✍️ Sneha Sneha
എൻ്റെ മകൻ്റെ കൂടെ കുറെക്കാലം കിടന്നതല്ലേ അതിൻ്റെ കൂലിയായി കണ്ടാ മതി
അങ്ങനെയെങ്കിൽ നിങ്ങളുടെ മകൻ്റെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ അതിൻ്റെ കൂലി എവിടെ അച്ഛച്ചാ
മോനേ റോഷൻ …. നീ എന്തൊക്കെയാ ഈ പറയുന്നത്
അമ്മക്ക് പേടിയാണങ്കിൽ അവിടെ മിണ്ടാതിരിക്ക് എനിക്ക് പറയാനുള്ളത് ഞാൻ പറയും
അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചോളാം പ്രായപൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്കതെടുത്ത് വിനിയോഗിക്കാം.
അപ്പോ ഞങ്ങളുടെ വിദ്യാഭ്യാസം ഞങ്ങളുടെ ജീവിത ചിലവുകൾ അതിനെല്ലാം ഞങ്ങളെന്തു ചെയ്യും
നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ളു അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ അമ്മയുടെ ഉത്തരവാദിത്വമാണ് ‘നിങ്ങളെ വളർത്തുക എന്നത്.
അതെവിടുത്തെ ന്യായം എൻ്റെ അച്ഛനും കൂടി അർഹതപ്പെട്ടതാണ് ഇപ്പോ അച്ഛച്ചൻ അപ്പിച്ചിയുടെയും കൊച്ചച്ചൻ്റേയും പേരിൽ എഴുതി കൊടുത്തിരിക്കുന്നത്. ഞാനിതു സമ്മതിച്ചു തരില്ല. ഒരു ജോലിയും കൂലിയുമില്ലാത്ത ഞങ്ങളുടെ അമ്മ ഞങ്ങളെ എങ്ങനെ വളർത്തും ഞങ്ങൾക്ക് കയറി കിടക്കാൻ ഒരു വീടുണ്ടോ ഞങ്ങളെ കൊണ്ട് ഞങ്ങളുടെ അമ്മ എവിടെക്ക് പോകും.
അതിനല്ലേ നിൻ്റെ അമ്മയുടെ പേരിൽ പതിനഞ്ചു സെൻ്റ് സ്ഥലം എഴുതി കൊടുത്തത്.
ഓ എൻ്റെ അച്ഛൻ്റെ കൂടെ കിടന്നതിൻ്റെ കൂലി അല്ലേ പതിനഞ്ച് ഏക്കറിൽ നിന്ന് പതിനഞ്ച് സെൻ്റ് വേണ്ട അച്ഛച്ച ഇതു കൂടി കൂട്ടി അപ്പച്ചിക്കും കൊച്ചച്ചനും കൊടുക്ക് അവർക്ക് തികയട്ടെ. പിന്നെ ഒരു കാര്യം അതെനിക്ക് കൊച്ഛനോടാണ് പറയാനുള്ളത്
റോഷൻ തൻ്റെ കൊച്ഛച്ചൻ്റെ നേരെ തിരിഞ്ഞു നിന്നു.
കൊച്ഛച്ചാ നാളെ എൻ്റെ അച്ഛന് സംഭവിച്ചതു പോലെ കൊച്ചച്ചന് സംഭവിച്ചാൽ കുഞ്ഞുമ്മയുടേയും മക്കളുടേയും ഗതി ഈ വീടിൻെറ പടിക്ക് പുറത്തായിരിക്കും അന്ന് കുഞ്ഞമ്മക്കും കൊടുക്കും കൊച്ഛച്ചൻ്റെ കൂടെ കിടന്നതിൻ്റെ കൂലി. അന്ന് കൊച്ചച്ചൻ്റെ മക്കളും ഇതുപോലെ കൈ നീട്ടും അതോർത്തോ
റോഷൻ്റെ വാക്കുകൾ കേട്ടിട്ടും കേട്ടതായി ഭാവിക്കാതെ സുരേഷ് അച്ഛൻ്റെ നേരെ നോക്കി.
അങ്ങനെ ഒരു ഗതി കുഞ്ഞുമ്മക്കും മക്കൾക്കും വരാതിരിക്കാൻ ഞാൻ പ്രാർത്ഥിക്കാം
അമ്മേ വാ പോകാം റോഷൻ അമ്മയുടെ ചുമലിൽ പിടിച്ച് തന്നോട് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
അച്ഛച്ചൻ ഒരു കാര്യം കൂടി ഓർത്തോ എൻ്റെ അച്ഛൻ്റെ കഷ്ടപാടിൻ്റെ ഫലംകൂടിയാണ് നിങ്ങളിപ്പോ ഷെയർ ചെയ്തു നൽകിയത്. ഇതിനെല്ലാം നിങ്ങൾ ഒരിക്കൽ കണക്കു പറയേണ്ടി വരും.
അതുകൊണ്ടു തന്നെയാണ് നിങ്ങൾക്കിപ്പോ തരാത്തത് കാരണം നിങ്ങളുടെ അമ്മ ചെറുപ്പമാണ് അവൾ മറ്റൊരുത്തനെ കാണുമ്പോൾ നിങ്ങളെ ഉപേക്ഷിച്ച് അവൾക്ക് കിട്ടിയ സ്വത്തുമായി അവനൊപ്പം പോകും അതുണ്ടാകാതിരിക്കാനാണ് ഇപ്പോ നിങ്ങൾക്കൊന്നും തരാതിരിക്കുന്നത്. എൻ്റെ മകൻ കഷ്ടപ്പെട്ടുണ്ടാക്കിയത് മറ്റൊരുവൻ അനുഭവിക്കുന്നത് കാണാൻ എനിക്കു വയ്യ
അച്ഛാ…. അച്ഛൻ എന്തെല്ലാമാണ് കുട്ടികളോട് പറഞ്ഞു കൊടുക്കുന്നത് എൻ്റെ രാജേഷേട്ടനേയും മക്കളേയും മറന്ന് മറ്റൊരു ജീവിതം ഈ ജന്മം എനിക്കില്ല. ഒരായുഷ്കാലം ഓർക്കാനും സന്തോഷിക്കാനുമുള്ള സ്നേഹം തന്നിട്ടാ എൻ്റെ രാജേഷേട്ടൻ പോയത്. എൻ്റെ മക്കളെ വളർത്തണം പഠിപ്പിക്കണം അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണം അതാണ് ഇനിയുള്ള എൻ്റെ സ്വപ്നവും ലക്ഷ്യവും .
ഇപ്പോ നീ ഇതൊക്കെ പറയും സ്വത്ത് കൈവശം വന്നു കഴിയുമ്പോൾ ഇതെല്ലാം നീ മറക്കും നിൻ്റെ സ്വപ്നവും ലക്ഷ്യവും മക്കളും എല്ലാം
ഇവരോട് തർക്കിച്ചിട്ട് കാര്യമില്ലമ്മേ നമുക്കിറങ്ങാം റോഷൻ അമ്മയേയും അനിയനേയും കൂട്ടി അച്ഛൻ്റെ തറവാടിൻ്റെ പടികളിറങ്ങി
അങ്ങനെ ആ ബാധ ഒഴിഞ്ഞു പോയി. രാജേഷിൻ്റെ പെങ്ങൾ സന്തോഷാധിക്യത്താൽ അച്ഛനെ വന്നു കെട്ടി പിടിച്ചു.
ഏട്ടത്തി ഒരു പുനർവിവാഹത്തിന് തയ്യാറാകും എന്നൊന്നും എനിക്ക് തോന്നുന്നില്ല ഏട്ടനും ഏട്ടത്തിയും അത്രയും സ്നേഹത്തിലായിരുന്നു ജീവിച്ചത്.
എനിക്കും തോന്നുന്നില്ലടാ പക്ഷേ ഇതു പറഞ്ഞ് അവരെ അടക്കി നിർത്തിയില്ലങ്കിൽ അവരു കേസിനു പോകും ഈ ഐഡിയ എനിക്കു പറഞ്ഞു തന്നത് നിൻ്റെ പെങ്ങളാ
സുരേഷ് തൻ്റെ പെങ്ങളുടെ കഴിവിനെ അംഗീകരിക്കുന്നു എന്ന മട്ടിൽ പെങ്ങളുടെ നേരെ നോക്കി തലയാട്ടി കൊണ്ട് പുഞ്ചിരിച്ചു.
അച്ഛാ ആ ശല്യം തീർന്നു കിട്ടിയല്ലോ ഇനി എങ്ങനാ ബാക്കിയുള്ള കാര്യങ്ങൾ
ബാക്കി എന്താ ? ഉള്ളത് തുല്യമായി രണ്ട് ഭാഗമായി വീതിക്കുന്നു ഒരു വീതം എനിക്കും ഒരു വീതം നിനക്കും
അപ്പോ അച്ഛനോ?
അച്ഛൻ നമ്മുടെ രണ്ടു പേരുടേയും വീടുകളിൽ മാറി മാറി നിൽക്കട്ടെ
ഏയ്യ് അതൊന്നും ശരിയാകില്ല ഞാൻ തറവാട് വിട്ട് ഒരിടത്തേക്കും വരില്ല
അങ്ങനെ പറഞ്ഞാൽ എങ്ങനാ അച്ഛാ ശരിയാകുന്നത്. മോള് അച്ഛനോട് ചേർന്നു നിന്ന് അച്ഛൻ്റെ തലയിൽ തലോടികൊണ്ട് ചോദിച്ചു.
ഇനി അച്ഛന് ഞങ്ങൾ രണ്ടു മക്കളല്ലേയുള്ളു. അവിടേയും ഇവിടേയും മാറി നിൽക്കാം
എടി നിൻ്റെ വീട്ടിൽ അളിയൻ്റ അച്ഛനും അമ്മയും ഇല്ലേ നിനക്ക് അവരെ നോക്കണ്ടേ അവരുടെ കൂടെ അച്ഛനും കൂടി വന്നാൽ നിനക്ക് ബുദ്ധിമുട്ടാകില്ലേ
എന്തു ബുദ്ധിമുട്ട് എനിക്കൊരു ബുദ്ധിമുട്ടും ഇല്ല കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അവരിനി എത്ര നാൾ ഉണ്ടാകും
ഞാനൊരു കാര്യം പറയാം പതിനഞ്ച് ഏക്കറിൽ പത്ത് ഏക്കർ എനിക്കും നാല് ഏക്കർ നിനക്കും ഒരേക്കർ അച്ചൻ്റെ പേരിലും എഴുതാം അച്ഛൻ്റെ കാലശേഷം ആരാണോ അച്ഛനെ നോക്കിയത് അവർക്കു എടുക്കാം ആ ഒരേക്കർ
അതു കൊള്ളാലോ എനിക്ക് നാലേക്കർ നിനക്ക് പത്ത്. നിൻ്റെ ബുദ്ധി കൊള്ളാം ഞാനിതിനു സമ്മതിക്കില്ല.
സമ്മതിക്കില്ലങ്കിൽ നീ കൊണ്ടുപോയി കേസു കൊടുക്ക്.
കേസും കൂട്ടവും ഒന്നും വേണ്ട ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട് പത്തേക്കർ സുരേഷിന് നാലേക്കർ നിനക്ക് ഒരേക്കർ സ്ഥലം എനിക്കും അങ്ങനെ എഴുതി രജിസ്റ്റർ ചെയ്യാൻ പോവുകയാണ്.
അല്ലേലും അച്ഛന് എന്നോട് സ്നേഹം ഇല്ലല്ലോ എപ്പോഴും ആൺമക്കളോടായിരുന്നല്ലോ സ്നേഹം
നീ സ്നേഹത്തിൻ്റെ കണക്കൊന്നും പറയണ്ട നിനക്ക് ആവശ്യത്തിന് സ്ത്രീധനം തന്നു തന്നെയാ കെട്ടിച്ചു വിട്ടത് അതിന് ശേഷവും തന്നിട്ടുണ്ട് ഇഷ്ടം പോലെ അതിൻ്റെയൊന്നും കണക്ക് ഞാൻ നോക്കിയിട്ടില്ല.
അങ്ങനെ തന്നിട്ടുണ്ടങ്കിൽ അതെല്ലാം അച്ഛൻ്റേയും ആങ്ങളമാരുടേയും കടമയാ എനിക്കൊന്നും വേണ്ട അതും കൂടി ഇളയ മകന് കൊടുത്തോ ഞാൻ പോവുകയാ അകത്തു പോയി തൻ്റെ ബാഗുമെടുത്ത് തൻ്റെ പെങ്ങൾ ശരവേഗത്തിൽ പുറത്തേക്കു വരുന്നത് കണ്ട് സുരേഷിൻ്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
നിനക്ക് ഇപ്പോ സന്താഷമായി കാണുലോ അല്ലേ എല്ലാം നിനക്ക് കിട്ടിയില്ല നീ അധികം സന്തോഷിക്കണ്ട എനിക്കു അവകാശപ്പെട്ടത് ഞാൻ വാങ്ങിയിരിക്കും. അതിന് എന്തു ചെയ്യാൻ പറ്റുമെന്ന് ഞാനൊന്ന് നോക്കട്ടെ.
മോളു പോവുകയാണോ
അതെ ഇനി ഇതിനൊരു തീരുമാനമാകാതെ ഞാൻ അടങ്ങിയിരിക്കില്ല സസ്യയേടത്തി മിണ്ടാതെ പോയതുപോലെ ഞാൻ പോകും എന്നോർക്കണ്ട അച്ഛനും മോനും,
##############################
മക്കളേയും കൂട്ടി തൻ്റെ വീടിൻ്റെ പടികൾ കയറുമ്പോൾ സന്ധ്യയുടെ പാദങ്ങൾ വിറച്ചു. ഒരിക്കലും കരുതിയതല്ല ഇങ്ങനെയൊരു വരവ്. ഒരു രാത്രി ഒരുമിച്ച് ഉറങ്ങാൻ കിടന്ന തൻ്റെ പ്രിയൻ തന്നേയും കെട്ടി പിടിച്ച് പ്രാണൻ പിടഞ്ഞു പോയി എന്നോർക്കാൻ കൂടി പറ്റുന്നില്ല. തനിക്കൊന്നും വേണ്ടായിരുന്നു രാജേഷേട്ടനും ഞാനും ഒരുമിച്ച് സ്വപ്നങ്ങൾ കണ്ടുറങ്ങിയ ആ മുറി മാത്രം മതിയായിരുന്നു. ഇനിയുള്ള കാലം എനിക്കു ജീവിക്കാൻ ആ വീടും ആ മുറിയും തനിക്ക് അന്യമായി തീർന്നിരിക്കുന്നു.ആറുമാസം കഴിഞ്ഞ ഇന്നുതന്നെ …… സന്ധ്യക്ക് തൻ്റെ നെഞ്ചു പൊട്ടി പിളരുന്നതുപോലെ തോന്നി. അറിയാതെ ഒരു തേങ്ങലുയർന്നു.
എന്താമ്മേ എന്തിനാ അമ്മ കരയുന്നത്
ഒന്നൂല്ല മക്കളെ പെട്ടന്ന് അച്ഛനെ ഓർത്തു പോയി അച്ഛൻ ഉണ്ടായിരുന്നെങ്കിൽ നമ്മൾ ആ തറവാട് വിട്ട് ഇറങ്ങേണ്ടി വരുമായിരുന്നോ
അമ്മ സങ്കപെടാതെ അമ്മ സങ്കടപ്പെട്ടാൽ അച്ഛന് സങ്കടമാകും ഇളയമകനായ റോഹൻ അമ്മയെ ആശ്വസിപ്പിച്ചു.
മൂത്ത മകൻ റോഷൻ തറവാട്ടിൽ നിന്നും ഇറങ്ങിയതിൽ പിന്നെ ഒരക്ഷരം മിണ്ടിയിട്ടില്ല
മോനേ റോഷാ നീ എന്താ ഒന്നും മിണ്ടാത്തത്
എന്തു മിണ്ടാനാമ്മേ എനിക്ക് എൻ്റെ അച്ഛൻ്റെ കുടുംബസ്വത്തിൻ്റെ വീതം വേണം അതിന് എന്തു ചെയ്യണം എന്നാലോചിക്കുകയായിരുന്നു ഞാൻ
മോനിപ്പോ അതിനെ കുറിച്ചൊന്നും ആലോചിക്കണ്ട പഠിത്തത്തിൽ ശ്രദ്ധിക്ക് നമ്മൾ നേടി എടുക്കേണ്ട സമ്പാദ്യം വിദ്യാഭ്യാസം ആണ് ഒരിക്കലും നശിക്കാത്ത സമ്പത്ത് ആ സമ്പത്ത് നമ്മുടെ കൈവശം ഉണ്ടെങ്കിൽ നമുക്ക് എല്ലാം നേടാനാവും.
മക്കളേയും കൂട്ടി സന്ധ്യ വീടിനകത്തേക്ക് പ്രവേശിച്ചു.
അമ്മേ … അമ്മേ…..
അമ്മയേയും വിളിച്ചുകൊണ്ട് സന്ധ്യ അടുക്കളയിലേക്ക് നടന്നു.
അല്ല ഇതാര് ?മക്കളു വന്നില്ലേ മോളേ
ഉണ്ട്
എന്താ മോളെ നിൻ്റെ മുഖം വല്ലാതിരിക്കുന്നത്? എൻ്റെ കുട്ടിക്ക് എന്തോ സങ്കടമുണ്ടല്ലോ
ഒന്നുമില്ലമ്മേ അമ്മക്ക് തോന്നിയതാവാം
എവിടെ എൻ്റെ പേരക്കുട്ടികൾ ?
അമ്മമ്മേ ഞങ്ങളിവിടെ ഉണ്ടേ
എന്താ എൻ്റെ മക്കളിവിടെ ഇരിക്കുന്നത് ഇങ്ങനെയായിരുന്നില്ലല്ലോ? അമ്മമ്മേ എന്നും വിളിച്ചോണ്ട് ഓടി വന്ന് മുത്തം തന്നിരുന്നവരല്ലേ അമ്മമ്മേടെ മക്കൾ
അവരിപ്പോ ചെറിയ കുട്ടികൾ ആണോമ്മേ മൂത്തവന് പതിനഞ്ചുകഴിഞ്ഞു ഇളയവന് പന്ത്രണ്ടും മുതിർന്ന കുട്ടികളായില്ലേ
ഇവർ എത്ര മുതിർന്നാലും എൻ്റെ പേരക്കുട്ടികൾ ആവാതെ വരുമോ?
വാ വന്ന് കുളിച്ച് ഡ്രസ് മാറി വാ അമ്മമ്മ കാപ്പി എടുത്തു വെയ്ക്കാം
കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ സന്ധ്യ രാജേഷിൻ്റെ തറവാട്ടിൽ നടന്ന സംഭവങ്ങളെല്ലാം തുറന്നു പറഞ്ഞു.
മോളു വിഷമിക്കണ്ട ഇവിടെ ഇപ്പോ ഞാൻ തനിച്ചല്ലേയുള്ളു എനിക്കൊരു കൂട്ടാകും നിങ്ങളിവിടെ ഉള്ളപ്പോ ഇതറിഞ്ഞാൽ നിൻ്റെ അനിയത്തി സംഗീതക്കും സന്തോഷമാകും. നിങ്ങൾ കാപ്പി കുടിക്ക് ഞാൻ സംഗീതയെ ഒന്നു വിളിക്കട്ടെ
വിവരങ്ങൾ അറിഞ്ഞപ്പോൾ സംഗീതക്ക് സന്തോഷമായീട്ടോ അവളു പറഞ്ഞത് ഇവിടുത്തെ വീതം ഒന്നും അവൾക്കു വേണ്ട എല്ലാം ചേച്ചിക്ക് കൊടുത്തോളു എന്നാണ് നാളെ അവളിങ്ങോട്ട് വരുന്നുണ്ടന്നാ പറഞ്ഞത്.
ദിവസങ്ങൾ ഓരോന്നായി കടന്നു പോയി.
അമ്മേ ഞാൻ പുറത്തൊന്നു പോവുകയാണ് കുട്ടികൾ സ്കൂളിൽ പോയി കഴിഞ്ഞപ്പോൾ സന്ധ്യ പുറത്തേക്കു പോകാനായി ഒരുങ്ങി വന്ന് അമ്മയോടു പറഞ്ഞു.
എവിടേക്കാ മോളെ
ഞാൻ പോയിട്ടു വന്നിട്ടു പറയാം
പോയിട്ടു വാ
സന്ധ്യ അമ്മയോട് യാത്ര പറഞ്ഞിറങ്ങി
വൈകുന്നേരം കുട്ടികളോടൊപ്പമാണ് സന്ധ്യ വീട്ടിൽ വന്നു കയറിയത്.
നീ എവിടെ പോയതായിരുന്നു മോളെ
അമ്മ ഞങ്ങളുടെ സ്കൂളിൽ വന്നതാ അമ്മമ്മേ അമ്മക്ക് ഞങ്ങളുടെ സ്കൂളിൽ ടീച്ചറായി ജോലി കിട്ടി അമ്മമ്മേ
നേരാണോ മോളെ
അതെയമ്മേ എനിക്ക് ജോലി കിട്ടി മരണം മുന്നിൽ കണ്ടിട്ടാവാം അദ്ദേഹം എന്നെ പഠിപ്പിച്ചത്. മക്കൾ രണ്ടു പേരും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അദ്ദേഹമാണ് എന്നെ നിർബന്ധിച്ച് പഠിപ്പിക്കാൻ അയച്ചത്. ആദ്യം ഡിഗ്രിക്ക് ഡിഗ്രി പാസ്സായി കഴിഞ്ഞപ്പോ ബി എഡിന് പറഞ്ഞയച്ചു.
മക്കളു പഠിക്കുന്ന സ്കൂളിൽ ഒഴിവ് ഉണ്ടന്നറിഞ്ഞപ്പോൾ അപേക്ഷ വെച്ചതും അദ്ദേഹമാണ്. പത്തുലക്ഷം കൊടുത്താൽ സ്ഥിര നിയമനം കിട്ടുമെന്ന് അന്വേഷിച്ചപ്പോ അറിഞ്ഞു. അദ്ദേഹത്തിൻ്റെ സമ്പാദ്യവും തൻ്റെ സ്വർണ്ണവും വിറ്റ് പത്തുലക്ഷം രൂപ മാനേജ്‌മെൻ്റിന് നൽകി വന്ന അന്നു രാത്രിയാണ് എൻ്റെ രാജേഷേട്ടൻ എന്നെയും മക്കളേയും തനിച്ചാക്കി പോയത്. സന്ധ്യ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു നിർത്തി.
ഞാനും മക്കളും ആരുടേയും മുന്നിൽ കൈ നീട്ടരുത് എന്ന് രാജേഷേട്ടൻ ആഗ്രഹിച്ചിട്ടുണ്ടാവും. അതായിരിക്കും എന്നെ തുടർന്ന് പഠിക്കാൻ അയച്ചതും ജോലി ശരിയാക്കി തന്നതും
കഴിഞ്ഞ ദിവസം സ്കൂളിൽ നിന്ന് വിളിച്ചിരുന്നു എല്ലാം ശരിയായിട്ട് പറയാം എന്നു വെച്ചു. അതാണ് ആരോടും ഒന്നും പറയാതെയിരുന്നത്.
കൺഗ്രാസ് അമ്മ റോഷൻ അമ്മയെ അഭിനന്ദിച്ചു.
അച്ഛൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് മക്കളെ നന്നായി പഠിപ്പിക്കണമെന്നത് . അച്ഛൻ്റെ ആഗ്രഹം പോലെ മക്കൾ നന്നായി പഠിക്കണം അതു മാത്രമേ എൻ്റെ മക്കളോട് അമ്മക്ക് പറയാനുള്ളത്.
ദിവസങ്ങൾ കൊഴിഞ്ഞു പൊയ്കൊണ്ടിരുന്നു. ആഴ്ചകളും മാസങ്ങളും കടന്നു പോയി സന്ധ്യയുടെയും മക്കളുടേയും ജീവിതം ശാന്തമായി മുന്നോട്ട് പൊയ്കൊണ്ടിരുന്നു.
റോഷൻ പ്ലസ് ടു പഠനം പൂർത്തിയാക്കി
അമ്മേ ഒരു വിശേഷം ഉണ്ട്
എന്താ മോനേ
അപ്പച്ചിയുടേയും കൊച്ചച്ചൻ്റേയും പേരിൽ അച്ഛച്ചൻ കേസു കൊടുത്തു.
എന്തിന്?
സ്വത്തു തർക്കത്തെ തുടർന്ന് അവിടെ എന്നും വഴക്കായിരുന്നു അവരുടെ വഴക്കു കാരണം അച്ഛച്ചൻ ആർക്കും ഒന്നും എഴുതി കൊടുത്തില്ല. അവർക്ക് അച്ഛച്ചനെ നോക്കാൻ കഴിയില്ലന്ന് അവര് അച്ഛച്ചനെ വൃദ്ധസദനത്തിലാക്കാൻ തീരുമാനിച്ചു അതറിഞ്ഞ് അച്ഛയ്യൻ കേസു കൊടുത്തു.
കൊച്ചച്ചൻ അച്ഛച്ചനെ ദേഹോപദ്രവം ചെയ്തു എന്നാണ് അറിഞ്ഞത്. ചോദിക്കാൻ വന്ന അപ്പിച്ചിയം കൊച്ചച്ചനും തമ്മിലടിയായി.
മകൻ പറഞ്ഞതെല്ലാം കേട്ട് സന്ധ്യ പകച്ചിരുന്നു പോയി.
രാജേഷേട്ടൻ ഉണ്ടായിരുന്ന സമയത്ത് അച്ഛനോട് എത്ര സൗമ്യമായിട്ടാ എല്ലാവരും സംസാരിച്ചിരുന്നത്. എന്തു കാര്യവും അച്ഛനോട് ചോദിച്ചിട്ടേ രാജേഷേട്ടൻ ചെയ്യുമായിരുന്നുള്ളു. ആ അച്ഛനെയാണ് മക്കൾ രണ്ടു പേരും കൂടി ഉപദ്രവിക്കുന്നതും വൃദ്ധസദനത്തിലാക്കാൻ തീരുമാനിച്ചതും.
ഇതെല്ലാം കേട്ടിട്ടും അമ്മയെന്താ ഒന്നും മിണ്ടാതെയിരുന്ന് ആലോചിക്കുന്നത്.
ഒന്നുമില്ല മോനേ
ഇതെല്ലാം കേട്ടിട്ടു അമ്മക്ക് സങ്കടമായോ ?
ഇല്ല ഞാനെന്തിന് സങ്കടപ്പെടണം അവരുടെ മകൻ്റെ ഭാര്യയായി മകൻ്റെ രണ്ടു മക്കളുടെ അമ്മയായതിന് അവരെനിക്ക് വിലയിട്ടത് നിങ്ങളും കേട്ടതല്ലേ.
അവരുടെ ഒരു തരിമണ്ണു പോലും നമുക്ക് വേണ്ട എൻ്റെ മക്കൾ അവരുടെ കാര്യങ്ങളിൽ ഇടപെടണ്ട
അതു ശരിയാവില്ലമ്മേ ഞാനുമൊരു കേസ് കൊടുക്കാൻ പോവുകയാണ് എനിക്കിപ്പോ പതിനെട്ട് കഴിഞ്ഞു അച്ഛച്ചൻ്റേയും കൊച്ചച്ചൻ്റേയും അപ്പച്ചിയുടെയും പേരിൽ
ഏയ്യ് അതൊന്നും വേണ്ട
അമ്മക്ക് വേണ്ടെങ്കിൽ വേണ്ട ഞങ്ങൾക്കു വേണം അച്ഛൻ്റെ കുടുംബസ്വത്തിൻ്റെ വീതം.
വഴക്കിനും വക്കാണത്തിനും ഒന്നും പോകണ്ട
ഇല്ല നിയമപരമായി തന്നെ പോകുന്നുള്ളു എൻ്റെ ഫ്രണ്ടിൻ്റെ അച്ഛൻ എന്നെ സഹായിക്കും
സന്ധ്യ ഭയത്തോടെ തൻ്റെ മകൻ്റെ മുഖത്തേക്കു നോക്കി. എന്തോ തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു മകൻ്റെ ഭാവം
ഈ സമയം രാജേഷിൻ്റെ തറവാട്ടിൽ സ്വത്ത് തർക്കത്തെ കുറിച്ച് വാക്കേറ്റം നടക്കുകയായിരുന്നു.
അച്ഛനെന്താ പെട്ടന്ന് മൂത്ത മോനോടിത്ര സ്നേഹം കൂടാൻ കാരണം.
നിങ്ങളെ ഞാൻ ശരിക്കും മനസ്സില്ലാക്കി കഴിഞ്ഞു. സ്വത്ത് നിങ്ങളിലേക്ക് എത്തും എന്നു അറിഞ്ഞപ്പോ തന്നെ നിങ്ങൾ എന്നെ ചൊല്ലി തർക്കമായി എൻ്റെ പേരിലുള്ള സ്വത്തിൽ മാത്രമാണ് നിങ്ങളുടെ കണ്ണ് എൻ്റെ രാജേഷ് ഇന്നു ജീവിച്ചിരുന്നെങ്കിൽ അവനെന്നെ വേദനിപ്പിക്കില്ലായിരുന്നു. അവൻ്റെ മക്കൾക്ക് അർഹതപ്പെട്ടതു കൂടി നിങ്ങൾ തട്ടിയെടുക്കാൻ വേണ്ടി സ്നേഹം അഭിനയിച്ചു. നടക്കില്ല മക്കളെ സ്വത്ത് നാലായി ഭാഗിച്ച് ഞാൻ പ്രമാണം രജിസ്റ്റർ ചെയ്തു തർക്കമുള്ളവർക്ക് കേസു കൊടുക്കാം.
ആര് എന്നെ സംരക്ഷിക്കുന്നോ അവർക്കുള്ളതാണ് എൻ്റെ പേരിലുള്ള വസ്തുവകകൾ അതും എൻ്റെ കാലശേഷം മാത്രം. എൻ്റെ മക്കളായ നിങ്ങൾ എന്നെ സംരക്ഷിക്കില്ല എന്നെനിക്ക് ഉറപ്പുണ്ട് ആയതിനാൽ എൻ്റെ പേരിലുള്ള വസ്തുവകകൾ ശരണാലയത്തിലേക്ക് എഴുതി കൊടുത്തു.
ഞാൻ ഒരിടം വരെ പോയിട്ടു വരാം മകളോട് യാത്ര പറഞ്ഞ് അദ്ദേഹം അവിടെ നിന്നും ഇറങ്ങി
റോഷനും റോഹനും മുറ്റത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുമ്പോളാണ് ഒരു കാർ ഗേറ്റ് കടന്ന് മുറ്റത്തേക്കെത്തിനിന്നത് കാർ നിർത്തി കാറിൽ നിന്ന് അച്ഛച്ചൻ മുറ്റത്തേക്കിറങ്ങുന്നത് കണ്ട് റോഹനും റോഷനും നടുങ്ങി
റോഹൻ ഓടി ചെന്ന് അച്ഛച്ചൻ്റ കൈയിൽ പിടിച്ചു്
അമ്മ എവിടെ മക്കളെ
അകത്തുണ്ട് അച്ഛച്ചൻ വരു
ആരാ മക്കളെ വന്നത് സന്ധ്യ പുറത്തേക്കിറങ്ങി വന്നു കൊണ്ട് ചോദിച്ചു
അച്ഛച്ചനാണമ്മേ
അച്ഛൻ .. കയറി വാ അച്ഛാ
ഇല്ല മോളെ അച്ഛൻ കയറുന്നില്ല ഞാൻ ഇതു തരാൻ വന്നതാണ്. കൈയിലിരുന്ന ഫയൽ നീട്ടികൊണ്ട് പറഞ്ഞു.
ഇതെന്താ അച്ഛാ
മോള് അച്ഛനോട് ക്ഷമിക്കണം മോളോട് അനാവശ്യമായി സംസാരിക്കുകയും മോളേയും മക്കളേയും തറവാട്ടിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു’ അതിനുള്ള ശിക്ഷ ഞാൻ അനുഭവിച്ചു – ശരിയും തെറ്റും മനസ്സിലാക്കി.
അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത്
അതെ മോളെ അച്ഛനു തെറ്റുപറ്റി ആ തെറ്റു ഞാൻ തിരുത്തി. കുടുംബസ്വത്തിൽ ഒരു ഭാഗം നിൻ്റെയും മക്കളുളേയും പേരിൽ എഴുതി രജിസ്റ്റർ ചെയ്തതിൻ്റെ പ്രമാണം ആണ് ഇത്. മോളിതു വാങ്ങണം
എനിക്കിതിൻ്റെ ആവശ്യം ഇല്ലച്ഛാ ഇന്ന് എൻ്റെ സ്വത്ത് എന്നു പറയുന്നത് എൻ്റെ മക്കളാ എൻ്റെ ഏറ്റവും വലിയ സ്വത്ത് എനിക്ക് നഷ്ടപ്പെട്ടു. ഇനി ഇവർക്ക് ഇതിൻ്റെ ആവശ്യം ഉണ്ടെങ്കിൽ അവരിതു വാങ്ങിക്കോട്ടെ
ഞങ്ങൾക്കു വേണം ഞങ്ങളുടെ അച്ഛൻ്റെ കുടുംബ സ്വത്തിൻ്റെ വീതം. റോഷൻ കൈ നീട്ടി ആ ഫയലുകൾ വാങ്ങി.
അച്ചച്ചൻ്റെ ഭയം മാറിയോ ഞങ്ങളുടെ അമ്മ പുനർവിവാഹിത ആകും എന്നുള്ള ഭയം.
അങ്ങനെ ഒരു ഭയം എനിക്ക് ഉണ്ടായിരുന്നില്ല. നിങ്ങളുടെ അപ്പിച്ചി പറഞ്ഞുണ്ടാക്കിയതാ
എന്നാൽ അപ്പിച്ചി പറഞ്ഞത് സത്യമാകാൻ പോകുന്നു ഈ മാസം 24 ന് ഞങ്ങളുടെ അമ്മയുടെ പുനർവിവാഹം ആണ് ഞങ്ങൾ രണ്ടു മക്കളുടേയും സമ്മതത്തോടെ തന്നെ ഞങ്ങളാണ് അമ്മക്കുള്ള കൂട്ടുകാരനെ കണ്ടു പിടിച്ചത്.
അച്ഛച്ചൻ വരണം അമ്മയേയും അങ്കിളിനേയും അനുഗ്രഹിക്കാൻ
ഇപ്പോ അച്ഛച്ചൻ ചിന്തിക്കുന്നുണ്ടാവും അമ്മ ഇതിന് സമ്മതിച്ചോ അച്ഛനെ മറക്കാൻ അമ്മക്ക് ഇത്രപ്പെട്ടന്ന് പറ്റിയോ എന്നൊക്കെ അതു സ്വാഭാവികം എൻ്റെ അച്ഛനും അമ്മയും എത്ര നല്ല സ്നേഹത്തിലാ കഴിഞ്ഞിരുന്നത് എന്നെനിക്കറിയാം. അതു കൊണ്ടു തന്നെയാണ് എൻ്റെ അമ്മയെ പുനർവിവാഹത്തിന് ഞാൻ നിർബന്ധിച്ചത് കാരണം ഈ വർഷം ഞാനും അടുത്ത രണ്ടു വർഷത്തിനുള്ളിൽ രോഹനും പഠനാവശ്യത്തിനായി വീടു വീട്ടു നിൽക്കേണ്ട സാഹചര്യം ഉണ്ടാകും. ആ സമയം എൻ്റെ ഒറ്റക്കാകും അമ്മയെ തനിച്ചാക്കി പോകാൻ ഞങ്ങൾക്കൊരു വിഷമമ അതുമാത്രമല്ല എൻ്റെ അമ്മ ഇന്നും സുന്ദരിയും 40 വയസ് കഴിഞ്ഞിട്ടുമില്ല വിധവ എന്ന പട്ടം ചാർത്തി എൻ്റെ അമ്മയെ ഇരുത്താൻ ഞങ്ങൾക്ക് ആഗ്രഹവും ഇല്ല. അതു കൊണ്ടാണ് ഞങ്ങൾ അമ്മയെ നിർബന്ധിച്ച് ഈ വിവാഹത്തിന് സമ്മതിപ്പിച്ചത്.
വരും ഞാൻ വരും
അതും പറഞ്ഞ് അദ്ദേഹം കാറിൽ കയറി ആ കാർ മുറ്റം കടന്ന് മറഞ്ഞു.
ആ കാർ ചെന്നു നിന്നത് തണൽ എന്ന ശരണാലയത്തിന് മുന്നിലാണ്.
അവസാനിച്ചു.
നടന്നൊരു സംഭവം എൻ്റെ ഭാവനയും ചേർത്ത് എഴുതിയതാണേ