✍️ RJ
“ഞങ്ങളുടെ ശകുനം മുടക്കി എന്നും മുന്നിൽ തന്നെ വന്നു നിന്നോളണമെന്ന് നിനക്ക് എന്തായിത്ര നിർബന്ധം രാധേ…?
”ഒരു വിധവയെ കണിക്കണ്ട് വീടിനു പുറത്തേക്കിറങ്ങുന്നത് കാലന് കഴുത്ത് നീട്ടികൊടുക്കുന്നതിന് തുല്യമാണെന്നറിയില്ലേ രാധയ്ക്ക്….?
നിന്റെ കെട്ടിയവനെ കൊന്നതുപോലിനി എന്നേം കൊലക്ക് കൊടുക്കണോ നിനക്ക്…?
“കയറി പോ അടുക്കളയിലേക്ക്…
അവിടെ ചെന്ന് ചെയ്യാനുള്ള പണി എന്താണെന്ന് വെച്ചാൽ വേഗം ചെയ്തു തീർക്ക്… ചെല്ല്…
മുഖം കുനിച്ചു കണ്ണു നിറച്ചു മുന്നിൽ നിൽക്കുന്ന പെണ്ണിനെ മനഃസാക്ഷിയില്ലാതെ കുറ്റപ്പെടുത്തി അടുക്കളയിലേക്ക് പറഞ്ഞയക്കമ്പോൾ ക്രൂരമായ സംതൃപ്തിയുടെ ചിരിയുണ്ട് അനിതയുടെ ചുണ്ടിൽ….
അസത്ത് പിടിച്ചത്… പിറുപിറുത്തവൾ
“ഇതൊക്കെ ഇത്തിരി കൂടുതലാണ് ഏടത്തി അമ്മേ…
നിങ്ങളുടെ സ്വന്തം ചോരയല്ലേ അത്..?
“നിങ്ങളൊരൊറ്റാളുടെ വാശി കാരണമല്ലേ ആ പാവത്തിന് ഇവിടുത്തെ മരുമകളാക്കേണ്ടി വന്നത്…?
അതു കൊണ്ടല്ലേ അതിനീ ചെറുപ്പത്തിൽ തന്നെ
വിധവയാക്കേണ്ടി വന്നത്…?
അനിതയ്ക്ക് നേരെ ശബ്ദമുയർത്തി പ്രമോദ്…
അനിതയുടെ ഭർത്താവ് പ്രകാശന്റെ അനിയനാണ് പ്രമോദ്
രാധയുടെ ഭർത്താവായിരുന്ന പ്രദീപാണ് ആ കുടുംബത്തിലെ മൂത്തയാൾ…
ചെറുപ്പം മുതലേ അസുഖക്കാരനായിരുന്നു പ്രദീപ്…
അതു കൊണ്ടു തന്നെ വിവാഹമൊന്നും കഴിച്ചിരുന്നില്ലവൻ… വെറുതെ ഒരു കുട്ടിയുടെ ജീവിതം എന്തിന് ഇല്ലാതാക്കണമെന്ന് ചിന്തിച്ച സാധുവാണ് പ്രദീപ്..
പ്രകാശന്റെ ഭാര്യയായ് അനിത ആ വീട്ടിലെത്തിയപ്പോൾ അവൾക്കു തോന്നിയ കുബുദ്ധിയാണ് അസുഖക്കാരനായ പ്രദീപിനെ കൊണ്ട് രാധയെ കല്യാണം കഴിപ്പിക്കുക എന്നത്…
കൂടപ്പിറപ്പാണെങ്കിലും അനിതയ്ക്ക് കണ്ണിനു മുമ്പിൽ കണ്ടൂട രാധയെ.. കാരണമില്ലാത്ത വെറുപ്പാണവൾക്ക് രാധയെ…
രാധയുടെ കല്ല്യാണത്തിലൂടെ രണ്ടായിരുന്നു അനിതയുടെ ലക്ഷ്യം..
അഞ്ചു പൈസ ചിലവില്ലാതെ രാധയുടെ കല്യാണം നടന്നാൽ അതിന്റെ പേരിൽ അവൾക്ക് കൊടുക്കാനുള്ളതെല്ലാം സ്വന്തം മാതാപിതാക്കളിൽ നിന്ന് വാങ്ങിയെടുക്കാം…
രാധയെ വീട്ടുകാർക്കിഷ്ടമില്ലാത്ത വിധം വെറുപ്പിച്ചിട്ടുണ്ടാദ്യമേ അനിത…
അതു കൊണ്ടു തന്നെയവർ അനിതയെ അനുസരിയ്ക്കും..
വിവാഹ ശേഷംപ്രദീപ് മരിച്ചു പോയാൽ ബിസിനസ്സിലൂടെ അവൻ നേടിയ അവന്റെ ഭാരിച്ച സ്വത്തുക്കൾ ഭാര്യയായ രാധയ്ക്ക് കിട്ടും, അതും തഞ്ചത്തിൽ അവൾക്ക് കൊടുക്കാതെ തട്ടിയെടുക്കുകയും ചെയ്യാം…
പ്രകാശന്റെ അമ്മയെ സോപ്പിട്ട് പ്രദീപിന്റെ വിവാഹക്കാര്യം സമ്മതിപ്പിച്ചെടുത്തു അനിതയാദ്യം…
വിവാഹം കഴിക്കുന്നില്ലെന്ന് വാശി പിടിച്ച പ്രദീപിന് മുമ്പിൽ അമ്മയെ നിരാഹാര വ്രതമെടുപ്പിച്ചതിനു പിന്നിലും അനിതയുടെ ബുദ്ധിയാണ്…
ഒടുവിൽ പ്രദീപും കീഴടങ്ങിയതോടെ രാധ പ്രദീപിന്റെ ഭാര്യയായ്…
സൗന്ദര്യവതിയാണ് രാധ … നല്ല പെൺക്കുട്ടി… എല്ലാവരെയും അനുസരിച്ചു മാത്രമാണവൾക്ക് ശീലം…
പ്രദീപും ഒരുപാട് സന്തോഷത്തിലായിരുന്നു രാധയുമൊത്തുള്ള ജീവിതത്തിലെങ്കിലും വിവാഹം കഴിഞ്ഞ് ആറുമാസം പിന്നിടും മുമ്പേയവൻ മരണത്തിന് കീഴടങ്ങി…
കാര്യങ്ങളെല്ലാം അനിത നിശ്ചയിച്ച പടി നീങ്ങി… രാധയും അവളിൽ വന്ന സ്വത്തുമെല്ലാം അനിതയുടെ നിയന്ത്രണത്തിലായ്…
പ്രദീപ് മരിച്ച് വർഷം ഒന്നു കഴിഞ്ഞതും രാധയെ ആ വീട്ടിലെ വേലക്കാരിയാക്കി അനിത
രാധയോട് അല്പം കരുണയോടെ പെരുമാറിയ അമ്മായി അമ്മയിലും വിഷം നിറച്ചു അനിത…
അവളുടെ ചതികൾ ആ വീട്ടിൽ തിരിച്ചറിഞ്ഞ ഒരെയൊരാൾ പ്രമോദാണ്…
അനിതയെ തനിച്ചു കിട്ടുന്ന അവസരത്തിലെല്ലാം ചോദ്യം ചെയ്യും പ്രമോദ്…
“നീ ഇത് എന്തൊക്കെയാണ് പ്രമോദേ പറയുന്നത്…?
രാധ എന്റെ സ്വന്തം അനിയത്തിയല്ലേ… അവളെന്റെ കൂടെ എപ്പോഴും ഉണ്ടാവാൻ വേണ്ടിയല്ലേ ഞാനവളെ നിന്റെ വല്യേട്ടനെ കൊണ്ട് വിവാഹം കഴിപ്പിച്ചത്…?
നിന്റെ ഏട്ടനൊരു ജീവിതവും കിട്ടും എന്റെ രാധയെ എനിയ്ക്കെപ്പോഴും കാണുകയും ചെയ്യാമല്ലോന്നു മാത്രമേ ഞാൻ കരുതിയുള്ളു… അതിത്ര വലിയ തെറ്റായി നീ കാണുമെന്ന് ഞാനറിയാതെ പോയീ… ഇതെനിക്ക് സഹിക്കാൻ വയ്യെടാ….”
പറഞ്ഞു തീരുംമുമ്പേ ആർത്തു കരയുന്ന അനിതയെ പകച്ചു നോക്കി പ്രമോദ്…
ഓന്തിനെക്കാൾ വേഗത്തിൽ നിറം മാറാൻ കഴിവുള്ള ഇവരുടെ ഈ അഭിനയം എന്തിനാണെന്ന് മനസ്സിലോർത്ത് പ്രദീപ് മുറ്റത്തേക്ക് നോക്കിയതും കണ്ടു പടികടന്നു കയറി വരുന്ന പ്രകാശേട്ടനും അമ്മയും…
അവരെ കാണിക്കാനും തന്നെ ചീത്ത കേൾപ്പിക്കാനുമുള്ള അനിതയുടെ ശ്രമത്തെ അറിഞ്ഞതും അവരെ നിസംഗതയോടെ നോക്കി പ്രമോദ്
“അയ്യോ… എന്തിനാ എന്റെ കുട്ടി കരയുന്നതെന്റെ ഈശ്വരാ….
എന്താ പറ്റിയതെന്റെ മോൾക്ക്…?
അനിതയുടെ കരയുന്ന മുഖം കണ്ടതും അവൾക്കരികിലേക്ക് ഓടി ചെല്ലുന്ന തന്റെ അമ്മയെ അലക്ഷ്യമായൊന്ന് നോക്കിയവൻ
ഇതിവിടുത്തെ പതിവുകാഴ്ചയാണ്… തങ്ങൾ മക്കളെക്കാളും അമ്മയ്ക്ക് പ്രിയങ്കരി മരുമകളായ അനിതയെ ആണ്…
അവൾ പറയുന്നതേ ഈ വീട്ടിലിപ്പോ നടക്കൂവെന്ന അവസ്ഥയാണ്…
“മോളെ എന്താടി പറ്റിയത്…?
അനിതയുടെ മുഖത്തെ കണ്ണുനീർ ചാലുകൾ തുടച്ചു നീക്കി അമ്മ ആധിയോടെ ചോദിച്ചതും പ്രമോദിനെ ആരും കാണാതെ വല്ലാതെയൊന്ന് നോക്കി അനിത
അവളുടെ ആ നോട്ടത്തിൽ അപകടം മണത്തു പ്രമോദ്….
“എന്നെ ഈ പ്രമോദ് അടിച്ചമ്മേ….
നട്ടാൽ കുരുക്കാത്തൊരു നുണ അനിത പറഞ്ഞപ്പോൾ ഞെട്ടിയത് പ്രമോദു മാത്രമല്ല ഉമ്മറത്തെ ബഹളം കേട്ടവിടേക്കു വന്ന രാധ കൂടിയാണ്..
”നിന്നെ അടിക്കേ….? ഇവനോ….?
എന്തിന്….?
അവിശ്വാസമാണമ്മയിൽ…
“അതമ്മേ… ഞാനെങ്ങനെയാ പറയാ … ഞാൻ വരുമ്പോൾ രാധയേയും ഇവനെയും മുറീല്… അരുത്താത്ത രീതിയിൽ കണ്ടു.. അതു ചോദിച്ചതിനവൻ എന്നെ തല്ലി അമ്മേ…. ”
ആരും വിശ്വസിയ്ക്കും പോലൊരു നുണ അനിത പറഞ്ഞതും തറഞ്ഞു നിന്നു പോയ് പ്രമോദ്…
ശബ്ദമില്ലാതെ തേങ്ങിക്കരഞ്ഞു രാധ കൂടപ്പിറപ്പിന്റെ ചതിയിൽ…
ചോദ്യങ്ങളോ ഉത്തരം തേടലോ ഇല്ലാതെ അമ്മ പ്രമോദിനെയും രാധയേയും തല്ലുന്നത് കൺനിറയെ സന്തോഷത്തോടെ നോക്കി നിന്നു അനിത
പ്രമോദെന്ന തന്റെ ശത്രുവിനെ ഇനിയമ്മ ഈ വീട്ടിൽ നിർത്തില്ലായെന്നുറപ്പാണ് അനിതയ്ക്ക്…
ബഹളങ്ങളും ശാപങ്ങളും നിറഞ്ഞൊരു രാത്രി കടന്നു പോയ് നേരം പുലർന്നതും ഉമ്മറത്തു കണ്ട കാഴ്ചയിൽ ഞെട്ടി തരിച്ചുനിന്നു പോയ് അനിത
രാധയുടെ കഴുത്തിൽ താലിക്കെട്ടിയവളെ ഭാര്യയാക്കി നാട്ടുകാർക്കിടയിലൂടെ വീട്ടിലേക്ക് കൈപിടിച്ച് കയറ്റുന്ന പ്രമോദ്….
കാണുന്ന കാഴ്ച വിശ്വസിക്കാൻ കഴിയാതെ തറഞ്ഞു നിന്നനിത
നെഞ്ചിലടിച്ചു കരയുന്ന അമ്മയേയും ഞെട്ടി നിൽക്കുന്ന അനിതയേയും പുച്ഛത്തോടെ നോക്കി പ്രമോദ്
“ഈ വീടിന്റെ പടി ചവിട്ടാൻ നിന്നെയോ ഇവളെയോ ഞാൻ സമ്മതിക്കില്ല പ്രമോദേ….
അതു പറയാൻ നീ ആരാ ടീ…
നിനക്കെന്താ അവകാശം ഇവിടെ…?
വീര്യം വീണ്ടെടുത്ത് ചീറിപറയുന്ന അനിതയ്ക്ക് മുമ്പിലേക്ക് ഇത്തവണ ശബ്ദം ഉയർത്തി കയറി നിന്നത് രാധയാണ്…
രാധയുടെ മുഖത്തെഭാവത്തിലും കടുപ്പിച്ച ചോദ്യത്തിലും ഞെട്ടി അനിത..
“ഇതെന്റെ മരിച്ചു പോയ ഭർത്താവ് എനിയ്ക്ക് ഇഷ്ടദാനമായ് എഴുതി തന്ന വീടും സ്വന്തക്കളും ആണ്..
ഇതെല്ലാം എന്റെ ഇഷ്ട പടി ഉപയോഗിക്കാനും ചിലവഴിക്കാനുമെല്ലാം അവകാശം എനിയ്ക്ക് മാത്രമാണ്… എന്നെ അനുസരിക്കാമെങ്കിൽ മാത്രം അനിതയ്ക്ക് ഇവിടെ നിൽക്കാം… അല്ലെങ്കീലീ നിമിഷം ഇറങ്ങാം…”
രാധയുടെ ശബ്ദത്തിന് കടുപ്പമേറിയതും നനഞ്ഞ പടക്കമായ് അനിത…
നോക്കി നിൽക്കുന്നവർക്കിടയിലൂടെ പ്രമോദിന്റെ കൈ പിടിച്ച് മുറിയ്ക്കുള്ളിലേക്ക് കയറി വാതിൽ വലിച്ചടച്ചു രാധ…
വാതിൽ അടഞ്ഞതും പ്രമോദിനു മുമ്പിൽ തുളുമ്പി രാധയുടെ മിഴികൾ…
“കൂട്ടുകാരി ആയിട്ടേ കണ്ടിട്ടുള്ളു എന്നും ഞാൻ രാധയെ… ഈ കല്യാണത്തിന് ഞാൻ രാധയെ നിർബന്ധിച്ചത് ഞാൻ കൂടി ഇവിടെ ഇല്ലാതായാൽ അനിതയും അമ്മയും കൂടി നിന്നെ എന്റെ പേരും പറഞ്ഞ് കൊല്ലും എന്നറിഞ്ഞുതന്നെയാണ്..
“അനിയന്റെ സ്ഥാനത്ത് നിന്ന് ഒരു ഭർത്താവിന്റെ സ്ഥാനത്ത് നിനക്ക് എന്നെ കാണാൻ കഴിയുന്ന ദിവസം വരെ കാത്തിരിക്കാൻ ഞാനൊരുക്കമാണ്….”
പ്രമോദിന്റെ വാക്കുകൾക്ക് മുമ്പിൽ നിശബ്ദയായ് രാധ…
രണ്ടു വർഷങ്ങൾക്കിപ്പുറം വീർത്തുന്തിയ രാധയുടെ വയറിൽ ചെവിയോർത്തു കിന്നാരം പറഞ്ഞും ഇടയ്ക്ക് രാധയുടെ ചുവന്ന ചുണ്ടുകളിൽ കടിച്ചു നുകർന്ന് സ്നേഹം പങ്കിട്ടും പ്രമോദ് കിടക്കുമ്പോൾ അവരുടെ പ്രണയ ചേഷ്ടകൾ കണ്ട് ആ മുറിയ്ക്കുള്ളിൽ കയ്യിലൊരു ജ്യൂസ് ഗ്ലാസുമായ് നിൽപ്പുണ്ട് അനിത…
രാധ ക്ഷീണിക്കുമ്പോൾ അവൾക്ക് നൽകാനായ് പ്രമോദ് ഉണ്ടാക്കിച്ചതാണത്…
കാലമൊന്ന് കറങ്ങി തിരിഞ്ഞപ്പോൾ ആ വീട്ടിൽ എല്ലാവർക്കും പ്രിയങ്കരിയായ് മാറി രാധയെങ്കിൽ വെറുക്കപ്പെട്ടവളായ് അനിത…
ഒരു കുഞ്ഞിന് ജന്മം നൽകാൻ കഴിവില്ലാത്തവളെന്ന് ഡോക്ടർ വിധിയെഴുതിയതോടെ പ്രകാശനും അമ്മയും അകന്നവളിൽ നിന്ന്..
കാലം തിരിച്ചടികൾ നൽകാതെ കടന്നു പോയിട്ടില്ല ഒരുനാളുമെന്ന് ഓർത്ത് തന്റെ അവസരത്തിന് കാത്തുനിന്നു അനിതയും… ചെയ്ത തെറ്റുകളിൽ പശ്ചാതപിച്ചു തന്നെ…
ശുഭം…
RJ