“അതെങ്ങനെയാ ശരിയാവുക ശാന്തേടത്തി? വീട് അമ്മയുടെ പേരിൽ ആയിരുന്നില്ലേ?? അത് അമ്മ ശാന്തേടത്തിയുടെ പേരിൽ തന്നു എന്നൊക്കെ പറയുമ്പോൾ ഞങ്ങളോട് കൂടി ഒരു വാക്ക് ചോദിക്കേണ്ട? അതല്ലേ മര്യാദ?”
ഇളയവളായ മാലിനി അങ്ങനെ പറഞ്ഞതും ശാന്ത ഒന്നും മിണ്ടാതെ ബാക്കിയുള്ളവരുടെ മുഖത്തേക്ക് നോക്കി. അവർക്കും മാലിനി പറഞ്ഞ അഭിപ്രായം തന്നെയാണ് എന്ന് അവരുടെ മുഖം കണ്ടപ്പോൾ ശാന്തയ്ക്ക് മനസ്സിലായി. അത്രയും നേരം അടക്കിപ്പിടിച്ച അമർഷം മാലിനിയിലൂടെ പുറത്തുവന്നതേയുള്ളൂ.
”അമ്മയുടെ സ്വത്ത് മക്കൾക്കെല്ലാം തുല്യമായി വിഭജിക്കണം, അതാണ് അതിന്റെ ശരി. ഞങ്ങൾ കേസിനു പോയാൽ ചേച്ചി കുടുങ്ങും..!” തന്റെ നേരെ താഴെയുള്ള അനിയൻ സഹദേവൻ ആണ് ആ പറഞ്ഞത്.
അത് കേട്ടപ്പോൾ ശാന്ത ചിരിച്ചതേയുള്ളൂ. ആ ചിരി അവരെ കൂടുതൽ പ്രകോപിപ്പിച്ചു. അപ്പോഴേക്കും സഹദേവൻറെയും അവന്റെ താഴെയുള്ള ശശിയുടെയും ഭാര്യമാർ ഓരോന്ന് പറഞ്ഞു തുടങ്ങി.
”ഇത്രയും കാലം ഇവിടെ അടച്ചുപിടിച്ചു ഇരുന്നത് ഇതിനായിരുന്നല്ലേ? ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതിയോ? ഞങ്ങളും ഈ കുടുംബത്തിലെ അംഗങ്ങളാണ്. നിയമം എല്ലാവർക്കും ഒപ്പമാണ്,” സഹദേവന്റെ ഭാര്യ രമ പരിഹാസത്തോടെ പറഞ്ഞു.
ഒന്നും മിണ്ടാതെ ശാന്ത അതെല്ലാം കേട്ടു നിന്നു. അവളുടെ മനസ്സ് പഴയ കാര്യങ്ങളിലേക്ക് പോയി. തന്റെ അമ്മയ്ക്ക് 4 മക്കളാണ്. താനും മാലിനിയും പെൺമക്കൾ, പിന്നെ സഹദേവനും ശശിധരനും. ഇതിൽ താനാണ് ഏറ്റവും മൂത്തത്. തന്റെ വിവാഹം തനിക്ക് 18 വയസ്സായപ്പോൾ തന്നെ കഴിഞ്ഞു. ഒരു സൂക്കേടുകാരൻ ആയിരുന്നു കെട്ടിയത്. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞിനെ പോലും തരാതെ രണ്ട് വർഷം കഴിഞ്ഞപ്പോൾ അയാൾ അങ്ങ് പോയി. അയാളുടെ വീട്ടിൽ ഒരു അധികപ്പറ്റാണെന്ന് മനസ്സിലാക്കിയ നിമിഷം അവൾ അവിടെ നിന്നും ഇറങ്ങിപ്പോന്നു.
സ്വന്തം വീട്ടിൽ തിരിച്ചെത്തിയപ്പോൾ എല്ലാവരും സഹതാപത്തോടെയാണ് നോക്കിയത്. പക്ഷേ, യാതൊരു മടിയും കൂടാതെ ജോലി എന്തും എടുക്കുന്നതുകൊണ്ട് ശാന്തയ്ക്ക് സ്വന്തം വീട്ടിൽ അന്ന് ഒരു സ്ഥാനം കിട്ടി.
പറമ്പിലെ പണിയും അടുക്കളപ്പണിയും എല്ലാം നോക്കി അവൾ അവിടെ നിന്നു. സപ്പോർട്ടിന് അമ്മയും ഉണ്ടായിരുന്നു. അപ്പോഴേക്കും അനിയന്മാരുടെയും അനിയത്തിയുടെയും എല്ലാം വിവാഹം കഴിഞ്ഞു. അമ്മ കുറച്ച് വാശിക്കാരി ആയിരുന്നു. അമ്മയുടെ കൂടെ നിൽക്കുക എന്ന് പറഞ്ഞാൽ അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.
”എടി ശാന്തേ, ആ അലക്കിട്ട തുണികളൊക്കെ എടുത്തു വെച്ചോ? മഴ വരുന്നുണ്ട്. നീ എപ്പോഴും ഇങ്ങനെ മടിച്ചു നിൽക്കാതെ എന്തെങ്കിലും പണി നോക്ക്,” അമ്മ ഇടയ്ക്കിടെ ശാസിക്കുമായിരുന്നു.
അമ്മയുടെ ആ സ്വഭാവം കാരണം തന്നെ അവരെല്ലാം പെട്ടെന്ന് തന്നെ വീടുവച്ച് മാറി. ശാന്ത മാത്രം അമ്മയെ നോക്കി അവിടെ തന്നെ നിന്നു. മൂത്ത മകൾ ആയതുകൊണ്ട് ശാന്തയോട് എന്നും ഒരു ചായ്‌വ് അമ്മയ്ക്ക് ഉണ്ടായിരുന്നു. അവളെ മാത്രം അനാവശ്യമായി ചീത്ത പറയില്ല. അല്ലെങ്കിലും ഇനി ആരെ അമ്മ ചീത്ത പറഞ്ഞാലും, അതിൽ ഒരു കാര്യം ഉണ്ടാകും എന്ന് ശാന്തയ്ക്ക് അറിയാമായിരുന്നു.
അമ്മ പറഞ്ഞതെല്ലാം വലിയ പ്രശ്നങ്ങളാക്കി പൊക്കിപ്പിടിച്ചത് അനിയന്റെ ഭാര്യമാരാണ്. അതിന്റെ പിന്നിൽ അമ്മയുടെ കൂടെ ഒത്തു നിൽക്കാൻ പറ്റില്ല എന്നുള്ളത് മാത്രമല്ല, തന്റെയും അമ്മയുടെയും ചിലവ് അവർ എടുക്കേണ്ടി വരുമോ എന്ന ഭയം കൂടി ഉണ്ടായിരുന്നു.
അവരെല്ലാം മാറി താമസിച്ചപ്പോൾ അമ്മയ്ക്ക് വളരെ സങ്കടമായിരുന്നു. എങ്കിലും “നീ ഉണ്ടല്ലോടി എനിക്ക്” എന്ന് അമ്മ കൂടെക്കൂടെ പറയുമായിരുന്നു. രാത്രിയിൽ കാലു വേദന എടുക്കുമ്പോൾ ശാന്ത അമ്മയുടെ കാലുകൾ തടവി കൊടുക്കും. അപ്പോൾ അമ്മ പറയും, “നിന്നെ ഞാൻ അന്ന് 18 വയസ്സിൽ കെട്ടിച്ചു വിടേണ്ടായിരുന്നു. എന്റെ കൂടെ നിർത്തിയാൽ മതിയായിരുന്നു. നിന്റെ ജീവിതം ഞാൻ കാരണമാണ് ഇങ്ങനെയായത്.”
”അതൊന്നും സാരമില്ലമ്മേ, എല്ലാം വിധി പോലെ നടക്കും,” ശാന്ത അമ്മയെ ആശ്വസിപ്പിക്കും.
ഇതിനിടയിലാണ് ഒരു ദിവസം ശാന്ത പോലും അറിയാതെ വീടിന്റെ ആധാരം അമ്മ അവളുടെ പേരിൽ ആക്കിയത്. ടൗണിൽ പോയി വക്കീലിനെ കണ്ട് കാര്യങ്ങളെല്ലാം രഹസ്യമായി അമ്മ തന്നെ ചെയ്തു. തിരിച്ചു വന്ന ശേഷം അവളോട് അത് പറഞ്ഞപ്പോൾ, “എന്തിനാണ് അമ്മേ എനിക്ക് ഇതൊന്നും വേണ്ട,” എന്നാണ് ശാന്ത പറഞ്ഞത്.
”വേണം! ഇല്ലെങ്കിൽ നാളെ ഞാൻ ഇല്ലാതായാൽ നിന്റെ ആങ്ങളമാരും അനിയത്തിയും ചേർന്ന് ഇതും പങ്കിട്ടെടുക്കും. ഒടുവിൽ നീ ഒന്നും ഇല്ലാത്തവൾ ആയി തീരും. അവർക്ക് താമസിക്കാൻ വീടുണ്ട്, സുഖ സൗകര്യങ്ങളുണ്ട്. നിനക്ക് ആരുമില്ല,” എന്ന് അമ്മ പറഞ്ഞപ്പോൾ അമ്മയ്ക്ക് അവളോടുള്ള കരുതലിൽ അവളുടെ മിഴികൾ നിറഞ്ഞു.
പെട്ടെന്നാണ് അമ്മ അസുഖബാധിതയായത്. പ്രഷർ കൂടി ഒരുവശം തളരുകയായിരുന്നു. അങ്ങനെ ഒരു വർഷത്തോളം കിടന്നു. ആ സമയത്തെല്ലാം ശാന്ത അനുഭവിച്ച കഷ്ടപ്പാട് പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു. അമ്മയെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും ഒക്കെ അവൾ തനിച്ചായിരുന്നു.
മാലിനി ഇടയ്ക്കൊക്കെ വരും. വന്നിട്ട് പറയും, “ചേച്ചീ, എനിക്ക് വീട്ടിൽ ഒരുപാട് പണിയുണ്ട്. കുട്ടികളുടെ കാര്യങ്ങൾ നോക്കണം. ഞാൻ ഇത്തിരി നേരം ഇരുന്നിട്ട് പോകാം.” സഹദേവനും ശശിയും വരുന്നത് മാസത്തിലൊരിക്കലാണ്. വന്നിട്ട് അമ്മയുടെ അരികിൽ അഞ്ചു മിനിറ്റ് ഇരിക്കും. “ഡോക്ടറെ കാണിച്ചില്ലേ? മരുന്ന് കൊടുക്കുന്നുണ്ടല്ലോ അല്ലേ?” എന്ന് ചോദിച്ച് അവർ കടമ തീർക്കും.
അപ്പോഴും നോക്കി ഉണ്ടാക്കിയത് ശാന്ത മാത്രമാണ്. ബാക്കിയുള്ളവർ വെറും സന്ദർശകർ മാത്രമായി. ഒടുവിൽ അമ്മ മരിച്ചപ്പോൾ അവർ സ്വത്തിന് വേണ്ടി വന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞ ഉടനെ അവർക്ക് അറിയേണ്ടത് സ്വത്തിനെ കുറിച്ചായിരുന്നു. വില്ലേജ് ഓഫീസിലും മറ്റും അന്വേഷിച്ചപ്പോൾ അവളുടെ പേരിൽ എഴുതി കൊടുത്തു എന്നറിഞ്ഞു. അതോടെയാണ് വീട്ടിൽ വലിയ പ്രശ്നങ്ങൾ തുടങ്ങിയത്.
അന്നേരം മാത്രമാണ് അമ്മയുടെ ദീർഘവീക്ഷണത്തെ പറ്റി അവൾ അത്ഭുതപ്പെട്ടത്.
”ഒരു കാര്യം ചെയ്യാം. നിനക്ക് ഈ വീടും സ്വത്തും കിട്ടിയിട്ട് എന്തിനാണ്? ഞാൻ നല്ല ഒരാളെ കൊണ്ടുവരാം. നമുക്ക് ഇതങ്ങ് വിൽക്കാം. എന്നിട്ട് നാലായി ഭാഗിക്കാം! ഞങ്ങൾക്ക് കിട്ടിയ പോലെ നിനക്കും ഒരു ഓഹരി കിട്ടിയിട്ടുണ്ടല്ലോ. ആ പണം വെച്ച് നിനക്കൊരു ചെറിയ വീട് ഉണ്ടാക്കുകയും ആവാം!” ശശിധരൻ ആണ് അങ്ങനെയൊരു ഐഡിയ കണ്ടെത്തിയത്.
”അതെ, ശശി പറഞ്ഞതാണ് ശരി. ചേച്ചിക്ക് ഒറ്റയ്ക്ക് ഇത്രയും വലിയ വീടിന്റെ ആവശ്യമെന്താ? തൂത്തു തുടച്ചു ഇടാൻ പോലും ഒരാളെ വേണമല്ലോ. അതിലും നല്ലത് ചെറിയൊരു വീട് വാങ്ങി ബാക്കി പണം ബാങ്കിൽ ഇടുന്നതാണ്,” ശശിയുടെ ഭാര്യ പറഞ്ഞു.
അതുകേട്ട് ശാന്ത ഒന്ന് ചിരിച്ചു. ആ ചിരിയിൽ പുച്ഛവും വേദനയും കലർന്നിരുന്നു.
”അപ്പോ എല്ലാവരുടെയും അഭിപ്രായം അറിഞ്ഞ സ്ഥിതിക്ക് ഇനി ഞാൻ എനിക്ക് പറയാനുള്ളത് പറയാം!” ശാന്ത എല്ലാവരെയും നോക്കി ഉറച്ച ശബ്ദത്തിൽ പറഞ്ഞു. “എല്ലാവരുടെയും അമ്മയാണ്, സമ്മതിച്ചു. പക്ഷേ ഇത് നിങ്ങൾക്ക് മുൻപ് അറിയില്ലായിരുന്നോ?”
ശാന്ത ചോദിച്ചത് കേട്ടതും എല്ലാവരും അവളെ തന്നെ തുറിച്ചു നോക്കി.
”എന്ത് അറിയില്ലായിരുന്നു എന്ന്?” മാലിനി ചോദിച്ചു.
”ഇപ്പോൾ സ്വത്തിനുവേണ്ടി ഇവിടെ നിൽക്കുന്ന നിങ്ങൾ, അമ്മയ്ക്ക് വയ്യ എന്നറിഞ്ഞിട്ടും അതിനുമുൻപും ഇവിടേക്ക് വന്നു കണ്ടിട്ടില്ല.
എല്ലാവർക്കും സ്വന്തം കാര്യം നോക്കി പോകാനായിരുന്നു മിടുക്ക്! ഞങ്ങൾ രണ്ട് ആത്മാക്കൾ ഇവിടെ എങ്ങനെയാണ് കഴിഞ്ഞത് എന്ന് അറിയാമോ?? എല്ലാമാസവും വന്ന് പറമ്പിലെ തേങ്ങയും മറ്റും പെറുക്കിക്കൊണ്ടു പോകാറുണ്ടല്ലോ നിങ്ങൾ ഓരോരുത്തരും!! എന്നാൽ ഈ വീട്ടിലേക്ക് ഒന്ന് വന്ന് അമ്മയ്ക്ക് സുഖമാണോ, മരുന്നു വാങ്ങാൻ പണം വേണോ എന്ന് ചോദിച്ചിട്ടുണ്ടോ??” ശാന്തയുടെ ശബ്ദം ഇടറി.
അവർ ആരും മറുപടി പറഞ്ഞില്ല. പരസ്പരം മുഖത്തോടു മുഖം നോക്കി.
”എനിക്ക് കിട്ടുന്ന വിധവാ പെൻഷനും അമ്മയ്ക്ക് കിട്ടുന്ന വാർദ്ധക്യകാല പെൻഷനും കൊണ്ട് ഞങ്ങൾ ഓരോ ദിവസവും അരിഷ്ടിച്ചാണ് കഴിച്ചുകൂട്ടിയത്. ചോർച്ചയുള്ള ഈ മേൽക്കൂര നന്നാക്കാൻ സഹദേവനോ ശശിക്കോ തോന്നിയിട്ടുണ്ടോ? മഴ പെയ്യുമ്പോൾ അമ്മയുടെ കട്ടിലിന് മുകളിൽ പാത്രം വെച്ചാണ് ഞാൻ വെള്ളം പിടിച്ചിരുന്നത്. അന്നൊന്നും ഈ വീട് വിൽക്കാനോ എനിക്ക് പങ്ക് തരാനോ നിങ്ങൾക്ക് തോന്നിയില്ലല്ലോ!”
ശാന്ത തുടർന്നു: “നീ പറഞ്ഞത് ശരിതന്നെയാണ് ശശീ, ഇത്രയും വലിയ വീട് എനിക്ക് ആവശ്യമില്ല. കാരണം ശാന്ത ചേച്ചിക്ക് ഭർത്താവും കുട്ടികളും ഇല്ലല്ലോ! ഒരിക്കൽ ഇതെല്ലാം നിങ്ങൾക്ക് എല്ലാവർക്കും കൂടി നൽകണം എന്നും ഞാൻ കരുതിയതാണ്. എന്നാൽ ഇത്രയും ഈ സ്വത്തിന് വേണ്ടി കടിപിടി കൂടിയ സ്ഥിതിക്ക് ഇനി ഇതൊന്നും നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ല….!!”
ശാന്ത പറഞ്ഞത് കേട്ടതും അതുവരെ മിണ്ടാതെ നിന്നവർക്ക് വീണ്ടും ദേഷ്യം വന്നു.
”പിന്നെ നീ ഇത് എന്ത് ചെയ്യാൻ പോകുന്നു??” സഹദേവൻ ദേഷ്യത്തോടെ ചോദിച്ചു. “ഇത് ഞങ്ങളുടെ തറവാടാണ്. ഇവിടെ നിനക്ക് മാത്രം അവകാശമില്ല. നിയമപരമായി ഞങ്ങൾ ഇത് നേരിടും.”
”അത് ഇപ്പോൾ നിങ്ങളോട് പറയാൻ എനിക്ക് സൗകര്യമില്ല!” അത്രയും പറഞ്ഞു ശാന്ത അകത്തേക്ക് കയറി.
പിന്നീടുള്ള ദിവസങ്ങളിൽ ശാന്തയെ അവർ പലതരത്തിൽ ഉപദ്രവിക്കാൻ നോക്കി.
ഫോണിലൂടെ ഭീഷണിപ്പെടുത്തി. സ്വത്ത് കിട്ടാൻ എന്താണ് വഴി എന്നതിനെക്കുറിച്ച് അവർ വക്കീൽമാരുമായി ആലോചിച്ചു. അവർ ഒരു വക്കീലിനെ പോയി കണ്ടു. എന്നാൽ അമ്മ മുൻപ് തന്നെ ആ വക്കീലിന്റെ അരികിലേക്ക് വന്ന് ഭാവിയിൽ ഒരു പ്രശ്നവും ഇല്ലാത്ത രീതിയിൽ ശാന്തയ്ക്ക് ആ വീട് രജിസ്റ്റർ ചെയ്തു കൊടുത്തു എന്ന് അയാളിൽ നിന്ന് അറിഞ്ഞു.
”നോക്കൂ സഹദേവൻ, നിങ്ങളുടെ അമ്മ വളരെ കൃത്യമായാണ് ആധാരം എഴുതിയിരിക്കുന്നത്. അവർക്ക് മാനസികമായി യാതൊരു പ്രശ്നവും ഇല്ലായിരുന്നു എന്ന് തെളിയിക്കാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് വരെ അവർ കൂടെ വെച്ചിട്ടുണ്ട്.
ശാന്തയുടെ അനുവാദമില്ലാതെ നിങ്ങൾക്ക് ഈ സ്വത്തിൽ ഒരു അവകാശവും ഉന്നയിക്കാൻ കഴിയില്ല,” വക്കീൽ കട്ടായം പറഞ്ഞു.
അതോടെ അവർക്ക് എല്ലാവർക്കും ശാന്തയോട് കൊടും പകയായി. നാട്ടുക്കാരോടും ബന്ധുക്കളോടും അവർ ഓരോന്ന് പറഞ്ഞു പരത്തി.
”ശാന്ത അമ്മയെ മയക്കി മരുന്നു കൊടുത്തു എഴുതി വാങ്ങിയതാണ്. അവൾക്ക് ഇപ്പോൾ അഹങ്കാരമാണ്,” മാലിനി നാട്ടുകാരോട് പറഞ്ഞു നടന്നു. എന്നാൽ അതൊന്നും ശാന്തയ്ക്ക് ഒരു വിഷയം ആയിരുന്നില്ല. അവൾ ഒരു വലിയ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം അവൾ ആ വീടും പറമ്പും ഒരു അനാഥാലയത്തിന് എഴുതി കൊടുത്തു. ആ സ്ഥാപനത്തിന്റെ ഭാരവാഹികൾ അവിടെ വന്നു എല്ലാം ഏറ്റെടുത്തു.
അതറിഞ്ഞപ്പോൾ സഹോദരങ്ങൾ ഓടിയെത്തി. “നീ എന്ത് മണ്ടത്തരമാണ് ഈ ചെയ്തത്? ഞങ്ങൾക്ക് തന്നില്ലെങ്കിലും നിനക്ക് ഇത് വിറ്റു സുഖമായി ജീവിക്കാമായിരുന്നില്ലേ?” ശശിധരൻ ആക്രോശിച്ചു.
ശാന്ത ശാന്തമായി അവരെ നോക്കി. “എനിക്ക് പണമല്ല ആവശ്യം, സമാധാനമാണ്. ഈ സ്വത്ത് ഇനി കുറേ കുട്ടികൾക്ക് തണലാകട്ടെ. ഞാൻ എന്റെ എല്ലാ അവകാശങ്ങളും അവർക്ക് നൽകി. എന്റെ ആധാരവും പണവും എല്ലാം അവർക്ക് തന്നെയാണ്.”
അത് മാത്രമല്ല, ശാന്ത അവിടുത്തെ തന്നെ ഒരു അന്തേവാസിയായി ഇനിയുള്ള കാലം ജീവിക്കാൻ തീരുമാനിച്ചു. ആ വീട് ഇനി ഒരു അനാഥാലയമായി അറിയപ്പെടും. അവിടെ അവൾക്ക് അന്തസ്സോടെ ജീവിക്കാം. ഇപ്പോൾ ശാന്തയ്ക്ക് വലിയ മനസ്സമാധാനം ഉണ്ട്. അവർ ചെയ്തതിന് ശപിക്കാനായി എല്ലാവരും വന്നിരുന്നു.
”ഇനി ഒരിക്കലും ഇങ്ങനെ ഒരാളെ ഞങ്ങൾക്ക് പരിചയം പോലും ഇല്ല! നീ ഞങ്ങൾക്ക് ചത്തു,” എന്ന് പറഞ്ഞ് അവർ മടങ്ങി.
ശാന്ത ജനാലയിലൂടെ അവർ പോകുന്നത് നോക്കി നിന്നു. ഇനിയിപ്പോൾ ഈ സ്വത്തെല്ലാം അവരുടെ പേർക്ക് കൊടുത്താലും ഇതുതന്നെയാണ് തന്റെ ഗതി എന്ന് അവർക്ക് അറിയാമായിരുന്നു. സ്വത്ത് കിട്ടി കഴിഞ്ഞാൽ അവർ തന്നെ ഈ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കും. പിന്നെ ഏതെങ്കിലും അഗതിമന്ദിരത്തിന്റെ പടിവാതിൽക്കൽ താൻ നിൽക്കേണ്ടി വരുമായിരുന്നു. അതിലും നല്ലത് സ്വന്തം ഇഷ്ടപ്രകാരം ഈ വഴി തിരഞ്ഞെടുത്തതാണ്.
പലരും ജീവിതത്തിൽ അങ്ങനെയാണ്, സ്വാർത്ഥരാണ്. രക്തബന്ധത്തേക്കാൾ അവർക്ക് വലുത് പണമാണ്. അമ്മയുടെ സ്നേഹം പോലും അവർ അളന്നത് സ്വത്തിന്റെ പേരിലായിരുന്നു.
ഇത്രയും സ്വാർത്ഥരായവരോട് ഇതിൽ കൂടുതൽ നന്നായി പെരുമാറാൻ ശാന്തയ്ക്കും തോന്നിയില്ല. അവൾ അനാഥാലയത്തിലെ കുട്ടികൾക്കൊപ്പം പുതിയൊരു ജീവിതം തുടങ്ങി. അവിടെ അവൾക്ക് സ്നേഹിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു, ആരും അവളെ “അധികപ്പറ്റായി” കണ്ടില്ല.
അമ്മ മുകളിൽ ഇരുന്ന് തന്നെ അനുഗ്രഹിക്കുന്നുണ്ടാകും എന്ന് ശാന്തയ്ക്ക് തോന്നി. അമ്മ ഭയപ്പെട്ടതുപോലെ അവൾ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നില്ല. പകരം, ഒരുപാട് പേർക്ക് തണലായി ആ വീട് മാറി.
ശാന്തയുടെ മനസ്സിൽ ഇപ്പോൾ ഒരു വലിയ ഭാരം ഒഴിഞ്ഞതുപോലെ തോന്നി. അവൾ മെല്ലെ പൂമുഖത്തെ കസേരയിൽ ഇരുന്നു. ദൂരെ തന്റെ സഹോദരങ്ങൾ കാറിൽ കയറി പോകുന്നത് അവൾ കണ്ടു. അവരോട് അവൾക്ക് ദേഷ്യമില്ലായിരുന്നു, വെറും സഹതാപം മാത്രം.
സ്റ്റോറി by ചന്ദ്ര
