✍️ Shainy Varghese
“അച്ഛൻ അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി സുധീഷിനൊപ്പം പോകാൻ പറയണം…” ഉമ്മറത്തിരുന്ന് രാഹുൽ അച്ഛനോട് ശബ്ദമുയർത്തികൊണ്ട് പറഞ്ഞു
“മോനേ… അത് പിന്നെ, അവൾ അവിടെ ഒത്തിരി അനുഭവിച്ചു. അതുകൊണ്ടാണല്ലോ ഇങ്ങോട്ട് പോന്നത്,” അച്ഛൻ സൗമ്യമായി മകനെ സാന്ത്വനിപ്പിക്കാൻ നോക്കി.
“അച്ഛൻ ഇതെന്താ ഒന്നും അറിയാത്തപോലെ സംസാരിക്കുന്നത്? മറ്റെന്നാൾ ആതിരയുടെ വീട്ടുകാർ വരും. അവരോടൊക്കെ നമ്മൾ എന്ത് പറയും?” രാഹുലിന്റെ സ്വരത്തിൽ ദേഷ്യം നിറഞ്ഞു.
“അവർ വന്നിട്ട് പോകട്ടെടാ… നിന്റെ കല്യാണം ആകുമ്പോഴേക്കും എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം.”
“അച്ഛൻ വേറെ ഒരു പരിഹാരവും ഉണ്ടാക്കേണ്ട. അവളെ സുധീഷിനൊപ്പം പറഞ്ഞയച്ചാൽ മതി. അതാണ് ഒരേയൊരു വഴി,” രാഹുൽ തീർത്തു പറഞ്ഞു.
അച്ഛൻ ഒന്ന് മൂളി, “ഉം…”
“അച്ഛൻ ഈ വീടിനുള്ളിൽ ഇരിക്കുന്നത് കൊണ്ട് നാണക്കേടില്ല. പുറത്തിറങ്ങി നടക്കുമ്പോൾ നാട്ടുകാർ പറയുന്നത് കേൾക്കുന്നത് ഞാനാണ്.”
അകത്തെ മുറിയിൽ ഇരുന്ന് ഇതെല്ലാം കേൾക്കുകയായിരുന്നു മീര. രണ്ടാമത്തെ താലിയും അറുത്തുമാറ്റി നിൽക്കുമ്പോൾ അവളുടെ ഉള്ളിൽ ഭയമായിരുന്നില്ല, മറിച്ച് ഒരുതരം ശൂന്യതയായിരുന്നു. മുറിയുടെ മൂലയിൽ പേടിയോടെ ഇരിക്കുന്ന തന്റെ മകൻ അപ്പുവിനെ ചേർത്തുപിടിച്ചപ്പോൾ മീരയുടെ കൈകളിലെ ചതവുകൾ നീറി. മദ്യലഹരിയിൽ സുധീഷ് വലിച്ചെറിഞ്ഞ ഗ്ലാസിന്റെ ചില്ലുകൾ തറച്ച പാടുകൾ അവിടെ ഇപ്പോഴുമുണ്ട്.
“സൂക്കേട് കൂടിയിട്ടല്ലേ രണ്ടാമത് ഒരാളെ കണ്ടുപിടിച്ചത്… ഇനി അവിടെ കിടന്ന് അനുഭവിക്ക്!” എന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞത് സ്വന്തം അമ്മയാണ്. ആദ്യ ബന്ധം തകർന്നപ്പോൾ ഉണ്ടായ ‘അപമാനം’ മാറ്റാൻ വീട്ടുകാർ തന്നെ ധൃതിപ്പെട്ട് നടത്തിയതായിരുന്നു ഈ രണ്ടാം വിവാഹം.
മീര മുറിക്ക് പുറത്തേക്ക് വന്നു. ഉമ്മറത്ത് അപ്പോഴും വിധി പറയൽ നടക്കുകയാണ്. അവളെ കണ്ടതും രാഹുൽ സ്വരം ഒന്നുകൂടി കടുപ്പിച്ചു. “നീ നാളെത്തന്നെ അങ്ങോട്ട് തിരിച്ചു പോകണം മീര. കുടുംബത്തിന് രണ്ട് വിവാഹമോചനങ്ങൾ താങ്ങാൻ കഴിയില്ല.”
“ഇല്ല,” മീരയുടെ ശബ്ദം ശാന്തമായിരുന്നു.
“എന്താ പറഞ്ഞത്?” അച്ഛൻ അത്ഭുതത്തോടെ ചോദിച്ചു.
“ഇനി ഞാൻ ആ നരകത്തിലേക്ക് ഇല്ല. നാട്ടുകാരുടെ കളിയാക്കലും പരിഹാസചിരിയും ഭയന്ന് എന്റെയും മകന്റെയും ജീവിതം നശിപ്പിക്കാൻ എനിക്ക് പറ്റില്ല. രണ്ടാമതും ബന്ധം തകർന്നവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ലെന്ന് ആരാണ് പറഞ്ഞത്?”
അപ്പോഴാണ് മുറ്റത്തേക്ക് ഒരു ടാക്സി വന്നുനിന്നത്. അതിൽ നിന്ന് സുധീഷ് ഇറങ്ങി. മുഖത്ത് പതിവ് ഭീഷണിയും കപടമായ സങ്കടവും. അയാൾ അച്ഛന്റെ അടുത്തേക്ക് ഓടിയെത്തി. “അച്ഛാ, ചെറിയൊരു വഴക്കിന്റെ പേരിലാ ഇവൾ ഇറങ്ങിപ്പോന്നത്. ഇനി ആവർത്തിക്കില്ല…” അയാൾ അച്ഛന് മുന്നിൽ കൈകൂപ്പി. സുധീഷിന്റെ വാക്കുകൾക്ക് മുന്നിൽ അച്ഛൻ മൗനം പാലിച്ചു.
അച്ഛന്റെ മൗനം മുതലെടുത്ത് സുധീഷ് മീരയുടെ അരികിലെത്തി. “മീരേ.. എനിക്കൊരു അബദ്ധം പറ്റി. ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല. മോനെ വിളിക്ക്, നമുക്ക് പോകാം.” അയാളുടെ കൈകൾ മീരയുടെ തോളിൽ അമർന്നു.
മീര അയാളുടെ കൈ തട്ടിമാറ്റി. “അബദ്ധമോ? കള്ളും കുടിച്ച് വന്ന് ഭാര്യയെ തല്ലുന്നതാണോ അബദ്ധം? ഈ നാടകം അച്ഛനും ഏട്ടനും വിശ്വസിക്കും. പക്ഷേ ഇനി എന്റെ അടുത്ത് നടക്കില്ല. അത്രയ്ക്കും ഞാൻ അനുഭവിച്ചു. തല്ലു കൊള്ളാനും മാനസിക പീഡനം സഹിക്കാനും പഴയ മീരയെ ഇനി കിട്ടില്ല. പോലീസിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്.”
“മീരേ, അയാൾ മാപ്പ് ചോദിക്കുന്നുണ്ടല്ലോ.. ഇനി ആവർത്തിക്കില്ല എന്നും പറയുന്നുണ്ട്. നീ കൂടെ ചെല്ല്. ഇവിടെ നിന്നാൽ നിന്നെയും മോനെയും ആര് നോക്കും?” അച്ഛൻ വീണ്ടും ചോദിച്ചു.
“വേണ്ട അച്ഛാ… എന്നെയും മോനെയും ആരും നോക്കണ്ട. എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യമുണ്ട്. ഒരു ജോലി കിട്ടുന്നത് വരെ മാത്രം എനിക്ക് ഇവിടെ ഇത്തിരി ഇടം തന്നാൽ മതി. അതിന് ശേഷം ഞാൻ പൊയ്ക്കൊള്ളാം. പക്ഷെ അടികൊള്ളാൻ ഇനിയെന്നെ വിട്ടുകൊടുക്കരുത്…”
അച്ഛൻ നിസ്സഹായനായി പറഞ്ഞു: “ഇവിടെ അങ്ങനെ നിൽക്കാനൊന്നും പറ്റില്ല മോളേ…”
“ആതിരയുടെ വീട്ടുകാർ വരുമ്പോൾ നിന്നെ ഇവിടെ കണ്ടാൽ അവരോട് എന്ത് പറയും? രണ്ടാം ഭർത്താവിനെയും ഉപേക്ഷിച്ചു വന്ന് നിൽക്കുകയാണെന്ന് പറയണോ?” രാഹുൽ ദേഷ്യത്തോടെ ചോദിച്ചു.
“അതെ മോളേ, രാഹുൽ പറയുന്നതിലും കാര്യമുണ്ട്. നീ കാരണം അവന്റെ വിവാഹം മുടങ്ങരുത്,” അച്ഛൻ മകന്റെ പക്ഷം ചേർന്നു.
ഒരു നിമിഷം മീര ആ വീടാകെ ഒന്ന് നോക്കി. പിന്നെ അപ്പുവിനെ വാരിയെടുത്തു. “ഇല്ല, ഞാൻ കാരണം ഏട്ടന്റെ വിവാഹം മുടങ്ങില്ല.” ദൃഢനിശ്ചയത്തോടെ പറഞ്ഞുകൊണ്ട് മീര വീടിനുള്ളിലേക്ക് കയറിപ്പോയി. എല്ലാവരും ആശ്വാസത്തോടെ നെടുവീർപ്പിട്ടു.
അൽപ്പസമയത്തിനകം മീര തന്റെ ബാഗ് തോളിലിട്ടു, അപ്പുവിന്റെ വിരലുകൾ കോർത്തുപിടിച്ചുകൊണ്ട് പുറത്തേക്കു വന്നു.
“മോള് പോകുവാണല്ലേ… അത് നല്ല തീരുമാനമാണ് മോളേ…” നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയണ്ടല്ലോ അച്ഛൻ പറഞ്ഞു.
“നാട്ടുകാർ എന്ത് പറയും എന്നോർത്ത് നിങ്ങൾ വിഷമിക്കേണ്ട. ഞാൻ കാരണം ഏട്ടന്റെ വിവാഹവും മുടങ്ങില്ല. ഞാൻ പോകുകയാണ്.”
“നിന്നോട് ഇന്ന് തന്നെ പോകണമെന്നല്ല ഞാൻ പറഞ്ഞത്. മറ്റെന്നാൾ ആതിരയുടെ വീട്ടുകാർ വരും. അപ്പോൾ നീയും അളിയനും ഇവിടെ ഉണ്ടാകണം. അത് കഴിഞ്ഞു പോകാം.” രാഹുൽ പറഞ്ഞു.
“പെങ്ങൾ ഉള്ളവർക്കല്ലേ അളിയൻ ഉണ്ടാവൂ… ഇനി ഏട്ടന് ഇങ്ങനെ ഒരു പെങ്ങളില്ല. അതുകൊണ്ട് ഈ നിൽക്കുന്ന സുധീഷ് നിങ്ങളുടെ അളിയനുമല്ല!”
“നീ എന്താ എല്ലാ ബന്ധവും ഉപേക്ഷിച്ചാണോ പോകുന്നത്?”
“അതെ, ‘രണ്ടാമതും ബന്ധം തകർന്നവൾ’ എന്ന ലേബൽ ഞാൻ സന്തോഷത്തോടെ സ്വീകരിക്കുന്നു. ദാ ഇവിടെ വെച്ച് ഭർത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ചു ഞാൻ പോകുകയാണ്.”
“എങ്ങോട്ട്?” എല്ലാവരും ഒരുപോലെ ചോദിച്ചു.
“എന്തായാലും സുധീഷിനൊപ്പം അല്ല.”
അവൾ അപ്പുവിനെയും കൂട്ടി മുറ്റത്തിറങ്ങി സുധീഷ് വന്ന അതേ ടാക്സിയിൽ കയറി. ഗേറ്റ് കടക്കുമ്പോൾ മീര തിരിഞ്ഞുനോക്കിയില്ല. ടാക്സി അല്പദൂരം പിന്നിട്ടപ്പോൾ എതിരെ വന്ന ഒരു കാർ മീര ശ്രദ്ധിച്ചു. ആതിരയും കുടുംബവുമായിരുന്നു അത്. മുൻകൂട്ടി പറയാതെ അവർ അപ്രതീക്ഷിതമായി വീട്ടിലേക്ക് വരികയായിരുന്നു. ടാക്സിയുടെ ഗ്ലാസ്സിലൂടെ, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന മീരയെ ആതിര വ്യക്തമായി കണ്ടു.
അരമണിക്കൂറിനുള്ളിൽ മീരയുടെ ഫോൺ ബെല്ലടിച്ചു. രാഹുലാണ്. അവൾ ഫോൺ എടുത്തു.
“എടീ… നീ കാരണം എല്ലാം നശിച്ചു!” രാഹുൽ അലറുകയായിരുന്നു.
“എന്തുപറ്റി ഏട്ടാ?” മീര ശാന്തമായി ചോദിച്ചു.
“ആതിരയും അച്ഛനും ഇവിടെ വന്നിരുന്നു. ഗേറ്റിൽ വെച്ച് നീ പോകുന്നത് അവർ കണ്ടു. കാര്യം തിരക്കിയപ്പോൾ അച്ഛൻ കള്ളം പറഞ്ഞു നോക്കി. പക്ഷേ അവർ സത്യം അറിഞ്ഞിട്ടാണ് വന്നത്. അയൽപക്കക്കാർ എല്ലാം പറഞ്ഞു കൊടുത്തു. അതറിഞ്ഞതും ആതിരയുടെ അച്ഛൻ വിവാഹത്തിൽ നിന്ന് പിന്മാറി!”
രാഹുലിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. “സ്വന്തം പെങ്ങൾക്കും കുഞ്ഞിനും അഭയം കൊടുക്കാതെ, മാനം കാക്കാൻ അവളെ പടിയിറക്കി വിട്ട വീട്ടിലേക്ക് സ്വന്തം മകളെ അയക്കില്ലെന്ന് പറഞ്ഞ് അവർ പോയി! സമാധാനമായല്ലോ നിനക്ക്?”
മീരയുടെ ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി വിരിഞ്ഞു. “ഞാനല്ല ഏട്ടാ, ഏട്ടന്റെയും അച്ഛന്റെയും സ്വഭാവമാണ് ആ വിവാഹം മുടക്കിയത്. ഒരു സ്ത്രീക്ക് വേണ്ടത് സഹതാപമല്ല, ബഹുമാനമാണ് എന്ന് ആതിരയ്ക്ക് മനസ്സിലായിക്കാണും. ആ കുട്ടി രക്ഷപ്പെട്ടു.” അവൾ ഫോൺ കട്ട് ചെയ്തു.
“അമ്മേ, നമ്മൾ എങ്ങോട്ടാ?” അപ്പു ചോദിച്ചു.
മീര അവനെ ചേർത്തുപിടിച്ചു. “നമ്മളെ ആരും ഇറക്കിവിടാത്ത, നമ്മുടേത് മാത്രമായ ഒരിടത്തേക്ക്.” സീറ്റിലേക്ക് ചാരിയിരുന്ന് അവൾ കണ്ണുകൾ അടച്ചു. തോറ്റെന്ന് കരുതിയ ഇടത്തുനിന്ന് ജയിച്ചു തുടങ്ങുകയാണ്. തകർന്നത് ഒരു ബന്ധമല്ല, തന്നെ തളച്ചിരുന്ന ചങ്ങലകളാണെന്ന തിരിച്ചറിവോടെ, രണ്ടാമത്തെ ആകാശവും തന്റേതാണെന്ന് ഉറപ്പിച്ചു പറഞ്ഞ് അവൾ പുതിയൊരു ജീവിതത്തിലേക്ക് യാത്ര തുടർന്നു.
NB:ജീവിതം അവസാനിച്ചു എന്ന് ചിന്തിക്കുന്നിടത്തു നിന്നും ജീവിച്ചു തുടങ്ങണം. ജീവിതവും ജീവനും നശിക്കും എന്ന് തോന്നുന്നിടത്ത് ഒരിക്കലും ആത്മധൈര്യം കൈവിടരുത്.
