✍️ RJ
” എന്റെ കുഞ്ഞിനു മുലയൂട്ടാൻ പറ്റുന്നൊരു പെണ്ണിനെ കിട്ടുമ്പോ നിങ്ങള് പറ, ഞാൻ വന്നു താലിക്കെട്ടി ഭാര്യയാക്കി കൂടെ കൊണ്ടുവന്നോളാം.. അതിനി എന്നെക്കാൾഎത്ര വയസ്സേറിയവൾ ആയാലും എനിയ്ക്കു കുഴപ്പമില്ല… വേണമെങ്കിൽ അവരാവശ്യപ്പെടുന്ന പണവും കൊടുക്കാം …..എന്റെ കുഞ്ഞിനു പാലൂട്ടിയാൽ മാത്രം മതി വരുന്നവർ..
കരഞ്ഞു തളർന്ന് തന്റെ നെഞ്ചോരം പതിഞ്ഞു കിടക്കുന്ന മൂന്നു മാസത്തോളമെത്തിയ പെൺകുഞ്ഞിനെ ഒന്നുകൂടി തന്നിലേക്കു ചേർത്തു പിടിച്ചു പറയുമ്പോൾ ഡാനിയുടെ സ്വരത്തിനൊത്ത കനമവന്റെ മുഖത്തില്ലെന്നു കണ്ടെത്തി ബീന…
“ഡാനീ നമ്മളന്വേഷിക്കുന്നത് നിനക്ക് ഭാര്യയായിട്ടൊരു പെൺക്കുട്ടിയെയാണ് …
നീ പറയുന്നത് പോലൊരു കല്ല്യാണത്തിന് പെൺക്കുട്ടിയെ എവിടെ ചെന്ന് കണ്ടെത്തും നമ്മൾ…?
“കവല ചന്തകളിൽ പാലിന്റെ അളവു നോക്കി വിലയിട്ടു നാൽക്കാലിയെ വിൽക്കാറുണ്ടാളുകൾ… അതല്ലാതെ കറവയുള്ള പെണ്ണിനെ വിൽക്കുന്ന സ്ഥലമോ ചന്തയോ ഒന്നും കർത്താവാണേ എനിക്കറിയില്ല….
ദേഷ്യവും നിസ്സഹായതയും ഒരു പോലെ ഇടക്കലർന്നിട്ടുണ്ടത് പറയുമ്പോൾ മുരുകന്റെ ശബ്ദത്തിലും…
“വിലയിട്ടു ശരീരം വിൽക്കുന്ന പ്രസവിച്ചു പാലൂട്ടുന്ന സ്ത്രീയാണെങ്കിലും അവളെ എന്റെ കുഞ്ഞിനു വേണ്ടി സ്വീകരിക്കാൻ ഞാൻ തയ്യാറാണ് മുരുകണ്ണാ… എനിയ്ക്കന്റെ കുഞ്ഞാണ് വലുത്… ഇവളെക്കാൾ മൂല്യമില്ലെന്റെ ജീവിതത്തിലൊന്നിനുമിന്ന്… ഇവളെയുള്ളു എനിക്കീ ഭൂമിയിലിന്ന് എന്റെ സ്വന്തമായ്….’
ഡാനിയുടെ സംസാരം കേട്ടവരോടെന്തോ മറുപടി പറയാനൊരുങ്ങിയ മുരുകനെ വേണ്ടെന്ന പോലെ ബീന വിലക്കുമ്പോൾ ബീനയെ പോലെ അയാളും കണ്ടിരുന്നു ഡാനിയുടെ മിഴികളിലെ പെയ്യാൻ കാത്തു നിൽക്കുന്ന കണ്ണുനീർ മുത്തുകളെ….
“ഡാനി നീ പറഞ്ഞതുപോലെ തന്നെ മുലയൂട്ടുന്ന പെണ്ണിനെ ആവശ്യമുണ്ടെന്ന പരസ്യം എല്ലാ ഓൺലൈൻ മീഡിയയിലും കൊടുത്തിട്ടുണ്ട്… നോക്കാം നമുക്ക് ആരെങ്കിലും വിളിക്കുമോന്ന്…”
ഡാനിയുടെ നിറമിഴികൾ തന്റെ ഉള്ളിൽ വരുത്തിയ നോവോടെ മുരുകൻ പറഞ്ഞതിന് തലയൊന്നിളക്കിയവൻ..
“ബീന ചേച്ചി ഞാനൊന്ന് മോളെ തൊട്ടിലിൽ കിടത്തിയിട്ട് ഫ്രഷായ് വരാം.. ചേച്ചി റൂമിൽ ഉണ്ടാവണേ… ഇനിയും കരയിപ്പിച്ചാലെന്റ കുഞ്ഞ് പറ്റെ തളരും…
”
തനിയ്ക്ക് പറയാനുള്ളതെല്ലാം മുരുകനോട് പറഞ്ഞു കഴിഞ്ഞതും റൂമിലേക്ക് കയറിയ ഡാനി ബീനയെ പറഞ്ഞേല്പിച്ചതു പോലെ കുഞ്ഞിനെ അവളറിയാത്തത്ര ശ്രദ്ധയോടെ തൊട്ടിലിൽ കിടത്തി ബാത്ത് റൂമിലേക്ക് കയറിയതും ശബ്ദമുണ്ടാക്കാതെ തൊട്ടിലിനോരം വന്നു നിന്നു ബീന…
ഒരു ചെറിയ ശബ്ദം മതി കുഞ്ഞുണരാൻ… ഉണർന്നാൽ പിന്നെ കരച്ചിലാണ്… ആ കരച്ചിൽ അവസാനിക്കുന്നതോ തളർന്നു മയങ്ങിയിട്ടും..
അമ്മയുടെ മാറിടം തേടി മുഖമിട്ടുരുട്ടി കുഞ്ഞുചുണ്ടുകൾ കൊണ്ട് പരതിയൊടുവിൽ തേങ്ങി കരയുന്ന കുഞ്ഞിനെ ഓർത്തതും നിറഞ്ഞു ബീനയുടെ മിഴികൾ…
അവരുടെ കണ്ണുകൾ ആ മുറിയിലാകെ കറങ്ങിയതും കണ്ടു നിറചിരിയോടെ നിൽക്കുന്ന ഡാനിയുടെയും സാനിമോളുടെയും പീറ്ററിന്റെയും പലവിധ ഫോട്ടോകൾ….
കുഞ്ഞുനാളിലെ അച്ഛനമ്മമാരെ നഷ്ടപ്പെട്ട ഡാനിയുടെ ഈ ഭൂമിയിലെ ആകെയുള്ള രക്തബന്ധമാണ് അവന്റെ അനിയത്തി സാനി…. മകളായിട്ടാണ് ഡാനി സാനിയെ കൊണ്ടു നടന്നിരുന്നത്…
ഡാനിയുടെ കൂട്ടുകാരൻ പീറ്ററിനെ തനിയ്ക്കിഷ്ട്ടമാണെന്നും തങ്ങൾ പ്രണയത്തിലാണെന്നം സാനി പറഞ്ഞപ്പോൾ യാതൊരു എതിർപ്പുമില്ലാതെ അവരുടെ വിവാഹം നടത്തി ഡാനി… തന്നെ പോലെ അനാഥനായ പീറ്റിനെ വലിയ ഇഷ്ടമായിരുന്നു ഡാനിയ്ക്ക്…
സന്തോഷത്തിന്റെ ദിനങ്ങൾ എത്ര പെട്ടന്നാണ് കർത്താവേ നീ തിരിച്ചെടുത്തത്… ഒരാക്സിഡന്റിന്റെ രൂപത്തിൽ പീറ്ററും സാനിയും ഒരു മാസം മുമ്പീ ലോകം വിട്ടു പോയതും തീർത്തും അനാഥനായ് ഡാനി. ആകെ തകർന്നു പോയൊരവസ്ഥയിൽ നിന്ന് ഡാനിയെ ജീവിക്കാൻ പ്രേരിപ്പിച്ചത് സാനിയുടെ രണ്ടു മാസം പ്രായമായ ഇഷ മോളാണ്…
അപകടം നടന്ന അന്ന് ഡാനിയുടെ കയ്യിലായിരുന്നു ഇഷമോൾ…. പുറത്തു പോയപ്പോൾ മോളെ കൊണ്ടുപോയില്ലായിരുന്നു അവർ… അതു കൊണ്ടു മാത്രമാണ് ഡാനിക്കൊരു കൂട്ടായ് ഇഷമോൾ ബാക്കിയായതും…
മുലപ്പാലിനു വേണ്ടി കരയുന്ന ഇഷമോളെ കണ്ടു കൊണ്ടാണ് ആ വീട്ടിലുള്ളവരെല്ലാം ഓരോ ദിവസവും ഉറങ്ങി ഉണരുന്നത്… പലപ്പോഴും കരഞ്ഞ് തളർന്ന് വയ്യാതെ ഹോസ്പ്പിറ്റലിലാവും കുഞ്ഞ്…
എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമാണ് ഡാനിയുടെ കല്യാണം.. അതും മുലപ്പാലുള്ളൊരു പെണ്ണ് വേണമവന് ഭാര്യയായിട്ട്… അവളിനി എത്തരക്കാരിയാണെങ്കിലും അവനത് പ്രശ്നമില്ല.. ഇതെല്ലാം ലോകത്തെവിടെയെങ്കിലും നടക്കുമോ കർത്താവേ…
നിശ്വസിച്ചു പോയ് ബീന
ബീനയും മുരുകനും ആ വീട്ടിലെ ജോലിക്കാരാണെങ്കിലും ഡാനിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടാളുകൾ തന്നെയാണവർ….
ഇവിടെ ആരും ഇല്ലേ….?
രണ്ടു മൂന്നു ദിവസങ്ങൾ കഴിഞ്ഞൊരു ദിവസം വൈകുന്നേരം വീടിനുമറത്തു നിന്നൊരു പെൺ ശബ്ദം ഉയർന്നതും ബീനയ്ക്കൊപ്പം കുഞ്ഞിനെയും കൊണ്ട് ഉമ്മറത്തേക്കിറങ്ങി ചെന്നു ഡാനിയും…
മഞ്ഞ ചുരിദാർ ധരിച്ച് വളരെയേറെ ക്ഷീണിച്ചു
തളർന്നവശയായൊരു പെൺക്കുട്ടി…. ഏറിപ്പോയാൽ ഇരുപത്തി രണ്ടോ ഇരുപത്തി മൂന്നോ വയസ് പ്രായമുണ്ടാവും…
എന്താ കുട്ടി…’?
ചോദിക്കുമ്പോൾ ഒരു വെപ്രാളം ഉണ്ട് ബീനയിൽ എന്തിനെന്നറിയാതെ….
“എന്റെ പേര് ഇന്ദു…ഇവിടെ മുലയൂട്ടുന്ന സ്ത്രീയെ ആവശ്യമുണ്ടെന്നു കേട്ട് വന്നതാണ്… കുഞ്ഞിന് പാലൂട്ടാൻ തയ്യാറാണ് ഞാൻ..
ഡാനിയുടെ കയ്യിലുള്ള ഇഷമോളിലേക്ക് നോട്ടമയച്ച് ഡാനിയെ നോക്കി വളരെ സ്വാഭാവികമെന്ന പോലെവൾ പറഞ്ഞതു കേട്ടതും അറിയാതെ തന്നെ ഡാനിയുടെ നോട്ടം ചെന്നതവളുടെ മാറിടങ്ങളിലേക്കാണ്… മുലപ്പാൽ കിനിഞ്ഞ് നനഞ്ഞ അവളുടെ ചുരിദാറിൽ കണ്ണുടക്കിയതും വേഗത്തിൽ നോട്ടം വെട്ടിച്ചു ഡാനി…
“നിങ്ങളുടെ പരസ്യങ്ങളിൽ പറയും പോലെ നിങ്ങളുടെ ഭാര്യയായ് ഈ കുഞ്ഞിന് അമ്മയാവാനോ പാലു കൊടുക്കാനോ പറ്റില്ല എനിയ്ക്ക്…മറിച്ച് ഇതൊരു ജോലിയായ് കണ്ടു ചെയ്യാൻ എനിയ്ക്ക് സമ്മതമാണ്.. കൃത്യമായ ശമ്പളവും താമസ സൗകര്യവും നിങ്ങൾ തന്നാൽ മാത്രം മതി… ”
ഒരു ജോലിക്കാര്യം പറയുന്നത്ര നിസ്സാരതയോടെ കാര്യങ്ങൾ പറയുന്നവളെ ബീന ഞെട്ടിയാണ് നോക്കിയതെങ്കിൽ ഡാനിയുടെ ശ്രദ്ധയത്രയും അവളുടെ ഉറപ്പുള്ള ശബ്ദത്തിലും തന്റേടം നിറഞ്ഞ മുഖഭാവത്തിലുമാണ്…
അത്…. മോനെ….
ബീനയെന്തോ പറഞ്ഞ് തുടങ്ങിയതും കൈ നീട്ടിയവരെ തടഞ്ഞു ഡാനി… അവന്റെ നോട്ടം ആ പെൺകുട്ടിയിൽ മാത്രമായ്…
“ഇന്ദു പറഞ്ഞതെല്ലാം ഞാൻ അംഗീകരിച്ചു… ഇന്ദുവിന് ഇവിടെ താമസിച്ച് വന്ന ജോലി ചെയ്യാം.. പക്ഷെ അതിനു മുമ്പ് ഇന്ദുവിന്റെ ഡീറ്റെയ്ൽസ് പറയൂ… ഏതു ജോലിയിലും ഒരു പരിചയപ്പെടുത്തൽ വേണമല്ലോ…”
ഡാനി പറഞ്ഞതും ഒന്ന് നിവർന്നിരുന്ന് തന്റെ മടിയിലെ ബാഗിൽ നിന്ന് തന്റെ സർട്ടിഫിക്കറ്റെടുത്ത് ഡാനിയ്ക്ക് നേരെ നീട്ടി ഇന്ദു…
താൻ… താനൊരു ഡിഗ്രി സ്റ്റുഡന്റാണോ…?
സർട്ടിഫിക്കറ്റിലൂടെ കണ്ണോടിച്ചതും ഡാനി ചോദിച്ചു
“ആയിരുന്നു എന്ന് പറയണം സാർ… മൂന്നാം വർഷത്തിന്റെ തുടക്കത്തിലാണ് വീട്ടിലേക്ക് വരും വഴി ആരൊക്കെയോ ചേർന്നെന്നെ ബലം പ്രയോഗിച്ച്….
ഇന്ദു പറഞ്ഞതും ഞെട്ടിയവളെ നോക്കി ഡാനി..
“എനിയ്ക്ക് സംഭവിച്ച ദുരന്തത്തിൽ തളർന്നുവീണഅമ്മ മരണത്തിനു കീഴടങ്ങി… അമ്മയേ ഉണ്ടായിരുന്നുള്ളു എനിയ്ക്ക്…. സംഭവിച്ചതും നടന്നതുമായ കാര്യങ്ങൾ ഞാൻ ഉൾക്കൊണ്ട് മനസ്സിലാക്കാൻ ദിവസങ്ങളെടുത്തു… അപ്പോഴേക്കും എന്റെ ഉള്ളിൽ നശിപ്പിക്കാൻ സാധിക്കാത്ത വിധമൊരു ജീവൻ വളർന്നിരുന്നു….
“എല്ലാ പരിഹാസങ്ങളും ഏറ്റുവാങ്ങി ഞാനാ കുഞ്ഞിനെ പ്രസവിച്ചു.. എന്റെ വയറ്റിലിരികെ ഒരിക്കൽ പോലും ഞാനതിനെ സ്നേഹിച്ചിട്ടില്ല… അതു കൊണ്ടാവും അതൊരു അസുഖക്കാരനായത്… ജനിച്ച് രണ്ടാഴ്ചക്കുള്ളിൽ അതായത് നാലു ദിവസം മുമ്പാ ജീവൻ ഈ ഭൂമി വിട്ടു…
ജീവിക്കാൻ പണം വേണ്ടേ സാർ…. അതിനെന്റെ കയ്യിലിപ്പോ വിൽക്കാനായിട്ടുള്ളത് സാറിന്റെ കുഞ്ഞിനാവശ്യമായ മുലപ്പാൽ മാത്രമാണ്… വാങ്ങുന്നവനും വിൽക്കുന്നവനും ഒരു പോലെഉപകാരമുണ്ടതുകൊണ്ട്….
ആരുടെയോ കഥ പറയുന്നത്ര ലാഘവത്തോടെ ഇന്ദു പറഞ്ഞു നിർത്തുമ്പോൾ കേട്ടതു വിശ്വസിക്കാൻ കഴിയാതൊന്നും പകച്ചിരുന്നു ബീനയും ഡാനിയും…
“ബീന ചേച്ചി ഇയാൾക്ക് ഒരു മുറി കാണിച്ചു കൊടുക്ക്…. ഇന്ദു ബീനചേച്ചിയുടെ കൂടെ ചെല്ല്…
ചെന്നൊന്ന് ഫ്രഷായിട്ടു ഭക്ഷണം കഴിച്ചു വാ… എന്നിട്ടു തുടങ്ങാം ജോലി….. ”
ഡാനി പറഞ്ഞതും ബീന ഇന്ദുവിനെയും കൂട്ടി വീടിനകത്തേക്ക് നടന്നു…
ഇന്ദുവന്നതോടെ ഇഷമോളുടെ കാര്യത്തിൽ എല്ലാവർക്കും സമാധാനമായ്… ദിവസങ്ങൾ പോകെ ആ വീട്ടിലെ ഒരംഗം തന്നെയായ് ഇന്ദു…
രണ്ടര വർഷങ്ങൾക്കിപ്പുറം തന്റെ ജോലി അവസാനിപ്പിച്ച് ഇന്ദു ആ വീടിന്റെ പടിയിറങ്ങുമ്പോൾ ഇഷമോൾ യാതൊരു വാശിയും ഇല്ലാതെ ഡാനിയുടെ കയ്യിലിരുന്നവൾക്ക് റ്റാറ്റ നൽകി…
ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞ് നിറഞ്ഞ ചിരിയോടെ ഇന്ദു യാത്ര പറഞ്ഞു പോയതും മോളോട് സംസാരിച്ച് ഡാനിയും വീടിനകത്തേയ്ക്ക് കയറി….
ഇരുവരും ഇരുവശത്തേയ്ക്കും പോയതോടെ മുരുകന്റെ നോട്ടം വിളറി നിൽക്കുന്ന ബീനയിൽ തങ്ങി…
ബീനേ… വർഷങ്ങൾ പോകെ ഡാനിയും ഇന്ദുവും കല്യാണം കഴിക്കുമെന്ന് നീ മനക്കോട്ട കെട്ടിയിട്ടെന്തായ്…?
എല്ലാ ബന്ധവും പ്രണയത്തിലും ജീവിതത്തിലും അവസാനിക്കുന്നത് കഥകളിൽ മാത്രമാണ്… ഇത് ജീവിതമാണ് … ഇവിടെ ഇതേ പ്രതീക്ഷിക്കാവൂ…
മുരുകന്റെ സംസാരത്തിന് ബീന അവനെ ദയനീയമായ് നോക്കും നേരം തന്റെ ജീവിതത്തിലെ അടുത്ത വേഷം തിരഞ്ഞ് മുന്നോട്ടു നടന്നു ഇന്ദു… തികഞ്ഞ പ്രതീക്ഷയോടെ…..
RJ
