“അമ്മേ…ഞാനൊരു നാലുമണിയാവുമ്പോ തിരികെ പോവും ട്ടോ വീട്ടിലേക്ക്…. ഇനിയൊരു നാലഞ്ചു ദിവസം കഴിഞ്ഞിട്ടേ അമ്മയെ കാണാൻ വരൂ… അന്നേരത്തേക്കമ്മ വിനുവിനോടു പറഞ്ഞ് ആ തേങ്ങയൊന്ന് ഇടീക്ക്… അവിടെ കറിയ്ക്ക് അരയ്ക്കാനൊരൊറ്റ തേങ്ങയില്ല…. വെളിച്ചെണ്ണേം കഴിഞ്ഞു തുടങ്ങി…”
വീടിനകത്തൂടെ അങ്ങിങ്ങ് നടന്ന് കയ്യിലും കണ്ണിലും പെടുന്നതെല്ലാം ഓരോ ഷോപ്പറിലേക്കെടുത്ത് വെച്ച് പിന്നെയും
ഇല്ലായ്മകളുടെ നീണ്ട ലിസ്റ്റ് യാതൊരു മടിയുമില്ലാതെ കുടഞ്ഞിടുന്ന നാത്തൂനെ മിഴിഞ്ഞ കണ്ണോടെ നോക്കി നിന്നു പോയ് അനുപമ…..
“അതൊക്കെ നീയിനി വരുമ്പോഴേയ്ക്ക് ഞാനവനെ കൊണ്ട് ഇടീപ്പിച്ചേക്കാടി മോളെ… തൽക്കാലത്തേയ്ക്ക് നീ വേണ്ടതെന്താണെന്ന് വെച്ചാ അടുക്കളേന്ന് എടുത്തോണ്ട് പൊക്കോ…”
അമ്മ പറഞ്ഞതും വേഗം തിരിഞ്ഞടുക്കളയിലേക്ക് നടന്നു വിനോദിനി…
രണ്ടു മാസം തികച്ചായില്ല ആട്ടാനും അരയ്ക്കാനും ആണെന്നു പറഞ്ഞ് പത്തു നാന്നൂറ് തേങ്ങ അവരിവിടുന്ന് കൊണ്ടു പോയിട്ടെന്ന് ഓർത്തു അനുപമയപ്പോൾ…
അതു മാത്രമല്ല ആഴ്ചയ്ക്ക് ആഴ്ച അമ്മയെ കാണാനെന്നു പറഞ്ഞു വന്നു പോവുമ്പോൾ അടുക്കളയിലും മറ്റുമായ് ഇവിടുത്തെ ആവശ്യങ്ങൾക്ക് വാങ്ങി വെച്ചിരിക്കുന്ന പലച്ചരക്ക് പച്ചക്കറി ഉൾപ്പെടെയുള്ളതെല്ലാം വാരിയെടുത്തോണ്ടു പോയിട്ടു കൂടിയാണവരുടെയീ ദാരിദ്യം പറച്ചിലെന്നോർത്തതും വിനോദിനി പോയ വഴിയെ ഒന്നുകൂടി നോക്കിയവൾ…
അന്നേരമാണ് താനൊന്നിട്ട് അലക്കി മടക്കി വെക്കാനായ് മുറിയിൽ കൊണ്ടു വെച്ച പുതിയ സാരി കൂടി മടക്കി കൊണ്ടുപോവാനെടുത്തു വരുന്ന വിനോദിനിയെ അവൾ കണ്ടത്…
“ചേച്ചീ…. അതെന്റെ പുതിയ സാരിയാണ്… അതെനിയ്ക്കിനിയും വേണം … സ്ക്കൂൾ ആനുവൽ ഫങ്ഷനുള്ള ഡ്രസ് കോഡ് ആ സാരിയാണ്…”
വിനോദിനി മടക്കിയെടുത്ത സാരിയിൽ പിടുത്തമിട്ട് അനു പറഞ്ഞതും അനുവിന്റെ കൈ സാരിയിൽ നിന്ന് ശക്തിയിൽ തട്ടിയെറിഞ്ഞു വിനോദിനി….
“ഇതെനിയ്ക്കു വേണം അനൂ…. നിനക്ക് വേണോങ്കിൽ നീ ഒന്നൂടിയങ്ങ് അവനോടു പറഞ്ഞ് വാങ്ങിച്ചേരെ… അതല്ലെങ്കിൽ നീ തന്നെ ഒന്നങ്ങ് വാങ്ങിക്കോ… നിനക്കും ഉണ്ടല്ലോ സർക്കാർ ഉദ്യോഗവും ശമ്പളവുമെല്ലാം… ഇതെന്തായാലും എനിയ്ക്ക് വേണം…. ”
പറയുന്നതിനൊപ്പം ആ സാരി വൃത്തിയിൽ മടക്കി എടുക്കുക കൂടി ചെയ്തവൾ
“വലിയ സർക്കാർ ഉദ്യോഗമൊന്നുമല്ലെങ്കിലും ഒരു ജോലീം ശമ്പളവും ചേച്ചിയ്ക്കും ഇല്ലേ… അതെടുത്ത് ചേച്ചി വാങ്ങിയാൽ മതി ചേച്ചിയ്ക്കിതുപോലൊരു സാരി… ഇനിയഥവാ ചേച്ചിയ്ക്കൊരു സാരി വാങ്ങാനുള്ള ശമ്പളമൊന്നും ഇല്ലാന്നാണെങ്കിൽ ഭർത്താവൊരാൾ ഗൾഫിലില്ലേ…പുള്ളിയോടു പറയൂ സാരി വാങ്ങാനുള്ള പൈസ ഇടാൻ… അല്ലാതെ ഞാൻ എനിയ്ക്കു വേണ്ടി വാങ്ങിയത് തട്ടിയെടുത്ത് കൊണ്ടുപോവാൻ നിൽക്കണ്ട… തന്നു വിടില്ല ഞാൻ…”
പറയുന്നതിനൊപ്പം വിനോദിനിയുടെ കയ്യിൽ നിന്നാ സാരി വാങ്ങി കയ്യിൽ പിടിച്ചനുപമ…
അനുവിന്റെ വാക്കുകളിലും പ്രവർത്തിയിലും ഒന്നു ഞെട്ടി വിനോദിനി… അതേ ഞെട്ടലോടെയവൾ അമ്മയെ നോക്കിയതും കണ്ടു തന്റെ അതേ പകപ്പോടെ അനുവിനെ നോക്കുന്ന അമ്മയെ…
ആറു മാസത്തോളമായ് വിനുവിന്റെ ഭാര്യയായ് അനുപമ ഈ വീട്ടിലെത്തിയിട്ട്… വന്നിട്ടിന്നോളം ഒരു കാര്യത്തിനും ഒരെതിർപ്പും അനുപമയുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല… ആ ഒരു ധൈര്യത്തിൽ അവളുടേതുൾപ്പെടെ ഇവിടെ നിന്ന് വിനോദിനി കൊണ്ടുപോയ സാധനങ്ങൾക്ക് കണക്കും കയ്യുമില്ല… ആദ്യമായാണൊരെതിർപ്പ് അവളുടെ ഭാഗത്തുനിന്ന് വരുന്നത്… അതിന്റെ ഞെട്ടലാണ് അവരമ്മയ്ക്കും മകൾക്കും….
”ഞാൻ സാരി വാങ്ങണോ വേണ്ടയോ എന്നത് ഞാൻ തീരുമാനിച്ചോളാം അനുപമേ… അതോർത്ത് നീ ദെണ്ണപ്പെടേണ്ട.. പിന്നെയീ സാരി അതു കൊണ്ടുപോവാൻ ഞാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതു ഞാൻ കൊണ്ടുപോവുക തന്നെ ചെയ്യും…
അതിൽ നിന്നെന്നെ തടയാനോ എന്റെ ഈ വീട്ടിലെ കാര്യങ്ങളിൽ തീരുമാനമെടുക്കാനോ നീ ആളായിട്ടില്ലെടീ… ഇതെന്റെ വീടാണ്…”
വീറോടെ വിനോദിനി വിളിച്ചു പറയുന്നതോരോന്നും ഒരു പുഞ്ചിരി തെളിയിച്ചു അനുപമയിലെങ്കിലും മറുത്തൊരക്ഷരം അവരോടു തിരിച്ചു പറയാതെ ആ സാരിയുമെടുത്ത് തങ്ങളുടെ മുറിയിലേക്ക് നടന്നു അവൾ…
തന്നെയും തന്റെ വാക്കിനെയും പുല്ലുവില കല്പിച്ച് നടന്നു പോവുന്ന അനുപമയെ ദേഷ്യമാളുന്ന മുഖത്തോടെ നോക്കി വിനോദിനി… മകളുടെ മുഖത്തെ അതേ ദേഷ്യമുണ്ട് സതിയുടെ മുഖത്തും അനുപമയോട്…
“നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ലേ ടീ… ആ സാരി …അതെനിയ്ക്ക് വേണംന്ന
ഞാൻ നിന്നോടു പറഞ്ഞത്….. അതവിടെ വെച്ചിട്ടു പോടി….
അനുപമയുടെ പിന്നാലെ ചെന്ന് സാരിയിൽ പിടിച്ചലറും പോലെ പറഞ്ഞു വിനോദിനി….
“അതവൾക്കങ്ങ് കൊടുത്തേക്കനൂ… അവൾക്കത്രയും ഇഷ്ടമായിട്ടല്ലേ… നിനക്കിഷ്ട്ടം പോലെ സാരികൾ വേറെയില്ലേ…. പിന്നെന്തിനാ ഇത്ര വാശി… ഇത്ര വാശിയൊന്നും പെൺ പിള്ളേർക്ക് നല്ലതല്ല… പറഞ്ഞില്ലെന്നു വേണ്ട…”
വിനോദിനിയ്ക്കൊപ്പം ചേർന്ന് സതിയും തന്നെ കുറ്റപ്പെടുത്തിയതും അവർക്കു നേരെ നെഞ്ചിൽ കൈ പിണച്ചു തിരിഞ്ഞു നിന്നു അനുപമ
“ഇതെന്തൊരു ന്യായമില്ലാത്ത വാദമാണമ്മേ… എന്നെ ഉപദേശിച്ച കാര്യങ്ങളെല്ലാം അമ്മ പണ്ടേ ചേച്ചിയെ പറഞ്ഞുപദേശിച്ചിരുന്നിരുന്നെങ്കിൽ ഇന്നീ സംസാരം പോലും ഇവിടെ ഉണ്ടാവുമായിരുന്നില്ലല്ലോ….. മറ്റുള്ളവരുടെ കണ്ണിലെ പൊടി എടുക്കാൻ ഇറങ്ങും മുമ്പ് അവനവന്റെ കണ്ണിലെ കരട് എടുത്തു മാറ്റാൻ കൂടി അമ്മ ഇനിയെങ്കിലും പഠിക്കുന്നത് നല്ലതാണ് ട്ടോ അമ്മേ…”
അനുപമയുടെ സംസാരത്തിന് തിരികെ പറയാൻ മറുപടിയൊന്നുമില്ലാതെ വിളറി പോയൊരു മാത്ര സതി….
“മോനേ… വിനൂട്ടാ.. നിന്റെ ഭാര്യ എന്നെയും നമ്മുടെ അമ്മയേയും പറഞ്ഞതെല്ലാം നീ കേട്ടില്ലേടാ … ഇവളിങ്ങനെയൊരുവളാണെന്ന് നമ്മളറിഞ്ഞില്ലല്ലോടാ …. നമ്മുടെ വീടിന്റെ സമാധാനം പോയെടാ വിനൂട്ടാ…. ”
അനുപമയുടെ സംസാരത്തിന്
മറുപടിയേതുമില്ലാതെ പതറി നിന്ന വിനോദിനി അങ്ങോട്ടു കയറി വന്ന വിനോദിനെ കണ്ടതും വലിയ വായിൽ പതം പറഞ്ഞു കരഞ്ഞു തുടങ്ങി….
വിനോദിന്റെ നോട്ടം പക്ഷെ അനുപമയിൽ മാത്രമായൊതുങ്ങി…
തികഞ്ഞ ആത്മവിശ്വാസത്തോടെ ശിരസ്സുയർത്തി നിൽക്കുന്ന അനുപമയുടെ നോട്ടവും വിനോദിൽ തന്നെയാണ്
അനൂ.. ചായ വേണം….
ചിരിയോടെ അനുപയെ നോക്കി വിനോദ് പറഞ്ഞതും കയ്യിലെ സാരി അവിടെ സോഫയിൽ വെച്ച് വിനുവിനുള്ള ചായയെടുക്കാനായ് അടുക്കളയിലേക്ക് അനുപമ നടന്നതും ഗൂഢമായൊന്നമ്മയെ നോക്കി ചിരിച്ച്
വേഗത്തിൽ സോഫയിൽ നിന്നാ സാരിയെടുത്ത് കയ്യിൽ പിടിച്ചു വിനോദിനി….
വിനോദുള്ളപ്പോൾ അനുപമ തന്നെ എതിർക്കില്ലെന്ന ആത്മവിശ്വാസമാണ് വിനോദിനിയ്ക്ക്…
“അതവിടെ വെച്ചേക്ക് ചേച്ചി… അതനുവിന്റെ സാരി അല്ലേ….?
മുഖത്തു യാതൊരു വിധ വിദ്വേഷവും കാണിക്കാതെ സ്വാഭാവികമെന്നതു പോലെ വിനോദ് പറഞ്ഞതും ഞെട്ടിയവനെ നോക്കി വിനോദിനി…..
ഇന്നുവരെ യാതൊരു കാര്യത്തിനും തന്നോടെതിർക്കാതെ തന്നെ അനുസരിച്ച് മാത്രം നിൽക്കാറുളള അനിയന്റെ മാറ്റം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലവർക്ക്…. അമ്മയുടെ അവിശ്വാസത്തോടെയുള്ള നോട്ടവും അവന്റെ മുഖത്തു തന്നെയാണ്…
അവളുടെ സാരിയോ… ?
അങ്ങനെയൊന്നുണ്ടോ ടാ ഇവിടെ…? ഇവിടെ ഉള്ളതെല്ലാം എന്റേതും കൂടിയാണ്.. അറിയ്യില്ലേ നിനക്കത്….?
അതോ ഒരു പെണ്ണുകെട്ടിയപ്പോൾ കൂടപ്പിറപ്പ് കൂടെ വേണ്ടാന്നു പറഞ്ഞോ അവൾ… പറഞ്ഞോടാ….?
വിനോദിനരികിലേക്ക് നെഞ്ചത്തടിച്ച് പാഞ്ഞെത്തി വിനോദിനി ചോദിക്കുമ്പോഴും മുഖത്തെ ചിരി മായാതെ അവരെ നോക്കി അവരുടെ കയ്യിലുള്ള സാരി തന്റെ കൈക്കുള്ളിലാക്കി വിനോദ്….
അവന്റെ പ്രവർത്തിയിൽ മിഴിഞ്ഞു വിനോദിനിയുടെ കണ്ണുകൾ
പെങ്ങൾക്ക് പെങ്ങളുടെ സ്ഥാനവും ഭാര്യയ്ക്ക് ഭാര്യയുടെ സ്ഥാനവും എന്നും എന്റെ ഉള്ളിലുണ്ടാവും ചേച്ചീ… അതുപോലെ ഈ വീടും ഞാനുമെല്ലാം ചേച്ചിയുടേതാണ്… പക്ഷെ അനുപമ ചേച്ചിയുടേതല്ല ,കാരണം ചേച്ചിയവളെ ഒരിക്കലും ചേച്ചിയുടെ സ്വന്തമായ് കരുതിയിട്ടില്ല…അതുകൊണ്ടുതന്നെ അവളുടെ സാധനങ്ങളും ചേച്ചിയുടേതാവില്ല…. അതെല്ലാം എന്നും അവളുടേതു മാത്രമായിരിക്കും…
വിനോദു പറയുന്നതുൾക്കൊള്ളാൻ വയ്യാതെ അവനെ തുറിച്ചു നോക്കിയൊരു നിമിഷം നിന്നു വിനോദിനി…
“ഇതെന്റെ വീടാണെന്ന് നീ സമ്മതിച്ചല്ലോ…. അപ്പോ ഇവിടുള്ളതും എന്റേതാണ്…. അമ്മേ ഞാനടുക്കളയിലെ ആ പുതിയ മിക്സി എടുക്കുന്നുണ്ടേ… എന്റെ മിക്സിക്ക് കുറച്ചായിട്ട് ഓരോരോ പ്രശ്നങ്ങളാണ്…”
കിട്ടിയ അവസരം മുതലെടുത്ത് ഒരു വിജയചിരിയോടെ വിനോദിനി അടുക്കളയിലേക്ക് നടന്നിട്ടും മുഖത്തെ ചിരി മായാതെ ഇരുന്നിടത്തു തന്നെ ഇരുന്നു വിനോദ്…
നിനക്കും നിന്റെ ഭാര്യയ്ക്കും ഞാനിത് കൊണ്ടു പോവുന്നതിൽ പരാതിയൊന്നുമില്ലല്ലോ അല്ലേ… ഉണ്ടായിട്ടും കാര്യമില്ല ഇതെന്റെ വീടാണ്…
ഒരു വഴക്കിന് കച്ചക്കെട്ടി വിനോദിനി പറയുന്ന നേരത്തു തന്നെയാണ് അവന്റെ ഫോണിലൊരു മെസേജ് വന്നത്… അതു നോക്കിയതും വിനോദിനിയെ നോക്കി വിടർന്നു ചിരിച്ചു വിനോദ്…
നീ നിനക്ക് വേണ്ടത് എന്താണെന്നു വെച്ചാലെടുത്തോ ചേച്ചീ… നീ കൊണ്ടു പോവുന്ന ഓരോ സാധനത്തിന്റെയും കൃത്യമായ പൈസ അളിയന്റെ കയ്യിൽ നിന്ന് ഞാൻ വാങ്ങാറുണ്ട്… ദാ… കണ്ടില്ലേ നീ ഇപ്പോൾ നിന്റെ കയ്യിലെടുത്തു പിടിച്ച മിക്സിയുടെ ക്യാഷ് അളിയനെനിക്ക് അയച്ചു തന്നു കഴിഞ്ഞു.. പിന്നെന്തു പരാതിയാ എനിയ്ക്കും എന്റെ ഭാര്യയ്ക്കും….
വിനോദിനിയ്ക്ക് നേരെ ഫോൺ നീട്ടി വിനു പറഞ്ഞതും തുറിച്ചു വിനോദിനിയുടെ കണ്ണുകൾ…
എടാ.. നീ….
ശബ്ദമുയർത്താൻ ശ്രമിച്ചവർ…
എനിയ്ക്ക് ഇവിടെ പണം കായ്ക്കുന്ന മരമൊന്നുമില്ല ചേച്ചി നീ ആഴ്ചയിൽ ആഴ്ച വന്നു വാരിയെടുത്ത് കൊണ്ടു പോവുന്ന സാധനങ്ങൾ തിരികെ അതുപോലെ ഇവിടെവാങ്ങി വയ്ക്കാൻ… ഞാനൊള്ള കാര്യം അളിയനോടു പറയും… പുള്ളി കൃത്യമായ് പൈസയും തരും…
വിനോദിന്റെ സംസാരത്തിൽ ശബ്ദമില്ലാതെ വിനോദിനി നിന്നതും വിനോദിനു നേരെ തിരിഞ്ഞു അവന്റെ അമ്മ
അമ്മേ ഒരു കാര്യം… അളിയനോട് ചേച്ചി എടുത്തോണ്ട് പോവുന്ന പച്ചക്കറി പലച്ചരക്ക് സാധനങ്ങളുടെ പൈസ ചോദിക്കുന്നത് മോശമായതുകൊണ്ട് ആ പൈസയൊക്കെ ഞാനമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ട്ടോ എടുക്കാറ്… അമ്മയ്ക്ക് അതിൽ പരാതിയുണ്ടാവില്ലാന്നറിയുന്നതു കൊണ്ടാണ് ആദ്യം പറയാത്തത്… ചേച്ചിയ്ക്ക് വേണ്ടിയല്ലേ…
വിനോദിന്റെ വാക്കുകളിൽ തുറന്നു പോയ വാ അടയ്ക്കാൻ പോലും മറന്ന് അമ്മ ഞെട്ടി നിൽക്കുമ്പോൾ അനുപമയുടെ കയ്യിൽ നിന്ന് ചായയും വാങ്ങി ഒരു ചിരിയോടെ മുറിയ്ക്കുള്ളിലേക്ക് പോയ് വിനോദ്…
അല്പനേരം കഴിഞ്ഞ് പുറത്തൊരു ഓട്ടോ വന്നു നിൽക്കുന്നതും ശൂന്യമായ കയ്യോടെ വിനോദിനി അതിൽ കയറി പോവുന്നതും കണ്ടതോടെ തന്റെ ഫോൺ കയ്യിലെടുത്ത് അളിയനൊരു മെസേജ് അയച്ചു വിനോദ്….
സോറി അളിയാ… വേറെ വഴിയില്ല…. ജീവിച്ചു പോണ്ടെ….
വിനോദിന്റെ മെസേജ് വായിച്ചതും മറുവശം അളിയനിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു… അവിടെ വെട്ടിയ ഇടിയ്ക്കുള്ള മഴ ഇനി പെയ്യുന്നത് തന്റെ നെഞ്ചത്താവുമല്ലോ എന്നോർത്തുള്ള ദയനീയമായ ദീർഘനിശ്വാസം….
✍️ രജിത ജയൻ
