ക്യാൻവാസ്
ഏകാന്തവും സുന്ദരവുമായ താഴ് വാരത്തിൻ്റെ വസന്തം വിരിയുന്ന വിരിമാറിൽ സ്റ്റാൻഡിനു മുകളിൽ ഒരാൾ പൊക്കത്തിലുള്ള ക്യാൻവാസ് ഉറപ്പിച്ചു. വരക്കാനും പേയ്ന്റിങ്ങിനും ഉള്ള സാമഗ്രികൾ ഒന്നൊന്നായി പുറത്തെടുത്തു മാറ്റിവെച്ചു .കുറച്ചു സമയം, വരക്കാൻ പോകുന്ന രൂപത്തെ മനസ്സിൽ ആവാഹിക്കും വിധം കണ്ണുകൾ അടച്ചു സ്മരണ പുതുക്കി. . നരച്ച താടിക്കും മീശയ്ക്കും ഇടയിലൂടെ സുന്ദരമായ ചുണ്ടുകളിൽ മന്ദസ്മിതം വിരിയിച്ചു കൊണ്ട് ചിത്രം വരച്ചു തുടങ്ങി ..
അധികം ഇടവേളകളില്ലാതെ വരച്ചത് കൊണ്ടാകാം വൈകുന്നേരത്തോടെ അയാൾക്ക് അത് പൂർത്തിയായ്ക്കാൻ കഴിഞ്ഞത് . വരച്ച ചിത്രത്തിലേക്ക് കണ്ണിമ വെട്ടാതെ ഏറെ നേരം നോക്കിനിന്നു. ഏറെ നാളായി തന്റെ ഉറക്കത്തിൽ, സ്വപ്നത്തിൽ വന്നത് ഇതേ രൂപം തന്നെയാണെന്ന് വീണ്ടും വീണ്ടും പിറുപിറുത്തു. അത്രയേറെ മനോഹരിയായ ആ സ്വപ്നസുന്ദരിയെ അയാൾ ‘ലാവണ്യ ‘ എന്ന് പേരു വിളിച്ചു..
അത് അയാൾ ഒരിക്കലും വിൽപ്പനക്കായി വരച്ചതായിരുന്നില്ല. പിന്നിട്ട ജീവിതത്തിലെ ഏകാന്ത യാത്രയിലെന്നോ ഒരു കൂട്ടിനായ് അയാളും ദാഹിച്ചിരിക്കാം ..അതിലൂടെ ഒരു സങ്കൽപ്പ സുന്ദരി മനസ്സിൽ വേരുറച്ചിരിക്കാം. അത് സ്വപ്നമായും പിന്നീട് ചിത്രമായും രൂപപ്പെട്ടിരിക്കാം .
ക്യാൻവാസ് ചുരുട്ടിയെടുത്തു വണ്ടിയിൽ വെച്ച് റൂമിലേക്ക് പോകാൻ തുടങ്ങുമ്പോൾ ഏതാണ്ട് ഇരുട്ടിത്തുടങ്ങിയിരുന്നു. ആരോ നടന്നു വരുന്നത് ഗ്ലാസ്സിലൂടെ കണ്ടത് കൊണ്ട് അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു ഒരു നിമിഷം കാത്തു ..
എനിക്കൊരു ലിഫ്റ്റ് തരാമോ എന്ന് ചോദിച്ചു കൊണ്ട് മറുപടിക്കു കാത്തുനിൽക്കാതെ ഒരു പെൺകുട്ടി കാറിന്റെ പിൻ സീറ്റിൽ കയറി .
അയാൾക്ക് ചെറുതായി കോപം വന്നെങ്കിലും വണ്ടി മുന്നോട്ടു എടുത്തുകൊണ്ടു “എങ്ങോട്ടാ പോകേണ്ടത്” എന്ന് ചോദിച്ചു.
അവൾ, അയാൾ താമസിക്കുന്ന ഹോട്ടലിന്റെ പേര് പറഞ്ഞു..
“ശരി .ഞാനും അവിടേക്കാണ്. ഇരിക്കുമ്പോൾ എന്റെ ക്യാൻവാസ് മടങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം .”
“തീർച്ചയായും ”
ഹോട്ടലിൽ ഇറങ്ങുന്നത് വരെ അവർ പരസ്പരം സംസാരിച്ചില്ല. എന്തിനേറെ, പരിചയപ്പെടുക പോലും ചെയ്തില്ല.. പാർക്ക് ചെയ്തു അവൾ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴും അയാൾ ക്യാൻവാസ് ശ്രദ്ധാപൂർവം പുറത്തെടുക്കുന്ന തിരക്കിലായിരുന്നു. അതിനു വല്ല കേടുപാടുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അവളെ തീർത്തു കളയാനുള്ള കോപം മാത്രം അയാളുടെ മുഖത്തു പ്രതിഫലിച്ചു.
ലിഫ്റ്റിൽ നിന്ന് മുകളിലേക്ക് കയറുമ്പോഴും അവൾ കൂടെ തന്നെ ഉണ്ടായിരുന്നു.. ഒരേ ഫ്ലോറിൽ ഇറങ്ങി ഒരേ ദിശയിൽ രണ്ടുപേരും നടന്നു നീങ്ങി ..റൂമിന്റെ ചാവി എടുക്കാനായി നോക്കിയപ്പോൾ അത് കാറിലായിപ്പോയല്ലോ എന്ന് ഓർത്തു തിരിഞ്ഞപ്പോഴേക്കും അവൾ ചാവി നീട്ടി പിന്നിൽ നിൽക്കുന്നു..
“ഇതാണോ നോക്കുന്നത്. മറന്നപ്പോൾ ഞാൻ ഇങ്ങെടുത്തു.” വാതിൽ തുറന്നു കൊണ്ട് അയാൾ പറഞ്ഞു.
“താങ്ക്സ്”
അപ്പോഴാണ് അവളോട് അയാൾക്ക് കുറച്ചു ദയത്തോന്നിയതു എന്ന് തോനുന്നു. കോറിഡോറിലെ അരണ്ട വെളിച്ചത്തിൽ അവളെ മെല്ലെയൊന്നു നോക്കി .അയാൾക്കുള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു ..വ്യക്തമല്ലാത്ത വെളിച്ചത്തിൽ വെളിച്ചത്തിൽ വിശ്വാസം വരാതെ പിന്നെയും നോക്കി ..
“ഞാൻ അകത്തേക്ക് വന്നോട്ടെ” പുഞ്ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.
ഒരു മാസ്മരിക ലോകത്തിലെന്നപോലെ അയാൾ തലയാട്ടി .
“എന്നെ മനസ്സിലായോ.ഞാൻ ലാവണ്യ”
അയാളുടെ ഉള്ളിൽ സന്തോഷത്തിന്റെയും പ്രണയത്തിൻ്റെയും വിസ്പോടനങ്ങൾ ഉണ്ടായി. ചുരുട്ടി വെച്ച ക്യാൻവാസ് നിവർത്താൻ തുടങ്ങവേ അവൾ അയാളെ തടഞ്ഞു.. “അത് ഒരിക്കലും പാടില്ല “..അയാൾ ഒരു കുഞ്ഞിനെ പോലെ അനുസരിച്ചു.. അത് ഭദ്രമായി കട്ടിലിനു അടിയിൽ തള്ളിയ ശേഷം അവർ പുതിയ ജീവിതത്തിലേക്ക് കടന്നു.
അയാൾ ആ ചിത്രം ഒന്ന് കൂടി കാണാൻ ആഗ്രഹിക്കുന്നു എന്ന് അറിയിച്ചപ്പോഴൊക്കെ “എന്നെ മടുത്തോ ..എങ്കിൽ മാത്രം തുറന്നോളൂ” എന്ന അവളുടെ മറുപടിയിൽ അയാൾ ആ ഉദ്യമം വേണ്ടെന്നു വെച്ചു ..കാരണം അവളെ പിരിഞ്ഞുള്ള ഒരു നിമിഷം അയാൾക്ക് ആലോചിക്കാൻ പറ്റാതെ ആയിരിക്കുന്നു..
അവളോടൊത്തുള്ള അയാളുടെ പിന്നീടുള്ള ദിനങ്ങൾ തിരക്കുള്ള തായിരുന്നു. അമ്പതിനോട് അടുത്ത അയാൾ ഒരു യുവാവിനെപോലെ സുന്ദരനായിത്തുടങ്ങിയിരുന്നു. അയാളുടെ വരകൾക്കു പതിവിലും ചാരുതയാർന്നു. ആവശ്യക്കാരുടെ എണ്ണം ഏറിതുടങ്ങിയിരുന്നു. ചിത്ര പ്രദർശനങ്ങളും അവാർഡുനിശകളും പതിവായി. രാജ്യാന്തര മേളയ്ക്ക് വരെ അയാളുടെ ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. അവളോടൊത്തുള്ള ജീവിതം സന്തുഷ്ടവും സ്നേഹനിർഭരവും ആയതിനാൽ ആവാം അന്നു വരച്ച ‘ലാവണ്യ’ എന്ന പടത്തെക്കുറിച്ചു അയാൾ ഏറെ നാളായി മറന്നു പോയിരുന്നു.
ഇന്നത്തെ അഭിവൃദ്ധിക്കും പ്രസിദ്ധിക്കും കാരണം അവളുടെ ഐശ്വര്യമാണ് എന്ന് അയാൾ ഉറച്ചു വിശ്വസിക്കുകയും പോകുന്നിടത്തൊക്കെ അവൾ സന്തത സഹചാരിയായി അയാളോടൊപ്പം കൂടുകയും ചെയ്തു..
ഒരു ചിത്രം പോലെ മനോഹരമായ ആ താഴ് വാരത്തിൽ സ്വപ്നതുല്യമായ ഒരു കൊച്ചു വീട് അവർക്കായി അതിനകം ഒരുങ്ങിയിരുന്നു. സാധനങ്ങൾ പാക്ക് ചെയ്യുന്നതിന് ഇടയിലാണ് ആ പഴയ ക്യാൻവാസ് അയാളുടെ കൈയ്യിൽ ഉടക്കിയത്..
താൻ വരച്ച പ്രണയിനിയുടെ ജീവസ്സുറ്റ ചിത്രം ഒന്ന് കൂടി കാണുവാനുള്ള അമിതമായ ആഗ്രഹം അയാളിൽ നിറഞ്ഞു കൊണ്ടിരുന്നു… അവളുടെ വരവിനു ശേഷം അതിനുള്ളിലെ ചിത്രത്തിന് എന്ത് സംഭവിച്ചു എന്ന് അറിയാനുള്ള ആകാംക്ഷക്കിടയിൽ അവളുടെ വിലക്കുകൾ വിഫലമായി.
അവളെ തള്ളി മാറ്റി അത് നിവർത്തവേ അവൾ ഒരു പുകമറപോലെ പിന്നിൽ മാഞ്ഞു പോയത് അയാൾ അറിഞ്ഞില്ല ..അന്ന് വരച്ച ചിത്രം അതെ ഓജസ്സോടെ ഇരിക്കുന്നത് അയാൾ കൺകുളിർക്കെ കണ്ടു.. എന്നാൽ അത് കാണാൻ അവൾ അവിടെ ഇല്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞതും ഒരു ഭ്രാന്തനെ പോലെ അയാൾ അലറി കരഞ്ഞു..അവളുടെ അഭാവം അയാളെ ശൂന്യനാക്കിയിരുന്നു..
അന്ന് രാത്രി അയാൾ ഉറങ്ങിയില്ല ..ഏതോ യാമത്തിൽ ഒരു ബോധോദയത്തിലെന്നപോലെ അയാൾ എഴുന്നേറ്റു അവളുടെ ചിത്രത്തിന് പിറകിലായി അയാളുടെ ചിത്രം വരക്കാൻ തുടങ്ങി …ഒടുവിൽ സ്വന്തം ചിത്രവുമായി അലിഞ്ഞു ചേർന്ന് ചേർന്ന് അയാളും അവളുടെ ലോകത്തേക്ക് യാത്രതിരിച്ചു.
✍️ Greeshma
