“എടീ…. ഗൾഫീന്ന് ഇന്ന് വരുന്നത് എന്റെ ആങ്ങളയാണ്… ദേ ഈ നിൽക്കുന്ന എന്റെ അമ്മ പ്രസവിച്ച എന്റേട്ടൻ… ആ ഏട്ടനെ കാത്തു നിൽക്കാനും വരുമ്പോ സംസാരിക്കാനുമൊക്കെ ഞങ്ങളിവിടുണ്ട്… നീ ആ അടുക്കളയിലേക്ക് ചെന്ന് വെച്ചുണ്ടാക്കി വെച്ചതൊക്കെ വല്ല പൂച്ചയോ മറ്റോ തട്ടി താഴെയിടാതെ നോക്ക്…. ഉം… ചെല്ല്……”
ദീപക് ചേട്ടൻ വരാനായോന്ന് കാത്ത് ആകാംഷയോടെ അമ്മു നിൽക്കും നേരത്താണ് അവൾക്കടുത്തെത്തി ദീപക്കിന്റെ അനിയത്തി ദിവ്യയുടെ കല്പന…
“അവിടുത്തെ ജോലികളെല്ലാം തീർന്നു ദിവ്യേ … വാതിലും ജനലുമെല്ലാം അടച്ചിട്ടുണ്ട്… പൂച്ചയൊന്നും കയറില്ല…. ”
ഒരുങ്ങി ചമഞ്ഞ് യജമാനത്തിഭാവത്തിൽ തന്റെ അരികിൽ നിൽക്കുന്നവളോടു പറയുമ്പോൾ അമ്മുവിന്റെ നോട്ടം ദിവ്യയിൽ നിന്ന് മാറി അവൾക്കരികിൽ ഗൗരവത്തിൽ നിൽക്കുന്ന അമ്മയിലേക്കുമൊന്നു പാളി ചെന്നു…
അമ്മയുടെ നോട്ടം പക്ഷെ തുറന്നു കിടക്കുന്ന ഗേറ്റിലേക്കാണ്…. വിവാഹം കഴിഞ്ഞന്ന് രാത്രി എമർജൻസി വിളി വന്ന് തിരികെ ഗൾഫിലേക്ക് പോയ മകനെ കാണാനുള്ള തിടുക്കമാണ് ആ മിഴികളിലെന്നു കണ്ടതും ഒന്നു തണുത്തവളുടെ ഉള്ളം….
ജനലും വാതിലുമൊക്കെ അടച്ചെന്ന് പറഞ്ഞിവിടെ കുറ്റിയടിച്ച് നിൽക്കാതെ നീ ഒന്ന് ചെന്ന് നോക്കീട്ട് വാടീ…. നിനക്കെന്താ ഞാൻ പറയുന്നത് അനുസരിക്കാനൊരു മടി… ഏട്ടൻ വരുന്നതിന്റെ അഹങ്കാരമാണെങ്കിൽ അതു വേണ്ട… എന്റെ ഏട്ടനാണ് …. ഞാൻ കഴിഞ്ഞേ എന്റെ ഏട്ടന് ആരും എന്തും ഉള്ളു… അത് മറന്ന് അധികാരം കാണിക്കാൻ നിൽക്കണ്ട നീ… അല്ലെങ്കിൽ തന്നെ എന്തെടുത്ത് അഹങ്കാരം കാണിക്കാനാണ് നീ… ഈ നീണ്ടു നിറഞ്ഞു കിടക്കുന്ന മുടിയോ….”
എന്തൊക്കെയോ കാരണങ്ങൾ ചികഞ്ഞ് വെറുതെ തന്നോടു വഴക്കിനു വരുകയാണ് ദിവ്യ എന്നു കണ്ടതും ഉമ്മറത്തെ കാത്തു നില്പ് അവസാനിപ്പിച്ച് വീടിനുള്ളിലേക്ക് തിരികെ നടന്നു അമ്മു….
അത് കണ്ടതും ആഗ്രഹിച്ച കാര്യം നേടിയൊരു സംതൃപ്തി തെളിഞ്ഞു നിന്നു ദിവ്യയുടെ മുഖത്തും
“അവളൊരു ഉത്തമ ഭാര്യ വന്നിരിയ്ക്കുന്നു… എനിയ്ക്കറിയാം എന്റേട്ടനെ കാത്തു നിൽക്കാൻ…”
ഉള്ളിലെ സന്തോഷം മറച്ചുവെയ്ക്കാതെ തുറന്നു ദിവ്യ പറഞ്ഞതും അത്ര നേരം അവിടെ നടന്നതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതിരുന്ന അമ്മ തന്റെ മുഖം ചെരിച്ച് ദിവ്യയെ നോക്കിയൊന്ന് പുഞ്ചിരിച്ചു…
“അല്ലമ്മേ…അവളെ ആദ്യമേ ഞാൻ ഒതുക്കിയില്ലെങ്കിൽ അവളായിരിക്കും പിന്നെ എന്നെ ഏടത്തിയമ്മ ചമഞ്ഞ് ഭരിക്കുക… അതു ഞാൻ സമ്മതിക്കില്ല… എന്റേട്ടനും അമ്മയ്ക്കും ഭർത്താവിനുമെല്ലാം എപ്പോഴും ഏറ്റവും പ്രിയപ്പെട്ടവൾ ഞാൻ തന്നെയാവണം… എന്റെ ഏട്ടനാണ്…. എന്റെ വീടാണ്….
അധികാരത്തോടെ പറയുന്നതിനൊപ്പം അവകാശമുറപ്പിക്കാനെന്ന പോലെ സിറ്റൗട്ടിലെ കോൺക്രീറ്റ് തൂണിൽ ഇരുകയ്യും ചുറ്റി ദിവ്യ നിന്നതും അകത്തേക്ക് പോയ അമ്മുവിനെ തിരഞ്ഞ് വീട്ടിനുള്ളിലേക്ക് നീണ്ടു അമ്മയുടെ കണ്ണുകൾ…
കാണുന്നിടത്തൊന്നും അമ്മുവില്ലെന്ന് കണ്ടതും ഒരു ദീർഘനിശ്വാസമുതിർന്നു അമ്മയിൽ നിന്ന്…
ഇതേ സമയം തന്റെ മുറിയിൽ ബെഡ്ഡിൽ കണ്ണടച്ചു കിടന്നു അമ്മു…
ജാതകത്തിലെ നൂലാമാലകൾ കാരണം പെട്ടന്നു നടന്നൊരു വിവാഹമാണ് അമ്മുവിന്റെയും ദീപകിന്റെയും ….
വിവാഹം കഴിഞ്ഞ് ഇവിടെ ചെക്കനും പെണ്ണും വന്നു കയറിയ പുറകെയാണ് കമ്പനി എമർജൻസിയായ് ദീപകിനെ തിരിച്ചുവിളിച്ചത്… കമ്പനിയിൽ പെട്ടന്നുണ്ടായ ചില ഇഷ്യൂ കാരണമായിരുന്നത്….
അച്ഛനും അമ്മയും ഒരനിയനും മാത്രമുള്ള വളരെ സാധാരണയൊരു കൃഷി കുടുംബത്തിൽ നിന്ന് വന്ന അമ്മുവിനോട് വന്ന നാൾ മുതൽ അകൽച്ച കാണിക്കുന്നവളാണ് ദിവ്യ…
ഏട്ടന്റെ ഭാര്യയാണ് എന്നതൊന്നും ഒരു പ്രശ്നമേ അല്ലാത്ത പോലെ എപ്പോഴും അമ്മുവിനോടു ദേഷ്യപ്പെട്ടാണ് ദിവ്യ സംസാരിക്കുക… വഴക്കു പറച്ചിലും കളിയാക്കലുമെല്ലാം സാധാരണയാണവിടെ
പ്രത്യേകിച്ചതിനു യാതൊരു കാരണവും വേണ്ട ദിവ്യയ്ക്ക്….
വിവാഹം കഴിപ്പിച്ചയച്ചതാണ് ദിവ്യയെ എങ്കിലും ഭർത്താവ് വിപിന്റെ വീട്ടിലവൾ നിൽക്കാറേയില്ല… അമ്മയ്ക്ക് താനെപ്പോഴും അടുത്തുണ്ടാവണമെന്നൊരു കാരണം പറഞ്ഞ് സ്ഥിരം ഇവിടെയാണവൾ…
അതിന്റെ പ്രധാന ലക്ഷ്യം യാതൊരു കാരണവശാലും ദീപക്കും അമ്മുവും അടുക്കരുത് എന്നതു തന്നെയാണ്…
അതിന്റെ ആദ്യപടിയായ് ദിവ്യ ചെയ്തത് അമ്മുവിന്റെ ഫോൺ നശിപ്പിക്കുകയായിരുന്നു… അമ്മുവിനോടു പിന്നീട് ദീപക്ക് സംസാരിച്ചിരുന്നത് അമ്മയുടെയും ദിവ്യയുടെയും ഫോണിലൂടെയാണ്… അമ്മുവിന് പുതിയൊരു ഫോണെന്ന ദീപക്കിന്റെ ആശയം പോലും മുളയിലേ നുള്ളിയവൾ….
കഴിഞ്ഞു പോയ മൂന്നു മാസങ്ങൾ കൊണ്ട് അമ്മുവിനെ ഉപദ്രവിക്കാവുന്നതിന്റെ പരമാവധി ഒളിഞ്ഞും തെളിഞ്ഞും ഉപദ്രവിച്ചു കഴിഞ്ഞു ദിവ്യ…
അമ്മേ… ദേ ഏട്ടൻ….
മുറ്റത്തൊരു കാറു വന്നു നിൽക്കുന്നതിനൊപ്പം തന്നെ ദിവ്യയുടെ സംസാരം ഉയർന്നതും കുതിച്ചുണർന്നു അമ്മുവിന്റെ നെഞ്ചകം…
ദീപക്കിനെ ഒന്നു കാണാൻ തുടിച്ചവളുടെ ഉള്ളമെങ്കിലും ഇപ്പോൾ താനങ്ങോട്ടു ചെന്നാൽ അതു ദിവ്യയ്ക്കിഷ്ടപ്പെടില്ല എന്നൊരു കാരണത്താൽ ഹാളിനുള്ളിൽ തന്നെ നിന്നതേയുള്ളൂ അവൾ….
അമ്മയേയും അനിയത്തിയേയും പുണർന്നു മാറിയ ദീപക്കിന്റെ കണ്ണുകൾ തന്റെ പ്രിയപ്പെട്ടവളെ തേടിയതും കണ്ടു തന്നിൽ മാത്രം നോട്ടമുറപ്പിച്ചു നിൽക്കുന്നവളെ… അവളെ നോക്കിയവനൊന്ന് മിഴികൾ ചിമ്മിയതും അതു വ്യക്തമായ് കണ്ട ദിവ്യയുടെ മുഖമാകെ ഇരുണ്ടു
ഏട്ടാ… വായോ..
അവന്റെ കൈ പിടിച്ചകത്തേയ്ക്ക് അധികാരത്തോടെ നടക്കുമ്പോൾ അമ്മുവിനെ നോക്കി മുഖം വക്രിച്ചു ദിവ്യ…
ദീപക്കിനു ഭക്ഷണം വിളമ്പുപ്പോൾ മുതൽ അവനുള്ള ഓരോയിടത്തും അവന്റെ ഇടവും വലവും ദിവ്യനിറഞ്ഞു നിന്നതും അമ്മു വെറുമൊരു കാഴ്ചക്കാരിയായ് മാറി നിന്നവിടെ…
“ഏട്ടാ… ഇതെല്ലാം എനിക്കാണേ… ഞാനെടുത്തു ഇത്…വിപിനേട്ടന്റെ പെങ്ങൻമാർക്കും അടുത്തുള്ളവർക്കും ഒക്കെ കൊടുക്കാനാണ്…
ദീപക്ക് കൊണ്ടുവന്ന പെട്ടി പൊട്ടിച്ചതും ഓരോ സാധനങ്ങളായ് കൈയ്യിലെടുത്തു അധികാരം ഉറപ്പിച്ചു ദിവ്യയെങ്കിൽ അമ്മു അവിടെയും കാഴ്ചക്കാരിയായ് നിന്നു….
ഏട്ടാ… ഏട്ടൻ വന്നതറിഞ്ഞിട്ടാണെന്ന് തോന്നുന്നു ഏട്ടന്റെ ഭാര്യ വീട്ടുകാർ വന്നിട്ടുണ്ട്…
ശബ്ദത്തിൽ പരമാവധി പുച്ഛം നിറച്ച് ദീപക്കിനോട് ദിവ്യ വൈകുന്നേരം ചെന്നു പറഞ്ഞതും അമ്മയോടു സംസാരിച്ചിരുന്ന ദീപക്ക് ഒരു ചിരിയോടെ എഴുന്നേറ്റു ചെന്നവരുടെ അടുത്തേക്ക്… അവനൊപ്പം തന്നെ നിറഞ്ഞ ചിരിയോടെ അമ്മുവും തന്റെ വീട്ടുക്കാരെ സ്വീകരിക്കാനിറങ്ങിയതും അതിഷ്ടപ്പെടാത്തതുപോലെ അവളെ നോക്കി ദഹിപ്പിച്ചു ദിവ്യ…
“ഇതെന്താ അമ്മേ ഇവര് ബാഗെല്ലാമായിട്ട്… ഇവരിവിടെ താമസിക്കാൻ വന്നതാണോ….?
“അമ്മുവിന്റെ അച്ഛനും അനിയനും ഒന്നു രണ്ട് ബാഗുകൾ സിറ്റൗട്ടിലേക്ക് എടുത്തു വെച്ചതു കണ്ട് അമ്മയെ മിഴിച്ചു നോക്കി ദിവ്യ എങ്കിലും അവളുടെയാ ചോദ്യം പറ്റെ അവഗണിച്ച് വന്നവരെ സ്വീകരിക്കുന്ന തിരക്കിലായ് അമ്മയും…
അച്ഛാ… അങ്ങോട്ടിറങ്ങാൻ ഒട്ടും സമയമില്ലാത്തതുകൊണ്ടാണ്… ക്ഷമിക്കണം ട്ടോ….
ഗൾഫിൽ നിന്ന് കൊണ്ടുവന്നതിൽ കൂട്ടുക്കാർക്കെന്നു പറഞ്ഞ് ദീപക് പൊട്ടിക്കാതെ മാറ്റി വെച്ച വലിയൊരു ബോക്സെടുത്ത് അമ്മുവിന്റെ അച്ഛനു നൽകി പറഞ്ഞതു കേട്ടമ്പരന്ന് അവരെ മിഴിച്ചു നോക്കി ദിവ്യ
സാരമില്ല മോനെ… ഞങ്ങൾക്കു മനസ്സിലാവും… പുലർച്ചെ നാലിനാണ് തിരികെയുള്ള ഫ്ലൈറ്റെങ്കിൽ രാത്രി ഇറങ്ങണ്ടേ ഇവിടുന്ന്… അമ്മുവിന് പിന്നെ ഒന്നും പാക്ക് ചെയ്യണ്ട ആവശ്യമില്ലല്ലോ എല്ലാം മോൻ പറഞ്ഞതുപോലെ കൊണ്ടു വന്നിട്ടുണ്ട് ഞാൻ….
കാര്യമെന്തെന്ന് മനസ്സിലാവാതെ ദിവ്യ അവരെ പകച്ചു നോക്കി നിൽക്കുമ്പോൾ അവളെ അവഗണിച്ചു തന്റെ സംസാരം തുടർന്നു ദീപക്കും..
‘ഇതെന്താ അമ്മേ ഇവിടെയീ നടക്കുന്നത് ,…?ആരു മടങ്ങിപോവുന്ന കാര്യമാ ഇവരീ പറയുന്നത്…?
അവരുടെ സംസാരമത്രയും ചിരിയോടെ കേട്ടു നിൽക്കുന്ന അമ്മയെ തോണ്ടി ദിവ്യ
തിരികെ പോണത് നിന്റെ ഏട്ടനും ഭാര്യയുമാണ്… അവളെ കൂടെകൊണ്ടുപോവാനാണ് അവനി വന്നേക്കുന്നതു തന്നെ…
അമ്മ പറഞ്ഞതും തുറിച്ചുന്തി ദിവ്യയുടെ മിഴികൾ… കേട്ടതവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല…
ഇതൊക്കെ എങ്ങനെ… ഞാനറിഞ്ഞില്ലല്ലോ…?
ദിവ്യ പറഞ്ഞതും ഒന്നു ചിരിച്ചമ്മ
ഇതൊക്കെ നടത്താനല്ലേ മോളെ നിങ്ങളുടെ അമ്മയായ് ഞാനിവിടെ ഉള്ളത്… നിനക്കാ പെണ്ണിനെ കണ്ണെടുത്താൽ ഇഷ്ടമില്ലല്ലോ… അതോണ്ട് ഞാനാ അവനോടു പറഞ്ഞത് അവളെ വന്നു കൊണ്ടുപോവാൻ… നിന്നോടു പറയാത്തത് നിനക്കൊരു സർപ്രൈസ് തന്നതാണ്… സന്തോഷായില്ലേ മോൾക്ക്… -?
ദിവ്യയുടെ കവിളിൽ തട്ടിയത് ചോദിച്ച് അമ്മ തിരിച്ചടുക്കളയിലേക്ക് നടന്നതും അമ്മയുടെ ചുണ്ടിൽ അമ്മുവിനും ദീപക്കിനും മാത്രം മനസ്സിലാവുന്ന ഒരമ്മച്ചിരിതെളിഞ്ഞു നിന്നിരുന്നു….
തിരുത്താൻ ശ്രമിച്ചാലും നന്നാവില്ല എന്നുറപ്പുള്ള ചിലതിനൊക്കെ ഇങ്ങനെയോ പണി കൊടുക്കാൻ പറ്റുകയുള്ളു എന്നറിവൊരു ചിരിയായ് അവിടെ നിന്നവരിലെല്ലാം തെളിയുമ്പോൾ ഈ കുറഞ്ഞ സമയം കൊണ്ടെങ്ങനെ അവരുടെ യാത്ര മുടക്കും എന്ന ചിന്തയിലാണ്ടിരുന്നു ദിവ്യ… അതിനി അവൾക്ക് സാധിക്കില്ല എന്നറിഞ്ഞുതന്നെ…
✍️ രജിത ജയൻ
