രണ്ട് മക്കളുള്ള നീയാണോ ഇനി പെണ്ണ് കെട്ടാൻ നടക്കുന്നത്. അമ്മ പറയുന്നത് കേട്ട് ശ്യാം തിരിഞ്ഞു…

രണ്ടാനമ്മ

രചന- കുഞ്ഞിക്കിളി

രണ്ട് മക്കളുള്ള നീയാണോ ഇനി പെണ്ണ് കെട്ടാൻ നടക്കുന്നത്.
അമ്മ പറയുന്നത് കേട്ട് ശ്യാം തിരിഞ്ഞു നോക്കി.

ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുക യാണ് ലളിത.

എടാ… പ്രായപൂർത്തിയായ രണ്ട് പെൺപിള്ളേർ ഇല്ലേ നിനക്ക്. ഇനിയിപ്പോ ഈ 45ആം വയസ്സിൽ നിനക്ക് പെണ്ണ് കെട്ടണോടാ.. നിനക്ക് ഭ്രാന്താണെന്ന് നാട്ടുകാര് പറയും.. അതുതന്നെയോ നിനക്ക് ഒരു സഹോദരനും സഹോദരിയും ഉള്ളതല്ലേ.. അവരുടെയൊക്കെ കുടുംബത്ത് ഇത് ചർച്ചയാവില്ലേടാ.

വായിൽ വന്നതെല്ലാം പിന്നെയും ലളിത വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.

അപ്പോഴും ശ്യാം നിശബ്ദത പാലിച്ചു…
നിന്റെ ഭാര്യ നിന്നെ ഇട്ടിട്ടു പോയിട്ട് വർഷം കുറേ കഴിഞ്ഞു.. ഇങ്ങനെ കല്യാണം കഴിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിൽ അന്ന് നോക്കാൻ മേലായിരുന്നോ നീ.. മൂക്കിൽ പല്ലുകിളിർത്തപ്പോളാണോ നിനക്ക് കെട്ടാനായിട്ട് തോന്നിയത്..

അവർ പറയുന്നതൊക്കെ കേട്ട് ശ്യാം മോഹൻ സെറ്റിയിൽ വെറുതെ ഇരുന്നു..

ആ സമയത്തായിരുന്നു സ്കൂൾ വിട്ട് അയാളുടെ മക്കൾ രണ്ടുപേരും വന്നത്.

അന്നുവും നിച്ചുവും..
മൂത്തയാൾ പ്ലസ് one ക്ലാസിലാണ്. ഇളയത് നിച്ചു.എട്ടാം ക്ലാസ്സിലും
രണ്ട് പെൺകുട്ടികളും പഠിക്കുന്നത് സെന്റ് ആൻസ് പബ്ലിക് സ്കൂളിലാണ്.

ആ സ്കൂളിലെ തന്നെ അധ്യാപികയായ രേണു മിസ്സിനെ അച്ഛന് വേണ്ടി വിവാഹമാലോചിച്ചത് അന്നു ആയിരുന്നു..

രണ്ടു മൂന്നു വർഷമായിട്ട് കുട്ടികൾ അച്ഛന്റെ പിന്നാലെ ഇതും പറഞ്ഞു നടക്കുന്നതാണ്. എന്നാൽ അയാൾ പിടി കൊടുത്തില്ല. കഴിഞ്ഞദിവസം അയാൾക്കു ഇക്കാര്യത്തിൽ അര മനസ്സ് തോന്നി. അതിന് ഒരു കാരണവും ഉണ്ടായിരുന്നു…
നിച്ചു ആദ്യമായി പീരീയഡ് ആയി..
അവളോട് ഇക്കാര്യത്തെക്കുറിച്ച് ഒക്കെ രേണു മിസ്സ് ആയിരുന്നു പറഞ്ഞുകൊടുത്തത്. പിന്നെ സ്കൂളിലും കുട്ടികൾക്കായി ക്ലാസ്സുകളൊക്കെ ഉണ്ടായിരുന്നു… എന്നാലും ആദ്യമായി പീരിഡായപ്പോൾ അവൾ ആകെ ഭയന്നു പോയിരുന്നു..
പേടിച്ചു വിറച്ചു ബാത്‌റൂമിന്റെ ഒരു കോണിൽ ഇരുന്ന മോൾടെ മുഖം…
അത് കണ്ടതോർക്കും തോറും അയാളുടെ നെഞ്ചുപൊട്ടുകയായിരുന്നു.

മോളാണെങ്കിൽ വല്ലാത്തൊരു അവസ്ഥയിലായി പോയിരുന്നു. അച്ഛനോട് ഒന്നും അവൾക്ക് തുറന്നു പറയാനും വയ്യ… അന്നുവും അവിടെ ഉണ്ടായിരുന്നില്ല.
കരഞ്ഞുകൊണ്ട് പാവം മകൾ അവന്റെ മുഖത്ത് നോക്കി ഒരു ചോദ്യം ചോദിച്ചു…

എന്റെ എല്ലാ കാര്യങ്ങളും അച്ഛനോട് തുറന്നു പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്,,, അതുകൊണ്ടല്ലേ ഞാൻ അച്ഛനോട് പറഞ്ഞത് ഞങ്ങൾക്ക് ഒരു അമ്മയെ വേണമെന്ന്. രേണു മിസ്സിനെ കല്യാണം കഴിക്കാൻ അച്ഛൻ സമ്മതിക്കണം.. പ്ലീസ്… ഞാൻ അച്ഛന്റെ കാലു പിടിക്കാം.

പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ നെഞ്ചിലേക്ക് ചേർന്നു കിടന്ന തന്റെ പൊന്നുമോള്…..

കുട്ടികൾ രണ്ടാളും കയറി വന്നപ്പോൾ ലളിത അവരെ അടിമുടി നോക്കി…

അച്ഛമ്മ എപ്പോ എത്തി…?
അന്നു ചോദിച്ചു.

ഞാൻ വന്നിട്ട് അരമണിക്കൂറായി.. നിങ്ങൾ രണ്ടാളും കൂടി അച്ഛന് കല്യാണം ആലോചിക്കുവാണോടി.. സ്കൂളിൽ പോകുന്നത് പഠിക്കാനാണോ അതോ ബ്രോക്കറിങ്ങിനോ.
പുച്ഛഭാവത്തിൽ ലളിത പെൺകുട്ടികളെ അടിമുടി നോക്കി.

രണ്ടാളും ഒരക്ഷരം പോലും പറയാതെ അവരുടെ മുറിയിലേക്ക് പോയി.

തന്റെടി പെണ്ണുങ്ങളാണ്.. നാളെ ഒരിക്കൽ വല്ല കുടുംബത്തിലും പോയി കഴിയേണ്ടതാണെന്ന് ഓർമ്മ പോലും ഇല്ല. കണ്ടില്ലേ അഹമ്മതിയോടെ പോകുന്നത്…
അവർ മുഖം തിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ശ്യം ചാടി എഴുന്നേറ്റു..

അമ്മയ്ക്ക് എന്നെ എന്തു വേണമെങ്കിലും പറയാം,, ഞാനത് സഹിക്കും പക്ഷേ യാതൊരു തെറ്റും ചെയ്യാത്ത എന്റെ മക്കളെ പറ്റി ഒരക്ഷരം പറഞ്ഞാലുണ്ടല്ലോ അമ്മയാണെന്ന് ഒന്നും ഞാൻ നോക്കില്ല പടിയ്ക്കു പുറത്തേക്ക് തള്ളി ചവിട്ടി വീഴിക്കും ഞാൻ…

അവന്റെ അലർച്ച കേട്ടുകൊണ്ട് പെൺകുട്ടികൾ രണ്ടാളും കൂടി വന്നു.

എന്റെ കുഞ്ഞുങ്ങൾക്ക് ഞാൻ മാത്രമേയുള്ളൂ.. ഇവരുടെ കാര്യം നോക്കി ഞാനിവിടെ കഴിയുകയാണ്, എനിക്കെന്റെ മക്കള് മാത്രമേയുള്ളൂ. കൂടപ്പിറപ്പ് തള്ളയും ഒന്നും തിരിഞ്ഞു നോക്കിയിരുന്നില്ലന്റെ മക്കളെ.. മേലാൽ അനാവശ്യമായ സംസാരങ്ങൾ പറഞ്ഞു ഇവിടെ വന്നു പോകരുത്…. നിങ്ങളുടെ മറ്റു മക്കളോടുകൂടി പോയി പറഞ്ഞേക്കണം ശ്യാമിന്റെ കാര്യം നോക്കാൻ എനിക്കറിയാമെന്ന്.

അവൻ ഉറക്കെ പറയുന്നത് കേട്ടതും ലളിതയ്ക്ക് എന്തോ നാണക്കേട് പോലെ തോന്നി.

എന്റെ ഭാര്യ മരിച്ചു പോയതല്ല അവളുടെ കാമുകന്റെ കൂടെ ഒളിച്ചോടി പോയതാണ്,, അവൾ പോകുമ്പോൾ അന്നുമോൾക്ക് അന്ന് നാല് വയസ്സും നിച്ചുവിന് ഒരു വയസ്സ് ആണ് പ്രായം.
മുലകുടി പോലും മാറാത്ത ഈ പിഞ്ചു കുഞ്ഞിനെ ഇട്ടിട്ടാണ് അവൾ അവളുടെ കാമുകന്റെ കൂടെ ഇറങ്ങിപ്പോയത്.
ഈ കുഞ്ഞുങ്ങളെയും കെട്ടിപ്പിടിച്ച് ഓരോ രാത്രിയും ഇരുണ്ടു വെളുപ്പിച്ചു.
പാൽമണം മാറാത്ത എന്റെ കുഞ്ഞുങ്ങളെ ഞാൻ വളർത്തി ഇത്രയും വലുതാക്കി.
അമ്മ പറഞ്ഞ പോലത്തെ ഒരുവൻ ആയിരുന്നു ഞാൻ എങ്കിൽ എന്നേ ഞാൻ ഒരു വിവാഹം കഴിച്ചേനെ..

ഇത്രകാലം ഞാൻ ഇവരെ നോക്കി വളർത്തി. ഒരച്ഛന് നോക്കാനുള്ള പരിമിതികളുണ്ട്. അതെന്താണെന്നുള്ളത് അമ്മയ്ക്കും മനസ്സിലാകുമല്ലോ കാരണം അമ്മയും ഒരു സ്ത്രീയാണ്. ഇവർക്ക് തുണയായി ഒരു കൂട്ട് വേണം ഇവരുടെ അമ്മയുടെ സ്ഥാനത്തേക്ക് ഒരുവൾ, അങ്ങനെ ഒരുവളെ കണ്ടെത്തിയതും എന്റെ മക്കൾ തന്നെയാണ്. ഇന്നുമിന്നലെയും അല്ല
… രണ്ടുമൂന്നു വർഷങ്ങളായിട്ട് ഇവർ കാര്യങ്ങൾ എന്നോട് പറയുന്നതാണ്.

അന്നൊക്കെ ഞാൻ സമ്മതിച്ചതും ഇല്ല . ഇന്ന് ഞാൻ ഈ വിവാഹത്തിന് നിർബന്ധിതരാകുന്നുവെങ്കിൽ അതിനു പിന്നിൽ എന്തെങ്കിലും തക്കതായ കാര്യമുണ്ടെന്ന് അമ്മ ഓർത്തോളൂ.

ശ്യാം അമ്മയെ നോക്കി പിന്നെയും പറഞ്ഞു..

ഞാൻ ആരുടെയും കാര്യങ്ങളിൽ ഇടപെടാൻ വരാറില്ല, ഈ വർഷത്തിനോട് ഇടയ്ക്ക് കുടുംബത്തിലെ ഒരു കാര്യത്തിലും ഞാൻ പങ്കെടുത്തിട്ടുമില്ല… അവിടുന്ന് തിരിച്ചും അങ്ങനെ തന്നെയൊക്കെയാണ്. രണ്ടാംകുടിയിലെ മകൻ ആണല്ലോ ഞാന്… അതുകൊണ്ട് അമ്മ അമ്മയുടെ കാര്യം നോക്കി പോയ്ക്കോളൂ
ഇനി മേലിൽ വേണ്ടാത്ത വർത്തമാനങ്ങൾ പറഞ്ഞ് എന്റെ വീടിന്റെ പടി ചവിട്ടരുത്
ചേർത്ത് നിർത്തേണ്ട നേരത്ത് എന്റെ കൂടെപ്പിറപ്പുകളും അമ്മയും അച്ഛനും ഒന്നും എന്റെ കൂടെ ഇല്ലായിരുന്നു. എന്റെ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ആഹാരം കൊടുക്കാൻ പോലും നിങ്ങൾ ആരും ഇല്ലായിരുന്നു. രണ്ടുദിവസത്തേക്ക് എന്തോ ചുമതല പോലെ ഒന്നു വന്നിട്ട് പോയി. പിന്നീട് ഇന്നുവരെ നിങ്ങൾ ആരെങ്കിലും എന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ച് ഇവിടെ വന്നിട്ടുണ്ടോ. ഞാനും എന്റെ മക്കളോ ജീവിച്ചിരിപ്പുണ്ടോ എന്ന് നിങ്ങൾ അന്വേഷിച്ചിട്ടുണ്ടോ. ഓണവും വിഷുവും ഉത്സവവും ഒക്കെ മുറപോലെ വന്നു.

ശ്യാമിന്റെ മക്കൾക്ക് ഒരു ഓണക്കോടിയുമായിട്ട് അമ്മ വന്നിട്ടുണ്ടോ. ശ്യാമിന്റെ മക്കളുടെ പിറന്നാളിന് ഇത്തിരി പായസം കൊടുക്കാം എന്ന് കരുതി അമ്മ വന്നിട്ടുണ്ടോ.. ഇപ്പോഴും അമ്മ ഈ വീട്ടിലേക്ക് കയറി വന്നു, 10 രൂപയ്ക്കെങ്കിലും അമ്മയ്ക്ക് എന്റെ കുട്ടികൾക്ക് ചോക്ലേറ്റ് വാങ്ങിക്കൊണ്ടു വരാൻ പാടില്ലായിരുന്നോ.. ഈ കുട്ടികൾക്ക് അമ്മ ഇന്നുവരെ അമ്മയുടെ കൈകൊണ്ട് എന്തെങ്കിലും കൊടുത്തിട്ടുണ്ടോ. അമ്മ എന്റെ വിവരങ്ങൾ തിരക്കി ഒന്ന് ഫോൺ എങ്കിലും വിളിച്ചിട്ടുണ്ടോ.. അമ്മ വിളിക്കും എപ്പോഴാന്നൊ, എല്ലാ മാസവും മൂന്നാം തീയതി എന്നൊരു ദിവസം ഉണ്ടെങ്കിൽ അമ്മയുടെ അക്കൗണ്ടിലേക്ക് 5000 രൂപ വന്നിട്ടില്ലെങ്കിൽ അമ്മ വിളിക്കും. കാശൊന്ന് ഇങ്ങോട്ട് ഇട്ട് തന്നേക്കണം എന്ന് പറയും. നേർച്ച പോലെ ഞാനത് അനുസരിക്കുന്നുണ്ടായിരുന്നു.

ദയവു ചെയ്തു എന്നെ ഉപദ്രവിക്കരുത്. ഞങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചോളാം.
അവൻ അമ്മയെ നോക്കി കൈകൂപ്പി.

കുറച്ചു നിമിഷങ്ങൾ കഴിഞ്ഞതും ലളിത വീടുവിട്ടി ഇറങ്ങിപ്പോയി.

***-**

അഞ്ജന കൃഷ്ണൻ
.. ശ്യാമിന്റെ അഞ്ചു.

കാണാൻ അതിസുന്ദരിയായ ഐടി പ്രൊഫഷണൽ ആയ യുവതി.
ശ്യാമിന്റെ സഹോദരി വഴിയാണ് അഞ്ജുവിന്റെ വിവാഹലോചന എത്തുന്നത്..

ശ്യാം അച്ഛനോടും അമ്മയോട് ഒപ്പം അവളെ പെണ്ണ് കാണുവാനായി പോയത്.
ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയിരുന്നു ശ്യാം.
അവന്റെ കുടുംബത്തിനോട് യോജിക്കുന്ന ഫാമിലി തന്നെയായിരുന്നു അവളുടേതും. അതുകൊണ്ട് പെട്ടെന്നാണ് കാര്യങ്ങളൊക്കെ റെഡിയായത്
ശ്യാമിനും അഞ്ചുവിനും പരസ്പരം ഇഷ്ടമായ സ്ഥിതിക്ക് ഇരു വീട്ടുകാരും തമ്മിൽ അവരുടെ വേണ്ടപ്പെട്ട ആളുകളെയും ആയി അങ്ങോട്ടുമിങ്ങോട്ടും പോയി.

ശ്യാമിന്റെ വീടും ചുറ്റുപാടും ഒക്കെ എല്ലാവർക്കും ഇഷ്ടപ്പെട്ടു
ഒരു സഹോദരൻ ഉള്ളതുകൊണ്ട് ശ്യാം അവന് സ്വന്തമായിട്ട് ഒരു വീടും വാങ്ങിയിട്ടുണ്ടായിരുന്നു
അതുകൂടിയായപ്പോൾ എല്ലാംകൊണ്ടും നന്ന്. ശ്യാമിനെ കുറിച്ച് ആ നാട്ടിലൊക്കെ അഞ്ജുവിന്റെ അച്ഛൻ അന്വേഷിച്ചപ്പോൾ ആരും ഒരു മോശം അഭിപ്രായം പറഞ്ഞിരുന്നില്ല.

അങ്ങനെ ശ്യാം അഞ്ജുവിനെ വിവാഹം കഴിച്ചു. ആര് കണ്ടാലും അസൂയയോടെ നോക്കുന്ന ജീവിതമായിരുന്നു അവരുടെത്.
അഞ്ചു ശ്യാമിനെ അവളുടെ ജീവന്റെ ജീവനായി സ്നേഹിച്ച്. അതിന്റെ പത്തിരട്ടിയായി അവൻ തിരിച്ചും.

വിവാഹം കഴിഞ്ഞ് ഒരു മാസമേ ശ്യാം അവന്റെ വീട്ടിൽ നിന്നുള്ളൂ. അതിനുശേഷം ഇരുവരും ശ്യാം സ്വന്തമായി വാങ്ങിയ വീട്ടിലേക്ക് വരികയായിരുന്നു

സന്തോഷത്തോടെ 7 മാസങ്ങൾ കഴിഞ്ഞു
അതിനുശേഷം ആണ് അവരുടെ ജീവിതത്തിലേക്ക് അന്നുമോൾ വരുന്നുണ്ടെന്ന് ഉള്ളത് ഇരുവരും അറിഞ്ഞത്. ജീവിതത്തിനു മൊഞ്ച് കൂടി…
പിന്നീട് അങ്ങോട്ട് നീണ്ട കാത്തിരിപ്പു.

ഈ നേരത്തൊക്കെ ശ്യാം അവളെ ഉള്ളം കൈയിൽ കൊണ്ട് നടന്നു..
അഞ്ചുവിന് വേണ്ടതെല്ലാം വാങ്ങിക്കൂട്ടി അവൻ അവളെ സന്തോഷിപ്പിച്ചു.
അവളെ യാതൊരു ജോലിയും ചെയ്യിക്കാൻ പോലും ശ്യാം ഒരുക്കം അല്ലായിരുന്നു.
അഞ്ചുവിന് ശർദ്ദിയും ക്ഷീണവും ഒക്കെ ആയപ്പോൾ പിന്നെ അവനാണ് വീട്ടുകാര്യങ്ങൾ കൂടി നോക്കിയത്. ഇടയ്ക്കൊക്കെ അഞ്ചുവിന്റെ അമ്മയും വരുമായിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ഒക്ടോബർ 17 തീയതിയാണ് അന്നുമോൾ വരുന്നത്. അവരുടെ സന്തോഷം പതിന്മടങ് വർധിച്ചു….

പിന്നീട് അവരുടെ ലോകമെന്നു പറയുന്നത് ആ കുഞ്ഞിലേക്ക് ചുരുങ്ങുകയായിരുന്നു..

മോൾ ഉണ്ടായി അവൾക്ക് മൂന്നു വയസ്സായപ്പോൾ അഞ്ചു പിന്നെയും പ്രഗ്നന്റ് ആയി..
ആദ്യമൊക്കെ അഞ്ചുവിന് കുറച്ച് വിഷമങ്ങൾ ഉണ്ടായിരുന്നു. പിന്നെ രണ്ടു മക്കളും ഒരുപോലെ അങ്ങ് വളർന്നോളും എന്നും നമ്മൾ രണ്ടാളും ഉണ്ടല്ലോ ഇനി വേണമെങ്കിൽ നമുക്ക് സഹായത്തിന് ആരെയെങ്കിലും കൂടി നിർത്താമെന്നും ഒക്കെ ശ്യാം അവളോട് പറഞ്ഞു.

അങ്ങനെ കുഴപ്പങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടുപോയ ജീവിതത്തിലേക്ക് ആണ് അഞ്ചുവിന്റെ സഹപ്രവർത്തകനായ പ്രതീഷ് എന്നൊരുവന്റെ കടന്നുവരവ്..

ഇടക്കൊക്കെ അവൻ അഞ്ജുവിനെ ഫോണിൽ വിളിക്കുമായിരുന്നു.. വിവരങ്ങളൊക്കെ തിരക്കി സംസാരിച്ചിട്ട് അവൻ ഫോൺ വെക്കും. ശ്യാമിന് യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല.
അപ്പോഴേക്കും നിച്ചുവും ജനിച്ചു.

അതിനുശേഷം നിച്ചുവിന് ഒരു ആറുമാസമായപ്പോഴാണ് അഞ്ചു അവളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ ഒക്കെ ശ്യാം കാണുന്നത്. എന്തെങ്കിലുമൊക്കെ പറയുമ്പോൾ അഞ്ചു അവനോട് പൊട്ടിത്തെറിക്കും.
കുഞ്ഞ്ങ്ങളെപ്പോലും ശ്രദ്ധിക്കുവാൻ അവൾക്ക് നേരമില്ല. കുട്ടികളെ നോക്കുവാനായി ശ്യാം തന്നെയാണ് ഒരു സ്ത്രീയെ ഏർപ്പാടാക്കിയത്..

അഞ്ചുവിന് ജോലിക്ക് പോകണം എന്ന് പറഞ്ഞ് അവൾ ബഹളം കൂട്ടിയപ്പോൾ ശ്യാം അതിനും സമ്മതിച്ചു.

കാരണം ജീവിതമെന്നു പറയുന്നത് ഒരു അഡ്ജസ്റ്റ്മെന്റ് ആണല്ലോ എന്ന് അവൻ ഓർത്തു. രണ്ടാൾക്കും ജോലി ഉണ്ടെങ്കിൽ ഇന്നത്തെ കാലത്ത് നല്ല ഒരു കുടുംബജീവിതം പുലർത്താൻ കഴിയൂ എന്നും അവൻ ഇടക്കൊക്കെ കരുതി. എന്തിനും ഏതിനും പണം ആണല്ലോ വേണ്ടത്…

രാത്രിയിൽ ശ്യാം കുഞ്ഞുങ്ങളുടെ ഒപ്പം കിടക്കുമ്പോൾ അഞ്ചു ഒറ്റയ്ക്ക് അപ്പുറത്തെ റൂമിൽ മാറി കിടക്കാൻ തുടങ്ങി.

ചോദിക്കുമ്പോൾ അവൾക്ക് വർക്ക് കമ്പ്ലീറ്റ് ആക്കാൻ ഉണ്ട് എന്നതായിരുന്നു മറുപടി

ഒരു രാത്രിയിൽ അപ്രതീക്ഷിതമായി എന്തോ സ്വപ്നം കണ്ട് ശ്യാം കണ്ണ് തുറന്നു.

കുഞ്ഞുങ്ങൾ രണ്ടാളും സുഖം ഉറക്കത്തിലായിരുന്നു. അഞ്ചു ജോലി ചെയ്യുകയാണല്ലോ എന്ന് കരുതി അവൻ പതിയെ എഴുന്നേറ്റ്.
റൂമിൽ നിന്നും അഞ്ചുവിന്റെ അടക്കിപ്പിടിച്ച സംസാരം കേട്ട് അവൻ കാതോർത്തു നിന്നു.

ആരോട് കൊഞ്ചി കുഴഞ്ഞുകൊണ്ട് സംസാരിക്കുകയാണ് അവൾ.
ജനാല പാതി തുറന്നു കിടന്നത് അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് അതിലൂടെ അകത്തേക്ക് നോക്കിയ ശ്യാം ഞെട്ടിത്തരിച്ചു പോയിരുന്നു.

പാതി വസ്ത്രം ധരിച്ച് ഒരുവനെ നോക്കി വീഡിയോ കോൾ ചെയ്ത് സംസാരിക്കുന്ന അഞ്ചു..

അത് പ്രതീഷ് ആണെന്ന് അവൻ മനസ്സിലാക്കി.

വാതിലാഞ്ഞു തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ അത് ലോക്ക് ആയിരുന്നു.

ജനാലയിൽ കൂടി അവൻ നോക്കിയതും അഞ്ചു അവനെ കണ്ടു.

പെട്ടെന്ന് ഡ്രസ്സ് ഇട്ടു കൊണ്ടുവന്ന് അവൾ വാതിൽ തുറന്നു..
അഞ്ജുവിന്റെ കരണത്ത് ശ്യാം ആഞ്ഞടിച്ചു..

ബഹളം കേട്ട് വേലക്കാരിയും ഉണർന്നു.
അഞ്ജുവിന്റെ കഴുത്തിൽ കുത്തി പിടിച്ചു കൊണ്ട് നിൽക്കുന്ന ശ്യാമിനെയാണ് അവൾ കണ്ടത്.

ഓടി വന്നിട്ട് ആ സ്ത്രീ അവനെ പിടിച്ചു മാറ്റി. ശേഷം കുറെ കാര്യങ്ങൾ അവരും പറഞ്ഞു. എല്ലാം അഞ്ജുവിന്റെ മുൻപിൽ വച്ച് തന്നെ.

അവൾ ഒരക്ഷരം പോലും എതിർത്തു പറഞ്ഞില്ല.. നിഷേധിച്ചും ഇല്ല.

അന്നത്തെ ആ രാത്രി… നെഞ്ച് പൊട്ടിയാണ് ശ്യാമ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് കിടന്നത്.

അടുത്ത ദിവസം കാലത്തെ നിച്ചു മോൾ പാലുകുടിക്കാൻ ആയി കരഞ്ഞപ്പോൾ ശ്യാം കുഞ്ഞിനെയും കൊണ്ട് അഞ്ജുവിന്റെ മുറിയിലേക്ക് വന്നു.

എന്തോ പന്തികേട് തോന്നിയ ശ്യാം ആകാംഷയോടെ വീടിന്റെ അകത്തേക്ക് നടന്നു.
മുറിയിൽ അഞ്ജുവിന്റെ ഒരു കത്ത് മേശപ്പുറത്ത് ഇരിപ്പുണ്ടായിരുന്നു. അത് കണ്ടതും ശ്യാമിന്റെ നെഞ്ചിടിപ്പ് കൂടി. വിറയ്ക്കുന്ന കൈകളോടെ കത്തെടുത്ത് തുറന്നു. അതിലെ ഓരോ വാക്കും ശ്യാമിന്റെ ഹൃദയത്തിൽ ഒരു വേദനയായി പതിഞ്ഞു. “ശ്യാം, എന്നോട് ക്ഷമിക്കണം. എനിക്കിനി ഈ ജീവിതം തുടരാൻ കഴിയില്ല. ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരാളോടൊപ്പം പോകുന്നു. മക്കളെ നോക്കാൻ എന്നെക്കാൾ നന്നായി നിനക്ക് കഴിയും.” ആ കത്ത് വായിച്ചുകൊണ്ട് ശ്യാം തളർന്ന് കസേരയിലിരുന്നു. അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി.
അഞ്ജുവിനെ അവൻ ഒരുപാട് സ്നേഹിച്ചിരുന്നു. രണ്ട് കുഞ്ഞുങ്ങളെയും അവൾ ഉപേക്ഷിച്ച് പോയത് ശ്യാമിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൻ തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് ഓടിപ്പോയി, അവർ ഉറക്കമായിരുന്നു. അവരുടെ നെറ്റിയിൽ ഉമ്മ വെച്ചുകൊണ്ട് ശ്യാം തേങ്ങി. ഇനി താനും തന്റെ കുഞ്ഞുങ്ങളും മാത്രമെയുള്ളൂ എന്ന സത്യം അവനെ വല്ലാതെ വേദനിപ്പിച്ചു.

 

അഞ്ജുവിന്റെ വഞ്ചന ശ്യാമിന്റെ ഹൃദയത്തിൽ ഒരു ആഴത്തിലുള്ള മുറിവായി. ആ മുറിവ് ഉണങ്ങാൻ ഒരുപാട് സമയമെടുത്തു. അവന്റെ ജീവിതം ആകെ മാറിമറിഞ്ഞു. ജോലിത്തിരക്കിനിടയിലും അവൻ മക്കളെ നോക്കി.

അവർക്ക് അമ്മയുടെ കുറവ് അറിയിക്കാതിരിക്കാൻ അവൻ ഒരുപാട് കഷ്ടപ്പെട്ടു.

വർഷങ്ങൾ കടന്നുപോയി. ശ്യാം തന്റെ മക്കളെ നല്ല രീതിയിൽ വളർത്തി. അവർക്ക് വേണ്ടി മാത്രമായിരുന്നു അവന്റെ ജീവിതം.

സഹപ്രവർത്തകരായ പലരും അവനോട് ഒരു വിവാഹം കഴിക്കുവാൻ പറഞ്ഞുവെങ്കിലും, തന്റെ രണ്ടു പെൺമക്കളെയും സ്നേഹിക്കുന്ന ഒരു അമ്മയെ ഒരിക്കലും അവർക്ക് ഇനി കിട്ടില്ലെന്ന് തന്നെ അവൻ വിശ്വസിച്ചു.

അതുകൊണ്ട് അവൻ തന്റെ കുഞ്ഞുങ്ങളെ നോക്കി കഴിയുകയായിരുന്നു.ഇതിനൊടിടയ്ക്ക്
ശ്യാമിന് ബാങ്ക് മാനേജരായി പ്രമോഷൻ ലഭിച്ചു.
അവരുടെ ജീവിതത്തിൽ കൊച്ചുകൊച്ചു സന്തോഷങ്ങൾ വരുവാൻ തുടങ്ങി.
പഠനത്തിൽ ഒന്നാമത് ആയിരുന്നു രണ്ടു കുഞ്ഞുങ്ങളും.

കുട്ടികളുടെ പിടിഎ മീറ്റിങ്ങിന് ഒരു ദിവസം സ്കൂളിൽ എത്തിയപ്പോഴാണ് അന്നു മോളുടെ ക്ലാസ് ടീച്ചർ ആയ രേണുകയെ പരിചയപ്പെട്ടത്..
സാധാരണക്കാരിയായ ഒരു യുവതിയായിരുന്നു അവൾ..

ശ്യാമിനോട് കുട്ടികളെ കുറിച്ചൊക്കെ അവൾ വളരെ താല്പര്യപൂർവ്വമാണ് സംസാരിച്ചത്.

അമ്മ നഷ്ടപ്പെട്ടിട്ട് പോയ ഈ കുഞ്ഞുങ്ങളെ രണ്ടുപേരെയും അവർക്ക് ജീവനായിരുന്നു.. അവരോട് പെൺകുട്ടികളുടെ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒക്കെ രേണുക പറഞ്ഞു കൊടുത്തിരുന്നു.

രേണുക വിവാഹം കഴിച്ചിട്ടില്ലായിരുന്നു. കാരണം ഒരിക്കലും അവർക്ക് ഒരു അമ്മയാകുവാനുള്ള കഴിവില്ലായിരുന്നു. അതുകൊണ്ട് ആലോചനകൾ പലതു വന്നു എങ്കിലും രേണുക അതൊക്കെ വേണ്ടെന്നു വയ്ക്കുകയായിരുന്നു.
അങ്ങനെ ഇരിയ്ക്കെ ഒരു ദിവസം അനുമോൾ ഞങ്ങളുടെ അമ്മയായി വരാമോ എന്ന് രേണുകയോട് ചോദിച്ചു.
പെട്ടെന്ന് അവൾ ഒന്ന് പകച്ചു പോയി.

എല്ലാ ദിവസവും ആ കുട്ടി ഒരു വൈറ്റ് പേപ്പറിൽ എഴുതിയ ഒരു കാർഡ് അവർക്ക് കൊണ്ടുവന്ന് കൊടുക്കുമായിരുന്നു..

ഞങ്ങളുടെ അമ്മയായി വരാമോ അതായിരുന്നു എന്നത്തേയും ചോദ്യം.

രണ്ടു വർഷങ്ങൾ പിന്നിട്ട ശേഷം ടീച്ചർ അവർക്ക് സമ്മതം മൂളി.
നിറഞ്ഞ സന്തോഷത്തോടെ അനുമോൾ വീട്ടിൽ വന്നു അച്ഛനോട് ഇത് അറിയിച്ചതും ശ്യാം എതിർത്തു.

കുട്ടികളെ രണ്ടാളെയും അവൻ ഒരുപാട് വഴക്ക് പറഞ്ഞു..
മേലിൽ ഇമ്മാതിരി സംസാരം ഇവിടെ വേണ്ടെന്നു പറഞ്ഞു ശ്യാം അവരെ രണ്ടാളെയും ഒരുപാട് ദേഷ്യത്തിൽ വഴക്ക് പറഞ്ഞപ്പോൾ കുട്ടികൾ അവനോട് പിണങ്ങി കിടന്നു.

ആദ്യമായിട്ട് ദേഷ്യപ്പെട്ടത് കൊണ്ട് കുട്ടികൾക്ക് രണ്ടാൾക്കും ഒരുപാട് സങ്കടം തോന്നിയിരുന്നു
അതുപോലെ തന്നെയായിരുന്നു ശ്യാമിനും.

.
രേണുകയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് അമ്മയുമായി വഴക്കിട്ട് ലളിത വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം ശ്യാം വല്ലാതെ അസ്വസ്ഥനായിരുന്നു.

.
അമ്മയുടെ വഴക്ക് കേട്ട് മുറിയിലേക്ക് പോയ മക്കൾ പുറത്തേക്ക് വന്നപ്പോൾ അവൻ അവരെ തന്റെ അരികിൽ ഇരുത്

അന്നുവും നിച്ചുവും അവനെ ഉറ്റുനോക്കി. അവരുടെ കണ്ണുകളിൽ പ്രതീക്ഷയും സ്നേഹവും നിറഞ്ഞിരുന്നു. എന്നാൽ, അവൻ സംസാരിക്കാൻ തുടങ്ങുമ്പോൾ അവരുടെ മുഖം വാടി.

“മക്കളെ… എന്റെ പൊന്നുമക്കൾക്ക് ഞാൻ മാത്രമേയുള്ളൂ. ഈ അച്ഛന് നിങ്ങളല്ലാതെ വേറെ ആരുമില്ല,” അവൻ സ്നേഹത്തോടെ പറഞ്ഞു. “നിങ്ങളുടെ അമ്മ അവളുടെ ഇഷ്ടപ്രകാരം പോയതാണ്. ഇനി വരുന്ന ഒരു സ്ത്രീ എങ്ങനെയുള്ളവളായിരിക്കും എന്ന് നമുക്ക് അറിയില്ല. ചിലപ്പോൾ നിങ്ങളുടെ അമ്മയെക്കാൾ മോശമായിരിക്കാം. അതുകൊണ്ട് നമ്മൾ മൂന്നുപേർ മാത്രം മതി,ഇനി നമ്മുടെ ഇടയിലേക്ക് മറ്റാരും വരണ്ട.
അവൻ മക്കളെ ചേർത്തുപിടിച്ച് പറഞ്ഞു.

അവന്റെ വാക്കുകൾ കേട്ട് അന്നുവും നിച്ചുവും നിശ്ശബ്ദരായി. അവരുടെ മുഖം വിഷാദത്തിലായി. അച്ഛൻ തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ സാധ്യതയില്ലെന്ന് അവർക്ക് മനസ്സിലായി.

പതിയെ അന്നു സംസാരം തുടങ്ങി.
“അച്ഛാ, അമ്മ പോയത് ഞങ്ങൾക്കറിയാം. പക്ഷേ, ഞങ്ങൾ പെൺകുട്ടികളാണ്. ഞങ്ങൾക്ക് അച്ഛന്റെ സ്നേഹം ഒരുപാടുണ്ട്… അച്ഛൻ ഞങ്ങളെ പൊന്നു പോലെയാണ് നോക്കുന്നത്. ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ചു തരുന്നുണ്ട്..

പക്ഷേ, അമ്മയുടെ സ്നേഹം… അമ്മയുടെ ലാളന,,, ആ കരുതൽ… അതൊന്നും അച്ഛന് തരാൻ കഴിയില്ല,”
അന്നു പറഞ്ഞു.

“അവൾ പറഞ്ഞത് ശരിയാണ് അച്ഛാ. പെൺകുട്ടികൾക്ക് അമ്മയുടെ സാമീപ്യം അത്യാവശ്യമാണ്. എനിക്കിപ്പോ എട്ടാം ക്ലാസ്സാണ്. എന്റെ കൂട്ടുകാരികൾക്കൊക്കെ അവരുടെ അമ്മമാരുണ്ട്. പല കാര്യങ്ങളും അവർ അവരുടെ അമ്മമാരോട് തുറന്നു പറയും. എനിക്കതിന് കഴിയുന്നില്ല. എനിക്കിതൊക്കെ അച്ഛനോട് എങ്ങനെ പറയാൻ കഴിയും,” അന്നുവിന്റെ വാക്കുകൾ കേട്ട് ശ്യാം അവളെ ദയനീ
മായി നോക്കി.
“അവൾ ആദ്യമായി പീരിയഡ് ആയപ്പോൾ പേടിച്ച് ബാത്‌റൂമിൽ ഒളിച്ചിരുന്ന ദിവസ അവനോർമ്മ വന്നു.

, അന്ന് അവൾക്ക് തന്നോട് അത് തുറന്നുപറയാൻ സാധിച്ചില്ല.

രേണുക മിസ്സാണ് അന്ന് അവളെ ആശ്വസിപ്പിച്ചതും കാര്യങ്ങൾ പറഞ്ഞുകൊടുത്തതും. രേണുക മിസ്സ് ഞങ്ങളുടെ കൂടെയുണ്ടായിരുന്നെങ്കിൽ ആ സമയത്ത് അന്നുവിന് പേടിക്കേണ്ടി വരില്ലായിരുന്നുവെന്ന്,” നിച്ചു അന്ന് പറഞ്ഞു.

നിച്ചുവിന്റെ വാക്കുകൾ ശ്യാമിന്റെ ഹൃദയത്തിൽ ഒരു വേദനയായി പതിഞ്ഞു. അവൻ ആ ദിവസം ഓർത്തു. ഭയന്ന് വിറച്ച് ബാത്‌റൂമിൽ ഒളിച്ചിരുന്ന മോളുടെ മുഖം അവന്റെ മനസ്സിൽ നിറഞ്ഞു.

“അച്ഛൻ പേടിക്കണ്ട. രേണുക മിസ്സ് നല്ലൊരു സ്ത്രീയാണ്. അമ്മയെക്കാൾ നന്നായി അവർ ഞങ്ങളെ നോക്കും. അവർക്ക് സ്വന്തം മക്കളില്ലാത്തതുകൊണ്ട് ഞങ്ങളെ അവർക്ക് സ്വന്തം മക്കളെ പോലെ സ്നേഹിക്കാൻ കഴിയും,.. രണ്ടുമൂന്നു വർഷമായിട്ട് ടീച്ചറിനെ ഞങ്ങൾക്കറിയാം ” അന്നു പറഞ്ഞു.

മക്കളുടെ വാക്കുകൾ കേട്ട് അവന്റെ മനസ്സ് പിടഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞു. അവൻ അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു

“അതുകൊണ്ട്, അച്ഛൻ രേണുക മിസ്സിനെ വിവാഹം കഴിക്കണം. ഞങ്ങൾക്ക് ഒരു അമ്മയെ വേണം,അതുപോലെ അച്ഛന്റെ വാർദ്ധക്യത്തിൽ അച്ഛന് കൂടെ തണലായി ടീച്ചർ എന്നും ഉണ്ടാവണം. ഞങ്ങൾ രണ്ടാളും നാളെ ജോലിയൊക്കെ കിട്ടി പുറത്തേക്ക് എവിടെയെങ്കിലും പോകുമ്പോൾ അച്ഛൻ ഒറ്റയ്ക്കായി പോകും. ഞങ്ങൾക്ക് വേണ്ടിയാണ് അച്ഛൻ ജീവിച്ചത്. അച്ഛന്റെ എല്ലാ സന്തോഷങ്ങളും വേണ്ടെന്നുവച്ച് അച്ഛൻ ഞങ്ങളെ നോക്കി. അച്ഛന് ഒരു തണലും കൂട്ടും വേണമെന്ന് തോന്നുമ്പോൾ ആരും കൂടെ ഇല്ലെങ്കിലത്തെ അവസ്ഥ…. അതുകൊണ്ട് ഉറപ്പായും അച്ഛൻ ടീച്ചറിനെ വിവാഹം കഴിക്കണം.

അവർ ഒരുമിച്ച് പറഞ്ഞു.

ശ്യാം അവരെ നോക്കി…

കുറച്ച് നിമിഷങ്ങൾ അങ്ങനെയിരുന്നു… അതിനുശേഷം അവൻ തലയാട്ടി…
..

എന്റെ മക്കൾക്ക് വേണ്ടി ഞാൻ സമ്മതിക്കുന്നു..
പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നു പോയി.

അവരുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. അമ്മ ലളിതയുടെ എതിർപ്പുകൾ അവന്റെ മനസ്സിൽ നിന്ന് പതിയെ മാഞ്ഞുതുടങ്ങി. തന്റെ മക്കളുടെ സന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്ന് അവൻ ഉറപ്പിച്ചു.

രണ്ടുദിവസങ്ങൾക്കുശേഷം ശ്യാം രേണുകയെ പോയി കണ്ട് കാര്യങ്ങളൊക്കെ സംസാരിച്ചു.

രേണുകയും ഒരുപാട് ബുദ്ധിമുട്ടുകളും അവഗണനകളും അവഹേളനങ്ങളും ഒക്കെ സഹിച്ചാണ് കഴിയുന്നത്. അവളുടെ സഹോദരന്റെ വിവാഹം കഴിഞ്ഞു.. ഭാര്യ യ്ക്കു രേണുകയെ ഇഷ്ടമായിരുന്നില്ല. രേണുകയുടെ പേരും പറഞ്ഞ് അവരുടെ ഇടയിലും പല പ്രശ്നങ്ങളും ഉണ്ടായി. അതുകൊണ്ട് സ്കൂളിന്റെ ഹോസ്റ്റലിലാണ് താമസം എന്ന് അവൻ അറിഞ്ഞു.

തന്റെ എല്ലാ അവസ്ഥകളെക്കുറിച്ചും ശ്യാം അവളോട് സംസാരിച്ചു. കാര്യങ്ങളൊക്കെ മക്കൾ പറഞ്ഞ അറിയാമായിരുന്നതുകൊണ്ട് അവൾ മറ്റൊന്നും ആലോചിക്കാതെ അവനോട് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു.

പിന്നീട് ശ്യാമും മക്കളും കൂടി രേണുകയുടെ വീട്ടിൽ ചെന്നു അവളുടെ അച്ഛനെയും അമ്മയെയും ഒക്കെ കണ്ടു.

അങ്ങനെ ചിങ്ങമാസം ഏഴാം തീയതി മഹാദേവ ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും വിവാഹത്തിന് തീരുമാനമായി.

പെൺകുട്ടികൾ രണ്ടാളും ഒരുപാട് സന്തോഷിച്ചു. അച്ഛനും ടീച്ചറമ്മയ്ക്കും വിവാഹത്തിനുവാനുള്ള ഡ്രസ്സ് ഒക്കെ അവരാണ് സെലക്ട് ചെയ്തത്..
അവരുടെ ഇഷ്ടങ്ങൾക്ക് രേണുക സമ്മതം മൂളുകയായിരുന്നു.
ശ്യാമിന്റെ വീട്ടുകാർ ആരും സഹകരിച്ചില്ലെങ്കിലും അവർക്ക് അതൊരു പ്രശ്നമേ ഇല്ലായിരുന്നു.
ശ്യാമിന്റെ കുറച്ച് സഹപ്രവർത്തകരും, രേണുവിന്റെ സഹപ്രവർത്തകരും അവളുടെ ഏറ്റവും അത്യാവശ്യ ബന്ധുമിത്രാദികളും ഒക്കെ ചേർന്ന് വിവാഹത്തിൽ പങ്കെടുത്തു.
വന്നവരൊക്കെയും നിറഞ്ഞ മനസ്സോടെ ആണ് അവരെ അനുഗ്രഹിക്കുകയും ആശിർവദിക്കുകയും ചെയ്തത്.

അച്ഛനെയും അമ്മയെയും കുടുംബത്തിലേക്ക് കൈപിടിച്ച് കയറ്റിയത് മക്കളായിരുന്നു..

ഇതിനൊടിടയ്ക്ക് പഴയ വീട് മാറി, പുതിയ വീട്ടിലേക്ക് അവർ താമസം മാറ്റി.

ടീച്ചറമ്മ വന്നതോടെ പെൺകുട്ടികൾ രണ്ടാളും ഒരുപാട് സന്തോഷിച്ചു.. അവരുടെ അത്രയും നാളത്തെ കൈപ്പ് നിറഞ്ഞ പെറ്റമ്മയെ കുറിച്ചുള്ള ഓർമ്മകൾ ഒക്കെ അകന്നു പോവുകയായിരുന്നു..
അവരുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഒക്കെ ചിറകുമുളച്ചു.
രേണുക പെൺകുട്ടികളെ സ്നേഹിക്കുന്നത് കണ്ടാൽ സ്വന്തം അമ്മയല്ല എന്ന് ആരും പറയില്ലായിരുന്നു.

അതുപോലെതന്നെ അവൾ ശ്യാമിനെയും സ്നേഹിച്ചു.
അവർക്കൊക്കെ ഇഷ്ടപ്പെട്ടത് ഉണ്ടാക്കി കൊടുത്തു കൊണ്ട് അവരുടെകൂടെ നിന്നു… ശ്യാമം തിരിച്ചറിയുകയായിരുന്നു രേണുക എന്ന മഹത്വം നിറഞ്ഞവളെ.

അങ്ങനെ അങ്ങനെ… അവരുടെ ജീവിതം സന്തോഷത്തോടെ കഴിഞ്ഞു പോയി.

കാലം ആർക്കും കാത്ത് നിൽക്കാതെ കടന്നു പോയി.

അച്ഛന്റെയും അമ്മയുടെയും പതിനഞ്ചമത്തെ വിവാഹ വാർഷികത്തിന് വന്നതാണ് അന്നുവും നിച്ചുവും..

ചിങ്ങം ഏഴ്…

അന്നു കാറിൽ വന്നിറങ്ങിയതും അവളെക്കാൾ മുന്നേ ഓടിവന്നത് അവളുടെ അഞ്ചു വയസ്സുകാരി കമലയായിരുന്നു.
രേണുഅമ്മയുടെ കൈലേക്ക് കുഞ്ഞ് ചാടി കയറി.
എന്നിട്ട് അവളുടെ ഇരു കവിളിലും മാറിമാറി മുത്തം കൊടുത്തു..
ശേഷം അച്ചാച്ചന്റെ അടുത്തേയ്ക്കും പോയി.
അപ്പോഴേക്കും അന്നുവും അവളുടെ ഭർത്താവ് സിദ്ധാർത്ഥം അകത്തേക്ക്.
ഇതിനോട് അമ്മയോട് വിശേഷങ്ങൾ പങ്കു വച്ചുകൊണ്ടിരുന്നപ്പോഴാണ് അടുത്ത കാറ് മുറ്റത്ത് വന്ന് നിന്നത്.
നിച്ചു ആയിരുന്നു…. അവളുടെ ഭർത്താവ് രോഹനും കൂടെ ഉണ്ട്.

അച്ഛനോടും അമ്മയോടുമൊപ്പം മക്കളും മരുമക്കളും കൊച്ചുമോളും ഒക്കെ ചേർന്ന് കേക്ക് cut ചെയ്ത് വിവാഹ വാർഷിക ദിനം ആഘോഷിച്ചു..
രണ്ട് മൂന്ന് ദിവസം അവരുടെ കൂടെ മക്കൾ നിന്നു. ആക്കൊല്ലത്തെ ഓണം ആഘോഷിച്ച ശേഷം അവർ മടങ്ങി പോയി.

രേണുവും ശ്യാമും അവരുടെ വണ്ടി അകന്നു പോകുന്നത് നോക്കി ഉമ്മറത്ത് നിന്നു…

ഇനിയും ഇങ്ങനെ ഒരു ഒത്തുകൂടൽ എന്നാണെന്നുള്ള കാത്തിരിപ്പിനായി…

രേണു കൂടെ ഇല്ലായിരുന്നുവെങ്കിൽ ഈ അവസ്ഥ താനെങ്ങനെ തരണം ചെയ്യുമായിരുന്നു എന്ന് ശ്യാം ഓർത്തു..
തന്റെ മക്കൾ ഈശ്വരന്റെ രൂപത്തിൽ ഇവിടെ നിന്നുകൊണ്ട് രേണുവിനെ തന്നോട് ചേർത്തുവെച്ചു. മക്കൾ ചെയ്ത ഏറ്റവും വലിയ പുണ്യമാണ് അവളെന്ന് അയാൾ ഓർത്തു..

ആ മനസ്സിൽ ഇപ്പോൾ എന്താണെന്ന് ഉള്ളത് അറിയാവുന്നതുകൊണ്ട് രേണു അയാളുടെ കൈവിരലിൽ തന്നെ വിരൽ കോർത്തു പിടിച്ചു കൊണ്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു.

അവസാനിച്ചു.

കഥ ഇഷ്ടം ആയെങ്കിൽ ദയവായി സപ്പോർട്ട് തരണം.. ശരിക്കും ഈ മക്കൾ രണ്ടാളും നമ്മുടെ സമൂഹത്തിന് ഒരു മാതൃക തന്നെയാണല്ലേ. എല്ലാവരെയും അടച്ച് പറയുന്നതല്ല,ഭർത്താവിനെയും മക്കളെയും ഒക്കെ ഇട്ടിട്ട് പോകുന്ന സ്ത്രീകൾ ഇന്നും ഈ സമൂഹത്തിൽ ഉണ്ട്. മക്കൾക്ക് വേണ്ടി ജീവിച്ച ഒടുവിൽ വാർധക്യത്തിൽ ആരുമില്ലാതായി തീരുന്നതിലും നല്ലത്, ഇങ്ങനെ ഒരു കൂട്ട് ലഭിക്കുന്നതായിരിക്കും. ചിലർക്കെങ്കിലും അതുകൊണ്ട് ജീവിതത്തിൽ ആശ്വാസവും, സന്തോഷവും ലഭിക്കും.അത് ഭാര്യ ആണെങ്കിലും ഭർത്താവ് ആണെങ്കിലും..

രചന- കുഞ്ഞിക്കിളി

Leave a Reply

Your email address will not be published. Required fields are marked *