അജിത്തിന്റെ ശരീരത്തിലേക്കൊട്ടി അവന്റെ വിയർപ്പിന്റെ ഗന്ധം ആസ്വദിച്ചു കിടന്ന് ജിജി ഓരോന്നും എണ്ണിയെണ്ണി പറയുമ്പോൾ….

“എനിയ്ക്കുറക്കം വരുന്നു അജിത്ത്… നീ അതെല്ലാം അടച്ചു വെച്ചൊന്ന് വന്ന് കിടക്കാമോ…. ഇല്ലെങ്കിൽ സത്യമായും ഞാനതെല്ലാം തല്ലിപ്പൊട്ടിയ്ക്കും ട്ടോ… വന്ന് വന്ന് നീയ്യിപ്പോ എന്റെ അടുത്ത് ഇരിയ്ക്കുന്നതിനെക്കാളധികം നേരം ഇരിയ്ക്കുന്നത് ആ ലാപ് ടോപ്പിനും നിന്റെ ഫോണിനും ഒപ്പമാണ്… ഇനിയും നീയ്യിത്തുടർന്നാൽ ഞാനത് എറിഞ്ഞു പൊട്ടിയ്ക്കും…. പൊട്ടിയ്ക്കും എന്നു പറഞ്ഞാൽ പൊട്ടിയ്ക്കും…. ”

അജിത്തിന്റെ കയ്യിൽ പിടിച്ചു വലിച്ചവന്റെ ശരീരത്തിലേക്കൊട്ടി ജിജി പറഞ്ഞതും ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് ഒരു ചിരിയോടെ ജിജിയെ തന്നിലേക്ക് ചേർത്തമർത്തി പൊട്ടിച്ചിരിച്ചു അജിത്ത്….

“അങ്ങനെ ഇതു രണ്ടും നീ എറിഞ്ഞുപൊട്ടിച്ചാൽ നീ തന്നെ വീണ്ടുമത് പൈസ മുടക്കി എനിയ്ക് വാങ്ങി തരേണ്ടി വരും മോളെ…. കാരണം ഈ വീട്ടിൽ വരുമാനമുള്ളത് നിനക്കാണ്… ഞാനിപ്പോഴും ഒരു ജോലി തേടുന്നതേ ഉള്ളു മോളെ…. ”

പൊട്ടിച്ചിരിയ്ക്കിടയിൽ അജിത്ത് പറയുമ്പോൾ ആ ചിരിയ്ക്കൊപ്പം പങ്കു ചേർന്നവനൊപ്പം ചിരിച്ചു ജിജിയും….

“നിനക്ക് ഞാൻ എന്തു വേണമെങ്കിലും വാങ്ങി തരും അജിത്ത്… എനിയ്ക്കത്ര ഇഷ്ട്ടാടാ നിന്നെ… നിനക്കു വേണ്ടി എന്തും ചെയ്യും ഞാൻ… അത്രയ്ക്ക്…. അത്രയ്ക്ക് ഇഷ്ടമാണ് എനിയ്ക് നിന്നെ… ”

തന്നെ പുണർന്നു നിൽക്കുന്ന അജിത്തിന്റെ ശരീരത്തിലേക്ക് തന്റെ മുഴുവൻ ഭാരവും കൊടുത്ത് ചേർന്നു നിന്നവന്റെ ഗന്ധം വീണ്ടും വീണ്ടും നുകർന്നു ജിജി….

അജിത്തിനോട് വല്ലാത്തൊരു ഇഷ്ടമോ അഡിക്ഷനോ ഒക്കെയാണ് ജിജിയ്ക്ക്… പണ്ടാരോ പറഞ്ഞ പോലെ അജിത്തിനെ ഒരു ഗ്ലാസിലാക്കി കൊടുത്താൽ അവനോടുള്ള ഇഷ്ടം കൊണ്ടവനെ വലിച്ചു കുടിയ്ക്കും ജിജി…അത്രയ്ക്കും ഇഷ്ടമാണവൾക്ക് അജിത്തിനെ… പ്രാണനാണ്…

“എനിയ്ക്കുണ്ടല്ലോ അജീ നിന്നെയെപ്പോഴും കാണണം.. പിന്നെ നിന്റെ കൂടെ നിന്നെ പുണർന്നിങ്ങനെ നിന്നോടൊട്ടി കിടക്കണം… മതിയാവോളം നിന്നെ ഉമ്മ വെയ്ക്കണം… പിന്നെ…. പിന്നെ… നീയും ഞാനും ഒന്നായിങ്ങനെ നമുടെ വിയർപ്പിൽ കുളിച്ചിതു പോലെ ഒരാൾക്കൊരാൾ എന്ന പോലെ കിടക്കണം…. ”

അജിത്തിന്റെ ശരീരത്തിലേക്കൊട്ടി അവന്റെ വിയർപ്പിന്റെ ഗന്ധം ആസ്വദിച്ചു കിടന്ന് ജിജി ഓരോന്നും എണ്ണിയെണ്ണി പറയുമ്പോൾ നേർത്തൊരു പുഞ്ചിരിയോടതെല്ലാം കേട്ടു കിടന്നവളുടെ കവിളിൽ അരുമയോടെ തലോടി അജിത്ത്…

ഗാഢമായൊരു ഉറക്കത്തിലേയ്ക്ക് ജിജി വീണതും അവൾക്കരികിൽ നിന്ന് ശബ്ദമൊന്നും കേൾപ്പിക്കാതെ എഴുന്നേറ്റ് തന്റെ ലാപുമെടുത്ത് പുറത്തേക്കിറങ്ങി ഹാളിൽ ചെന്നിരുന്നു അജിത്ത്….

നേരത്തെ ചെയ്തു പകുതിയിൽ നിർത്തിവെച്ച ഓൺലൈൻവർക്കവൻ വേഗത്തിൽ പൂർത്തിയാക്കി തുടങ്ങിയതും അവരുടെ ബെഡ്റൂമിന്റെ വാതിൽ വലിച്ചു തുറന്ന് ജിജി അവനരികിലേക്ക് കാറ്റുപോലെ ചെന്നു നിന്നു

ദേഷ്യവും അതിലുപരി വിവേചിച്ചറിയാനാവാത്ത മറ്റെന്തൊക്കയോ ഭാവങ്ങളോടെ തന്നെ കനപ്പിച്ചു നോക്കുന്നവളെ നോക്കി ഒന്നു വിളറി ചിരിച്ചു അജിത്ത്…

“എന്നെയവിടെ ഉറക്കി കിടത്തിയിട്ട് നീയെന്താ ഇവിടെയീ ചെയ്യുന്നത് അജിത്ത്….?

ചോദ്യത്തിനൊപ്പം അവന്റെ മടിയിലിരുന്ന ലാപവൾ അവൾക്കു നേരെ തിരിച്ചു… അതിലവൻ ചെയ്തു കൊണ്ടിരുന്ന വർക്കിൽ കണ്ണുടക്കി നിന്നതും മുഖമുയർത്തി അജിത്തിനെ ദേഷ്യത്തിൽ നോക്കി ജിജി….

“അജിത്ത്….. നിന്റെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടാണോ നീ രാത്രി ഉറക്കമൊഴിച്ചിരുന്ന് ഈ വർക്കെല്ലാം ഏറ്റെടുത്ത് ചെയ്യുന്നത്….?പറയെടാ…

ദേഷ്യം കലർന്ന ജിജിയുടെ ചോദ്യത്തിൽ അവളെ നോക്കി ചിരിച്ചു അവൻ

“ഇതിലിത്ര ദേഷ്യപ്പെടാൻ മാത്രമൊന്നുമില്ല എന്റെ ജിജി… ഓൺലൈൻ വർക്കുകൾ ഞാൻ ആദ്യവും ചെയ്തിരുന്നതല്ലേ…പിന്നെന്താ…?

“അന്ന് നീ ചെയ്തിരുന്നത് നിനക്കാവശ്യമുള്ള പോക്കറ്റു മണിയ്ക്ക് വേണ്ടിയല്ലായിരുന്നോ… എന്നാലിപ്പോൾ നമ്മുടെ രണ്ടാളുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് എന്റെ ശമ്പളവും എന്റെ മറ്റു വരുമാനങ്ങളുടെ പണവും വരുന്നത്… നിനക്കെന്താവശ്യമുണ്ടെങ്കിലും അതിൽ നിന്നെടുക്കാലോ… അതിനി എത്രയായാലും… ഞാനതിന് ഇന്നേ വരെ നിന്നോട് കണക്കോ കാര്യങ്ങളോ ഒന്നും ചോദിച്ചിട്ടില്ല… ചോദിയ്ക്കുകയുമില്ല.. പിന്നെന്തിനാ നീ ഉറക്കം കളഞ്ഞിതെല്ലാം ചെയ്യുന്നത്… നിനക്കന്യയാണോടാ ഞാൻ…. നമ്മളൊന്നല്ലേ… നീ വാ…. വന്നു കിടക്ക്… നിന്റെ ചൂടില്ലാതെ ഉറങ്ങാൻ വയ്യെനിയ്ക്ക്… അതെല്ലാം നിർത്തിവെച്ചിട്ട് വാ… അതൊന്നും വേണ്ട നമ്മുക്ക്… നീ ഇനിയിത് തുറക്കുന്നത് നിന്റെ പിഎസ് സി പഠിക്കാൻ വേണ്ടി മാത്രമാവണം ട്ടോ അജീ….”

ശാഠ്യക്കാരി കുട്ടിയായ് ജിജി പറഞ്ഞതും അവളെ അനുസരിച്ചെഴുന്നേൽക്കുമ്പോൾ അവനിൽ നിന്നൊരു ദീർഘനിശ്വാസമുതിർന്നു വീണതു പക്ഷെ ജിജി കണ്ടിരുന്നില്ല…

രാത്രി ജിജിയെ പുണർന്നു കിടക്കുമ്പോൾ അജിത്തിനുറക്കമേ വന്നില്ല… പല തരം ചിന്തകൾ കടന്നൽകൂടിളകി പറന്നവന്റെ തലയിൽ…..

പ്രണയിച്ചു വിവാഹം കഴിച്ചവരാണവർ…ഒരുമിച്ചു പഠിച്ചവർ… അജിത്തിനെ ഇഷ്ടമാണെന്നു പറഞ്ഞവന്റെ പിന്നാലെ നടന്നവളാണ് ജിജി…

സാമ്പത്തികമായി തന്നെക്കാൾ വളരെ ഉയരെ നിൽക്കുന്ന ജിജിയുടെ പ്രണയാഭ്യർത്ഥന ആദ്യമൊന്നും അംഗീകരിച്ചില്ല അജിത്തെങ്കിലും അജിത്തിനെ കിട്ടിയില്ലെങ്കിൽ മരിയ്ക്കും എന്നൊരവസ്ഥയിലായിരുന്നു ജിജി…

ജിജിയുടെ വാശിയും ഇഷ്ടവും നന്നായറിയുന്ന അവളുടെ വീട്ടുക്കാർ തന്നെയാണ് ഒടുവിൽ അജിത്തിന് ജിജിയെ ഇഷ്ടമാണെങ്കിൽ പഠനം കഴിഞ്ഞ് അവരുടെ വിവാഹം നടത്താൻ സമ്മതവും താൽപര്യവും ആദ്യം പ്രകടിപ്പിച്ചത്…

എന്നാൽ അവരുടെ പഠനം കഴിഞ്ഞിറങ്ങി അജിത്തിനൊരു ജോലിയാവും മുമ്പുതന്നെ ജിജിയുടെ ജാതക പ്രശ്നങ്ങൾ കാരണം അജിത്തിനവളെ വേഗം വിവാഹം കഴിക്കേണ്ടി വന്നു… വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ സെക്രട്ടറിയേറ്റിൽ ജിജിയ്ക്ക് ജോലി ലഭിച്ചപ്പോഴും തന്റെ ജോലിയ്ക്കായുള്ള അലച്ചിലും പഠനവും തുടർന്നതേയുള്ളു അജിത്ത്…

ചിന്തകൾ കാടുകയറിയൊടുവിൽ ഒരു നേർത്ത ഉറക്കത്തിലേക്ക് അജിത്ത് വീഴും നേരത്തു തന്നെയാണ് ജിജിയുടെ ഫോണിച്ചത്…

ജിജിയുടെ മുത്തശ്ശി മരിച്ച വാർത്തയുമായ് വന്നെത്തിയതാണാ ഫോൺ കോളവരെ തേടി

ഉടനെ പുറപ്പെട്ട് ജിജിയും അജിത്തും ജിജിയുടെ വീട്ടിലെത്തുമ്പോൾ അവിടെയാകെ അവരുടെ ബന്ധുക്കൾ നിറഞ്ഞിരുന്നു… അവർക്കിടയിലൂടെ ജിജിയുമായ് അജിത്ത് അകത്തേയ്ക്ക് നടക്കുമ്പോൾ ബന്ധുക്കളിൽ പലരുടെയും നോട്ടം അജിത്തിൽ തട്ടി ചിതറുന്നുണ്ട്….

മുത്തശ്ശിയുടെ മരണാനന്തര കാര്യങ്ങൾക്കും ചടങ്ങുകൾക്കും എല്ലായിടത്തും ഓടിനടന്നതും കാര്യങ്ങൾ ചെയ്തതും ഏറെക്കുറെ അജിത്ത് തന്നെയാണ്….

“മുരളിയുടെ മൂത്ത മരുമകനല്ലേ അത്… ആ പയ്യൻ കൊള്ളാല്ലേ… എല്ലായിടത്തും അവന്റെ കണ്ണെത്തുന്നുണ്ട്…. എല്ലാ കാര്യവും ഭംഗിയായ് ചെയ്യുന്നുമുണ്ട്… രണ്ടാമത്തെ മരുമകൻ കണ്ടില്ലേ വന്നപ്പോൾ മുതൽ കയ്യും കെട്ടി ഒരൊറ്റ നില്പാണ്…. ഇവനെ പോലെ അല്ലവൻ… അവനിത്തിരി ഗൗരവം കൂടുതലാണ്…”

മുത്തശ്ശിയൂടെ സഞ്ചയനം കഴിഞ്ഞ് ബന്ധു ജനങ്ങൾ ഓരോയിടത്തായ് കൂടിയിരുന്ന് സംസാരിക്കുന്നത് യാദൃശ്ചികമായാണ് ജിജിയുടെ കാതിൽ വീണത്… അജിത്തിനെ പറ്റിയുള്ള അവരുടെ സംസാരം എന്തുകൊണ്ടോ അവളുടെ മനസ് നിറച്ചിരുന്നു…

രണ്ടാമത്തെ മരുമകന് ഇവിടെ എത്ര വേണമെങ്കിലും ഗൗരവും അഹങ്കാരവും കാണിക്കാം ശ്രീധരേട്ടാ…കാരണം മൂത്തവനെ പോലെ ഭാര്യയുടെ ചിലവിലില്ല രണ്ടാമത്തവന്റെ ജീവിതം… അവനെ ഒരു കേന്ദ്ര ഗവൺമെന്റ് ജോലിക്കാരാനാണ്… അതിന്റെയൊരു നിലയും വിലയും അവൻ എവിടെയാണെങ്കിലും കാണിയ്ക്കും…. ”

ബന്ധുക്കളുടെ സംസാരത്തിൽ മനംനിറഞ്ഞ് ജിജി അവിടെ നിന്ന് തിരികെ നടക്കും നേരമാണ് ജിജിയുടെ അമ്മാവൻമാരിലൊരാൾ അല്പം പരിഹാസത്തോടെ പറയുന്നത് ജിജിയുടെ കാതിലെത്തിയത്… നിന്നിടത്തു നിന്നനങ്ങാൻ പറ്റാത്ത വിധം തറഞ്ഞവിടെ നിന്നു പോയവൾ… കാരണം അജിത്തിനോടെപ്പോഴും അധികം സ്നേഹം കാണിക്കുകയും സംസാരിക്കുകയുമെല്ലാം ചെയ്യുന്ന മൂത്ത അമ്മാവനാണ് ഇപ്പോഴിത് പറഞ്ഞത് എന്നതു തന്നെ….

” ആ ചെക്കന്റെ ജാതകം ഞങ്ങൾ കല്യാണ സമയത്ത് കണിയാനെ കാണിച്ചപ്പോൾ കണിയാൻ പറഞ്ഞത് അവന് രാജയോഗമുണ്ടെന്നാണ്… ഞങ്ങളും കരുതി കല്യാണം കഴിഞ്ഞ പുറകെ അവനു വല്ല നല്ല സർക്കാർ ജോലിയും കിട്ടുന്നതായിരിയ്ക്കും അതെന്നാണ്… പക്ഷെ രാജയോഗംന്ന് പറഞ്ഞാൽ അതല്ലെന്ന് മനസ്സിലായത് ഇപ്പോഴാണ്… രാജാവ് പണിയെടുക്കില്ലല്ലോ… രാജാവിന് വേണ്ടി മറ്റുള്ളവർ പണിയെടുക്കും എക്കാലവും… രാജാവ് അതിന്റെ വിഹിതമെല്ലാം പറ്റി ദേഹം വിയർക്കാതെ ഉണ്ടുറങ്ങി അങ്ങനെ കാലം കഴിയ്ക്കും… ഈ അജിത്ത് ജീവിയ്ക്കും പോലെ… ഒന്നും അറിയണ്ടല്ലോ അവന്… എല്ലാം ഇവിടുത്തെ കുട്ടിയുടെ പണം കൊണ്ടങ്ങ് നടന്നു പോവുമല്ലോ… അതിനി സ്വന്തം വീട്ടുകാർക്ക് കൊടുക്കുന്ന പൈസയാണെങ്കിൽ പോലും ഇവിടുത്തെ കൊച്ചിന്റെ അല്ലേ….?

നിർത്താനൊരുക്കമില്ലാതെ അമ്മാവൻ വീണ്ടും തുടർന്നതും ഇനിയൊന്നും കേൾക്കാൻ വയ്യെന്നതു പോലെ ആരുടെയും കണ്ണിൽപ്പെടാതെ ജിജി തിരിച്ചു നടന്നതും കണ്ടു അവരുടെ ഈ സംസാരമെല്ലാം അവരറിയാതെ കേട്ടു നിൽക്കുന്ന അജിത്തിനെ…. അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടെന്ന് കണ്ടതും താനൊരു പുഴുവോളം ചെറുതായതായ് തോന്നിയവൾക്ക്…

താനറിയാതെ പല ജോലികളും ചെയ്ത് അജിത്ത് പണമുണ്ടാക്കാൻ നോക്കിയിരുന്നത് എന്തിനായിരുന്നുവെന്ന് അപ്പോൾ മാത്രമാണവൾക്ക് മനസ്സിലായത്… തന്റെ ആളുകളുടെ ഇതുപോലുള്ള സംസാരങ്ങൾ ഇതിനു മുമ്പും അവൾ യഥേഷ്ടം കേട്ടിട്ടുണ്ടാവും…. താനറിഞ്ഞാൽ വിഷമിയ്ക്കും എന്നോർത്തവൻ അതെല്ലാം തന്നിൽ നിന്ന്
മറച്ച് തന്റെ മുന്നിൽ സന്തോഷമഭിനയിക്കുകയായിരുന്നു അജിത്തെന്ന തിരിച്ചറിവ് ജിജിയുടെ ഹൃദയത്തിലൊരു ഭാരം തന്നെ നിറച്ചിരുന്നു….

അജിത്തിന്റെ ഉൾപ്പെടെ ആരുടെയും കണ്ണിൽ പെടാതെ അവിടെ നിന്ന് തന്റെ മുറിയിലേക്ക് നടക്കുമ്പോൾ നിറഞ്ഞു കവിഞ്ഞിരുന്നു ജിജിയുടെ കണ്ണുകൾ…

ഓഫീസിൽ തിരക്കുണ്ടെന്ന കാരണം പറഞ്ഞ് അവിടം വിട്ട് തിരികെ സ്വന്തം ക്വാർട്ടേസിലേക്ക് അജിത്തിനെയും കൂട്ടി ജിജി മടങ്ങുമ്പോൾ അമ്പരന്നവളെ നോക്കിയത് അവളുടെ വീട്ടുക്കാർക്കൊപ്പം അജിത്തു കൂടിയായിരുന്നു….

അപ്പോഴും പക്ഷെ അവനറിഞ്ഞിരുന്നില്ല താൻ വിജയത്തിന്റെ കൊടുമുടി താണ്ടിയതിനു ശേഷം മാത്രമേ അവളിനി അവളുടെ ബന്ധുക്കൾക്കും വീട്ടുകാർക്കും മുന്നിലേക്ക് വരുകയുള്ളുവെന്ന് തീരുമാനിച്ചത്… അതിനുമപ്പുറം തന്റെ നേട്ടങ്ങൾക്ക് അവളുടെ ഇഷ്ടങ്ങൾ കൂടി മാറ്റി വച്ചവൾ തനിയ്ക്കൊപ്പം ഉണ്ടാവുമെന്ന്….. താനെന്ന പുരുഷനെ അവളേറ്റിയത് അവളിൽ തന്നെയാണെന്ന്….

ശുഭം

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *