‘സ്വകാര്യ ബസിൽ സീറ്റിൽ തൊട്ടടുത്തിരുന്ന ഇരുന്ന മധ്യവയസ്കൻ തന്നോട് അതിക്രമം കാട്ടി എന്ന രീതിയിൽ പെൺകുട്ടി തന്നെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്ത വീഡിയോയിൽ സ്വമേധയാ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ. ആരോപണ വിധേയനായ മേലുകാവ് സ്വദേശി സുധാകരനെ പോലീസ് ചോദ്യം ചെയ്യും.’
രാവിലെ തന്നെ ചാനലുകളിൽ ആ വാർത്തയെത്തിയിരുന്നു. മേലുകാവിലും ആ വാർത്ത പരന്നതോടെ ആകെ വിഷമത്തിലായി സുധാകരൻ.
” സത്യമായും ഞാൻ അങ്ങിനൊന്നും ചെയ്തിട്ടില്ല.. ആ പെങ്കൊച്ചിന്റെ മുഖം പോലും എനിക്ക് ഓർമയില്ല. ആശുപത്രിയിൽ പോയിട്ട് വന്നതാ. ബസിൽ സീറ്റ് കിട്ടി ഇരുന്നു..സ്റ്റോപ്പ് ആയപ്പോ ഇറങ്ങി.. ഇതിനിടക്ക് ആ കൊച്ച് വീഡിയോ എടുത്തത് പോലും ഞാൻ കണ്ടില്ല.. ”
ദയനീയമായി അയാൾ പറയുമ്പോൾ കേട്ടു നിന്ന ഭാര്യക്കും മക്കൾക്കും അടുത്ത നാട്ടുകാർക്കും ഒന്നും അതിൽ ഒരു സംശയവും തോന്നിയില്ല. കാരണം നാട്ടിൽ എല്ലാവർക്കും സുപരിചിതനായ സുധാകരൻ ഒരിക്കലും അങ്ങിനൊന്നും ചെയ്യുന്ന ആളല്ല എന്ന് എല്ലാവർക്കും നല്ലത് പോലെ അറിയാമായിരുന്നു.
” സുധാകരേട്ടാ നിങ്ങള് ധൈര്യമായി ഇരിക്ക് ഞങ്ങൾ എല്ലാവരും ഉണ്ട് നിങ്ങളോടൊപ്പം… ഇന്നത്തെ കാലത്ത് ഇത്പോലെ പല ആരോപണങ്ങളും വരും.. നിയമത്തിൽ സ്ത്രീകൾക്ക് ഉള്ള ആനുകൂല്യങ്ങൾ മുതലെടുക്കുന്നവരാണ് അധികവും. ഇതിന്റെ സത്യാവസ്ഥ നമുക്ക് തെളിയിക്കണം ”
മെമ്പർ അശോകൻ വാശിയിലായിരുന്നു. ഒപ്പം കൂടിയ എല്ലാവരും അത് തന്നെ ശെരി വച്ചു.
” സുധാകരേട്ടനെ പോലീസ് സ്റ്റേഷനിൽ ചെല്ലാൻ പറഞ്ഞേക്കുവല്ലേ.. നമുക്കെല്ലാവർക്കും ഒരുമിച്ചു പോകാം. ചേട്ടനെ കുരുക്കാൻ എന്തേലും പണി ഒപ്പിച്ചാൽ നമുക്ക് എതിർക്കണം ”
മറ്റൊരാൾ അഭിപ്രായപ്പെട്ടപ്പോൾ എല്ലാവരും അത് ശെരി വച്ചു.
” നിങ്ങള് വിഷമിക്കണ്ട.. ദേ കണ്ടില്ലേ നാട്ടുകാര് മൊത്തം നമുക്കൊപ്പം ഉണ്ട്.. സത്യം തെളിയും ”
ഭാര്യ സുധയും പൂർണ്ണ പിന്തുണയായി ഒപ്പം നിന്നപ്പോൾ ഉള്ളിൽ ചെറിയ ആശ്വാസമായി സുധാകരന്. ഇതിനോടകം തന്നെ ആ വാർത്തയ്ക്കു പിന്നാലെ അനുകൂലിച്ചു പ്രതികൂലിച്ചും അനവധി പ്രതികരണങ്ങളും വന്നിരുന്നു.
വൈകാതെ അവർ പോലീസ് സ്റ്റേഷനിൽ എത്തി. കൂട്ടമായി ചേർന്ന് എത്തിയതിനാൽ തന്നെ പോലീസുകാർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ആ സമയം തന്നെ മീഡിയാസ് വട്ടം കൂടിയിരുന്നു.
” നിങ്ങൾ പറയുന്നത് എനിക്ക് മനസിലാകും. പക്ഷെ അറിയാമല്ലോ ആ പെൺകുട്ടി ഷെയർ ചെയ്ത വീഡിയോ ആൾറെഡി സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. പിന്നെ വനിതാ കമ്മീഷൻ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചതുകൊണ്ട് ഞങ്ങൾക്ക് പ്രൊസീജിയർ പാലിച്ചേ പറ്റു. ഞങ്ങൾക്ക് ബസിലെ സിസി ടീവി വിഷ്വൽസ് കൂടി നോക്കണം എന്നിട്ടേ ഉചിതമായ തീരുമാനം എടുക്കാൻ പറ്റുള്ളൂ ”
എസ് ഐ വളരെ കാര്യമായി തന്നെ കാര്യങ്ങൾ വിശദീകരിച്ചു.
” സാർ സത്യസന്ധമായ ഒരു അന്വേഷണം ഉണ്ടാകണം. സാറിനെ ഞങ്ങൾക്ക് വിശ്വാസമാണ്. നിയമത്തിൽ സ്ത്രീകൾക്കുള്ള പരിഗണന മുതലെടുക്കുന്നവർ ആണ് ഈ കാലത്ത് അധികവും. അത് അനുവദിച്ചു കൊടുത്തൂടാ.. ഞങ്ങൾ നാട്ടുകാർ എല്ലാം സുധാകരേട്ടന് ഒപ്പം ആണ്. ”
മെമ്പർ അശോകൻ എസ് ഐ യോട് കാര്യങ്ങൾ വിശദമാക്കി. വൈകാതെ തന്നെ പോലീസ് സ്വകാര്യ ബസിലെ സിസിടീവി വിഷ്വൽസ് ശേഖരിച്ചു വിശദമായ പരിശോധനയും നടത്തി. ബസിന്റെ മുൻ ഡോറിന് സമീപമുള്ള ക്യാമറയ്ക്ക് മുന്നിൽ തന്നെയുള്ള സീറ്റിൽ ആണ് സുധാകരൻ ഇരുന്നിരുന്നത് ആയതിനാൽ തന്നെ വിഡിയോയിൽ അയാൾ ബസിലേക്ക് കയറുന്നതും ഇരുന്നു യാത്ര ചെയ്തതും ഇറങ്ങിയതും എല്ലാം വ്യക്തമായിരുന്നു. തൊട്ടടുത്തിരുന്ന പെൺകുട്ടിയോട് യാതൊരു വിധത്തിലും മോശമായി പെരുമായിട്ടില്ല എന്നത് ആ വിഡിയോയിൽ നിന്ന് വ്യക്തമായിരുന്നു. എസ് ഐ ആ വിവരങ്ങൾ അറിയിക്കുമ്പോൾ ഏറെ ആശ്വാസത്തോടെയാണ് സുധാകരൻ അത് കേട്ടത്. അയാൾ മാത്രമല്ല ഒപ്പം നിന്നവർക്കും അത് ആശ്വാസം ആയി.
” ഇതങ്ങനെ വെറുതേ വിട്ടാൽ പറ്റില്ല.. ചുമ്മാ സോഷ്യൽ മീഡിയയിൽ ഫേമസ് ആകാൻ വേണ്ടി എന്തും ചെയ്യാം എന്ന അവസ്ഥയിൽ ആയി കാര്യങ്ങൾ. ഇതിനെതിരെ പ്രതികരിച്ചേ മതിയാകുള്ളൂ ”
അശോകൻ പറഞ്ഞ് നിർത്തുമ്പോൾ ഒപ്പമുള്ള നാട്ടുകാരും അത് ശെരി വച്ചു.
” ഇനിയൊരു പ്രശ്നം വേണോ.. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് മനസിലായില്ലേ. ഇനിയിപ്പോ സി ഐ സർ അത് ചാനലുകാരോട് പറയും അപ്പോ അത് നാട്ടിൽ പാട്ടാകുമല്ലോ.. അത് പോരെ ”
കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകുവാൻ സുധാകരനു അല്പം മടി തോന്നി. ഒപ്പം ആരെയും ദ്രോഹിക്കാൻ താത്പര്യമില്ലാത്ത അയാളുടെ പ്രകൃതമാണ് അങ്ങിനെ പറയിപ്പിച്ചത്.
” പറ്റില്ല… ഒറ്റ ദിവസം കൊണ്ട് മനുഷ്യൻ തീ തിന്നു. ഈ ചെയ്തതിനു ആ പെൺകൊച്ചു കണക്ക് പറയണം നമുക്ക് പറയിപ്പിക്കണം ”
സുധ വിട്ടു കൊടുക്കുവാൻ തയ്യാറായില്ല അതോടെ മാന നഷ്ടത്തിന് കേസ് കൊടുത്ത ശേഷം ആണ് അവർ സ്റ്റേഷനിൽ നിന്നും പിരിഞ്ഞത്.
വാർത്ത വേഗത്തിൽ പരന്നു. ചാനലുകാർ ബസിൽ നിന്നും കിട്ടിയ വീഡിയോ കൂടി കൈക്കലാക്കി ലൈവ് ആയി വിട്ടു. അതോടെ പരാതിക്കാരിയായ പെൺകുട്ടി പ്രതിക്കൂട്ടിലായി. സമൂഹത്തിൽ അവൾ ചെയ്ത തെറ്റിന്റെ വ്യാപ്തി അളക്കപ്പെട്ടു ചാനലുകളിൽ ചർച്ചകൾ തകൃതിയിൽ നടന്നു. ഒപ്പം മാനനഷ്ടകേസ് കടുത്തതോടെ പെൺകുട്ടി ആകെ മാനസിക സംഘർഷത്തിലായി. പിന്നീട് പല വിധത്തിലും ഒത്തുതീർപ്പ് ചർച്ചകൾക്കായി പെൺകുട്ടിയുടെ ബന്ധുക്കൾ സുധാകരനെ സമീപിച്ചു. എന്നാൽ നാട്ടുകാർ കൂടി ഇടപെട്ട കേസ് ആയതിനാൽ അതത്ര എളുപ്പമായിരുന്നില്ല.
ഒടുവിൽ ആ പെൺകുട്ടി നേരിട്ടെത്തി സുധാകരനോട് തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് അപേക്ഷിച്ചു. അതോടെ അയാളുടെ മനസ്സലിഞ്ഞു. ചെയ്ത തെറ്റിന്റെ വ്യാപ്തി അവളെ പറഞ്ഞ് മനസിലാക്കി നാട്ടുകാരുടെ കൂടി സമ്മതത്തോടെ സുധാകരൻ ഒടുവിൽ കേസ് പിൻവലിച്ചു.
” മോളെ ഇനി മേലിൽ ഇങ്ങനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ രണ്ട് വട്ടമെങ്കിലും ആലോചിച്ചു ചെയ്യണം കാരണം ഇത്തരം പ്രവർത്തികൾ മറ്റുള്ളവരുടെ കൂടെ ജീവിതം തകർത്തു കളയും… ”
സുധാകരന്റെ ആ വാക്കുകൾക്ക് മുന്നിൽ അവൾ തല കുമ്പിട്ടു.
ആ പെൺകുട്ടി അന്നത്തോടെ വൈറൽ ആകാനുള്ള ശ്രമങ്ങൾ അവസാനിച്ചു. അവൾ മാത്രമല്ല അത്തരം ചിന്തകൾ മനസ്സിൽ ഉണ്ടായിരുന്ന എല്ലാവർക്കും അവളുടെ അനുഭവം ഒരു വലിയ പാഠമായി
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു
