✍️ രജിത ജയൻ
” നിങ്ങളുടെ കല്യാണം കഴിഞ്ഞ ഇന്നു തന്നെ നിന്റെ വീട്ടിലൊന്നു രാത്രി തങ്ങുക കൂടി ചെയ്യാതെ ഈ പെണ്ണിനേം കൂട്ടി നീ ജോലി സ്ഥലത്തേക്ക് മടങ്ങി പോവാന്ന് പറഞ്ഞാൽ അതെങ്ങനെ ശരിയായും ശിവാ…?
“ഇപ്പോ നടന്നിട്ടേയുള്ളു ശിവാ നിങ്ങളുടെ വിവാഹം… ഇനിയുമേറെ ചടങ്ങുകൾ നടത്താനുമുണ്ട്, അതിനു നിങ്ങൾ രണ്ടാളും ഇവിടെ നാട്ടിൽ തന്നെ വേണ്ടേ…?
പിന്നെങ്ങനെ ഇന്നു തന്നെയുള്ള നിങ്ങളുടെ ബാംഗ്ലൂർ പോക്ക് ശരിയാവും…?
മകൾ വേദക്കരികിൽ നിൽക്കുന്ന മരുമകൻ ശിവനെ നോക്കി നാരായണൻ മനസ്സിലെ സംശയങ്ങൾ ഓരോന്നായ് ചോദിച്ചെങ്കിലും അതിനൊന്നും അയാൾക്കുത്തരം നൽക്കാതെ മറ്റെവിടേക്കോ ശ്രദ്ധ പതിപ്പിച്ചലക്ഷ്യമായ് നിന്നു ശിവനും
“നീയെന്താ ശിവാ ഞാനീ ചോദിക്കുന്നതൊന്നും കേൾക്കണില്ലേ…?
ഇവളെ ഇന്നെന്നെ നിന്റെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോവാൻ പറ്റില്ല…
നീയും പോവാൻ പാടില്ല…
വിവാഹ ശേഷമുള്ള ചടങ്ങുകൾ നടത്താൻ നിങ്ങളിവിടെ തന്നെ വേണം…
എല്ലാം നന്നായി നടത്തിയാലേ നല്ലൊരു കുടുംബ ജീവിതം നിങ്ങൾക്കുണ്ടാകൂ…”
“എല്ലാ ചടങ്ങുകളോടെയും ഒന്നുരണ്ടു കൊല്ലം മുമ്പിവളുടെ കല്യാണമൊന്ന് നിങ്ങൾ നടത്തിയതല്ലേ അമ്മാമേ… എന്നിട്ടെന്തു പുണ്യാ ഇവൾക്കതിൽ നിന്നുണ്ടായത്…?
എന്തു നല്ല ജീവിതാ കിട്ടിയത്…. ഒന്നു പറ നിങ്ങൾ…..ഞാൻ കേൾക്കട്ടെ…. ”
ശബ്ദം കുറച്ച് എന്നാൽ ചോദ്യത്തിലെ കടുപ്പമൊട്ടും കുറയാതെ ശിവൻ തിരികെ നാരായണനോട് ചോദിച്ചതും അവനോടു തിരികെ പറയാനൊരു ഉത്തരമില്ലാതെ നിറമിഴികളോടെ മിണ്ടാട്ടം മുട്ടി നിന്നു നാരായണൻ…
നിറഞ്ഞതേ മിഴികളുയർത്തി അരികെ നിൽകുന്ന മകൾ വേദയെ അയാളൊന്നു നോക്കിയെങ്കിലും ചുറ്റും നടന്ന സംസാരങ്ങളൊന്നും താൻ കേട്ടതേയില്ലെന്ന പോലെ തല കുനിച്ച് ആരെയും നോക്കാതെ നിൽക്കുന്ന വേദയുടെ രൂപം അയാളുടെ ഉള്ളിലെ നോവിനെ വീണ്ടും ആഴത്തിൽ കുത്തി മുറിവേല്പ്പിച്ചു…
ഒന്നര കൊല്ലം മുമ്പ് ഇതേ അമ്പലത്തിൽ വെച്ചു നടന്ന വേദയുടെ ആദ്യ കല്യാണദിവസം ഓർമ്മയിൽ തെളിഞ്ഞു നാരായണന്… അന്നും തന്റെ മകൾ ഇതേ നില്പായിരുന്നു ആരെയും നോക്കാതെ, യാതൊരു സന്തോഷവുമില്ലാതെ തലയും കുനിച്ചിതു പോലെ തന്നെ… വ്യത്യാസമുണ്ടായിരുന്നത് ഒരു കാര്യത്തിൽ മാത്രമാണ് കല്യാണ ചെക്കന്റെ…. ഇന്ന് വേദയ്ക്കടുത്ത് ഭർത്താവായ് നിൽക്കുന്നത് ശിവനാണെങ്കിൽ അന്നു നിന്നിരുന്നത് ശിവന്റെ അനിയൻ വിഷ്ണുവായിരുന്നു…
അനിയൻ താലിക്കെട്ടി ഭാര്യയായ് കൊണ്ടു നടന്നുപേക്ഷിച്ചവളെയാണ് ഏട്ടൻ വീണ്ടും താലിക്കെട്ടിയിരിക്കുന്നത്…
ഓർമ്മകളുടെ തീ കുത്തേറ്റതു പോലെ പൊള്ളി പിടഞ്ഞ് നാരായണൻ മുഖമുയർത്തുമ്പോൾ വേദയുടെ കൈ പിടിച്ച് ഊട്ടുപുരയിലേക്ക് നടന്നിരുന്നു ശിവനെന്ന ശിവജിത്ത് കൃഷ്ണൻ…..
” നമ്മളിവിടുന്ന് നേരെ പോവുന്നത് എന്റെ ജോലി സ്ഥലത്തേക്കാണ് …ബാംഗ്ലൂരിലേക്ക്…
അറിയില്ലേ വേദയ്ക്കത്…?
സദ്യ കഴിക്കാനിരുന്നതും വേദക്കടുത്തേയ്ക്ക് മുഖമടുപ്പിച്ച് ശിവൻ ചോദിച്ചതിനവനെ നോക്കാതെ മെല്ലെയൊന്നു മൂളി അറിയാമെന്നറിയിച്ചവൾ…
പിന്നെയും ഒന്നു രണ്ടു കാര്യങ്ങൾ വേദയോട് ശിവൻ സംസാരിച്ചെങ്കിലും അതിനെല്ലാമുള്ള മറുപടികൾ വേദ മൂളലുകളിലൊതുക്കിയതും ദേഷ്യം ഇരച്ചെത്തി ചുവന്നു പോയ് ശിവനാകെ…
ദേഷ്യമടക്കാനെന്നവണ്ണം ശിവൻ കൈ മുഷ്ടികൾ ചുരുട്ടി നിവർത്തി പിടിക്കുന്നത് കണ്ടതും ഭയമേറി വേദയിൽ…
താനൊന്നുറക്കെ സംസാരിച്ചാൽ നിറഞ്ഞു ചിരിച്ചാൽ തീരുന്ന ദേഷ്യമേ ശിവനിലുള്ളു എന്നറിഞ്ഞില്ല വേദ…
കുട്ടിയായിരിക്കുമ്പോൾ മുതൽ വേദയ്ക്ക് ഭയമാണ് ശിവനെയും ശിവന്റെ ദേഷ്യത്തേയും…
പൊതുവെ ഗൗരവക്കാരനായ ശിവന്റെ മുഖത്ത് ദേഷ്യം കൂടി കലർന്നാൽ അവനെ പിന്നെ തറവാട്ടിലെല്ലാവർക്കും ഭയമാണ്…
ശിവന്റെ നേരെ വിപരീതമാണ് അവന്റെ അനിയൻ വിഷ്ണു …
മുഖത്തൊരു ചിരിയോടല്ലാതെ കാണാൻ കഴിയില്ലവനെയാർക്കും… സൗമ്യമായ പെരുമാറ്റവും ആരും ഇഷ്ടപ്പെടുന്ന സ്വഭാവവും…
അതു കൊണ്ടു തന്നെയാണ് വേദയ്ക്ക് വിവാഹ പ്രായമെത്തിയപ്പോൾ അവളെ തനിയ്ക്കിഷ്ടമാണെന്നും വിവാഹം കഴിപ്പിച്ചു തരണമെന്നും പറഞ്ഞ് വിഷ്ണു മുന്നിൽ വന്നപ്പോൾ വേദയുടെ വീട്ടിക്കാരാ ആലോചനയെ വേഗത്തിൽ വിവാഹത്തിലെത്തിച്ചത്… അന്യരല്ലല്ലോ കുടുംബക്കാരല്ലേയെന്ന ആശ്വാസം വേറെയും..
അന്നു പക്ഷെ വിഷ്ണുവിനെ പോലെ വേദയുടെ വീട്ടുക്കാരും മറന്നു പോയ, വേദയോട് ചോദിക്കാത്ത ചോദ്യം ഒന്നുണ്ടായിരുന്നു
വിഷ്ണുവിനെ വിവാഹം കഴിക്കാൻ വേദയ്ക്ക് സമ്മതമാണോയെന്നവളോടാരും ചോദിച്ചില്ല…
തന്നോടാരും ചോദിക്കാത്തൊരു ചോദ്യത്തിന് ആരോടും മറുപടി പറയാൻ വേദയ്ക്കും സാധിച്ചില്ല…
“താനീ കാറിലിരുന്നാൽ മതി വേദാ….
ഞാനെളുപ്പം പോയെന്റെ ബാഗെടുത്ത് തിരികെ വരാം…. ”
വിവാഹശേഷം വീട്ടുക്കാരോട് യാത്ര പറഞ്ഞിറങ്ങി ശിവന്റെ വീട്ടിലേക്ക് വന്നതും വേദയെ കാറിൽ തന്നെയിരുത്തി ശിവൻ വേഗത്തിൽ വീടിനുള്ളിലേക്ക് കയറി പോയ്
കല്യാണം കൂടാനെത്തിയ ബന്ധുക്കളിൽ ചിലർ കാറിലിരിക്കുന്ന വേദയോട് ഇറങ്ങി വരാൻ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കുന്നും കാണുന്നുമുണ്ടായിരുന്നില്ല വേദ…
അവളുടെ നോട്ടം ബന്ധുജനങ്ങൾക്ക് പുറകിലായ് റോഡിൽ നിന്ന് ദയനീയമായ് തന്നെ നോക്കുന്ന വിഷ്ണുവിൽ തറഞ്ഞു നിന്നു, അവന്റെ നിറമിഴികളോടെയുള്ള യാചന നിറഞ്ഞ നോട്ടവും മാപ്പെന്നാരും കാണാതെയുള്ള ചുണ്ടനക്കങ്ങളും കണ്ടതും വേദയുടെ കണ്ണുകൾ തേടിയത് മറ്റൊരുവളെയാണ്…
വിഷ്ണുവിനത്രയും പ്രിയപ്പെട്ട മറ്റൊരുവളെ…
അലീനയെ…
വിഷ്ണുവിന്റെ പ്രണയമായ അവന്റെ കുഞ്ഞിന്റെ അമ്മയായ അലീനയെ…
വിഷ്ണുവിന്റെ ഭാര്യയായ് അവരുടെ ഈ വീട്ടിലെത്തിയതു മുതലവൻ തന്നോടു പെരുമാറിയതൊരു സുഹൃത്തായിട്ടാണ്…
ഒരിക്കൽ പോലുമൊരു ഭർത്താവിന്റെ അധികാരമവൻ തന്നോടോ തന്റെ ശരീരത്തോടോ കാണിച്ചിരുന്നില്ല…
അറിഞ്ഞതിലും ഏറെ പരസ്പരം ഇനിയും അറിയാനേറെയുണ്ട് അതുകൊണ്ട് ഒരുമ്മിച്ചൊരു ജീവിതം മെല്ലെ തുടങ്ങാമെന്ന് പറഞ്ഞവനോടന്ന് തോന്നിയ ഇഷ്ടവും ബഹുമാനവും മനസ്സിൽ തെളിഞ്ഞതും സ്വയം പുച്ഛിക്കും പോലൊരു ചിരി തെളിഞ്ഞു വേദയുടെ അധരങ്ങളിൽ…
കയ്യിലൊരു ബാഗുമെടുത്ത് കല്യാണ വേഷത്തിൽ കാറിലേക്ക് വന്നു കയറിയ ശിവൻ കാണുന്നത് കാറിനുള്ളിൽ കണ്ണടച്ചിരിക്കുന്നവളെയാണ്….
മുറ്റത്തു നിന്ന് കാറിനുള്ളിലേക്ക് നോക്കുന്നവരുടെ പുറകിലെ റോഡിൽ തികച്ചും അന്യനായ് തന്റെ അനിയൻ വിഷ്ണു കൂടി ഉണ്ടെന്നു കണ്ടതും വേദയെ മെല്ലെ തട്ടി വിളിച്ചു ശിവൻ
അറിയാതൊന്ന് കണ്ണടച്ചു പോയ ഭദ്ര വേഗത്തിൽ കണ്ണുകൾ തുറന്ന് ശിവനെ നോക്കിയതും അവളുടെ നെറ്റിയിലായ് തന്റെ ചുണ്ടുകൾ ചേർത്തു ശിവൻ
ശിവനിൽ നിന്ന് തനിയ്ക്ക് കിട്ടിയതൊരു ചുംബനമാണെന്ന തിരിച്ചറിവിൽ വേദ ഞെട്ടി ശിവനെ നോക്കിയതും കൂർപ്പിച്ചു പിടിച്ചവളുടെ ചുണ്ടിൽ അവകാശത്തോടെ തന്റെ ചുണ്ടുകൾ ചേർത്തമർത്തി ശിവൻ
ആ കാഴ്ച കണ്ടു നിന്ന വിഷ്ണുവിന്റെ മിഴികൾ നിറഞ്ഞതും അവനു പുറകിൽ അവനോടു ചേർന്നു കുഞ്ഞിനെയും എടുത്തുനിന്നു അലീന
” ഒന്നും വേണ്ടായിരുന്നു അല്ലേ വിഷ്ണുവേട്ടാ… നമുക്കൊന്നിച്ചൊരു ജീവിതം തുടങ്ങുന്നതിനു വേണ്ടി ആ പെണ്ണിനെ നമുക്കിടയിലേക്ക് വലിച്ചിടാൻ പാടില്ലായിരുന്നു അല്ലേ…?
അലീനയുടെ ചോദ്യം കേട്ടില്ലായെന്നു നടിച്ചു നിൽക്കുമ്പോൾ വിഷ്ണുവോർത്തതും അതാണ്…
കൂടെ പഠിച്ച അന്യമതക്കാരിയായ പെൺകുട്ടിയെ സ്നേഹിച്ച് ആരുമറിയാതെ വിവാഹവും കഴിച്ച് അവളുടെ വയറ്റിൽ തന്റെയൊരു ജീവൻ മുളപ്പൊട്ടിയെന്നറിഞ്ഞതിനു ശേഷമാണ് താൻ വേദയെ ഇഷ്ടമാണെന്നു പറഞ്ഞവളുടെ വീട്ടിൽ ചെല്ലുന്നത്…
അവളെ വിവാഹം കഴിക്കുന്നതിലൂടെ നേടാൻ കഴിയുന്ന സ്വർണ്ണവും പണവും ഉപയോഗിച്ച് അലീനയോടൊത്തൊരു ജീവിതം അതായിരുന്നു ലക്ഷ്യം…
മനസ്സിലാഗ്രഹിച്ചതു പോലെ വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളിൽ വേദയുടെ സ്വർണ്ണവും പണവും എടുത്ത് ആരുമറിയാതെ അലീനയേയും കൂട്ടി നാടുവിടാനൊരുങ്ങിയിറങ്ങിയ തങ്ങളെ കയ്യോടെ പൊക്കി കുടുംബക്കാർക്കും വേദയ്ക്കും മുമ്പിലിട്ടു കൊടുത്തു അവൻ … തന്റേട്ടൻ ….ശിവൻ…
തന്റേം വേദേടേം കല്ല്യാണത്തിനു ജോലിത്തിരക്കാണെന്നു പറഞ്ഞു വരാതെ മാറി നിന്നവൻ കൃത്യമായ് നാട്ടിലെത്തിയത് തങ്ങളുടെ ഒളിച്ചോട്ടത്തിന്റെയന്നാണ്…
അടിച്ചിറക്കി വിട്ടു തന്നെ തറവാട്ടിൽ നിന്ന്… താലി പൊട്ടിച്ചു തന്റെ മുന്നിലിട്ട് തന്നിട്ട് ഇറങ്ങി പോയ് വേദ…
വേദേ…..
ശിവൻ വിളിച്ചതും തലയുയർത്തി അവനെ നോക്കി വേദ
എനിക്കിഷ്ടമായിരുന്നു നിന്നെ.. ആ ഇഷ്ടം നിന്നോടു പറയാൻ ഞാനൊരുങ്ങും മുമ്പ് നീ വിഷ്ണുവും ആയുള്ള വിവാഹത്തിന് സമ്മതമറിയിച്ചതുകൊണ്ടു മാത്രം നിനക്കടുത്തേക്ക് വരാതെ മാറി നിന്നവനാണ് ഞാൻ… ഇപ്പോൾ നീ എന്റെയാണ്… എന്റെ മാത്രം… നിന്റെ മനസ്സിൽ എന്റെ വീടു പോലുമൊരു ഓർമ്മയായിട്ട് ഉണ്ടാവരുത് എന്ന് കരുതിയാണ് ഇന്നത്തെ നമ്മുടെയീ പോക്ക് പോലും… നീ ഓർക്കേണ്ടതെന്നുമിനി എന്നെക്കുറിച്ച് മാത്രമാവണം… ഞാനല്ലാതെ വേറൊരാളുടെ ചിന്ത പോലും നിന്റെ ഉള്ളിൽ വേണ്ട… മനസ്സിലായോ….?
ഗൗരവത്തോടെ എന്നാൽ മനസ്സിൽ വെറുതെ പോലും താൻ വിഷ്ണുവിനെ പറ്റിയോർക്കരുതെന്ന് കരുതി നിർബന്ധം പിടിക്കുന്ന ശിവനെ ഇമവെട്ടാതെ സ്നേഹത്തോടെ നോക്കിയിരുന്നു വേദ…
ഐ ലവ് യൂ ശിവേട്ടാ….
പതിഞ്ഞ വേദയുടെ ശബ്ദം കാതിൽ വീണതും ഞെട്ടി കാറു നിർത്തിയവളെ നോക്കി ശിവൻ
“എനിക്കെന്നും ഇഷ്ടം ശിവേട്ടനെ ആയിരുന്നു… പക്ഷെ പറയാൻ ധൈര്യമുണ്ടായിരുന്നില്ല…”
പതിഞ്ഞ ശബ്ദത്തിൽ വീണ്ടും പറയുന്നവളെ വാരിയണച്ച് നെഞ്ചോടു ചേർത്തു പുണർന്നു ശിവൻ… നടു റോഡാണെന്നു കൂടിയോർക്കാതെ….
“പിന്നെന്തിനാടീ വിഷ്ണുവിനെ കെട്ടാൻ സമ്മതം പറഞ്ഞത്…?
കാതോരം മുരളിച്ച പോലെ ശിവന്റെ ശബ്ദം കേട്ടതും കുളിർന്നു വേദ
“ഞാൻ സമ്മതം പറഞ്ഞിട്ടില്ല…. എന്നോടാരും എന്റെ സമ്മതം ചോദിച്ചില്ല…
പറ്റെ പതിഞ്ഞു പോയ ശബ്ദത്തിൽ വീണ്ടും പറയുന്നവളെ തന്നിലേക്കു ചേർത്തു പിടിച്ച് കാറു മുന്നോട്ടെടുക്കുമ്പോൾ ശിവന്റെ ഉള്ളം സന്തോഷം കൊണ്ട് വീർപ്പുമുട്ടി…
വിവാഹ ശേഷമാണെങ്കിലും താലിക്കെട്ടിയവളുടെ ഉള്ളിൽ എന്നും താനാണെന്നറിഞ്ഞ സന്തോഷം…. അതവൾ തുറന്നു പറഞ്ഞ സന്തോഷം… ആ സന്തോഷത്തോടെയാ കാർ നിരത്തിലൂടെ മുന്നോട്ടു കുതിച്ചു ലക്ഷ്യസ്ഥാനം തേടി…….
ശുഭം
രജിത ജയൻ
