✍️ ശ്രീജിത്ത് ഇരവിൽ
വിവാഹം കഴിഞ്ഞ് വർഷമൊന്ന് കഴിഞ്ഞപ്പോഴേക്കും ഭാര്യയെ മടുത്തു. പക്ഷേ, അത് വെളിപ്പെടാതിരിക്കാൻ പരമാവധി ശ്രമിച്ചിരുന്നു.
‘ശരിക്കും നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടോ…?’
ഭാര്യയത് എങ്ങനെ മനസ്സിലാക്കിയെന്ന് ഒരു പിടുത്തവുമില്ല. ജോലി കഴിഞ്ഞാൽ വൈകാതെ വീട്ടിലേക്ക് വരാറുണ്ട്. അവൾ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയ്ക്ക് കൊണ്ട് പോകാറുണ്ട്. കെട്ടിപിടിക്കുകയും, ചുംബിക്കുകയും, ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യാറുണ്ട്. പഴയ സ്നേഹവും ഇഷ്ടവുമൊന്നും തോന്നാത്ത എന്റെ തലയെ അവൾ അറിയരുതെന്ന നിർബന്ധമുണ്ടായിരുന്നു. എന്നിട്ടും പെണ്ണത് മനസിലാക്കിയിരിക്കുന്നു.
‘നീയിത് എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നേ.. നിന്നോടുള്ള സ്നേഹം കൂടുന്നതേയുള്ളൂ….’
അത് കേട്ടാൽ മതിയെന്ന് പറഞ്ഞ് ഭാര്യ എന്റെ ചങ്കിലേക്ക് മുഖം പൂഴ്ത്തി. ശ്വാസത്തിന്റെ തൊണ്ടയിൽ അവളുടെ ചുണ്ട് മുട്ടുമ്പോൾ പറഞ്ഞ കള്ളത്തിന്റെ ജാള്യതയിലായിരുന്നു ഞാൻ. ജീവിതമെന്ന് പറഞ്ഞാൽ എല്ലാ അർത്ഥത്തിലും നാടകം തന്നെയാണെന്ന് തോന്നിപ്പോയി. അങ്ങനെയെങ്കിൽ ഞാനൊരു നടൻ… കൂടെ പൊറുക്കുന്ന ഭാര്യയോട് പോലും സത്യസന്ധമായി പെരുമാറാത്ത ദുഷ്ടൻ…
‘അതേയ്, ഇന്ന് നേരത്തേ വരണേ…!’
“അയ്യോ മോളെ… ഓഫീസിൽ ഇന്ന് മീറ്റിംഗ് ഉണ്ടാകും… ഞാനത് പറയാൻ മറന്നതാ…”
എങ്കിൽ പിന്നെ സാരമില്ലെന്ന് പറഞ്ഞ് അവൾ ചിരിച്ചു. നേരത്തേ വരണമെന്ന് പറഞ്ഞതിന്റെ കാരണം പോലും ചോദിക്കാതെ ആയിരുന്നു ഞാൻ ആ കള്ളം പറഞ്ഞത്. ഓഫീസിൽ എത്തുന്നത് വരെ ആ കുറ്റബോധം ഉണ്ടായിരുന്നു. തന്റെ വീട്ടുകാരെ പോലും എതിർത്ത് കൂടെ വന്നവളാണ്. ഉപേക്ഷിച്ച് പോകാൻ പറ്റുന്നില്ല. ഉത്തമനായ ഭർത്താവാകാനും സാധിക്കുന്നില്ല. ഒരുമിച്ച് താമസിക്കാൻ ആരംഭിച്ചതിൽ പിന്നെ, ജീവിതത്തിന് പുതിയ അനുഭവമായിരുന്നു.. തീരേ പരിചയമില്ലാത്ത രുചിയായിരുന്നു…
സ്നേഹം കൂടുന്നേയുള്ളൂവെന്ന് പറഞ്ഞ എനിക്ക് അവളുമായി കൂടാനുള്ള ഇഷ്ടം കുറഞ്ഞ് വരുന്നതിന്റെ കാരണം എന്താണ്?എന്തിനാണ്, അവൾ വിഷമിക്കാതിരിക്കാൻ ഇത്രയും കള്ളങ്ങൾ പറയേണ്ടി വരുന്നത്? അതോർത്ത് തല പുകയേണ്ടി വരുന്ന ഈ അവസ്ഥയെ എങ്ങനെയാണ് മറികടക്കുക?
അറിയില്ല. ഒന്ന് മാത്രം അറിയാം… പഴയത് പോലെ ഭാര്യയെ സ്നേഹിക്കാൻ പറ്റുന്നില്ല. എല്ലാ കൗതുകവും നഷ്ടപ്പെട്ട കളിപ്പാട്ടം പോലെയാണ് അവൾ എനിക്ക്. ആ കോപ്പിന് ഹൃദയമിടിപ്പ് ഉണ്ടെന്ന വ്യത്യാസമേയുള്ളൂ…
‘എന്താ, പോകുന്നില്ലേ..? തിരക്കില്ലെങ്കിൽ നമുക്കൊരു കാപ്പി കുടിക്കാം…’
ഏറെ നാൾ പരസ്പരം നോക്കിയും, ചിരിച്ചും, കുശലങ്ങൾ പറഞ്ഞും കൂടുന്ന സഹപ്രവർത്തകയുടെ ചോദ്യമാണ്. സന്തോഷമായി. ആയിക്കോട്ടേയെന്ന് പറഞ്ഞ് അവളോടൊപ്പം നടന്നു.
‘ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ…?’
ഓഫീസിൽ നിന്ന് കാപ്പിക്കടയിലേക്കുള്ള നടത്തതിന്റെ ഇടയിൽ അവൾ ആരാഞ്ഞു. സത്യം പറയാനേ ആ നിമിഷത്തിൽ തോന്നിയുള്ളൂ…
‘വലിയ കുഴപ്പമൊന്നുമില്ല… ഭാര്യയെ പഴയ പോലെ സ്നേഹിക്കാൻ പറ്റുന്നില്ല… അങ്ങനെ പറ്റാത്ത കാര്യം അവളോട് പറയാനും തോന്നുന്നില്ല. കള്ളങ്ങൾക്ക് മേലെ കള്ളം പറഞ്ഞ് സന്തോഷിപ്പിക്കേണ്ടി വരുന്ന അവസ്ഥ… അല്ല, വീട്ടിൽ പ്രശ്നമുള്ള കാര്യം എങ്ങനെ മനസ്സിലായി….’
സഹപ്രവർത്തക ചിരിച്ചു. ജോലി കഴിഞ്ഞിട്ടും ഓഫീസിൽ ചുറ്റിത്തിരിയുന്ന മനുഷ്യരുടെ പ്രധാന പ്രശ്നം വീടായിരിക്കുമെന്ന മറുപടിയായിരുന്നു അവൾ നൽകിയത്.
‘അങ്ങനെയെങ്കിൽ, ഇയാളുടെ വീട്ടിലും കാണുമല്ലോ…?’
അവസാന കാപ്പി തുള്ളികളേയും അണ്ണാക്കിലേക്ക് ഇറക്കിയതിന് ശേഷമാണ് ഞാനത് ചോദിച്ചത്. കാപ്പിക്കപ്പ് ചുണ്ടോട് മുട്ടിച്ചായിരുന്നു അവളുടെ ഉത്തരം…
‘ഹേയ്… വീട്ടിൽ പ്രശ്നമൊന്നും ഇല്ല. ഉണ്ടായിരുന്നു. ഒഴിഞ്ഞ് പോയി. ഐ ആം സെപ്പറേറ്റഡ്…’
“ഓഹ്… സോറി… ”
എന്തിനെന്ന് ചോദിച്ച് അവൾ വീണ്ടും ചിരിച്ചു. കുടിച്ചതിന്റെ പണവും കൊടുത്ത് ഓഫീസ് പാർക്കിംഗിലേക്ക് നടക്കുമ്പോൾ പരസ്പരം മിണ്ടാൻ യാതൊന്നും ഇല്ലായിരുന്നു. മാസങ്ങളുടെ അടുപ്പം ഉണ്ടായിട്ടും ഇതൊന്നും ഞാൻ അറിഞ്ഞില്ല. അല്ലെങ്കിൽ, അവൾ ആരെയും അറിയിച്ചില്ല. ആലോചിക്കുമ്പോൾ, സഹപ്രവർത്തകയെ പോലെ പങ്കാളിയിൽ നിന്ന് പിരിയാനായിരിക്കും എന്റേയും വിധി.
‘ഭാര്യയെ എന്തുകൊണ്ടാണ് സ്നേഹിക്കാൻ കഴിയാത്തതെന്ന് ഓർത്ത് നോക്കൂ… തുറന്ന് സംസാരിക്കൂ… ഞങ്ങൾക്ക് പറ്റിയതും അതായിരുന്നു… പരിഗണിക്കുന്നില്ലായെന്ന് തോന്നിയപ്പോൾ മുഷിഞ്ഞതാണ്. മോളെയും കൂട്ടി വീട്ടിലേക്ക് പോയി. അവർ ചേർത്ത് പിടിച്ച ധൈര്യത്തിലാണ് പിരിഞ്ഞത്. പക്ഷേ, ഭർത്താവായിരുന്ന മനുഷ്യൻ പരിഗണിച്ചത് പോലെ ആരെയും പിന്നീട് കണ്ടില്ല… ബൈ, നാളെ കാണാം…’
എന്നും പറഞ്ഞ് തന്റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് സഹപ്രവർത്തക പോയി. ഞാൻ കാറിലേക്കും കയറി. ശരിയാണ്. അഭിനയിച്ച് മതിയായി. ഭാര്യയോട് എല്ലാം പറയണം. അതിന് മുമ്പേ, എന്തുകൊണ്ടാണ് അവളെ പഴയ പോലെ സ്നേഹിക്കാൻ പറ്റാത്തിരിക്കുന്നതെന്ന് കണ്ടുപിടിക്കണം. ശേഷം, അവളോട് തുറന്ന് സംസാരിക്കണം. കള്ളങ്ങളുടെ കൈകളും പിടിച്ച് ഈ യാത്ര തുടരണമോയെന്ന് ചോദിക്കണം…
പതിവ് നേരവും കഴിഞ്ഞാണ് വീട്ടിലേക്ക് എത്തിയത്. ഭാര്യ അതീവ സന്തോഷത്തിലാണെന്ന് തോന്നി. എന്താണെന്ന് ഞാൻ ചോദിച്ചില്ല. കുളിച്ചു. അവളുടെ ഓരോ ശബ്ദത്തിനോടും മൂളിക്കൊണ്ട് വിളമ്പി തന്നതെല്ലാം കഴിച്ചു. രാത്രിയിൽ കിടക്ക പങ്കിടുമ്പോഴാണ് അവൾ എന്റെ കൈ എടുത്ത് വയറിൽ വെച്ചത്. പോസറ്റീവ് ആണ് പോലും… ആശുപത്രിയിൽ പോയി ഉറപ്പ് വരുത്തി പോലും…
‘നിങ്ങളൊരു അച്ഛനാകാൻ പോകുന്നുവെന്ന്…’
ഏറെ സന്തോഷപ്പെടുത്തുന്ന കാര്യമായി തോന്നിയില്ല. എങ്കിലും, അതീവ സന്തോഷത്തിലാണെന്ന് ഭാവിച്ചു. സഹപ്രവർത്തകയെയാണ് ഓർമ്മയിൽ തെളിഞ്ഞത്. അവളെ പോലെ, തന്റെ കുഞ്ഞുമായി ഭാര്യ പോകാനുള്ള സാധ്യതയും കാണുന്നു. അങ്ങനെയെങ്കിൽ, ഈ കുഞ്ഞ് ജനിക്കാതിരിക്കുന്നതല്ലേ നല്ലത്…
‘നീ പ്രിപ്പേർഡ് അല്ലേ…?’
”എന്തിന്…?”
“കുഞ്ഞിന്റെ കാര്യത്തിൽ…?”
തന്നെ പൊതിഞ്ഞ് നിങ്ങൾ ഉള്ളപ്പോൾ തനിക്ക് യാതൊരു തയ്യാറെടുപ്പിന്റെയും ആവിശ്യമില്ലെന്ന് ഭാര്യ പറഞ്ഞു. ശേഷം, എന്റെ ചങ്കിലേക്ക് മുഖം പൂഴ്ത്തി. ആ നെഞ്ചിടിപ്പിൽ വൈകാതെ ഒരു കുഞ്ഞിന്റെ തുടിപ്പ് കൂടി കലരുമല്ലോയെന്ന് ചിന്തിച്ചാണ് കണ്ണുകൾ അടച്ചത്. അവ പിന്നീട് യാഥാർഥ്യത്തിലേക്ക് തുറന്നതേയില്ല.
തലേന്നാളത്തെക്കാളും ഇന്ന് ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്ന് അഭിനയിക്കാൻ ഓരോ നാളെയും ഞാൻ ഉപയോഗിച്ചു. അത്രയും വിശ്വസിക്കുകയും, ചേരുകയും ചെയ്യുന്ന അവൾ ഒരിക്കലും എന്റെ സ്നേഹമില്ലായ്മയെ അറിയരുത്. പെണ്ണിനത് താങ്ങാൻ പറ്റില്ല.
അടുപ്പം കുറഞ്ഞവരുടെ അങ്കലാപ്പ് എങ്ങനെയാണ് എന്നെ ബാധിക്കുകയെന്ന് ചോദിച്ചാൽ അറിയില്ല. മാസങ്ങൾ കടന്ന് പോയി. ഭാര്യയ്ക്ക് പേറ്റ് നോവും വന്നു. പൂ പോലെയൊരു പെൺകുഞ്ഞിനെയാണ് അവൾ പ്രസവിച്ചത്.
‘നോക്കിയേ… എന്ത് സന്തോഷമാണ് നമ്മുടെ കുഞ്ഞിന്..! കണ്ടില്ലേ ചിരിക്കുന്നേ…’
മാസം ഒന്ന് കഴിഞ്ഞപ്പോഴുള്ള രാത്രിയിൽ അവൾ പറഞ്ഞതാണ്. ശരിയാണ്. ഞാൻ കുഞ്ഞിനെ ശ്രദ്ധിച്ചു. അവൾ ചിരിക്കുന്നു. കൃഷണമണികൾ ഒളിയുന്നു. ആ കവിളിൽ തൊടാൻ തോന്നിയപ്പോഴേക്കും,
”അതെന്താണെന്ന് അറിയോ…? നിങ്ങള് എന്നെ അത്രയ്ക്കും സന്തോഷത്തോടെ ജീവിപ്പിക്കുന്നത് കൊണ്ടാണ്…”
അങ്ങനെയെങ്കിൽ എന്റെ കള്ളത്തിൽ വിരിഞ്ഞ പൂവാണ് ആ കുഞ്ഞെന്ന് തോന്നി. ആ തോന്നലിൽ എല്ലാം തുറന്ന് പറയണമെന്ന് തീരുമാനിച്ച നിമിഷമായിരുന്നുവത്. പറയുകയും ചെയ്തു. ഭാര്യയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ കള്ളം പറയുകയാണ് പോലും….
കള്ളം പറയുമ്പോൾ സത്യമാകുകയും, സത്യം പറയുമ്പോൾ കള്ളം ആകുകയും ചെയ്യുന്ന സാഹചര്യത്തിൽ ജീവിതം പെട്ട് പോകുന്നത് ദയനീയമാണ്. തുടർന്ന് അവൾക്ക് ശബ്ദിച്ചത് പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു…
‘ ഓർമ്മയുണ്ടോ… എന്നേം കൂട്ടി നിങ്ങള് ഉണ്ടായിരുന്ന അനാഥാലയത്തിലേക്ക് പോയത്? അവിടെ നിന്ന് പറഞ്ഞതും ഇത് തന്നെയാണ്… സ്നേഹിക്കാൻ അറിയില്ലായെന്ന്….’
ശരിയാണ്. ആ രംഗം പാടേ മറന്നിരിക്കുന്നു. അത് തന്നെയാണ് എന്റെ കുഴപ്പം. ആരെയും സ്നേഹിക്കാൻ അറിയില്ല. ആ വികാരം എന്താണെന്ന് പോലും അറിയില്ല. സ്നേഹമെന്ന് പറഞ്ഞ് ഇടപെടുന്നവരെ മുഷിപ്പിക്കാതിരിക്കാൻ അഭിനയിക്കണമെന്ന് മാത്രമേ തലയിൽ ഉള്ളൂ… തെരുവിൽ ഉപേക്ഷിക്കപ്പെട്ട ബാല്യം തൊട്ട് അത് തന്നെയാണ് ആവർത്തിക്കുന്നത്.
കൈ നീട്ടുമ്പോൾ ദയനീയത ഭാവിക്കും. പോലീസ് പിടിച്ച് ബാലമന്ദിരത്തിൽ ചേർത്തപ്പോൾ എല്ലാവരുടെയും അനുകമ്പ പിടിച്ച് പറ്റാനും തകർത്ത് അഭിനയിച്ചു. പഠിക്കാൻ ഒരു സ്പോൺസറെ കിട്ടിയപ്പോൾ അധ്യാപകരുടെ മുന്നിലും സാധുവെന്ന ഭാവം ആവർത്തിച്ചു.
എന്തിനാണ് അഭിനയിക്കുന്നത്? ഉത്തരം വ്യക്തമാണ്. സ്നേഹിക്കാൻ അറിയില്ല. ആരെയും… കുഞ്ഞിനെ പോലും… എന്റെ പിഞ്ചിനെ പോലും…
‘ഒന്നും ആലോചിച്ച് വിഷമിക്കേണ്ട… അഭിനയം ആണെങ്കിലും സാരമില്ല… അഭിനയം ഇങ്ങനെ ആണെങ്കിൽ യഥാർത്ഥമായി നിങ്ങള് എന്നെ സ്നേഹിച്ചാൽ ഇതിനും മേലെ ആയിരിക്കില്ലേ…? ‘
ഭാര്യയുടെ മറുപടി അത്തരത്തിൽ പ്രതീക്ഷിച്ചിരുന്നില്ല. കള്ളത്തിൽ ഇത്രയും സ്നേഹമെങ്കിൽ സത്യത്തിൽ അത് കൂടുകയല്ലേ ഉള്ളൂവെന്ന് അവൾ പറഞ്ഞ് കൊണ്ടേയിരുന്നു.
കള്ളത്തിൽ നിന്നും സത്യമാകുന്ന പ്രതിഭാസം പോലെ സ്നേഹം തലയ്ക്ക് പിടിക്കുന്നു. മുമ്പെങ്ങും പരിഗണിക്കാത്ത വിധം ഭാര്യയെ ചേർത്ത് ശ്വസിക്കാൻ പ്രാണൻ പ്രേരിപ്പിക്കുകയാണ്. അത് അറിഞ്ഞത് പോലെ, അവൾ എന്റെ ചങ്കിലേക്ക് മുഖം പൂഴ്ത്തി. ശ്വാസത്തിന്റെ തൊണ്ടയിൽ ആ ചുണ്ട് മുട്ടിയപ്പോൾ ഇത്തവണ കള്ളത്തിന്റെ ജാള്യത ആയിരുന്നില്ല. പതിവില്ലാതെ ഹൃദയം ഏങ്ങുകയായിരുന്നു… വിതുമ്പുകയായിരുന്നു….!!!
ശ്രീജിത്ത് ഇരവിൽ
#Love is always a #strange #feeling
🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍