“എന്നാലുമെന്റെ കിരണേ നിനക്കിതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ….?
ഈ നാട്ടിലെന്താ വേറെ പെൺക്കുട്ടികളില്ലേ നിനക്ക് കെട്ടാൻ… ?
അവൻ കാത്തിരുന്ന് കാത്തിരുന്ന് കണ്ടെത്തി കൊണ്ടുവന്നിരിക്കുന്നൊരുത്തിയെ….
അതും എങ്ങനെയുള്ളവളെ….കഷ്ടം….”
പുച്ഛവും പരിഹാസവും മേൽക്കുമേൽ നിറഞ്ഞു നിൽക്കും വിധം അമ്മാവൻ ശബ്ദം ഉയർത്തി പറയുമ്പോഴെല്ലാം അയാളുടെ ഈ നാടകം തീരാൻ ഇനിയും എത്ര സമയമെടുക്കും എന്നൊരു ചിന്തയോടെ വാച്ചിൽ അക്ഷമയോടെ നോക്കി കിരണെങ്കിലും ശാന്തമായിരുന്നു അന്നേരമവന്റെ മുഖം…
“നിനക്ക് കൂടെ കിടത്താനും ഒപ്പം കൊണ്ടുനടന്നൊരു കുടുംബം ഉണ്ടാക്കാനും ഒരു പെണ്ണിനെ അല്ലേ വേണ്ടൂ… അതിന് നിയെന്റെ മോൾ ശുഭയെ കെട്ടിക്കോ… നിന്റെ മുറ പെണ്ണു മാത്രമല്ല അവൾ….. നിന്റെ സ്റ്റാറ്റസിനും കൂടി പറ്റിയവളാണ്…
അല്ലാതെ കണ്ടവർമാർ ദേഹത്തു കേറി നിരങ്ങിയിട്ടു കേസും കൂട്ടവുമായി നടക്കുന്ന നീ കണ്ടു വച്ചവളെ പോലെയല്ല….
വാക്കുകളിൽ നിറയെ പരിഹാസത്തോടെ അമ്മാവൻ രവീന്ദ്രൻ പറഞ്ഞു നിർത്തുമ്പോൾ അതുവരെ നിറഞ്ഞു നിന്ന ശാന്തത കിരണിന്റെ മുഖത്തു നിന്ന് മാഞ്ഞു തുടങ്ങിയിരുന്നു…
അവന്റെ നോട്ടം അമ്മാവന്റെ മുഖത്തുറച്ചു…
നീ എന്തിനാടാ ഞാനൊള്ള കാര്യം തുറന്നു പറഞ്ഞതിനെന്നെ നോക്കി പേടിപ്പിക്കുന്നത്..?
എന്താ ഞാൻ പറഞ്ഞത് സത്യമല്ലേ…? ആണായാലും പെണ്ണായാലും നിൽക്കേണ്ടിടത്ത് നിൽക്കണം… അല്ലാതെ കൂട്ടുകാരനാണ് കൂടപ്പിറപ്പിനെ പോലെയാണ് എന്നെല്ലാം പറഞ്ഞ് രാത്രിയും പകലും ഒപ്പത്തിനൊപ്പം തുള്ളിച്ച് കൊണ്ടു നടക്കരുത്… നടന്നാൽ ഇതുപോലെ അവസരം കിട്ടുന്നവൻ അതു മുതലാക്കി കയ്യും വീശി നടന്നു പോവും… പിന്നെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വെറുതെ കേസെന്നും കൂട്ടമെന്നും പറഞ്ഞ് അവളിപ്പോൾ നടക്കുന്നതു
പോലെ നടക്കാം…. എന്നിട്ടെന്താ നടന്നതൊക്കെ മാഞ്ഞു പോവോ… ഒരുത്തൻ തൊട്ടാലത് തൊട്ടതു തന്നെയാണ്.. അതു കൊണ്ടീ കുടുംബത്തിലേക്ക് അവളെ പോലൊരു പെണ്ണിനെ വേണ്ട…. അതിനെ കൈ പിടിച്ചു കയറ്റാൻ ഇവിടാരും കാത്തുകെട്ടി നിൽക്കുകയും വേണ്ട….
താൻ പറഞ്ഞതു ശരിയാണെന്ന വാദത്തിലുറച്ചു നിന്ന് ഓരോന്നു പറഞ്ഞവസാനം അമ്മാവൻ തന്റെ പെങ്ങളെ, കിരണിന്റെ അമ്മയെ രൂക്ഷമായ് നോക്കി പറഞ്ഞു നിർത്തിയതും കിരണാകെ ദേഷ്യത്തിൽ പുകഞ്ഞു…
കിരൺ കൊണ്ടുവരുന്ന ഏതൊരു പെൺകുട്ടിയേയും തന്റെ മകളായ് സ്വീകരിക്കാനുള്ള മനസ്സുള്ള അവന്റെ അമ്മയുടെ നോട്ടം തന്റെ മകനിലെത്തിയതും ഒന്നു ഞെട്ടിയവർ….
കിരണിന്റെ മുഖം ദേഷ്യത്തിൽ ചുവന്നു വലിഞ്ഞു മുറുകുന്നതറിഞ്ഞതും ഇനിയവിടെ സംഭവിക്കുക എന്നാണെന്ന തിരിച്ചറിവിൽ വേഗം അവന്റെ കയ്യിൽ തന്റെ കൈ ചേർത്തു മുറുക്കി തന്നിലേക്കവനെ അണച്ചു ചേർത്തു അവന്റെ അമ്മ രാഗിണി… അവനെ ശാന്തനാക്കാനെന്ന പോലെ….
“വേണ്ട മോനെ വേണ്ട…. ഏട്ടനെന്താണെന്നു വെച്ചാൽ പറഞ്ഞിട്ടു പൊക്കോട്ടെ… നിന്റെ ജീവിതം തീരുമാനിക്കുന്നത് നീ മാത്രമാണ്…വെറുതെയൊരു വഴക്കിനവസരം കൊടുത്ത് ആ കുട്ടിയെ ഇവർക്കിടയിലിനിയും പരിഹാസപാത്രമാക്കരുത് നീ…. നിന്നെ സ്നേഹിച്ചു പോയതുകൊണ്ടു മാത്രം വലിയൊരു തകർച്ചയിൽ നിന്ന് നിനക്കു വേണ്ടി കരകയറി വന്ന അതിനെ ഇനിയും ഇവർക്കിട്ടു കൊടുക്കരുത് നീ…. ”
കിരണിനും എന്നാൽ അവനടുത്തു നിൽക്കുന്നവർക്കും കേൾക്കാൻ പാകത്തിൽ രാഗിണി പറഞ്ഞതും കിരണിന്റെ നോട്ടം തനിയ്ക്കും കുറച്ചപ്പുറം മാറി ഇതെല്ലാം കണ്ടും കേട്ടും കൈ കെട്ടി നിൽക്കുന്ന അപർണ്ണയിലെത്തി….
അമ്മാവന്റെ വാക്കുകൾ അവളിൽ വീണ്ടുമൊരു സങ്കടം സൃഷ്ടിച്ചോ എന്നൊരു ചിന്തയോടെ അവളെ അവൻ സൂക്ഷിച്ചു നോക്കിയതും ഒന്നുമില്ലെന്നതു പോലെ തന്റെ ഇരുമിഴികളും അവനു നേരെ ചിമ്മിയടച്ചു അപർണ്ണയും…
“കണ്ടോ… കണ്ടോ …ആ അസന്തു പെണ്ണ് ചെയ്യുന്നതു കണ്ടോ….?
അപർണയുടെ ചിമ്മിയടഞ്ഞ മിഴികളിലേക്ക് നോക്കി നിന്നവൻ അരികെ നിന്ന് വീണ്ടും ഉയർന്ന അമ്മാവന്റെ ശബ്ദം കേട്ടതും കാര്യമറിയാതെ അയാളെ നോക്കി… അയാളുടെ നോട്ടവും അപർണ്ണയിലാണെന്നു കണ്ടതും കുറുകിയവന്റെ കണ്ണുകൾ….
“നമ്മളിത്ര പേർ ഇവിടെ ഇവന്റെ അടുത്തിങ്ങനെ നിറഞ്ഞു നിൽക്കുമ്പോഴും ഈ മൂശേട്ട പിടിച്ച മൂധേവി നമ്മുടെ ചെക്കനെ കണ്ണു കാട്ടി മയക്കുന്നു…
ഇങ്ങനെ തന്നെയാവും ഇവളാ മറ്റേ ചെക്കനേം വശീകരിച്ചത്… അവൻ വന്നിവളെ നന്നായൊന്നു വശീകരിച്ചു പോയത് നാലാളറിഞ്ഞപ്പോൾ പിന്നെ കേസായി ….കൂട്ടമായ്… ഇനിയില്ലാത്ത നാടകങ്ങളില്ല ഇവിടെ… എന്നിട്ടും അതൊന്നും മനസ്സിലാക്കാതെ അവളെയേ കെട്ടുന്നുള്ളു എന്നും പറഞ്ഞൊരുത്തൻ ഇവിടേം…
” എന്റെ കൃഷ്ണാ….. ഇത്രമാത്രം ആണുങ്ങളെ
എങ്ങനെയാണീ മൂധേവി സ്വന്തം
കാൽക്കീഴിലാക്കുന്നത്… ?
വല്ലാത്തൊരു കഴിവു തന്നെ പെണ്ണേ നിനക്ക്… നിനക്കെത്ര പേരെ വേണെടി കൂടെ കഴിയാൻ…?
പറഞ്ഞു വന്നവസാനം അപർണ്ണയുടെ നേരെ കൂടി നോക്കി അമ്മാവൻ പറഞ്ഞു നിർത്തിയതും അയാളുടെ ഷർട്ടിന്റെ കോളറിൽ മുറുകിയിരുന്നു കിരണിന്റെ കൈകൾ…..
“നിങ്ങളുടെ എല്ലില്ലാത്ത നാവുകൊണ്ട് എന്തും വിളിച്ചു പറയരുത്… പറഞ്ഞാൽ….
നമ്മളു തമ്മിലുള്ള ബന്ധവും നിങ്ങളുടെ പ്രായവും സ്ഥാനവുമെല്ലാം മറക്കും ഞാനും…. അത് നിങ്ങളുടെ നല്ലതിനാവില്ല എന്നു മാത്രമല്ല ശരീരം വേദനിക്കുവേം ചെയ്യും നിങ്ങൾക്ക്…
തന്റെ കൈപ്പിടിയിൽ ഒതുങ്ങി നിൽക്കുന്ന രവീന്ദ്രനെ ഒന്നു കുടഞ്ഞ് കിരൺ പറഞ്ഞതും അവന്റെ അന്നേരത്തെ ഭാവത്തിൽ പകച്ചവിടെ നിന്നിരുന്നവരെല്ലാം…
“ഞാൻ കെട്ടാൻ പോണവൾ എന്നെ വശീകരിച്ചാലും ഇനിയതല്ല മറ്റുള്ളവരെ വശീകരിച്ചാലും അതു ഞാനങ്ങ് സഹിച്ചു… പിന്നെ ആണുങ്ങളെ എങ്ങനെയാണ് വശീകരിക്കുന്നത് ….എന്തു കാട്ടിയാണ് വശീകരിക്കുന്നത് …..എന്നെല്ലാം അറിയാനത്രയും മോഹവും ആഗ്രഹവും ഉണ്ടെങ്കിൽ സ്വന്തം മകളോട്, അതായത് നേരത്തെ എനിയ്ക്കായ് നിങ്ങളാലോചിച്ച നിങ്ങളുടെ മകൾ ശുഭയോടു ചോദിച്ചാൽ മതി… അവൾ പറഞ്ഞു തരും വ്യക്തമായ്….കാരണം പഠിപ്പെന്ന പേരിൽ ബാംഗ്ലൂരിലവൾ ചെയ്യുന്നത് അതാണ്…. ചോദിച്ചു നോക്ക്…. ”
രവീന്ദ്രന്റെ മുഖത്തു നോക്കി പറഞ്ഞ് അയാളിൽ നിന്ന് കിരൺ കൈവിട്ടതും കേട്ട സത്യത്തിന്റെ പകപ്പിൽ ഞെട്ടിയ അയാളുടെ നോട്ടം മകൾ ശുഭയെ തേടിച്ചെന്നതും കണ്ടു കിരൺ പറഞ്ഞതെല്ലാം കേട്ട് അതു സത്യമെന്നതു പോലെ വിളറി വിയർത്തു തല താഴ്ത്തി നിൽക്കുന്നവളെ…
“അപ്പൂ…. ഇവിടെ വാ….
കിരൺ കൈകാട്ടി ഉറക്കെ വിളിച്ചതും അവനരികിലേക്ക് ഒട്ടിചേർന്നുനിന്നു അപർണ…
” ഇത് അപർണ്ണ… ഞാൻ സ്നേഹിക്കുന്ന… വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി…
കൂടപ്പിറപ്പിനെ പോലെ കണ്ടിവൾ ഒപ്പം കൊണ്ടു നടന്നൊരുവൻ ഇവളെ അടിച്ചുവീഴ്ത്തി ഇവളുടെ ശരീരം സ്വന്തമാക്കിയതിനും നിങ്ങൾ പലരുടെയും കണ്ണിൽ തെറ്റുക്കാരി ഇവൾ മാത്രമായിരിക്കും… അതൊന്നും പക്ഷെ എന്നെയോ ഞങ്ങളുടെ ജീവിതത്തെ ബാധിക്കില്ല… കാരണം ഞാനിവളെ സ്നേഹിച്ചതും ഇവളെന്നെ സ്നേഹിച്ചതും ഞങ്ങളുടെ ഹൃദയം കൊണ്ടാണ്…. അല്ലാതെ ശരീരം കൊണ്ടല്ല…
“അതു കൊണ്ടു തന്നെ വരൂന്നാഴ്ച ഇവിടുത്തെ അമ്പലത്തിൽ വെച്ചിവളെ താലികെട്ടി ഞാൻ എന്റേതാക്കുമ്പോൾ നിങ്ങളിൽ ഞങ്ങളെ ഒരു പോലെ ഉൾക്കൊള്ളാൻ സാധിക്കുന്നവർക്ക്, സാധിക്കുന്നവർക്കു മാത്രം ആ ചടങ്ങിൽ പങ്കെടുക്കാം…
ഇനി നിങ്ങളിലാരു വന്നില്ലെങ്കിലും ആ ചടങ്ങ് അന്നവിടെ നടന്നിരിയ്ക്കും… ശരി എന്നാൽ പോട്ടെ ഞങ്ങൾ….”
തനിയ്ക്ക് പറയാനുള്ളതെല്ലാം എല്ലാവരുടെയും മുമ്പിൽ വെച്ച് പറഞ്ഞു തീർത്തതും അവിടെ നിന്നിറങ്ങി നടന്നു കിരൺ… അന്നേരമവന്റെ ഇരുവശങ്ങളിലുമായ് ചേർന്നവർ ഉണ്ടായിരുന്നു അവനീ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട
അവന്റെയാ രണ്ടുപേർ…
ഇടനെഞ്ചോരം ചേർന്നവന്റെ പെണ്ണാണെങ്കിൽ വലതുവശം അവന്റെ അമ്മയാണ്…
ഒന്നുകൂടി വ്യക്തമാക്കിയാൽ ഒന്നവനു ജന്മം കൊടുത്തവളും ഇനിയൊരുവൾ അവന്റെ തലമുറയ്ക്ക് ജന്മം നൽക്കാനുള്ളവളും…
സ്നേഹം സത്യമാണെങ്കിൽ അവിടെന്തു ശരീരമിരിക്കുന്നു… ശരീരം കൊണ്ടു സ്നേഹിക്കുന്നതിനെയാരും സ്നേഹമെന്നും വിളിക്കാറില്ലല്ലോ… അവനോടുള്ള സ്നേഹം ഒന്നുകൊണ്ടു മാത്രം ജീവിതം തിരികെ പിടിച്ച അവളിനി ജീവിക്കട്ടേ അല്ലേ അവനൊപ്പം…. അതെ
അവർ ജീവിക്കട്ടെ… സന്തോഷത്തോടെ….
✍️ രജിത ജയൻ
