‘(രചന: രജിത ജയൻ)
ഉണ്ണി മോളെ… അച്ഛനാ പയ്യനോടും വീട്ടുക്കാരോടും ഈ ഞായറാഴ്ച വരാൻ പറഞ്ഞോട്ടെ…
അവരൊന്നു വന്നു കണ്ടു പോട്ടെ…
ബാക്കി നമുക്ക് പിന്നീട് ആലോചിച്ചാൽ പോരെ…?
ഹാളിലിരുന്ന് റെക്കോഡ് ബുക്കിൽ വർക്ക് ചെയ്യുന്ന ഉണ്ണിമായക്ക് അരികിലിരുന്ന് അച്ഛൻ ശേഖരൻ ചോദിച്ചതും ഒരു നനുത്ത പുഞ്ചിരിയോടെ അയാളെ നോക്കി ശിരസ് വിലങ്ങനെയാട്ടി ഉണ്ണിമായ..
“വേണ്ട അച്ഛാ… ഇപ്പോ ഒരു കല്യാണം ഞാൻ ആഗ്രഹിക്കുന്നില്ല… അച്ഛനറിയാലോ അത്… പിന്നെ വെറുതെ എന്തിനാ
ഒരുങ്ങിയിറങ്ങി ചെന്നൊരു ചെക്കന് പ്രതീക്ഷ കൊടുക്കുന്നത്…. ?
“അച്ഛനവരെ വിളിച്ചിപ്പോൾ തന്നെ പറത്തേക്ക് നാളെ വരണ്ടെന്ന്…”
അച്ഛനോടു പറഞ്ഞ് വരച്ചു തീർത്ത റെക്കോഡ് ബുക്ക് മടക്കിയെടുത്ത് മുറിയിലേക്ക് നടക്കുമ്പോൾ ഉണ്ണിമായയുടെ നോട്ടമൊരു മാത്ര ഹാളിൽ തങ്ങളുടെ സംസാരമെല്ലാം കേട്ട് തല കുനിച്ചിരിക്കുന്ന ശരത്തിൽ തങ്ങി നിന്നു…
അവളിൽ നിന്നൊരു നോട്ടം തന്നിലെത്തുമെന്ന് അത്രയും ഉറപ്പുള്ളതുകൊണ്ടുതന്നെ ഉണ്ണിമായ നോട്ടം പിൻവലിച്ച് തന്റെ റൂമിലേക്ക് കയറുന്നതു വരെ തലതാഴ്ത്തി തന്നെയിരുന്നു ശരത്തും.. അവളെ നോക്കില്ലെന്നതു പോലെ…
“വരുന്ന ഒരാലോചനയും വീട്ടിലെത്താൻ അവള് സമ്മതിക്കുന്നില്ലല്ലോ മോനെ… ഇനി എന്താ നമ്മള് ചെയ്യാ…?
ഉണ്ണിമായ റൂമിൽ കയറിയെന്നുറപ്പിച്ച് ശിരസ്സുയർത്തിയ ശരത്തിന്റെ അടുത്ത് ‘വന്നിരുന്നു സങ്കടം പറഞ്ഞു ശേഖരൻ…
“വിവാഹം കഴിക്കുന്നതും ഒരുത്തനൊപ്പം ജീവിക്കുന്നതുമെല്ലാം ഉണ്ണിയല്ലേ ശേഖരേട്ടാ… അവളുടെ ജീവിതത്തിൽ എന്തു വേണമെന്നതിനെ പറ്റിയും എങ്ങനെ വേണമെന്നതിനെ പറ്റിയും അവൾക്ക് മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളു ശേഖരേട്ടാ…
അതിനി കല്യാണമാണെങ്കിൽ പോലും..
അതു കൊണ്ടവളുടെ സമ്മതം കിട്ടുംവരെ ഒന്നിനും നിർബന്ധിക്കണ്ട അവളെ… ”
ശരത്തു പറഞ്ഞതും അവനെ അല്പനേരം നോക്കിയിരുന്നിട്ടൊരു തലയാട്ടലോടെ എഴുന്നേറ്റു പോയ് ശേഖരൻ…
ഉടൽ കൊണ്ട് നഗ്നത മറച്ച് ഉരഗങ്ങളെ പോലെ കെട്ടുപിണഞ്ഞുരുളുന്ന സ്ത്രീയും പുരുഷനും
ചോര ചുവപ്പാർന്ന പെണ്ണിന്റെ അധരങ്ങളെ തന്റെ പല്ലിനാൽ കടിച്ചെടുത്ത് പെണ്ണിന്റെ നഗ്നതയിൽ ചിത്രം വരയ്ക്കുന്ന പുരുഷന് ശരത്തിന്റെ മുഖമാണെങ്കിൽ അവന്റെ ലാളനകളിൽ തളർന്നു കിതയ്ക്കുന്നവൾക്ക് ഉണ്ണിമായയുടെ മുഖമാണ്..
നട്ടുച്ച നേരത്ത് പാതി ബോധത്തിലെന്ന പോലെ കണ്ട സ്വപ്നമോർത്തതും നെഞ്ചിടിപ്പുയർന്നു ശരത്തിന്…
ഉയരുന്ന ശ്വാസവും വിയർക്കുന്ന ശരീരവും അവന്റെ സംഭ്രമം മറ്റൊരാൾക്ക് മനസ്സിലാക്കി കൊടുക്കുന്നളവിൽ ഉയർന്നതും ആരോടും ഒന്നും പറയാതെ പാടത്തേക്കിറങ്ങി ആൽത്തറ ലക്ഷ്യമാക്കി നീങ്ങി ശരത്ത്
പാടവരമ്പിലൂടെ ധൃതിയിൽ നടന്നു പോവുന്നവനെ ജനലിലൂടെ നോക്കി നിന്ന ഉണ്ണിമായയുടെ കണ്ണുകൾ തുലാവർഷം കണക്ക് പെയ്തു…
തുറന്നു പറഞ്ഞ പ്രണയത്തിന്റെ തിരസ്ക്കരണത്തിന്റെ അണയാത്ത നോവുണ്ടവളുടെ ഉള്ളിൽ…
ശരത്തിനെ അല്ലാതെ മറ്റൊരു പുരുഷനെ ഉൾക്കൊള്ളാൻ കഴിയാതെ പിടഞ്ഞടിച്ചവളുടെ ഹൃദയം… അവനായ് മാത്രം പാടാൻ വെച്ച പ്രണയകാവ്യങ്ങൾ ശ്വാസം മുട്ടി ഞെരുങ്ങി അവളുടെ തൊണ്ടയിൽ….
“നീ ഇന്നും ആ സ്വപ്നം കണ്ട് ഭയന്നെഴുന്നേറ്റ് പോന്നതാണോ ശരത്തേ…?
ആൽത്തറയിൽ മലർന്നു കിടക്കുന്ന ശരത്തിനരികെ വന്ന് നവാസ് ചോദിച്ചതിന്റെ മറുപടിയൊന്നും പറയാതെ അവനെയൊന്ന് നോക്കി ശരത്ത്…
” നിന്റെ ഉള്ളിലുള്ള ഇഷ്ടം നീയെത്ര നാൾ മറച്ചുവെക്കും ശരതേ… നിന്നെ ഇഷ്ടമാണെന്ന് ഉണ്ണിമായ പറഞ്ഞപ്പോഴെങ്കിലും നിനക്ക് സമ്മതിക്കായിരുന്നില്ലേടാ… എന്തിനാ ഇങ്ങനെ സ്വയം പറ്റിച്ചു ജീവിക്കുന്നത്… ?
“ഉണ്ണിമായയെ അല്ലാതെ മറ്റൊരു പെൺകുട്ടിയെ കൂടെ കൂട്ടാൻ കഴിയോടാ നിനക്കീ ജന്മത്തിൽ…?
നിന്റേതെന്ന് കരുതി ചെറുപ്പംതൊട്ടേ നീ സ്നേഹിച്ചതല്ലേ അവളെ…?
കടപ്പാടിന്റെയും സഹായത്തിന്റെയും പേരിലാ ഇഷ്ടം അങ്ങനങ്ങ് വേണ്ടാന്നു വെയ്ക്കാൻ പറ്റ്വോ നിനക്ക്…?
നവാസിന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലാതെ ആ കിടപ്പങ്ങനെ കിടക്കേ ശരത്തിന്റെ ഇരു ചെന്നിയിലൂടെയും കണ്ണുനീർ ഒഴുകി പരന്നു കൊണ്ടിരുന്നു…
“ശേഖരേട്ടൻ എന്നാണ് ഉണ്ണിയുടെ അച്ഛനെ ഞാൻ വിളിക്കുന്നതെങ്കിലും മനസ്സുകൊണ്ടെന്റ അച്ഛന്റെ സ്ഥാനത്താണ് നവാസേ ഞാനാ മനുഷ്യനെ കാണുന്നതെന്ന് നിനക്കറിയില്ലേ…
കൂട്ടമോ കുടുംബമോ ഇല്ലാതെ ,ഒരനാഥനായ് മറ്റുള്ളവരുടെ ആശ്രയത്തിൽ തെണ്ടി തിന്നു വളർന്ന എന്നെ ഇന്നത്തെ ഞാനാക്കിയത്, ഒരു ഹൈസ്ക്കൂൾ അധ്യാപകനാക്കിയത് ആ സാധു മനുഷ്യന്റെ വിയർപ്പും അധ്വാനവുമാണ്.. ഒരു മകനായിട്ടേ എന്നെ അദ്ദേഹം കണ്ടിട്ടുള്ളു.. ആ വീട്ടിലെനിക്ക് എല്ലാ സ്വാതന്ത്ര്യവും തന്നത് ഉണ്ണിയെ ഞാനെന്റെ സഹോദരിയായ് കാണും എന്ന വിശ്വാസത്തിലല്ലേ…?
പിന്നെ ഞാനെങ്ങനെയാണെടാ ആ മനുഷ്യനോട് മകളെ വിവാഹം കഴിപ്പിച്ചു തരുമോന്ന് ചോദിക്കുക….?
“തകർന്നു പോവില്ലേ ആ സാധു.. പാമ്പിനാണ് പാലൂട്ടിയതെന്നോർത്ത് ശപിക്കില്ലേ എന്നെ… അതൊന്നുമെനിയ്ക്ക് ഓർക്കാൻ കൂടി വയ്യെടാ… എവിടെയായാലും ആരുടെ ഒപ്പമായാലും എന്റെ ഉണ്ണി സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിയ്ക്ക് …. ആ സന്തോഷം മതി ഈ ജീവിതം ഇങ്ങനെ ജീവിച്ചു തീർക്കാൻ…”
ഒഴുകുന്ന കണ്ണുനീർ തുടച്ചു മാറ്റി പറഞ്ഞു നടന്നു നീങ്ങുന്നവനെ നിസ്സഹായതയോടെ നോക്കി നിന്നു നവാസ്….
രണ്ടുനാൾ കഴിഞ്ഞൊരു സന്ധ്യാനേരത്ത് പതിവില്ലാത്ത വിധം സന്തോഷ ചിരിയോടെ തനിയ്ക്ക് അടുത്തേക്ക് വരുന്ന ശേഖരനെ നിറഞ്ഞ ചിരിയോടെ നോക്കി ശരത്ത്…
“ഇന്ന് ശേഖരേട്ടൻ നല്ല സന്തോഷത്തിലാണല്ലോ…
എന്തു നടന്നു ഇത്രയധികം സന്തോഷം വരാൻ….?
തിരക്കുമ്പോൾ ആകാംഷയാണവനിൽ….
“ഉണ്ണി…. ഉണ്ണിമോള് വിവാഹത്തിന് സമ്മതിച്ചു മോനെ…. ചെക്കന് കൂട്ടരോട് വന്നു കണ്ടോളാനും പറഞ്ഞു… ”
ശേഖരൻ പറഞ്ഞതിൽ പാതിയേ ശരത്തു കേട്ടുള്ളു…
ഉണ്ണിയൊരു കല്യാണത്തിന് സമ്മതിച്ചു എന്ന വാക്കോടെ കൊട്ടിയടക്കപ്പെട്ടിരുന്നവന്റെ ചെവി…
അവൾക്കൊരു നല്ല ജീവിതം കിട്ടണേ എന്ന് പ്രാർത്ഥിക്കുമ്പോഴും അവളുടെ അകൽച്ച തനിയ്ക്ക് താങ്ങാൻ കഴിയുമോ എന്ന് ചിന്തിക്കാൻ പോലും ധൈര്യമില്ലാത്തവന്റെ മുന്നിലാണ് അവളുടെ വിവാഹം നടക്കുമെന്ന വാർത്ത എത്തുന്നത്…
“നല്ല ആലോചനയാണോ ശേഖരേട്ടാ… ചെക്കൻ എങ്ങനെ..?
ഉള്ളിലെ വിങ്ങൽ പുറത്തു കാണാതവൻ തിരക്കും നേരം തന്നെയാണ് പടിക്കടന്ന് ഉണ്ണിമായയുടെ വരവ്…
നീലസാരിയിൽ അലസമായൊഴുകി എന്ന പോലെ വരുന്നവളെ കണ്ടതും നെഞ്ചൊന്നു പിടഞ്ഞവന്…
“ശരത്തേട്ടൻ അറിഞ്ഞില്ലേ കാര്യങ്ങൾ…?
വന്ന വഴി ചിരിച്ചു കൊണ്ട് തിരക്കുന്ന ഉണ്ണിമായയെ മിഴിഞ്ഞ കണ്ണോടെ പകച്ചു നോക്കി ശരത്ത്…
‘എന്റെ കല്യാണം നടക്കാൻ പോവാണ്…. ഒപ്പം ശരത്തേട്ടന്റെയും…,
ഉണ്ണിമായ പറഞ്ഞതും ഒന്നു വിറച്ചവൻ
“മനസ്സിലായില്ല അല്ലേ… ഒരു മാറ്റ കല്യാണം… എന്നെ അവിടുത്തെ ചെക്കൻ കെട്ടുമ്പോൾ എന്റെ വീട്ടിലുള്ള ശരത്തേട്ടനെ ആ വീട്ടിലുള്ള പെണ്ണ് കെട്ടും…. സിംപിൾ… ”
ചിരിയോടെ പറയുന്നവളെ അപരിചിതയെ പോലെ നോക്കി നിന്നു ശരത്ത്…
“നിന്റെ കല്യാണം നിന്നോടു ചോദിക്കാതെ നടത്താൻ തീരുമാനിച്ചതിൽ നിനക്ക് എതിർപ്പൊന്നും ഇല്ലല്ലോ…
നിന്റെ സമ്മതം ചോദിക്കാൻ പറഞ്ഞവരോടൊക്കെ ഞാൻ പറഞ്ഞത് എന്റെ വാക്കാണ് നിന്റെ ഇഷ്ടമെന്നാണ്…. ശരിയല്ലേ ഞാൻ പറഞ്ഞത്…?
നിനക്ക് സമ്മതമല്ലേ…?
വീണ്ടും വീണ്ടും ചോദിക്കുന്ന ശേഖരനെ നോക്കി അറിയാതെ തലയാട്ടി ശരത്ത്…
നാളെ രാവിലെയാണ് പെണ്ണുകാണൽ… എന്നെങ്കിലും തയ്യാറെടുപ്പ് നടത്താനുണ്ടെങ്കിൽ നടത്തിക്കോ രണ്ടാളും…
ശേഖരൻ പറയുന്നതിനെല്ലാം ഒരു പാവയെ പോലെ തലയാട്ടുപ്പോഴും ശരത്തിന്റെ നോട്ടം ഉണ്ണിമായയിൽ തങ്ങി നിന്നു..
ഇത്ര പെട്ടന്നിവൾക്ക് തന്നോടുള്ള പ്രണയം അവസാനിച്ചോ എന്നവന്റെ മനസ് അവനോടു തന്നെ ചോദിച്ചതും ആരും കാണാതൊരു മിഴിനീരിവന്റെ കവിളിലേക്കുറ്റി വീണു…
“ശേഖരേട്ടൻ ചെയ്യുന്നത് ശരിയാണെന്നേ ഞാൻ പറയൂ ശരത്തേ…. തന്റെ രണ്ടു മക്കളുടെ ജീവിതവും സുരക്ഷിതമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്… ഉണ്ണിമായയോട് നിനക്കുള്ള ഇഷ്ടം നീ തുറന്നു പറയില്ല എന്നുറപ്പിച്ചതുകൊണ്ട് തന്നെ ഈ ആലോചനയ്ക്ക് നീ എതിരു നിൽക്കരുത് എന്നേ ഞാൻ പറയൂ…”
വിവരമറിഞ്ഞ നവാസും ശേഖരേട്ടന്റെ തീരുമാനത്തെ അംഗീകരിച്ചതോടെ നിസഹായനായ് എന്തു ചെയ്യണമെന്നറിയാതെ പതറി ശരത്ത്..
ഉറക്കം നഷ്ടപ്പെട്ട ആ രാത്രിയിൽ ഒരു തീരുമാനമെടുത്ത് ഉറച്ച കാൽവെപ്പോടെ ശേഖരേട്ടന്റെ മുറി വാതിൽ തട്ടുപ്പോൾ വിറയൊട്ടും ഉണ്ടായിരുന്നില്ല ശരത്തിൽ…
വാതിൽ തുറന്ന ശേഖരൻ കാര്യം തിരക്കുമ്പോഴേക്കും അയാളുടെ കാൽകീഴിലേക്കിരുന്നിരുന്നു ശരത്ത്…
“എനിയ്ക്കൊരു കല്യാണം വേണ്ട ശേഖരേട്ടാ… മനസ്സിലൊരുവളെ വെച്ച് വേറൊരു പെൺക്കുട്ടിയെ ചതിക്കാൻ വയ്യെനിയ്ക്ക് … ശേഖരേട്ടൻ ഉണ്ണീടെ കല്യാണം നടത്തിക്കോളൂ…”
കാലിൽ ചുറ്റിപ്പിടിച്ച് കണ്ണീർ പൊഴിച്ചു പറയുന്നവനെ വലിച്ചുയർത്തി അവനെ കൺചിമ്മാതെ നോക്കി ശേഖരേട്ടൻ…
“എന്നാലും നിനക്ക് ഉണ്ണിമായെ ഇഷ്ടമാണെന്ന് നീ എന്നോട് പറയില്ല അല്ലേടാ….?
ശേഖരൻ ചോദിച്ചതും ഒന്നു ഞെട്ടി ശരത്ത്… പിന്നൊരു പൊട്ടിക്കരച്ചിലോടെ അയാളെ കെട്ടി പിടിച്ചതും അവനൊപ്പം നിറഞ്ഞു അദ്ദേഹത്തിന്റെ മിഴികളും…
“നിന്നോളം എന്നേം അവളേം മനസ്സിലാക്കുന്ന വേറെ ആരാടാ മോനെ ഉള്ളത്… എന്റെ മനസ്സിലെ ആഗ്രഹമായിരുന്നു ഇത്… പക്ഷെ നിങ്ങൾക്കങ്ങനെ കാണാൻ കഴിയില്ലേ എന്ന് ഭയന്നാണ് ഞാനത് പറയാതിരുന്നത്… ഒടുവിൽ ഇന്ന് എന്നെ കാണാൻ നവാസ് വന്നു… പരസ്പരം ഇഷ്ടപ്പെടുന്നവരെ വേർപ്പെടുത്തരുതെന്ന് പറഞ്ഞെന്റെ മുമ്പിൽ കെഞ്ചിയവൻ …. നിനക്ക് വേണ്ടി…
ഉണ്ണിയോട് ചോദിച്ചപ്പോൾ അവളുടെ ഇഷ്ടം അവളും പറഞ്ഞു… ഒടുവിൽ ഇങ്ങനെയൊരു നാടകത്തിലൂടെയെങ്കിലും നീ പറയുമോന്ന് നോക്കിയതല്ലേ ഞാൻ…. പക്ഷെ എന്റെ മോൻ അവിടെയും ഈ അച്ഛന് വേദനയാവരുതെന്നല്ലേ കരുതീത്… നിന്നോളം നല്ല വേറെ ആരുണ്ടെടാ …”
ചേർത്തണച്ചു പറയുന്ന ശേഖരേട്ടനെ ഇറുക്കി കെട്ടി പിടിച്ചു ശരത്ത് നടക്കുന്നതൊന്നും വിശ്വസിക്കാനാവാതെ.. അന്നേരമവന്റെ ഉള്ളിൽ തെളിഞ്ഞു വന്നത് നവാസിന്റെ മുഖം കൂടിയാണ്… കൂട്ടുക്കാരന്റെ സന്തോഷം ആഗ്രഹിച്ച് ശേഖരേട്ടന്റെ കാലു പിടിച്ച യഥാർത്ഥ കൂട്ടുക്കാരൻ… ഇങ്ങനെ ചിലർ പോരെ ഭൂമിയിൽ അനാഥരായവരെ സനാഥരാക്കാൻ….
ശുഭം…
രജിത ജയൻ