കാറിന്റെ പിൻസീറ്റിലെയ്ക്ക് ചാരിയിരിക്കുമ്പോൾ സ്റ്റീരിയോയിലെ ഒരു അടിച്ചു പൊളി പാട്ട് വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.
“ദയവ് ചെയ്‌ത് ആ പാട്ടൊന്ന് നിർത്തുമോ?
അല്ലേൽ സൗണ്ടിത്തിരി കുറച്ചാലും മതി ”
ടാക്സി ഡ്രൈവർ കാറിനുള്ളിലെ വിരസത അകറ്റുവാനായി ഇട്ടതാണ്. പക്ഷെ അത് ആസ്വദിക്കാനുള്ള മൂടിലായിരുന്നില്ലല്ലോ താൻ !
കൂടെയുള്ള മക്കളാകട്ടെ പാട്ടിന്റെ താളത്തിൽ ഇളകി പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരുന്നു. അവർക്ക് അല്ലെങ്കിലും എന്തറിയാം!
ആകെയറിയാവുന്ന കാര്യം, അച്ഛൻ വരുന്നു എന്നുള്ള സന്തോഷകരമായ വാർത്ത മാത്രമാണ്. വരുമ്പോൾ കൊണ്ട് വരുന്ന കളിപ്പാട്ടങ്ങളുടെ ഓർമ്മകൾ അവരെ കുറച്ചു ദിവസം കൊണ്ട് ആഹ്ലാദിപ്പിച്ചിരിക്കുന്നു!
പക്ഷെ..
ഒരു വാടക വീട്ടിലെ ദുരിതപൂർണ്ണമായ പകലിരവുകൾക്കിടയിൽ നിന്ന് ഒരുപാട് സ്വപ്‌നങ്ങൾ കണ്ടാണ് അദ്ദേഹം വിദേശത്ത് ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചത്.
വിവാഹത്തിന് മുൻപ് ഒരുപാട് നാളുകൾ വിദേശത്ത് ജോലി ചെയ്‌തിരുന്നതിന്റെ എക്സ്പീരിയൻസ് ഉള്ളത് കൂടുതൽ ആത്മവിശ്വാസത്തിന് ഇടയാക്കിയിരുന്നു.
രണ്ട് മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും,സ്വന്തമായി ഒരു തുണ്ട് ഭൂമിയും അതിലൊരു കൊച്ചു കൂരയും തങ്ങളുടെ എപ്പോഴത്തെയും സ്വപ്‌നങ്ങൾ ആയിരുന്നു.
പത്രങ്ങളിൽ വരുന്ന തൊഴിൽ അവസരങ്ങളുടെ കോളങ്ങൾ അരിച്ചു പെറുക്കി അതിനെല്ലാം മറുപടി കൊടുത്തു, കാത്തിരുന്ന നേരത്താണ് അവർ ഫോണിലേയ്ക്ക് വിളിക്കുന്നതും ഇന്റർവ്യൂവിന് ചെല്ലാൻ ആവശ്യപ്പെടുന്നതും.
അങ്ങനെ ഇന്റർവ്യൂവും പിന്നെ വന്ന മെഡിക്കലും ഒക്കെ വിജയിച്ചു വിസയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പായി.
“ഞാൻ പോയാൽ നീയും കുഞ്ഞുങ്ങളും ഒറ്റയ്ക്കാവുമല്ലോ.. ”
“പിന്നെ, എന്ന് കരുതി നല്ലൊരു അവസരം തട്ടിക്കളയണോ. ഞാൻ പിള്ളേരെ നോക്കിക്കോളാം.
ഏട്ടൻ അതൊന്നും ഓർത്ത് വിഷമിക്കണ്ട. എങ്ങനെയെങ്കിലും
ഒന്ന് രക്ഷപ്പെടാൻ നോക്ക്!”
അച്ഛൻ ഗൾഫിൽ പോകുന്ന വാർത്ത അറിഞ്ഞ് മക്കൾ കൂട്ടുകാരോടൊക്കെ വലിയ പൊങ്ങച്ചങ്ങൾ വിളമ്പി തുടങ്ങിയിരുന്നു.
റിമോട്ട് കാർ , സ്‌പൈഡർമാന്റെ ഉടുപ്പ്, ടാബ് അങ്ങനെ അങ്ങനെ അവരുടെ ഇഷ്ടങ്ങൾക്കും ആവശ്യങ്ങൾക്കും മാത്രം അതിരുകളില്ലായിരുന്നു.
പക്ഷെ ആഗ്രഹങ്ങൾ ഒരുപാട് ഉണ്ടായിരുന്നിട്ടും എല്ലാം ഉള്ളിലടക്കി. കടങ്ങളും ദുരിതങ്ങളും ഇല്ലാത്ത, ആരും ഇറക്കി വിടാത്ത ഒരു കൊച്ചു വീട് മാത്രം ഒരുപാട് ഉയരത്തിൽ, ഉച്ചത്തിൽ ആഗ്രഹിച്ചു.
യാത്ര അയയ്ക്കാൻ പോയതും കണ്ണിൽ നിന്ന് മറയുന്നത് വരെയും തേങ്ങലുകൾ അടക്കി പിടിച്ചു നിന്ന് പുഞ്ചിരിയോടെ കയ്യ് വീശി കാട്ടിയതും ഇന്നലത്തെ പോലെ വീണ്ടും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു.
രണ്ട് മക്കളെയും കൊണ്ട് ഒറ്റയ്ക്കുള്ള ജീവിതം ഒരർത്ഥത്തിൽ ഒരു പൊരുതൽ തന്നെ ആയിരുന്നു.
പുലർച്ചെ എഴുന്നേറ്റു വീട്ട് ജോലികളെല്ലാം തീർത്ത്,മക്കളെ കുളിപ്പിച്ചൊരുക്കി ആഹാരവും കൊടുത്തു റെഡിയാക്കി സ്കൂളിൽ കൊണ്ട് പോകാനും, തിരികെ കൊണ്ട് വരാനും, ഒരു വീടിനെ ഒറ്റയ്ക്ക് നയിച്ചു കൊണ്ട് പോകാനും ഒക്കെ താൻ മാത്രം.
മാസങ്ങൾ കടന്ന് പോകുംതോറും പ്രതീക്ഷകൾക്ക് നിറവും താളവും വേരൂന്നി തുടങ്ങി. ജോലിയിലെ മികവിന് സെക്ഷൻ ചാർജിയന്റാക്കാൻ കമ്പനിയിൽ ആലോചന ഉണ്ട് എന്ന് വിളിച്ചു പറഞ്ഞ ദിവസം നന്നായി ഒന്നുറങ്ങാൻ കഴിഞ്ഞു. എല്ലാം ശരിയായി വരുന്നുണ്ട് എന്നൊരു ആശ്വാസത്തിന് പക്ഷെ, ആയുസ്സ് തീരെ കുറവായിരുന്നു.
വിളിക്കുമ്പോഴൊക്കെ ഒരു സന്തോഷമില്ലായ്മ്മ അനുഭവിച്ചു. ആവർത്തിച്ചു ചോദിച്ചിട്ടും ഒന്നും വിട്ട് പറയാൻ കൂട്ടാക്കാത്ത ആളിനോട് വീണ്ടും ചോദിക്കാൻ അഭിമാനം ഒട്ടനുവദിച്ചുമില്ല.
പക്ഷെ അതോടെ ആകെയുണ്ടായിരുന്ന സ്വസ്ഥതയും ഇല്ലാതായി.
തുറന്നു പറയാൻ പറ്റാത്ത എന്ത് പ്രശ്നമായിരിക്കും അവിടെ ഉള്ളത്?
അല്ലെങ്കിലും ഒരുമാതിരിപ്പെട്ട കാര്യങ്ങൾ ഒന്നും തുറന്നു പറയാത്ത ആളാണ്.
ഒരിക്കൽ വിളിച്ചപ്പോൾ ഇന്ന് ജോലിക്ക് പോയില്ല, ആകെയൊരു വല്ലായ്മ എന്ന് പറഞ്ഞപ്പോൾ ആളിന്റെ ഉച്ച വല്ലാതെ അടഞ്ഞിരുന്നു.
“നീ വിഷമിക്കരുത്, എനിക്ക് കുറച്ചു ദിവസങ്ങളായി ഒന്നും കഴിക്കാൻ പറ്റുന്നില്ല. ഉറങ്ങാനും, ജോലിക്ക് പോകാനും ഒനിന്നും കഴിയുന്നില്ല..”
“അയ്യോ, എന്താ പറ്റിയത്? ഹോസ്പിറ്റലിൽ ഒന്ന് പോകായിരുന്നില്ലേ?”
“ഇന്നലെ പോയി. പക്ഷെ ബ്ലഡ് ഒക്കെ ടെസ്റ്റ് ചെയ്തിട്ട് അവര് പറഞ്ഞത്, മഞ്ഞ പ്പിത്തത്തിന്റെ ലക്ഷണമാണെന്നാ.. ആകെ പെട്ടു പോയെന്ന് പറഞ്ഞാൽ മതിയല്ലോ!”
“അയ്യോ. ഇനിയെന്ത് ചെയ്യും? ”
അപ്പുറത്ത് വല്ലാത്തൊരു മൂകത.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം തളർന്ന സ്വരം കേട്ടു.
” എന്ത് ചെയ്യാനാ.. ഇവിടെ എവിടെയെങ്കിലും ചുരുണ്ടു കിടക്കാം.. ”
“അതൊന്നും വേണ്ട. ഏട്ടൻ എത്രയും പെട്ടന്ന് തിരിച്ചു പോരാൻ നോക്ക്. ബാക്കിയൊക്കെ ഇവിടെ വന്നിട്ട് തീരുമാനിക്കാം.”
“ഞാൻ ഇപ്പൊ വന്നാലെങ്ങനെയാ? നമ്മുടെ സ്വപ്നം…”
“സ്വപ്നം പൂർത്തിയാക്കാൻ ആദ്യം ആരോഗ്യമല്ലേ വേണ്ടത്? ഇവിടെ ഏതെങ്കിലും ഹോസ്പിറ്റലിൽ പോകാം..”
തന്റെ സ്വരത്തിലെ സ്നേഹവും പിന്തുണയും തിരിച്ചറിഞ്ഞിട്ടാവണം പിന്നെ ഒന്നും പറഞ്ഞില്ല.
വീടും കുടിയുമൊക്കെ പിന്നെയാണേലും ഉണ്ടാക്കാം. അതിനൊക്കെ ഒരു സമയവും കാലവുമുണ്ട്!
എല്ലാ സ്വപ്നങ്ങളും പൂർത്തിയാക്കാനും കൂടെ നിൽക്കാനും തണലായി തീരാനും ഉടമസ്ഥൻ ഇല്ലെങ്കിൽ പിന്നെയെന്തു ജീവിതം! എന്ത് സ്വപ്‌നങ്ങൾ?
കാർ കുറച്ചു കൂടി സ്പീഡിൽ പോയിരുന്നെങ്കിൽ..
ഡ്രൈവർ പാട്ടിന്റെ വോളിയം ലേശം കുറച്ചിട്ടുണ്ട്. പക്ഷെ മാറി മാറി വരുന്ന സിനിമ ഗാനങ്ങളുടെ മൂഡിലാണെന്നു തോന്നുന്നു.
കാറ്റിന്റെ നേർത്ത താരാട്ടിൽ കണ്ണ് അടഞ്ഞു പോയത് അറിഞ്ഞില്ല.
“അമ്മേ എയർപോർട്ടിൽ എത്തി. കണ്ണ് തുറന്നേ ”
കാർ പാർക്കിങ്ങിൽ നിർത്തിയിട്ടിരിക്കുന്നു!
ഉറങ്ങിപ്പോയത് കൊണ്ട് ഒന്നുമറിഞ്ഞില്ല!
സാരിയുടെ മുന്താണി ഒതുക്കി പിടിച്ചു കൊണ്ട് മെല്ലെ ഇറങ്ങി.
മക്കൾ അച്ഛനെ കാണാനുള്ള ആവേശത്തോടെ തന്നെ വിട്ട് മുന്നോട്ട് നടന്നു കഴിഞ്ഞിരുന്നു.
ഏറെ നേരത്തെ കാത്തുനിൽപ്പിനൊടുവിൽ ആളുകൾ തങ്ങളെ കാത്തു നിൽക്കുന്ന പ്രിയപ്പെട്ടവരെ കണ്ട് വെളുക്കെ ചിരിച്ചും,
കയ്യ് വീശിയും കടന്ന് വരുന്നത് കണ്ട് മനസ്സ് വല്ലാതെ മിടിച്ചു കൊണ്ടിരുന്നു!
നിര നിരയായി വരുന്നവർക്കിടയിൽ ഞങ്ങൾ കാത്തിരുന്ന ആളിനെ മാത്രം കാണുന്നില്ല.
അമ്മേ അച്ഛൻ എവിടെ?
വരും. നോക്കാം.
ഒരാൾ അപ്പോഴേക്കും കൈ വീശി കാണിച്ചു കൊണ്ട് മുന്നോട്ട് വരുന്നുണ്ടായിരുന്നു. പക്ഷെ അത് തങ്ങളുടെ പിന്നിൽ നിൽക്കുന്ന മറ്റ് ആരെയെങ്കിലും ആയിരിക്കും എന്ന് കരുതി അനങ്ങാതെ നിന്നതേയുള്ളൂ!
പക്ഷെ ആ ചിരി, ഉള്ളിൽ എവിടെയോ ഒരു തീപ്പൊരി മിന്നിച്ചത് പെട്ടെന്നായിരുന്നു!
കാലുകൾ നിന്നിടത്തു നിന്ന് അനങ്ങുന്നില്ല.
ദൈവമേ ! ഇത് എന്താണ്?
എന്തൊരു കോലമാണ്?
തല ചുറ്റുന്നത് പോലെ!
നേർത്തൊരു ചിരിയോടെ അരികിലേക്ക് വന്ന ആളിനെ കണ്ട് മക്കൾ ഒന്നമ്പരന്ന്,
അമ്മയെ പാളി നോക്കി.
അമ്മയുടെ പന്തിയല്ലാത്ത മുഖം കണ്ട്, അത് വരെ സന്തോഷം തിര തല്ലിയിരുന്ന അവരുടെ കുഞ്ഞ് മുഖങ്ങൾ കാർമേഘം മൂടിയത് പോലെ പെട്ടന്ന് ഇരുണ്ടു പോയി!
അമ്മേ അച്ഛൻ??
ഒന്നും മിണ്ടാതെ തലയാട്ടാനെ കഴിഞ്ഞുള്ളൂ.
അത് തന്റെ ഭർത്താവ് തന്നെയോ?
ഒടുവിലായി പിരിഞ്ഞ ദിവസം, ഒരോർമ്മ തെറ്റ് പോലെ മനസ്സിലേക്ക് വഴി തെറ്റി കടന്നു വന്നു.
അന്ന് തന്റെ അടുത്ത് നിന്ന് പോയ ആളു തന്നെയാണോ ഇത്!!
ഒരു മനുഷ്യന് ഇങ്ങനെ മാറിപ്പോകാൻ സാധിക്കുമോ?
ഇത് ഉണങ്ങി കരിഞ്ഞു പോയൊരു മനുഷ്യ കോലം!!
ഇത്രയും നാളുകൾ കൊണ്ട് എന്താണ് സംഭവിച്ചത്?
ചോദ്യങ്ങൾ ചോദിക്കുവാനും, മറുപടികൾ തരാനുമുള്ള മാനസീക അവസ്ഥയിലായിരുന്നില്ലല്ലോ ആരും അപ്പോൾ.
കാറിനുള്ളിലേക്ക് കയറി ഇരിക്കുമ്പോഴും ആ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യമുണ്ടായില്ല.
രാത്രി ഏറെ വൈകിയിരുന്നു.
കാറിനകത്ത് വല്ലാത്തൊരു നിശബ്ദത ചുറ്റി ക്കറങ്ങി. പിന്നിലേക്ക് പായുന്ന പുറത്തെ മിന്നി തെളിയുന്ന ലൈറ്റുകളിലേക്ക് നോക്കി
മക്കൾ വെറുതെ ഇരുന്നു.
തോളിൽ ഒരു കൈ ദുർബലമായി അമർന്നു.
നിറഞ്ഞ കണ്ണുകളോടെ ആ മുഖത്തേയ്ക്ക് ഒന്ന് നോക്കി.
ഇതിനായിരുന്നോ ഞങ്ങളെയൊക്കെ വിട്ട് കടല് കടന്നു പോയത്??
ആ നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങൾ ഒരു തിരമാല പോലെ അലയടിച്ചു കൊണ്ടിരുന്നു.
മുഖത്തെ വ്യാകുലതയുടെ ആഴം കണ്ടപ്പോൾ സ്വയം മനസ്സിനെ അടക്കി.
സുഖമില്ലാതെ വന്ന ആളാണ്!
ഇത്തിരി ജീവനെങ്കിലും ആ ശരീരത്ത് നിനക്കായി അവശേഷിച്ചിട്ടുണ്ടല്ലോ..
അതെ! ഇനിയുള്ളതൊക്കെ ഞാൻ നോക്കിക്കോളാം.. ഇങ്ങനെയെങ്കിലും തനിക്ക് തിരിച്ചു കിട്ടിയല്ലോ!
ആത്മ വിശ്വാസത്തിന്റെ ഒരു നിറവും സമാധാനവും തന്റെ ഉള്ളിൽ പരക്കുന്നുണ്ട്.
അത് മുഖത്ത് പ്രതിഫലിച്ചിട്ടോ എന്തോ ചുമലിൽ അമർന്ന വിരലുകൾക്ക് കൂടുതൽ ശക്തി വന്നത് പോലെ!
കറിനുള്ളിലെ നിലച്ചു പോയ നിമിഷങ്ങളുടെ വിരസത,തന്റെ കണ്ണുകളെ ദുർബലമാക്കുമെന്ന് തോന്നിയിട്ടാവും ഒരു പഴയ സിനിമ ഗാനം നേർത്ത ശബ്ദത്തിൽ വെച്ച്, ഡ്രൈവർ അതിനൊപ്പിച്ച് മെല്ലെ മൂളിത്തുടങ്ങി!
നേരം പുലർന്ന് കഴിഞ്ഞും ഉറക്കം കണ്ണുകളിൽ നിന്ന് വിട പറയാൻ മടിച്ച് എന്തോ പരതുന്ന ഭാവത്തിൽ കൺപോളകളിൽ തന്നെ
തങ്ങി നിന്നു.
യാത്രാക്ഷീണവും, ഒരുപാട് നാളുകളായി മൂടി വെച്ച പരിഭവങ്ങളും,ആകുലതകളും സങ്കട കടലിന്റെ കുത്തൊഴുക്കിൽ അണപൊട്ടിയൊഴുകി തീർന്നിരിക്കുന്നു.
അപ്പോഴും ശാന്തമായി ഉറങ്ങിക്കിടക്കുന്ന ഭർത്താവിന്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ഒരു കുറ്റബോധം തോന്നി.
ഇങ്ങനെ മടി പിടിച്ചു കിടന്നാൽ പറ്റില്ലല്ലോ.
ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ കൊണ്ട് പോകണം,ചികിൽസിക്കണം,പഴയ ആരോഗ്യമൊക്കെ വീണ്ടെടുക്കണം.
പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
മക്കളെ പോകുന്ന വഴി വീട്ടിലാക്കി. ഹോസ്പിറ്റലിൽ പോയാൽ എപ്പോൾ വരുമെന്നോ,എന്താണെന്നോ ഒന്നും നിശ്ചയം ഇല്ല. ഹോസ്പിറ്റലിൽ ഏട്ടന്റെ പെങ്ങളുടെ ഭർത്താവ് കാത്തു നിന്നിരുന്നു.
ഡോക്ടർ വിശദമായി പരിശോധിച്ചു.ടെസ്റ്റുകളുടെ റിസൾട്ടും
ഗൾഫിലെ ഹോസ്പിറ്റലിൽ നിന്ന് തന്ന പേപ്പേഴ്സും കണ്ട് ഡോക്ടറുടെ മുഖം വല്ലാതെ ചുവന്നു.
“ഇയാൾക്ക് മഞ്ഞപ്പിത്തം ആണെന്ന് ആര് പറഞ്ഞു??”
അന്തം വിട്ടു നിന്നവരുടെ മുഖം കണ്ടതും ഡോക്ടർ ഒന്ന് ശാന്തനായി.
” നോക്ക് എല്ലാ ടെസ്റ്റുകളും കണ്ടിട്ടാണ് ഞാൻ പറയുന്നത്. പേടിക്കേണ്ട ഒരു അസുഖവുമില്ല. പിന്നെ ആളൊരുപാട് വീക്ക് ആണ്. അതുകൊണ്ട് ആരോഗ്യം ശരിയാകുന്നത് വരെ കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ.. ”
ഡോക്ടറുടെ വാക്കുകൾ ഒരു മഞ്ഞു തുള്ളി പോലെയാണ് ഹൃദയത്തിൽ പതിച്ചത്.
ദൈവമേ! എന്തൊക്കെയാണ് രണ്ട് ദിവസം കൊണ്ട് ചിന്തിച്ചു കൂട്ടിയത്!
ഭർത്താവിന്റെ ഒപ്പം ഹോസ്പിറ്റലിൽ നിന്ന ദിവസങ്ങളിൽ പലരും ഒട്ടൊരു സംശയത്തോടെയാണ് തങ്ങളെ നോക്കുന്നതെന്ന് അവളറിഞ്ഞു.
ചിലർ സംശയം തീർക്കാൻ അത് അവളോട് തുറന്നു ചോദിക്കുക തന്നെ ചെയ്തു.
മോളുടെ അച്ഛനാണോ സുഖമില്ലാത്തത്?
അമ്മ വന്നില്ലേ കൂടെ നിൽക്കാൻ?
ചോദ്യങ്ങൾ കേട്ട് ചിരിക്കണോ കരയണോ എന്നുപോലും അവൾക്കറിയില്ലായിരുന്നു!
അപ്പോൾ പലരും ഏട്ടനോടൊപ്പം താൻ മാത്രം കൂടെ നിൽക്കുന്നതും, പരിചരിക്കുന്നതും
കണ്ട് തുറിച്ചു നോക്കിയതിന്റെ കാരണങ്ങൾ ഇപ്പോഴാണ് മനസ്സിലായത്!!
ഒരാളുടെ രൂപത്തിനും,ഭാവത്തിനും മാറ്റമുണ്ടാകുമ്പോൾ അത് കാണുന്നവരുടെ ചിന്തകൾക്കും,അന്വേഷണങ്ങൾക്കും
ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം!
അതിൽ ആരോടും പരിഭവിച്ചിട്ടും,പരിഹസിച്ചിട്ടും കാര്യമില്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.
കുറെ ദിവസത്തെ ഹോസ്പിറ്റൽ ജീവിതം ഭർത്താവിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു. കഴിക്കാൻ കുറേശ്ശേ താല്പ്പര്യം വന്നു, നല്ല ഉറക്കം കിട്ടി തുടങ്ങി.
ഡിസ്ചാർജ് ചെയ്‌തു വീട്ടിൽ എത്തി.
എല്ലാം പഴയ പടി ആയിതുടങ്ങിയത് വളരെ കുറച്ചു നാളത്തേയ്ക്ക് മാത്രമായിരുന്നു!
പതിയെ പതിയെ ആളു വീണ്ടും അസ്വസ്ഥനാകുന്നത് ശ്രദ്ധിച്ചു.
ഒറ്റയ്ക്ക് എവിടെയും പോകാൻ ധൈര്യം ഇല്ലാത്തത് പോലെ..
അസുഖങ്ങൾ വീണ്ടും തലപ്പൊക്കുന്നു, പക്ഷെ പല പല ഹോസ്പിറ്റലുകളും, ഡോക്ടർമാരും നോക്കിയിട്ട് പ്രത്യേകിച്ച് ഒരു അസുഖവും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല.
എന്താ പറ്റിയത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല.
ക്ഷേത്ര ദർശനങ്ങളും, വഴിപാടുകളും കണക്കില്ലാതെ ചെയ്‌തു!
നല്ലത് പ്രതീക്ഷിച്ചു ജീവിതം വല്ലാതെ മടുത്തു പോകുന്നു.
മോനും മോളും ഇടയ്ക്കൊക്കെ ചോദിച്ചു തുടങ്ങി. അമ്മേ അച്ഛൻ ഇനി പോകുന്നില്ലേ?
മറുപടി പറയാൻ വൈകുമ്പോൾ അച്ഛൻ തന്നെയാണ് അതിനൊരു മറുചോദ്യം ചോദിച്ചത്!
അച്ഛൻ ഇവിടെ നിൽക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലേ?
തെളിച്ചം കുറഞ്ഞ മുഖം കുനിച്ചു പിടിച്ചു കൊണ്ട് അവർ മിണ്ടാതെ നിന്നു .
ആഗ്രഹങ്ങൾ ഒരുപാട് ഉണ്ടായിരുന്നതല്ലേ..പാവങ്ങൾ! അവരെ തെറ്റ് പറയുന്നതെങ്ങനെ?
പക്ഷെ,അച്ഛൻ കേൾക്കാതെ രണ്ടാളെയും മാറ്റി നിർത്തി.
ഇനിയൊരിക്കലും ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് കേട്ടോ. അച്ഛന് വിഷമമാകും.സുഖമില്ലാത്തത് കൊണ്ടല്ലേ അച്ഛൻ തിരിച്ചു വന്നത് ?
അപ്പൊ അച്ഛന് സുഖമായിക്കഴിഞ്ഞാൽ ഇനിയും പോകുമോ ഗൾഫിൽ?
മോളുടെ മുഖം ആകാംക്ഷ കൊണ്ട് നിറഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി.
ഇനിയും മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ ഒന്നും ചിന്തിക്കുന്നില്ല.ഇന്നത്തെ കാര്യം കഴിയട്ടെ!
ജോലി ചെയ്യാനുള്ള ഉറപ്പ് ശരീരത്തേക്കാൾ കുറവ് മനസ്സിനായിരുന്നു.തനിച്ചു വണ്ടിയോടിച്ചു പോകാനുള്ള ധൈര്യക്കുറവ് കൊണ്ട്
എപ്പോഴും ഓട്ടോയിൽ ആയി യാത്രകളൊക്കെ.
അവനെ വല്ല സൈക്യാട്രിസ്റ്റിനെയും കൊണ്ട് കാണിക്ക്.. എല്ലാത്തിനും ഒരു പേടി! ഇങ്ങനെ ആയാൽ രണ്ട് പിള്ളേരെയും ഭാര്യയെയും എങ്ങനെ നോക്കും??
ബന്ധുക്കൾ മുറുമുറുത്തു..
എല്ലാവർക്കും പരിഹസിക്കാനും,സഹതപിക്കാനുമുള്ള ഒരു കഥാപാത്രമായി തന്റെ ഭർത്താവ് മാറുന്നത് കണ്ട് അവളുടെ മനസ്സ് പിടഞ്ഞു.
എല്ലാ ദുഃഖവും ഉള്ളിലടക്കി മുഖത്ത് ഒരു വലിയ ചിരിയുടെ ചമയ കൂട്ടുകൾ വാരിത്തേച്ചു നടക്കുന്ന ഭാര്യ അയാളെയും ഏറെ വേദനിപ്പിച്ചിരുന്നു.
എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായത അയാളെ ആകെ ഭ്രാന്ത് പിടിപ്പിച്ചു.
അന്ന് ഉറക്കം വിട്ടെഴുന്നേറ്റ് വരുമ്പോൾ മുൻവശത്തെ വാതിൽ ലേശം തുറന്നു കിടപ്പുണ്ടായിരുന്നു.
എല്ലായിടത്തും നോക്കിയിട്ട് ഒരാൾ മാത്രം ആ വീട്ടിൽ ഒരിടത്തും ഇല്ലായിരുന്നു.
എവിടെ പോയതാവും??
എങ്ങോട്ടെങ്കിലും ഇറങ്ങിയതാവും.
കാപ്പി അടുപ്പത്തു വെച്ച് അവൾ മറ്റ് ജോലികളിൽ മുഴുകി.
സമയം കടന്നു പോകുംതോറും ആളിനെ മാത്രം കാണുന്നില്ല.ഫോൺ എടുത്തു വിളിച്ചു നോക്കാം.പക്ഷെ മറുപ്പുറത്തുള്ള മറുപടി സ്വിച്ച് ഓഫ്!
ഒരു മെസ്സേജ് അപ്പോഴാണ് ശ്രദ്ധിച്ചത്.
അയ്യോ ഏട്ടന്റെ ആണല്ലോ!
മെസ്സേജ് തുറന്നു നോക്കിയതും ഞെട്ടിത്തരിച്ചു നിന്നു.
കുറച്ചു ദിവസങ്ങൾ ആയി ചിന്തിക്കുന്നു.ദൂരെ എവിടെ എങ്കിലും ജോലിക്ക് പോയാലോയെന്ന്.
നിന്നോട് പറഞ്ഞാൽ വിടില്ലന്നറിയാം.അതാണ് പറയാതിരുന്നത്.ഞാൻ ഇടയ്ക്ക് അവധി കിട്ടുമ്പോൾ വരാം.എല്ലാവരുടെയും അടുത്ത് നിന്ന് കുറച്ചു നാൾ മാറി നിൽക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.
മക്കളെ ശ്രദ്ധിച്ചോണം.ഞാൻ വിളിക്കാം.
കണ്ണുനീർ ഒഴുകിയിറങ്ങിയത് അറിഞ്ഞില്ല.
ഓർക്കുംതോറും സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
വേണ്ടിയിരുന്നില്ല., ഈ അവസ്ഥയിൽ. എങ്ങോട്ടും പോകേണ്ടിയിരുന്നില്ല.
എല്ലാ വിഷമങ്ങളിലും താങ്ങായി നിൽക്കാൻ കൂടെ ഞാനില്ലേ? പിന്നെയെന്തിന് ഇങ്ങനെയൊക്കെ ചെയ്തു?
പക്ഷെ പലതും ചിന്തിച്ചുറപ്പിച്ചായിരുന്നു നടന്നിരുന്നത് എന്ന് കൂടെ കഴിഞ്ഞിട്ട് പോലും അറിയാതെ പോയല്ലോ..
ജോലിക്കാണ് പോയത് എന്ന് ഓർത്ത് ചെറിയൊരു സമാധാനം തോന്നുന്നു.
എങ്കിലും അവൾ മുറിയിലേക്ക് പോയി ഡ്രെസ്സുകളും,ബാഗുമൊക്കെ പരിശോധിച്ചു.
ഇല്ല,ഒന്നും തന്നെ ഇവിടെയില്ല!
മനസ്സിൽ ഒരു തണുപ്പ് വീഴുന്നുണ്ട്.ചെറിയൊരു ആശ്വാസം!
പാവം!
എങ്കിലും,ചിതറി പോയ സ്വപ്‌നങ്ങൾ കൂട്ടി വെയ്ക്കാൻ ഇത്രയും തിരക്ക് വേണ്ടായിരുന്നു.
മുഖം തുടച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ ഏട്ടനെടുത്ത് വെച്ച കാപ്പി ആറിതണുത്തിരുന്നു !!
✍️ #ശാലിനിമുരളി
#മൈഷോർട്സ്റ്റോറി
