എന്റെ മോന് എങ്ങനെയുള്ള പെണ്ണ് വേണംന്ന് അവന്റെ അമ്മയായ എനിക്കറിയാം… എന്റെ ഇഷ്ടം തന്നെയാണ് എന്റെ മോനും…

✍️ RJ

ഇന്നു നമ്മള് കണ്ടത് നല്ല പെൺക്കുട്ടിയെ അല്ലായിന്നോ പപ്പാ…?
എനിയ്ക്കും പപ്പയ്ക്കും ആ ചേച്ചിയെ നല്ലോണം ഇഷ്ടാവുകയും ചെയ്തു ഏട്ടാ… എന്റെ ഏടത്തി അമ്മ ആവാൻ പറ്റിയ ചേച്ചിയാ… ആ മുടിയും ചിരിയുമൊക്കെ എന്തു ഭംഗിയാണെന്നോ… ഏട്ടൻ ചെന്നൊന്ന് കണ്ടു നോക്ക്, ഏട്ടനും ഇഷ്ടാവും…. ഈ മമ്മിയ്ക്കാണ് ഇഷ്ടാവാത്തത്… മമ്മിയ്ക്കാരെയും പറ്റില്ല… എല്ലാവർക്കും ഓരോ കുറ്റം കണ്ടു പിടിയ്ക്കും ഈ മമ്മി….

പപ്പയുടെയും ഏട്ടന്റെയും നടുക്കിരുന്ന് റിയ മമ്മി ലിൻഡയ്ക്ക് നേരെ പരിഭവം പറഞ്ഞതും അവളെ അത്ര നേരം കേട്ടുകൊണ്ടിരുന്ന ലിൻഡയുടെ നോട്ടം അവളുടെ നേരെ കൂർത്തു…

“പിന്നേ… ഇത്തിരി മുടിയും ചിരിയും ഉണ്ടായാൽ എല്ലാം ആയല്ലോ… നിനക്കെന്തിന്റെ കേടാ പെണ്ണെ….?
എന്റെ മോന് എങ്ങനെയുള്ള പെണ്ണ് വേണംന്ന് അവന്റെ അമ്മയായ എനിക്കറിയാം… എന്റെ ഇഷ്ടം തന്നെയാണ് എന്റെ മോനും… ഞാൻ കണ്ടു പിടിച്ചു കൊടുത്തോളും അവന്, അവന് ചേർന്നൊരു പെൺക്കുട്ടിയെ… അവനത്രയ്ക്കും വലിയ വയസ്സൊന്നുമില്ലല്ലോ… ഇരുപത്തഞ്ച് ആയിട്ടേ ഉള്ളു…. ഇഷ്ടം പോലെ സമയം ഉണ്ട് നല്ലൊരു കുട്ടിയെ കണ്ടെത്താൻ… അല്ലേടാ മോനെ….?

റിയയ്ക്ക് അരികിൽ തങ്ങളുടെയെല്ലാം സംസാരം ചിരിയോടെ കേട്ടിരിയ്ക്കുന്ന റിയാന്റെ മുഖത്തരുമയോടെ തലോടി ലിൻഡ ചോദിച്ചതും അവരുടെ തോളിലേക്ക് ചാഞ്ഞിരുന്നു റിയാൻ…

എന്റെ മമ്മിയ്ക്ക് നല്ലോണം ഇഷ്ടമായ കുട്ടിയെ മാത്രമേ ഞാൻ കെട്ടുള്ളു.. അതും എന്റെ മമ്മി കണ്ടിഷ്ട്ടപ്പെട്ടു കാണിച്ചു തരുന്ന പെൺക്കുട്ടിയെ… പോരെ…

ഓ… അല്ലെങ്കിലും നിങ്ങളു രണ്ടാളും പണ്ടേ ഒരു സെറ്റല്ലേ…. ഞാനും എന്റെ പപ്പയും പാവങ്ങൾ…. അല്ലേ പപ്പേ….

റിയ മമ്മിയേയും ഏട്ടനെയും നോക്കി കൊതിക്കുത്തിപറഞ്ഞതു കേട്ടവളെ വാത്സല്യത്തോടെ തന്നോടു ചേർത്തു പിടിച്ചു പീറ്റർ…..

“എന്തായ് മോനെ റിയാൻ പീറ്ററെ നിന്റെ മമ്മി ഇന്നു കാണാൻ പോയ പെണ്ണിന്റെ കാര്യം… മമ്മിയ്ക്ക് ഓക്കെ ആയോ… നമ്മളു പോവാറായോ…?

അലസമായ് ക്ലബിൽ ന്യൂസ് പേപ്പർ മറിച്ചു നോക്കിയിരുന്ന റിയാന്റെ പുറത്തൊന്ന് തല്ലി നൗഫൽ ചോദിച്ചതിനൊരു പുഞ്ചിരി മാത്രമാണ് റിയാന്റ മറുപടി

“മമ്മിയ്ക്ക് ആ കുട്ടിയെയും ഇഷ്ടപ്പെട്ടില്ലാന്ന്…ഇതിപ്പോ നിനക്കു വേണ്ടി നിന്റെ മമ്മി പോയ് കാണുന്ന ആറാമത്തെയോ മറ്റോ പെണ്ണല്ലേടാ…ഇത്ര വലിയ എന്തു സങ്കല്പമാണെടാ മമ്മിയ്ക്ക് നിന്റെ പെണ്ണിനെ പറ്റി….?

അത്ഭുതവും അമ്പരപ്പും നിറഞ്ഞിരുന്നു നൗഫലിന്റെ ചോദ്യത്തിൽ…

“മമ്മിയ്ക്ക് എങ്ങനെയുള്ള പെണ്ണിനെയാണോ മരുമകളായ് വേണ്ടത് അങ്ങനെ ഒരാളെ തന്നെ മമ്മി കണ്ടെത്തട്ടേ… എന്നിട്ടേ ഞാൻ കെട്ടൂ… എന്റെ മമ്മിയുടെ ഇഷ്ടവും സന്തോഷവുമാണെന്റെ സന്തോഷം.. എന്റെ മമ്മിയുടെ ഇഷ്ടത്തിനപ്പുറമൊരു ഇഷ്ടം എനിക്കില്ലാന്ന് നിനക്കും അറിയില്ലേ നൗഫലേ…?

മമ്മിയോടുള്ള സ്നേഹം നിറയുന്ന റിയാന്റെ വാക്കുകൾക്ക് മനോഹരമായൊരു ചിരിയോടെ അവനെ നോക്കി നൗഫൽ..

റിയാന്റെ രണ്ടാനമ്മയാണ് സത്യത്തിൽ ലിൻഡ…റിയാനു മൂന്നു വയസ്സുള്ളപ്പോൾ ഒരപകടത്തിൽ മരിച്ചു പോയതാണ് അവനെ പ്രസവിച്ച മേരി… കുറെക്കാലം മകനു വേണ്ടി മാത്രം ജീവിച്ച പീറ്റർ ബന്ധുക്കളുടെ നിർബന്ധം സഹിക്കവയ്യാതെ ലിൻഡയെ തങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ റിയാനു പ്രായം പതിനഞ്ച്….

അവന്റെ കൂടി നിർബന്ധമായിരുന്നു പപ്പയുടെ ജീവിതത്തിലൊരു കൂട്ടു വേണമെന്നത്… അവനൊരു മമ്മി വേണമെന്നത്… ലിൻഡയുടെയും സെക്കൻഡ് മാര്യേജാണ്… ആദ്യ ബന്ധത്തിലെ മകളാണ് ലിയ… അന്നവൾക്ക് എട്ടു വയസ്സാണ്…

ആ അമ്മയേയും മകളെയും റിയാനും പീറ്ററും കുടിയിരുത്തിയത് സ്വന്തം ജീവിതത്തിലേക്ക് മാത്രമല്ല അവരുടെ ഹൃദയങ്ങളിലേക്കു കൂടിയാണ്…

റിയാന്റെ പ്രാണനാണ് ലിൻഡയും ലിയയും… അവനെന്തു പറഞ്ഞു തുടങ്ങിയാലും അതവസാനിക്കുക അവരമ്മയിലും മകളിലുമാണ്…. നൗഫലിനും അറിയാമത്…

ദിവസങ്ങൾ മുന്നോട്ടു നീങ്ങിയതും ഒരു ദിവസം റിയാൻ ഓടിയണച്ചാണ് ടൗണിലെ ഹോസ്പ്പിറ്റൽ ഐ സി യു വിനു മുമ്പിലെത്തിയത്..

എത്തിയതും കണ്ടു കൈക്കുള്ളിൽ മുഖം മറച്ച് കുനിഞ്ഞിരിക്കുന്ന പപ്പയെയും, പപ്പയ്ക്കരികിൽ ഒഴുകുന്ന മിഴികളോടെയിരിക്കുന്ന ലിയയെയും…

പപ്പാ….

കണ്ണീരോടെയുള്ള റിയാന്റെ നിലവിളി ആ ഹോസ്പ്പിറ്റൽ കോറിഡോറിനുള്ളിൽ നിറഞ്ഞു…

“മമ്മിയ്ക്കൊട്ടും ശ്രദ്ധയില്ലായിരുന്നോ സ്റ്റയർ ഇറങ്ങുമ്പോൾ…. അതിന്റെ മുകളിൽ നിന്ന് വീഴുകാന്ന് പറഞ്ഞാൽ ഓർക്കുമ്പോൾ പോലും പേടിയാവുന്നു പപ്പാ.. നീയുണ്ടായിരുന്നില്ലേ മോളെ വീട്ടിൽ….? ”

പീറ്റിന്റെ തോളിൽ ചാഞ്ഞ് കരഞ്ഞു റിയാൻ

“ഞാനുണ്ടായിരുന്നു ഏട്ടാ വീട്ടിൽ….ശബ്ദവും കരച്ചിലും കേട്ട് വന്നു ഞാൻ നോക്കുമ്പോഴാണ് മമ്മി വീണു കിടക്കുന്നത് ഞാൻ കണ്ടത്… ഞാനാണ് പപ്പയെ വിളിച്ചതും മമ്മിയെ ഇങ്ങോട്ടു കൊണ്ടുവന്നതും….

കണ്ണിരുണങ്ങാത്ത മുഖത്തോടെ പറയുന്ന ലിയയെ തന്നോടു ചേർത്തു പിടിച്ചു പീറ്റർ…

വീഴ്ചയിൽ നട്ടെല്ലിനു സാരമായ് പരിക്കേറ്റിട്ടുണ്ട് ലിൻഡയ്ക്കെന്ന അറിവ് ആ കുടുംബത്തെ തകർത്തു…റിയാൻ ആകെ തളർന്നു ലിൻഡയുടെ വീഴ്ചയിൽ…

ലിൻഡയെ ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ടു വന്നിട്ടും അവൾക്കരികിൽ നിന്ന് മാറാതെ അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു പോന്നു റിയാൻ… ലിൻഡയും ഏതു കാര്യത്തിനും റിയാനെ മാത്രം വിളിക്കാൻ തുടങ്ങി….

“ഏട്ടനെന്തിനാണ് എല്ലായ്പ്പോഴും മമ്മിയുടെ അടുത്തിങ്ങനെ ഇരിക്കുന്നത്… ലീവ് ക്യാൻസൽ ചെയ്ത് ഓഫീസിൽ പോവാൻ നോക്ക് ചേട്ടാ… മമ്മിയെ നോക്കാനൊരു ഹോം നഴ്സിനെ വെച്ചാൽ മതി, അല്ലാതെ ചേട്ടനിങ്ങനെ കാവൽ നിൽക്കണ്ട…”

കോളേജുവിട്ടു വന്ന ലിയ മമ്മിയുടെ ബെഡ്ഡിലിരുന്നെന്തോ തമാശ പറഞ്ഞു ചിരിക്കുന്ന റിയാനോട് ശമ്പ്ദമുയർത്തി പറഞ്ഞതും അവളെ ഞെട്ടി നോക്കി റിയാൻ

ലിയയുടെ അന്നേരത്തെ ശമ്പ്ദവും ഭാവവുമെല്ലാം അവന് അപരിചിതമാണ്…

ഇതു നമ്മുടെ മമ്മിയല്ലേ മോളെ…. നമ്മളല്ലേ മമ്മിയെ നോക്കേണ്ടത്… അല്ലാതെ ഹോം നഴ്സാണോ… നിനക്കെന്തു പറ്റി ലിയാ….?

ലിയയ്ക്ക് അരികിൽ ചെന്ന് റിയാൻ ചോദിച്ചതും അവനെ തള്ളി മാറ്റി കിടക്കുന്ന ലിൻഡയ്ക്കരികിലെത്തി ലിയ

മമ്മീ…. മമ്മി പറ…
റിയാൻ മമ്മിയുടെ മകനാണോ …?
റിയാനെ സ്വന്തം മകനായിട്ടാണോ മമ്മി കാണുന്നതും ഇത്ര നാൾ കണ്ടിരുന്നതും…?

ലിയയുടെ ചോദ്യം കേട്ടതും റിയാൻ പകപ്പോടെയും ഞെട്ടലോടെയും അവളെ നോക്കി, അതേ അവസ്ഥയിൽ തന്നെയായിരുന്നു പുറത്തു നിന്ന പീറ്ററിലും…

“നീ എന്താ മോളെ ചോദിക്കുന്നത്… നിങ്ങളെന്റെ സ്വന്തമല്ലേ… ഞാൻ മമ്മീടേം മോനല്ലേ…?

ലിയയോടു ചോദിക്കുന്നതിനൊപ്പം ലിൻഡയെ നോക്കിയ റിയാൻ പരിഭ്രമിച്ചു ലിയയെ ഭയത്തോടെ നോക്കുന്നവരെ കണ്ട്…

ചോദിച്ചതിനുത്തരം പറ മമ്മീ…റിയാൻ മകനാണോ മമ്മിയ്ക്ക്…?

ലിയയുടെ ചോദ്യത്തിന് അതെയെന്ന് മറുപടി പറയാൻ ലിൻഡ വാ തുറന്നതും തന്റെ ജീനിന്റെ പോക്കറ്റിൽ നിന്നൊരു ഫോണെടുത്തുയർത്തി ലിയ.. അതു കണ്ടതും വിളറി ലിൻഡയുടെ മുഖം…

ചേട്ടനെ ഇവരൊരു മകനായിട്ടു കണ്ടിട്ടില്ല ചേട്ടാ… കണ്ടിരുന്നെങ്കിൽ ഇവരിങ്ങനെയൊന്നും….

പൂർത്തിയാക്കാതെ ലിയ ഫോൺ നീട്ടി പിടിച്ചതും കണ്ടു റിയാൻ ലിൻഡയുടെ ആ ഫോണിൽ നിറയെ തന്റെ ഫോട്ടോകൾ… ലിൻഡയുമായ്‌ റിയാന് മറ്റൊരു ബന്ധമാണ് ഉള്ളതെന്നു വ്യക്തമാക്കുന്ന തരം ഫോട്ടോ…
എല്ലാം തന്നെ എഡിറ്റിംഗ് ആണ്….

പകപ്പോടെ ലിയയെ നോക്കിയവൻ…

“ഇവരുടെ മനസ്സിൽ ഏട്ടനിവരുടെ കാമുകനും ഭർത്താവുമൊക്കെയാണ് ചേട്ടാ…
ഏട്ടന്റെ ജീവിതത്തിലേക്കൊരു പെണ്ണുവരാനൊന്നും ഇവരൊരിക്കലും സമ്മതിക്കില്ല… ഞാൻ നേരിട്ടു കേട്ടിട്ടുണ്ട് എന്റെ ഏട്ടന്റെ ഫോട്ടോ നോക്കി കാമകണ്ണോടെ ശൃംഗാര ശബ്ദത്തിലിവർ സംസാരിക്കുന്നത്…
ഏട്ടന്റെ വസ്തുക്കളിലെല്ലാം ഭ്രാന്തമായ ആവേശത്തോടെ ചുംബിക്കുകയും തലോടുകയും ഏട്ടനോടെന്ന പോലെ പ്രണയ പരവശത്തോടെ സംസാരിക്കുകയും ചെയ്യുന്ന ഇവരെ ഞാൻ ഇതിന്റെ പേരിൽ ചോദ്യം ചെയ്ത അന്ന് എന്നെ തട്ടിമാറ്റി വേഗത്തിൽ പടിയിറങ്ങാൻ നോക്കിയതുകൊണ്ടാണ് ഇവർക്കീ അപകടം ഉണ്ടായതു പോലും…

ലിയപറയുന്ന ഓരോന്നും ശ്വാസം കഴിക്കാൻ മറന്നു കേട്ടു തരിച്ചു നിന്നു റിയാൻ

ഇതൊന്നും കാണിക്കുകയും പറയുകയും ഇല്ലായിരുന്നു ഏട്ടാ ഞാൻ ഇവരി കിടപ്പിലെങ്കിലും ഇവരുടെ സ്വഭാവം നന്നാക്കിയിരുന്നെങ്കിൽ…. എന്റെ ഏട്ടനല്ലേ… ഒന്നും കണ്ടില്ലാന്നു നടിക്കാൻ വയ്യ ഏട്ടാ… അതോണ്ടു തുറന്നു പറഞ്ഞതാണ് പലതും…

പൊട്ടി കരച്ചിലോടെ പറയുന്നവളെ ആശ്വസിപ്പിക്കാൻ കൂടി സാധിക്കാതെ തരിച്ചുനിന്നു റിയാനും പീറ്ററും…

രണ്ടു വർഷങ്ങൾക്കിപ്പുറം റിയാൻ ഇഷാനിയുടെ കഴുത്തിൽ താലിചാർത്തുന്നത് ദൂരെ നിന്ന് തികച്ചും അന്യയായ് നോക്കി കണ്ടു ലിൻഡ… റിയാനൊപ്പം സഹോദരിയുടെ സ്ഥാനത്ത് നിറഞ്ഞ സന്തോഷത്തോടെ ലിയ നിൽക്കുന്നത് കണ്ടതും വേഗം അവിടെ നിന്ന് തന്റെ നോട്ടം മാറ്റി ലിൻഡ…

ലിയയുടെയും റിയാന്റെയും തീരുമാനമാണ് തന്നിൽ നിന്നകന്ന് നിൽക്കുക എന്നത്… അവർക്കൊപ്പം പീറ്ററും ചേർന്നതോടെ ആ വീട്ടിലെ ആരുമല്ലാതായ് ലിൻഡ…

എഴന്നേറ്റു നടക്കാമെന്നായതും സ്വയം തന്റെ കാര്യങ്ങൾ ചെയ്തൊതുങ്ങി കൂടി ലിൻഡ ആ വീട്ടിൽ…. എല്ലാവരുടെ വെറുപ്പും ഏറ്റുവാങ്ങി സ്വയം ശിക്ഷിച്ചു കൊണ്ട്…..

RJ

Leave a Reply

Your email address will not be published. Required fields are marked *