ഞങ്ങളുടെ മുറിയിൽ അതേ ബെഡ്ഡിൽ മറ്റൊരു സ്ത്രീയുമായി…അത് നേരിട്ട് കണ്ടപ്പോൾ ഷർദിക്കാൻ ആണ് തോന്നിയത്… ഞാൻ….

ഓർമകളിൽ നിന്ന് ഞെട്ടിയുണരുമ്പോഴാണ് അവൾക്ക് മനസിലായത് അതൊരു സ്വപ്നം മാത്രമായിരുന്നു എന്ന്,   എങ്കിലും അന്നത്തെ അതെ വേദനകൾ ഇന്നും ഒട്ടും കുറയാതെ തന്നെ അനുഭവപ്പെടുന്നു എന്നത് അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…

” നീയിങ്ങനെ ഏത് നേരവും ഇതിൻ്റെയും ള്ളിൽ ഇങ്ങനെ ചുരുണ്ട് കൂടാതെ എഴുന്നേറ്റ് കുളിച്ച് എന്തെങ്കിലും കഴിക്കാൻ നോക്ക് ശ്രീ…” അമ്മയുടെ ശകാരം കേട്ട് അവൾ കണ്ണും മുഖവും തുടച്ച് കട്ടിലിൽ നിന്ന് എണീറ്റു..

” മോളെവിടെ… ”

” അച്ഛൻ്റെ കൂടെ പുറത്ത് പോയി… ” അവൾ മാറിയുടുക്കാനുള്ളത് എടുത്തു കൊണ്ട് ബാത്രൂമിലേക്ക് പോയ്…

” അമ്മേ…” കുളികഴിഞ്ഞ് കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ആണ് പുറകിൽ നിന്ന് ഒരു വിളി…

” ആ… എവിടെ ആയിരുന്നു കറക്കം..” കുഞ്ഞി കൈകളെ ചേർത്ത് പിടിച്ച് കൊണ്ട് അവൾ ചോദിച്ചു.

” ഞാ… അപ്പൂപ്പൻ്റെ കൂടെ നടക്കാൻ പോയതാ… അമ്മ ഒറങ്ങുവല്ലാരുന്നോ അതാ…” ചിണുങ്ങി കൊണ്ടുള്ള സംസാരം കേട്ട് അവൾ പുഞ്ചിരിച്ചു…

” എന്നിട്ട് എവിടെ ഒക്കെ പോയി രണ്ടാളും…” കുഞ്ഞിപെണ്ണിനെ വാരിയെടുത്ത് മടിയിലിരുത്തി ശ്രീ..
പിന്നീട് കുറച്ചു നേരത്തെ ക്ക് അവർ അമ്മയും മകളും മാത്രമുള്ള ലോകമായി…

പലപ്പോഴും അവളുടെ ഒരു രക്ഷാ കേന്ദ്രം ആ കുഞ്ഞായിരുന്നു… ഇനിയങ്ങോട്ട് ജീവിതവും പ്രതീക്ഷയും അവൾ തന്നെ.

 

” നിൻ്റെ തീരുമാനം എന്താണെന്ന് പറഞ്ഞില്ലല്ലോ ശ്രീ…” രാത്രി അത്താഴ സമയത്താണ് അനുജൻ ജിത്തു അവളോട് ചോദിക്കുന്നത്.

കുഞ്ഞിന് ഭക്ഷണം വാരി കൊടുത്തു കൊണ്ട് ഇരുന്നവളുടെ ഉടലും കൈയും ഒന്നാകെ വിറച്ചു… ശ്രീ ജിത്തൂനെ ഒന്ന് നോക്കി.

” നോക്കി പേടിപ്പിക്കാനല്ല, അച്ഛനോടും അമ്മയോടും നീ ഒന്നും മിണ്ടുന്നില്ലല്ലോ അപ്പൊ പിന്നെ നിൻ്റെ തീരുമാനം എന്താണെന്ന് ആരെങ്കിലും ഒന്ന് ചോദിക്കണ്ടേ… ” അവൻ ഇഷ്ടക്കേട് മറച്ചു വയ്ക്കാതെ പറഞ്ഞു…

അവൾ അച്ഛനെയും അമ്മയെയും നോക്കിയല്ല എങ്കിലും അറിയുന്നുണ്ടായിരുന്നു തൻ്റെ മറുപടി എന്താകും എന്ന് അറിയാനുള്ള അവരുടെ വ്യഗ്രത.

” മോള് വായ കഴുകിയിട്ട് കിടോന്നോ…അമ്മ വരാം…” കുഞ്ഞിനെ മടിയിൽ നിന്നും ഇറക്കി അവൾ പറഞ്ഞു. കുഞ്ഞ് അനുസരണയോടെ അവിടെ നിന്ന് പോയി.

” നീ.. ” ജിത്തു വീണ്ടും ചോദിക്കാൻ തുടങ്ങിയതും അവൾ കൈയുയർത്തി തടഞ്ഞു…

” ഇതുവരെ പലരും പറഞ്ഞതനുസരിച്ചതിൻ്റെ ഫലം ഞാൻ നന്നായി അനുഭവിച്ചു, ഇനി എന്ത് വേണം എങ്ങനെ വേണം എന്ന് എനിക്ക് അറിയാം… അത് ഞാൻ ചെയ്തോളാം… ” അവൾ മറ്റൊന്നും പറയാതെ അടുത്ത മറുപടിയ്ക് കാക്കാതെ എഴുനേറ്റു പോയി..

” വേണ്ട… ഞാൻ ചോദിച്ചാലല്ലേ നിനക്ക് പ്രശ്നം വല്ല്യേച്ചി വരണുണ്ട്… എന്താന്ന് വച്ചാ അങ്ങോട്ട് പറഞോ…” ജിത്തുവും ആഹാരം മതിയാക്കി എണീറ്റ്…

അച്ഛനും അമ്മയും പരസ്പരം നോക്കി അവരും എണീറ്റ് പോയി…

മുറിയിൽ എത്തുമ്പോൾ കുഞ്ഞ് ഉറക്കം പിടിച്ചു വരുന്നൂ, അവളെ കൂടെ കാണും തോറും ഉള്ള് വിങ്ങി പൊട്ടുന്നു. ശ്രീ വേഗം ബാത്രൂമിലേക്ക് കയറി…

നെഞ്ച് പൊട്ടിയവൾ കരയുമ്പോൾ കണ്ണിൽ തെളിഞ്ഞു വന്നത് അഞ്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന അവളെയായിരുന്നു…

 

* എനിക്ക് ഇപ്പൊ കല്ല്യാണം വേണ്ടമ്മാ… ഞാൻ ഡിഗ്രി ഒന്ന് കംപ്ലീറ്റ് ആക്കികോട്ടെ…” അമ്മയുടെ സാരിത്തുമ്പിൽ പിടിച്ചു കൊണ്ട് ശ്രീ പിന്നാലെ നടന്നു.

” അതിപ്പോൾ കല്ല്യാണം കഴിഞ്ഞ് അവര് പഠിപ്പിക്കാം എന്ന് പറഞ്ഞിട്ട് ഉണ്ടല്ലൊ പിന്നെന്താണ്… എവിടെ ആയാലും നിൻ്റെ പഠിപ്പ് നടക്കും.. ” അമ്മ തീർപ്പ് പറഞ്ഞ്.

” എന്നാലും അമ്മേ… എന്നെ ലക്ഷ്യങ്ങളും ഇഷ്ടങ്ങളും ഒക്കെ ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞിട്ടുള്ളതല്ലേ.. ഇത്ര പെട്ടെന്ന് ഒരു കല്യാണം എനിക്ക് വേണ്ടമ്മാ…”

” ദേ ശ്രീ.. എന്നെക്കൊണ്ട് ദേഷ്യം പിടിപ്പിക്കരുത് നീ… നല്ലൊരു ആലോചനയാ, നിന്നെ കണ്ട് ഇഷ്ടപ്പെട്ട് ഇത് മതിയെന്നും പറഞ്ഞു വന്നതാ പയ്യനും വീട്ടുകാരും… ഇനിയും എത്രകാലാ അച്ഛൻ്റെ കഷ്ടപ്പാടിങനെ തുടരുന്നത്, ഒരുമനസലിവ് കാണിച്ച് കൂടെ നിനക്ക്…” അമ്മ കണ്ണ് തുടയ്ക്കുന്നത് കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു…

” അമ്മാ ഞാൻ… അച്ഛൻ്റെ ബുദ്ധിമുട്ട് എനിക്ക് അറിയാഞ്ഞിട്ടല്ല.. പക്ഷേ എൻ്റെ കരിയർ…അത്…” അവളത് പറയുമ്പോൾ അച്ഛൻ അകത്തേക്ക് കയറി വന്നു…

” എന്തായി പോയ് കാര്യം… നടക്കുമോ…” അമ്മ ആകാംഷയോടെ ചോദിക്കുന്നത് കേട്ട് അവൾ രണ്ട് പേരെയും മാറി മാറി നോക്കി.

” എല്ലാം നന്നായി തന്നെ നടക്കൂടൊ… സ്വർണം പഴയത് കുറച്ചുണ്ടല്ലൊ നമുക്ക് അതൊക്കെ ഒന്ന് പുതുക്കി വാങ്ങാം, പിന്നെ ആര്യയുടെ വിവാഹം കഴിഞ്ഞിട്ട് അധികം ആവാത്തത് കൊണ്ട് വീട് മോടിപിടിപ്പിക്കൽ ഒന്നും അധികം വേണ്ട, പിന്നെ ബാക്കിയുള്ള കാര്യങ്ങളും ഞാൻ ഏകദേശം കണക്ക് കൂട്ടി വച്ചിട്ട് ഉണ്ട്…” അച്ഛൻ്റെയും അമ്മയുടെയും സംസാരം നീണ്ട് പോകവേ അവിടെ തൻ്റെ തീരുമാനത്തിന് പ്രസക്തി ഇല്ല എന്ന്.

പിന്നീട് അങ്ങോട്ട് എല്ലാം പെട്ടെന്ന് തന്നെ ആയിരുന്നു… പ്രദീപുമായുള്ള വിവാഹവും വിരുന്നും.എല്ലാം കൂടെ ഒരു വർഷം കണ്ണടച്ച് തുറക്കും വേഗത്തിൽ കഴിഞ്ഞു…

” പ്രദീപെട്ടൻ ഒന്നും പറഞ്ഞില്ല..” അവൾ മടിയോടെ അവൻ്റെ അടുക്കൽ ചെന്നു…

” എന്ത്..”

” അത്, ഇപ്പൊ തന്നെ ഒരു വർഷം കഴിഞ്ഞു, ഈ വരുന്ന അക്കാദമിക് ഇയറിലെങ്കിലും കയറിയില്ലെങ്കിൽ ഡിഗ്രി മുടങ്ങി പോവും, അത്രയും നാൾ കഷ്ടപ്പെട്ടത് മുഴുവൻ വെറുതെ ആവും…” അവൾ പറഞ്ഞു.

” നീ രാവിലെ പഠിക്കാനെന്നും പറഞ്ഞ് ഇവിടെ നിന്നും ഇറങ്ങി പോയാൽ ബാക്കി കാര്യങ്ങള് എങ്ങനാ…. ”

” അത് അമ്മയുണ്ടല്ലൊ…”

” ഓഹ് നീ പഠിക്കാൻ പോകുന്നതിന് വേണ്ടി എൻ്റമ്മയിനി കഷ്ടപ്പെടണമായിരിക്കും… പഠിക്കണം എന്നുള്ള ആഗ്രഹം ഒക്കെ ഇവിടെ വച്ച് തന്നെ കളഞ്ഞെക്ക് എന്നിട്ട് വീട് എങ്ങനെ കൊണ്ട് പോകാം എന്ന് പഠിക്ക്…” അവൻ ഇരുന്നിടത്ത് നിന്ന് എണീറ്റു.

” അപ്പോ കല്ല്യാണം കഴിഞ്ഞ് പഠിപ്പിക്കാം എന്ന് അച്ഛനോടും അമ്മയോടും വാക്ക് പറഞ്ഞതോ…” അവൾ ചോദിച്ചു.

” അച്ഛനോടും അമ്മയോടും അല്ലേ നിന്നോട് പറഞ്ഞില്ലല്ലോ…, മര്യാദയ്ക്ക് ഈ കാര്യം ഇവിടെ വിട്ടേക്ക് കേട്ടല്ലൊ…” അവൻ നിസ്സാരമായി പറഞ്ഞ് അവിടെ നിന്ന് പോയി.

അതൊരു തുടക്കമായിരുന്നു, എല്ലാത്തിൻ്റെയും തുടക്കം!… എൻ്റെ ഇഷ്ടങ്ങൾ ക്ക് മേൽ മറ്റൊരാളുടെ അധികാരം അടിച്ചമർത്തപ്പെടുക ആയിരുന്നു പിന്നീട് അങ്ങോട്ട്… അയാൾക്ക് കൂട്ടിന് ആ വീട്ടിലുള്ള വരും… ആദ്യമാദ്യം വഴക്കം ചീത്ത വിളികളും മാത്രം ആയിരുന്നു എങ്കിൽ പിന്നെ അത് ഉപദ്രവത്തിലേക്ക് മാറി… സ്വന്തം അച്ഛനേയും അമ്മയേയും അറിയിച്ചപ്പോൾ പഠിക്കാൻ വിടുന്നില്ല എന്ന കാരണം കൊണ്ട് ഞാൻ മനഃപൂർവം ഓരോന്ന് വെറുതെ കെട്ടിചമയ്ക്കുകയാണത്രേ… ആരും ഒന്നും വിശ്വസിക്കാനോ കേൾക്കാനോ തയാറായില്ല… പിന്നെ പരാതികളും ഉണ്ടായില്ല ഒരു തരം മരവിപ്പിലൂടെ ജീവിച്ചു.

അതിനിടയില് ഉണ്ടായ ഒരാശ്വാസം ആണ് കുഞ്ഞി…  ഗർഭിണി ആയ സമയത്ത് മാത്രം ആണ് കുറച്ചു എങ്കിലും ആ വീട്ടിലും അയാളിലും അൽപം സ്നേഹവും കരുതലും എനിക്ക് കിട്ടിയത്. പക്ഷേ അതിൻ്റെയും ആയുസ് അതൊരു പെൺകുട്ടി ആണെന്ന് അറിയുന്നത് വരെ മാത്രം ആയിരുന്നു…

ഈ കാലത്തിലും ഇത്തരം വികലമായ ചിന്തകളെ മുറുകെ പിടിക്കുന്ന ആളുകൾ ഉണ്ടല്ലൊ എന്നോർക്കുമ്പോൾ ആണ് വിഷമം…

മോൾ വന്നതോടെ ഇടക്കാലാശ്വാസമായി കിട്ടിയ സ്നേഹവും കരുതലും അവസാനിച്ചു പഴയതിലും കൂടുതലായി ഉപദ്രവങ്ങൾ….
കുഞ്ഞിന് വേണ്ടി എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ച ദിവസങ്ങൾ.

പതിയെ പതിയെ ഉപദ്രവങ്ങൾ കുഞ്ഞിലേക്കും പടരാൻ തുടങ്ങി, പലരും അടക്കം പറയുന്നത് കേട്ടിരുന്നു അയാളുടെ പരസ്ത്രീ ബന്ധം, പക്ഷേ വിശ്വസിക്കാൻ എന്ത് കൊണ്ടോ കഴിഞ്ഞില്ല ഉള്ളിൽ എവിടെയോ അൽപ്പം സ്നേഹം ബാക്കി ഉണ്ടായിരുന്നിരിക്കണം,
അച്ഛനെന്ന നിലയിൽ ഒരു കാര്യവും കുഞ്ഞിന് വേണ്ടി അയാൾ ചെയ്തിരുന്നില്ല,

അന്ന് കുഞ്ഞിന് തിരെ വയ്യാതെ ഹോസ്പിറ്റലിൽ കൊണ്ട് പോയി തിരിച്ചു വരുമ്പോൾ കണ്ടത്, ഞങ്ങളുടെ മുറിയിൽ അതേ ബെഡ്ഡിൽ മറ്റൊരു സ്ത്രീയുമായി…അത് നേരിട്ട് കണ്ടപ്പോൾ ഷർദിക്കാൻ ആണ് തോന്നിയത്… ഞാൻ കണ്ടു എന്നൊരു കൂസലില്ലാതെ അയാൾ വീണ്ടും…

ഇതിനൊക്കെ ഒത്താശ അയാളുടെ അമ്മയും…

” നിങ്ങളൊരു സ്ത്രീയല്ലേ, മകൻ്റെ ഈ പിറപ്പ് കേടിനെ സപ്പോർട്ട് ചെയ്യുവാണോ…” ദേഷ്യത്തോടെ അവരോട് ചോദിച്ചു.

” കൂടെ ഉള്ളത് നല്ലത് അല്ലെങ്കിൽ ആണുങ്ങൾ അങ്ങനെ പലതും ചെയ്തു എന്നിരിക്കും…” ഒരു മടിയും കൂടാതെ അവർ അവളോട് പറഞ്ഞു…

” നിങ്ങളീ പറഞ്ഞതിന് മുഖമടച്ച് ഒന്ന് തരാനറിയാഞ്ഞിട്ടല്ല, എൻ്റെ കൈ നാറും അത് കൊണ്ട് ആണ്….” കുഞ്ഞിനെയും എടുത്ത് മുറ്റത്തേക്ക് ഇറങ്ങി. കുറച്ചു സമയത്തിന് ശേഷം അയാളുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീ വേഗം ഇറങ്ങി പോകുന്നത് കണ്ടു. തിരിച്ചു മുറിയിലേക്ക് പോയി അലമാരയിൽ സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകളും കുഞ്ഞിൻ്റെയും തൻ്റെയും ഡ്രസ്സുകളും എടുത്ത് ബാഗിലാക്കി.

” നീയിത് എങ്ങോട്ടാ…” അയാളുടെ ചോദ്യത്തിന് അവൾ മറുപടി പറഞ്ഞില്ല. അയാൾ വേഗം അവളുടെ കൈയിൽ പിടിക്കാനാഞ്ഞതും.

” തൊട്ട് പോകരുത് എന്നെ… ” അതുവരെ കാണാത്ത ഒരു മുഖഭാവം ആയിരുന്നു അപ്പോ അവളിൽ.

” നീയാരോടാ…

” മതി നിർത്തിക്കോ താൻ… ഇത്രയും കാലം ഞാൻ സഹിച്ചത് ഈ കുഞ്ഞിന് വേണ്ടി ആയിരുന്നു, ഈ നിമിഷം വരെ നിങ്ങൾ ഒരു നല്ല അച്ഛനായിരുന്നില്ല. എന്നെങ്കിലും ആവും എന്ന് ഞാൻ പ്രതീക്ഷിച്ച്… ഇനി അതില്ല എൻ്റെ മകൾക്ക് ഇങ്ങനെ ഒരച്ഛനെ വേണ്ട…നല്ല അച്ഛനും ഭർത്താവും ഒക്ക ആകണമെങ്കിൽ നല്ല തന്തയ്ക്കും തള്ളയ്കും ജനിക്കണം…”

” ഡീ…” അയാള് മുഷ്ടി ചുരുട്ടി അവളുടെ നേരെ വന്നു…

” ഇനിയെൻ്റെ ദേഹത്ത് തൊട്ടാൽ അമ്മയേയും മോനെയും വെട്ടി നുറുക്കും ഞാൻ… ജീവിക്കണം എന്നുള്ളത് കൊണ്ട് മാത്രം ഞാൻ ഒന്നും ചെയ്യാതെ വിടുന്നത്… എന്ന് കരുതി രക്ഷപെട്ടു എന്ന് കരുതണ്ട കാലം എല്ലാത്തിനും കരുതി വച്ചിട്ടുണ്ട്…” അന്നത്തോടെ ആ ജീവിതത്തിൻ്റെ തിരശ്ശീല വീണു.

എല്ലാം അറിയുമ്പോൾ എങ്കിലും കൂടെ നിൽക്കും എന്ന് കരുതിയ വീട്ടുകാർ കുറച്ചു കൂടി സഹിച്ചുകൂടായിരുന്നോ എന്നാണ് ചോദിച്ചത്.. പിന്നെ അവരോടും ഒന്നും പറയാൻ തോന്നിയില്ല.

” നിൻ്റെ കല്ല്യാണം നടത്തിയതിൻ്റെ കടം പോലും അച്ചനിതുവരെ തീർത്തിട്ടില്ല, അവനെ പറഞ്ഞും സ്നേഹിച്ചും  മനസിലാക്കിച്ച് സ്വന്തം വരുതിയിലാക്കാൻ ഉള്ളതിന് അവള് കൊച്ചിനെയും കെട്ടിപറക്കി വന്നിരിക്കുന്നു…നീ കാരണം എൻ്റെ ഭർത്താവിൻ്റെയും വീട്ടുകാരുടെയും മുന്നിൽ തലകുനിച്ചാണ് ഞാനിപ്പോൾ നിൽക്കുന്നത്….” ചേച്ചിയാണ്, ഒപ്പ് മറ്റുള്ളവരും, നിരന്തരം അനുഭവിച്ചത് ഒക്കയും പറഞ്ഞിട്ടും ഇവരൊക്കെ ഇപ്പഴും അയാളാണ് ശരിയെന്ന് മട്ടിലാണ് ഞാൻ അഡ്ജസ്റ്റ് ചെയ്യാത്തത് ആയിരുന്നു പ്രശ്നം.. ഒഴിപ്പിച്ചു വിട്ടത് രണ്ടായി തിരിച്ചു വന്നതിലുള്ള അമർഷം.

” നിൻ്റെ ഭർത്താവ് മറ്റൊരു സ്ത്രീയെയും കൂട്ടി നിൻ്റെ വീട്ടിൽ നിൻ്റെ മുറിയിൽ നിങ്ങളുടെ ബെഡ്ഡിൽ…. അത് നീ കാണുമ്പോഴും നീയത് അഡ്ജസ്റ്റ് ചെയ്യുമോ…” എന്നിൽ നിന്നും അങനെ ഒന്നും കേട്ട് അവളൊന്നു പകച്ചു.

” എന്തേ നിൻ്റെ നാവിറങ്ങി പോയോ ?… ഞാൻ പറഞ്ഞപ്പോൾ സഹിക്കാൻ വയ്യ നിനക്ക് അപ്പൊ നേരിട്ട് കണ്ട ഞാനോ..? ഒരു കാര്യം ഞാൻ എല്ലാവരോടും കൂടി പറയുവ ഈ വട്ടമേശ സമ്മേളനം എന്നെയും എൻ്റെ കുഞ്ഞിനെയും കുറിച്ച് ഓർത്ത് ആണെങ്കിൽ വേണ്ട, ഞങ്ങളുടെ കാര്യം നോക്കാൻ ഞാൻ ഉണ്ട്… എനിക്ക് അറിയാം എന്ത് വേണം എന്ന്…”

” അപ്പോ അച്ഛൻ്റെ കടങ്ങളോ… അതൊക്കെ ഇനി എങനാ നീ ഇവിടെ തന്നെ ആണെങ്കിൽ നിൻ്റെ സ്വർണം ഒക്കെ ഇങെടുക്ക് അടുത്ത വിറ്റ് അച്ഛൻ്റെ കടങ്ങൾ തീർക്കാം…” ഒരു കൂസലില്ലാതെ ചേച്ചി അത് പറഞ്ഞു.

” സൗകര്യമില്ല, ഇത് അഞ്ച് വർഷം മുമ്പ് എനിക്ക് ഇട്ട വിലയാണ്, അത് എൻ്റെ കൈയിൽ തന്നെ ഇരിക്കും… ഞാൻ അവിടെ തന്നെ തുടർന്നിരുന്നു എങ്കിൽ അച്ഛൻ എങ്ങനെ കടം വീട്ടുമായിരുന്നോ അതേപോലെ ഇനിയും വിട്ടിക്കോളും, പിന്നെ ഇവിടെ ആണ് ഞാൻ നിൽക്കുന്നത് എന്ന് നിന്നോട് ഞാൻ പറഞ്ഞൊ  ഈ നരകത്തിൽ ഇനി ഞാനും എൻ്റെ മോളും ഇല്ല, ഞങ്ങൾ പോകുവാ…”

” എങ്ങോട്ട്?… ‘

” അറിഞ്ഞിട്ട് എന്തിനാ, എന്തായാലും മനുഷ്യക്കോലമുള്ള രാക്ഷസ കൂട്ടത്തിലേക്ക് അല്ല പോകുന്നത്….”

” മോളെ…” അമ്മയാണ്…

” വേണ്ട വിളിക്കരുത് എന്നെ അങനെ, ഇപ്പൊ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് അയാളെയല്ല, നിങ്ങളെയാ…. എൻ്റെ ജീവിതം ഇങ്ങനെ ആവാൻ കാരണക്കാരായ നിങ്ങളോട്…. ഒരമ്മ എങ്ങനെ ആകണമെന്നും ആകരുത് എന്നും എൻ്റെ അനുഭവം കൊണ്ട് എൻ്റെ മകൾക്ക് ഞാൻ പറഞ്ഞു കൊടുക്കും, അവളുടെ വിദ്യാഭ്യാസവും ജോലിയും ഒന്നും മറ്റൊരാളുടെ തലയിലേക്ക് കൊടുക്കില്ല ഞാൻ… ” അമ്മയും അച്ഛനും ഒന്നും മിണ്ടാതെ തലതാഴ്ത്തി..

 

” എടി നിനക്കും രണ്ട് പെൺകുട്ടികൾ അല്ലേ , നിന്നെ പോലെ വിഷജന്തുക്കൾ ആക്കാതെ നല്ല മക്കളായി വളർത്ത്, കല്ല്യാണം അല്ല ജീവിതത്തിൽ പ്രധാനമെന്ന് പറയ്… നല്ല വിദ്യാഭ്യാസവും നല്ല ജോലിയും ആരുടെയും മുന്നിൽ തലകുനിക്കാതെ കൈനീട്ടാതെയും ജീവിക്കുകയാണ് വെണ്ടത് എന്ന പറയ്…” അവൾ പറഞ്ഞു കൊണ്ട് മുറിയിൽ പോയി…..

ഇനി മറ്റുള്ളവർക്ക് വേണ്ടി അല്ലാതെ സ്വയം ജീവിക്കാൻ ആയി….. ഒരു പുതിയ തുടക്കത്തിനായി…

ശുഭം

✍️ ശിവപദ്മ …

Leave a Reply

Your email address will not be published. Required fields are marked *