റാബിയയുടെ കല്യാണം ഭാര്യ മറ്റൊരുത്തനൊപ്പം ഇറങ്ങി പോയ സുനീറുമായ് ഉറപ്പിച്ചതും നടത്തിയതും വളരെ പെട്ടന്നാണ്…

✍️ രജിത ജയൻ

” നിന്റെ ഉമ്മയ്ക്ക് വെറും മുപ്പത്തിരണ്ട് വയസ്സേ ഉള്ളു ഷാഹി മോളെ….. സന്തോഷത്തോടെയൊരു ജീവിതമൊന്നും അന്റെ ഉപ്പയുടെ കൂടെ ജീവിച്ചപ്പോൾ ഉമ്മയ്ക്ക് കിട്ടിയിട്ടില്ലാന്ന് നിനക്ക് തന്നെ അറിയാലോ… അന്റെ ഉപ്പയുടെ വീട്ടിൽ നിന്ന് അവിടെയുള്ള എല്ലാവരെയും എല്ലാത്തിനെയും ഉപേക്ഷിച്ച് നീയും നിന്റെ ഉമ്മയും ഇറങ്ങി പോന്നതും എന്തിനാണെന്നറിയാലോ….?
മറന്നോ നീ അതൊക്കെ….?

തന്നെ അരികിൽ പിടിച്ചിരുത്തി മൂത്തമ്മയും മറ്റു വീട്ടുകാരും എന്തൊക്കയോ പറഞ്ഞും ചോദിച്ചും തുടങ്ങുമ്പോൾ ഷാഹിനയുടെ നോട്ടം എല്ലാവർക്കും പുറകിലായ് തല കുനിച്ചു നിൽക്കുന്ന തന്റെ ഉമ്മ റാമ്പിയിൽ മാത്രമായ് തങ്ങി…. എപ്പഴോ ഒന്ന് മുഖമുയർത്തി എല്ലാവരെയും നോക്കാൻ ശ്രമിച്ച റാബിയയുടെ നോട്ടവും തന്നെ മാത്രം നോക്കി നിൽക്കുന്ന ഷാഹിനയുടെ കണ്ണുകളുമായിടഞ്ഞു….

ഇരുമിഴികളും ഒരുപോലെ നിറഞ്ഞു…

“ഉമ്മാക്ക് ഇഷ്ടവും സന്തോഷവും സമ്മതവുമാണ് ഇനിയൊരു കല്യാണത്തിനെങ്കിൽ എനിയ്ക്കും സമ്മതമാണ് മൂത്തമ്മ….. എന്റെ ഉമ്മയുടെ ഒരു സന്തോഷവും ഞാൻ കാരണം ഇല്ലാതാവരുത്… പാവമല്ലേ എന്റെ ഉമ്മ…’

ഷാഹിനയിൽ നിന്നു പുറത്തേക്കു വന്ന വാക്കുകൾക്ക് ഒരു പതിനഞ്ചു വയസ്സുക്കാരിയുടെ വാക്കിനെക്കാൾ പക്വതയപ്പോൾ ഉണ്ടായിരുന്നു…

റാബിയയുടെ കല്യാണം ഭാര്യ മറ്റൊരുത്തനൊപ്പം ഇറങ്ങി പോയ സുനീറുമായ് ഉറപ്പിച്ചതും നടത്തിയതും വളരെ പെട്ടന്നാണ്…

നിക്കാഹ് നടത്തി ബന്ധു ജനങ്ങൾ ഒഴിവായതും ആർക്കോ ഫോൺ ചെയ്തു തനിച്ചു മാറി നിൽക്കുന്ന സുനീറിനടുത്തേയ്ക്ക് ഒട്ടൊരു പരിഭ്രമത്തോടെയാണ് ഷാഹി ചെന്നത്…

തനിയ്ക്കടുത്തേയ്ക്ക് തനിച്ചു നടന്നു വരുന്ന ഷാഹിയെ സുനീറും ഒന്നു സൂക്ഷിച്ചു നോക്കി…

ആ നോട്ടമേറ്റപ്പോൾ ഷാഹി ഓർത്തത് മൂത്തമ്മയും മറ്റു ബന്ധു ജനങ്ങളും ഉമ്മയുടെ നിക്കാഹ് തീരുമാനിച്ചപ്പോൾ മുതൽ തനിയ്ക്ക് തന്ന ഉപദേശകൂമ്പാരങ്ങളെ പറ്റിയാണ്…

രണ്ടാനമ്മയും രണ്ടാനച്ഛനും എന്നും എപ്പോഴും എല്ലാവർക്കും എല്ലാ കഥയിലും വില്ലന്മാരാണ്.. ഇവിടെ തനിയ്ക്ക് കിട്ടിയിരിക്കുന്നത് രണ്ടാനച്ഛനെയാണ്…

പതിനഞ്ചു വയസ്സുള്ള അത്യാവശ്യം നല്ല ശാരീരിക വളർച്ചയുള്ള തനിയ്ക്ക് ലഭിച്ച ഉപദേശങ്ങളോർത്തതും തന്നെ നോക്കുന്ന സുനീറിന്റെ മുഖത്തേയ്ക്കും പിന്നെയാ കണ്ണുകളിലേയ്ക്കും നോട്ടമെയ്തു ഷാഹി..

തന്നെ നോക്കുന്ന ആ കണ്ണുകളിൽ തെളിഞ്ഞു കാണുന്നത് കാമമോ വാത്സല്യമോ അല്ലായെന്നും താൻ ചെന്നത് എന്തിനാണെന്നറിയാനുള്ളൊരു കൗതുകമാണാ കണ്ണുകളിലെന്നും എളുപ്പം തിരിച്ചറിഞ്ഞവൾ…
അത്ര നേരം തന്നെ കീഴടക്കിയിരുന്ന എന്തോ ഒന്ന് ആ നിമിഷം തന്നെ വിട്ടൊഴിഞ്ഞ് പോയതുപോലെ തോന്നിയവൾക്ക്

അങ്കിൾ……

ഷാഹി വിളിച്ചതും അവളെ അമ്പരന്ന് നോക്കി സുനീർ… എളാപ്പ എന്നൊരു വിളിയാണ് അവളിൽ നിന്നയാൾ പ്രതീക്ഷിച്ചതെന്ന് വ്യക്തം…

“എന്റെ ഉമ്മ പാവമാണ്… എന്റെ ഉപ്പയും ഉപ്പയുടെ വീട്ടുകാരും ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെന്റെ ഉമ്മയെ, അതും എന്റെ പേരിൽ….
ഞാനെന്റെ ഉപ്പയുടെ രക്തത്തിൽ ജനിച്ചതല്ലെന്നും എന്റെ ഉമ്മയ്ക്കൊരു കാമുകനുണ്ടെന്നും ഉപ്പയുടെ കുടുംബത്തിലുള്ളവർ വിശ്വസിച്ചിരുന്നു… എനിയ്ക്കെന്റെ ഉപ്പയുടെയോ ആ കുടുംബത്തിലെ മറ്റാരുടെയോ മുഖ സാമ്യം ഇല്ലാന്നാണ് അവരതിന് പറഞ്ഞ കാരണം… ആ വിശ്വാസം കൊണ്ടാവും ഉപ്പയുടെ അനിയൻ എന്റെ എളാപ്പ ,എന്നെയും എന്റെ ഉമ്മയെയും വെറും ഒരു ശരീരമായ് കണ്ട് ഉപദ്രവിക്കാൻ നോക്കിയത്.. അന്നാണ് എന്നെയും കൂട്ടി ഉമ്മ ആ വീട്ടിൽ നിന്നിറങ്ങിയത്… ഞാനാണ് എന്റെ ഉമ്മയുടെ ജീവിതം തകരാൻ കാരണക്കാരിയെന്ന് പലരും ഇവിടെയും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു കേട്ടിട്ടുണ്ട് ഞാൻ…
അങ്കിൾ ഉമ്മയെ നിക്കാഹ് കഴിച്ചു കഴിഞ്ഞാലും എന്റെ പേരിൽ നിങ്ങളുടെ ഇടയിലും വഴക്ക് സംഭവിക്കുമെന്ന് ഇവരു സംശയം പറയുന്നത് കേട്ടിട്ടുണ്ട് ഞാൻ…
അങ്ങനെയൊന്ന് എന്റെ പേരിൽ നിങ്ങൾക്കിടയിൽ ഉണ്ടാവരുത് അങ്കിൾ….. ഞാൻ നിങ്ങൾക്കിടയിലേക്ക് വരില്ല ഒന്നിനും.. എന്റെ ഉമ്മയെ ഹാപ്പിയാക്കി വെച്ചാൽ മാത്രം മതി… ”

പ്രായത്തിലും ഏറെ പക്വതയോടെ തന്നോടു വേഗത്തിൽ സംസാരിച്ചു തീർക്കുന്ന ഷാഹിയെ കണ്ണെടുക്കാതെ നോക്കി സുനീർ…

അവൾ പറഞ്ഞ അവളുടെയും റാബിയയുടെയും ജീവിതത്തെ പറ്റി നിക്കാഹിനു മുമ്പേ അന്വേഷിച്ചറിഞ്ഞിരുന്നിരുന്നു സുനീർ…

“ഞങ്ങൾക്കിടയിലേക്ക് ഒന്നിനും വരില്ല എന്ന് ഷാഹി പറഞ്ഞത് സത്യം തന്നെയാണോ…?

അല്പനേരം
അവളെ നോക്കി നിന്ന ശേഷം സുനീർ ചോദിച്ചതും എത്ര മറച്ചു പിടിച്ചിട്ടും ഒരു വിഷാദം തെളിഞ്ഞു മാഞ്ഞു പോയ് ഷാഹിയിൽ…

“ഞാൻ…. ഞാൻ വരില്ല അങ്കിൾ… ഞാനിവിടെ മൂത്തമ്മയുടെ കൂടെ നിന്നോളാം…
വിശ്വസിക്കാം അങ്കിളിനെന്നെ… ”

ഒന്നു പതറിയെങ്കിലും ചിരിയോടെ തന്നെ പറഞ്ഞവൾ

“അങ്ങനെയാവുമ്പോൾ ഷാഹിയുടെ ഉമ്മയ്ക്ക് ഷാഹിയെ കാണാൻ തോന്നില്ലേ… ഷാഹിയ്ക്ക് തോന്നിയില്ലെങ്കിലും…..?

ഒരുപാടർത്ഥം വച്ചൊരു ചോദ്യം സുനീർ ചോദിച്ചതും ഒന്നു വിളറി ഷാഹി

“ഉമ്മയ്ക്ക് എന്നെ കാണാൻ തോന്നുമ്പോ അങ്കിളിനു കൂടി സമ്മതവും സമയവും ഉള്ള ദിവസങ്ങളിൽ ഇങ്ങോട്ട് ഉമ്മയെ കൂട്ടി വന്നാൽ മതി….”

മറുപടി വേഗത്തിൽ വന്നു ഷാഹിയിൽ നിന്ന്….

“അതെനിയ്ക്ക് ബുദ്ധിമുട്ടാണ് ഷാഹി… ഇവിടെയുള്ളവരുടെ അടുത്തേയ്ക്ക് എപ്പഴുമൊരു വരവൊന്നും എനിയ്ക്ക് സാധിക്കില്ല… ഷാഹി വേറെന്തെങ്കിലും പരിഹാരം കണ്ടു പിടിക്കേണ്ടി വരും ഉമ്മയെ കാണാൻ… ”

തന്റെ മറുപടിയിൽ തന്നെ പകച്ചു നോക്കുന്ന ഷാഹിയെ കണ്ടില്ലെന്നു നടിച്ച് വേഗം
വീടിനുമ്മറത്തേയ്ക്ക് നടന്നു സുനീർ….

അയാളുടെ സംസാരവും അവഗണിച്ച വിധത്തിലുള്ള പോക്കും ഷാഹിയുടെ കണ്ണുകൾ നിറച്ചെങ്കിലും കണ്ണുനീർ പുറത്തേക്കൊഴുകാൻ അനുവദിക്കാതെ തടഞ്ഞവൾ വേഗം തന്നെ….

നിക്കാഹിന്റെ അന്ന് പെണ്ണിന്റെ വീട്ടിൽ നിൽക്കുന്ന രീതിയനുസരിച്ച് സുനീർ അന്ന് തങ്ങിയത് റാബിയയുടെ വീട്ടിലാണ്…

രാത്രി ഏറെയാവും മുമ്പ് മുറിയിലേക്കെത്തിയ റാബിയയുടെ മുഖത്തെ തെളിച്ച കുറവും നീർ നിറഞ്ഞ കണ്ണുകളും മുറിയിലെ ഡിം ലൈറ്റ് വെട്ടത്തിലും തെളിഞ്ഞു കണ്ടയാൾ

ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ അന്നത്തെ ആ രാത്രി തന്നെ തന്റെ ശരീരത്തിൽ ആധിപത്യം സ്ഥാപിക്കുന്നവനെ അറിയേ ഒരു കരച്ചിൽ പിടഞ്ഞടിച്ചുയർന്നു റാബിയയിൽ….

സുനീറുമായുള്ളൊരു തുറന്ന സംസാരത്തിലൂടെ ഷാഹിയെ തന്റൊപ്പം കൊണ്ടുപോവാനുള്ള അനുവാദം അവനിൽ നിന്ന് വാങ്ങാൻ കാത്തു നിന്നവളുടെ സകല പ്രതീക്ഷയും തകർക്കുന്നതായിരുന്നു സുനീറിന്റെ നീക്കം…

അവന്റെ നീക്കങ്ങളെ തടയണമെന്ന് മനസ്സ് ആഗ്രഹിക്കുമ്പോഴും തന്റെ എതിർപ്പ് അവനിലൊരു ദേഷ്യം തന്നോടു തോന്നിപ്പിക്കുമോ എന്ന ചിന്തയിൽ നിശബ്ദയായ് റാബിയ നിശ്വാസമയച്ച നിമിഷം തന്നെ അവളിൽ നിന്നകന്നു മാറിയിരുന്നു സുനീറും….

പിറ്റേന്നു പുലർച്ചെ റാബിയയും സുനീറും പോവാനൊരുങ്ങി വന്നതും അവരെ യാത്ര അയക്കാനായ് ചിരിച്ച മുഖത്തോടെ മുമ്പിൽ തന്നെ നിന്നു ഷാഹിയും…

ഷാഹി…. വാ … വന്ന് കയറ്….

തങ്ങളുടെ കാറിന്റെ ബാക്ക് ഡോർ തുറന്ന് സുനീർ ഷാഹിയെ വിളിച്ചതും അയാളെ പകച്ചു നോക്കി ഷാഹി….

“എന്റെ ഭാര്യ എന്നെയുപേക്ഷിച്ച് മറ്റൊരുത്തനൊപ്പം പോയപ്പോൾ അവൾക്കൊപ്പം എനിയ്ക് നഷ്ടപ്പെട്ടത് എന്റെ മകളെ കൂടിയാണ്…. ഇന്ന് ഞാനൊരുവളെ എന്റെ ഭാര്യയായ് കൂടെ കൂട്ടുമ്പോൾ അവൾക്കൊപ്പം എനിയ്ക്ക് തിരികെ കിട്ടുന്നത് നീ എന്ന മകളെ കൂടിയാണ്… നിനക്ക് ഉപ്പ ആയിരിക്കുന്നതിനെക്കാൾ ഞാനാഗ്രഹിക്കുന്നത് നിനക്ക് അങ്കിളായിരിക്കാനാണ് ഷാഹി… എന്നും എപ്പോഴും നിനക്കൊരു സുഹൃത്തായ് ,അങ്കിളായ് ഞാനുണ്ടാവും നിനക്കൊപ്പം…. എന്റെ കണ്ണിലൊരിക്കലും നീയെന്ന പെൺകുട്ടിയോട് വാത്സല്യമെന്നൊരു ഭാവത്തിനപ്പുറം മറ്റൊന്നും തെളിയില്ല…. അത് നിനക്കുള്ള എന്റെ ഉറപ്പ്… നീയെന്ന പെൺക്കുട്ടി എനിയ്ക്ക് ആരാണെന്ന ഉറപ്പ് നിന്റെ ഉമ്മയ്ക്കും ഞാൻ കഴിഞ്ഞ ദിവസം നൽകിയിട്ടുണ്ട്…
നിന്നെ പോലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്താൻ അങ്കിളിനു പറ്റില്ല ഷാഹി… അതു കൊണ്ട് മുന്നോട്ടുള്ള നമ്മുടെ ജീവിതത്തിൽ നമ്മൾ മൂന്നാൾ മാത്രം മതി…. ഉമ്മയെ സ്വന്തം ജീവനെക്കാൾ സ്നേഹിക്കുന്ന, ഉമ്മയുടെ സന്തോഷത്തിനായ് എന്തും സഹിക്കുന്ന നിന്നെ പോലൊരുവളെ സുഹൃത്തായ് കിട്ടാനും വേണം ഭാഗ്യം… എനിയ്ക്ക് ആ ഭാഗ്യമുണ്ട്… വാ… വന്നു കയറ്… നമ്മുടെ വീട്ടിൽ പോവാം

മനസ്സു തുറന്നൊരു ചിരിയോടെ സുനീർ പറയുമ്പോൾ പരസ്പരം നോക്കി നിറഞ്ഞു ചിരിച്ചു റാബിയും ഷാഹിയും..

അവരാ ഉമ്മയേയും മകളെയും അവരായ് തന്നെ മനസ്സിലാക്കുന്ന ഒരുവന്റെ കയ്യിൽ തന്നെ അവരെ ഏല്പിച്ചവസാനം ദൈവവും… ഒരിക്കൽ പറ്റിയ തെറ്റ് തിരുത്താനെന്ന പോലെ…

ശുഭം….

രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *