ചേച്ചിയെ അരുണേട്ടൻ കെട്ടിക്കൊണ്ട് വന്നത് തൊട്ട് എന്റെ ഉള്ളിൽ ഉള്ള കൊതിയാ.. എന്ത് സുന്ദരിയാ നിങ്ങൾ… ഈ നാട്ടിലെ….

“ചേച്ചി.. നല്ലോണം ആലോചിച്ചു ഒരു തീരുമാനം പറഞ്ഞാൽ മതി.. ഞാൻ വെയിറ്റ് ചെയ്യാം.. പക്ഷെ തീരുമാനം പോസിറ്റീവ് ആയിരിക്കണം… അല്ലെങ്കിൽ അറിയാലോ.. ചേച്ചിയുടെ ബാത്രൂം വീഡിയോ ഈ നാട് മുഴുവൻ കാണും.. ”

വഷളൻ ചിരിയോടെ അഭിഷേക് പറഞ്ഞ് നിർത്തുമ്പോൾ ജ്യോതിയുടെ മിഴികൾ നിറഞ്ഞൊഴുകി ഭയത്താൽ വിറച്ചു പോയി അവൾ.

” അഭി.. നീ എന്താ ഈ പറയുന്നേ… എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നെ.. ഞാൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്. ഒരു അനിയന്റെ സ്ഥാനത്ത് കണ്ടതല്ലേ നിന്നെ ഞാൻ ആ നീ എന്നെ.. ”

ആ വാക്കുകൾ കേൾക്കെ ചിരിച്ചു പോയി അഭിഷേക്.

” ഒന്ന് നിർത്ത് ചേച്ചി ഈ സെന്റിമെൻസ്. ചേച്ചിയെ അരുണേട്ടൻ കെട്ടിക്കൊണ്ട് വന്നത് തൊട്ട് എന്റെ ഉള്ളിൽ ഉള്ള കൊതിയാ.. എന്ത് സുന്ദരിയാ നിങ്ങൾ… ഈ നാട്ടിലെ ചെക്കന്മാരെല്ലാം കൊതിയോടെയാ നിങ്ങളെ നോക്കുന്നെ.. ചെക്കന്മാർ മാത്രം അല്ല മുതിർന്നവരും. അയൽക്കാരൻ ആയത് കൊണ്ട് അവർക്കാർക്കും കിട്ടാത്തൊരു ഭാഗ്യം എനിക്ക് കിട്ടി. ചേച്ചിയുമായി പെട്ടെന്ന് കൂട്ട് ആകാൻ പറ്റി… ഇപ്പോ ഒടുവിൽ ദേ ഇതും.. ”

ഒന്ന് നിർത്തുമ്പോൾ അവന്റെ കണ്ണുകളിൽ വജ്രതിളക്കമാണ് ജ്യോതി കണ്ടത്. ആ ഭാവമാറ്റം അവളെ കൂടുതൽ ഭയപ്പെടുത്തി.

” എന്റെ ചേച്ചി.. ഇത്രയും സുന്ദരിയായ നിന്നെ ഡ്രസ്സ്‌ ഒന്നുമില്ലാതേ കാണാൻ എന്ത് ഭംഗിയാണ്. ആ വീഡിയോ കാണുംതോറും എന്റെ കണ്ട്രോൾ പൊയ്ക്കൊണ്ടിരിക്കുകയാണ്. ”

അവന്റെ നോട്ടം തന്റെ ശരീരത്തിലേക്ക് തുളഞ്ഞു കയറുന്നതറിയെ വല്ലാതെ ചൂളിപ്പോയി ജ്യോതി.

” അഭി… പ്ലീസ് ഞാൻ നിന്റെ കാല് പിടിക്കാം.. നീ എന്നെ ദ്രോഹിക്കരുത്.. ആ വീഡിയോ ഡിലീറ്റ് ചെയ്യണം.. ചതിക്കരുത്.. അതെങ്ങാൻ പുറത്തായാൽ ചത്ത് കളയും ഞാൻ..”

കെഞ്ചുകയായിരുന്നു അവൾ. എന്നാൽ ആ ദയനീയത വല്ലാത്ത ഹരമായി അഭിഷേകിന്‌

” ചേച്ചി.. എന്തിനാ ഇങ്ങനെ കിടന്ന് വിഷമിക്കുന്നെ.. നോക്ക് അരുണേട്ടൻ ഗൾഫിൽ അല്ലെ.. ചേച്ചിക്കും സുഖങ്ങൾ ഒക്കെ വേണ്ടേ.. ചേച്ചിക്ക് വേണ്ടതെല്ലാം ഞാൻ തരാം.. ആരും ഒന്നും അറിയില്ല… നമ്മൾ അയൽക്കാരും അടുത്ത കൂട്ടും ആയതിനാൽ ആർക്കും സംശയവും തോന്നില്ല.. എല്ലാം സേഫ് ആയിരിക്കും.ഇതൊക്കെ എൻജോയ് ചെയ്യ് ചേച്ചി.”

ജ്യോതിയെ പരമാവധി തന്റെ വരുതിയിലേക്ക് കൊണ്ട് വരാൻ ശ്രമിച്ചു അഭിഷേക്. എന്നാൽ അവൾ അതിനു തയ്യാറല്ലായിരുന്നു. ഒടുവിൽ വീണ്ടും ഭീക്ഷണിയ്ക്കപ്പുറം മറ്റൊരു വഴിയില്ല എന്ന് മനസിലാക്കി അവൻ.

” ഓക്കേ ചേച്ചി …ഇന്ന് രാത്രിയ്ക്കകം ഒരു മറുപടി വേണം. വീണ്ടും ഓർമിപ്പിക്കാം ഞാൻ സമ്മതം അല്ലേൽ ചേച്ചിയുടെ ബാത്ത് റൂം വീഡിയോ ഞാൻ ഫ്രണ്ട്സിനു അയക്കും.. പിന്നേ അറിയാലോ എന്താകും സംഭവിക്കാൻ പോകുന്നത് എന്ന്.. സോ ആലോചിച്ചു തീരുമാനിക്ക് ”

ഇത്തവണ ശെരിക്കും തകർന്നു പോയി ജ്യോതി. ഒരു അനിയനെ പോലെ കണ്ടിരുന്ന അഭിഷേകിൽ നിന്നും ഇത്തരമൊരു പെരുമാറ്റം അവൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

അരുണുമായുള്ള വിവാഹം കഴിഞ്ഞു ആ വീട്ടിലേക്ക് ജ്യോതി വന്നിട്ട് ആറു മാസത്തോളമാകുന്നു. തൊട്ടയൽവാസി ആയതിനാൽ തന്നെ അഭിഷേകുമായും വീട്ടുകാരുമായും വളരെ വേഗത്തിൽ അവൾ പരിചയത്തിലായി. അരുൺ ലീവ് കഴിഞ്ഞു തിരികെ ദുബായിലേക്ക് പോയ ശേഷം ജ്യോതിയ്ക്ക് അവിടെ ഒരു സുഹൃത്തും അഭിഷേക് ആയിരുന്നു. എന്നാൽ അവന്റെ ഉള്ളിലെ ഉദ്ദേശങ്ങൾ മറ്റു പലതായിരുന്നു എന്നത് അവൾ അറിഞ്ഞില്ല. ജ്യോതിയെ മറ്റൊരു കണ്ണുകൊണ്ട് കണ്ടിരുന്ന അവൻ ഒരു ദിവസം അവൾ കുളിയ്ക്കുന്ന നേരം ബാത്‌റൂമിൽ വിന്റോയിലൂടെ ആ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. അതിനു ശേഷം ആ ദൃശ്യങ്ങൾ ജ്യോതിയെ കാട്ടി ഭീഷണിപ്പെടുത്തി അവൻ ആവശ്യപ്പെട്ടത് തനിക്കൊപ്പം കിടക്കണമെന്നാണ്. അത് കേട്ടപാടെ ആകെ തകർന്നു പോയി അവൾ. അവൻ അയച്ച മെസേജുകൾ വായിച്ചു ഞെട്ടി തരിച്ചു പോയിരുന്നു ജ്യോതി അന്ന്. അതിനു ശേഷമാണ് ഇപ്പോൾ നേരിട്ടെത്തി വീണ്ടും അവൻ തന്റെ ആവശ്യം അറിയിച്ചത്. എന്ത് ചെയ്യണമെന്നറിയാതെ വല്ലാത്തൊരു വീർപ്പുമുട്ടലിലായി അവൾ.

‘അഭിഷേകിനോട്‌ എതിർപ്പ് പറഞ്ഞാൽ ഉറപ്പായും തന്റെ വീഡിയോ… അവനോട് സഹകരിച്ചാൽ പ്രശ്നങ്ങൾ ഇല്ലാതാകോ… അതോ അരുണിനോട് കാര്യങ്ങൾ പറയണമോ… അങ്ങിനെ പറഞ്ഞാൽ ഇനി ഏതേലും തരത്തിൽ തന്നെ അവിശ്വസിക്കുമോ… കാര്യങ്ങൾ മാറി മറിയുമോ… ‘

ആ ചിന്തകൾ ജ്യോതിയുടെ മനോനിലയെ പോലും തകർക്കുന്ന അവസ്ഥയിലത്തി.

സമയം പിന്നെയും നീങ്ങി.

” അളിയാ ഒരു വൻ പരിപാടി സെറ്റ് ആയിട്ടുണ്ട്.. ഞാൻ ഉദ്ദേശിക്കുന്നത് പോലെ നടന്നാൽ ഇന്ന് രാത്രി ഞാൻ സ്വർഗ്ഗം കാണും… അങ്ങിനെയാണെങ്കിൽ അതിന്റെ വീഡിയോസ് എടുത്ത് നാളെ കാണിക്കാം ഞാൻ.”

തനിക്ക് കിട്ടിയേക്കാവുന്ന സൗഭാഗ്യമോർത്തപ്പോൾ കുളിരു കോരി അഭിഷേക്. കൂട്ടുകാരൻ പലവട്ടം ചോദിച്ചിട്ടും കാര്യമെന്താണെന്ന് മാത്രം അവൻ പറഞ്ഞില്ല. കോൾ കട്ട്‌ ചെയ്ത് ബെഡിൽ പില്ലോയും ചേർത്ത് കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ അവന്റെ ഉള്ളിൽ നിറയെ രാത്രി നടക്കാൻ പോകുന്നതിന്റെ സുഖകരമായ ഓർമ്മകൾ ആയിരുന്നു

‘ ഓഹ്… ജ്യോതിച്ചേച്ചി.. അതൊരു മുതലാണ്… ഞാൻ പൊളിക്കും. ‘

ആത്മഗതത്തോടെയവൻ ഫോണിലെ ആ വീഡിയോ വീണ്ടും പ്ലേ ചെയ്തു കണ്ടു കൂടുതൽ കൂടുതൽ ആവേശത്തോടെയവൻ ബെഡിൽ കിടന്നുരുണ്ടു പോയി.
എന്നാൽ പെട്ടെന്ന് മുറിയുടെ വാതിൽ തള്ളി തുറന്ന് അമ്മ ഉള്ളിലേക്ക് കയറി വന്നത് കണ്ട് ഞെട്ടിപ്പോയി അഭിഷേക്. ഫോണിലെ വീഡിയോ അമ്മ ശ്രദ്ധിക്കാതിരിക്കുവാൻ ഫോൺ പെട്ടെന്ന് ലോക്ക് ചെയ്ത് ചാടി എഴുന്നേറ്റു അവൻ. എന്നാൽ ചെക്കിടടക്കം അമ്മ ഒരെണ്ണം പൊട്ടിക്കവേ കണ്ണിൽ നിന്നും പൊന്നീച്ച പറക്കുന്നത് പോലെ തോന്നിപ്പോയി അവന്.

” എന്ത് തോന്ന്യവാസമാടാ ദ്രോഹി നീ ഈ കാണിച്ചു വച്ചേക്കുന്നത്.. ഇനി ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ എന്റെ ദൈവമേ… ”

പൊട്ടിക്കരയുകയായിരുന്നു അവന്റെ അമ്മ അപ്പോൾ.. ഒന്നും മനസിലാകാതെ പകച്ചു നിന്നു പോയി അഭിഷേക്.

” അമ്മേ.. എന്തെ എന്താ കാര്യം.. ”

അപ്പോഴേക്കും പിന്നാലെ അച്ഛനുമെത്തി. അച്ഛന്റെ വക പ്രകടനങ്ങൾ ഒന്നുമുണ്ടായില്ല. അഭിഷേകിന്റെ കൈയിൽ ബലമായി പിടിച്ചു വലിച്ചു കൊണ്ടയാൽ നേരെ വീടിനു മുൻവശത്തേക്ക് കൊണ്ട് പോയി . നേരെ മുറ്റത്തേക്ക് ഇറങ്ങവേ അവിടെ എന്താണ് ഈ സംഭവിക്കുന്നത് എന്നത് ഏറെക്കുറെ വ്യക്തമായി അവന്. കാരണം മുറ്റത്ത്
പോലീസ് നിന്നിരുന്നു.

‘ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്തത് സംഭവിച്ചിരിക്കുന്നു…’

അല്പം മുൻപ് വരെ അന്നത്തെ രാത്രി സ്വപ്നം കണ്ട് കിടന്ന അഭിഷേക് ആ സമയം എന്ത് ചെയ്യണമെന്നറിയാതെ ഭയന്ന് വിറച്ചു നിന്നു പോയി.

” അനിയാ ഫോണിങ്ങ് തന്നേക്ക് എന്നിട്ട് വന്ന് വണ്ടീൽ കേറ്.. ”

എസ് ഐ തന്റെ ഫോൺ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങുമ്പോൾ താൻ പിടിക്കപ്പെട്ടു എന്ന് ഉറപ്പിച്ചു അഭിഷേക്. ചുറ്റുമൊന്ന് കണ്ണോടിക്കുമ്പോൾ അയൽക്കാരും നാട്ടുകാരിൽ പലരും ബഹളം കെട്ട് അവിടെ തടിച്ചു കൂടിയിരുന്നു. വീടിനുള്ളിൽ അപ്പോഴും അമ്മയുടെ നിലവിളി കേൾക്കാം അച്ഛനാകട്ടെ പാറ പോലെ ഉറച്ചങ്ങിനെ നിൽക്കുന്നു. ഭയത്താലും അപമാന ഭാരത്താലും തല താഴ്ത്തി അവൻ.

“ക്ഷമിക്ക് അഭി… എന്നോട് നീ കാട്ടിയ ഈ തോന്ന്യവാസത്തിനു മാപ്പില്ല.. ഇതിൽ കുറഞ്ഞൊരു മറുപടിയും തരാൻ ഇല്ല…. ഒരുപെണ്ണിനേയും ചതിച്ചു കൊണ്ട് ഇത്പോലെ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്ന് സ്വപ്നത്തിൽ പോലും ഇനി നീ ചിന്തിക്കരുത്. ”

ആ ശബ്ദം കേട്ട് തലയുയർത്തുമ്പോൾ കണ്മുന്നിൽ ജ്യോതിയെ കണ്ടു അവൻ. ഉച്ചയ്ക്ക് കണ്ട ഭയം അവളുടെ മിഴികളിൽ അപ്പോൾ ഇല്ലായിരുന്നു. പകരം അഗ്നിയെരിയുന്ന അവളുടെ നോട്ടത്തിന് മുന്നിൽ അപമാനത്താൽ തല താഴ്ത്തി അഭിഷേക്.

നിമിഷങ്ങൾക്കകം അവനെ ജീപ്പിൽ കയറ്റി പോലീസുകാർ അവിടെ നിന്നും പോകുമ്പോൾ കൂടി നിന്നവരെയോ വീട്ടുകാരെയോ ആരെയും ശ്രദ്ധിക്കാതെ തിരികെ തന്റെ വീടിനുള്ളിലേക്ക് നടന്നു ജ്യോതി. അപ്പോഴേക്കും അവളുടെ ഫോണിൽ അരുണിന്റെ കോൾ. എത്തി.

” ജ്യോതി അവനെ കൊണ്ട് പോയി അല്ലെ… നിങ്ങൾ നേരെ സ്റ്റേഷനിലേക്ക് ചെല്ല് അവന്റെ ഫോണിൽ നിന്നും ആ വീഡിയോ കയ്യോടെ ഡിലീറ്റ് ചെയ്യണം. ലാപ് ടോപ്പ് ഒന്നും ഇല്ലാത്തത് കൊണ്ട് വേറെ എവിടെയും സേവ് ആക്കാൻ ചാൻസ് ഇല്ല. ഞാൻ സ്റ്റേഷനിൽ വിളിച്ചു കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുണ്ട്. പേടിക്കേണ്ട.. അച്ഛനെയും വിളിച്ചിട്ട് പൊയ്ക്കോ.. ”

ആ വാക്കുകൾ കേൾക്കെ ഏറെ ആശ്വാസത്തിനൊപ്പം തന്നെ ഉള്ളിൽ എവിടെയോ ഒരു ചെറിയ നീറ്റൽ തോന്നി അവൾക്ക്.

” ഏട്ടാ.. ഇത്രയും വേണമായിരുന്നോ.. എനിക്കെന്തോ…… വീട്ടുകാരെ അറിയിച്ചു അവനെ പറഞ്ഞ് വിലക്കി വീഡിയോ ഡിലീറ്റ് ആക്കിയാൽ മതിയാരുന്നു എന്ന് തോന്നുന്നു. ”

അഭിഷേകിന്റെ വീട്ടുകാരുടെ വേദന നിറഞ്ഞ മുഖം ജ്യോതിയുടെ ഉള്ളിൽ അസ്വസ്ഥതയായി.

” ഏയ്..ഇത് വേണമെടോ.. ഒരു അനിയനായി കണ്ട് സ്നേഹിച്ച.. ഇത്രേം അടുപ്പമുള്ള നിന്നോട് പോലും ഇങ്ങനെ കാട്ടിയവന്റെ ക്രിമിനൽ മൈൻഡ് ചെറുതല്ല.. ഇന്നിപ്പോ ആരും അറിയാതെ സോൾവ് ചെയ്താൽ നാളെ നിന്റെ സ്ഥാനത്ത് മാറ്റാരെയെങ്കിലും വീണ്ടും കുടുക്കും അവൻ.. മുളയിലേ നുള്ളാൻ ഇത് തന്നെ വേണം.. പിന്നേ അവന്റെ വീട്ടുകാർക്ക് വിഷമം ഉണ്ടാകും. പക്ഷെ അവൻ നിന്നോട് ചെയ്തതും നിനക്ക് ഉണ്ടായ വിഷമവും വച്ചു നോക്കുമ്പോൾ.. നമ്മുടെ തട്ട് തന്നെയാ താഴ്ന്നിരിക്കുന്നത്. താൻ ടെൻഷൻ ആകണ്ട.. സ്റ്റേഷനിലേക്ക് ചെല്ല് ”

അരുണിന്റെ ഉറച്ച പിന്തുണ വല്യ ആശ്വാസമായി ജ്യോതിയ്ക്ക്. കോൾ കട്ട്‌ ചെയ്യവേ.. ഉള്ളിലെ ടെൻഷൻ പാതിയായി കുറഞ്ഞു. അഭിഷേകിന്റെ ഭീക്ഷണിയ്ക്ക് മുന്നിൽ ആകെ ഭയന്ന് പതറി എന്ത് ചെയ്യണമെന്നറിയാതെ ഇരുന്ന നിമിഷം അരുണിനെ തന്നെ വിളിച്ചു കാര്യങ്ങൾ അറിയിക്കുവാൻ തോന്നിയത് ഏറ്റവും മികച്ച തീരുമാനമായിരുന്നു എന്ന് തോന്നി അവൾക്ക്.

അതല്ലേലും അങ്ങിനെയാണ് വേണ്ടത്… ജീവിതത്തിൽ ഇതുപോലുള്ള പ്രശ്നങ്ങളും വെല്ലുവിളികളും സ്ത്രീകൾക്ക് മുന്നിൽ ഒരുപാട് വന്നേക്കാം.. അവയ്ക്ക് മുന്നിൽ പതറാതെ ധൈര്യസമേതം ഉറ്റവരെ കാര്യങ്ങൾ ധരിപ്പിച്ചു ശക്തമായി പ്രതികരിക്കണം.. അങ്ങിനെ ചെയ്യുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് അതൊരു പാഠമാകും..

(ശുഭം)

✍️പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *