✍️ ശാലിനി
“മോള് കാണിച്ചു വെച്ചേക്കുന്ന പ്രവർത്തികൾ എന്തൊക്കെയാണെന്ന് ഇപ്പൊഴെങ്കിലും നിനക്ക് മനസ്സിലായോ.. അന്ന് ഞാൻ പറഞ്ഞപ്പോൾ നീയെന്നോട് ചാടിക്കടിക്കാൻ വന്നു. അമ്മ വേലി ചാടിയാല് മോള് മതിലും ചാടുമെന്ന് പറയുന്നത് വെറുതെ അല്ല.
അനുഭവിച്ചോ രണ്ടും.”
അമ്മയുടെ ശാപവാക്കുകൾ കേട്ട് കേട്ട് അർച്ചനയ്ക്ക് മതിയായി. എവിടെ എങ്കിലും പോയി ചത്തു കളഞ്ഞാലോ എന്ന് പലവട്ടം ചിന്തിച്ചു. പിന്നെയും പിന്തിരിഞ്ഞു പോരുന്നത് തന്റെ ഇളയ മകനെ ഓർത്ത് മാത്രമാണ്.
പാവം !
ഈ അമ്മയും കൂടി ഇല്ലാണ്ടായാൽ അവൻ തകർന്നു പോകും.സ്വന്തം അമ്മയുള്ളത് നാഴികയ്ക്ക് നാല്പത് വട്ടവും മകളെ അധിക്ഷേപിക്കുന്നതിൽ മാത്രം സന്തോഷം കാണുന്ന ഒരെണ്ണം.
അല്ലാ അമ്മയെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
ആ അമ്മയുടെ സ്ഥാനത്ത് ഇപ്പോൾ താനാണ്..
താനെങ്ങനെയൊക്കെ അമ്മയെ വേദനിപ്പിച്ചിട്ടുണ്ടോ, അപമാനിച്ചിട്ടുണ്ടോ അതിന്റെയൊക്കെ നൂറിരട്ടി തനിക്ക് ദൈവംതിരിച്ചു നൽകിയിരിക്കുന്നു..!!
അവനവൻ ചെയ്യുന്ന ഫലം അവനവൻ തന്നെ അനുഭവിക്കണം.
“അമ്മേ,എന്നെയിങ്ങനെ പഴി പറഞ്ഞിട്ട് ഇനിയും നിങ്ങൾക്ക് മതിയായില്ലേ. ഇതുകൊണ്ട് എന്ത് സംതൃപ്തിയാണ് നിങ്ങൾക്ക് കിട്ടുന്നത്. ഞാൻ ഒരു തെറ്റ് ചെയ്തു. സമ്മതിച്ചു, അത് ആ പ്രായത്തിന്റെ ചാപല്യം കൊണ്ട് സംഭവിച്ചു പോയതാണ്. ലോകത്ത് ഞാനൊറ്റ ഒരുത്തിയല്ലല്ലോ പ്രേമിച്ചവന്റെ കൂടെ ഇറങ്ങിപ്പോയത്.
അതൊക്കെ കഴിഞ്ഞു പോയിട്ട് ഇപ്പോൾ നാളുകൾ എത്രയോ കഴിഞ്ഞിരിക്കുന്നു.
ഇനിയും ആ കണ്ണുകളോടെ എന്നെയിങ്ങനെ കാണരുത്..”
“എന്നെക്കൊണ്ട് കൂടുതൽ ഒന്നും നീയ് പറയിപ്പിക്കരുത് കേട്ടല്ലോ.. പ്രേമിച്ചവന്റെ ഒപ്പം ഇറങ്ങിപ്പോയത് മാത്രമാണോ നീ ചെയ്ത തെറ്റ്..?
ലോകത്ത് പലരും പ്രേമിച്ചിട്ടുണ്ട്. അവരൊന്നിച്ചു ജീവിച്ചിട്ടുമുണ്ട്.. പക്ഷെങ്കില് നീ ആ പ്രവൃത്തിയാണോ ചെയ്തത്.. ഇപ്പോൾ നിനക്ക് വേദന തോന്നുന്നുണ്ട് അല്ലേ.. ഇതേ വേദനയും, അപമാനവുമാണ് അന്ന് ഞാനും നിന്റെ അച്ഛനും അനുഭവിച്ചത്.
അങ്ങേര് ഇതൊന്നും കാണാതെ നേരത്തെയങ്ങു പോയി..അല്ല രക്ഷപെട്ടു. എന്നെ പിന്നെയും ബാക്കി വെച്ചിരിക്കുന്നു.
എല്ലാം കാണാനും കേൾക്കാനും.മുന്ജന്മ പാപം..”
“അമ്മ എന്നെ ഒരു മകളായിട്ട് കാണാൻ ശ്രമിക്ക്. എങ്കിലേ എന്നോട് ഒരു സ്നേഹമൊക്കെ തോന്നൂ.എന്റെ ഭാഗത്തു നിന്ന് ചിന്തിക്കാൻ കഴിയൂ.”
“ഹഹഹ.. നിന്നെ ഒരു മകളായി കണ്ടത് കൊണ്ട് മാത്രമാണ് ഞാൻ ഇത്രയും നാള് നിന്നെ കൂടെ നിർത്തി തീറ്റിപ്പോറ്റിയത്. നിന്റെ രണ്ട് പിള്ളേർക്ക് കൂടി ചിലവിനു കൊടുക്കുന്നത്. അതിന്റെയൊരു നന്ദി ലവലേശം പോലും നിനക്കില്ല എന്നറിയാം.
പിന്നെ, നീ ചോദിച്ചല്ലോ ഞാൻ ഇപ്പോൾ എന്തിനാണ് നിന്നോട് വഴക്കിനു വരുന്നതെന്ന്.. അതിന്റെ കാരണവും നിനക്ക് നന്നായിട്ടറിയാം. എങ്കിലും അത് എന്റെ വായിൽ നിന്ന് തന്നെ നിനക്ക് കേൾക്കണം അല്ലേ..?
നീ കൊഞ്ചിച്ചു വളർത്തിയ പെങ്കൊച്ച് ഇപ്പോൾ എവിടെയുണ്ടെന്നു വല്ല നിശ്ചയവും നിനക്ക് ഉണ്ടോ..
അതിനെ ഇങ്ങനെ അഴിച്ചു വിടരുതെന്നു ഞാൻ എത്ര വട്ടം അവള് കേൾക്കെ പോലും പറഞ്ഞിട്ടുള്ളതാണ്. അല്ലെന്ന് നീ നിഷേധിക്കുന്നുണ്ടോ.
ഇപ്പോൾ തോന്നുന്നുണ്ടോ അന്ന് അമ്മ പറഞ്ഞപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നെന്ന്. ഇനി കിടന്നു നിലവിളിച്ചിട്ട് ഒരു കാര്യവുമില്ല.കൊച്ചു പെണ്ണാണ്.. എവിടെയാ എന്താന്ന് വല്ല വിവരവുമുണ്ടോ..!
ഇനി ആർക്കറിയാം ജീവിച്ചിരിപ്പുണ്ടോ…..”
“അമ്മേ…. ഒന്ന് നിർത്തുന്നുണ്ടോ.
പറഞ്ഞു പറഞ്ഞു എന്ത് വേണമെങ്കിലും പറയാമെന്നായോ. ഇനി അവളുടെ കാര്യം ഈ വീട്ടിൽ മിണ്ടി പോയേക്കരുത്.. സഹിക്കുന്നതിനു ഒരു പരിധിയൊക്കെയുണ്ട്, പറഞ്ഞേക്കാം.
അമ്മയുടെ നേർക്ക് അട്ടഹാസം മുഴക്കിയിട്ട് അർച്ചന അകത്തേയ്ക്ക് കയറി പോയി.
അസഹ്യതയോടെ അവൾ മുറിക്കുള്ളിൽ കയറി വാതിൽ വലിച്ചടച്ചു.
തന്റെ ഹൃദയം ഉരുകുന്നതോ, കണ്ണ് നീർ പ്രളയങ്ങളോ ഒന്നും അമ്മ കാണണ്ട.
അമ്മയുടെ കണ്ണിൽ ഞാൻ എപ്പോഴും വെറുമൊരു ഹൃദയശൂന്യയാണ്.
പിഴച്ചവളാണ്. സ്വന്തം മകളെ അഴിഞ്ഞാടാൻ വിട്ടവളാണ്..
അവൾക്ക് പൊട്ടിക്കരയാൻ തോന്നി.
മുറിയിൽ ചാർജ്ജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോൺ എടുത്തു.
ഏതോ ഒരു നമ്പറിൽ നിന്ന് മൂന്ന് മിസ്സ്ഡ് കോളുകൾ..!
ഇത് ആരുടേതായിരിക്കും..
പത്തൊൻപത് വയസ്സായ മകൾ തനിക്കുണ്ടെന്ന് ആരും പറയില്ല എന്ന് പലരും പറയുന്നത് കേൾക്കുമ്പോൾ ഒരഭിമാനമൊക്കെ തോന്നാറുണ്ടായിരുന്നു.
പക്ഷെ, ഇന്ന് അങ്ങനെ ഒരു മകൾ കാരണം പുറത്തോട്ട് പോലും ഇറങ്ങാൻ കഴിയാതെ ഉരുകിത്തീരുകയാണ്.
ആരതിയും, അഭിജിത്തും രണ്ട് മക്കളാണ് അർച്ചന എന്ന നാല്പത്തി അഞ്ചുകാരിക്ക്. അർച്ചനയുടെ കല്യാണം അതൊരു കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു.
കാണാൻ നല്ല ഭംഗിയുള്ള കുട്ടിയായിരുന്നത് കൊണ്ട് ഡിഗ്രി കഴിഞ്ഞതും അവൾക്ക് പലയിടത്തും നിന്നും നല്ല നല്ല വിവാഹ ആലോചനകൾ വന്നു തുടങ്ങിയിരുന്നു.
അർച്ചനയുടെ അച്ഛന് ടൗണിൽ ചെറിയൊരു ഹോട്ടലുണ്ടായിരുന്നു.
അമ്മയ്ക്ക് തയ്യൽ ജോലിയും. അർച്ചനയ്ക്ക് മൂത്ത ഒരു സഹോദരൻ കൂടിയുണ്ട്. അയാൾക്ക് പ്ലസ് ടു കഴിഞ്ഞതും മിലിട്ടറിയിൽ ജോലി കിട്ടി പോയിരുന്നു.
വരുന്ന ആലോചനകൾ ഒന്നും അവൾക്ക് പിടിക്കാറില്ല. ഓരോ കുറ്റങ്ങൾ പറഞ്ഞു കൊണ്ട് അതെല്ലാം ഒഴിവാക്കി.
ഒടുക്കം അച്ഛൻ വാസുദേവന് അവളെ ഭീഷണിപ്പെടുത്തേണ്ടി വന്നു.
തനിക്കു പ്രായം കൂടി വരികയാണ്. കിടപ്പിലാകുന്നതിനു മുൻപ് ഏക മകളുടെ വിവാഹം നടന്നു കാണാൻ ആഗ്രഹമുണ്ട്. ഇനിയും തടസ്സം പറഞ്ഞാൽ താൻ വീട് വിട്ടു പോകുമെന്നും, അമ്മയും മക്കളും വഴിയാധാരമാകുമെന്നും അയാൾ അന്ത്യ ശാസനം പോലെ പറഞ്ഞു. അച്ഛൻ പറഞ്ഞാൽ പറഞ്ഞതാണ്. അച്ഛനില്ലാത്ത വീട്ടിൽ താനും ഒരു നിമിഷം പോലും നിൽക്കില്ലെന്ന് അമ്മയും കട്ടായം പറഞ്ഞു.
ഒടുവിൽ അവൾക്ക് സമ്മതം മൂളേണ്ടി വന്നു..
അങ്ങനെ ഒരു ഞായറാഴ്ച്ച അർച്ചനയെ പെണ്ണ് കാണാൻ നാലഞ്ച് പേര് വന്നു.
പയ്യൻ ഒരു ഗവണ്മെന്റ് സ്കൂളിൽ പ്യൂൺ ആണ്.കാണാനും തരക്കേടില്ല. അച്ഛനും അമ്മയും മൂന്ന് ആണ്മക്കളും അടങ്ങിയത് ആണ് അവരുടെ കുടുംബം. രണ്ടാമത്തെ പയ്യനാണ് ചെക്കൻ. മൂത്ത ചേട്ടൻ കുടുബത്തോടൊപ്പം പുതിയ വീട് വെച്ചു മാറിതാമസിക്കുന്നു.. ഇളയ അനിയൻ ഡിഗ്രിക്ക് കോളേജിൽ പഠിക്കുന്നു.
വാസുദേവന് നന്നേ ബോധിച്ചു ആ വിവാഹാലോചന..ഒരു പ്യൂൺ ആണെങ്കിലെന്ത് ഗവണ്മെന്റ് ജോലിയല്ലേ.. എത്ര രൂപ ശബളം കിട്ടുമെന്ന് അറിയുമോ. പിന്നെ മരണം വരെ പെൻഷനും വാങ്ങിക്കാം. ഇന്നത്തെ കാലത്ത് ഒരു ഗവണ്മെന്റ് ജോലിയുള്ള പയ്യനെ കിട്ടാൻ ഭാഗ്യം ചെയ്യണം.
അയാൾ വീട്ടിൽ എല്ലാവരും കേൾക്കെയാണ് അത് പറഞ്ഞത്.
പക്ഷെ അർച്ചനയുടെ മുഖം മാത്രം വാടിയിരുന്നു. ആരും അതങ്ങോട്ട് ശ്രദ്ധിച്ചതുമില്ല.
അവൾ ആ നാട്ടിലെ തന്നെയുള്ള ഒരു കേബിൾ ജോലിക്കാരനായ പ്രവീണുമായി ഭയങ്കര ഇഷ്ടത്തിലാണ്.
അവളെയും കൊണ്ട് അയാൾ പലയിടങ്ങളിലും ആരും അറിയാതെ കൂട്ടിക്കൊണ്ട് പോയിട്ടുമുണ്ട്..
അർച്ചന ടൗണിലുള്ള ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ പഠിക്കാൻ പോയ നാളുകളിൽ തുടങ്ങിയ പ്രണയമാണ്. അവളുടെ വീട്ടിൽ ഇന്നേവരെ ആരും അറിഞ്ഞിട്ടില്ല ഈ കാര്യം. അച്ഛന്റെ ഹോട്ടലിൽ വരുന്നവർ ആരെങ്കിലും കണ്ടാൽ പറഞ്ഞു കൊടുക്കുമെന്ന് നല്ല ബോധ്യമുള്ളത് കൊണ്ട് കണ്ട് മുട്ടലുകളൊക്കെ മറ്റൊരു സ്ഥലത്തു വെച്ചായിരുന്നു..
കേബിൾ നന്നാക്കാനായി പ്രവീൺ പല പ്രാവശ്യം ആ പരിസരത്തൊക്കെ വരാറുള്ളതാണ്.പക്ഷെ തമ്മിലുള്ള സംസാരമൊക്കെ ഫോണിലൂടെയായിരുന്നു.
ക്ലാസ്സുള്ള ദിവസങ്ങളിൽ പ്രവീൺ അവളെയും കൊണ്ട് ഐസ്ക്രീം കഴിക്കാനായി വലിയ ബേക്കറികളിലും മറ്റും കൊണ്ട് പോകും.
പക്ഷെ, ഒരിക്കൽ അവരുടെ കള്ളത്തരം കണ്ട് പിടിക്കപ്പെട്ടു. അവർ രണ്ട് പേരും ടൗണിൽ കറങ്ങുന്ന വിവരം വാസുദേവൻ അറിയാനിടയായി. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന ഒരു സുഹൃത്ത് അയാളോട് ഈ കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തി. അയാൾ പലയിടത്തും വെച്ച് അവരെ രണ്ട് പേരെയും കണ്ടിട്ടുണ്ട് എന്ന് പറഞ്ഞു. അയാൾക്ക് അതൊരു വലിയ അപമാനവും തകർച്ചയുമായിരുന്നു.
സ്വന്തം മകളെ ഇന്നേവരെ മറ്റൊരു തരത്തിലും സംശയിച്ചിരുന്നില്ല. എന്നിട്ടും അവളിങ്ങനെ ഒരു പ്രവൃത്തി ചെയ്തത് അയാളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു.
അന്ന് നേരത്തെ ഹോട്ടൽ അടച്ചു. രാത്രി വീട്ടിൽ ഭയങ്കര ചോദ്യം ചെയ്യലും അടിയും ബഹളവും നടന്നു.
ഇനി പഠിക്കാനെന്നും പറഞ്ഞു വീടിനു പുറത്ത് ഇറങ്ങുന്നത് കാണട്ടെ എന്ന് പറഞ്ഞു കൊണ്ട്. അയാൾ അവളെ മുറിയിൽ പൂട്ടിയിട്ടു.
പെണ്ണ് കണ്ടിട്ട് പോയവർ ബാക്കിയുള്ള ചടങ്ങുകൾക്കായി തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. നിശ്ചയം വലിയ ചടങ്ങുകൾ ഒന്നും ഇല്ലാതെയും അധികം ആരോടും പറയാതെയുമാണ് നടത്തിയത്.
എന്നാൽ കല്യാണം വളരെ പെട്ടെന്ന് തന്നെ നടത്തുമെന്ന് അർച്ചന സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
രാത്രിയിൽ മൊബൈൽ ഫോണിൽ നിന്ന് അവൾ പ്രവീണിന് മെസ്സേജ് അയക്കും.. പക്ഷെ. പിന്നീട് അതെല്ലാം ഒരു തെളിവ് പോലും വെയ്ക്കാതെ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കല്യാണമാണ് പെണ്ണിന്റെ മേൽ ഒരു കണ്ണ് വേണം എന്ന് പറഞ്ഞിട്ടാണ് അയാൾ കടയിൽ. പോയിരുന്നത്.
മകളെ പേടിച്ച് മുറി രാത്രിയിൽ പുറത്ത് നിന്നും പൂട്ടിയിട്ടാണ് അവർ കിടന്നിറങ്ങിയിരുന്നത്.
അർച്ചന ശരിക്കും ഒരു തടവറയ്ക്കുള്ളിൽ പെട്ടത് പോലെയായി.
കല്യാണത്തിന് ഡ്രസ്സ് എടുക്കാൻ പോയപ്പോഴും അച്ഛൻ അമ്മയെ പ്രത്യേകം പറഞ്ഞു ചട്ടം കെട്ടിയിരുന്നു. മോളുടെ ഒപ്പം തന്നെ ഉണ്ടാവണം എന്ന്.അമ്മ ഇടം വലം വിടാതെ തന്റെയൊപ്പം നിന്നപ്പോൾ ചില നേരത്ത് അമ്മയോട് തട്ടിക്കയറേണ്ടി വന്നു..
നീയെന്തൊക്കെ പറഞ്ഞാലും നിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ല എന്ന് അമ്മ അവളെ ഇടയ്ക്ക് ഇടെ വാശി കേറ്റുകയും ചെയ്തു.
അർച്ചന ദിവസങ്ങൾ ചെല്ലുതോറും ആ സത്യം മനസ്സിലാക്കി. ഇനി തനിക്കൊരു രക്ഷപ്പെടൽ ഇല്ല. ഇതോടെ തന്റെ ജീവിതത്തിന്റെ കാര്യത്തിൽ തീരുമാനമായി..
രാത്രിയിൽ ഇറങ്ങി വരാനും, എവിടെ എങ്കിലും പോയി ഒന്നിച്ചു ജീവിക്കാമെന്നും പ്രവീൺ അവളെ ഒരു ദിവസം അറിയിച്ചു . പക്ഷെ മുറിക്കുള്ളിൽ നിന്ന് പുറത്തോട്ട് ഇറങ്ങുന്ന കാര്യം അസാധ്യമായിരുന്നു.
തനിക്ക് ഇനി ഒരിക്കലും അയാളെ കാണാൻ കഴിയുമോ എന്ന് പോലും അവൾ സംശയിച്ചു.
കല്യാണം വളരെ ഗംഭീരമായി തന്നെ നടന്നു. വാസുദേവൻ തന്റെ ഒരേയൊരു മകളെ സർവ്വാഭരണ വിഭൂഷിതയായിട്ടാണ് കല്യാണപ്പന്തലിലേയ്ക്ക് ഇറക്കിയത്..
അന്ന് കല്യാണച്ചെറുക്കന്റെയൊപ്പം യാത്ര പറഞ്ഞു പോകുമ്പോൾ അവൾ കരഞ്ഞില്ല.അവളുടെ ഉള്ളിൽ എല്ലാവരോടും പകയായിരുന്നല്ലോ. തന്റെ ഇഷ്ടങ്ങളെ അറത്തു മുറിച്ചു മാറ്റിയവരെ അവൾ വെറുത്തു പോയിരുന്നു.
അന്ന് വൈകുന്നേരം ഭർത്താവിന്റെ വീട്ടിൽ വെച്ച് അവൾ അമ്പലത്തിൽ പോകണം ഒരു വഴിപാട് ഉണ്ടെന്ന് പറഞ്ഞു. അതിനെന്താ നമുക്ക് ഒന്നിച്ചു പോകാമെന്ന് പറഞ്ഞു അയാളും അവൾക്കൊപ്പം ചെന്നു.. പൂജാ സാധനങ്ങൾ വാങ്ങിക്കാനെന്ന് പറഞ്ഞു അവൾ ക്ഷേത്രത്തിന്റെ പുറത്തുള്ള കടയിലേക്ക് ഒറ്റയ്ക്കായിരുന്നു പോയത്.
അവൾ വരുന്നതും കാത്ത് അകത്തു നിന്നിരുന്ന അയാൾ ഏറെ വൈകിയാണ് താൻ ചതിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അവൾ ആരുടെയോ ഒപ്പം ഒരു കാറിൽ കയറി പോകുന്നത് കണ്ടവർ അയാളോട് സാക്ഷ്യം പറഞ്ഞു..
പിന്നീട് അയാളെക്കുറിച്ച് ഒരു വിവരവും അർച്ചന അറിഞ്ഞില്ല. അറിയാൻ ആഗ്രഹിച്ചതുമില്ല.
പ്രവീണിന്റെ ഒപ്പം പോയത് ഭോപ്പാലിലേയ്ക്ക് ആയിരുന്നു. പ്രവീണിന്റെ ഒരു സുഹൃത്ത് അവിടെ കുടുംബമായി താമസിക്കുന്നുണ്ടായിരുന്നു. അവിടെ അവർക്ക് ഒരു വീട് എടുത്തു കൊടുക്കുകയും, പ്രവീണിനും അർച്ചനയ്ക്കും ഒരു ജോലി വാങ്ങിച്ചു കൊടുക്കുകയും ചെയ്തു.
പതിനൊന്നു വർഷം അവരൊരുമിച്ചു ജീവിച്ചു. ഒരു മകളും മകനും അവർക്കുണ്ടായി.
പിന്നീട് എപ്പോഴോ പ്രവീണിന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റം കണ്ട് അർച്ചനയ്ക്ക് സംശയം തോന്നി. അയാൾക്ക് മറ്റാരെങ്കിലുമായി അടുപ്പം ഉണ്ടോ.. എപ്പോഴും ആരോടെങ്കിലും സംസാരമാണ് ഫോണിൽ.
രാത്രിയിൽ ഒന്ന് ഉറങ്ങി എഴുന്നേറ്റു നോക്കുമ്പോൾ അയാളെ കാണാനില്ലായിരുന്നു.പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. ചോദ്യം ചെയ്തപ്പോൾ ഇഷ്ടം ഉള്ള ആളിന്റെ അടുത്ത് പോകുന്നു. അത് ചോദിക്കാൻ നീയാരാണ് എന്ന് മറു ചോദ്യമാണ് അയാൾ ചോദിച്ചത്.
അങ്ങനെ ഒരു ദിവസം അതും സംഭവിച്ചു.
അയാൾ ഏതോ ഒരു മാർവാടി പെണ്ണിന്റെ ഒപ്പം എങ്ങോട്ടോ പോയെന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയി.
തന്റെ അച്ഛന്റെയും അമ്മയുടെയും ശാപം ഒരു നിഴലു പോലെ പിന്നാലെയുണ്ടെന്ന് അവൾ സ്വയം തിരിച്ചറിഞ്ഞു.
രണ്ട് പിള്ളേരെയും കൊണ്ട് കുറേ നാൾ എന്തൊക്കെയോ ജോലികൾ ചെയ്തു ഒരു വിധം പിടിച്ചു നിന്നു. പിന്നീട് എന്തും വരട്ടെയെന്ന് കരുതി നാട്ടിലേയ്ക്ക് വണ്ടി കയറി..
അച്ഛൻ മരിച്ചു പോയിരുന്നു. അമ്മ മുടിയെല്ലാം നരച്ച് പ്രായമായി. തന്റെയും പിള്ളേരുടെയും അന്നത്തെ കോലം കണ്ടിട്ടാണോ എന്നറിയില്ല കൂടുതൽ ഒന്നും ചോദിക്കുകയും പറയുകയും ചെയ്തില്ല.
നാട്ടുകാർ പലതും പറഞ്ഞു. അമ്മയെ കുറ്റപ്പെടുത്തി.. ഏട്ടനോട് വിളിച്ചു കാര്യം പറഞ്ഞു..
പക്ഷെ അമ്മ പറഞ്ഞത് കേട്ട് അർച്ചന അന്ന് ഞെട്ടി..
“ഞങ്ങളോട് അവൾ ചെയ്ത തെറ്റിന്റെ ശിക്ഷ ദൈവം അവൾക്ക് കൊടുത്തു കഴിഞ്ഞു. ഇനി ഞാനായിട്ട് എന്തെങ്കിലും ചെയ്താൽ അവളും ഞാനും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്. എങ്ങനെ എങ്കിലും കഴിഞ്ഞു പോട്ടെ. ഇതൊന്നും ആരും എങ്ങും കൊണ്ടുപോകില്ലല്ലോ. ഇവിടെ കഴിയുന്ന ഓരോ നാളുകളിലും അവൾ പശ്ചാത്താപം കൊണ്ട്. എരിഞ്ഞു നീറണം.
അന്ന് മുതൽ അമ്മ തനിക്കും പിള്ളേർക്കും ചിലവിനു തരുന്നുണ്ട്. പറയേണ്ടതൊക്കെ പറയുന്നുമുണ്ട്.
കേൾക്കാൻ താൻ ബാധ്യസ്ഥ ആയത് കൊണ്ട് എല്ലാം സഹിക്കുന്നു.
പക്ഷെ, ഇനിയും തീരാത്ത പരീക്ഷണങ്ങൾ
താങ്ങാൻ തനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. എന്നെങ്കിലും ഒരിക്കൽ ഇതിനെല്ലാം ഒരവസാനം വേണ്ടേ..
ഇന്നിപ്പോ തന്റെ മകളും തന്നെ തോൽപ്പിച്ചിരിക്കുന്നു..
പ്ലസ് ടു കഴിഞ്ഞു നഴ്സിങ്ങിന് ചേരാൻ ബാംഗ്ലൂർക്ക് കൊണ്ട് പോകാൻ ഇരുന്നതാണ് അടുത്ത ആഴ്ച്ച.
എന്നിട്ടാണ് അവളീ പണി കാണിച്ചത്.
എന്തൊക്കെയോ ചുറ്റിക്കളി കൾ ഉള്ളതായിട്ട് തോന്നിയിരുന്നു.
ഏത് നേരവും ഫോണിൽ മുറിയടച്ചിട്ട് ഫോണിൽ സംസാരമാണ്. പല വട്ടം വാണിംഗ് കൊടുത്തു. എന്നിട്ടും അവൾക്കൊരു കൂസലുമില്ല.. ആൺകുട്ടികളോടൊപ്പം പലയിടത്തും കറങ്ങി നടക്കുന്ന മകളെ നിലക്ക് നിർത്താൻ അമ്മയും പലതവണ ഉപദേശിച്ചതാണ്.
ഒരിക്കൽ അവളെ തല്ലേണ്ടി വന്നു. അന്ന് അവൾ തന്റെ നേർക്ക് നിന്ന് തർക്കുത്തരം പറഞ്ഞു.. അത് സഹിക്കാതെ അവളെ തോന്നിയത് പോലൊക്കെ അടിച്ചു.
പിറ്റേന്ന് പുറത്ത് പോയതാണ്. പിന്നെ തിരിച്ചു വന്നിട്ടില്ല..
ഇതുപോലെ ആയിരിക്കുമോ താനിവരോട് ചെയ്തതിന്റെ അപമാനം അവർ സഹിച്ചത്.
അച്ഛൻ ആ വേദന താങ്ങാൻ കഴിയാതെയായിരിക്കുമോ മരിച്ചു പോയിട്ടുണ്ടാവുക..
ആങ്ങള ഒരെണ്ണം ഉള്ളത് നാട്ടിലേയ്ക്ക് തിരിച്ചു വരാത്തത് താൻ ഉണ്ടാക്കിവെച്ച നാണക്കേട് ഓർത്തിട്ടാകും.
പെട്ടെന്ന് മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. മുൻപ് വിളിച്ച അതെ നമ്പർ.
അവൾ എടുത്തു ഹലോ വെച്ചതും
മറുവശത്തു നിന്നും ചെവി പൊട്ടുന്ന രീതിയിൽ കുറെ ചീത്ത കേട്ട് അവൾ ഒന്നും പിടികിട്ടാതെ ഞെട്ടിത്തരിച്ചു നിന്നു.
“നിങ്ങൾ ആരാണ്.. എന്തിനാണ് എന്നെ വെറുതെ അനാവശ്യം പറയുന്നത്..”
“ഞാൻ ആരാണെന്ന് നിനക്ക് അറിയണോ. പെറ്റ് കൂട്ടിയാൽ പോരാ. മക്കളെ നേരെ ചൊവ്വേ വളർത്താനും കൂടി പഠിക്കണം കേട്ടോ..നിങ്ങടെ മോള് ഏതോ ഒരുത്തന്റെയൊപ്പം ദേണ്ടെ ഇവിടെ ട്രെയിനിനു മുന്നിൽ ചാടി.
പെട്ടെന്ന് വന്നാൽ ബോഡിയെങ്കിലും കാണാം.ഇല്ലേൽ ഞങ്ങൾക്ക് അത് ഏതെങ്കിലും പൊതു ശ്മശാനത്ത് കൊണ്ട് പോയി അടക്കേണ്ടി വരും.”
അയാൾ പറഞ്ഞത് മുഴുവനും കേൾക്കാൻ അവൾക്ക് ബോധം ഉണ്ടായിരുന്നില്ല. കയ്യിൽ നിന്ന് മൊബൈൽ ഫോൺ എങ്ങോട്ടോ വഴുതി വീണു..അകത്തെ ബഹളം കേട്ട് പുറത്ത് അമ്മ വാതിലിൽ മുട്ടി വിളിച്ചു കൊണ്ടേയിരുന്നു.
ശാലിനി