് എടുത്തിരിക്കുകയാണ് എന്നും അവൻ എന്തൊക്കെയോ ആരോഗ്യപ്രശ്നങ്ങൾ ആണെന്നും ആണ് ഓഫീസിൽ നിന്നും അറിയാൻ സാധിച്ചത്.

അശ്വതി ആകെ തകർന്നാണ് അന്ന് ആ വീട്ടിൽ കഴിഞ്ഞു കൂടിയത്.

ഇതുപോലെ അനൂപ് വൈകുന്നേരം എത്തി.
അവനെ ചോദ്യം ചെയ്യാൻ തന്നെ അവൾ മുൻകൂട്ടി തീരുമാനിച്ചിരുന്നു.

എങ്ങനെയുണ്ടായിരുന്നു ഇന്ന് ഓഫീസില്..സ്ട്രസ് കുറവുണ്ടോ ഒന്നുമറിയാത്ത ഭാവത്തിൽ അവൾ അനൂപിനോട് ചോദിച്ചു.

എങ്ങനെ കുറയും പെണ്ണേ.. ഓഡിറ്റിംഗ് വരുവാണ് അടുത്തമാസം. അതിന്റേതായ തിരക്കുകളും പ്രശ്നങ്ങളും ഒക്കെയാണ്.
ഒരു ഹാപ്പി ആയിട്ട് തന്നെയാണ് അവൻ അവളോട് മറുപടി പറയുന്നത്.

ഹമ്…. ഇന്ന് 11 മണി ആയപ്പോൾ ഓഫീസിൽ നിന്നും എന്നെ ഒരാൾ വിളിച്ചു അനൂപിനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്നും പനി കുറഞ്ഞൊ, ഹോസ്പിറ്റലിൽ പോയിട്ട് എന്ത് പറഞ്ഞു എന്നും ചോദിച്ചാണ് വിളിച്ചത്. നാലുദിവസമായി അനൂപ് ഓഫീസിൽ എത്തിയിട്ട് എന്ന് അവർ എന്നോട് പറഞ്ഞു.

കൈകളും മാറിൽ പിണച്ചുകൊണ്ട് അവൾ അനൂപിനെ ദേഷ്യത്തിൽ നോക്കി.

ആരു വിളിച്ചു.. ഏത് നമ്പറിൽ നിന്നാടി നിന്നെ വിളിച്ചത് എന്നെ ഒന്ന് കാണിച്ചേ..
അവൻ ശബ്ദമുയർത്തി അവളുടെ നേർക്ക് പാഞ്ഞ് എടുത്തു.
അവന്റെ
ദേഷ്യവും അലറിച്ചയും കേട്ട് സത്യത്തിൽ അശ്വതി പേടിച്ചുപോയി.

നീയാരാടീ എന്നെ ചോദ്യം ചെയ്യാൻ… ഞാന് എനിക്ക് സൗകര്യമുള്ളിടത്ത് പോകും ലീവ് എടുക്കും അതൊക്കെ എന്റെ ഇഷ്ടമാണ് കൂടുതൽ എന്റെ നേരെ ഉണ്ടാക്കി കൊണ്ടുവന്നാൽ ഉണ്ടല്ലോ, കൊന്നുകളയും ഞാന്.

അവൻ അശ്വതിയുടെ കഴുത്തിൽ കുത്തി പിടിച്ചു.
ശ്വാസം കിട്ടാതെ കണ്ണ് പുറത്തേക്ക് തള്ളി അവൾ കിടന്നു കുതറി.

നിനക്ക് ഉണ്ണാനും ഉടുക്കാനും ഉള്ളത് ഞാൻ കൊണ്ടുവന്ന തരുന്നുണ്ട് അത് നോക്കിയാൽ മതി അല്ലാണ്ട്
. എന്റെ പിന്നാലെ വന്നാൽ ഉണ്ടല്ലോ, പരലോകം കാണിയ്ക്കും ഞാൻ.

അവൻ പറയുന്നത് കേട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് നിൽക്കാനേ ആ പാവം പെൺകുട്ടിക്ക് സാധിച്ചുള്ളൂ.
അന്ന് അശ്വതിക്ക് പൂർണമായും മനസ്സിലായി അനൂപിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ ഉണ്ടെന്നും അവന്റെ ഈ പോക്ക് നല്ലതിനല്ലെന്നും എന്നുള്ളത്

അനൂപേ.. കഴിഞ്ഞതൊക്കെ കഴിഞ്ഞു തെറ്റുകൾ ആർക്കുവേണമെങ്കിലും സംഭവിക്കാം,, എല്ലാം ക്ഷമിക്കാനും പൊറുക്കാനും ഞാൻ തയ്യാറാണ്, ഇന്നലെവരെ അനൂപ് എങ്ങനെയായിരുന്നു എന്ന് ഞാൻ ചോദിക്കുന്നുമില്ല, ദയവുചെയ്ത് ഇനി നമ്മുടെ രണ്ടാളുടെ ജീവിതത്തിലേക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടാക്കാൻ ഇട വരരുത്. ഒരുപാട് പ്രതീക്ഷയോടെയാണ് ഞാൻ അനൂപിന്റെ ഭാര്യയായി നിന്റെ ജീവിതത്തിലേക്ക് കയറി വന്നത്. നമുക്ക് രണ്ടാൾക്കും സന്തോഷത്തോടെ കഴിയണ്ടേ, ഒരു കുഞ്ഞു വേണ്ടേ നമുക്ക്… ദയവുചെയ്ത് ഞാൻ പറയുന്നത് കേൾക്ക്, അനുപിവിന്റെ എല്ലാ ചീത്ത സ്വഭാവങ്ങളും മാറ്റണം..

അവൾ അവന്റെ കാലുപിടിച്ച് യാചിച്ചു.

എടി.. എനിക്ക് ചീത്ത സ്വഭാവമുണ്ടെന്ന് നിന്നോട് ആരാടീ പറഞ്ഞത്.. നീ എന്താ കരുതിയത് ഞാൻ ഒരു പെണ്ണ് പിടിയൻ ആണെന്നോ..

അങ്ങനെയൊന്നുമല്ല ഞാൻ അർത്ഥമാക്കിയത്,, നമ്മുടെ നല്ലൊരു ജീവിതത്തെ കരുതി ഞാൻ പറഞ്ഞെന്നേയുള്ളൂ. അനൂപിന് അറിയാല്ലോ എന്റെ അച്ഛനും അമ്മയും കൂടപ്പിറപ്പും എത്രയോ സ്നേഹത്തോടെയാണ് അനൂപിനെ കാണുന്നത്. അവരുടെയൊക്കെ മുൻപിൽ അനൂപ് ന്റെ എത്രത്തോളം വലുതാണ്. എന്നിട്ട് എന്നോട് ഇങ്ങനെയൊക്കെ അനൂപ് പെരുമാറി എന്നറിഞ്ഞാൽ മ്മ്.

അറിഞ്ഞാൽ എന്നാടി കോപ്പേ..അവര് കൊണ്ട് പോയി. M. കേസ് കൊടുക്കുമോ.എങ്കിൽ കൊടുക്കാൻ പറയെടി.

അവൻ അവളെ പരിഹസിച്ചു..

അനൂപേ, ഇത് ക്രൂരതയാണ്.. ഞാൻ ഇക്കാര്യം എന്റെ വീട്ടിൽ എല്ലാവരോടും പറയും.

നീ പറയടി… എന്നിട്ട്ആവാം ബാക്കി.
തന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന അവളെ തോഴിച്ചുമാറ്റിയതിനുശേഷം അവൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി..

അശ്വതി ചങ്കുപൊട്ടി കരഞ്ഞുകൊണ്ട് കിടന്നപ്പോഴാണ് രമ്യയുടെ ഫോൺകോൾ വരുന്നത്.

ആദ്യമൊന്നും അവൾ ഫോൺ എടുത്തില്ല. പിന്നീട് ചിന്തിച്ചു, അപ്പോഴൊക്കെ വാർത്തകളിൽ വരുന്നതുപോലെ അനൂപ് തന്നെ കൊന്നുകളഞ്ഞാൽ വീട്ടുകാര് ഇതൊന്നും ഒരിക്കലും അറിയില്ലല്ലോ എന്ന്.
അതുകൊണ്ട് അവൾ കാര്യങ്ങളെല്ലാം രമ്യയോട് തുറന്നു പറയുവാൻ തീരുമാനിച്ചു.

ഹലോ രെമ്യ….
കരഞ്ഞുകൊണ്ട് അവൾ രമ്യയെ ഉറക്കെ വിളിച്ചു ശേഷം നടന്നതൊക്കെ അവളോട് പറഞ്ഞു.

അശ്വതി നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട.. ഈ രാത്രി തന്നെ ഞാൻ ഇവിടെ നിന്നും പുറപ്പെടുകയാണ്. നീ സേഫ് ആയിട്ട് റൂമിൽ കയറി വാതിൽ അടച്ച് കുറ്റിയിട്ടിരുന്നോണം. അവൻ വന്നു വിളിച്ചാൽ ഒരു കാരണവശാലും തുറക്കരുത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നീ ഉടനെ തന്നെ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. ആ ഫ്ലാറ്റിലെ മറ്റാരുടെയെങ്കിലും നമ്പർ അറിയാമെങ്കിൽ നീ അത് ഒന്ന് ശ്രദ്ധിച്ചു കരുതിയിരുന്നോണം.

അശ്വതിക്ക് വേണ്ട നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തിട്ട് രമ്യ അവളുടെ ഭർത്താവിനെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി.

അശ്വതി രമ്യ പറഞ്ഞതുപോലെ തന്നെ അനുസരിച്ചു.
തന്റെ ബാഗിലേക്ക് അവളുടെ സർട്ടിഫിക്കറ്റുകളും എടിഎം കാർഡും സ്വർണവും ഒക്കെ എടുത്തു വച്ചു. എന്നിട്ട് മുറിയിൽ കയറി വാതിൽ അടച്ച് ലോക്ക് ചെയ്തു.

പാതിരാത്രിയിൽ എപ്പോഴോ അനൂപ് വന്നു കോളിംഗ് ബെൽ അമർത്തി. എന്നാൽ അശ്വതി വാതിൽ തുറന്നില്ല.
അവൾ എന്തെങ്കിലും അവിവേകം കാണിച്ചോ എന്ന് അവൻ ഭയന്നു. അടുത്ത ഫ്ലാറ്റ്ൽ താമസിക്കുന്നവരെ ഒക്കെ വിളിച്ചുകൂട്ടി. എല്ലാവരും ചേർന്ന് വാതിലിൽ ആഞ്ഞു കൊട്ടിയപ്പോൾ അശ്വതി രമ്യയെ വിളിച്ച് കാര്യം പറഞ്ഞു.

നീ വാതിൽ തുറക്ക് എന്നിട്ട് അവന്റെ കാര്യങ്ങൾ അവിടെ എല്ലാവരോടും പറയണം.. ആളുകളൊക്കെ അറിയട്ടെ..

രമ്യ എനിക്ക് സത്യത്തിൽ പേടിയാടി… കയ്യും കാലും ഒക്കെ വിറയ്ക്കുവാണ്.

നീ പേടിക്കവൊന്നും വേണ്ട.. ധൈര്യമായിട്ട് ഇറങ്ങിച്ചെല്ല്. നിന്നെ ചതിച്ചവനെ നീ ഒരിക്കലും വെറുതെ വിടരുത് മോളെ. നിന്നെ വളർത്തി വലുതാക്കി ഇത്രയും സ്ത്രീധനവും കൊടുത്തു കെട്ടിച്ച് അയച്ചിട്ട് ഇവൻ കാണിച്ചത് വെറും തന്തയില്ലാഴിക അല്ലേടി.. ഇവനെ വെറുതെ വിടരുത്.. നിയമത്തിന്റെ മുൻപിൽ ഇവനെ കൊണ്ടുവരണം. ഇവനെ മാത്രമല്ല ഇവന്റെ കൂടെ ഏതവളാണോ ഉള്ളത് അവളെ കൂടി
. പറയുമ്പോൾ രമ്യയുടെ വാക്കുകളിൽ രോഷം നിറഞ്ഞു.

അവൾ പറഞ്ഞതുപോലെ തന്നെ അക്ഷരംപ്രതി അശ്വതി അനുസരിച്ചു.
എന്നാൽ ആ പാവം പെൺകുട്ടിയുടെ കയ്യിൽ തെളിവുകൾ ഇല്ലായിരുന്നു.

അശ്വതി കുറച്ചുദിവസമായി ഡിപ്രഷനിലാണെന്നും, അവളുടെ ൂഡ്‌ സ്വിങ് കൊണ്ട് ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നതാണെന്നും പറഞ്ഞ് അനൂപ് അശ്വതിയെ ആശ്വസിപ്പിച്ചു മുറിയിലേക്ക് കയറ്റി കൊണ്ടുപോകുവാൻ ശ്രമിച്ചു..
എന്നാൽ
അവന്റെ കൈ തട്ടി മാറ്റിയിട്ട് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന ഒരു ഫാമിലിയുടെ വീട്ടിൽ അഭയം പ്രാപിച്ചു.

അന്ന് രാത്രിയിൽ തന്നെ രമ്യയും അവളുടെ ഭർത്താവ് വൈശാഖും കൂടി വന്ന് അശ്വതിയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

കാര്യങ്ങളൊക്കെ അറിഞ്ഞതും അശ്വതിയുടെ അച്ഛനും അമ്മയും ചങ്കുപൊട്ടി കരഞ്ഞു.
യാതൊരു കാരണവശാലും അവന്റെ കൂടെ ഉള്ള ജീവിതമിനി വേണ്ടെന്ന് പറഞ്ഞ് ആ അച്ഛനും അമ്മയും അവളെ ചേർത്തുപിടിച്ചു.

ഒപ്പം അനൂപിന്റെ വീട്ടിലും അവർ ഈ വിവരങ്ങളൊക്കെ ധരിപ്പിച്ചു.

അടുത്ത ദിവസം തന്നെ നല്ലൊരു വക്കീലിന്റെ അടുത്ത് പോയി അവർ അനൂപിനെതിരെ കേസ് ഫയൽ ചെയ്തു.

അശ്വതിയുടെ ഭർത്താവ് വൈശാഖ് അവന്റെ കൂട്ടുകാരനായ ഒരു പോലീസ് ഓഫീസറെ വച്ച് അനൂപിനെ കുറിച്ച് അന്വേഷിക്കുവാൻ തീരുമാനിച്ചു.

ഒരു ദിവസം അശ്വതി അവളുടെ അമ്മയോട് അച്ഛനോട് ഒപ്പം സംസാരിച്ചുകൊണ്ട് ഉമ്മറത്ത് ഇരിക്കുകയായിരുന്നു.
ആ സമയത്താണ് രമ്യയും വൈശാഖും അവിടേക്ക് വന്നത്.

രമ്യ അശ്വതിയെയും കൂട്ടി അവളുടെ മുറിയിലേക്ക് പോയി.

എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്. നീ ഏതു രീതിയിൽ എടുക്കും എന്ന് അറിയില്ല, എന്നാലും പറയാണ്ടു പറ്റില്ലല്ലോ..

രമ്യ പറയുന്നത് കേട്ട് അശ്വതി അവളുടെ മുഖത്തേക്ക് നോക്കി നിന്നു.

നീ വിഷമിക്കരുത്..കരയുകയും ചെയ്യരുത് എനിക്ക് വാക്ക് തരണം.
രമ്യ വലതു കൈ അശ്വതിയുടെ നേർക്ക് നീട്ടി.
വിറയലോടെ അശ്വതി തിരിച്ചു അവളുടെ കൈയിൽ തന്റെ കൈ ചേർത്തുവച്ചത്.


“നിനക്ക് വിശ്വാസമാകുമോ എന്നെനിക്കറിയില്ല, അശ്വതി. പക്ഷേ നിൻ്റെ ഭർത്താവ്, അനൂപ്, നമ്മുടെ കൂട്ടുകാരിയായ ദിയയുമായി അടുപ്പത്തിലാണ്. അവൻ്റെ ജോലിത്തിരക്കുകൾ പലതും അവളുമായി കറങ്ങാൻ പോകുന്നതാണ്.


അശ്വതിക്ക് ആ വാക്കുകൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ”

രമ്യ പറഞ്ഞ വാക്കുകൾ അശ്വതിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ തന്റെ ഏറ്റവും നല്ല സുഹൃത്തായി കണ്ടിരുന്ന ദിയ, തൻ്റെ ഭർത്താവുമായി അടുപ്പത്തിലാണെന്ന് കേട്ടപ്പോൾ അവൾ തകർന്നുപോയി. അവളുടെ കണ്ണുകൾ നിറഞ്ഞു, പക്ഷെ രമ്യക്ക് കൊടുത്ത വാക്ക് അവൾ ഓർത്തു.
“ദിയ…?” അശ്വതിയുടെ ശബ്ദം ഇടറി.

“അതെ, അശ്വതി. എനിക്ക് ഇത് പറയാൻ വിഷമമുണ്ട്. വൈശാഖ് അന്വേഷിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ സത്യമാണ്. അനൂപും ദിയയും ഒരുമിച്ചാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്. അനൂപ് ഓഫീസിൽ പോകുന്നില്ല എന്ന് പറഞ്ഞ ദിവസം അവർ ഒരുമിച്ചായിരുന്നു,” രമ്യ പതിയെ പറഞ്ഞു.

അശ്വതിയുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നുവന്നു. ദിയ ഇടയ്ക്കിടെ തൻ്റെ ഫ്ലാറ്റിൽ വരാറുണ്ടായിരുന്നു. ആ സമയത്താണോ അവർ തമ്മിൽ അടുപ്പത്തിലായത്? അതോ അനൂപിനെ കാണാൻ വേണ്ടിയാണോ അവൾ വന്നിരുന്നത്? തന്നോട് സിനിമയ്ക്ക് പോകാൻ പറ്റില്ല എന്ന് ദിയ പറഞ്ഞതും അവൾ ഓർത്തു.

അപ്പോൾ അവൾ അനൂപിനൊപ്പം ആയിരുന്നിരിക്കുമോ?
അവളുടെ മനസ്സ് വേദനകൊണ്ട് പുളഞ്ഞു. വിശ്വസിച്ച രണ്ടുപേരാണ് തന്നെ ചതിച്ചത്. തൻ്റെ ഭർത്താവും തൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും. അവൾ രമ്യയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

“എനിക്ക് ഇത് എങ്ങനെ സഹിക്കാൻ പറ്റും, രമ്യ? ഞാൻ വിശ്വസിച്ച എൻ്റെ ഭർത്താവ്, കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ച കൂട്ടുകാരി,, എന്റെ ജീവിതം തകർന്നുപോയില്ലൊ,” അവൾ തേങ്ങലോടെ പറഞ്ഞു.

“നീ തളരരുത് അശ്വതി. നിൻ്റെകൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്. നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ കരയരുതെന്ന്..

അനൂപിനും ദിയക്കും എതിരെ നമ്മൾ നിയമപരമായി മുന്നോട്ട് പോകും. നീ ഭയപ്പെടരുത്. നീ ഒറ്റയ്ക്കല്ല,, നിന്റെ അച്ഛനും അമ്മയും കൂടപ്പിറപ്പ് ഞാനും എന്റെ ഭർത്താവും ഒക്കെയുണ്ട്. നിന്നെ വേണ്ടാതെ മറ്റൊരാളുടെ ചൂടു തേടി പോയവനെ എന്തിനാടി നിനക്ക്,” രമ്യ അവളെ ആശ്വസിപ്പിച്ചു.

അന്ന് രാത്രി അശ്വതി ഉറങ്ങിയില്ല. ഒരുപാട് സ്വപ്നങ്ങളുമായി തുടങ്ങിയ തൻ്റെ ജീവിതം ഇങ്ങനെ ഒരു വഴിത്തിരിവിൽ എത്തുമെന്ന് അവൾ ഒരിക്കലും വിചാരിച്ചില്ല.

അനൂപ് തന്നെ ചതിച്ചതും, ദിയ അതിന് കൂട്ടുനിന്നതും അവളെ വല്ലാതെ വേദനിപ്പിച്ചു.

അടുത്ത ദിവസം അവർ വക്കീലിനെ കാണാൻ പോയി. അനൂപിനും ദിയക്കും എതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അവർ തീരുമാനിച്ചു. രമ്യയുടെ ഭർത്താവ് വൈശാഖ്, തൻ്റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥൻ്റെ സഹായത്തോടെ അനൂപിൻ്റെ ഫോൺ വിളികളുടെ വിവരങ്ങൾ ശേഖരിച്ചു. അതിൽ ദിയയുമായി നടത്തിയ സംഭാഷണങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു.

കൂടാതെ, അവർ ഒരുമിച്ച് പോയ സ്ഥലങ്ങളുടെ ചിത്രങ്ങളും അവർക്ക് ലഭിച്ചു.

തെളിവുകൾ അശ്വതിയുടെ കുടുംബത്തെ ഞെട്ടിച്ചു. അവർക്ക് അനൂപിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് വക്കീൽ ഉറപ്പിച്ചു പറഞ്ഞു.

ഒരു ദിവസം അശ്വതി ദിയയെ നേരിട്ട് ചെന്ന് കാണാൻ തീരുമാനിച്ചു. കാര്യങ്ങളെല്ലാം രമ്യയോട് പറഞ്ഞപ്പോൾ ആദ്യം അവൾ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. “അശ്വതി, എന്തിനാണ് നീ ഇപ്പോൾ പോയി വീണ്ടും പ്രശ്നങ്ങളുണ്ടാക്കുന്നത്? അവൾ അതിനർഹയല്ല,” രമ്യ പറഞ്ഞു.
“ഇല്ല രമ്യ. എനിക്ക് അവളെ നേരിട്ട് കാണണം. അവളോട് എനിക്കൊരുപാട് കാര്യങ്ങൾ ചോദിച്ചറിയാനുണ്ട്,” അശ്വതി ദൃഢനിശ്ചയത്തോടെ പറഞ്ഞു.
അശ്വതി തനിച്ചാണ് ദിയയുടെ ഫ്ലാറ്റിലേക്ക് പോയത്. കോളിംഗ് ബെൽ അമർത്തി അവൾ കാത്തുനിന്നു. വാതിൽ തുറന്ന ദിയ അപ്രതീക്ഷിതമായി അശ്വതിയെ കണ്ടപ്പോൾ ഒന്ന് ഞെട്ടി. അവളുടെ മുഖത്ത് കുറ്റബോധം നിഴലിച്ചു.
“അശ്വതി… നീ…?” ദിയയുടെ ശബ്ദം ഇടറി.

“അതെ, ഞാനാണ്,നിന്റെ കൂട്ടുകാരി അശ്വതി.. നീയെന്നെ മറന്നില്ല അല്ലേടി..
അശ്വതിയുടെ ശബ്ദം കനത്തു. ,

നീ എന്തിനാണ് എന്നെ ചതിച്ചത്? ഞാൻ നിന്നെ എത്രമാത്രം വിശ്വസിച്ചിരുന്നു. എൻ്റെ വീട്ടിൽ, എൻ്റെ ജീവിതത്തിൽ ഞാൻ നിനക്ക് ഒരു സ്ഥാനം നൽകിയിരുന്നു. എന്റെ കൂടെപ്പിറപ്പിനെ പോലെ കണ്ട് വിശ്വസിച്ചു….എന്നിട്ടും നീ…?”

ദിയ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നു. അവളുടെ മൗനം അശ്വതിയുടെ ദേഷ്യം വർദ്ധിപ്പിച്ചു.

“മിണ്ടാതെ നിൽക്കാതെ മറുപടി പറയെടീ,” അശ്വതി അലറി.

“അശ്വതി… ഞാൻ… എനിക്കറിയില്ല… അത് സംഭവിച്ചുപോയി,സോറി… ദിയ പതുക്കെ പറഞ്ഞു

അവളുടെ മറുപടി അശ്വതിയുടെ ഉള്ളിലെ തീ ആളിക്കത്തിച്ചു. അവൾ ദിയയുടെ അടുത്തേക്ക് പാഞ്ഞടുത്തു. അവൾ പ്രതീക്ഷിക്കാതെ അശ്വതി ദിയയുടെ ചെവിക്കല്ലിനിട്ട് ആഞ്ഞൊരടി കൊടുത്തു.

ഒന്നും ആയിട്ടില്ല.. നിനക്കും എന്റെ ഭർത്താവ് എന്ന് പറഞ്ഞ ചെറ്റയ്ക്കും ഉള്ള മറുപടി സാക്ഷാൽ ഈശ്വരൻ തരും.. വൈകാതെ തന്നെ…

അശ്വതി പറഞ്ഞു.
അടിയുടെ ആഘാതത്തിൽ ദിയയുടെ കവിളിൽ അഞ്ച് വിരലടയാളങ്ങൾ പതിഞ്ഞു. അവൾ തലകുനിച്ചുനിന്നു.

അശ്വതി വെട്ടിതിരിഞ്ഞു താഴേയ്ക്ക് ഇറങ്ങിപ്പോയി.

നിയമപരമായി മുന്നോട്ട് പോകാൻ അശ്വതി ധൈര്യത്തോടെ തീരുമാനമെടുത്തു.

രമ്യയോട് അശ്വതിക്ക് ഒരുപാട് നന്ദിയുണ്ടായിരുന്നു. തൻ്റെ വിഷമഘട്ടത്തിൽ രമ്യയും വൈശാഖും ഒപ്പം നിന്നില്ലായിരുന്നെങ്കിൽ താൻ തകർന്നുപോകുമായിരുന്നു എന്ന് അവൾക്ക് മനസ്സിലായി.
കേസ് കോടതിയിൽ എത്തി. അനൂപിനും ദിയക്കും എതിരെ ശക്തമായ തെളിവുകൾ അശ്വതിയുടെ വക്കീൽ ഹാജരാക്കി. അനൂപ് എല്ലാ ആരോപണങ്ങളും നിഷേധിച്ചെങ്കിലും തെളിവുകളുടെ മുന്നിൽ അവന് ഒന്നും പറയാൻ കഴിഞ്ഞില്ല.

വിവാഹമോചന കേസിൽ അശ്വതിക്ക് അനുകൂലമായ വിധി വന്നു. അനൂപിൽ നിന്നും അവൾക്ക് നഷ്ടപരിഹാരവും ലഭിച്ചു. ഈ സംഭവങ്ങൾ അവളെ ഒരുപാട് വേദനിപ്പിച്ചെങ്കിലും, അവൾ തളരാതെ മുന്നോട്ട് പോകാൻ തീരുമാനിച്ചു.

പിന്നീട് അശ്വതി ജോലിക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അവൾക്ക് ഇപ്പോൾ പഴയതിനേക്കാൾ കൂടുതൽ ആത്മവിശ്വാസമുണ്ട്.

തൻ്റെ ജീവിതം ഇനിയെങ്നെ മുന്നോട്ട് കൊണ്ട് പോകുമെന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.

പഴയ ചതിയുടെ ഓർമ്മകളെ മനസ്സിൽ നിന്നും മായിച്ച് കളഞ്ഞുകൊണ്ട് അവൾ പുതിയൊരു നാളെയ്ക്കായി കാത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *