സർ.. ഇവളൊരു പാവം ആണ്… എന്തിനാണ് സ്റ്റേഷനിലൊക്കെ.. ഒരിക്കലും ഇവൾ ഇങ്ങനൊന്നും ചെയ്യില്ല സാർ..

✍️ പ്രജിത്ത് സുരേന്ദ്രബാബു

“സർ… കൊലചെയ്യപ്പെട്ടിരിക്കുന്നത് ഒരു പ്രായമായ സ്ത്രീയാണ് ഒറ്റ നോട്ടത്തിൽ മോഷണം തന്നെയാണ്.. അലമാരയിൽ നിന്നും പണവും സ്വർണവും ഒക്കെ നഷ്ടമായിട്ടുണ്ട്… ”

സി ഐ സാം അലക്സ് സംഭവസ്ഥലത്ത് എത്തുമ്പോൾ തന്നെ വിശദമായ വിവരങ്ങൾ നൽകി എസ് ഐ അൻവർ.

” അൻവർ.. ഈ സ്ത്രീ ഒറ്റയ്ക്ക് ആണോ ഇവിടെ താമസം.. അതുപോലെ സംശയിക്കത്തക്കതായി ആരേലും ഉണ്ടോ..”

” അതേ സാർ.. മക്കളൊക്കെ യു എസിൽ ആണ്. പിന്നേ സഹായത്തിനു ഒരു ജോലിക്കാരി ഉണ്ട് ഇവിടെ അടുത്തുള്ള ഒരു സ്ത്രീയാണ് പേര് മായ. അവർ നോർമലി രാവിലെ വന്ന് ജോലിയൊക്കെ കഴിഞ്ഞു വൈകിട്ട് തിരികെ പോകും നൈറ്റ് മിക്കപ്പോഴും ഈ സ്ത്രീ ഒറ്റയ്ക്ക് തന്നെയാണ്. പിന്നെ എന്തേലും ആവശ്യമൊക്കെ ഉണ്ടെങ്കിൽ മാത്രം ആ ജോലിക്കാരിയും രാത്രി ഇവിടെ നിൽക്കാറുണ്ട്… പക്ഷെ ഇന്നലെ ഈ സ്ത്രീ ഒറ്റയ്ക്ക് തന്നെയായിരുന്നു. ഈ ജോലിക്കാരി ഇന്ന് പുലർച്ചെ ആറു മണി കഴിഞ്ഞു വന്ന് നോക്കുമ്പോൾ ആണ് ബോഡി കാണുന്നത്… പിന്നേ ഈ പരിസരത്തോ നാട്ടിലോ അങ്ങിനെ പ്രശ്നക്കാർ ആയി അധികം ആരും ഇല്ല അതും കൊലപാതകം ചെയ്യാനൊന്നും ധൈര്യമുള്ള ടീമുകൾ ഒട്ടുമില്ല…”

മറുപടി കേട്ട് ഒരു നിമിഷം മൗനമായി നിന്നു സാം. നടന്ന് വീടിനു മുന്നിൽ എത്തുമ്പോൾ ആകെ പകച്ച് ഭയന്ന് വിറച്ചു നിൽക്കുന്ന ഒരു സ്ത്രീയെ കണ്ടു അവൻ. ഒറ്റനോട്ടത്തിൽ ആളെ മനസിലായി.

” അതാണ് ആ ജോലിക്കാരി അല്ലെ.. മായ.. ”

“അതേ സർ.. അവരാണ്.. ആള് ആകെ ഭയന്നിട്ട് ആണ്… ഒട്ടും പ്രതീക്ഷിക്കാത്തതല്ലേ കണ്മുന്നിൽ കണ്ടത്.. ”

പതിയെ സാം നടന്ന് മായയ്ക്ക് അരികിലേക്കെത്തി.

” നിങ്ങൾ അല്ലെ ബോഡി ആദ്യം കണ്ടത്… കൃത്യമായി കാര്യങ്ങൾ ഒന്ന് വിവരിക്കാമോ.. ”

ആ ചോദ്യം കേൾക്കെ ഭയത്താൽ ഒന്ന് പരുങ്ങി അവൾ ശേഷം പതിയെ സംഭവങ്ങൾ വിവരിച്ചു.

” സാർ.. ഞാൻ എന്നും രാവിലെ ആറു മണി ആകുമ്പോഴാണ് ഇവിടെ വരാറ്.. അമ്മച്ചിക്ക് രാവിലെ മരുന്ന് കൊടുക്കാനൊക്കെ ഉണ്ട്.. പതിവ് പോലെ ഇന്നും വന്നു. ബെൽ അടിച്ചിട്ടും അമ്മച്ചി വാതിൽ തുറന്നില്ല കുറച്ചു നേരം ആയിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ സംശയമായി.. ഹാൻഡിൽ പിടിച്ചു തിരിച്ചു നോക്കിയപ്പോഴാ അറിഞ്ഞേ വാതിൽ ലോക്ക് ചെയ്തിരുന്നില്ല.. തുറന്ന് അകത്ത് കയറിയതും.. ”

അത്രയും പറഞ്ഞ് നിർത്തി വിതുമ്പിപ്പോയി അവർ.കണ്മുന്നിൽ കണ്ട ഭയപ്പെടുത്തുന്ന കാഴ്ചയുടെ വ്യാപ്തി അവരുടെ കണ്ണുകളിൽ വ്യക്തമായിരുന്നു.

” സർ.. ഡോർ തുറന്ന് കേറുന്ന ഹാളിൽ തന്നെയാണ് ബോഡി കിടക്കുന്നത് സെറ്റിയോട് ചേർന്നിട്ട്.. ”

അൻവർ പറഞ്ഞത് കേട്ട് മായയെ ഒന്ന് നോക്കി പതിയെ വീടിനുള്ളിലേക്ക് കയറി സാം. ആ സമയം അവിടമാകെ വലിയ ജനക്കൂട്ടം നിറഞ്ഞിരുന്നു. അവർക്ക് മുന്നിലായി മീഡിയാസും.

“അൻവർ..ആരും ഉള്ളിലേക്ക് കയറാതെ ശ്രദ്ധിക്കണം… ഫോറെൻസിക് ടീമിന്റെ പരിശോധന കഴിയുന്നത് വരെ.. ”

“ഓക്കേ സാർ.. അത് ഞാൻ ശ്രദ്ധിക്കാം.. ഫോറെൻസിക് ടീമിന്റെ എൻക്വയറി ആൾറെഡി കഴിഞ്ഞു സർ.. കാര്യമായി ഒന്നും തന്നെയില്ല.. വീടിൽ പലയിടത്തായി ഉള്ളത് രണ്ട് ഫിംഗർ പ്രിന്റ്സ് ആണ് അത് ഈ മരിച്ച സ്ത്രീയുടെയും ജോലിക്കാരിയുടെയും ആകാം …. ഇത് ചെയ്തവൻ ആരായാലും വെൽ പ്ലാൻഡ് ആണ് സർ.. ഗ്ലൗസ് യൂസ് ചെയ്ത് തന്നെയാണ് കൃത്യം നടത്തിയിരിക്കുന്നത്.ഒരു പഴുതുമില്ലാതെ ”

അൻവർ പറഞ്ഞത് കേട്ടുകൊണ്ടാണ് സാം ഹാളിലേക്ക് കയറിയത്. മുന്നേ പറഞ്ഞ പോലെ സെറ്റിയോട് ചേർന്ന് തന്നെ ആ സ്ത്രീയുടെ ബോഡി കിടന്നിരുന്നു. നിലത്തു തളം കെട്ടിക്കിടന്ന ചോരയും അരികിലായി ചോരക്കറയുള്ള ഒരു അയൺ ബോക്സും.

” ഈ അയൺബോക്സ് വച്ച് തലയ്ക്കടിച്ചാണ് കൊല ചെയ്തിട്ടുള്ളത് സാർ. പിന്നേ അടുത്തൊന്നും അധികം വീടുകൾ ഇല്ലാത്തതിനാൽ ഒരു സിസിടീവി വിഷ്വൽ പോലും കിട്ടാനും സാധ്യതയില്ല.. ”

അൻവർ കാര്യങ്ങൾ വിവരിച്ചു. ഒറ്റനോട്ടത്തിൽ തെളിവുകളായി ഒന്നും തന്നെ അവശേഷിപ്പിക്കാത്ത വളരെ പ്ലാൻഡ് ആയ മർഡർ.

” ഇത് ചെയ്തത് ആരായാലും അയാൾക്ക് ഈ സ്ത്രീയെയും ഈ സ്ത്രീയ്ക്ക് അയാളെയും അറിയാവുന്നതാണ്. കാരണം വാതിലുകൾ ജനലുകളോ ഒന്നും തന്നെ ബ്രേക്ക് ചെയ്‌തിട്ടില്ല. അതിനർത്ഥം കൊലയാളിയ്ക്ക് വേണ്ടി വാതിൽ തുറന്ന് കൊടുത്തത് ഇവർ തന്നെയാണ്.. സ്വർണവും പണവും നഷ്ടമായി എന്നത് എങ്ങിനെ സ്ഥിതീകരിച്ചു.”

സംശയത്തോടെ അൻവറിന്റെ മുഖത്തേക്ക് നോക്കി സാം.

” സാർ അത് ആ ജോലിക്കാരി സ്ത്രീ പറഞ്ഞതാണ്. ഇവരുടെ മുറിയിലെ അലമാരയും ലോക്കറും തുറന്ന് കിടക്കുന്നുണ്ട്. അതിനുള്ളിൽ കാശും ഗോൾഡും ഉണ്ടായിരുന്നു എന്നാണ് അവർ പറയുന്നത്. ”

മറുപടി കേട്ട് മൗനമായി സാം. ആ സമയം ഫോറെൻസിക് ഉദ്യോഗസ്ഥരും അവന്റെ അരികിലേക്കെത്തി.

” സർ കൊലയാളി വെൽ പ്ലാൻഡ് ആയിരുന്നു. ഒരൊറ്റ ഫിംഗർ പ്രിന്റ്സ് പോലും ബോഡിയിൽ നിന്നോ പരിസരത്ത് നിന്നോ കിട്ടിയിട്ടില്ല… എന്തിനു ഡോറിലോ ഹാൻഡിലിലോ ആ അലമാരയിലോ ജനലുകളിലോ എവിടെയും തന്നെ ഒന്നുമില്ല…. ആകെ കിട്ടിയത് കുറച്ചു പ്രിന്റ്സ് അതും കിച്ചന്റെ ഭാഗത്തുന്ന് ഒക്കെ ഉള്ളതാണ് അത് മേ ബി ഈ ജോലിക്കാരിയുടേതും പിന്നേ ഈ മരിച്ച സ്ത്രീയുടേതുമൊക്കെയാകാം. ഞങ്ങൾ എന്തായാലും വിശദമായി പരിശോദിച്ചു റിപ്പോർട്ട്‌ അയക്കാം ”

ആ വിശദീകരണം കേൾക്കെ ഒരു നിമിഷം സാമിന്റെ നെറ്റി ചുളിഞ്ഞു.

” പറഞ്ഞത് ഒന്നുകൂടെ പറയാമോ.. എവിടേ നിന്നൊക്കെയാണ് നിങ്ങൾ പ്രിന്റ്സ് കളക്ട് ചെയ്തത്… ”

സംശയത്തോടെ അവൻ ചോദിക്കുമ്പോൾ ആ ഫോറെൻസിക് ഉദ്യോഗസ്ഥന്റെയും മുഖം കുറുകി.

സമയം പതിയെ നീങ്ങി. പുറത്ത് മീഡിയാസ് വിശദ വിവരങ്ങൾ അറിയുവാനുള്ള വെപ്രാളത്തിലായിരുന്നു. അല്പം കഴിയവേ സാം പുറത്തേക്ക് വന്നു.

” സാർ.. ഞാൻ ഈ വാർഡ് മെമ്പർ ആണ് സതീശൻ.. ഞങ്ങളുടെ ഈ നാട്ടിൽ ആദ്യമാ ഇങ്ങനൊക്കെ.. അതുകൊണ്ട് തന്നെ എല്ലാവരും നല്ല ഭയത്തിൽ ആണ്…എന്തെങ്കിലും ഒരു തെളിവോ മറ്റോ.. ”

സംശയത്തിൽ അയാൾ നോക്കുമ്പോൾ ഒന്ന് നിന്നു സാം..

” മെമ്പറെ.. നാട്ടുകാരെ നിങ്ങൾ ഒന്ന് പറഞ്ഞ് ഒതുക്കണം…. ആളെ നമുക്ക് കണ്ടെത്താം.. ”

മറുപടി പറഞ്ഞ് കൊണ്ട് സാം നേരെ മായയ്ക്ക് അരികിലേക്ക് ആണ് പോയത്.

” നിങ്ങളുടെ മൊഴി രേഖപ്പെടുത്തിയിരുന്നോ.”

” ആ. ആ.. ഒരു സാർ വന്ന് എഴുതി എടുത്തു.. ”

ആ പതിഞ്ഞ സ്വരത്തിൽ അപ്പോഴും ഭീതി നിഴലിച്ചിരുന്നു.

” നിങ്ങൾക്ക് ആരെയെങ്കിലും സംശയം ഉണ്ടോ.. അടുത്ത ബന്ധുക്കളെയൊ ആരെയെങ്കിലും.. ഈ കാശ് ഇത്രേം വീട്ടിൽ ഉണ്ട് ന്ന് അറിയാവുന്ന ആരേലും.. ”

“അങ്ങിനെ ആരെയും സംശയം ഇല്ല സർ.. അമ്മച്ചി അല്ലേലും അങ്ങിനെ അധികം കാശൊന്നും ഇവിടെ സൂക്ഷിക്കാറില്ല …. ഇതിപ്പോ മോൻ അയച്ചു കൊടുത്ത തുക എടുത്ത് വച്ചിരുന്നതാണ് അടുത്തുള്ള പള്ളിയിൽ പണി നടക്കുന്നുണ്ട് അതിലേക്ക് സംഭാവന കൊടുക്കുവാനായി. ”

ആ മറുപടി കേൾക്കെ ഒരു നിമിഷം മൗനമായി സാം. ശേഷം അവളെ നോക്കി.

“ഇതെത്ര രൂപ ഉണ്ടായിരുന്നു.. മായയ്ക്ക് അതിനെ പറ്റി എന്തേലും ഐഡിയ ഉണ്ടായിരുന്നോ..”

” ഇത് പത്ത് ലക്ഷം രൂപയായിരുന്നു സാർ.. ഞാനും അമ്മച്ചിയും കൂടി പോയാ ക്യാഷ് ബാങ്കിൽ നിന്നും എടുത്തത്. നാളെ പള്ളിയിൽ കൊടുക്കാമെന്നു ഏറ്റിരുന്നതാണ് ”

മായ പറഞ്ഞ് നിർത്തുമ്പോഴേക്കും അൻവർ ഓടി സാമിന് അരികിൽ എത്തി. ശേഷം രഹസ്യമായി എന്തോ അറിയിച്ചു. അതോടെ സാമിന്റെ മുഖം വിടർന്നു.

ചുറ്റുമൊന്ന് കണ്ണോടിച്ചു അവൻ..

” അൻവർ.. വനിതാ കോൺസ്റ്റബിൾ ആരാ ഉള്ളെ… ”

” അനിതയുണ്ട് സാർ… ”

“എന്നാൽ വരാൻ പറയ്.. ദേ ഈ മായ മാഡത്തിനെ കൂട്ടി വേഗം സ്റ്റേഷനിലേക്ക് വിട്ടോ.. കൊലപാതകം ചെയ്തിട്ട് ഓവർ എക്സ്പ്രഷൻ ഇട്ട് തളർന്നു നിൽക്കുകയാണ് മാഡം ”

ആ വാക്കുകൾ കേൾക്കെ ഒരു നിമിഷം നടുങ്ങിപ്പോയി മായ. അവൾ മാത്രമല്ല മെമ്പർ സതീശൻ ഉൾപ്പെടെ അരികിൽ നിന്ന പലരും നടുങ്ങി.

” ഞാ.. ഞാനോ.. ഞാനല്ല ചെയ്തത്… എ.. എന്നെയൊ.. എന്നെ എന്തിനാ സ്റ്റേഷനിൽ കൊണ്ട് പോണേ.. ഞാൻ എ.. എന്താ ചെയ്തെ.. ”

ഭീതിയിൽ അൻവറിനെയും സാമിനെയും മാറി മാറി നോക്കി അവൾ.”

ആ സമയം ഞെട്ടലോടെ സതീശനും മുന്നിലേക്ക് വന്നു.

” സർ.. ഇവളൊരു പാവം ആണ്… എന്തിനാണ് സ്റ്റേഷനിലൊക്കെ.. ഒരിക്കലും ഇവൾ ഇങ്ങനൊന്നും ചെയ്യില്ല സാർ.. ഈ അമ്മച്ചി കൊടുക്കുന്ന ശമ്പളം കൊണ്ടാണ് ഇവളുടെ കുടുംബം കഴിയുന്നത്. ഭർത്താവ് ഒരു അലമ്പനാണ് വലിയ കടങ്ങൾ ഉണ്ട്. ഈ പാവം ജോലി എഴുതാൻ അതൊക്കെ വീട്ടുന്നത് ”

ആ വാക്കുകൾ കേട്ട് പതിയെ അയാൾക്ക് നേരെ തിരിഞ്ഞു സാം.
പതിയെ പതിയെ അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടരുമ്പോൾ ആകെ ഭയന്ന് വിറച്ചു മായ.

സാമിന്റെ ആ പുഞ്ചിരി വൈകാതെ തന്നെ കേരളമൊട്ടാകെ ചർച്ച ചെയ്ത് തുടങ്ങി. ഒരു കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം സംഭവസ്ഥലത്തു വച്ച് തന്നെ പ്രതിയെ പിടി കൂടിയ കേരളാ പോലീസിനെയും സാം അലക്സിനെയും മീഡിയാസ് വാഴ്ത്തി.

“സാർ.. എങ്ങിനെയാണ് ഈ മായയാണ് പ്രതി എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്… അതും ഇത്രയും വേഗത്തിൽ.. ”

പ്രെസ്സ് മീറ്റിൽ മീഡിയാസിനു മുന്നിൽ ഡി വൈ എസ് പി ക്ക് ഒപ്പം ഉണ്ടായിരുന്ന സാമിനോട് തന്നെയായിരുന്നു ചോദ്യം

” അത്… അവർക്ക് പറ്റിയ ചെറിയൊരു പിഴവ്.. വലിയ വഴിതിരിവായത് അതാണ്… ഈ മായ പോലീസിൽ കൊടുത്ത മൊഴി പ്രകാരം രാവിലെ വന്നപ്പോൾ ആ മരണപ്പെട്ട സ്ത്രീ ഡോർ തുറക്കാത്തത് കാരണം ആ ഡോർ ഹാൻഡിലിൽ പിടിച്ചു തുറന്ന് ഉള്ളിൽ കയറി എന്നാണ്…. പക്ഷെ ഫോറെൻസിക്കിന്റെ അന്വേഷണത്തിൽ ആ ഡോറിന്റെ പുറത്തെ ഹാൻഡിലിൽ ആരുടേയും ഫിംഗർ പ്രിന്റ്സ് ഇല്ല.. ആ ഒരൊറ്റക്കാര്യമാണ് നിർണ്ണായകമായത്… അപ്പോൾ തോന്നിയ സംശയത്തിൽ ഒന്ന് അന്വേഷിച്ചു. മായയുടെ ഫോൺ അന്ന് അവളുടെ വീട്ടിൽ തന്നെയായിരുന്നു. പക്ഷെ അന്നേ ദിവസം അവൾ ജോലികഴിഞ്ഞു സ്വന്തം വീട്ടിൽ പോയെങ്കിലും രാത്രി തിരികെ വന്നിരുന്നു.. വീട്ടിൽ ആരുമില്ല എന്ന് കള്ളം പറഞ്ഞു ആ സ്ത്രീയ്ക്കൊപ്പം അവിടെ തന്നെ കൂടി… ശേഷം രാത്രി പ്ലാൻ പ്രകാരം കൃത്യം നടപ്പിലാക്കി. ഹാൻഡ് ഗ്ലൗസുകൾ ഉൾപ്പെടെയുള്ള തെളിവുകൾ നശിപ്പിച്ച ശേഷം രാവിലെ മുൻ വശത്തെ ഡോർ തുറന്നു പുറത്തിറങ്ങിയാണ് ഈ നാടകങ്ങൾ ഒക്കെ കളിച്ചത്. അതുകൊണ്ട് തന്നെ ഡോറിന്റെ ഉൾ ഭാഗത്തെ ഹാൻഡിലിൽ ഇവരുടെ ഫിംഗർ പ്രിന്റ്സ് ഉണ്ട് പക്ഷെ പുറത്തെ ഹാൻഡിലിൽ ഇല്ല… എത്രയൊക്കെ പ്ലാൻ ചെയ്താലും ഇതുപോലുള്ള ചെറിയ അശ്രദ്ധ മതി എല്ലാം മാറി മറിയാൻ.. ”

സാം നിർത്തുമ്പോൾ മീഡിയാസിന് കാര്യങ്ങൾ മനസിലായിരുന്നു. ആ സമയം മറ്റൊന്ന് കൂടി കൂട്ടി ചേർത്തു അവൻ.

“മറ്റൊരു ചെറിയ തെളിവ് കൂടി കിട്ടിയിരുന്നു. അന്നേ ദിവസം ഈ മരണപ്പെട്ട സ്ത്രീയുടെ ഫോണിൽ നിന്നും രാത്രി മായ തന്റെ ഭർത്താവിന്റെ നമ്പറിലേക്ക് ഒന്ന് വിളിച്ചിരുന്നു. കാൾ കട്ട്‌ ചെയ്ത് നമ്പർ ഡിലീറ്റ് ആക്കിയാൽ പിന്നെ പിടിക്കപ്പെടില്ല എന്ന തെറ്റായ വിശ്വാസം മൂലമാണ് അവർ അത് ചെയ്തത്. സംഭവ സ്ഥലത്ത് ആക്റ്റീവ് ആയ നമ്പരുകളുടെ ഡീറ്റെയിൽസ് എടുത്ത കൂട്ടത്തിൽ കിട്ടിയ വിവരം ആണ് ഇത്. ഇത് കൂടി ആയപ്പോൾ ആ രാത്രി മായ അവിടെ ഉണ്ടായിരുന്നതിനുള്ള തെളിവ് ആയി.. അതുകൊണ്ടാണ് ഞങ്ങൾ അവരെ അറസ്റ്റ് ചെയ്തത്. എന്നാൽ ചോദ്യം ചെയ്യലിൽ കൃത്യമായി എല്ലാം സമ്മതിച്ചു. മോഷണ മുതലും കണ്ടെടുത്തിട്ടുണ്ട്… പ്രാരാബ്ദം… അത് തന്നെയാണ് കൊലപാതക കാരണം.”

വിശദമായ വിവരങ്ങൾ നൽകി എഴുന്നേറ്റു സാം. കയ്യടികളോടെയാണ് എല്ലാവരും അവന് അഭിനന്ദനങ്ങൾ അറിയിച്ചത്.

” കലക്കി സാർ… ഇത്രയും ബ്രില്ല്യന്റ് ആയി നിങ്ങൾ ഈ കേസ് സോൾവ് ചെയ്തു ”

നേരിട്ട് അഭിനന്ദിക്കാൻ പല മീഡിയാ പ്രവർത്തകരും മുന്നിലേക്കെത്തിയിരുന്നു

അന്നത്തെ ആ ഒറ്റ ദിവസത്തോടെ സി ഐ സാം അലക്സ് കേരളാ പോലീസിന്റെ അഭിമാനമായി മാറി

(ശുഭം )

പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *