✍️ RJ
അമ്മേ…. ഏടത്തിയമ്മ എവിടെ….?
ഉറക്കമുണർന്നു വന്ന ഭർത്താവിന്റെ അനിയൻ ഉറക്കെ ചോദിക്കുന്നതു കേട്ടുകൊണ്ടാണ് നിമ്മി അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങി വന്നത്…
“എന്താണെന്റെ ഏടത്തിയമ്മേ രാവിലെ തന്നെ അടുക്കളയിലായിട്ടും എനിക്കൊരു കോഫി പോലും കൊണ്ടു തരാത്തത്…?
നിമ്മിയെ കണ്ടതും ചിരിയോടെ തിരക്കി വിശാൽ അടുക്കളയിലേക്ക് കടന്നൊരു പാത്രമെടുത്ത് കാപ്പിയുണ്ടാക്കി തുടങ്ങിയതും നിമ്മി അവനെ അനിഷ്ടത്തോടെ നോക്കി…..
ദാ… ഏടത്തിയമ്മേ പിടിച്ചോ….
ചൂടുള്ളൊരു കപ്പ് കാപ്പി അവൾക്കു നേരെ നീട്ടി വിശാൽ പറഞ്ഞതും കപ്പ് കയ്യിൽ വാങ്ങാതെ അവനെ തുറിച്ചു നോക്കി നിമ്മി
ഇങ്ങനെ കണ്ണുരുട്ടി നോക്കിയെന്നെ പേടിപ്പിക്കാതെ വേഗം ഈ കാപ്പി വാങ്ങി കുടിക്ക് ചെറിയേടത്തീ… എന്നിട്ടു പറ എങ്ങനെയുണ്ടെന്റെ കാപ്പിയെന്ന്…
തുറിച്ചു തന്നെ നോക്കുന്നവളുടെ കയ്യിലേക്ക് കാപ്പി കപ്പ് വെച്ചു കൊടുത്ത് വിശാൽ തന്റെ കാപ്പിയുമെടുത്ത് പുറത്തേക്ക് നടക്കും നേരത്താണ് നിമ്മിയെ തിരക്കിവിശാലിന്റെ ചെറിയേട്ടൻ വിഷ്ണു വന്നത്
എന്താണിവിടെ ഏടത്തിയമ്മയും അനിയനും കൂടിയൊരു സ്വകാര്യം പറച്ചിൽ…?
ചിരിയോടെ വിഷ്ണു തിരക്കുമ്പോൾ അവനെയൊന്ന് കണ്ണിറുക്കി കാണിച്ചവിടെ നിന്ന് തന്റെ റൂമിലേക്ക് നടന്നു…
“എന്താണ് നിമ്മിക്കുട്ടീ രാവിലെന്റെ അനിയനുമായിട്ടൊരു രഹസ്യ സംസാരം… എനിക്കിട്ടുള്ള വല്ല പണിയുമാണോ… അവനെ ഉറങ്ങണ ഉറക്കത്തിൽ വിശ്വസിക്കാൻ പറ്റില്ല.. അമ്മാതിരി വിത്താണ്…”
നിമ്മിയ്ക്കരികിലേക്ക് ചാരി അവളുടെ കമ്മലിൽ താളമിട്ട് വിഷ്ണു ചോദിച്ചതിന് മറുപടിയൊന്നു പറയാതെ നിന്ന നിമ്മി തന്റെ കയ്യിലെ കാപ്പി കപ്പു വേഗം വിഷ്ണുവിന്റെ കയ്യിലേക്കു വെച്ചു കൊടുത്തു…
വിശാലിനോടവൾക്ക് ഉള്ളിൽ തോന്നിയ അതേ അനിഷ്ടം അവനിട്ട കാപ്പിയോടു പോലുമുണ്ടായിരുന്നു …
“ഇതു വിശാൽ ഇട്ട കോഫി ആണല്ലേ നിമ്മീ… ഞാനോർത്തു താൻ ഇട്ടതാണെന്ന്…”
കയ്യിലെ കാപ്പിയൊന്ന് മൊത്തി വിഷ്ണു പറഞ്ഞതും ചുളിഞ്ഞു പോയ് നിമ്മിയുടെ മുഖം…
“ഒരു കപ്പ് കാപ്പിയിൽ നിന്നൊക്കെ അതുണ്ടാക്കിയ ആളെ തിരിച്ചറിയാൻ പറ്റുമോ വിഷ്ണുവേട്ടന്…?
നിമ്മിയുടെ ചോദ്യം കേട്ടതും അവളെ നോക്കി തന്റെ ഇരു മിഴികളുമൊന്നു ചിമ്മി വിഷ്ണു…
“അമ്മേ…അമ്മ ഈ കാപ്പിയൊന്നു കുടിച്ചിട്ടു പറഞ്ഞേ ഇതു ഞാനുണ്ടാക്കിയതാണോ അതോ ഇവളുണ്ടാക്കിയതാണോന്ന്…?
പുറകുവശത്തു നിന്നടുക്കളയിലേക്ക് കയറി വന്ന അമ്മയുടെ കയ്യിൽ കപ്പ് കൊടുത്തു പറയുന്ന വിഷ്ണുവിനെ അന്താളിച്ചു നോക്കി നിമ്മി….
ഒരു ചിരിയോടെ കാപ്പിയൊന്ന് മൊത്തിയ അമ്മ വിഷ്ണുവിനെയും നിമ്മിയേയും മാറി മാറിയൊന്നു നോക്കി
നോക്കി നിൽക്കാതെ വേഗം പറഞ്ഞേ അമ്മേ… ഇതു ഞങ്ങളിലാരുണ്ടാക്കിയതാണ്…?
നിങ്ങൾ രണ്ടാളുമല്ല ഇതുണ്ടാക്കിയത്..
ഇതുണ്ടാക്കിയതെന്റെ വിശാലാണ്… എന്താ ശരിയല്ലേ മോളെ….?
അമ്മയുടെ ചോദ്യത്തിലും മറുപടിയിലും നിമ്മിയുടെ മുഖമൊന്ന് വിളറി, അവളുടെ കണ്ണുകൾ വിഷ്ണുവിനെ തേടി
“വിശാലുണ്ടാക്കുന്ന കാപ്പിയിൽ മാത്രമല്ല നിമ്മി…. അവന്റെ സാന്നിധ്യം ഉള്ള ഏതൊന്നിലുമുണ്ടാവും അവന്റെയൊരു കയ്യൊപ്പ്….അതവന്റെയാണെന്ന് ആരും പറയാതെ തന്നെ അവനെ അറിയുന്നവർക്ക് മനസ്സിലാക്കാൻ പറ്റുന്നൊരു മാജിക്കുണ്ടവന്… അതൊക്കെ നീയും ഇനി മനസ്സിലാക്കും… ഇതിപ്പോൾ നീയെന്റെ ഭാര്യയായ് ഈ വീട്ടിലേക്കും ഞങ്ങളുടെ ഇടയിലേക്കും വന്നിട്ട് ഒരാഴ്ചയല്ലേ ആയുള്ളു… പോകെ പോകെ മനസ്സിലാവും….”
നിമ്മിയുടെ കവിളിൽ സ്നേഹത്തോടെ തട്ടി പറഞ്ഞു വിഷ്ണു അടുക്കളയിൽ നിന്നിറങ്ങി പോയപ്പോൾ തന്റെ ഉള്ളിൽ നുരഞ്ഞുപൊന്തുന്ന ദേഷ്യം പല്ലുകൾ കടിച്ചമർത്തിയൊതുക്കി നിമ്മി…
‘അമ്മാ… ഇന്നു പാവക്കാ തീയ്യൽ ഉണ്ടാക്കുമോ.. കുറെ ആയില്ലേ നമ്മൾ തീയ്യൽ ഉണ്ടാക്കിയിട്ട്…”
ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം നിമ്മിയും അമ്മയും ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിലേക്ക് വന്ന് വിശാൽ പറഞ്ഞു കേട്ടവനെ നോക്കി നിമ്മി…
“ഏടത്തിയമ്മയ്ക്കിഷ്ടാണോ പാവക്കാ തീയ്യൽ… ഇവിടെയത് എനിയ്ക്ക് മാത്രമേ ഇഷ്ടമുള്ളു… ഒരാളും കൂടി കൂട്ടിനുണ്ടെങ്കിൽ ഞാൻ പൊളിയ്ക്കും … പറ ഇഷ്ടാണോ..?
നിമ്മിയോട് വിശാൽ ചോദിയ്ക്കുമ്പോൾ നിമ്മിയുടെ നോട്ടം ചെയ്തു കൊണ്ടിരുന്ന ജോലി മാറ്റി വെച്ച് വിശാലിനായ് തീയ്യൽ ഉണ്ടാക്കാനൊരുങ്ങുന്ന അമ്മയിലാണ്….
ഇരുണ്ടു പോയവളുടെ മുഖം ആ കാഴ്ചയിൽ…
ഇഷ്ടമാണോ ഏടത്തി അമ്മയ്ക്ക് തീയ്യൽ….?
വിശാലാണ് പിന്നെയും…
എനിയ്ക്കിഷ്ടമില്ല…. ഇഷ്ടമില്ലാന്നു മാത്രമല്ല അതിന്റെ സ്മെല്ലു പോലും സഹിക്കാൻ പറ്റില്ല എനിയ്ക്ക്…
തന്റെ പ്രിയ വിഭവത്തെ യാതൊരു മടിയുമില്ലാതെ വിശാലിനു മുന്നിൽ വെച്ച് തള്ളി പറയുമ്പോൾ നിമ്മിയിൽ മുന്നിട്ടുനിന്നത് അവനോടുള്ള വാശി മാത്രമാണ്…..
“എനിയ്ക്ക് മടുത്തു മമ്മീ ഇവിടെ….
വിഷ്ണുവുമായുള്ള വിവാഹം ഉറപ്പിച്ചതു മുതൽ കല്യാണം കഴിഞ്ഞിങ്ങു വന്നതു മുതൽ ഞാൻ കേൾക്കുന്നതും കാണുന്നതുമാണ് വിശാൽ പുരാണം…
എവിടെയും എപ്പോഴുമൊരു വിശാൽ… എന്തിനും ഏതിനും എല്ലാവർക്കും വിശാൽ… അവനെ ഊട്ടാനും ഉറക്കാനും എന്താ ഇവിടുത്തെ ബഹളമെന്ന് അറിയ്യോ മമ്മിയ്ക്ക്… അവനെ ശ്രദ്ധിക്കുന്നതിന്റെ പകുതി പോലും ഭാര്യയായ എന്നെ വിഷ്ണുവേട്ടൻ ശ്രദ്ധിക്കുന്നില്ല… അറിയ്യോ മമ്മിയ്ക്ക്…. പത്തിരുപതു വയസ്സായ അവനെ ഇവരൊക്കെ കൊച്ചു കുഞ്ഞിനെക്കാൾ കഷ്ടത്തിലാണ് കൊഞ്ചിച്ചു കൊണ്ടു നടക്കുന്നത്… ഇവിടുത്തെ മരുമകളായ് കയറി വന്ന എന്നെ ശ്രദ്ധിക്കുന്നേയില്ല ഇവരാരും…
മടുത്തുവെനിക്ക് ഇതെല്ലാം കണ്ടിട്ട്….
റൂമിൽ ചെന്നു സ്വന്തം മമ്മിയെ ഫോൺ വിളിച്ച് തന്റെ മനസ്സിലുള്ളതെല്ലാം കൊട്ടിയിട്ടു നിമ്മി.. അവളുടെ പരാതികൾക്കോരോന്നിനും പരിഹാരം നിർദേശിച്ചു നൽകുമ്പോൾ നിമ്മിയുടെ മമ്മിയുടെ മനസ്സിലും വിശാലിനോടുള്ള ദേഷ്യം നിറഞ്ഞു നിന്നു…
ആ വീട്ടിലെ ആരുമല്ലാത്തൊരുത്തൻ അവിടെ സർവ്വാധിപൻ ആയി ജീവിയ്ക്കുന്നതവർക്കും സഹിക്കാൻ പറ്റില്ല
വിഷ്ണുവിന്റെ ഏട്ടൻ, വിശാഖിന്റെ ഭാര്യ വിദ്യയുടെ സഹോദരനാണ് വിശാൽ…
അനാഥരാണ് വിദ്യയും വിശാലും… ചെറുപ്പത്തിലേ ഒരപകടത്തിലൂടെ മാതാപിതാക്കളെ നഷ്ടമായവർ…
വിശാഖ് വിദ്യയെ വിവാഹം കഴിച്ചപ്പോൾ ചേച്ചിയ്ക്കൊപ്പം ഇവിടെ എത്തിയതാണ് വിശാൽ….
ജോലി സംബന്ധമായ് വിശാഖും വിദ്യയും ബാംഗ്ലൂരിലേക്ക് മാറിയപ്പോൾ അവർക്കൊപ്പം പോവാതെ നാട്ടിൽ നിന്നതാണ് വിശാൽ…
വിവരങ്ങളെല്ലാം വിഷ്ണു പറഞ്ഞറിഞ്ഞതുമുതൽ വിശാലിനെ ഇഷ്ടമില്ല നിമ്മിയ്ക്ക്….
ആരുമല്ലാത്തൊരുത്തൻ വീട്ടിലെ എല്ലാമായതിന്റെ ദേഷ്യം ….
തനിയ്ക്കെവിടെയും എപ്പോഴും എല്ലാവരുടെയും ശ്രദ്ധയും പരിഗണനയും കിട്ടണം, തന്നെ എല്ലാവരും ബഹുമാനിക്കണം എന്നെല്ലാം ചിന്തിക്കുന്നവൾക്ക് വിശാലിനെ ഉൾക്കൊള്ളാൻ തക്ക വിശാല മനസ്സൊന്നും ഇല്ല..
“വിഷ്ണുവേട്ടാ എനിയ്ക്ക് കോളേജിൽ നിന്ന് ടൂറുപോവാനുള്ള പൈസയുടെ കാര്യം മറക്കല്ലേ…..
പതിവ് അത്താഴ വേളയിൽ വിഷ്ണുവിനോട് വിശാൽ പറഞ്ഞതും ദേഷ്യമിരമ്പി നിമ്മിയിൽ….
“ടൂറിനുള്ള പൈസ മാത്രം മതിയോ നിനക്ക്…. പോക്കറ്റുമണിയൊന്നും വേണ്ടേ… അതൂടി ചോദിക്കെടാ നാണം കെട്ടവനേ നീ എന്റെ വിഷ്ണുവേട്ടനോട്…”
കഴിക്കാനായ് കയ്യിലെടുത്ത ചോറ് തിരികെ പാത്രത്തിലേക്ക് തന്നെ കുടഞ്ഞിട്ട് വിശാലിനു നേരെ ചെന്നു നിമ്മിയെങ്കിൽ അവളുടെ ചോദ്യത്തിലും ദേഷ്യത്തിലും പകച്ചുപോയ വിശാലിന്റെ കണ്ണു നിറഞ്ഞു…
ഏടത്തിയമ്മേ….
ദയനീയമായ് വിളിച്ചു പോയവൻ…
“ആരുടെ ഏടത്തിയമ്മ… നിന്റെ ചേച്ചി കണ്ണും കലാശവും കാട്ടി വിശാഖേട്ടനെ കെട്ടി ഈ വീട്ടിലെ മരുമകളായതിന്റെ അരികുപറ്റി ഇവിടെ പറ്റിക്കേറിയവനല്ലേ നീ… സ്വന്തമായിട്ട് അഞ്ചു പൈസ ഇല്ലെങ്കിലും അഹങ്കാരം കാണിച്ച് തിന്നു മുടിപ്പിക്കാൻ ഇവിടെ താമസിക്കുവാണ് നാണംകെട്ടവൻ…നാണമുണ്ടോ ടാ നിനക്ക് ഇങ്ങനെ ഇരന്നു ജീവിക്കാൻ…..”
അതിരുകൾ ലംഘിച്ച് നിമ്മിയുടെ ശബ്ദം അവിടെ ഉയർന്നതും വിഷ്ണുവിന്റെ കൈ നിമ്മിയുടെ മുഖമടച്ച് വീണിരുന്നു…
ഇപ്പോ ഈ നിമിഷം ഇറങ്ങണം നീ ഇവിടെ നിന്ന്… ഇത്രമാത്രം വിഷം ഉള്ളിലുള്ളവളാണ് നീയെന്നു ഞാനറിയാൻ വൈകി… ഇപ്പോഴിറങ്ങണം നീ..
നിമ്മിയോടു പറയുമ്പോൾ ദേഷ്യത്തിൽ വിറച്ചു വിഷ്ണു…
വിഷ്ണുവേട്ടാ…. ഞാൻ… അത്…
അടി കൊണ്ട കവിളിൽ കൈ ചേർത്ത് തപ്പി തടഞ്ഞു നിമ്മി….
ഇവനെന്നോട് പൈസ ചോദിക്കുന്നുണ്ടെങ്കിൽ അതവന്റെ പൈസ ആണെന്ന് പൂർണ്ണ ബോധ്യം അവനുള്ളതുകൊണ്ടാണ്… ഈ വീടു മുതൽ ഞാൻ ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിം നീ ഇപ്പോൾ കഴിച്ച ഭക്ഷണം വരെ ഇവന്റെയാന്ന് … ഇവന്റെ അച്ഛൻ ഇവനും വിദ്യയ്ക്കുമായ് സമ്പാദിച്ചുവെച്ചതുകൊണ്ട് ജീവിതം കെട്ടിപ്പടുത്തവരാണ് ഞാനും എന്റെട്ടനും… ഇവനോളം ഞങ്ങൾക്ക് പ്രിയപ്പെട്ട മറ്റൊന്നില്ല ഭൂമിയിൽ….
ദേഷ്യത്തിൽ സത്യങ്ങളോരോന്നായ് വിഷ്ണുവിളിച്ചു പറയുമ്പോൾ കേട്ട വാർത്തകളുടെ പകപ്പിലാണ് നിമ്മി…
തനിയ്ക്കടുത്ത് നിൽക്കുന്ന വിശാലിനെ തലയൊന്നുയർത്തി നോക്കാൻ പോലും സാധിക്കാതെ നാണംകെട്ട് നിമ്മി നിൽക്കുമ്പോൾ ഒരു മൂളി പാടോടെ തന്റെ മുറിയിലേക്ക് നടന്നു വിശാൽ…
ആരൊക്കെ വന്നാലും പോയാലും ഇതവന്റെ കുടുംബമാണന്ന ഉത്തമ വിശ്വാസം അവന്റെ ഉള്ളിൽ അത്രമേൽ പതിഞ്ഞു കിടപ്പുണ്ട്…. അതു മതിയവന് ഈ ജന്മം
RJ
