അളിയാ.. ദേ നോക്ക് ഒരു അടാറ് ഐറ്റം.. പിശക് കേസാണെന്ന് തോന്നുന്നു ഒന്ന് വളയ്ച്ചു നോക്കാം…

✍️ പ്രജിത്ത് സുരേന്ദ്രബാബു

“മോളെ നീ ഇത് എവിടെയാ സമയം പത്ത് മണിയോളം ആകുന്നു. ഇതെന്താ ഇത്രയും ലേറ്റ് ആകുന്നത്.. ഈ ടെക്സ്റ്റൈൽസിൽ ജോലിക്ക് പോണ്ട ന്ന് ഞാൻ പറയുന്നത് അതുകൊണ്ടാ.. ”

മാധവി ഏറെ അസ്വസ്ഥതയായിരുന്നു.

” അമ്മേ.. ടെൻഷൻ അടിക്കേണ്ട.. ഞാൻ ദേ ഇറങ്ങി. ഇന്ന് സ്റ്റോക്ക് വന്നു അതൊക്കെ എടുത്ത് ക്ലിയർ ചെയ്ത് വച്ചപ്പോൾ വൈകി പോയി അതാ.. ഏതേലും ഓട്ടോ കിട്ടോ ന്ന് നോക്കട്ടെ.. ഞാൻ വേഗത്തിൽ വരാം.. അമ്മ ഫോൺ വച്ചേക്ക് ”

ലക്ഷ്മിയുടെ മറുപടിക്ക് അവരുടെ വേവലാതി അടക്കുവാൻ കഴിയുമായിരുന്നില്ല. എങ്കിലും ഓക്കേ പറഞ്ഞവർ കോൾ കട്ട്‌ ചെയ്തു.

ജങ്ഷനിൽ എത്തി അൽപനേരം ആയെങ്കിലും ഒരു ഓട്ടോ പോലും കിട്ടിയില്ല ലക്ഷ്മിയ്ക്ക്.സമയം ലേറ്റ് ആയതിനാൽ തന്നെ ഉള്ളിൽ ഒരു ഭയം തോന്നാത്തിരുന്നില്ല. കാരണം ജംഗ്ഷൻ അപ്പോഴേക്കും വിജനമായിരുന്നു. കടകൾ എല്ലാം പൂട്ടി കച്ചവടക്കാർ പോയിരുന്നു. എങ്ങും നിശബ്ദത മാത്രം ബസ് സ്റ്റോപ്പിലേക്ക് കയറിയിരിക്കുമ്പോൾ വേഗത്തിൽ ഒരു ഓട്ടോ കിട്ടണേയെന്നവൾ പ്രാർത്ഥിച്ചു.. സമയം പിന്നെയും നീങ്ങി. പെട്ടെന്ന് രണ്ട് ബൈക്കിലായി നാലുപേർ റോഡിലൂടെ ബഹളം വച്ചു കൊണ്ട് അവളിരിക്കുന്ന ബസ് സ്റ്റോപ്പ് കടന്നു പോയി. എന്നാൽ അല്പം മുന്നിലായി നിന്നു അവർ.

“അളിയാ.. ദേ നോക്ക് ഒരു അടാറ് ഐറ്റം.. പിശക് കേസാണെന്ന് തോന്നുന്നു ഒന്ന് വളയ്ച്ചു നോക്കാം”

വഷളൻ നോട്ടത്തിൽ ഒരുവൻ പറയുമ്പോൾ മറ്റുള്ളവരുടെ മിഴികളും തിളങ്ങി. അവരുടെ നോട്ടത്തിൽ നിന്നും തനിക്കവർ ഒരു ശല്യമായെക്കുമെന്ന് ഉറപ്പിച്ചു ലക്ഷ്മി. ഭയം ഇരട്ടിയായതോടെ എന്ത് ചെയ്യണമെന്ന് കുഴഞ്ഞു അവൾ

“പെങ്ങളെ.. ഒറ്റയ്‌ക്കെ ഉള്ളോ… വരുന്നോ ഞങ്ങൾക്കൊപ്പം.. നാലുപേരുണ്ട് പക്ഷെ നല്ല കാശ് തരാം ”

ബൈക്കുകളിൽ ഒന്നിന്റെ പിന്നിൽ ഇരുന്നവൻ ഉച്ചത്തിൽ വിളിച്ചു ചോദിക്കുമ്പോൾ അത് കേൾക്കാത്ത പോലെ മുഖം തിരിച്ചിരുന്നു ലക്ഷ്മി. ഒരു ഓട്ടോ വന്നെങ്കിൽ എന്നവൾ അപ്പോൾ മനമുരുകി പ്രാർത്ഥിക്കുകയായിരുന്നു. ആ പ്രാർത്ഥന ദൈവം കേട്ടു എന്ന് തന്നെ കരുതാം പെട്ടെന്ന് ഒരു ഓട്ടോ അവിടേക്ക് വന്നു. കണ്ടപാടേ വെപ്രാളത്തിൽ റോഡിലേക്കിറങ്ങി കൈ കാണിച്ചു ലക്ഷ്മി. ഓട്ടോ നിൽക്കവേ വേഗത്തിൽ അരികിലേക്ക് അടുത്ത് അവൾ.

” ചേട്ടാ.. പ്ലീസ് എന്നെ ഒന്ന് വീട്ടിൽ ആക്കാമോ.. ജോലി കഴിഞ്ഞിറങ്ങിയപ്പോൾ വല്ലാണ്ട് വൈകി.. വേറെ വണ്ടികൾ ഒന്നും കാണാൻ ഇല്ല. ”

ദയനീയമായി അവൾ ചോദിക്കുമ്പോൾ സുമുഖനായ ആ ഓട്ടോക്കാരൻ ചെറുപ്പക്കാരൻ ഒരു നിമിഷം നെറ്റി ചുളിച്ചു.

“പെങ്ങളെ.. ഞാൻ വേറൊരു അത്യാവശ്യ പണിയ്ക്കായി പോകുവാണ്.. ഇനീപ്പോ ഇയാളെ കൊണ്ടാക്കാൻ നിന്നാൽ എന്റെ സമയം വൈകും..”

” എന്റെ പൊന്നു ചേട്ടാ പ്ലീസ്.. കാശ് എത്ര വേണേലും തരാം..ഒന്ന് സഹായിക്കു.. ദേ കണ്ടില്ലേ ആ നിൽക്കുന്ന ചെറുപ്പക്കാർ എന്നെ ശല്യം ചെയ്യാനുള്ള നിൽപ്പാണെന്ന് തോന്നുന്നു. ഓരോ കമന്റുകൾ അടിച്ചു തുടങ്ങി. എങ്ങനേലും ഇവിടുന്ന് ഒന്ന് രക്ഷപ്പെടണം അല്ലേൽ ഒരുപക്ഷെ…”

കൂടുതൽ ദയനീയമായി അപേക്ഷിച്ചു ലക്ഷ്മി. അവൾ പറഞ്ഞത് കേൾക്കെ സാഹചര്യം സുഖകരമല്ല എന്ന് ആ ഓട്ടോക്കാരനും മനസിലാക്കി. കാരണം ആ ചെറുപ്പക്കാരുടെ നിൽപ്പിൽ അയാൾക്കും സംശയം തോന്നിയിരുന്നു.

” അവന്മാരെ കണ്ടിട്ട്.. പിശകാണെന്ന് തോന്നുന്നു പെങ്ങള് കേറിക്കോ.. ഞാൻ വീട്ടിൽ ആക്കി തന്നേക്കാം ”

അവളുടെ അവസ്ഥ പൂർണമായും മനസിലാക്കിയത് കൊണ്ട് തന്നെ സഹായിക്കാൻ അയാൾ തയ്യാറായി. കേട്ട പാടെ ഏറെ ആശ്വാസത്തോടെ ആ ഓട്ടോയിലേക്ക് കയറുകയും ചെയ്തു ലക്ഷ്മി. ഓട്ടോ മുന്നിലേക്ക് നീങ്ങുമ്പോൾ ആ ചെറുപ്പക്കാരെ ഒരിക്കൽ കൂടി ഒന്ന് നോക്കി അവൾ. ഒരു നിരാശ ആ മുഖങ്ങളിൽ തെളിഞ്ഞിരുന്നു

” പെങ്ങള് പേടിക്കേണ്ട.. ഇനി അവരുടെ ശല്യം ഉണ്ടാകില്ല.. അവന്മാര് ഇപ്പോഴത്തെ ഈ ഫ്രീക്ക് പൂവാലന്മാരാണ്.. കഴിവതും ഇത്രയും വൈകി ഉള്ള യാത്രകൾ ഒഴിവാക്കണം. കാരണം ഇവറ്റകൾ ഇച്ചിരി പിശകാണ്… എന്തേലും സംഭവിച്ച ശേഷം പിന്നേ ദുഖിച്ചിട്ടു കാര്യമില്ലല്ലോ..

ഓട്ടോക്കാരന്റെ വാക്കുകൾ കേൾക്കെ ആശ്വാസത്തിൽ സീറ്റിലേക്ക് ചാരി ലക്ഷ്മി.

” കൃത്യസമയത്താ ചേട്ടൻ വന്നത് അല്ലേൽ… ആകെ പെട്ട് പോയേനെ ഞാൻ.. താങ്ക്സ് ചേട്ടാ… ചേട്ടന്റെ പേരെന്താണ് ”

” എന്റെ പേര് അയ്യപ്പൻ ഇവിടെ അടുത്തുള്ളത് ആണ്.. ”

പുഞ്ചിരിയോടെ മറുപടി പറഞ്ഞു അയാൾ.

എന്നാൽ പെട്ടെന്ന് പിന്നിൽ നിന്നും നിർത്താതുള്ള ഹോൺ ശബ്ദം മുഴങ്ങി. തിരിഞ്ഞു നോക്കിയ ലക്ഷ്മി വീണ്ടുമൊന്നു നടുങ്ങി. ആ ചെറുപ്പക്കാർ ഓട്ടോയ്ക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു.

” ചേട്ടാ.. ദേ അവന്മാര് പിന്നാലെ.. ഇനീപ്പോ എന്താ ചെയ്ക… ”

ഭീതിയിൽ അവൾ ചോദിക്കവേ സൈഡ് മിററിലൂടെ ഒന്ന് നോക്കി അയ്യപ്പൻ.

” പെങ്ങള് പേടിക്കേണ്ട.. ഒന്നും ഉണ്ടാകില്ല.. ഞാനല്ലേ പറയുന്നത്. ധൈര്യമായിരിക്ക് ”

ആശ്വാസ വാക്കുകളുടെ ഓട്ടോയുടെ വേഗത കൂട്ടി അയാൾ. എന്നാൽ ബൈക്കുകൾ വേഗത്തിൽ ഓടി ഓട്ടോയ്ക്ക് സമാനമായി എത്തിയിരുന്നു. ആകെ ഭയന്നു പോയ ലക്ഷ്മി പെട്ടെന്ന് ഒരു ഐഡിയ തോന്നി ഫോൺ കയ്യിലെക്കെടുത്തു അവരുടെ വീഡിയോ എടുക്കുവാൻ തുടങ്ങി അവൾ. സ്പീഡിൽ ഓവർ ടേക്ക് ചെയ്യാൻ എത്തിയവർ ഓട്ടോയിലേക്ക് നോക്കി പെട്ടെന്ന് ഭയത്തിൽ വണ്ടിയുടെ വേഗത കുറച്ചു.

” എടാ പണിയാണ് തിരിച്ചു വിട്ടോ ”

ഒരുവൻ വെപ്രാളത്തിൽ പറഞ്ഞത് കേൾക്കുമ്പോൾ ലക്ഷ്മിയുടെ ഉള്ളിൽ ധൈര്യം ഇരട്ടിച്ചു. നിമിഷങ്ങൾക്കകം അവർ ബൈക്കുകൾ നിർത്തി വേഗത്തിൽ തിരികെ പോകുന്നത് തിരിഞ്ഞു നോക്കുമ്പോൾ പിന്നിലെ ഗ്ലാസ്സിലൂടെ അവൾ കണ്ടു. തന്റെ ഐഡിയ ഫലം കണ്ട ആശ്വാസത്തിൽ ഫോൺ വീണ്ടും ബാഗിലേക്ക് വച്ചു ലക്ഷ്മി.

” അവര് പോയില്ലേ പെങ്ങളെ.. ഞാൻ പറഞ്ഞില്ലേ പേടിക്കേണ്ട എന്ന്.. ”

അയ്യപ്പൻ പറഞ്ഞത് കേൾക്കെ ഒന്ന് പുഞ്ചിരിച്ചു അവൾ.

“കൃത്യസമയത് എനിക്ക് ഫോൺ എടുത്ത് വീഡിയോ ഷൂട്ട്‌ ചെയ്യാൻ ഉള്ള ഐഡിയ തോന്നിയത് ഭാഗ്യമായി ചേട്ടാ.. ”

ആ മറുപടിയിൽ അയ്യപ്പനും ചിരിച്ചു. വൈകാതെ തന്നെ അവർ ലക്ഷ്മിയുടെ വീടിനു മുന്നിൽ എത്തി. ഗേറ്റിനു മുന്നിൽ തന്നെയുണ്ടായിരുന്നു മാധവി.

“ആഹാ ദേ അമ്മ കാത്തു നിൽപ്പുണ്ടല്ലോ..”

ഓട്ടോ നിർത്തുമ്പോൾ അയ്യപ്പന്റെ കമന്റ് കേട്ട് ചിരിച്ചു കൊണ്ടാണ് ലക്ഷ്മി ഇറങ്ങിയത്.

” എത്രയായി ചേട്ടാ..”

” ഓ കാശൊന്നും വേണ്ട പെങ്ങളെ.. ഞാൻ പറഞ്ഞില്ലേ എനിക്ക് വേറൊരു പണി ഉണ്ടെന്ന്.. അതീ വഴിക്ക് തന്ന.. എന്തായാലും ഇയാളെ സേഫ് ആയി എത്തിക്കാൻ പറ്റിയല്ലോ അത് തന്നെ ആശ്വാസം ”

എത്ര നിർബന്ധിച്ചിട്ടും പണം വാങ്ങാൻ കൂട്ടാക്കാതെ അയ്യപ്പൻ വണ്ടിയുമായി പോകവേ അറിയാതെ നോക്കി നിന്നു പോയി ലക്ഷ്മി.

” ഇക്കാലത്തും ഇത്രേം നല്ല ചെറുപ്പക്കാർ ഉണ്ടല്ലോ… ഭാഗ്യം.. ”

മാധവി ആശ്വാസത്തിൽ
പറയുമ്പോൾ വരുന്ന വഴിക്ക് നടന്ന കാര്യങ്ങൾ വിവരിച്ചു അവൾ.

“എന്റെ മോളെ… ദൈവമാണ് ആ സമയത്ത് ഈ ഓട്ടോ അവിടെ എത്തിച്ചത്… ഇനി മോള് ഇത്രേം വൈകാൻ നിൽക്കല്ലേ… പാടാണേൽ ഈ ജോലി മതിയാക്കാം നമുക്ക് ”

മാധവിയുടെ മുഖത്ത് ഭീതി നിഴലിച്ചിരുന്നു.

” എന്റെ അമ്മേ അങ്ങിനെ പേടിക്കേണ്ട.. ഞാനും ഒട്ടും മോശക്കാരി ഒന്നും അല്ല എന്റെ കാര്യം ഞാൻ നോക്കിക്കോളാം.. പിന്നേ അന്നേരം ആ ഫോൺ എടുത്ത് അങ്ങനൊരു ഐഡിയ കാണിക്കാൻ പറ്റിയത് കൊണ്ട് രക്ഷപ്പെട്ടു അല്ലേൽ എന്ത് ചെയ്തേനെ.. ആകെ ആ ഓട്ടോക്കാരൻ ചേട്ടൻ മാത്രം ഉണ്ട് സഹായത്തിനു അവര് ആണേൽ നാല് പേരുണ്ടായിരുന്നു. ”

അത് പറയുമ്പോൾ കൃത്യമായി ബുദ്ധി പ്രയോഗിക്കുവാൻ കഴിഞ്ഞതിൽ ഒരു അഭിമാനം തോന്നാത്തിരുന്നില്ല ലക്ഷ്മിയ്ക്ക്.

അങ്ങിനെ അന്നത്തെ ദിവസവും നീങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ അവൾക്കായി അമ്മയുടെ കയ്യിൽ ഒരു വലിയ വാർത്ത തന്നെയുണ്ടായിരുന്നു.

” മോളെ… ദേ നമ്മുടെ പഞ്ചായത്ത് പ്രസിഡന്റിനെ ഇന്നലെ രാത്രി ആരോ വീട്ടിൽ കേറി വെട്ടിയെന്ന്.. ആള് ഐ സി യു വിൽ ആണ്. രക്ഷപ്പെടോ ന്ന് സംശയം ആണെന്ന് ന്യൂസിൽ ഒക്കെ കാണിക്കുന്നുണ്ട്. ”

കേട്ടപാടെ നടുക്കത്തിൽ ടീവി ഓൺ ആക്കി ന്യൂസ്‌ ചാനൽ വച്ചു ലക്ഷ്മി. അമ്മ പറഞ്ഞത് ശെരിയായിരുന്നു വാർത്ത ലൈവ് ആയി തന്നെ കാണിക്കുന്നുണ്ട്.

” കൃത്യം നടന്നത് ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ്. ഒരു ഓട്ടോയിൽ എത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഡ്രാക്കുള എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അയ്യപ്പനാണ് കൃത്യം ചെയ്‌തതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അയ്യപ്പൻ ഇപ്പോൾ ഒളിവിൽ ആണ്.’

വാർത്തയ്‌ക്കൊപ്പം തന്നെ അയ്യപ്പന്റെ ഫോട്ടോയും ടീവി സ്‌ക്രീനിൽ തെളിഞ്ഞു.. അത് കണ്ടപാടെ ആകെ നടുങ്ങി പോയി ലക്ഷ്മി. അവൾ മാത്രമല്ല മാധവിയും

” മോളെ.. ഇവനല്ലേ ഇന്നലെ നിന്നെ ഇവിടെ കൊണ്ടെത്തിച്ചത്.. ”

അമ്മയുടെ ചോദ്യം കേൾക്കേ മറുപടിയില്ലാതെ ഇരുന്നു പോയി ലക്ഷ്മി.

” ദൈവമേ.. ഈ സാത്താനാനോ ദൈവ രൂപത്തിൽ ഇന്നലെ അവതരിച്ചത്..അപ്പോ ഇതായിരുന്നോ അത്യാവശ്യ പണി.. ”

അറിയാതെ അവളുടെ ചുണ്ടുകൾ മന്ത്രിച്ചു പോയി. ആ സമയം മറ്റൊന്ന് കൂടി ഓർത്തു അവൾ.

‘അപ്പോ… ആ ചെറുപ്പക്കാർ ഭയന്ന് പിന്മാറിയത് താൻ വീഡിയോ എടുക്കുന്നത് കണ്ടിട്ടല്ല.. മുന്നിൽ ഇരുന്നു ഓട്ടോ ഓടിക്കുന്ന ആളെ കണ്ടിട്ട് തന്നെയാകണം.. ‘

കാര്യങ്ങൾ അപ്പോഴാണ് ലക്ഷ്മിയ്ക്ക് കൃത്യമായി വ്യക്തമായത്. അപ്പോഴേക്കും മറ്റൊരു ഭീതി അവളെ കീഴടക്കി.

” എന്റെ ദൈവമേ.. ഇനീപ്പോ ഇതിന്റെ വാല് പിടിച്ചു എന്നെ തേടീം പോലീസ് വരോ.. ”

ദയനീയമായി മാധവിയുടെ മുഖത്തേക്ക് നോക്കുമ്പോൾ മറുപടിയില്ലാതെ നിന്നു അവരും

” ഞാനൊരു അത്യാവശ്യ പണിയ്ക്ക് പോകുവാ.. ഇയാളെ വീട്ടിലാക്കുവാൻ നിന്നാൽ ചിലപ്പോ ലേറ്റ് ആകും ”

തലേന്ന് അയ്യപ്പൻ പറഞ്ഞ ആ വാക്കുകൾ ആയിരുന്നു അപ്പോൾ ലക്ഷ്മിയുടെ മനസ്സിൽ തെളിഞ്ഞത്

‘എന്നാലും എന്റെ ചേട്ടാ.. ഇത് വല്ലാത്ത അത്യാവശ്യം ആയി പോയി.. കൊല്ലാൻ പോണേന് മുന്നെയാണാ ദൈവ ദൂതനെ പോലെ എന്റെ മുന്നിൽ അവതരിച്ചത്.. ‘

നടുക്കത്തിൽ സെറ്റിയിലേക്ക് ചാരിപ്പോയി അവൾ.

” എന്നാലും ഈ ഗുണ്ടകളിൽ നല്ലവരും ഉണ്ട്.. കേട്ടോ.. ഇന്നലെ നിന്നെ ഒറ്റയ്ക്ക് കിട്ടീട്ടും ഈ മോൻ ഉപദ്രവിക്കാൻ ഒന്നും വന്നില്ലല്ലോ.. ഇവൻ ആള് നല്ലവനാ ”

മാധവിയുടെ ആ അസ്ഥാനത്തെ കമന്റിനു മറുപടിയില്ലായിരുന്നു ലക്ഷ്മിയുടെ പക്കൽ.

” അമ്മയ്ക്ക് ഈ അടുത്തെങ്ങാനും ഇനി തൊഴിലുറപ്പോ കുടുംബ ശ്രീ മീറ്റിങ്ങോ ഉണ്ടോ.. ”

“ഇല്ല…. മോളെ… എന്തെ.. ”

സംശയത്തിൽ നോക്കി അവർ..

” ഏയ്.. ഒന്നുല്ലമ്മേ… ഇന്നലെ. അയാള് ഇവിടെ വന്ന കാര്യം എത്ര ദിവസം ഒളിച്ചു വയ്ക്കാൻ പറ്റുമെന്ന് അറിയാൻ ചോദിച്ചതാ ”

ആ മറുപടിയിൽ എല്ലാം വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ കലി തുള്ളി ഉള്ളിലേക്കു പോയി അവർ.. ലക്ഷ്മി വീണ്ടും ടീവി യിലേക്ക് നോക്കി തന്നെ ഇരുന്നു പോയി.

(ശുഭം )

പ്രജിത്ത് സുരേന്ദ്രബാബു

Leave a Reply

Your email address will not be published. Required fields are marked *