എന്റെ കല്യാണം ഉറപ്പിച്ചു…. അടുത്തു തന്നെയുണ്ടാവും കെട്ട്…. കുടുംബത്തിലുള്ള ആകെയുള്ളൊരു പെൺകൊച്ചു നീയായത് കൊണ്ട്, ന്റെ അമ്മയ്ക്ക്….

ഉണ്ണിമായ

ടീ കരിവണ്ടേ “….

കാവിന് മുന്നിലൂടെയുള്ള പാട വരമ്പിൽ കൂടെ വീട്ടിലേക്കു നടക്കുമ്പോൾ,
പിന്നിൽ നിന്നുമുള്ള ഉച്ചത്തിലുള്ള വിളി ഉണ്ണിമായ കേട്ടിരുന്നു….

എങ്കിലും അവള് പിന്നോട്ടേക്ക് തിരിഞ്ഞു നോക്കാൻ കൂട്ടാക്കിയില്ല…

“അച്ചോടാ….
ഒരു ചുന്ദരൻ വന്നേക്കുന്നു”…

കാലുകൾ വലിച്ചു വെച്ച്, ദേഷ്യത്തോടെ പിറുപിറുത്തുകൊണ്ട്, മുന്നോട്ടേക്ക് തന്നെ നടന്നു പെണ്ണ് …

പിന്നിലേക്ക് നോക്കാതെ തന്നെ അവൾക്കറിയാമായിരുന്നു,
ആ വിളിയുടെ അവകാശി ആരായിരിക്കുമെന്ന്…..

കാർത്തിയേട്ടൻ….

മുല്ലശ്ശേരി കാർത്തിക് കൃഷ്ണ…..

തന്റെ അപ്പച്ചിയുടെ മോൻ…..

മുല്ലശേരിയിലെ കൃഷ്ണകുമാറിന്റെയും സുമിത്രയുടെയും ആകെയുള്ള സന്താനം ….

ആള് എഞ്ചിനീയറാണ്…..

വെളി രാജ്യത്ത് എവിടെയോ പോയി പഠിപ്പൊക്കെ കഴിച്ചിട്ട്, നാട്ടിൽ വന്നിട്ട് ഇപ്പൊ ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ…..

കേരളത്തിൽ എവിടെയോ, ഏതോ ഒരു കമ്പനിയിൽ വലിയ ശമ്പളത്തിൽ കാർത്തിയേട്ടന് ജോലി ആയെന്ന്, ഇന്ന് രാവിലെ അമ്മയിരുന്നു വലിയ കാര്യത്തിൽ പറയുന്നത് കേട്ടിരുന്നു….

ഞാനത് വലുതായിട്ട് ശ്രദ്ധിക്കാൻ പോയില്ല….

ന്റെ അമ്മയ്ക്ക് കാർത്തിയേട്ടനെ വലിയ കാര്യമാണ്…

അമ്മയ്ക്ക് മാത്രല്ല, ന്റെ വീട്ടുകാർക്കും ബന്ധുക്കൾക്കും, എന്തിനു ഈ നാട്ടിലുള്ള എല്ലാ നാട്ടുകാർക്കും വരെ ആളെ ഇഷ്ടാണ്….

സത്യം പറഞ്ഞാൽ, മുല്ലശ്ശേരിയിലെ കാർത്തിക് കൃഷ്ണയെ അറിയാത്തവരായി, ഞങ്ങടെ മാണിക്കൊത്തു ഗ്രാമത്തിൽ ആരുമുണ്ടാവില്ല….

അത്രയ്ക്ക് പ്രസിദ്ധനാണ് അങ്ങേര്….

ആൾക്ക് സായിപ്പിന്റെ കളറാണ്….

ഹിന്ദി സിനിമയിലെയൊക്കെ ഹീറോയെപ്പോലെ, നല്ല വെളുത്തു ചുവന്നു തൊണ്ടിപ്പഴം പോലെ ഇരിക്കും ….

അത് മാത്രമല്ല, കാണാനും സുന്ദരനാണ് ആള് ….

ആറടി പൊക്കത്തിൽ, ജിം ബോഡി ഒക്കെയുള്ള ആണൊരുത്തൻ…..

കാർത്തിയേട്ടന്റെ കട്ട താടിക്കും മീശയ്ക്കും വരെ ഞങ്ങടെ ഗ്രാമത്തിൽ ആരാധകരുണ്ട്….

കുറ്റം പറയരുതല്ലോ, ആളിന്റെ തലയെടുപ്പിന്റെയും നടപ്പിന്റെയും ഒക്കെ മുന്നിൽ, തെച്ചിക്കോട്ട് രാമചന്ദ്രൻ പോലും മാറി നിൽക്കും….

അത്രയ്ക്ക് ചന്താണ് കാർത്തിയേട്ടനെ കാണാൻ…

നാട്ടിൽ തന്നെ അങ്ങേരുടെ പുറകെ നടക്കാൻ പെൺകുട്ടികളുടെ വലിയൊരു ഗാങ് തന്നെയുണ്ട്……

വായി നോക്കികൾ….

അതുകൊണ്ട് തന്നെ, ഇത്തിരി നിറം കുറഞ്ഞ, എന്നെ കാണുമ്പോ അയാൾക്ക് കളിയാക്കാൻ ഇത്തിരി മുട്ടു കൂടുതലാ…..

ഹും….

സുന്ദരൻ ആയോണ്ടുള്ള അഹങ്കാരമാണ് അങ്ങേർക്ക്…..

പക്ഷെ ഈ ഉണ്ണിമായ അംഗീകരിച്ചു കൊടുക്കില്ലത്….

എനിക്കെന്ത് കുറവുണ്ടായിട്ടാ?….

ഇച്ചിരി കളറ് കുറഞ്ഞിട്ടാണേലും, നിക്ക് ന്താ വേറെ കുറവ്….

ന്റെ ചിരി കാണാൻ കൊള്ളില്ലേ?….

മുഖം കാണാൻ കൊള്ളില്ലേ?…

ന്റെ കണ്ണുകള് ചെന്താമര വിരിഞ്ഞു നിൽക്കുന്നത് പോലെയാണെന്നാ, ന്റെ അച്ഛമ്മ പോലും പറയാറുള്ളത്…..

പിന്നെ, ഈ നാട്ടിലെ പെൺകുട്ടികൾക്ക് ആർക്കും ഉണ്ടാവില്ല, ന്റെത്രേം ഉള്ളും നീളോമുള്ള മുടി…..

ഇതൊക്കെ അങ്ങോട്ട്‌ നീക്കി വെച്ചാൽ, ന്റെ ബോഡി ഷേപ് സൂപ്പറാണെന്ന്, എത്ര കൂട്ടുകാരികളാ ന്നോട് രഹസ്യമായിട്ട് പറഞ്ഞിട്ടുള്ളത്….

അപ്പോഴാ അങ്ങേര്ടെ ഒരു ഒലക്കമ്മേലെ കളിയാക്കല്….

ഇത്രേം നാളും ആള് പഠിക്കാൻ പോയതുകൊണ്ട് സ്വൈര്യമുണ്ടായിരുന്നു…..

ഇനീ ആള് ജോലിക്ക് പോകുന്നിടം വരെ, അതെനിക്ക് ഉണ്ടാവുമെന്ന് തോന്നുന്നില്ല…..

ന്റെ വീടിന്റെ തൊട്ട് അപ്പുറത്തെ തൊടിയിലാണ് കാർത്തിയേട്ടന്റെ വീട്…..

അതുകൊണ്ട് തമ്മിൽ കാണല് ഒഴിവാക്കാനും ഒരു മാർഗ്ഗവുമില്ല ….

കതകടച്ചു മുറിയിൽ തന്നെ ഇരുന്നാലും, അപ്പച്ചി വന്നെന്നെ അങ്ങോട്ടേക്ക് കൂട്ടി കൊണ്ട് പോകും….

അപ്പച്ചിക്ക് പെൺകുട്ട്യോൾ ഇല്ലാത്തതുകൊണ്ട് എന്നെ വല്യ ഇഷ്ടാണ്…..

എന്നെ ഒരുക്കി നടത്താനും, എന്നെയും കൊണ്ട് പുറത്തു പോകാനുമൊക്കെ അപ്പച്ചി എപ്പഴും മുന്നിൽ നിക്കും…..

മാമനും എന്നോട് അങ്ങനെയൊക്കെ തന്നെയാണ് …

പക്ഷെ, ആ വീട്ടിലെ കാർത്തിയേട്ടൻ മാത്രം എന്തുകൊണ്ടോ തല തിരിഞ്ഞു പോയി….

കുഞ്ഞിലേയൊക്കെ കാർത്തിയേട്ടൻ എന്തൊരു പാവാരുന്നു….

ഉണ്ണി മോളെന്നു, എന്നെ തികച്ചു വിളിക്കില്ലാരുന്നു….

എന്നെ എപ്പോഴും കൂടെ കൊണ്ട് നടക്കുവാരുന്നു….

മുട്ടായി വാങ്ങി തരുവാരുന്നു…

എന്നെ എപ്പോഴും കരയിക്കാതെ നോക്കുവായിരുന്നു…..

ആരെങ്കിലും എന്നോട് വഴക്കിനു വന്നാൽ, അവർക്കിട്ട് ആദ്യം അടി കൊടുത്തിട്ടേ സംസാരിക്കാൻ പോലും, ഏട്ടൻ പോവുള്ളായിരുന്നു…

പിന്നെ അതിനൊക്കെ എപ്പോഴാ ഒരു മാറ്റം വന്നതെന്ന് അറിയില്ല…..

എന്നെ കരയിക്കാതെ നോക്കിയവന്, പിന്നീട് എന്നെ കരയിപ്പിക്കൽ മാത്രമായിരുന്നു ജോലി…..

ഓരോന്നും ഓർത്തുകൊണ്ട്,
ഉള്ളിൽ നിറഞ്ഞ സങ്കടത്തെ അടക്കി പിടിച്ചുകൊണ്ടു മുന്നോട്ടേക്ക് നോക്കുമ്പോൾ, വീണ്ടും പിന്നില് നിന്നും വിളി വന്നു കഴിഞ്ഞിരുന്നു….

“എടീ കരിവണ്ടേ…
എങ്ങോട്ടേക്കാടി?”….

എന്തോ,
പിന്നീട് മുന്നോട്ടേക്ക് നടക്കാൻ തോന്നിയില്ല….

രണ്ടു വർത്താനം പറയാതെ പോയാല്, ഉള്ളിലൊരു തിക്കുമുട്ടല് വരും….

അതുകൊണ്ട് തന്നെ ദേഷ്യത്തോടെ തന്നെ കാർത്തിയേട്ടന്റെ നേരെയങ്ങു തിരിഞ്ഞു നിന്നു …..

നോക്കിയപ്പോ….
ദേ, നിക്കുന്നു ആള്….
അതും, തന്റെ തൊട്ട് മുന്നിൽ….

ഒരു കറുത്ത കളറ് ഷർട്ടും, കറുത്ത കരയുള്ള മുണ്ടും ഒക്കെയുടുത്തു സുന്ദര കുട്ടപ്പനായിട്ടാണ് നിൽപ്പ്….

പഠിപ്പൊക്കെ കഴിഞ്ഞു വന്നപ്പോഴേക്കും, ആളിത്തിരി വണ്ണം വെച്ചത് പോലെ …..

അതോ, എനിക്ക് തോന്നുന്നതാണോ?….

അല്ലാ….

മൊത്തത്തിൽഎന്തൊക്കയോ മാറ്റങ്ങളുണ്ട് കാർത്തിയേട്ടന്…..

എന്നാലും, അങ്ങേരുടെ സൗന്ദര്യത്തിനു മാത്രം ഒരു കോട്ടവും സംഭവിച്ചിട്ടില്ല…..

അത് മാത്രം പണ്ടത്തേത് പോലെ തന്നെയുണ്ട് …..

എനിക്കതങ്ങോട്ടു സഹിക്കാൻ പറ്റിയില്ല…..

കാരണം….
ന്റെ കുശുമ്പ് തന്നെ …

അതുകൊണ്ട് തന്നെ ബന്ധവും സ്വന്തവും അപ്പുറത്തേക്ക് മാറ്റി വെച്ചിട്ട്, അങ്ങേരെ നേരിടാൻ തന്നെ ഞാനൊരുങ്ങി….

“മാണിക്കൊത്തെ ഹൃതിക് റോഷന് എന്തുവേണം?”….

കനത്ത പുച്ഛത്തിൽ തന്നെ അങ്ങോട്ടൊരു ചോദ്യം എറിഞ്ഞു കൊടുത്തു….

അല്ല പിന്നെ….

എന്നോടാ അങ്ങേരുടെ കളി…

“ഞാനിച്ചിരി സുന്ദരൻ ആയിപ്പോയതിൽ നിനക്ക് നല്ല കുശുമ്പുണ്ട് ല്ലേടി കരിവണ്ടേ?”…..

അതും ചോദിച്ചുകൊണ്ട് നെഞ്ചിനു മുകളിൽ ഇരു കൈകളും പിണച്ചു കെട്ടി, കാർത്തിയേട്ടൻ ഒരു നിപ്പ് നിന്നതു മാത്രേ ഞാൻ പിന്നീട് കണ്ടുള്ളൂ…

ന്റെ അടിവയറ്റിലൂടെയൊരു ആന്തല്, മിസൈല് പോലെ മുകളിലേക്ക് കേറി വരുന്നത് എനിക്കറിയാൻ പറ്റി…..

ഈ കഴിഞ്ഞ കുറെ വർഷങ്ങൾ ആയിട്ട്, അങ്ങേരുടെ നോട്ടം കാണുമ്പോ മാത്രം, എനിക്ക് വരുന്നൊരു പ്രത്യേകതരം രോഗമാണത്…..

ആ കണ്ണിലേക്കോ മുഖത്തേക്കോ നോക്കി മിണ്ടാൻ മാത്രം എനിക്ക് പറ്റത്തില്ല….

അപ്പൊ ന്റെ ദേഹത്തിന് ഒരു വിറയലു വരും….

കാരണം എന്താണെന്ന്, ഒരന്തോം കുന്തോം ഇല്ലാതെ ഞാൻ ചിന്തിച്ചു കൂടിയിട്ടുണ്ട് ….

പക്ഷെ, കുറച്ചു മുടി ഊരി പോയതല്ലാതെ മറ്റൊന്നും പ്രയോജനം ഉണ്ടായില്ല…..

“ന്താടി കരി വണ്ടേ….
നിന്റെ മിണ്ടാട്ടം മുട്ടി പോയോ?”…..

എന്റെ വായ പൊളിച്ചുള്ള നിൽപ്പ് കണ്ടിട്ടാവണം, തള്ള വിരലും ചൂണ്ടു വിരലും കൂട്ടി പിടിച്ചു മുഖത്തിന്‌ മുന്നിൽ കൊണ്ടു വന്ന്, ആ ചുന്ദരൻ ഞൊട്ട വിട്ട് കളിച്ചത്…..

എങ്ങാണ്ട് തെണ്ടയ്ക്ക് പോയ എന്റെ ബോധം അപ്പോഴാണ് ഓടിവന്നു ന്റെ തല മണ്ടേൽ കേറി ഇരുന്നത് തന്നെ …..

“കാർത്തിയേട്ടന് ഇപ്പൊ ന്താ വേണ്ടേ?”…..

ഇനിയും അങ്ങേരുടെ മുൻപിൽ നിന്നാൽ, ന്റെ ഉള്ള ബോധം കൂടെ പോകുമെന്ന് ഉത്തമ ഉറപ്പുള്ളത് കൊണ്ട് തന്നെ, ഞാനവിടുന്നു പെട്ടെന്ന് സ്കൂട്ട് ആവാൻ നോക്കി….

“എന്ത് വേണേലും തരുവോടി കരി വണ്ടേ നീയ്?”….

മീശ പിരിച്ചു, ഇടത്തെ കണ്ണിറുക്കി കാട്ടിയുള്ള അങ്ങേരുടെ ചോദ്യത്തിൽ, ഞാനങ്ങു ഫിദാ ആയിപ്പോയെന്ന് വേണം പറയാൻ…….

മനുഷ്യനെ ചിരിച്ചു മയക്കാനുള്ള കഴിവ് മൊത്തം, മാണിക്കൊത്തു കാവിലമ്മ ഇങ്ങേർക്കാണ് കൊടുത്തിരിക്കുന്നെന്ന് തോന്നുന്നു…..

ന്റെ ഉള്ളിൽ നിന്നും പൊങ്ങി വന്ന പെട കോഴിയുടെ മണ്ട അടിച്ചു പൊട്ടിച്ചിട്ട്, അതിനെ ഞാൻ പാതാളത്തിലേക്ക് താഴ്ത്തി കളഞ്ഞു…..

പണ്ട് മാവേലിയെ വാമനൻ ചവിട്ടി താഴ്ത്തിയത് പോലെ….

അവിടെ കിടക്കു….
അല്ലാ പിന്നെ…

“കാർത്തിയേട്ടൻ കാര്യം എന്താണെന്ന് പറയ്…..
എനിക്ക് വീട്ടിൽ പോണം”….

തൊട്ട് താഴെ പച്ച പരവതാനീ ഉടുത്തു കിടക്കുന്ന പാടത്തേക്ക് നോക്കി ഞാൻ ഇച്ചിരി ആറ്റിട്യൂട് ഇട്ട് കളിച്ചു….

പക്ഷെ, തൊട്ട് മുൻപിൽ നിൽക്കുന്ന മണകുണാഞ്ചനിൽ നിന്നും, മറുപടിയൊന്നും വന്നില്ല ….

ഞാൻ വീണ്ടും അങ്ങേരിലേക്ക് ഒളികണ്ണിട്ട് ഒന്ന് നോക്കി….

ആളെമയക്കി, എന്റെ മുഖത്തേക്കും നോക്കി ചിരിച്ചോണ്ട് അതേ നിൽപ്പാണ് നിക്കുന്നത്…..

“കാർത്തിയേട്ടന് ഒന്നും പറയാനില്ലേ ഞാൻ പോണു”…

അവിടുന്ന് ഓടി രക്ഷപെട്ടില്ലെങ്കിൽ, അങ്ങേരെ കേറി ഞാനങ്ങു പ്രേമിച്ചു പോയാലോ എന്നാരുന്നു ന്റെ പേടി….

അതുകൊണ്ട് തന്നെ ഞാൻ വീണ്ടും കാർത്തിയേട്ടനിൽ നിന്നും തിരിഞ്ഞു….

“ഹാ….
അങ്ങനങ്ങു പോവാതെ…
നിക്കെടി ഉണ്ണിയാർച്ചെ “….

ഞാൻ പോകുന്നത് കണ്ടിട്ടാരിക്കണം, അങ്ങേരെന്റെ കയ്യെല് കയറി പിടിച്ചു വലിച്ചത്…..

വള്ളി പയറു പോലിരിക്കുന്ന ഈ ഞാൻ, ജിമ്മന്റെ ഒറ്റ വലിയിൽ നില തെറ്റി അങ്ങേര്ടെ നെഞ്ചത്തേക്ക് തന്നെ ലാൻഡ് ചെയ്തു…..

ഒരു നിമിഷത്തേക്ക് ന്റെ റിലെ മൊത്തം പോയി….

“എങ്ങോട്ടാടി ചുള്ളി കമ്പേ റോക്കറ്റ് പോണത് പോലെ ഓടുന്നത്?”…..

കാർത്തിയേട്ടന്റെ ചോദ്യം കാതിൽ പതിഞ്ഞപ്പോ, ദേഹത്താകമാനം ഒരു കുഞ്ഞ് കുളിരൊക്കെ കോരണത് പോലെ തോന്നിയെങ്കിലും, ഞാൻ പെട്ടെന്ന് തന്നെ ആറ്റിട്യൂട് സിംഹിണിയായി അങ്ങേരിൽ നിന്നും ഒരടി അകലത്തിൽ പെട്ടെന്ന് മാറി നിന്നു…..

ഏട്ടന്റെയാ പതിവില്ലാത്ത പ്രവർത്തി എന്നെ ഒട്ടൊന്ന് അമ്പരപ്പിച്ചത് പോലെ….

ഒരു പെണ്ണിനോടും ഇങ്ങനെ നിലവിട്ട് പെരുമാറുന്നവനല്ല കാർത്തിയേട്ടൻ….

ആ ആളാണ് ഇങ്ങനെ പൊതു വഴിയിൽ നിന്ന്, എന്നെയിങ്ങനെ പിടിച്ചു വലിച്ചതും, നെഞ്ചിലേക്ക് ഇട്ടതുമൊക്കെ….

ചിലപ്പോ, പുറത്തൊക്കെ പോയി പഠിച്ചു വന്നെന്റെ പരിഷ്കാരങ്ങളാവാം ഇതൊക്കെ…..

“കാർത്തിയേട്ടന് എന്തേലും പറയാനുണ്ടേൽ വേഗം പറയ്….
എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ “…..

ഞാനൊന്നുടെ, അഹങ്കാരത്തോടെ തലയുയർത്തി ഞെളിഞ്ഞു കുത്തി നിന്നു…..

കാരണം, മാണിക്കൊത്തു ഗ്രാമത്തിന്റെ സുന്ദര പുരുഷനാണ്, ഉണ്ണിമായെടെ മുന്നിൽ വന്നു നിന്നു താണ് കേഴുന്നത്….

ഒറ്റയടിക്ക് ന്റെ വില കൂടിയത് പോലെ…..

“പറയാം….
പറയാൻ തന്നെയാ വന്നത്…
അല്ലെങ്കിൽ തന്നെ, നമ്മടെ കുടുംബത്തിൽ ഇക്കാര്യം ആദ്യം അറിയേണ്ട ആള് നീ തന്നെയാടി ഉണ്ണിയാർച്ചെ “….

വിനയ കുലീനനായിട്ടുള്ള മുല്ലശ്ശേരി കാർത്തിക് കൃഷ്ണയുടെ ആ നിൽപ്പ് എനിക്കങ്ങു നന്നായിട്ട് ബോധിച്ചു….

ഞാൻ ഒന്നുടെ തല ഉയർത്തി പിടിച്ചു…..

“വേഗം പറയ് “….

ഞാനും തിടുക്കം കൂട്ടി…

“എനിക്ക് ജോലി കിട്ടി….
ഇൻഫോസിസിൽ ആണ്….
അടുത്ത മാസം ജോയിൻ ചെയ്യണം “….

കാർത്തിയേട്ടൻ ഇത്തിരി ഗൗരവത്തോടെ തന്നെ പറഞ്ഞു തുടങ്ങി…

ഇതാണോ വലിയ കാര്യം എന്ന രീതിയിൽ, ഞാനങ്ങേരുടെ മുന്നിൽ ഏണിനു കയ്യും കൊടുത്തു, അവശത അഭിനയിച്ചു നിന്നു…..

“ഇനി അടുത്ത കാര്യം “…

കാർത്തിയേട്ടൻ വീണ്ടും എന്റെ മുഖത്തേക്ക് നോക്കി…

നിങ്ങള് എന്തേലും പറഞ്ഞു തുലയ്ക്ക് എന്ന ഭാവമായിരുന്നു അപ്പോഴും എന്നിൽ….

“എന്റെ കല്യാണം ഉറപ്പിച്ചു….
അടുത്തു തന്നെയുണ്ടാവും കെട്ട്….
കുടുംബത്തിലുള്ള ആകെയുള്ളൊരു പെൺകൊച്ചു നീയായത് കൊണ്ട്, ന്റെ അമ്മയ്ക്ക് ഒരേയൊരു നിർബന്ധം, ഇക്കാര്യം ഞാൻ തന്നെ നിന്നെ അറിയിക്കണം എന്ന്…..
അപ്പോ ഞാൻ വന്ന കാര്യം കഴിഞ്ഞു….
ഇനി കാട്ടിലേക്കോ വീട്ടിലേക്കോ എവിടെയാണെന്ന് വെച്ചാ നീ പൊയ്ക്കോ. “…..

കാർത്തിയേട്ടന്റെ മുഖത്ത് വല്ലാത്തൊരു ഭാവം…..

അത്രയും പറഞ്ഞിട്ട്, മുണ്ടും മടക്കി കുത്തി, തിരിഞ്ഞു ഒരൊറ്റ പോക്കായിരുന്നു അങ്ങേര് …

എന്തെന്നറിയില്ല, അപ്പോൾ വരെ എന്റെ മുഖത്തെ പൊതിഞ്ഞു നിന്ന പുച്ഛഭാവം, നോടിയിടയിലാണ് അപ്രത്യക്ഷമായി പോയത്….

നെഞ്ചിനോക്കെ ഒരു കനം വന്നത് പോലെ…..

ശ്വാസം ഒക്കെ എടുക്കാൻ വല്ലാത്തൊരു പ്രയാസം പോലെ…

കണ്ണുകൾ എന്തിനോ വേണ്ടിയൊന്ന് നിറഞ്ഞുവോ?…

ആകെപ്പാടെ വല്ലാത്ത ഒരസ്വസ്ഥത….

ഞാനെന്റെ നെഞ്ചോന്നു തിരുമ്മി….

എനിക്കെന്തേലും പറ്റിയോ എന്നായിരുന്നു ആ നേരത്തെ ന്റെ പേടി…..

“അതേ കരിവണ്ടേ…..
ഞാൻ കെട്ടാൻ പോണ സുന്ദരി ആരാന്ന് നിനക്കറിയണോ?”….

പൊടുന്നനെയാണ് മുന്നോട്ടേക്ക് നടന്നു പോയ കാർത്തിയേട്ടൻ പെട്ടെന്ന് ഒന്ന് നിന്നിട്ട്, തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചത്….

അത് കേട്ടതും, കാരണമില്ലാത്ത ഒരു ദേഷ്യം കാർത്തിയേട്ടനോട് എനിക്ക് തോന്നിപ്പോയി….

“എനിക്കെങ്ങും അറിയണ്ട നിങ്ങടെ ചുന്ദരി കോതയെ “….

ആട്ടു കൊടുക്കുന്നത് പോലെ പറഞ്ഞിട്ട്, തിരിഞ്ഞൊരൊറ്റ നടത്തമായിരുന്നു ഞാൻ വീട്ടിലേക്ക്…..

ആരെ വേണേലും അങ്ങേരു കെട്ടിക്കോട്ടെ….
അതിനിപ്പോ എനിക്കെന്താ?…
ഞാനും കെട്ടും…
അങ്ങേരെക്കാളും സൗന്ദര്യമുള്ള ഒരുത്തനെ…
നോക്കിക്കോ… ഹും…

ആരോടോ ഉള്ള ദേഷ്യം തീർക്കാൻ എന്നവണ്ണം ചവിട്ടി കുതിച്ചു വീടിന്റെ ഗേറ്റും കടന്നു, മുറ്റത്തേക്ക് എത്തിയതും ഞാൻ കണ്ടു, അപ്പച്ചിയും മാമനും കൂടി വീടിന്റെ ഉമ്മറത്തിരുന്നു അച്ഛമ്മയോടും ന്റെ അച്ഛനോടും സംസാരിച്ചു കൊണ്ടിരിക്കുന്നത്…..

അപ്പച്ചിയെ എപ്പോ കണ്ടാലും വെടിച്ചില്ല് പോലെ പാഞ്ഞു ചെന്ന്,
കെട്ടി പിടിച്ചു നിൽക്കുന്ന സ്വഭാവമുള്ള എനിക്ക്, അപ്പൊഴെന്തോ അതിനു പറ്റിയില്ല എന്നതാണ് സത്യം…..

“മോളെ…. ഉണ്ണീ….
കാർത്തിയെ കണ്ടാരുന്നോ നീയ്? “…

മുറ്റത്തു നിന്നുള്ള പടികൾ കയറി ചെന്നതും, അപ്പച്ചി എന്നെ കണ്ട് അടുത്തേക്ക് ഓടി വന്നിരുന്നു…..

“കണ്ടു “….

അപ്പച്ചി എന്തു കരുതുമെന്നോർത്തു ഞാനവരെ നോക്കി ഒന്ന് ചിരിച്ചു കാട്ടി…..

“എന്നിട്ട്…. ന്നിട്ട്.. കാര്യങ്ങളൊക്കെ അവൻ നിന്നോട് പറഞ്ഞുവോ കുട്ടീ “…

കണ്ണൊക്കെ വിടർത്തി, അത്രയും സന്തോഷത്തോടെ സംസാരിക്കുന്ന അപ്പച്ചിയെ, ആദ്യമായിട്ട് കാണുന്നതുപോലെ ഞാൻ നോക്കി നിന്നു….

മകന്റെ കല്യാണം ഉറപ്പിച്ചതിന്റെ ആനന്ദം അവരിൽ എത്രത്തോളം ഉണ്ടെന്നുള്ളതിന് തെളിവായിരുന്നത്…..

“പറഞ്ഞു “…..

കാർത്തിയേട്ടന്റെ കല്യാണക്കാര്യം ഞാനറിഞ്ഞത്, ഞാൻ അപ്പച്ചിയെ അറിയിച്ചു….

“അപ്പൊ….
കല്യാണത്തിന് വേഗം ഒരുങ്ങിക്കോളൂ കേട്ടോ “…

എന്നെ കെട്ടി പിടിച്ചുകൊണ്ട്, അപ്പച്ചി കവിളിൽ ഒന്നമർത്തി മുത്തിയതും, ഞാനവരിലേക്ക് ഒന്ന് ചേർന്ന് നിന്നുപോയി….

കാർത്തിയേട്ടന്റെ ചുന്ദരി കോത വന്നാൽ, അപ്പച്ചിയെന്നെ ഇതുപോലെ സ്നേഹിക്കുമോ എന്ന കുശുമ്പായിരുന്നു അപ്പൊഴെന്റെയുള്ളിൽ….

“അപ്പൊ എങ്ങനെയാ കൃഷ്ണാ….
ഈ വരുന്ന ചിങ്ങത്തിലേക്ക് നടത്തിയേക്കാം അല്ലേ?”….

ഉമ്മറത്തെ സോപാന പടിയിൽ ചാരിയിരുന്ന അച്ഛമ്മ, അടുത്തായിട്ട് ഇരിക്കുന്ന അച്ഛനോട് ചോദിക്കുന്നത് കേട്ടപ്പോഴാണ്, ഞാൻ പെട്ടെന്ന് അപ്പച്ചിയിൽ നിന്നും അകന്നു മാറി നിന്നത്…..

“അമ്മേടെ ഇഷ്ടം…
കാർത്തി മോൻ സമ്മതം പറഞ്ഞില്ലേ….
ഇനിയിപ്പോ എന്ന് വേണേലും നടത്താം അമ്മേ “….

അച്ഛന്റെ മുഖത്തും ഭയങ്കര സന്തോഷമാണ് കാണാൻ സാധിച്ചത്…..

“ഈശ്വരാ….
എല്ലാരും ഭയങ്കര ഹാപ്പിയാ…
എനിക്ക് മാത്രം ന്താ ഇവരെപോലെ ഹാപ്പിയാവാൻ പറ്റാത്തേ?….
സാധാരണ കുടുംബത്തൊരു കല്യാണം നടക്കുന്നു എന്നൊക്കെ കേക്കുമ്പോ, ഞാൻ അറുമാദിക്കേണ്ട സമയംകഴിഞ്ഞു ….
കുറെ ഡ്രസ്സ്‌ വാങ്ങി കൂട്ടാം…
മേക്കപ്പ് ഒക്കെയിട്ട് ഒരുങ്ങി, കല്യാണത്തിന്റെ അന്ന് ചെത്തി നടന്നു ചെക്കന്മാരെ വായി നോക്കാം….
മൂക്ക് മുട്ടെ സദ്യ കഴിക്കാം….
കുറെ ദേവസത്തേന് കോളേജിൽ പോവേം വേണ്ടാ…..
പക്ഷെ, ഇപ്പൊ എന്താണാവോ അതിനൊന്നും തോന്നാത്തത്?”….

ഓരോന്നൊക്കെ സ്വയം ചിന്തിച്ചുകൊണ്ടാണ്, അവിടെ നിന്നും അകത്തേക്ക് കയറി പോയത്…..

നേരെ അടുക്കളയിലേക്ക് കയറി ചെന്നു…..

അമ്മ കാപ്പി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് കണ്ടപ്പോ, അമ്മേടെ അടുത്തായി ചെന്ന് നിന്നു….

“ഉണ്ണിയെ….
ഈ കാപ്പിയൊക്കെ അവർക്കൊന്നു എടുത്തു കൊടുക്ക് കൊച്ചേ “…..

അമ്മ പറഞ്ഞിട്ട് പോലും ഞാൻ അനുസരിക്കാൻ കൂട്ടാക്കിയില്ല…..

“ഈ കുട്ടീടെ ഒരു കാര്യം?”….

എന്നും പറഞ്ഞു അമ്മ തന്നെ അതൊക്കെ എടുത്തോണ്ട് പുറത്തേക്ക് പോകുന്നത് കണ്ടു…..

എനിക്ക് പിന്നീട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു….

കാരണമില്ലാത്ത ഒരു ടെൻഷൻ എന്നെ വന്നങ്ങു വിഴുങ്ങുന്നത് പോലെയായിരുന്നു എനിക്ക് ആ നേരം അനുഭവപ്പെട്ടത്….

നേരെ ചെന്ന് പാത്രത്തിൽ നിന്നും കുറെ ചോറു ഒരു പാത്രത്തിലേക്ക് വിളമ്പിയെടുത്തു…..

അതിനു മുകളിലായി കുറെ കറിയും കോരി ഒഴിച്ചു…..

എന്നിട്ട് ഉരുട്ടിയിരുട്ടി തിന്നുവാനായി തുടങ്ങി….

ഞാൻ പണ്ടേ ഇങ്ങനാ….

സന്തോഷം വന്നാലും തിന്നും…
സങ്കടം വന്നാലും തിന്നും….
ടെൻഷൻ വന്നാലും തിന്നും…

പാത്രത്തിലുള്ള രണ്ടു പേർക്കുള്ള ചോറ് മൊത്തം വടിച്ചു നക്കി പ്ളേറ്റ് കൊണ്ടുപോയി സിങ്കിലേക്ക് ഇട്ടിട്ട്, ഞാൻ എന്റെ മുറിയിലേക്ക് നേരെ ചെന്ന് കയറി …

വാതിൽ ചാരിയിട്ടിട്ട്, ബെഡിലേക്ക് കയറി കമഴ്ന്നു കിടക്കുമ്പോൾ, ഞാൻ പോലും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയായിരുന്നു….

“അയ്യേ….
ഞാനെന്തിനാ ഇങ്ങനെ കരയുന്നെ?….
അങ്ങേരു കെട്ടിപോയാൽ എനിക്കെന്താ?”….

എന്നൊക്കെ ഞാനെന്റെ മനസ്സിനോട് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു…..

അപ്പൊഴൊക്കെ ന്റെ മനസ്സെന്നോട് പറയുവാ, ഞാൻ കാർത്തിയേട്ടനെ പ്രേമിക്കുന്നുണ്ടെന്ന്…..

ആദ്യമൊന്നും ഞാനെന്റെ മനസ്സിനെ വിശ്വസിച്ചില്ല….

പിന്നീടാണ് കാര്യങ്ങളുടെ ചുരുക്ക രൂപം എനിക്കും മനസ്സിലായത്….

സത്യാണ്…..
എനിക്കങ്ങേരോട് പ്രേമവാണ്….

ശ്ശെടാ…
ഇനിയിപ്പോ ന്താ ചെയ്യാ?…
അങ്ങേരു വേറെ കെട്ടാൻ പൊവ്വല്ലേ?…..
ചെന്ന് പറഞ്ഞാലോ, എനിക്ക് അങ്ങേരെ ഇഷ്ടവാണെന്ന് “….

ഞാൻ കൂലംകുഷിതമായി ചിന്തിച്ചു തുടങ്ങി …..

“നിറം കുറഞ്ഞതിന്റെ പേരിൽ ഏതു നേരവും എന്നെ ബോഡി ഷെയമിംഗ്‌ നടത്തി കരയിക്കുന്ന അങ്ങേരെന്നെ ഇപ്പൊ കെട്ടും?….
ഇതും പറഞ്ഞോണ്ട് അങ്ങോട്ട് ചെന്നേച്ചാ മതി…..
എന്നെ കളിയാക്കി കൊല്ലാൻ ഒരു കാരണം ഞാനായിട്ട് ഇട്ടു കൊടുക്കുന്നത് പോലെയിരിക്കും “…..

അത്രയും നേരം മനസ്സിൽ കൊണ്ട് നടന്ന് അമ്മാനമാടിയ ന്റെ പാവം പിടിച്ച ആഗ്രഹത്തെ, ഞാൻ പിടിച്ചു വെള്ളത്തിൽ മുക്കി കളഞ്ഞു….

എന്നാലും, എവിടെയൊക്കെയോ ഒരു കുഞ്ഞ് സങ്കടം വീണ്ടും ഉയർത്തെഴുന്നേറ്റു വന്നു….

എല്ലാ കാര്യവും ശടപടെന്ന് ചെയ്യുന്ന എനിക്ക്, കാർത്തിയേട്ടനെ മറക്കുക എന്നത് ബാലികേറാമല പോലെ ആയിപ്പോയി…..

പണ്ട്, ജോഗ്രഫി പുസ്തകത്തിൽ സമുദ്ര ജല പ്രവാഹങ്ങൾ പഠിച്ചു അന്തോം കുന്തോം ഇല്ലാതെ ശൂന്യകാശത്തു നോക്കിയിരുന്ന അവസ്ഥ പോലെ ആയിരുന്നു എനിക്കിതും…..

കൊള്ളാനും കൊടുക്കാനും മേലാ….
തള്ളാനും തലോടാനും മേലാ….

ഒടുവിൽ….
ഞാനൊരു തീരുമാനം എടുത്തു…..

അങ്ങേരിലെ നെഗറ്റീവുകളെ ഒക്കെ ഓർത്തെടുത്തു മനസ്സിനെ പരീക്ഷക്കിരുത്തി പഠിപ്പിക്കുന്നത് പോലെ അങ്ങ് പഠിപ്പിക്കുക…..

അപ്പൊ എനിക്ക് കാർത്തിയേട്ടനെ പെട്ടെന്ന് മറക്കാൻ പറ്റും….

അങ്ങേര്ടെ കല്യാണത്തിന് പോയി അറുമാദിച്ചു സദ്യ കുത്തി കേറ്റാൻ പറ്റും….

യുറെക്കാ…..

ഞാൻ കട്ടിലിൽ നിന്നും ചാടി താഴെ ഇറങ്ങി…..

പിന്നീടൊന്നും നോക്കിയില്ല…

ടേബിളിനു മുകളിൽ ഇരുന്ന ടെമ്പററി മാർക്കർ എടുത്തു, വൈറ്റ് ബോർഡിനു മുകളിലായി എഴുതാൻ തുടങ്ങി…..

“കാർത്തിയേട്ടനെ മറക്കാൻ എന്തൊക്കെ ഓർക്കണം”…

ഇതായിരുന്നു വലിയ അക്ഷരത്തിൽ ഞാൻ ബോർഡിൽ എഴുതിയ ഹെഡിങ്…..

പിന്നീട് ആലോചനയായി….

ആദ്യത്തെ പോയിന്റ് തന്നെ അതായിരുന്നു, എന്നെ കരിവണ്ടെന്നു വിളിക്കുന്നത്….

രണ്ടാമത്തെ പോയിന്റ്, എന്നെ എപ്പഴും ഒരൊ കാര്യത്തിനും കരയിക്കുന്നത്…..

മൂന്നാമത്തെ പോയിന്റ് എഴുതാനായി മൂന്ന് എന്നിട്ടിട്ട് ഞാൻ വീണ്ടും ആലോചിക്കാൻ തുടങ്ങി…..

പക്ഷെ, എത്രയൊക്കെ ആലോചിച്ചിട്ടും ഒന്നും ഓർമ്മ വരുന്നുണ്ടായിരുന്നില്ല…..

ശ്ശെടാ…
ഇനീപ്പോ എന്ത് ചെയ്യും?…
ഒരാവശ്യത്തിന് ഒരു കോപ്പും ഓർമ്മ വരില്ല….
അല്ലേലും ന്റെ മന്ദ ബുദ്ധി തലയിൽ നിന്നും എന്ത് വരാനാ?”…

ഇത്തിരി ഉച്ചത്തിൽ പറഞ്ഞു കൊണ്ട്, സ്വന്തം തലയ്ക്കിട്ട് ഒരു കൊട്ടു കൊടുത്തു….

“എടാ പൊട്ടൻ കാർത്തികേട്ടാ…
നിങ്ങളോട് ഞാനെന്ത് തെറ്റാടോ മനുഷ്യാ ചെയ്തത്?…
എനിക്ക് നിങ്ങളോട് പ്രേമമാണെന്ന് ഈ ഒടുക്കത്തെ നിമിഷവാ ഞാനറിഞ്ഞത്….
അല്ലാരുന്നേ, അപ്പച്ചിയെ ചാക്കിട്ടാണേലും നിങ്ങളെക്കൊണ്ട് ഞാനെന്റെ കഴുത്തിൽ താലി കെട്ടിച്ചേനെ…
ന്നിട്ട്, മാണിക്കൊത്തേ ഹൃതിക്ക് റോഷന്, ഈ കരിവണ്ട് തന്നെ മതി എന്നൊരു ഡയലോഗും അങ്ങ് കാച്ചിയേനെ…..
അങ്ങേര്ടെ ഒരു ചുന്ദരി കോത…
നിങ്ങള് നോക്കിക്കോ, മുട്ടെല് കൂടോത്രം വെച്ച് നിങ്ങടെ കെട്ട് ഞാൻ മൊടക്കും “….

വീരവാദം അടിച്ചു, ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു കൊണ്ട് തിരിഞ്ഞപ്പോഴാണ്, മുറ്റത്തൊരു മൈനയെപ്പോലെ മുല്ലശ്ശേരി കാർത്തിക് കൃഷ്ണ ന്റെ മുന്നിൽ വന്ന് നിൽക്കുന്നത് ഞാൻ കണ്ടത്….

ഒരുവനെ തന്നെ നിനച്ചിരിക്കുമ്പോൾ, മുന്നിൽ വരുന്നവരെല്ലാം അവൻ തന്നെ എന്ന വിശ്വാസത്തിൽ ഞാനത് ചിരിച്ചു തള്ളുവാൻ നോക്കിയെങ്കിലും, പിന്നീടാണ് എനിക്ക് ബോധോദയം ഉണ്ടായത്……

മുൻപിൽ നിൽക്കുന്നത് കാർത്തികേട്ടൻ തന്നെയാണ്….

ഇത്തിരി മുൻപ് പാടവരമ്പത്തു നിന്ന അതേ പൊസിഷൻ….
അതേ ചിരി….

“യ്യോ “….

ഞാൻ ഒന്നെ നോക്കിയുള്ളൂ ആ മൊതലിനെ…..

രണ്ടടി പിന്നിലേക്ക് നീങ്ങി വൈറ്റ് ബോർഡിലേക്ക് പുറം ചേർത്ത് വെച്ചങ്ങു നിന്നു….

ഞാനതിൽ എഴുതിയേക്കുന്നതൊക്കെ ഈ കശ്മലൻ വായിച്ചാൽ, അടുത്ത ജന്മത്തേക്കുള്ള കളിയാക്കലിന്റെ ടെണ്ടർ കൂടെ ഇങ്ങേരു ഈ ജന്മത്തിൽ തന്നെ എടുത്തു വെയ്ക്കും….

ഇങ്ങേരു കണ്ണി ചോര ഇല്ലാത്തവനാണ്…..

ഞാനെന്റെ പുറം കൊണ്ട് മെല്ലെ ബോർഡിൽ ഉരച്ചു തുടങ്ങി…..

“വെറുതെ നിന്റെ ഉടുപ്പ് ചീത്തയാക്കണ്ട….
നിന്റെ എഴുത് തുടങ്ങിയപ്പോ തൊട്ട് ഞാനിവിടെ ഉണ്ടാരുന്നു”….

ഉടുത്ത മുണ്ട് അഴിച്ചു കുത്തിക്കൊണ്ട് ആശാൻ പറഞ്ഞതും, ഭൂമി പിളർന്നു ഒന്ന് താഴേക്ക് പോയെങ്കിൽ എന്ന് വരെ ഞാൻ ആഗ്രഹിച്ചു….

“കണ്ടല്ലേ?”….

ഞാൻ നിന്നിടത്തു തന്നെ നിന്നുകൊണ്ട് കുച്ചിപ്പുടിയും ഭരതനാട്യവും ഓടീസിയും എല്ലാം കളിച്ചു…..

“നല്ല വൃത്തിയായിട്ട് “….

മീശ പിരിച്ചുകൊണ്ടു ന്റെ അടുത്തേക്ക് വരുന്നവനെ കണ്ട്, പിന്നിലേക്കിനി നീങ്ങാൻ പറ്റാതെ ഞാൻ നിന്നു…..

“അതൊക്കെ ഞാൻ…. വെറുതെ…. ഒരു വട്ടിനു”….

എനിക്കെന്തൊക്കെയോ അങ്ങേരോട് പറയണം എന്നൊക്കെ ഉണ്ടായിരുന്നു…

പക്ഷെ, അങ്ങേരെ കാണുമ്പോഴുള്ള പതിവ് വിറയൽ സൂക്കേട് നാണമില്ലാതെ എന്റെ ദേഹത്തേക്ക് പൊടുന്നനെ വലിഞ്ഞു കേറി വന്നു…..

“അപ്പൊ ന്റെ കെട്ട് നടക്കാതെ ഇരിക്കാൻ മുട്ടെല് കൂടോത്രം ചെയ്യുവെന്ന് നീ പറഞ്ഞതോ?”….

എന്റെ മുഖത്തേക്ക് ഒരു ശ്വാസം അകലത്തിൽ അങ്ങേരു മുഖം അടുപ്പിച്ചു വെച്ചോണ്ട് ചോദിച്ചു….

“ന്റെ ദേവീ….
നാണക്കേട്….
ഇങ്ങേരു എല്ലാം കേട്ടു”….

കാർത്തിയേട്ടനെ നോക്കാൻ വയ്യാതെ ഞാനങ്ങങ്ങു കണ്ണടച്ച് പിടിച്ചു…..

നോക്കിയാൽ അല്ലേ നാണം വരൂ….
നോക്കിയാൽ അല്ലേ ചമ്മല് വരൂ….
എന്നോടാ കളി….

ഞാനങ്ങനെ മനസ്സിൽ ചിന്തിച്ചു, സ്വയം സമാധാനിക്കാൻ ശ്രമിച്ചുകൊണ്ട് ഇരുന്നപ്പോഴാണ്, ന്റെ ദേഹത്തിനു മുകളിലേക്ക് ഒരു ഭാരം അനുഭവപ്പെടുന്നതുപോലെ എനിക്ക് തോന്നിയത്…..

കണ്ണ് തുറക്കാതെ തന്നെ അറിയാൻ കഴിഞ്ഞു, അതെന്റെ കാർത്തിയേട്ടൻ ആണെന്ന്…..

ഏട്ടൻ എന്റെയല്ലല്ലോ എന്നൊരു ചിന്ത പൊടുന്നനെ ന്റെ മനസ്സിലേക്ക് വന്നതും, ഞാൻ പെട്ടെന്ന് തന്നെ അങ്ങേരെ ന്റെ ദേഹത്ത് നിന്നും സങ്കടത്തോടെ തള്ളി മാറ്റാൻ നോക്കി…..

അല്ലെങ്കിൽ തന്നെ നമ്മടെ സങ്കടം നമ്മള് മാത്രം അറിഞ്ഞാൽ പോരെ?….

“എങ്ങോട്ടാടി കരി വണ്ടേ നീയോടുന്നത്?”….

ആശാനിപ്പോ എന്നെ കെട്ടി പിടിച്ചിരിക്കുകയാണെന്നുള്ള യാഥാർഥ്യം അറിഞ്ഞതും, ഞാൻ വീണ്ടും ഞെട്ടി പോയി….

വൃത്തികെട്ടവൻ….
വേറൊരുത്തിയെ കെട്ടാൻ പോകുന്നവനാ, എന്നെ കേറി പിടിച്ചിരിക്കുന്നത്….

“മാറിക്കേ”….

എനിക്കപ്പോൾ ദേഷ്യം വന്നിരുന്നു….

“ഇല്ലെങ്കിലോ?”….

എന്നെ ഒന്നും കൂടി ഇറുക്കെ പുണരുകയാണ് കാർത്തിയേട്ടനപ്പോൾ ചെയ്തത്….

“ഇതെന്റെ കാർത്തിയേട്ടനല്ല..
ന്റെ കാർത്തിയേട്ടൻ ഇങ്ങനല്ല…
ന്റെ അപ്പച്ചീടെ മോന് ഇത്രേം ചീപ്പവാൻ പറ്റില്ല “….

എനിക്കങ്ങു സങ്കടം വന്ന് പോയി….

ഞാനങ്ങേരുടെ കയ്യിൽ കിടന്നു കുതറി…..

“എങ്ങോട്ടേക്കാ പോണേ…
ന്റെ കല്യാണത്തിന് കൂടോത്രം വെക്കാൻ വേണ്ടിയാണോ മോളെ “…..

ന്റെ ചെവിയോരം ആളിന്റെ ചുണ്ടുകൾ ചേർന്നതും, ഞാൻ പിടഞ്ഞു പോയിരുന്നു…..

“കാർത്തിയേട്ടൻ മാറിക്കെ…
എനിക്ക് പോണം…
എന്നെ വിട്ടില്ലെങ്കിൽ ഞാനിവിടെ കിടന്നു കാറി കൂവും “…..

സങ്കടവും ദേഷ്യവും കൊണ്ട് എനിക്കെന്നെ തന്നെ സ്വയം നിയന്ത്രിക്കുവാൻ പറ്റുന്നുണ്ടായിരുന്നില്ല അപ്പോൾ…..

“നീ കാറുവോ, കൂവുവോ എന്തു വേണേലും ചെയ്തോ….
എനിക്കൊരു പ്രശ്നോം ഇല്ല….
കെട്ടാൻ പോണ പെണ്ണിനെ ഒന്ന് കെട്ടിപ്പിടിക്കാനുള്ള അവകാശം പോലും എനിക്കില്ലേ…. ഹേ?”…..

കാർത്തികേട്ടൻ അതും പറഞ്ഞുകൊണ്ട് ചിരിച്ചപ്പോഴും, കേട്ടത് ശരിയാണോ എന്നറിയാൻ വയ്യാതെ ഞാനാ മുഖത്തേക്കും നോക്കി കണ്ണും മിഴിച്ചു നിൽക്കുകയായിരുന്നു…..

കാർത്തിയേട്ടൻ എന്നെയാണോ കെട്ടാൻ പോണത്?….

അപ്പൊ ഞാനാണോ ഏട്ടൻ കെട്ടാൻ പോണ ആ സുന്ദരി?..

ഇതൊന്നും അറിയാതെയാണോ ഇത്രേം നേരവും ഞാൻ സങ്കടപ്പെട്ട് നടന്നത്……

ശ്ശെ….
ഞാൻ ശരിക്കും ഒരു പൊട്ടി തന്നെയാണല്ലേ?….

എനിക്ക് സന്തോഷം സഹിക്കാൻ വയ്യാതെ കരച്ചിൽ വരുന്നുണ്ടായിരുന്നു…..

“ന്താടി കരി വണ്ടേ….
നിനക്കിപ്പോ കാറണ്ടേടി?….
കൂവണ്ടേടി?”….

ആളെന്നെ വൈറ്റ് ബോർഡിലേക്ക് അമർത്തി വെച്ചുകൊണ്ടാണ് ഈ ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്……

ഒന്നിന് പത്തു തിരിച്ചു പറയുന്ന എന്റെ നാവിനു, എപ്പോഴാണോ കെട്ടു വീണത്……

എനിക്ക് വർത്താനം പറയാൻ പോയിട്ട് വായ ഒന്ന് തുറക്കാൻ പോലും പറ്റുന്നുണ്ടായിരുന്നില്ലപ്പോൾ …

കേട്ടത് വിശ്വസിക്കുവാൻ ആവാതെ തറഞ്ഞു നിൽക്കുകയായിരുന്നു ഞാനപ്പോഴും ……

സന്തോഷം വന്നാലും, സങ്കടം വന്നാലും, ടെൻഷൻ വന്നാലും സഹിക്കാൻ വയ്യാത്ത ന്റെ വയറു, ചോറിനു വേണ്ടി മുറവിളി കൂട്ടിയത് എനിക്ക് മാത്രേ അറിയാനപ്പോൾ പറ്റുന്നുണ്ടായിരുന്നുള്ളൂ…..

“ന്റെ പൊന്ന് വയറേ…
ഞാനൊന്നിതിരി നേരം ഇങ്ങേരെയൊന്ന് വായി നോക്കിക്കോട്ടെ?”…..

ന്റെ വയറിനെ ആദ്യമായി ഞാൻ വഴക്ക് പറഞ്ഞ ദിവസം അന്നായിരുന്നു…..

അതും, ന്റെ കാർത്തിയേട്ടന് വേണ്ടി……

കാത്തിരിപ്പില്ല……..

കടപ്പാട്…
RDN

✍️ സുബിഷ

Leave a Reply

Your email address will not be published. Required fields are marked *