ചുളിവിൽ മോളെ ഒരുത്തനെ ഏൽപ്പിച്ചു.ഫ്രീയായിട്ടു ഒരു പതിനഞ്ചുകാരൻ മകനേയും കിട്ടി.ഇനിയിപ്പോൾ…

ജഗദ

✍️നിഷ പിള്ള

ജഗദയും നവീനും മുഖത്തോട് മുഖം നോക്കി ഇരുന്നു.

“ജഗദേച്ചീ ,അച്ഛൻ വരാറായി.എനിക്കാകെ ടെൻഷനാകുന്നു.”

“ടെൻഷനടിച്ചിട്ടു എന്നതാടാ കാര്യം,സഹിച്ചല്ലേ പറ്റൂ,എന്നെക്കൂടി ഇതിൽ പിടിച്ചിട്ടല്ലോ ,നിന്റെ തള്ളേടെ ഒരു കാര്യം.സ്വപ്നേച്ചിക്കു എന്നോട് ഇത്ര വിരോധം ഉണ്ടായിരുന്നോടാ.”

“അയ്യോ അങ്ങനെ പറയല്ലേ ,ജഗദേച്ചി ,ഈ നാട്ടിൽ അമ്മയ്ക്ക് നിങ്ങളല്ലേ കൂട്ടുണ്ടായിരുന്നുള്ളു.അസുഖം വന്നു മരിക്കാറായപ്പോൾ അമ്മ പറഞ്ഞിരുന്നു ,മോന് കൂട്ട് എന്നും ജഗദേച്ചി ഉണ്ടാകുമെന്ന് .”

“മതി മതി ഈ കഥ കേട്ട് ഞാൻ മടുത്തു.എന്നാലും ചാവാൻ നേരം നിന്റെ തള്ള എന്റെ കൈ പിടിച്ചു നിന്റെ അച്ഛനെ ഏല്പിച്ചത് എന്തിനാണ്,ചതിയല്ലായിരുന്നോ ,വൻ ചതി.അത് കേൾക്കാനിരിക്കുകയായിരുന്നു എന്റെ അച്ഛനും അമ്മയും,ചുളിവിൽ മോളെ ഒരുത്തനെ ഏൽപ്പിച്ചു.ഫ്രീയായിട്ടു ഒരു പതിനഞ്ചുകാരൻ മകനേയും കിട്ടി.ഇനിയിപ്പോൾ എല്ലാം സഹിക്കാം,അങ്ങേരു രാത്രിയിൽ കുടിച്ചിട്ടു വന്ന് കാട്ടുന്ന കോപ്രാട്ടികളാണ് സഹിക്കാൻ കഴിയാത്തത് .തെറി വിളി കേട്ട് മടുത്തു.”

ദൂരെ നിന്നും ഒരു ടോർച്ചു വെട്ടം ആടിയാടി വരുന്നത് കണ്ടു,

“അതങ്ങേരല്ലേടാ.”

“ഏയ് ഇത് അച്ഛനല്ല,വടക്കേലെ സേവ്യർ ചേട്ടനാ,ഒരു പത്തു മിനിട്ടു കഴിഞ്ഞു അച്ഛൻ വരും.”

“എന്ത് ചെയ്യുമെടാ നമ്മൾ.ഇങ്ങനെ പോയാൽ നിന്റെ പഠനം എങ്ങനാകും.നീ ഇപ്പോൾ പത്തിൽ അല്ലേ .”

നവീന്റെ മുഖത്തെ വേദന കണ്ടു ജഗദയ്ക്ക് വിഷമമായി.

“നീ വിഷമിക്കാതിരുന്നു പഠിക്കാൻ നോക്ക്,അയാള് കുടിച്ച് നാലു കാലിൽ വന്നാൽ നമുക്ക് ആ കോഴിക്കൂടിന്റെ പിറകിൽ പോയി ഒളിച്ചിരിക്കാനേ പറ്റൂ.മഴയില്ലാത്തത് ഭാഗ്യം,എന്നും നമുക്ക് അത് പറ്റുമോ നവീനേ.”

“ഞാൻ അമ്മയോട് പറഞ്ഞതാ,പോകുമ്പോൾ എന്നെ കൂടി കൊണ്ട് പോകാൻ,അച്ഛൻ ഈ ഭൂമിയിൽ ഒറ്റയ്ക്ക് കിടന്നു നരകിച്ചേനെ , അച്ഛൻ ചെയ്തതിനൊക്കെ ഒരു ശിക്ഷ കിട്ടിയേനെ.”

നവീൻ കരയാൻ തുടങ്ങി.

“അങ്ങേർക്ക് എന്ത് ശിക്ഷ കിട്ടാനാണ് നമ്മളല്ലേ അനുഭവിക്കുന്നത്,നീ കരയാതെ ചെറുക്കാ .”

“ചേച്ചീ അച്ഛൻ വരുന്നുണ്ട്.”

ദൂരെ വയൽ വരമ്പിലൂടെ ഒരു ടോർച്ച് വെളിച്ചം ജഗദ കണ്ടു.

“നമുക്കൊരു കാര്യം ചെയ്യാം.ഞാൻ അങ്ങേരുമായി തർക്കിക്കും,വഴക്കുണ്ടാക്കും,അപ്പോൾ അയാളെന്നെ ഉപദ്രവിക്കാൻ വരും.ഞാൻ ഈ മുറികളിലൂടെ ഓടും.നീ അയാള് തെന്നി വീഴാൻ കുറച്ചു വെളിച്ചെണ്ണ എടുത്തു ഒഴിക്കണം.”

“പക്ഷെ തെന്നി വീഴുന്നത് ജഗദേച്ചീ ആണെങ്കിലോ?’

നവീൻ സംശയം പ്രകടിപ്പിച്ചു.ജഗദ അവന്റെ വാ തുറന്നു നോക്കി.

“കരിനാക്കാനാണോടാ ചെറുക്കാ .നീ അങ്ങേരുടെ വിത്തല്ലേ.”

ജഗദ നവീനോട് ദേഷ്യപ്പെട്ടു.

“ഞാൻ ചേച്ചി പറയുന്ന പോലെ ചെയ്യാം.അമ്മയാണെ സത്യം.ഇതൊക്കെ സഹിച്ചു സഹിച്ചാണ് എന്റെ അമ്മ രോഗിയായത് .”

“അങ്ങനെ വഴിക്കു വാ .”

നരേന്ദ്രൻ കുറെ നേരം വാതിലിൽ മുട്ടിയിട്ടും ജഗദ വാതിൽ തുറന്നില്ല.അയാളുടെ തെറിയഭിഷേകം കുറെ നേരമായപ്പോൾ അവൾ വാതിൽ തുറന്നു കൊടുത്തു.

“എന്താടി വാതിൽ തുറക്കാൻ ഇത്ര താമസം.”

“എനിക്കിങ്ങനെയൊക്കെ പറ്റൂ, പീടിക അടച്ച് കഴിഞ്ഞാൽ നേരത്തെ വീട്ടിൽ കയറണം,അല്ലെങ്കിൽ ഇങ്ങനെയൊക്കെ തന്നെയാകും എന്റെ രീതി.”

“ആഹാ നീ അത്രയ്‍ക്കായോ.?”

നരേന്ദ്രൻ ജഗദയെ അടിക്കാൻ കയ്യോങ്ങി.ജഗദ അടുത്ത മുറിയിലേയ്ക്കു ഓടി ,നരേന്ദ്രൻ പിറകെയും.ഇരുട്ടിൽ വാതിലിന്റെ മറവിൽ ഒളിച്ചിരുന്ന നവീൻ എണ്ണ തറയിലേക്ക് ഒഴിച്ചു.ജഗദ വാതിലിന് അടുത്തെത്തിയപ്പോൾ ഒറ്റ ചാട്ടമായിരുന്നു.നരേന്ദ്രനാകട്ടെ ഇതൊന്നും അറിയാതെ നേരെ എണ്ണയിൽ ചവിട്ടി തെന്നി വീണു. അയാളുടെ ഭീമാകാരമായ ശരീരം നിലത്തു വീഴുന്ന ശബ്ദം കേട്ട് ജഗദ ഒന്ന് ഞെട്ടി,നവീൻ പേടിച്ചു വിറച്ചു.

“ഇനി എന്ത് സംഭവിക്കും.?”

നവീൻ ലൈറ്റ് ഇട്ടു,ജഗദ ഓടി എത്തിയപ്പോൾ അനക്കമില്ലാതെ നിലത്തു കിടക്കുകയാണ് നരേന്ദ്രൻ.അനക്കമൊന്നുമില്ല,അവൾ മൂക്കിന് താഴെ കൈ വച്ച് നോക്കി.ശ്വാസമുണ്ട്.

“നമ്മൾ എന്ത് ചെയ്യും ചേച്ചി. ഇനി അച്ഛനെങ്ങാനും ചത്ത് പോയി കാണുമോ.?”

“ചത്തിട്ടില്ല,ശ്വാസമുണ്ട് .നീ ഇത്തിരി വെള്ളമെടുത്തു കൊണ്ട് വാ.”

ജഗദ കുറച്ചു വെള്ളമെടുത്തു നരേന്ദ്രന്റെ മുഖത്ത് കുടഞ്ഞു.അയാൾ കണ്ണ് തുറന്നു.ജഗദ കുറച്ചു വെള്ളം കുടിക്കാൻ കൊടുത്തു.

“എന്നെ ഒന്ന് സഹായിക്കൂ,ഞാൻ ഒന്ന് എഴുന്നേൽക്കട്ടെ.”

“നിങ്ങൾ തനിയെ അങ്ങ് എഴുന്നേറ്റാൽ മതി.എന്നെ കുറെ അടിക്കാൻ ഓടിച്ചതല്ലേ.”

“ഞാൻ ഇവിടെ നിന്നും എഴുന്നേറ്റിട്ട് നിന്നെ കാണിച്ചു തരാം.”

“എന്നാൽ നിങ്ങൾ എഴുന്നേൽക്കണ്ട.”

നരേന്ദ്രൻ നിലത്തു നിന്നും എഴുനേൽക്കാൻ ശ്രമിച്ചിട്ടും പറ്റിയില്ല.അയാൾ നവീന്റെ മുഖത്തേയ്ക്കു നോക്കി.ചെറുക്കൻ പേടിച്ചു നരേന്ദ്രനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.അവനു ഒറ്റയ്ക്ക് അയാളെ പൊന്തിക്കാൻ സാധിച്ചില്ല.

“ഞാൻ സഹായിക്കാം, പക്ഷേ നിങ്ങളിനി എന്റെ മേൽ കൈ പൊക്കാൻ പാടില്ല.”

ഇല്ലെന്നു നരേന്ദ്രൻ തലയാട്ടി.

ജഗദ തന്നെയാണ് ഓട്ടോയിൽ ആശുപത്രിയിൽ കൊണ്ട് പോയത്,നടുവൊന്നുളുക്കി,ഇടത്തെ കയ്യിൽ പൊട്ടലുണ്ട്.രണ്ടാഴ്ച പരിപൂർണ്ണ വിശ്രമം.

“നിൻ്റെ തന്തയെ ഒന്ന് പേടിപ്പിക്കണം എന്നേ ആഗ്രഹിച്ചുള്ളൂ, ഇതിപ്പോൾ പണിയായല്ലോ,നവീനേ.”

“ജഗദേച്ചീ അച്ഛൻ്റെ തുന്നൽക്കടയുടെ കാര്യം,കഷ്ടമായല്ലോ, സാധാരണ ഓണക്കാലത്ത് ആണ് അച്ഛൻ കൂടുതൽ സമ്പാദിക്കുന്നത്.”

“എന്തിനാ കൂടുതൽ സമ്പാദിക്കുന്നത് ,കുടിച്ച് തീർക്കാനല്ലേ,നീയൊരു മോനല്ലേയുള്ളൂ അങ്ങേർക്ക്.മൂന്ന് വയറിനുള്ളത് ഞാൻ സമ്പാദിക്കും.”

“ജഗദേച്ചീ എന്ത് ചെയ്യും, ജഗദേച്ചിയ്ക്ക് ജോലിയുണ്ടോ.”

“ഞാനും തുന്നല് പഠിച്ചിട്ടുണ്ട്.നിൻ്റെ അച്ഛൻ സമ്മതിക്കുവാണേൽ ഞാൻ കട തുറക്കാം.”

“സമ്മതിച്ചത് തന്നെ.”

ആദ്യത്തെ ആഴ്ച നവീനായിരുന്നു നരേന്ദ്രനെ പരിചരിച്ചത് .

“പത്താം ക്ലാസ്സ് ആണെന്ന് ഓർമ്മ വേണം,നാളെ മുതൽ സ്കൂളിൽ പൊയ്ക്കോണം,ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം.”

“വേണ്ട, അതൊന്നും ശരിയാവില്ല.”

നരേന്ദ്രൻ ജഗദയെ എതിർക്കാൻ ശ്രമിച്ചു.

“അതൊക്കെ ഞാൻ ശരിയാക്കാം.”

നവീൻ സ്കൂളിൽ പോകാൻ തുടങ്ങി.നരേന്ദ്രൻ്റെ പകൽ സമയ പരിചരണം ജഗദ ഏറ്റെടുത്തു.കുടിക്കുമ്പോൾ പ്രകടിപ്പിക്കുന്ന ക്രൂരതയൊന്നും ആ സമയത്ത് അയാളിൽ കണ്ടില്ല.

നവീൻ ഉള്ളപ്പോൾ ജഗദ ആ മുറിയിൽ കയറാറില്ല.അവൻ്റെ ജോലിയാണ് അച്ഛൻ്റെ പരിചരണം.നരേന്ദ്രൻ്റെ വിളി കേട്ടാണ് ജഗദ ചെന്നത്.

“എനിക്ക് നല്ല നടുവ് വേദനയുണ്ട്,ഒരു പെയിൻ കില്ലർ തരൂ.”

“മരുന്ന് കഴിച്ചാലൊന്നും നടുവ് വേദന മാറില്ല, ഞാൻ ചൂട് പിടിച്ചു തരാം.കുറച്ചു മുറിവെണ്ണ നടുവിൽ പുരട്ടി തരട്ടെ.”

“നിന്നെ എനിക്ക് അത്ര വിശ്വാസമില്ല.എണ്ണ ഒഴിച്ച് എന്നെ വീഴ്ത്തിയത് നീയല്ലേ.നവീൻ എന്നോട് എല്ലാം പറഞ്ഞു.”

“തന്തയുടെ മോൻ തന്നെ അവൻ ഇന്നിങ്ങ് വരട്ടെ.വിശ്വാസം ഇല്ലാത്തവൾ തരുന്നത് വിഷമാണോ വേദനസംഹാരി ആണോയെന്ന് ഉറപ്പില്ലല്ലോ.അപ്പോൾ അതും കഴിക്കേണ്ട.വേദനിച്ച് അവിടെ കിടന്നോ.”

“എൻ്റെ സ്വപ്ന ഉണ്ടാരുന്നേൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു.”

“സ്വപ്നേച്ചീടെ കാര്യം പറയരുത്.സ്വന്തം സഹോദരിയെ പോലെയാ ഞാൻ അവരെ കണ്ടത്.എന്നിട്ട്?? എനിക്കിമ്മാതിരി പണി തന്നിട്ടല്ലേ അവർ പോയത്.”

“പാവം നവീനെ ഓർത്ത് വിഷമിച്ചിടാണവൾ അങ്ങനെ ചെയ്തത്.”

“അതെന്തിനാ വിഷമിക്കുന്നത്,അവന് ആരോഗ്യമുള്ള, ചെറുപ്പക്കാരനായ അച്ഛനില്ലേ.ഓഹ്….അച്ഛനെ അമ്മയ്ക്ക് അത്ര വിശ്വാസമില്ലായിരുന്നു അല്ലേ.”

“നീയെന്തിനാ ജഗദേ എഴുതാപ്പുറം വായിക്കുന്നത്,എൻ്റെ മദ്യപാനം ആയിരുന്നു അവൾക്ക് വിഷയം.

“എനിക്കും അത് തന്നെയാ വിഷയം.നിങ്ങൾക്ക് അതൊന്ന് നിർത്തിക്കൂടെ, രാവിലെ പോകുന്ന ആളല്ല, വൈകിട്ട് കയറി വരുന്നത്.ഒരു മോനല്ലേയുള്ളൂ,ആ ചെറുക്കനെ ഒന്ന് സ്നേഹിച്ച് കൂടെ നിങ്ങൾക്ക്.”

“എനിക്കവനെ ഭയങ്കര ഇഷ്ടമാണ്.”

“ആ ഇഷ്ടം അവനും കൂടി മനസ്സിലാകണം.വേണ്ടി വന്നാൽ അത് പ്രകടിപ്പിക്കണം.ആര് ഉണ്ടായാലും ഇല്ലെങ്കിലും ഞാനുണ്ടവന്.”

അയാളുടെ നടുവിൽ ജഗദ എണ്ണയിട്ട് തടവി.അയാൾ വേദന കടിച്ചമർത്തി.

“ഇനി ഈ മരുന്ന് കൂടി കഴിക്ക്.ഉറങ്ങി ഉണരുമ്പോൾ വേദന കുറയും

നരേന്ദ്രൻ ഉണർന്നപ്പോൾ ജഗദ എന്തോ പറയാനായി മുറിയിലേയ്ക്കു വന്നു.പക്ഷെ അവൾ ഒന്നും മിണ്ടാതെ ഇറങ്ങി പോയി.

“ജഗദേ , തനിക്ക് എന്തോ പറയാനുണ്ടല്ലോ.”

“നിങ്ങൾ ഉറങ്ങിയപ്പോൾ താഴേലെ സുമതിയേച്ചി വന്നിരുന്നു,അവരുടെ ബ്ലൗസ് തുന്നാൻ തന്നത് മറന്നോ?,തുണി പീടികയിലല്ലേ,അവരുടെ അമ്മാവന്റെ മകന്റെ കല്യാണത്തിന് ഇടേണ്ട കുപ്പായമാണെന്ന് .’

“അത് ശരിയാ ഞായറാഴ്ച കൊടുക്കാമെന്ന് ഞാൻ പറഞ്ഞതാണ് ,ഈ അവസ്ഥയിൽ ഞാനെങ്ങനെയാ.”

“ഞാൻ ഒരു ഉപായം പറയട്ടെ ,പീടിക തുറന്നു മെഷീനും തുണിയും ഇങ്ങു കൊണ്ട് വരട്ടെ. നിങ്ങൾ വലതു കൈ കൊണ്ട് വെട്ടി തന്നാൽ മതി.ഞാൻ തുന്നി കൊടുക്കാം.”

“അതിനു നിനക്ക് തുന്നൽ അറിയുമോ?”

“മുമ്പ് പഠിച്ചിട്ടുണ്ട്,ഇപ്പോൾ കുറെയായി തുന്നിയിട്ട് ,ഒന്ന് പരീക്ഷിക്കാലോ.”

“എന്നാൽ നാളെ നമുക്കൊരു ട്രയൽ എടുക്കാം,ശരിയാകുമെങ്കിൽ നോക്കാം.”

“ശരിയായാൽ പകുതി കൂലി എനിക്കുള്ളതാ .”

“പകുതി അല്ല നീ മൊത്തം എടുത്തോ ,ഇനി എണ്ണയെടുത്തു ഒഴിക്കാതിരുന്നാൽ മതി.”

നവീൻ വന്നപ്പോൾ ജഗദ അവനോടു മിണ്ടാൻ പോയില്ല.

“എന്ത് പറ്റി എന്റെ ജഗദേച്ചിയ്ക്ക് .”

“നീ എന്നോട് ഒന്നും മിണ്ടണ്ട, പൊയ്ക്കോ ,നീ ചാരനാണ് ,ദുഷ്ടൻ,നിന്റെ തന്തേടെ ചാരനല്ലേടാ നീ.”

“എണ്ണ ഒഴിച്ച കാര്യമാണോ?ഹഹ!! അത് ഞാൻ തന്നെയാ പറഞ്ഞത്.അച്ഛന് ജഗദേച്ചിയെ നല്ല പേടിയുണ്ട്.”

പിറ്റേന്ന് സുമതിയേച്ചി ബ്ലൗസിന് വന്നപ്പോൾ ജഗദ തുന്നിയ ബ്ലൗസ് കൊടുത്തു.

“അല്ല നരേന്ദ്രാ നല്ല പോലെ തുന്നിയല്ലോ നീ ,കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കൃത്യമായി,അടുത്ത തുണി ഞാൻ നാളെ കൊണ്ട് വരാം .”

സുമതി പോയപ്പോൾ ജഗദ തുന്നൽ കൂലി നരേന്ദ്രനെ ഏൽപ്പിച്ചു.

“വേണ്ട അത് ജഗദ വച്ചോളു,ഇപ്പോൾ വീട്ടിലെ കാര്യങ്ങളൊക്കെ ജഗദയല്ലേ നോക്കുന്നത്.നല്ല ചെലവില്ലേ.അല്ലെങ്കിലും പൈസ കയ്യിൽ കിട്ടിയാൽ ഞാൻ കുടിക്കാനെടുക്കും.”

“ഞാൻ ഒരു കാര്യം പറയട്ടെ ,ഒരു മെഷീൻ കൂടി വാങ്ങിയാൽ നമുക്ക് രണ്ടാൾക്കും കൂടി തുന്നാലോ, എനിക്ക് ഒരു പണിയുമാകും.നല്ല വരുമാനവും ഉണ്ടാകും.”

“അത് വേണോ,ജഗദയ്ക്ക് നല്ലൊരു ഭാവിയുള്ളതല്ലേ,സ്വപ്ന അന്ന് പറഞ്ഞ വാക്ക് കേട്ട് താനെന്തിനാ തന്റെ ഭാവി നശിപ്പിക്കുന്നത്.”

“അത് കൊള്ളാം ,നിങ്ങൾ എന്നെ ഇറക്കി വിടാൻ പോകുവാണോ, അച്ഛന്റേം മോനെയും കൂടെ ഇത്രേം നാൾ തങ്ങിയ എന്നെ ഇനി ആര് സഹായിക്കും,ആര് കല്യാണം കഴിക്കും.എന്റെ അച്ഛനമ്മമാർക്ക് പോലും എന്നെ ഇനി വേണ്ട,അവരും കൈ ഒഴിഞ്ഞു പോയി.നിങ്ങൾക്ക് ബുദ്ധിമുട്ടാണേൽ ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോയ്ക്കൊളളാം.”

“ഞങ്ങളുടെ ബുദ്ധിമുട്ടല്ല ,ജഗദ പോയാൽ എന്റെ മോന് സഹിക്കാൻ കഴിയില്ല.ഞാൻ ഇനിയും കുടിക്കാൻ തുടങ്ങിയാൽ തനിക്കു ഒരു ബുദ്ധിമുട്ടാകില്ലേ.”

“എന്നാൽ ഇനി കുടിക്കില്ലെന്ന് എനിക്ക് വാക്ക് തന്നാൽ പോരേ,നവീന് വേണ്ടി ഞാനിവിടെ നിന്നോളാം,അവനൊരു അമ്മ ആയിട്ട്.പക്ഷെ അവൻ സമ്മതിക്കുമോ എന്നാണ്.”

“എനിക്ക് പൂർണ്ണ സമ്മതം ആണ്.പിന്നെ അവന്റെ കാര്യം, അവനു താനില്ലാതെ പറ്റില്ലടോ.നാളെ തന്റെ ബർത്ത്ഡേ ആണെന്ന് പറഞ്ഞു.കേക്ക് ഓർഡർ ചെയ്യാൻ എന്റെ കയ്യിൽ നിന്നും രഹസ്യമായി പണം വാങ്ങിയാണ് ഇന്ന് പോയത്.”

“എനിക്ക് അമ്മയാകാനൊന്നും അറിയില്ല,പക്ഷെ എനിക്കവനെ ഇഷ്ടമാണ്.അവനു എന്നേയും .”

“അത് മതി , എന്നെ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിലും നിങ്ങളുടെ സ്നേഹം കണ്ടു കൊണ്ട് ഇവിടെ കഴിയാമല്ലോ.”

“ഇനി കുടിക്കാതെ നല്ല കുട്ടിയായി മാറിയാൽ അച്ഛനേയും എല്ലാവരും ഇഷ്ടപെടും.”

“ഉറപ്പാണോ.”

“ഉറപ്പു തന്നെ.”

പിറ്റേ ആഴ്ച നവീൻ സ്കൂൾ വിട്ടു വന്നപ്പോൾ ഉമ്മറത്ത് പുതിയ തയ്യൽ മെഷീൻ കണ്ടു അവൻ അത്ഭുതപ്പെട്ടു.

“അച്ഛന് ഒരു മെഷീൻ മതിയല്ലോ,ഇതെന്തിനാ പുതിയ ഒരെണ്ണം കൂടി വാങ്ങിയത്.”

നരേന്ദ്രനാണ് മറുപടി പറഞ്ഞത്.

“നാളെ മുതൽ പീടികയിലേയ്ക്ക് എൻ്റെ കൂടെ നിന്റെ അമ്മ കൂടി വരുന്നെന്ന് .”

“അമ്മയോ? ആര് ജഗദേച്ചി ആണോ?”

“അതെ നിനക്ക് സമ്മതമാണേൽ ഇനി മുതൽ ജഗദേച്ചി നിന്റെ അമ്മയാകും .”

നവീൻ ഒന്നും മിണ്ടാതെ വീട്ടിൽ നിന്നും ഇറങ്ങി പോയി.നരേന്ദ്രനും ജഗദയും എല്ലായിടത്തും അന്വേഷിച്ചു.നവീനെ കണ്ടില്ല.

“ഇതൊന്നും അവനു ഇഷ്ടമല്ല.ഞാൻ എന്നും അവനു ജഗദേച്ചിയായിരുന്നാൽ മതി.ഞാൻ പോകുവാ നരേന്ദ്രേട്ടാ ,ഇനി ഞാൻ ഇങ്ങോട്ടു വരില്ല.നിങ്ങൾ രണ്ടാളും സുഖമായി ഇരുന്നാൽ മതി.”

“അവൻ മടങ്ങി വരുമ്പോൾ ജഗദയെ കണ്ടില്ലേൽ അവൻ വിഷമിക്കും.”

“ഇല്ല ഞാനിവിടെ ഉണ്ടെങ്കിൽ ആയിരിക്കും അവൻ ഇനി വിഷമിക്കുന്നത്.അവനെ വിഷമിപ്പിച്ചിട്ടു എനിക്ക് നരേന്ദ്രേട്ടന്റെ ഭാര്യയാകണ്ട.”

ജഗദ ബാഗും എടുത്തു വീട്ടിലേയ്ക്ക് കരഞ്ഞും കൊണ്ട് ഇറങ്ങിയപ്പോൾ നരേന്ദ്രൻ ഉമ്മറത്തെ ചാരു കസേരയിൽ സങ്കടത്തോടെ കിടന്നു.

“നിൽക്കൂ ഒറ്റയ്ക്ക് പോകണ്ട.ഞാൻ കൊണ്ടാക്കി തരാം.”

ദൂരെ നിന്നും ഒരു ടോർച്ചിന്റെ വെട്ടം കണ്ടു.ജഗദ കണ്ണീരിനിടയിലൂടെ നവീൻ നടന്നു വരുന്നത് കണ്ടു.ജഗദ അവരെ രണ്ടു പേരെയും ശ്രദ്ധിക്കാതെ ഇറങ്ങി നടന്നു.

“ജഗദേച്ചി ,അല്ല എൻ്റെ അമ്മ എങ്ങോട്ടു പോകുന്നു.”

നവീൻ ഓടി വന്നു ജഗദയുടെ ബാഗ് പിടിച്ചു വാങ്ങി.

“നീ ഒന്നും പറയാതെ എന്നെ ഇട്ടിട്ടു പോയില്ലേ,നിനക്ക് എന്നെ അമ്മയായി കാണാൻ കഴിയില്ലല്ലോ.എന്റെ മനസ്സിൽ നീ എന്റെ മകൻ തന്നെയാ.ഇനി ഞാൻ ഇവിടെ നിൽക്കുന്നില്ല.എവിടെയായാലും ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കും.”

“അങ്ങനെ എന്നെ വിട്ടിട്ടു പോകാൻ എന്റെ അമ്മയ്ക്ക് ആകുമോ.”

അവൻ വാഴയിലയിൽ പൂജിച്ച താലിച്ചരടും താലിയും പുറത്തെടുത്തു.

“ഞാൻ ഇത് പണിയിക്കാൻ തട്ടാനെ കാണാൻ പോയതാ.എന്റെ മോതിരം ഞാൻ അയാൾക്ക് കൊടുത്തു.പിന്നെ അമ്പലത്തിൽ കൊണ്ട് പോയി പൂജിച്ചു.ഇനി നിങ്ങളുടെ രണ്ടു പേരുടെയും മനസ് മാറിയാലോ.അതിനു മുൻപ് നിങ്ങളൊന്നാകുന്നത് എനിക്ക് കാണണം.എന്റെ ജഗദേച്ചിക്കു എല്ലാവരുടെയും മുന്നിൽ തലയുയർത്തി നടക്കാമല്ലോ.എനിക്കും എന്റെ മാത്രമായി ഒരമ്മയെ കിട്ടുമല്ലോ.”

ജഗദ നവീനെ കെട്ടിപ്പിടിച്ചു കരഞ്ഞു.

“അച്ഛാ ഇനി കുടിക്കരുത്,എന്റെ അമ്മയെ വിഷമിപ്പിക്കരുത്.”

“ഇല്ല.”

നരേന്ദ്രൻ തലയാട്ടി.അയാൾ രണ്ടു പേരെയും ചേർത്ത് പിടിച്ചു.

നവീനെ സാക്ഷിയാക്കി ,ആ താലി ജഗദയുടെ കഴുത്തിൽ നരേന്ദ്രൻ കെട്ടി കൊടുത്തു.

“ദേ സ്വപ്നേച്ചി നോക്കി ചിരിക്കുന്നു.”

“അമ്മയ്ക്ക് പറ്റാത്തത് ജഗദേച്ചിക്ക് പറ്റിയല്ലോ എന്നോർത്താണ് അമ്മ ചിരിക്കുന്നത്.ജഗദേച്ചിയുടെ എണ്ണ പ്രയോഗം.”

എല്ലാവരും ചിരിച്ചും കൊണ്ട് ഉമ്മറത്ത് മാലയിട്ടു വച്ച സ്വപ്നയുടെ ഛായാചിത്രത്തിലേക്കു നോക്കി.നവീൻ അമ്മയെ നോക്കി കൈകൂപ്പി.അതിന്റെ മുന്നിലിരുന്ന പൂക്കൾ കാറ്റടിച്ചു ജഗദയുടെ മുടിയിഴകളിൽ പറന്ന് വീണു.

✍️✍️നിഷ പിള്ള

Leave a Reply

Your email address will not be published. Required fields are marked *