✍️ അരുൺ നായർ
എന്റെ സ്നേഹത്തിൽ വിശ്വസിച്ചു ഇറങ്ങി വന്ന ലക്ഷ്മിയുടെ കരണകുറ്റിക്കു ഒരെണ്ണം പൊട്ടിച്ചിട്ടു മാതാപിതാക്കളെ വഞ്ചിച്ചു ഇറങ്ങി വന്നവളെ ഞാൻ എങ്ങനെ വിശ്വസിക്കുമേടി എന്ന് ആദ്യരാത്രിയിൽ തന്നെയുള്ള എന്റെ ചോദ്യത്തിനു മുൻപിൽ പകച്ചു നിന്ന് പൊട്ടി കരയുവാൻ മാത്രമേ ലക്ഷ്മിക്ക് കഴിഞ്ഞുള്ളു ….
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുമ്പോൾ എന്റെ ഉള്ളിൽ അവളോടും അവളുടെ അച്ഛനോടും പുച്ഛം മാത്രമേ ഉണ്ടായിരുന്നുള്ളു …..തലയിൽ കുത്തി പിടിച്ചു കൊണ്ട് തന്നെ ഞാൻ ചോദിച്ചു ….
“” പറയടി പന്ന ….. മോളെ, എനിക്ക് എന്തിന്റെ കുറവ് ഉണ്ടായിട്ടു ആയിരുന്നു ഞാൻ എന്റെ മനസ്സിലെ പ്രണയം തുറന്നു പറഞ്ഞപ്പോൾ നീ എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് കൂട്ടുകാരുടെ കൂടെ പോയത് ….. അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ഇനി ഈ ജീവിതത്തിൽ ഞാനൊരു പെണ്ണ് കെട്ടുന്നുണ്ടെങ്കിൽ അത് നിന്നെ തന്നെ ആയിരിക്കുമെന്ന് …. അന്ന് തുടങ്ങിയതാണ് ഈ കുടിയും കഞ്ചാവും ….. എന്റെ ജീവിതം നശിപ്പിച്ച നിന്റെ ജീവിതവും നശിപ്പിക്കണം എന്നുള്ള ഒറ്റ ലക്ഷ്യവുമായി ഞാൻ ജീവിച്ചു ….ദൈവം എന്റെ കൂടെ ആണ് , ഞാൻ അന്ന് അനുഭവിച്ച മാനക്കേടിനു നിന്നെ കൊണ്ട് ഈ ജീവിതം മുഴുവൻ അനുഭവിപ്പിക്കും …..””
എന്റെ സംസാരം കൂടി കൂടി വന്നപ്പോൾ അവളുടെ കരച്ചിലിന്റെ ശബ്ദവും കൂടി കൂടി വന്നതല്ലാതെ അവളിൽ നിന്നും ഒരക്ഷരവും എന്റെ ഭാവമാറ്റം കണ്ടു പേടിച്ചത് കൊണ്ട് വെളിയിലേക്കു വന്നില്ല …..
“” നീ ഇവിടെ കിടന്നു ഒത്തിരി ശബ്ദം കൂട്ടിയാലും നിന്നെ ഇവിടെ ആരും രക്ഷിക്കില്ല … ഇവിടെ എല്ലാവര്ക്കും എന്നെ പേടിയാണ് ……എനിക്ക് എതിരെ വല്ലതും പറഞ്ഞാൽ അവരെയും ഞാൻ തല്ലും ….””
പേടിച്ചരണ്ട പേടമാനെ പോലെ അവൾ നിൽക്കുന്നത് കണ്ട സന്തോഷത്തിൽ അട്ടഹസിച്ചു കൊണ്ട് അവളുടെ കരച്ചിലും ആസ്വദിച്ചു മുറിയിലെ കസേരയിൽ ഞാൻ കയ്യിലുള്ള ഒരു ഗ്ലാസ് മദ്യം ഒറ്റ വലിക്കു കുടിച്ചു തീർത്തു …..പെട്ടെന്നാണ് അവളുടെ മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം ഞാൻ കേട്ടത് …..
“” ഏതവനാടി ഈ പാതിരാത്രിയിൽ നിന്റെ ശബ്ദം കേൾക്കാൻ ദാഹിച്ചിരിക്കുന്നത് …..അന്നേരവും നീ എന്നെ പ്രണയിച്ചു പറ്റിക്കുക ആയിരുന്നല്ലേ ….ഇന്ന് നിന്റെ ശവമടക്ക് ഞാൻ നടത്തും “‘
അതും പറഞ്ഞു എഴുന്നേറ്റ ഞാൻ ഫോൺ എടുക്കാനായി എഴുന്നേറ്റ അവളുടെ മുഖമടച്ചു ഒന്ന് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു ….
എന്റെ അടിയുടെ വേദനകൊണ്ടു അവൾ ഒരു നിമിഷത്തേക്കു ചെവി പൊത്തി കൊണ്ട് നിന്ന് പോയിയെങ്കിലും പെട്ടെന്ന് തന്നെ ബോധം വീണ്ടെടുത്തുകൊണ്ട് ഫോൺ എടുത്തു …..എന്തോ ആ ഫോണിൽ ഉള്ള ആളുടെ പേര് കണ്ടപ്പോൾ തന്നെ അവളുടെ മുഖത്തൊരു പ്രകാശം ഉയർന്നു വരുന്നത് ഞാൻ കണ്ടു …… ഇല്ല ,അവൾ സന്തോഷിക്കാൻ പാടില്ല ഞാൻ മനസ്സിലത് ഉറപ്പിച്ചുകൊണ്ട് അവളുടെ കയ്യിൽ നിന്നും ഫോൺ തട്ടി എടുത്തു …..നോക്കിയപ്പോൾ ഫോണിന്റെ സ്‌ക്രീനിൽ അച്ഛൻ എന്ന് കണ്ടു ….
കാൾ എടുത്തുകൊണ്ട് അപ്പുറത്തു ഉള്ള ആൾ കേൾക്കാൻ പാകത്തിന് ആയി തന്നെ ഞാൻ അവളോട് പറഞ്ഞു
“” ഓഹോ നിന്റെ തന്ത ആയിരുന്നോ …..മോളെ ഇഷ്ടമാണ് കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും പറഞ്ഞു നിന്റെ വീട്ടിൽ ഞാൻ വന്നപ്പോൾ എന്നോട് അയാൾ പറഞ്ഞത് ഞാൻ മറന്നിട്ടില്ല ….. നിനക്ക് എന്നോട് ഇഷ്ടം ആണെങ്കിലും എന്റെ സ്വഭാവ മഹിമ അറിഞ്ഞിട്ടേ കല്യാണം നടത്തി തരു ,,, അതും പറഞ്ഞു എന്നെ അപമാനിച്ച പുന്നാര മോൻ ….. അതും കഴിഞ്ഞു അന്വേഷിച്ചു ഞാനൊരു മോശക്കാരൻ ആണെന്ന് കണ്ടു പിടിച്ചവൻ …..ഇവൻ എന്തിനാ ഇനി നിന്നെ വിളിക്കുന്നത് ….””
അത്രയും അവളോടായി പറഞ്ഞതിന് ശേഷം ഫോണിൽ കൂടി അവളുടെ അച്ഛനോടായി ഞാൻ പറഞ്ഞു
“” മേലാൽ എന്റെ ഭാര്യയെ വിളിച്ചേക്കരുത് …തന്നെയും തന്റെ കുടുംബത്തെയും ഉപേക്ഷിച്ചാണ് അവൾ എന്റെ കൂടെ വന്നത് …..എന്തായാലും താൻ ഇപ്പോൾ ഒന്ന് വിളിച്ചത് നന്നായി അതുകൊണ്ട് താൻ എന്നോട് ചെയ്തതിനു കൂടി ഉള്ള സമ്മാനം തന്റെ മോൾക്ക് ഞാൻ ഇപ്പോൾ കൊടുക്കാം ….പറഞ്ഞത് മനസ്സിലായില്ലേ ,എന്നാൽ ഫോൺ വെച്ചിട്ടു പോടോ ….””
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു ഫോൺ ജനലിൽ കൂടി പറമ്പിലേക്ക് എറിഞ്ഞതിനു ശേഷം അവൾക്കിട്ടു ഒരു നല്ല ചവിട്ടും കൊടുത്തിട്ടു പറഞ്ഞു
“” ഇത് നിന്റെ അച്ഛൻ എന്നെ അപമാനിച്ചതിന് ….ഇപ്പോൾ ഇത്രയും മതി, ഒരു ജീവിതകാലം മുഴുവൻ എടുത്തിട്ടു അടിക്കാനും ചവിട്ടാനും ഉള്ളതല്ലേ ….അതുകൊണ്ട് പെട്ടെന്ന് കൊല്ലുന്നില്ല ഞാൻ നിന്നെ ……”””
എന്റെ ചവിട്ടിന്റെ ആഘാതത്തിൽ വെച്ചു വെച്ചവൾ കട്ടിലിലേക്ക് പോയി കിടന്നു ….അവിടെ കിടന്നു കരഞ്ഞുകൊണ്ട് തന്നെ എന്നോട് ചോദിച്ചു ….
“”എന്നെ എന്തിനാണ് ശരത്തേട്ടാ പഴയ കാര്യങ്ങൾ പറഞ്ഞു ഉപദ്രവിക്കുന്നത് . ….ഏട്ടനോട് ആദ്യം ഇഷ്ടം തോന്നിയില്ല എങ്കിലും ഇഷ്ടം ആയതിനു ശേഷം അത്രയും ആത്മാർഥമായി അല്ലെ ഞാൻ സ്നേഹിച്ചത് …..അതുകൊണ്ട് അല്ലെ അച്ഛൻ കല്യാണം നടത്തി തരത്തില്ല പറഞ്ഞപ്പോൾ ഞാൻ ഏട്ടന്റെ ഒപ്പം ഇറങ്ങി വന്നത് ….വേണ്ട ശരത്തേട്ട നമുക്കു അതൊക്കെ മറന്നു സന്തോഷത്തോടെ ജീവിക്കാം…..””
“” സന്തോഷത്തോടെ ഒരു ജീവിതമോ അതും നിന്റെ കൂടെ ,അത് നീ പ്രതീക്ഷിക്കേണ്ട ….എനിക്ക് ഒരു കുഞ്ഞിനെ വേണം താലോലിക്കാൻ , ഒരു രാജകുമാരനെയോ രാജകുമാരിയെയോ, അത്രയും നാൾ നിന്നെ ഞാൻ കൊല്ലില്ല ,അത് കഴിഞ്ഞാൽ ഇരു ചെവി അറിയാതെ ഈ ഭൂമിയിൽ നിന്നും യാത്രയ്ക്കും നിന്നെ ….””
അത്രയും അവളോട് പറഞ്ഞുകൊണ്ട് കട്ടിലിലേക്ക് നോക്കിയപ്പോൾ അവളുടെ ആരെയും കൊതിപ്പിക്കുന്ന ശരീരത്തോടെ ഉള്ള കിടപ്പു ഞാൻ കണ്ടു …..അത് കണ്ടപ്പോൾ എന്റെ ശരീരം ആകെ ചൂട് പിടിച്ചു ….എന്തായാലും ഈ മാനസികാവസ്ഥയിൽ ഒരു പെണ്ണും രതിയിൽ ഏർപ്പെടില്ല ….ബലമായി അവളെ കീഴ്പ്പെടുത്താൻ ഞാൻ തീരുമാനിച്ചു ….ഞാൻ എന്റെ തീരുമാനം മനസ്സിൽ ഉറപ്പിച്ചതും അവളുടെ എതിർപ്പിനെ മറികടന്നു അവളെ കീഴടക്കിയതും പെട്ടന്ന് തന്നെ ആയിരുന്നു ….
എല്ലാ രീതിയിലും വേദനിച്ചു കരഞ്ഞുകൊണ്ട് ചങ്കും പൊട്ടി കിടക്കുന്ന ലക്ഷ്മിയെ കാണുന്നത് തന്നെ എന്റെ കണ്ണിനു ഒരു അഴകുള്ള കാഴ്ച ആയിരുന്നു ….ആ മനോഹര കാഴ്ചയും കണ്ടു എല്ലാ രീതിയിലും അവളെ തോൽപിച്ച സന്തോഷത്തിൽ ഞാൻ ഉറങ്ങി പോയി …..
അടുത്ത ദിവസം രാവിലെ ഞാൻ ഉണർന്നത് നല്ല തിളച്ച ചൂട് വെള്ളം മുഖത്തു വീണു പൊള്ളി കൊണ്ട് ആയിരുന്നു …കണ്ണ് തുറന്നതും മുൻപിൽ ലക്ഷ്മി നിൽക്കുന്നത് കണ്ടു ….എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല …. എടി പന്ന മോളെ, നിന്നെ ഞാൻ കൊല്ലും പറഞ്ഞു ചാടി എഴുന്നേറ്റു …..അവളുടെ അടുത്തേക്ക് ഞാൻ എത്തിയതും അവളുടെ മുൻപിലേക്ക് ഒരാൾ കയറി നിന്നു .. …അവളുടെ അച്ഛൻ ,എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല ….എന്ത് ചെയ്യണം അറിയാതെ ഞാൻ ഒരു നിമിഷം നിന്നു പോയപ്പോൾ അവളുടെ അച്ഛന്റെ കയ്യിൽ ഇരുന്ന ഇരുമ്പു വടികൊണ്ട് എന്റെ മുട്ട് കാലു നോക്കി അടി വീണു കഴിഞ്ഞിരുന്നു ….ആ അടിയിൽ ഇരുന്നു പോയ എന്റെ രണ്ടു കയ്യും കാലും തല്ലി ഒടിച്ചു കട്ടിലിലേക്ക് തള്ളി ഇട്ടേച്ചു അവളുടെ അച്ഛൻ പറഞ്ഞു ….
“” നീ ഇന്നലെ എന്റെ മോളോട് പറഞ്ഞില്ലേ നിനക്ക് ഓമനിക്കാൻ ഒരു കുഞ്ഞിനെ വേണമെന്ന് ….അത് പോലെ എനിക്ക് ദൈവം തന്ന പുണ്യം ആണെടാ എൻറെ മോള് ….ഇത്രയും കാലം എന്റെ നെഞ്ചിൻറെ ചൂട് പറ്റി വളർന്ന എന്റെ ജീവൻ ആണെടാ എന്റെ മോളെനിക്ക് … ആ അവൾ എന്നോട് എന്തെങ്കിലും തെറ്റ് കാണിച്ചാൽ എനിക്ക് അത് പൊറുക്കാൻ കഴിയും ….എനിക്ക് എന്നല്ല ഒരുവിധം സ്നേഹമുള്ള എല്ലാ അച്ഛനമ്മമാർക്കും ….ഒരു തെറ്റ് പറ്റി പറഞ്ഞു സ്വന്തം മോളെ ആരെങ്കിലും ദ്രോഹിക്കുന്നത് കണ്ടാൽ ഉള്ളിൽ ഓടുന്ന രക്തത്തിൽ സംശയം ഇല്ലാത്ത ഒരച്ഛനും അവനോടു പൊറുക്കാൻ കഴിയില്ല …..ഇത്രയും സ്നേഹിച്ചു ഞങ്ങൾ വളർത്തിയ ഞങ്ങളുടെ മകളുടെ മൗനം പോലും ഞങ്ങൾക്ക് മനസിലാകും ….അതുകൊണ്ട് തന്നെ ഇന്നലെ ഫോണിൽ കൂടി നിന്റെ സംസാരം കേട്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി ….പിന്നെ ഇവിടം കൊണ്ട് നീയും എന്റെ മോളും ആയിട്ടുള്ളത് എല്ലാം തീർന്നു …അവൾക്കു സംഭവിച്ചത് ഒന്ന് നന്നായി കുളിച്ചാൽ പോകുന്ന അഴുക്കെ ഉള്ളു …അത് കളയാൻ ഞങ്ങൾ അവളെ സഹായിച്ചോളാം ….ഇനി ഈ ബന്ധവും പറഞ്ഞു ആ നാട്ടിൽ വല്ലതും വന്നാൽ പിന്നെ നിന്റെ കഴുത്തിനു മുകളിൽ തല ഉണ്ടാവില്ല …അത് ഓർത്താൽ നന്ന് .. എന്റെ മോൾ എനിക്ക് രാജകുമാരി ആണെടാ അത് മറക്കണ്ട …. ഇതാ നീ അവളുടെ കഴുത്തിൽ കെട്ടിയ ചങ്ങല …..””
അത്രയും പറഞ്ഞു അവളുടെ അച്ഛൻ എന്റെ മുഖത്തേക്ക് ഞാൻ കെട്ടിയ താലി എറിഞ്ഞു തന്നു, എന്നിട്ടു അവളുടെ കയ്യും പിടിച്ചു ഇറങ്ങുമ്പോൾ ഞാൻ മനസിലാക്കുക ആയിരുന്നു ….
മക്കൾ എത്രയൊക്കെ തെറ്റുകൾ ചെയ്താലും അമ്മയ്ക്കും അച്ഛനും മക്കൾ വിലമതിക്കാൻ ആവാത്ത നിധി തന്നെ ആണെന്ന് …..
പോകും വഴി അവളുടെ അച്ഛൻ എന്റെ മാതാപിതാക്കളോടും പറഞ്ഞു
“”ഇപ്പോൾ അവനെ പേടിക്കേണ്ട, എങ്ങനെ എങ്കിലും അവനെ കൊണ്ട് പോയി വല്ല ആശുപത്രിയിലും കാണിക്കു ….നന്നാക്കി എടുക്കാൻ പറ്റും എങ്കിൽ അത് ചെയ്യൂ …..””
ഞാൻ ഒരുപാട് ദ്രോഹം ചെയ്തിട്ട് ഉണ്ടായിട്ടും എൻറെ ആ കിടപ്പു കാണാൻ വയ്യാതെ ചങ്കു പൊട്ടി കരയുന്ന എന്റെ അച്ഛനെയും അമ്മയെയും കണ്ടപ്പോൾ എന്റെ ഉള്ളിലെ സ്നേഹത്തിന്റെ വിത്ത് വീണ്ടും മുളക്കാൻ തുടങ്ങുക ആയിരുന്നു ….. അതുകൊണ്ട് തന്നെ സ്നേഹത്തോടെ വർഷങ്ങൾക്കു ശേഷം ഞാൻ അറിയാതെ തന്നെ എന്റെ നാവിൽ ആ പുണ്യ പദങ്ങൾ ഉയർന്നു വന്നു ……
അച്ഛാ …..അമ്മേ …..
രചന : അരുൺ നായർ
