കാഴ്ചയിൽ പൂർണ്ണ ഗർഭം ധരിച്ച കനകാംഗിയായ ഒരു തമിഴ് പെൺകുട്ടിയെ നഗ്നയാക്കി കുതിരപ്പുറത്തെ…

പതിനെട്ടാം നൂറ്റാണ്ടിന്റെ (1805) ആരംഭം.

©️✍️ ദർശരാജ്. R

രാത്രിയിലെ അതി ശക്തമായ മഴയിൽ ഈറനണിഞ്ഞ് കാണപ്പെടുന്ന ഉൾവനത്തിനുള്ളിലെ ഒരു കാട്ടുവഴി.

ദൃശ്യം അടുക്കവേ മിന്നലിന്റെ വെളിച്ചത്തിൽ രണ്ട് കറുത്ത കുതിരകൾ ആ മഴയത്ത് നിൽക്കുന്ന കാഴ്ച കാണാം. ഒപ്പം നാല് വെള്ളക്കാരും.

ദൃശ്യം കുറച്ചു കൂടി അടുക്കവേ അതിൽ ഒരു കുതിരയുടെ വയറോളം പോന്ന കുഞ്ചിരോമത്തെ പോലും ഭേദിച്ചു കൊണ്ട് പടർന്നു പന്തലിച്ച് നീണ്ടു കിടക്കുന്ന കാർകൂന്തൽ.

കാർകൂന്തലിന്റെ നീളം അവ്യക്തതയിൽ ഏകദേശം കുതിരയുടെ കുളമ്പിൽ തട്ടും വിധം എത്തിയിരിക്കുന്നു.

കാഴ്ചയിൽ പതിയെ ഇരുട്ട് നിറയുന്നു.

എന്നാൽ അടുത്ത മിന്നൽ വെളിച്ചത്തിൽ കുതിരയുടെ കുളമ്പിനോളം നീണ്ടു കിടക്കുന്ന ആ മുടിയുടെ ഉത്ഭവം പതിയെ മുന്നിൽ തെളിഞ്ഞു വരുന്നു.

കാഴ്ചയിൽ പൂർണ്ണ ഗർഭം ധരിച്ച കനകാംഗിയായ ഒരു തമിഴ് പെൺകുട്ടിയെ നഗ്നയാക്കി കുതിരപ്പുറത്തെ ജീനിയിൽ ബന്ധിച്ചിരിക്കുന്നു. ശേഷം ഒന്നിലധികം പേര് ആ പെരു മഴയത്ത് അവളെ മാറി മാറി ഭോഗിക്കുന്ന അതി ക്രൂരമായ ദൃശ്യം. കുതറി മാറുന്ന കുതിര.

മഴയിൽ തെന്നി വീണിട്ടും പിന്നേയും അവളെ ഭോഗിക്കാൻ കുതിരപ്പുറത്ത് മത്സരിച്ചു കയറുന്ന വെള്ളക്കൂട്ടം. അവരുടെ അട്ടഹാസം.

ഒന്ന് നിലവിളിക്കാനോ അനങ്ങാനോ കെൽപ്പില്ലാതെ നിറവയറുമായി കുതിരപ്പുറത്ത് ബന്ധിതയായി കിടക്കുന്ന അവളുടെ അതി ദയനീയമായ അവസ്ഥ.

അധികം വൈകാതെ കൂട്ടത്തിലൊരുവൻ അവളുടെ കെട്ട് അഴിച്ച് കുതിരപ്പുറത്തു നിന്നും തള്ളി താഴെക്കിടുന്നു.

ദൂരെ കാഴ്ചയിൽ കുതിരകാലുകൾക്കിടയിലെ വിടവിൽ കൂടി താഴോട്ട് കരണം മറിഞ്ഞ് വീഴാൻ പോകുന്ന പൂർണ്ണ ഗർഭിണി.

ശേഷം നിറവയറും ഇടിച്ച് അവൾ കമിഴ്ന്ന് വീഴുന്ന ദൃശ്യം.

തലോടലും ചുംബനവും ഏൽക്കേണ്ട വയറ്റിൽ കല്ലും മുള്ളും തുളച്ചു കയറുന്ന അതി ദാരുണമായ കാഴ്ച. മുതുകത്ത് സൂചി കുത്തും പോലെ വന്ന് പതിച്ച് തെന്നിമാറുന്ന പെരുമഴ.

ആ അവസ്ഥയിലും കാമാസക്തി അടങ്ങാത്ത കൂട്ടത്തിലെ ഏതാണ്ട് ഏഴടിയോളം പൊക്കമുള്ള ഒരുവൻ അവളുടെ മുടിയിൽ കുത്തി പിടിച്ചു കൊണ്ട് വായിലേക്ക്…

“മതിയാക്ക്, അവൾ ചത്തു പോകും. നമുക്ക് തിരിച്ചു പോവാനുള്ള സമയമായി. ഇവളെ വല്ല കഴുകനോ നരിയോ മഴ ശമിക്കുമ്പോൾ കൊത്തി തിന്നോളും”.

തന്റെ നിറവയറും കൊണ്ട് ഒന്ന് എഴുന്നേൽക്കാൻ പോലും ആവാതെ വീണടുത്ത് തന്നെ പിന്നേയും വീണു കൊണ്ട് ആ പാവം ഒരേയൊരു പേര് മാത്രം മനസ്സിൽ ഒരുവിട്ടു.

രാമനുണ്ണീ…

തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചരക്ക് എത്തിക്കാനുള്ള പുതിയ വഴികൾ തേടി ഇറങ്ങിയ മൻറോ സായിപ്പിന്റെ അനുയായികളായിരുന്നു ആ നാൽവർ സംഘം.

ആ കോരി ചൊരിയുന്ന മഴയത്തും അവരെ കാത്ത് കുറച്ചു ദൂരെ മാറി നിന്നിരുന്ന ഒറ്റ കയ്യനായ ഒരാൾക്ക് പണക്കിഴി കൈമാറിയ ശേഷം അവർ കുതിരപ്പുറത്ത് കയറി വിദൂരതയിലേക്ക് മായുന്നു. ശേഷം തന്റെ കയ്യിൽ ഉണ്ടായിരുന്ന പച്ച നിറത്തിലുള്ള പുറം കുപ്പായത്തിൽ പണകിഴി പൊതിഞ്ഞെടുക്കുന്ന ഒറ്റകയ്യൻ. ശേഷം ഊത നിറത്തിലുള്ള ബ്ലൗസും പാവാടയും വളകളും അയാൾ കാട്ടിലേക്ക് വലിച്ചെറിയുന്ന ദൃശ്യം.

പക്ഷെ വളഞ്ഞുപുളഞ്ഞു പോകുന്ന കാട്ടുവഴിയുടെ വളവ് തിരിഞ്ഞു മറിഞ്ഞ് വീണ്ടും നാൽവർ സംഘത്തിന്റെ അരികിലെത്തി.

ചുരുക്കി പറഞ്ഞാൽ വഴിയറിയാതെ അവർ വീണ്ടും അവളെ തള്ളിയിട്ട അതേ സ്ഥലത്ത് വന്നെത്തപ്പെട്ടു എന്ന് സാരം.

അതാ കാട്ടുവഴിയുടെ പ്രത്യേകത ആയിരുന്നു. എവിടെ നിന്നും യാത്ര തുടരുന്നുവോ അവിടെ തന്നെ തിരിച്ചു പോകും മുമ്പ് ഒരിക്കൽ കൂടി എത്തി ചേരും.

ചിലപ്പോൾ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ ഒരവസരമാകാം അത്.

കണ്മുന്നിൽ നഗ്നയായി ഇഴഞ്ഞു കൊണ്ട് സമീപത്തുള്ള ഈറ്റ മരത്തിൽ ചാരിയിരിക്കാൻ ശ്രമിക്കുന്ന പെൺകുട്ടി.

അവളുടെ കണ്ണുകളിലെ ഭയം.

വീണ്ടും തന്നെ ആക്രമിക്കാൻ വന്നതാണെന്ന് കരുതി നാൽവർ സംഘത്തോട് അവൾ കൈകൂപ്പി കൊണ്ട് കരഞ്ഞു പറഞ്ഞു.

“യേൻ കുഴന്തയെ നിനൈച്ചാവുത് എന്ന കൊല്ലാമവിടുങ്ക !!
നാൻ തമിഴ് നാട്ടിലേ എങ്കെയാവുത് പോയി പൊഴച്ചിടുറേൻ’.

അത് കണ്ട് ദേഷ്യം വന്ന നാൽവർ സംഘത്തിലെ ഒരുവൻ അലറി കൊണ്ട് അരയിൽ നിന്നും വാളെടുത്ത് അവളുടെ കഴുത്തറുത്തു.

ചോര തെറിച്ച് സമീപത്തു നിന്ന കുതിരയുടെ കണ്ണിൽ പതിക്കുന്ന ദൃശ്യം.

ശേഷം അവളുടെ തല ഈറ്റ മരത്തിനു സമീപം ചാരി വെക്കുന്നു.

തലയില്ലാതെ പിടയുന്ന അവളുടെ ഉടലിന്റെ ദൃശ്യം.

പക്ഷെ പിന്നീടുണ്ടായ കാഴ്ച കണ്ട് ആ നാൽവർ സംഘം ഞെട്ടി.

തലയില്ലാത്ത ആ പൂർണ്ണ ഗർഭിണിയുടെ വയറ്റിൽ നിന്നും ഒരു കുഞ്ഞ് കരയുന്ന ശബ്ദം.

പകച്ച് നിന്ന് പരസ്പരം നോക്കുന്ന നാൽവർ സംഘം.

പോരാഞ്ഞിട്ട് ഞൊടിയിടയിൽ ഉഗ്ര രൂപിണിയായി നാക്ക് നീട്ടി കൊണ്ട് ഈറ്റ ചുവട്ടിൽ കിടന്ന് അവരെ നോക്കുന്ന അതേ ഗർഭിണിയുടെ മുഖം.

ചോരയിൽ ധാരയൊഴിഞ്ഞ അവളുടെ കാർകൂന്തൽ.

പതിവിന് വിപരീതമായി, മഴയെ പോലും വക വെക്കാതെ ചുറ്റും വട്ടമിട്ട് പറക്കുന്ന വവ്വാൽ കൂട്ടം…

സമീപത്തുള്ള പാങ്ങോട് ഇളങ്ക ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ മഴയത്തും കെടാതെ നിന്ന് കത്തുന്ന കരിവിളക്ക്.

എന്നിട്ട്???

പറ അമ്മ. എന്നിട്ട് എന്തുണ്ടായി? അവരെ ഗർഭിണിയുടെ പ്രേതം കൊന്നോ?

ഇല്ല മോനെ.

മോൻ ഒന്ന് ഈ വശത്ത് കിടന്നേ. അമ്മക്ക് കാല് കോച്ചി പിടിക്കുന്നു.

അതൊക്കെ കിടക്കാം. അമ്മ ബാക്കി പറ.

കണ്ണാ, പുറത്താരോ വന്ന പോലെ. അമ്മ ദാ വരുന്നു…

ഞാൻ ഒന്നും കേട്ടില്ലല്ലോ? ഈ അമ്മക്കിതെന്താ? നന്നായിട്ട് ആസ്വദിച്ച് വരുകയായിരുന്നു. പുറത്ത് നല്ല മഴയാ.

ഏതാനും നിമിഷങ്ങൾക്ക് ശേഷം…

അങ്ങനെ പേടിച്ച് വിറച്ചെങ്കിലും ഒടുവിൽ നാൽവർ സംഘം അവിടെ നിന്നും കുതിരപ്പുറത്തു കയറി സ്ഥലം കാലിയാക്കി.

പക്ഷെ കുറച്ചു മാസങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ചരക്ക് എത്തിക്കാനുള്ള പുതിയ വഴികൾ പിന്നേയും തേടി കൊണ്ടിരുന്ന മൻറോ സായിപ്പിന് തിരുവിതാംകൂർ രാജാവിൽ നിന്നും പട്ടിൽ പൊതിഞ്ഞ ഒരു ദൂത് വന്നെത്തി.

ആറര നാഴിക നേരം കൊണ്ട് കിഴക്കൻ മല ചുറ്റി വരുന്ന ഒരു കാട്ടുവഴിയെ പറ്റിയായിരുന്നു അതിലെ സന്ദേശം.

പക്ഷെ ആ വഴി അന്വേഷിച്ചു വന്ന മൻറോ സായിപ്പിനും ബ്രിട്ടീഷ് പടയ്ക്കും അതിവിചിത്രമായ ഒരു കാര്യം അറിയാൻ കഴിഞ്ഞു.

കാട്ടു വഴിക്കിടയിലെ ഒരു വളവിനെ പറ്റി.

സൂര്യൻ അസ്‌തമിച്ചാൽ ഒരു മനുഷ്യനേയോ മൃഗത്തിനെയോ പോലും ആ വളവ് കടക്കാൻ അനുവദിക്കാതെ അവിടെ കാവൽ ഇരിക്കുന്ന സുമതി എന്നൊരു തമിഴ് പെൺകുട്ടിയുടെ ആത്മാവിനെ പറ്റി.

ഏതൊരു ശക്തിയുടെ മുന്നിലും തലകുനിക്കില്ല എന്ന് അവകാശപ്പെട്ടിരുന്ന സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ പോരാളികൾ ആ വളവും കീഴടക്കാൻ പുറപ്പെട്ടു. എന്നാൽ പിന്നീടുള്ള ഒരു സൂര്യോദയവും അവർ കണ്ടില്ല.

എന്ന് വെച്ചാൽ അമ്മ നേരത്തെ പറഞ്ഞ നാൽവർ സംഘം കഴുത്തറുത്ത് കൊന്ന ആ ഗർഭിണിയുടെ പേര് സുമതിയെന്നായിരുന്നോ?

അതേ. തിരുവിതാംകൂർ രാജാവിനെ കൊണ്ട് ആ ദൂത് എഴുതിപ്പിക്കാൻ തോന്നിപ്പിച്ചത് പോലും ഒരുപക്ഷെ സുമതിയുടെ ആത്മാവ് ആയിരിക്കണം.

എന്തായാലും മൻറോ സായിപ്പിനും അന്നത്തെ അതേ നാൽവർ സംഘത്തിനും വഴി കാണിച്ചു കൊടുക്കാൻ ഒരിക്കൽ കൂടി ഒപ്പം വന്ന രാമനുണ്ണി എന്ന ഒറ്റക്കയ്യനും പിന്നീടുള്ള ഒരു സൂര്യോദയവും കണ്ടിട്ടില്ല.

അപ്പോൾ അയ്യാൾ ആയിരുന്നോ സുമതിയുടെ കുഞ്ഞിന്റെ അച്ഛൻ?

അതേ… പണത്തിനു വേണ്ടി എന്തും ചെയ്യാൻ കൂട്ട് നിന്നിരുന്ന ദുഷ്ടൻ.

അമ്മ അപ്പോഴും ഒരു സംശയം ബാക്കി?

എന്താ കണ്ണാ?

ഈ പാലോടുള്ള സുമതിവളവിന് ഈ പറഞ്ഞ ബ്രിട്ടീഷുക്കാരുമായി എന്ത് ബന്ധം?

മാത്രമല്ല, പാലോടുള്ള സുമതി കൊല്ലപ്പെടുന്നത് 1950 ന് ശേഷം അല്ലേ? പിന്നെ അമ്മ പറഞ്ഞ കുറേ കാര്യങ്ങളൊന്നും എനിക്ക് മനസ്സിലായില്ല.

അതൊക്കെ എന്റെ ‘സുമതി വളവ്’ എന്ന നോവൽ ഇറങ്ങുമ്പോൾ മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിക്കോളും.

അമ്മ, സുമതി വളവിൽ ശരിക്കും പ്രേതം ഉണ്ടോ?

അമ്മ ശിവാനി ചിരിച്ചു കൊണ്ട് സുമതി വളവിന് സമീപമുള്ള ഓട്ടോക്കാരിലൂടെ തന്റെ പന്ത്രണ്ട് വയസ്സുള്ള മകൻ കണ്ണന് മറുപടി നൽകി.

ബ്ലോഗ് ചെയ്യാൻ സുമതി വളവിൽ എത്തിയവരുടെ മൈക്കിൻ തുമ്പ്.

എന്റെ പൊന്നു മക്കളെ ഇവിടെ സുമതിയും ഇല്ല ഒരു ഭവതിയുമില്ല. ഞാൻ സ്ഥിരം ഇതിലെ ഓട്ടം പോണവനാ. രാത്രിയിൽ തന്നെ എത്രയോ തവണ ഓട്ടോയിൽ തനിച്ചു പോയിട്ടുണ്ട്. സുമതിയുടെ യക്ഷി പോലും.

ഒരു ഔട്ട്ലെറ്റ് വന്നാൽ തീരാവുന്ന പ്രശ്നമേ ഇവിടുള്ളൂ. അല്ല പിന്നെ…

മണിയന്റെ മുഖത്ത് പുച്ഛം.

സുമതിയെ കാണും വരെ മാത്രമേ നീ ഈ ഡയലോഗ് പറയോളൂ. ഞാൻ എന്റെ ഈ കണ്ണ് കൊണ്ട് കണ്ടതാ…

കൂട്ടത്തിലെ തല മുതിർന്ന ഓട്ടോക്കാരൻ ഗോപിയാശാൻ എതിരഭിപ്രായം പറഞ്ഞു.

അതിന് ആശാൻ സുമതിയെ നേരിട്ട് കണ്ടിട്ടുണ്ടോ?

സംഭവം സുമതി കൊല്ലപ്പെട്ട് രണ്ട് വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. പക്ഷെ കഴിഞ്ഞ ഉത്രാടത്തിന് സുമതി വളവിൽ വെച്ച് എന്റെ ഓട്ടോക്ക് കൈ കാണിച്ചത് അവൾ തന്നെയാണ്. എന്റെ ഓട്ടോയിൽ അന്നൊരു ഗർഭിണി ആയിരുന്നു പുറകിൽ ഇരുന്നത്. അവളും കൊല്ലപ്പെട്ട സമയത്ത് ഗർഭിണി ആയിരുന്നല്ലോ? കൊല്ലാൻ നോക്കിയതാകും… ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. എന്തായാലും പയ്യാരത്തെ പണിക്കർ പ്രവചിച്ചത് അനുസരിച്ച് സുമതി വളവിൽ വെച്ച് മൂന്ന് ഗർഭിണികൾ കൊല്ലപ്പെടും. എന്ന് വെച്ചാൽ ഇനിയും 2 പേര് കൂടി സുമതിയുടെ പിൻഗാമികൾ ആകുമെന്ന് സാരം.

അമ്മാ, അപ്പോൾ ആ ഓട്ടോക്കാരൻ പറഞ്ഞത് സത്യം ആണോ?

പകുതി സത്യം. നേർ പകുതി അറിവില്ലായ്മയും.

എന്ന് വെച്ചാൽ?

ഗോപി എന്ന ഓട്ടോക്കാരൻ സുമതി വളവിൽ വെച്ച് കണ്ടത് 1805 ൽ കൊല്ലപ്പെട്ട സാക്ഷാൽ സുമതിയെന്ന തമിഴ് പെൺകുട്ടിയുടെ ആത്മാവിനെയാണ്.

അപ്പോൾ അറിവില്ലായ്മ?

പണിക്കരുടെ പ്രവചനം ശരിയാകണമെങ്കിൽ ഒരു ഗർഭിണി കൂടി സുമതി വളവിൽ വെച്ച് കൊല്ലപ്പെടണം.

അതെങ്ങനെ ശരിയാകും?

രണ്ട് സുമതിമാർ ഇതിനോടകം കൊല്ലപ്പെട്ടില്ലേ?

അതിന് 1805 ൽ കൊല്ലപ്പെട്ട തമിഴത്തി സുമതിയെ കുറിച്ച് ഈ പണിക്കർക്ക് പോലും അറിയില്ലല്ലോ? സുമതിയുടെ കഥ ശരിക്കും തുടങ്ങുന്നത് അവിടെ നിന്നുമാണ്.

പക്ഷെ സുമതിയുടെ കഥയും സുമതി വളവെന്ന പേരും ആളുകളിൽ എത്തുന്നത് 1953 ലെ സുമതിയുടെ അതി ദാരുണമായ കൊലപാതകത്തോടെയാണ്.

പ്രശ്നം വെക്കുന്ന പണിക്കർക്ക് പോലും അറിയാത്ത ഈ കാര്യം അമ്മക്കെങ്ങനെ അറിയാം? അത് മാത്രമല്ല, പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം 1700 മുതൽ 1799 വരെ അല്ലേ? അമ്മ എന്നോട് തുടക്കത്തിൽ പറഞ്ഞ വർഷം 1805 അല്ലേ?

കഥയിൽ ചോദ്യമില്ല. പ്രത്യേകിച്ച് പ്രേത കഥയിൽ. എന്നാലും കണ്ണൻ ചോദിച്ച സ്ഥിതിക്ക് ഞാൻ മറുപടി നൽകാം.

എന്റെ നോവൽ ഇറങ്ങുമ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം അതിന്റെ അവസാന പേജിൽ കാണും.

അപ്പോൾ ഒരു ഗർഭിണി കൂടി സുമതി വളവിൽ വെച്ച് കൊല്ലപ്പെടുമല്ലേ?

തീർച്ചയായും 😊

അമ്മ, പാലോടിലെ സുമതിയുടെ കഥ ഒന്ന് കൂടി എനിക്ക് പറഞ്ഞു തരാമോ? എന്നെ പോലുള്ള കുട്ടികൾക്കും കേട്ടാൽ മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ മതി. ഓടുന്ന കാഴ്ച, ഇറങ്ങുന്ന ദൃശ്യം ഇങ്ങനെയുള്ള തിരക്കഥയിലെ പ്രയോഗം ഒന്നും വേണ്ട.

അത് കേട്ട് പുഞ്ചിരിക്കുന്ന ശിവാനി.

ഇന്ന് തന്നെ വേണോ?

വേണം. സുമതി ആരായിരുന്നു? അത് മുതൽ പറ.

സുമതി ഒരു വീട്ടുവേലക്കാരിയായിരുന്നു. ചുരുക്കി പറഞ്ഞാൽ മുതലാളിയുടെ മകനെ മോഹിച്ച വേലക്കാരി. കാരേറ്റ് ഭാഗത്തായിരുന്നു സുമതിയെന്ന സുമതിക്കുട്ടി താമസിച്ചിരുന്നത്. കൊല്ലപ്പെടുമ്പോള്‍ ഏതാണ്ട് ഇരുപതിനോടടുത്തായിരുന്നു അവളുടെ പ്രായം. നല്ല വെളുത്ത് വടിവൊത്ത ശരീരവും അതിന് ചുക്കാൻ പിടിക്കുന്ന പൊക്കവും. പോരാഞ്ഞിട്ട് ഉപ്പൂറ്റിയോളം നീണ്ട് കിടക്കുന്ന മുടിയും.

സാമ്പത്തികമായി നോക്കുമ്പോൾ അത്ര മെച്ചപ്പെട്ട കുടുംബമല്ലായിരുന്നു സുമതിയുടേത്. അമ്മ അരിക്കച്ചവടക്കാരി. അങ്ങനെയാണ് താണുമുതലാളിയുടെ വീട്ടില്‍ വേലക്കാരിയായി അവളെത്തുന്നത്. താണുമുതലാളിക്ക് രത്‌നാകരന്‍ എന്നൊരു മകനുണ്ടായിരുന്നു. ആ ഇരുപത്തിനാലുകാരനുമായി അവള്‍ പ്രണയത്തിലായതോടെയാണ് കഥകളുടെ തുടക്കം.

എന്നിട്ട്? സുമതി കൊല ചെയ്യപ്പെട്ടത് എങ്ങനെയാ?

രത്‌നാകരന്റെ വിവാഹ വാഗ്ദാനത്തില്‍ മയങ്ങിയാവണം സുമതി ഒടുവിൽ ഗര്‍ഭിണിയായി. എന്നാല്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ അയാളുടെ മനസ്സും വാക്കും മാറി. പക്ഷേ തന്നെ വിവാഹം കഴിക്കണമെന്ന് സുമതി നിര്‍ബന്ധവും തുടങ്ങി. ഒടുവില്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോഴാണ് ആ അരുംകൊല നടന്നത്.

1953 ജനുവരി 27 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സമയം ഏതാണ്ട് രാത്രി 10 മണി. പാങ്ങോട് ഇളങ്ക ദേവി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം നടക്കുന്നു.

പാങ്ങോടിലെ കാറ്റ് മുതൽ കരിയില വരെ ഇളങ്ക ദേവിയുടെ സന്നിധിയിൽ കുടിയിരിക്കുന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷം.

ഈ സമയത്താണ് ഒരു അമ്പാസിഡർ കാർ സുമതി താമസിച്ചിരുന്ന വീടിന് സമീപം നിർത്തുന്നത്.

സുമതി…

അയ്യോ. ഇതെന്താ ഈ സമയത്ത്?

നിനക്ക് തിരുവാതിര ഉത്സവം കാണണ്ടേ?

ഞാൻ ഈ അവസ്ഥയിൽ എങ്ങനെ വരാനാ?

അതൊന്നും സാരമില്ല. ഞാൻ കാർ കൊണ്ട് വന്നിട്ടുണ്ട്.

സുമതിയുടെ നിറവയറിൽ സ്നേഹത്തോടെ തടവി കൊണ്ട് രത്നാകരൻ പറഞ്ഞു.

ശേഷം ഊത നിറമുള്ള പുറം കുപ്പായം വെച്ച് നീട്ടി.

ഞാൻ ഇവിടെ നിൽക്കാം. നീ ഇത് ഉടുത്തോണ്ട് വേഗം വായോ.

ഒടുവിൽ രത്നാകരന്റെ നിർബന്ധത്തിന് വഴങ്ങി ആ രാത്രിയിൽ പൂർണ ഗർഭിണിയായിരുന്ന സുമതി തിരുവാതിര ഉത്സവം കാണാൻ കൂടെ പോയി.

തമിഴ്‌നാട്ടിലെവിടെയെങ്കിലും പോയി വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞാണ് അവളെക്കൂട്ടി ഇറങ്ങിയതെന്നും ഒരു കഥയുണ്ട്.

എന്തായാലും കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ സുഹൃത്ത് രവീന്ദ്രനെയും രത്‌നാകരന്‍ കാറില്‍ കയറ്റി. എന്നാല്‍ കാര്‍ പാങ്ങോട് എത്തി ക്ഷേത്രത്തിലേക്ക് പോകുന്നതിനു പകരം നേരെ പാലോടേക്കു തിരിഞ്ഞു. മൈലമൂട് പാലത്തിന് സമീപം വനാതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാര്‍ കാട്ടിനുള്ളിലേക്ക് കയറ്റി നിര്‍ത്തി.

ഇതെന്താ ഇവിടെ നിർത്തിയത്?

ആശയകുഴപ്പത്തിലാകുന്ന സുമതി.

എന്നാൽ വഴി നിശ്ചയമില്ലാതിരുന്ന സുമതിയോട് അമ്പലത്തിലേക്ക് ഇതിലെ കുറുക്കുവഴിയുണ്ടെന്ന് രത്നാകരൻ പറഞ്ഞ് ധരിപ്പിച്ചു.

നമുക്ക് നടന്നു പോകാം.

ഇത് വിശ്വസിച്ച സുമതി അവർക്കൊപ്പം ഒപ്പം നടന്നു തുടങ്ങി. സുമതിയെ സൂത്രത്തില്‍ ഉള്‍വനത്തിലെത്തിച്ച് കൊല നടത്തുകയായിരുന്നു ലക്ഷ്യം. ഇതിനിടയില്‍ കാമുകന്റെയും കൂട്ടുകാരന്റെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ സുമതിക്ക് താന്‍ ചതിക്കപ്പെട്ടെന്ന് മനസിലായി. അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ ആ കൊടുങ്കാട്ടില്‍ അവളുടെ നിലവിളി ആരു കേള്‍ക്കാന്‍?

എന്റെ കുഞ്ഞിനെ ഓർത്തെങ്കിലും എന്നെ വെറുതെ വിടണേ. ഞാൻ നിങ്ങളുടെ കാലുപിടിക്കാം.

അത് കേട്ടതും സുമതിയുടെ അടി വയറ്റിൽ ചവിട്ടിൽ കൊണ്ട് രത്നാകരൻ തന്റെ ഉദ്ദേശം വെളിപ്പെടുത്തി.

പെട്ടെന്ന് അവളിൽ ഒരു പരകായ പ്രവേശം ഉടലെടുത്തു.

“യേൻ കുഴന്തയെ നിനൈച്ചാവുത് എന്ന കൊല്ലാമവിടുങ്ക !!
നാൻ തമിഴ് നാട്ടിലേ എങ്കെയാവുത് പോയി പൊഴച്ചിടുറേൻ”.

തമിഴ് അറിയാത്ത സുമതി തമിഴിൽ കേണപേക്ഷിക്കുന്നത് കണ്ട് രവീന്ദ്രനും രത്നാകരനും അന്തം വിട്ട് പരസ്പരം നോക്കി നിന്നു.

അപ്പോഴേക്കും ചെറിയ ചാറ്റൽ മഴ തുടങ്ങിയിരുന്നു.

ശേഷം അവളെ പിന്തുടര്‍ന്നു പിടിച്ച ശേഷം കാട്ടുവള്ളികള്‍ കൊണ്ട് കൈകള്‍ കൂട്ടിക്കെട്ടി വനത്തിലുള്ളിലൂടെ വലിച്ചിഴച്ച് രത്‌നാകരനും കൂട്ടുകാരനും നടന്നു. പക്ഷേ അവര്‍ക്കും മൻറോ സായിപ്പിന്റെ നാൽവർ സംഘത്തെ പോലെ അതേ അബദ്ധം പറ്റി.

വളഞ്ഞുപുളഞ്ഞു പോകുന്ന റോഡ് തിരിഞ്ഞു മറിഞ്ഞ് വീണ്ടും അവരുടെ അരികിലെത്തി. ദിശതെറ്റിയ ഇരുവരും ഉള്‍വനമെന്ന് ധരിച്ച് നടന്നെത്തിയത് റോഡരികിലേക്കായിരുന്നു. കല്ലറ പാലോട് റോഡില്‍ ഇപ്പോള്‍ സുമതിയെ കൊന്ന റോഡ് എന്നറിയപ്പെടുന്ന എസ്സ് വളവിന് സമീപത്തായിരുന്നു അവരെത്തിയത്.

പിന്നെ നടന്നത് കൊടുംക്രൂരത. രത്‌നാകരന്‍ സുമതിയുടെ മുടിയില്‍ ചുറ്റിപ്പിടിച്ച് കഴുത്ത് മലര്‍ത്തി വച്ചു. കഴുത്തില്‍ കത്തി താഴ്ന്നു. ചീറ്റിയൊഴുകിയ രക്തം കണ്ട് ഇരുവരും ഞെട്ടി.

കഴുത്ത് അറ്റുമാറാറായ നിലയില്‍ അവളെ അവിടെ ഉപേക്ഷിച്ച് അവര്‍ ഓടി.

പതിവിന് വിപരീതമായി, മഴയെ പോലും വക വെക്കാതെ സുമതിയുടെ മൃത ദേഹത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന വവ്വാൽ കൂട്ടം…

സമീപത്തുള്ള പാങ്ങോട് ഇളങ്ക ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ മഴയത്തും കെടാതെ നിന്ന് കത്തുന്ന കരിവിളക്ക്.

ദിവസങ്ങൾക്ക് ശേഷം ഏതോ മരത്തില്‍ ചാരിവച്ച നിലയിൽ ഈറ്റ വെട്ടാനെത്തിയ ആദിവാസികളാണ്‌ അവളുടെ മൃതദേഹം കാണുന്നത്. അന്നുമുതലാണ് അവിടം സുമതിയെ കൊന്ന വളവാകുന്നത്.

ഇനി കണ്ണൻ പോയി കിടന്ന് ഉറങ്ങിക്കോളൂ.
അമ്മ ഈ നോവൽ ഒന്ന് എഴുതി തീർക്കട്ടെ…

കൃത്യം 11 ദിവസത്തിന് ശേഷമുള്ള ഒരു വാർത്താ ബുള്ളറ്റിൻ.

സുമതി വളവിൽ വീണ്ടും ഒരു ഗർഭിണിയെ കൂടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. യുവ എഴുത്തുകാരിൽ ശ്രദ്ധേയയായ ശിവാനി മഠത്തിലിനെയാണ് കഴുത്തറുത്ത നിലയിൽ ഇന്ന് രാവിലെ ഇവിടെ നിന്നും കണ്ടെത്തിയിരിക്കുന്നത്.

കൂടുതൽ വിവരങ്ങളുമായി ഞങ്ങളുടെ പ്രതിനിധി ശ്രീ. മാർട്ടിൻ ചേരുന്നു.

എന്താണ് മാർട്ടിൻ സത്യത്തിൽ അവിടെ സംഭവിച്ചിരിക്കുന്നത്?

റീത്താ, ഇന്ന് രാവിലെ അഞ്ചര മണിയോടുകൂടിയാണ് ശിവാനിയെ കഴുത്തറുത്ത നിലയിൽ സുമതി വളവിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്. യുവ എഴുത്തുകാരിൽ തന്റേതായ സ്ഥാനം ഇതിനോടകം നേടിയ പൂർണ്ണ ഗർഭിണിയായിയിരുന്ന ശിവാനി തന്റെ പുതിയ നോവലായ സുമതി വളവിന്റെ അവസാന ഭാഗം എഴുതാൻ ഇവിടെ അർദ്ധ രാത്രിയിൽ ഒറ്റക്ക് വന്നതാണെന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്‌.

മാർട്ടിൻ അങ്ങനെയാണെങ്കിൽ…

ഹലോ മാർട്ടിൻ കേൾക്കാമോ?

കേൾക്കാം റീത്ത പറയൂ…

പോലീസിന്റെ നിഗമനം എന്താണ്?

റീത്ത, കൂടുതൽ കാര്യങ്ങൾ ഒന്നും ഇവിടെ നിന്നും അറിയാൻ സാധിച്ചിട്ടില്ല. ശിവാനി ധരിച്ചിരുന്ന പാവാടയും ഉടുപ്പുമാണ് സംഭവ സ്ഥലത്ത് നിന്നും പോലീസിന് ലഭിച്ചിരിക്കുന്നത്.

റീത്ത, ഇപ്പോൾ നമ്മുടെ കൂടെ ജ്യോത്സൻ ശ്രീ. പയ്യാരത്ത് പണിക്കർ ചേരുന്നുണ്ട്. സുമതി വളവിൽ വെച്ച് ഒരു ഗർഭിണി കൂടെ അതി ദാരുണമായി കൊല്ലപ്പെടും എന്ന് ഇദ്ദേഹം വർഷങ്ങൾക്ക് മുമ്പേ പ്രവചിരുന്നത്രേ.

എന്താണ് ചേട്ടാ, ഇങ്ങനെ ഒരു പ്രവചനത്തിന് പിന്നിൽ?

“ഇയാളുടെ പ്രവചനം തെറ്റാണ്. എന്റെ അമ്മ സുമതിൽ വളവിൽ വെച്ച് കൊല്ലപ്പെടുന്ന മൂന്നാമത്തെ ഗർഭിണിയാണ്”…

പയ്യാരത്ത് പണിക്കർ സംസാരിച്ചു തുടങ്ങും മുമ്പേ ശിവാനിയുടെ മകൻ കണ്ണൻ പൊട്ടികരഞ്ഞോണ്ട് മൈക്കിന് മുന്നിൽ തൊഴുത് നിൽക്കുന്ന ദൃശ്യം.

അന്തം വിട്ട് പരസ്പരം നോക്കുന്ന മാധ്യമപ്രവർത്തകരും നാട്ടുകാരും പോലീസും.

ഞാൻ പറയാം അതിനുത്തരം.

ഇളങ്ക ദേവി ക്ഷേത്രത്തിലെ തിരുമേനി മഹേശ്വരർ ശിവാനി മരിച്ചു കിടക്കുന്ന സുമതി വളവിലേക്ക് വരുന്ന കാഴ്ച.

കൃത്യം 11 ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന് സംസാര ശേഷിയും ചലനവും തിരികെ കിട്ടിയിരിക്കുന്നു.

കഴിഞ്ഞ മലയാളമാസം മൂന്നാം തീയതിയാണ് ഈ മരിച്ച പെൺകുട്ടി ആദ്യമായി ഇളങ്ക ദേവിയെ കണ്ട് തൊഴാൻ ക്ഷേത്രത്തിൽ വരുന്നത്. പുതുതായി ഈ സ്ഥലത്ത് വാടകയ്ക്ക് വന്നവരാണ് ഇവർ.

അന്ന് 1805 ൽ മരണപ്പെട്ട ഏതോ ഒരു തമിഴത്തി സുമതിയുടെ പേരും മരിച്ച നക്ഷത്രവും നൂറ്റാണ്ടും പറഞ്ഞ് ഈ കുട്ടി തിലഹ വനം നടത്തി.

ഒപ്പം സുമതി വളവെന്ന് പേരിട്ട പൂർത്തിയാകാത്ത ഒരു നോവലും പൂജക്ക്‌ നൽകി.

എന്നാൽ പിന്നീട് ആണ് ഞാൻ ആ സത്യം തിരിച്ചറിയുന്നത്. പൂർണ്ണ ഗർഭിണികൾക്ക് പ്രവേശനം ഇല്ലാത്ത ഇളങ്ക ദേവിക്ക് മുന്നിൽ ഗർഭിണിയല്ലാത്ത ഒരു സാധാരണ പെൺകുട്ടിയായാണ് ശ്രീകോവിലിന്റെ മുന്നിൽ നിന്ന് അവൾ പ്രാർത്ഥിച്ചത്.

പിന്നീട് പല രാത്രികളിലും എന്റെ സ്വപ്നങ്ങളിൽ ഈ പെൺകുട്ടി ശ്രീ കോവിലിന് മുന്നിൽ വന്ന് പുണ്യാഹത്തിന് കൈ നീട്ടാൻ തുടങ്ങി.

ഒടുവിൽ ഈ പെൺകുട്ടിയുടെ വീട് തിരക്കി കണ്ടു പിടിക്കാൻ ഞാൻ തീരുമാനിച്ചു.

നല്ല മഴയുള്ള ഒരു ഉച്ച സമയത്ത് ഞാൻ അവളുടെ വീട് കണ്ടെത്തുകയും ചെയ്തു.

എന്നിട്ട്?

പറ അമ്മ. എന്നിട്ട് എന്തുണ്ടായി? അവരെ ഗർഭിണിയുടെ പ്രേതം കൊന്നോ?

ഇല്ല മോനെ.

മോൻ ഒന്ന് ഈ വശത്ത് കിടന്നേ. അമ്മക്ക് കാല് കോച്ചി പിടിക്കുന്നു.

അതൊക്കെ കിടക്കാം. അമ്മ ബാക്കി പറ.

കണ്ണാ, പുറത്താരോ വന്ന പോലെ. അമ്മ ദാ വരുന്നു…

ഞാൻ ഒന്നും കേട്ടില്ലല്ലോ? ഈ അമ്മക്കിതെന്താ? നന്നായിട്ട് ആസ്വദിച്ച് വരുകയായിരുന്നു. പുറത്ത് നല്ല മഴയാ…

ആ കോരി ചൊരിയുന്ന മഴയത്തും ഞാൻ പുറത്ത് വന്നത് എങ്ങനെയോ അറിഞ്ഞ അവൾ, ഞാൻ സ്വപ്നത്തിൽ കാണാറുള്ള അതേ വേഷത്തിൽ പൂർണ്ണ ഗർഭിണിയായി എന്റെ അരികിലേക്ക് വന്നു.

ശേഷം എന്റെ കണ്ണുകളിൽ രോഷാകുലയായി നോക്കി കൊണ്ട് പറഞ്ഞു…

“നീ ദിവസവും ചന്ദനം ചാർത്തുന്ന ഇളങ്ക ദേവി പോലും എന്നേയും എന്റെ കുഞ്ഞിനേയും അന്ന് രക്ഷിച്ചില്ല. ഇനിയും ഞാൻ ഗർഭിണികളെ സുമതി വളവിൽ കൊണ്ട് വന്ന് കൊല്ലും”.

ഉള്ളിൽ ഭയം തോന്നിയെങ്കിലും എന്റെ ദേവിയെ വിളിച്ചോണ്ട് ഞാൻ മടിശീലയിൽ വെച്ചിരുന്ന ഭസ്മം അവൾക്ക് നേരെ എറിഞ്ഞു.

“യേൻ കുഴന്തയെ നിനൈച്ചാവുത് എന്ന കൊല്ലാമവിടുങ്ക !!
നാൻ തമിഴ് നാട്ടിലേ എങ്കെയാവുത് പോയി പൊഴച്ചിടുറേൻ’.

അന്ന് ഞാൻ ഉറപ്പിച്ചു. 1805 ൽ കൊല്ലപ്പെട്ട തമിഴത്തി സുമതിയുടെ ആത്മാവ് ഈ കുട്ടിയിൽ കയറിയിരിക്കുന്നു.

കാരണം തമിഴത്തി സുമതി കൊല്ലപ്പെട്ട രീതി ഈ പെൺകുട്ടി തിലഹ വനത്തിന് നൽകിയ വിവരങ്ങളിലൂടെ മന്ത്രം ജപിച്ചപ്പോൾ ഒരു തിരക്കഥ പോലെ എന്റെ മുന്നിൽ തെളിഞ്ഞു വന്നു. അതേ രീതിയിലാണ് അന്ന് ഉച്ചക്ക് അവൾ കണ്ണനോട് കഥ പറഞ്ഞതും.

പതിവിന് വിപരീതമായി അന്നും മഴയെ പോലും വക വെക്കാതെ ചുറ്റും വട്ടമിട്ട് വവ്വാൽ പറന്നിരുന്നു.

സമീപത്തുള്ള പാങ്ങോട് ഇളങ്ക ദേവിയുടെ വിഗ്രഹത്തിന് മുന്നിൽ മഴയത്തും കെടാതെ അന്നും കരിവിളക്ക് നിന്ന് കത്തുന്നുണ്ടായിരുന്നു.

പക്ഷെ അന്ന് ദേവിയുടെ സന്നിധിയിൽ തിരിച്ചെത്തിയ ശേഷം ഈ കാര്യങ്ങൾ ആരോടെങ്കിലും പറയാനോ എഴുതിയോ പോലും കാണിക്കാൻ പറ്റാത്ത വിധം ശിവാനിയുടെ ദേഹത്ത് കയറിയ തമിഴത്തി സുമതിയുടെ
ആത്മാവ് എന്റെ സംസാര ശേഷിയും ചലന ശേഷിയും ഇല്ലാതാക്കി. ഇതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്.

തെളിവെടുപ്പ് കഴിഞ്ഞുള്ള അന്നേ ദിവസം രാത്രി സുമതി വളവിൽ കൂടി ഒരു ഓട്ടോറിക്ഷ പോകുന്ന ദൃശ്യം. പുറകിൽ ഗർഭിണിയായ ഒരു സ്ത്രീ.

ചേട്ടനല്ലേ അന്ന് ഏതോ ഒരു ചാനലിൽ സുമതി വളവിൽ ഔട്ട്ലെറ്റ് വന്നാൽ എല്ലാ പ്രശ്നവും തീരുമെന്ന് പറഞ്ഞത്?

ആ വീഡിയോ കണ്ടായിരുന്നോ? പിന്നല്ല…

ആ ഇവിടെ ഇറക്കിക്കോ…

ഇതെന്താ ഈ സമയത്ത് ഇവിടെ?

ഓട്ടോയിൽ നിന്നും പതിയെ പുറത്തിറങ്ങുന്ന ഗർഭിണിയുടെ ദൃശ്യം.

ശേഷം ഓട്ടോക്കാരന് പൈസ നീട്ടി കൊണ്ട് അവൾ പറഞ്ഞു.

സുമതി വളവിൽ ഒരു ഔട്ട്ലെറ്റിന് കല്ലിടാൻ ഇറങ്ങിയതാ…

ശേഷം ഓട്ടോക്കാരൻ കണ്ടത് ഊത നിറത്തിലുള്ള പാവാടയും ഉടുപ്പും ധരിച്ചു കൊണ്ട് ഉൾവനത്തിനുള്ളിലേക്ക് നടന്നകന്ന സാക്ഷാൽ ശിവാനിയേയായിരുന്നു…

ഭാരതീപുരം എന്ന നോവലില്‍ യു. ആര്‍ അനന്തമൂര്‍ത്തി വരഞ്ഞിട്ട, ദ്വൈത സ്വഭാവത്തിന് അടിമയായ ഒരു ശരാശരി ഇന്ത്യക്കാരനെപ്പോലെ ഒരേസമയം യുക്തിവാദിയും അതേസമയം ദൈവവവിശ്വാസിയുമായി അയാൾ ആ കാഴ്ച കണ്ട് സ്തംഭിച്ച് നിന്നുപോയി…

 

Leave a Reply

Your email address will not be published. Required fields are marked *