നിന്നെ വേണ്ടാന്നു വെച്ച് പോയവൾക്കിപ്പോ മക്കൾ മൂന്നാണ്… ഇടയ്ക്ക് നീ അതൂടിയൊന്ന് ഓർക്കുന്നത് നല്ലതാണ്… മുരളി തന്റെ വാക്കുകൾ….

‘ജാതീം മതോം ഒന്നും നോക്കണ്ട മുരളീ നീ.. നിനക്കിഷ്ടപ്പെട്ട ഏതേലും ഒരു പെൺകുട്ടിയെ നീ നിന്റെ ഭാര്യയായ് വിളിച്ചോണ്ട് വാ…. ഞാൻ രണ്ടും കയ്യും നീട്ടി എന്റെ മരുമകളായ് സ്വീകരിച്ച് വിളക്ക് കൊടുത്ത് കയറ്റിക്കോളാം വീടിനകത്തേയ്ക്ക്…”

മകനെയോർത്തുള്ള ആധിമുഴുവൻ നിറഞ്ഞു നിൽക്കുന്ന ലതാമ്മയുടെ സംസാരം കേട്ടവരെയൊന്ന് തറപ്പിച്ചു നോക്കി മുരളി കൃഷ്ണയെന്ന മുരളി

ഞാൻ പറഞ്ഞതു കേട്ട് നീയെന്നെ നോക്കി പേടിപ്പിയ്ക്കുകയൊന്നും വേണ്ട… പണ്ടു നീയൊരുത്തിയെ ഇഷ്ടപ്പെട്ടത് ജാതീം മതോം നോക്കി വേണ്ടാന്ന് പറഞ്ഞെതിർത്തവരു തന്നെയാണ് ഞാനും നിന്റെ അച്ഛനും.. ഞങ്ങളുടെ ആ ഒരെതിർപ്പ് വന്നതും നീയ്യില്ലാതെ ജീവിയ്ക്കില്ല, നിന്നെ കെട്ടാൻ പറ്റിയില്ലേൽ ചത്തു കളയും എന്നെല്ലാം പറഞ്ഞിരുന്ന നിന്റെയാ കാമുകി എത്ര പെട്ടന്നാടാ വേറൊരുത്തനെ കണ്ടെത്തി കെട്ടി പോയത്…

അവൾക്ക് നിന്നോടത്രയേ ഉണ്ടായിരുന്നുള്ളു ഇഷ്ടവും പ്രണയവും എന്നത് മനസ്സിലാക്കാതെ നീയ്യിപ്പോഴും അവളേം മനസ്സിൽ വെച്ച് ഞങ്ങളോട് മിണ്ടാതെ നടക്കുവല്ലേ… കൊല്ലമെത്രയായെടാ നീ ഞങ്ങളോട്ടൊന്ന് നേരാവണ്ണം ചിരിച്ചുമിണ്ടിയിട്ട്…”

ആദ്യം മുരളിയോടുള്ള കൊതി കെറുവോടെ സംസാരിച്ചു തുടങ്ങിയ ലതാമ്മ പക്ഷെ അവസാനം പറഞ്ഞതും ഉള്ളിലെ അടക്കി വെച്ച നൊമ്പരങ്ങളുടെ ഭാരത്താൽ ഒന്നേങ്ങി കരഞ്ഞു പോയിരുന്നു….

തന്നെയോർത്ത്, തന്റെ പ്രവർത്തിയോർത്തുള്ള അമ്മയുടെ കണ്ണുനീർ അത് മുരളിയുടെ നെഞ്ചിലും വലിയൊരു നൊമ്പരം തന്നെ തീർത്തു

കോളേജ് കാലത്താണ് സജ്നയെ കണ്ടിഷ്ടപ്പെട്ടതും സ്നേഹിച്ചതും… അവളുടെ വീട്ടിലവൾക്ക് കല്യാണം നോക്കി തുടങ്ങിയതും താനവളുടെ കാര്യം വീട്ടിലറിയിച്ചു..

അച്ഛനും അമ്മയും മതത്തിന്റെ പേരിൽ വിവാഹത്തിന് സമ്മതിക്കുന്നില്ലാന്ന് താനവളെ വിളിച്ചു പറഞ്ഞതും മറുപടിയൊന്നുമില്ലാതെ ഫോൺ വെച്ചു പോയളുടെ വിവാഹം കഴിഞ്ഞെന്ന വാർത്തയാണ് താൻ പിന്നീട് കേട്ടത്….

പ്രണയമെന്ന ചിന്തയോടു പോലും വെറുപ്പടിഞ്ഞു മനസ്സിലറിയാതെ…. ആ ദേഷ്യവും ഇഷ്ടക്കേടും മനസ്സിലങ്ങനെ എപ്പോഴും നിറഞ്ഞു നിന്നതും ഞാൻ അച്ഛനോടും അമ്മയോടുമെല്ലാം വല്ലാതെ അകന്നുപോയ്…

ആ നോവാണമ്മ ഇപ്പോഴീ പറഞ്ഞു തീർക്കുന്നത്…

‘സന്ധ്യാസമയത്ത് വീടിന്റെ ഉമ്മറത്തിരുന്ന് സെന്റി ഡയലോഗടിച്ച് സീനുണ്ടാക്കാതെ ആ വിളക്ക് കത്തിച്ചൊന്ന് രണ്ട് നാമം ചൊല്ലി കൂടെ അമ്മേ നിങ്ങൾക്ക്…. കുറച്ച് ഐശ്വര്യം വരട്ടെ നമ്മുടെ വീട്ടിന്…”

അമ്മയോടുള്ള എല്ലാ പിണക്കവും അവസാനിപ്പിച്ചതു പോലൊരു തെളിഞ്ഞ ചിരിയോടെ മുരളി പറഞ്ഞതും അവന്റെ പിണക്കം മാറിയതിന്റെ സന്തോഷത്തിൽ തെളിഞ്ഞു അമ്മയുടെ മുഖം

“നീ ഞാൻ പറഞ്ഞത് കാര്യമായിട്ട് എടുക്ക് ട്ടോ മുരളീ… നിനക്ക് വയസ്സ് മുപ്പതു കഴിഞ്ഞെന്ന് മറക്കണ്ട…. നിന്നെ വേണ്ടാന്നു വെച്ച് പോയവൾക്കിപ്പോ മക്കൾ മൂന്നാണ്… ഇടയ്ക്ക് നീ അതൂടിയൊന്ന് ഓർക്കുന്നത് നല്ലതാണ്…

മുരളി തന്റെ വാക്കുകൾ കേൾക്കുന്നു എന്നു വന്നതും അമ്മ ഉപദേശം തുടങ്ങിയവസാനം പറഞ്ഞുവെച്ചതു കേട്ടതും അവനമ്മയെ വല്ലാത്തൊരു നോട്ടം നോക്കി…

ഞാനവളെ കെട്ടിയിരുന്നേൽ ആ മൂന്നെന്നുള്ളത് അഞ്ചെന്ന് ആക്കിയിട്ടുണ്ടാവും ഇന്നേരം കൊണ്ട്.. അന്നതിന് സമ്മതിക്കാതെയിരുന്നിട്ടിപ്പോ അവളുടെ പ്രസവ മഹാത്മ്യം വിളമ്പാണ് തള്ള…. ”

മനസ്സിൽ ഞൊടിഞ്ഞമ്മയെ നോക്കി…

“എന്തേ ഞാൻ അവളെപറഞ്ഞത് ഇഷ്ടായീലേ നിനക്ക്…. ?
നീയിങ്ങനെ നോക്കി പേടിപ്പിക്കാൻ..?

അവന്റെ ഞൊടിച്ചിലും നോട്ടവും ഇഷ്ടപ്പെട്ടില്ല അമ്മയ്ക്കും…..

“അമ്മ അവളെയോ ഇനി വേറെ വല്ല പെണ്ണുങ്ങളെയോ പറ്റി പറഞ്ഞാലും എനിയ്ക്കതൊന്നും ഏശൂല… അവള് മൂന്ന് പ്രസവിച്ചെങ്കിലത് അവന്റെ കഴിവ്… അതിനെന്ന പറയണ്ട…. പിന്നെ പെണ്ണ്കെട്ട് പെണ്ണ് കെട്ട് എന്നു പറയും പോലെ എളുപ്പമല്ല ഇന്ന് പെണ്ണ് കെട്ടാൻ… അതൂടി അമ്മ മനസ്സിലൊന്ന് വെച്ചേക്ക്…
പണ്ടത്തെ പോലെയല്ല ഇപ്പോഴത്തെ പെൺക്കുട്ടികൾക്കൊന്നും കല്യാണം തന്നെ വേണ്ടാന്നാണ്… ഇനി അഥവ ആരെങ്കിലും കെട്ടിയാൽ തന്നെ അത് പ്രേമ കല്യാണം ആവുകയും ചെയ്യും… അതു കൊണ്ട് ഈ വയസ്സിലിനി എനിയ്ക്കൊരു പെണ്ണ് കിട്ടാനൊക്കെ നല്ലപാടാണെന്നത് അമ്മ മനസ്സിൽ വെച്ചേരെ….

ഞാനൊന്നു പുറത്തു പോയിട്ടു വരാം….

താൻ പറഞ്ഞത് ഇഷ്ടപ്പെടാതെ തന്നെ നോക്കി നിൽക്കുന്ന അമ്മയോട്
അല്പം കനത്തൊരു ശബ്ദത്തിൽ പറഞ്ഞ് ക്ലബിലേക്കിറങ്ങി മുരളി

“എന്താണ് മോനെ സുധീഷേ മാറിയിരുന്നൊരു രഹസ്യ ഫോൺ വിളിയും കൊഞ്ചലുമൊക്കെ…?

ക്ലബിനുള്ളിലേക്ക് ബൈക്ക് കയറ്റി നിർത്തി അടുത്തു കണ്ടൊരുവന്റെ തോളിൽ തട്ടി മുരളി ചോദിച്ചതും അവനെ നോക്കി ഒറ്റ കണ്ണിറുക്കി കള്ളത്തരത്തിലൊന്നു ചിരിച്ചു സുധീഷും

അയൽക്കാരാണ് മുരളിയും സുധീഷും..

മുരളിയുടെ വീടിന് കുറപ്പുറത്താണ് സുധീഷിന്റെ വീട്…..

എന്റെ പൊന്നു മുരളിയേട്ടാ അപ്പോ നിങ്ങളറിഞ്ഞില്ലേ കാര്യം….?

അവർക്കടുത്തേയ്ക്കു വന്ന് അവർ രണ്ടാളുടെയും സുഹൃത്തായ റംസാൻ ചോദിച്ചതും റംസാനെ നോക്കി കണ്ണുരുട്ടി സുധീഷ്….

“നീയെന്നെ എങ്ങനെ കണ്ണുരുട്ടി പേടിപ്പിച്ചിട്ടും കാര്യമില്ല സുധീ ഞാൻ മുരളിയേട്ടനോട് പറയും…”

സുധീഷിനെ അവഗണിച്ച് മുരളിയ്ക്ക് നേരെ തിരിഞ്ഞു റംസാൻ…

“നീ കാര്യം പറ റംസാനെ…. എന്നോട് ഒളിച്ചു വെയ്ക്കാൻ മാത്രം എന്താ ഇവന്റെ ഇത്ര വലിയ രഹസ്യം…. നീ പറ ഞാനൂടി അറിയട്ടെ…”

റംസാനെ പിടിച്ചടുത്ത് നിർത്തി തിരക്കി മുരളി…

“നമ്മുടെ കുന്നും പുറത്തെ ദൃശ്യയെ അറിയില്ലേ മുരളിയേട്ടന്…. ആ മറിയംവർക്ക് ഷോപ്പ് ഷിനോജിന്റെ ഭാര്യ ദൃശ്യയെ…. അവളും ഇവനും സെറ്റാണിപ്പോ…”

ശബ്ദമടക്കി അതീവ രഹസ്യമായ് റംസാൻ തന്നോടു പറഞ്ഞതു കേട്ട് മിഴിഞ്ഞു മുരളിയുടെ കണ്ണ്….

“സത്യാണോ സുധീഷേ…. ?
നിന്റെ കല്യാണം അഞ്ജുവുമായ് പറഞ്ഞുറപ്പിച്ച് വെച്ചതല്ലേടാ….

മനസ്സിൽ തെളിഞ്ഞ അഞ്ജുവിന്റെ മുഖമോർത്ത് മുരളി തിരക്കിയതും കൂസലില്ലാത്ത ഭാവം തെളിഞ്ഞു സുധീഷിൽ…

“അഞ്ജു വീട്ടിലല്ലേ മുരളിയേട്ടാ… സമയം വരുമ്പോൾ കെട്ടാം അവളെ… ദൃശ്യയെ ഞാൻ കെട്ടുവൊന്നുമില്ല… അവളതിനു സമ്മതിക്കുവേം ഇല്ല… ഇതൊക്കെയൊരു ടൈം പാസല്ലേ… നമ്മുക്കിത്തിരി ചില്ലറ പോയാലും ജീവിതം ആഘോഷിക്കാലോ ഇഷ്ടത്തിന്… നിങ്ങൾക്ക് താൽപര്യം ഉണ്ടേൽ പറ, ഞാൻ പറയാം അവളോട്… അവൾക്കാരായാലും കുഴപ്പമില്ല ഷിനോജറിയരുതെന്നേ ഉള്ളു….

വലിയൊരു സംഭവം പോലെ സുധീഷ് പറയുമ്പോൾ അനിഷ്ടത്തോടവനെ നോക്കി മുരളി…

എടാ ഇതൊക്കെ അഞ്ജു അറിഞ്ഞാൽ…. ?

ചോദിക്കാതിരിക്കാനായില്ല മുരളിയ്ക്ക്…

അവളെങ്ങനെ അറിയാനാ മനുഷ്യാ… അറിയുവായിരുന്നെങ്കിൽ ഇതിനും മുമ്പേ അറിഞ്ഞേനെ… ഈ ദൃശ്യയ്ക്കും മുമ്പേ ഇഷ്ടം പോലെ പെണ്ണുങ്ങളെ കണ്ടും അറിഞ്ഞും ആസ്വദിച്ചവനാണ് മുരളിയേട്ടാ ഞാൻ….എന്നിട്ടവളറിഞ്ഞില്ലല്ലോ… അവൾക്കല്ലേ ഞാൻ അവളെ ഒന്നു തൊടണമെങ്കിൽ പോലും കല്യാണം കഴിയട്ടെ എന്ന വാശി…. എനിയ്ക്കെന്തായാലും അവളെ തന്നെ തൊടണം എന്നൊന്നുമില്ല… നമ്മുടെ കാര്യം നടന്നാൽ മതി….”

ജീവിതത്തെ, വിവാഹത്തെ ,ബന്ധങ്ങളെയെല്ലാം തീരെ നിസാരവൽക്കരിച്ച് പറയുന്ന സുധീഷിനെ ഉൾക്കൊള്ളാൻ മുരളിയ്ക്കും വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി…
എങ്കിലും അതൊന്നും അവിടെ പ്രകടിപ്പിക്കാതെ അവർക്കിടയിലൊരാളായ് തന്നെ നിന്നു അവനും…

ദിവസങ്ങൾ മുന്നോട്ടു നീങ്ങവേ പലപ്പോഴും മുരളി അഞ്ജുവിനെ കണ്ടുമുട്ടി… തനിയ്ക്ക് നേർത്തൊരു ചിരി സമ്മാനമായ് തന്ന് നടന്നു പോവുന്നവളെ അവളറിയാതെ നോക്കി തുടങ്ങി മുരളിയും…..

“എടാ മുരളീ നീയറിഞ്ഞോ നമ്മുടെ സുധീഷിനെ ഏതോ ഒരുവർക്കുഷോപ്പുക്കാരന്റെ വീട്ടീന്ന് അയാളുടെ ഭാര്യയോടൊപ്പം വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി പിടിച്ചെന്ന്….

ഉറക്കത്തിൽ നിന്ന് തന്നെ വിളിച്ചുണർത്തി പറയുന്ന അമ്മയെ തുറിച്ചു നോക്കുന്ന മുരളിയെ കണ്ടാൽ അവനാണ് ആരും തിരിച്ചറിയാൻ സാധിക്കാത്ത വിധം ആ കാര്യം ദൃശ്യയുടെ ഭർത്താവ് ഷിനോജിനെ തെളിവടക്കം അറിയിച്ചതെന്ന് പറയില്ല.. ആളുകൾ വീടുവളഞ്ഞവരെ പിടിച്ചിട്ട് തല്ലുമ്പോൾ കാഴ്ചക്കാരനായ് ദൂരെ മാറി നിൽപ്പുണ്ടായിരുന്നു മുരളി എന്നതും പറത്താലാരും വിശ്വസിക്കില്ല….

ഇന്ന് മേടം ഒന്നാണ്… ദിവസങ്ങളെത്ര പെട്ടന്നാണ് കടന്നു പോയത്…

ദൃശ്യയുമായുള്ള ബന്ധം നാട്ടുകാരറിഞ്ഞതും നാണക്കേടു കൊണ്ട് നാടുപേക്ഷിച്ച് വിദേശത്തേയ്ക്ക് പോയ് സുധിഷ്… പോവും മുമ്പ് നിശ്ചയത്തിന് തന്റെ വിരലിൽ അവൻ അണിയിച്ച മോതിരം അവന്റെ മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞു കൊടുത്തിരുന്നു അഞ്ജു…

എന്തോ അഞ്ജുവിന്റെ മോതിരമില്ലാത്ത വിരൽ കാണുമ്പോൾ എനിയ്ക്കും വല്ലാത്തൊരു കുറ്റബോധം…

അതെന്തായാലും ഈ മേടം ഒന്നായ ഇന്ന് ഞാനത് തീർത്തിട്ടുണ്ട്… എങ്ങനെയാണെന്നല്ലേ മോതിരമില്ലാത്ത അവളുടെ മോതിരവിരലിൽ എന്റെ പേരെഴുതിയ ഒരു മോതിരവം കഴുത്തിൽ എന്റെ എന്ന അവകാശത്തോടെ ഒരു കുഞ്ഞു ആലില താലിയും അങ്ങ് ഇട്ടു കൊടുത്തു ഞാൻ… സ്വർണ്ണത്തിന്റെ വിലയൊന്നും നോക്കിയില്ലന്നേ ഞാനന്നേരം….

“അപ്പോ കാര്യങ്ങളൊക്കെ മനസ്സിലായില്ലേ…. ഞാനവളെ അഞ്ജുവിനെ അങ്ങ് കെട്ടി എന്റെ കൂടെ കൂട്ടി…
ഞാൻ സുധീഷിനോടു ചെയ്ത തെറ്റിനൊരു പരിഹാരം അത്ര മാത്രം… അല്ലാതെ നാട്ടിൽ വേറെ പെണ്ണ് കിട്ടാഞ്ഞിട്ടൊന്നും ആണെന്ന് നിങ്ങൾ കരുതണ്ട ട്ടോ…. ശരിയെന്നാൽ… ഞങ്ങളൊന്നു ജീവിച്ചു തുടങ്ങട്ടെ ….
സമയം കളയാതെ നിങ്ങളും ചെല്ല്… ചെന്ന് ജീവിയ്ക്ക് ….ഇവിടെ നോക്കിയിരിക്കാതെ….

✍️ രജിത ജയൻ…

Leave a Reply

Your email address will not be published. Required fields are marked *