കൈകൾക്കൊപ്പം മാധവന്റെ ശ്വാസം കൂടി തന്നിലേറ്റു തുടങ്ങിയതും അവളിലേക്ക് ചായാനൊരുങ്ങിയ മാധവിന്റെ കൈകൾ നിശ്ചലമായ്…. ഒപ്പം റൂമിലെ ലൈറ്റും….

സമയം കുറെയായ് സീതേ…. നീ റൂമിലേക്ക് ചെല്ലാൻ നോക്ക്…
ബാക്കിയുള്ളതെല്ലാം ജോലിക്കാരു നോക്കിക്കൊള്ളും… മാധവ് കുറച്ചു നേരമായ് റൂമിലേക്ക് പോയിട്ട്…. ”

ശകാരം എന്ന രീതിയിലല്ലെങ്കിലും ഒരു കുറ്റപ്പെടുത്തലോടെ ജാനകി അമ്മ പറഞ്ഞതും അവരെ നോക്കി അനുസരണയോടെ തലയാട്ടി മുകളിലെ മുറിയിലേക്ക് നടക്കാനൊരുങ്ങിയ സീത രണ്ട് ചുവടു വെച്ചതും പെട്ടന്നു വന്നൊരോർമ്മയിൽ ജാനകി അമ്മയെ നോക്കി….

“ഉണ്ണിക്കുട്ടൻ ഞങ്ങളുടെ കൂടെ കിടന്നോളും… നീയിനിയും ഇവിടെ താളം ചവിട്ടി നിൽക്കാതെ മുറിയിലേക്ക് കയറി ചെല്ല് സീതേ… അവനിപ്പോ കിടന്നുറങ്ങി കാണും…. വർഷം അഞ്ചാറായി കുട്ടി ഒന്നായിട്ടും കഴുത്തിൽ താലിക്കെട്ടിയവനെ കൈ പിടിയിലൊതുക്കാൻ പഠിക്കാത്ത പെണ്ണ് നീ മാത്രമേയുണ്ടാവുകയുള്ളു സീതേ…..”

ഇത്തവണ പറയുമ്പോൾ അവളോടുള്ള ദേഷ്യം നിറഞ്ഞു നിന്നിരുന്നു അവരുടെ ശബ്ദത്തിലും…. അതു തിരിച്ചറിഞ്ഞിട്ടും പക്ഷെ സീതയിൽ മാറ്റമൊന്നുമില്ല…. സാവധാനം പടിയേറി റൂമിലേക്ക് നടക്കുമ്പോൾ ഇന്ന് സാരിയിൽ താനൊരുങ്ങി വന്നപ്പോൾ തന്നെയാകെയൊന്നു നോക്കിയ മാധവിന്റെ മുഖം അവളുടെ ഉള്ളിൽ തെളിഞ്ഞതും അവൾ പോലുമറിയാതെ നിറഞ്ഞവളുടെ മിഴികളെങ്കിലുമത് വേഗത്തിൽ തുടച്ചു മാറ്റി റൂമിലേക്ക് കയറിയവൾ… എന്തോ തീരുമാനിച്ചുറപ്പിച്ചു തന്നെ…..

റൂമിലേക്ക് സീത കയറിയതും ബെഡ്ഡിൽ അലക്ഷ്യമായ് മൊബൈൽ നോക്കി കിടന്നിരുന്ന മാധവിന്റെ നോട്ടമൊന്നവളിൽ തട്ടി തടഞ്ഞു ചെന്നു…. അതറിഞ്ഞിട്ടും അറിയാത്ത പോലെ മാറ്റാനുള്ള വസ്ത്രമെടുത്ത് ബാത്ത്റൂമിലേക്ക് കയറിയവൾ….

വേഗത്തിൽ ഫ്രഷായ് സീത വന്നു ബെഡ്ഡിൽ കിടന്നതും കയ്യിലെ ഫോൺ മാറ്റി വെച്ച് റൂമിലെ ലൈറ്റണച്ചു മാധവ്….

തന്നെ തേടി വരുന്ന മാധവിന്റെ കൈകളറിഞ്ഞതും ശ്വാസമൊന്നാഞ്ഞെടുത്ത് കണ്ണിറുക്കെ തുറന്നടച്ചവൾ …. ധൈര്യം സംഭരിക്കാനെന്ന പോലെ…

എനിയ്ക്ക് ഡിവോഴ്സ് വേണം….

കൈകൾക്കൊപ്പം മാധവന്റെ ശ്വാസം കൂടി തന്നിലേറ്റു തുടങ്ങിയതും അവളിലേക്ക് ചായാനൊരുങ്ങിയ മാധവിന്റെ കൈകൾ നിശ്ചലമായ്…. ഒപ്പം റൂമിലെ ലൈറ്റും തെളിഞ്ഞു….

എക്സ്ക്യൂസ്മി…… എനിയ്ക്ക് വ്യക്തമായില്ല…

ബെഡ്ഡിൽ നിന്നെഴുന്നേറ്റ് സീതയ്ക്ക് മുന്നിലായ് വന്നു നിന്നു മാധവ് പറയുമ്പോൾ മാധവിൽ അവിശ്വസനീയതയാണ്….

എനിയ്ക്ക് ഡിവോഴ്സ് വേണം…. ഈ വീട്ടിൽ നിന്ന് പോണം….

പറയാനുള്ളത് താൻ പറഞ്ഞേ തീരു എന്നുള്ളതുകൊണ്ട് അവനെ നോക്കി വീണ്ടും അതാവർത്തിക്കുമ്പോൾ പതിവിനു വിപരീതമായ് അവന്റെ മുന്നിൽ വിറയ്ക്കാതെ നിന്നു സീത….

ഞാൻ പോരാ എന്നു തോന്നിയിട്ടോ….. എനിയ്ക്ക് പകരം മറ്റൊരുവനെ കണ്ടെത്തിയിട്ടോ ഇങ്ങനൊരു തീരുമാനം….?

ശാന്തതയോടെ എന്നാൽ വല്ലാത്തൊരു മൂർച്ചയോടെ ചോദിക്കുന്നവന്റെ കണ്ണിലേക്ക് വെറുതെ നോക്കി സീത…മറുപടിയൊന്നും പറയാതെ…..

എനിയ്ക്ക് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം വേണം സീതേ….?

ദേഷ്യത്തിൽ പറയുന്നവന് കർശനക്കാരനായ പോലീസിന്റെ മുഖവും ഭാവവും….

ഒന്നു പതറി സീത….

അതെങ്ങനെ വേണമെങ്കിലും എടുക്കാം… എനിയ്ക്ക് ഈ ബന്ധം വേർപ്പെടുത്തി തന്നാൽ മാത്രം മതി….

അതു പറയുമ്പോൾ ശ്വാസം മുട്ടിയെന്ന വിധം ഒരു കിതപ്പുയർന്നു സീതയിൽ നിന്ന്….

അവളിലെ ആ പരവേശം ഒന്നു ശ്രദ്ധിച്ചതും വേഗത്തിൽ റൂമിന്റെ വാതിൽ വലിച്ചു തുറന്ന് താഴെ ഹാളിലേക്ക് വേഗത്തിലിറങ്ങി മാധവ്…

അവിടെ അവന്റെ ശബ്ദം ഉയരുന്നതും നിശബ്ദതയിൽ ആണ്ടു തുടങ്ങിയ വീടിനുള്ളിലാകെ ശബ്ദങ്ങൾ നിറയുന്നതും അറിഞ്ഞ് തനിയ്ക്കുള്ള വിളിയും കാത്തിരുന്നവൾ…

സീതേ…..

താഴെ നിന്ന് ജാനകി അമ്മയുടെ വിളി ശബ്ദം കേട്ടതും നേരത്തെ തയ്യാറാക്കി വെച്ച ബാഗുമെടുത്ത് താഴേക്കുള്ള പടികളിറങ്ങിയവൾ…. ഇനി ഒരിക്കൽ കൂടി മുകളിലെ മുറിയിലേക്കുള്ള പടികൾ കയറില്ലെന്നുറപ്പിച്ചു തന്നെ….

കയ്യിലൊരു ബാഗുമായ് താഴേക്കിറങ്ങി വരുന്ന സീതയെ കണ്ടപകപ്പുണ്ട് എല്ലാവരുടെ മുഖത്തും…

ജാനകി അമ്മയുടെ കണ്ണുകൾ സീതയിൽ ഉറച്ചു നിന്നു…. വല്ലാത്തൊരു പിരിമുറുക്കത്തോടെ…

നിനക്ക് ഡിവോഴ്സ് വേണോ സീതേ….?

ചോദിക്കുമ്പോൾ പ്രൗഡയായ മംഗലത്ത് ജാനകി അമ്മയുടെ ശബ്ദത്തിലെ പരിഭ്രമം അവിടെ നിന്നവരെല്ലാം തിരിച്ചറിഞ്ഞു….

വേണം ….. ഞാനത് ആവശ്യപ്പെട്ടിട്ടുണ്ട് ജാനകിഅമ്മയുടെ മകനോട്….

സീതയുടെ മറുപടിയിൽ അവിടെ നിന്നവരെല്ലാം അവളെ നോക്കി

എന്റെ മകൻ നിനക്കാരാണ് സീതേ…..?

വല്ലാതെ ദേഷ്യം തിങ്ങിയിരുന്നത് ചോദിക്കുമ്പോൾ ജാനകി അമ്മയിൽ…. തന്റെ പ്രതീക്ഷകളും കണക്കുകൂട്ടലുകളും പാടെ തെറ്റിയല്ലോ എന്ന ദേഷ്യം…

“അമ്മയുടെ മകൻ എനിയ്ക്കാരാണെന്ന് ചോദിച്ചാൽ ഞാൻ പ്രസവിച്ച കുഞ്ഞിന് ജന്മം കൊടുക്കാൻ എന്നെ സഹായിച്ച ആളെന്നെ എനിയ്ക്ക് പറയാൻ കഴിയൂ.. ”

പതിഞ്ഞതെങ്കിലും ഉറപ്പുള്ള ശബ്ദത്തിൽ സീത പറഞ്ഞതും ശബ്ദം നഷ്ടമായ് അവിടെ കൂടിയ ഓരോരുത്തർക്കും… എല്ലാവരുടെ നോട്ടവും ഒരു മാത്ര മാധവിൽ ചെന്നു തങ്ങിയെങ്കിലും യാതൊരു കൂസലുമില്ലാതെ കൈ കെട്ടി നിന്നു അവൻ…

മാധവിനെ നീ നിന്റെ കഴുത്തിൽ താലിക്കെട്ടിയ ഭർത്താവായിട്ട് കണ്ടിട്ടേ ഇല്ലേ സീതേ….?

മാധവിന്റെ അച്ഛന്റെ ചോദ്യത്തിൽ സീത അയാളെ നോക്കിയൊന്ന്….

ഈ ചോദ്യം അച്ഛൻ അച്ഛന്റെ മകനോടൊന്ന് ചോദിക്കാമോ…..?

സീത ചോദിച്ചതും കുറുകി മാധവിന്റെ മിഴികൾ

“നിന്നെ ഞാനൊരിക്കലും എന്റെ ഭാര്യയായ് അംഗീകരിക്കില്ല എന്നറിഞ്ഞുതന്നെയല്ലേ നീ എന്റെ ഭാര്യയായത്…. പിന്നെ ഈ പരാതിയുടെ അർത്ഥമെന്താണ്….

മാധവ് ദേഷ്യമൊതുക്കി പറഞ്ഞതും അവനെ നോക്കി നിറ കണ്ണോടെ നോവൊളിപ്പിച്ചു ചിരിച്ചവൾ

” പരാതി പറഞ്ഞതല്ല… നിങ്ങൾ സ്നേഹിച്ചവളെ നിങ്ങൾക്കു നഷ്ടമായപ്പോൾ നിങ്ങളുടെ വീട്ടുക്കാരാണ് എന്നെ നിങ്ങൾക്കായ് കണ്ടെത്തിയത്… ദാരിദ്രവും കഷ്ടപ്പാടും നിറഞ്ഞ എന്റെ കുടുംബത്തിലെ ആർക്കും എന്റെ ഇഷ്ടവും താൽപര്യവും അറിയേണ്ടായിരുന്നു….
ഇവിടുത്തെ ഈ ജീവിതം ഇപ്പോഴേനിയ്ക്ക് വല്ലാത്തൊരു ശ്വാസം മുട്ടലായിരിക്കുന്നു… ആരുടെയും ആരുമല്ലാതെ വെറുതെ ഒരു ജീവിതം… ഇതിങ്ങനെ കൊണ്ടുപോവാൻ വയ്യ…. എന്നെ മടങ്ങി പോവാനനുവദിക്കണം…

ശ്വാസം മുട്ടലോടെ സീത പറഞ്ഞതും അവളെ എരിയുന്ന ദേഷ്യത്തോടെ നോക്കി ജാനകിയമ്മ….

ഈ വീട് വിട്ട് നീ ഇറങ്ങുമ്പോൾ നിനക്ക് നഷ്ടമാവുന്നത് ഇവിടവും ആയുള്ള എല്ലാ ബന്ധങ്ങളും കൂടിയാണെന്ന് മറക്കണ്ട…. അതിൽ നിന്റെ മകനും പെടും…. അവനെ തന്നു വിടില്ല നിനക്ക് ഞങ്ങൾ…

സീതയ്ക്ക് നേരെയുള്ള അവസാന ആയുധം പുറത്തെടുത്തു ജാനകി അമ്മ…

“അവനെ അല്ലെങ്കിലും എന്നാണമ്മേ നിങ്ങളെനിയ്ക്ക് തന്നിട്ടുള്ളത്….?
നാലു വയസ്സായ അവനെ ഇന്നേവരെ എന്റെ കൊതി തീരെ എടുത്തിട്ടില്ല ഞാൻ…
എന്തിന് എന്റെ ഇഷ്ടത്തിനൊന്നു മുലപാൽ പോലും കൊടുത്തിട്ടില്ല… ഞാൻ കൊണ്ടുപോവാൻ ആഗ്രഹിച്ചാലും എന്റെകൂടെ വരാത്ത വിധം അവനേയും നിങ്ങൾ സ്വന്തമാക്കിയതല്ലേ… എനിയ്ക്ക് വേണ്ടവനെ…. നിങ്ങൾ വളർത്തിക്കോളൂ…. താലികെട്ടിയവന്റെ കാരണമില്ലാത്ത ദേഷ്യം സഹിച്ച്…. പ്രസവിച്ച കുഞ്ഞിനെ കാണാൻ നോമ്പു നോറ്റ് ഇങ്ങനൊരു ജീവിതം വയ്യ അമ്മേ ഇനിയും… ഞാൻ പൊക്കോട്ടെ… ഒന്നിനും വരില്ല….. ഒരിക്കലും വരില്ല…. ഒരവകാശവും പറയില്ല…. പൊക്കോട്ടെ…?

ദയനീയമായ് ചോദിച്ചു കൊണ്ട് സീത തന്റെ ബാഗ് കയ്യിലെടുത്തതും ആ ബാഗിൽ കൈ മുറുക്കി ജാനകി അമ്മ..

“ഇവിടുന്നിറങ്ങിയാൽ പിടിച്ചു നിൽക്കാനെങ്കിലും അഞ്ചിന്റെ പൈസ ഉണ്ടോ സീതേ നിന്റെ കയ്യിൽ….?വെറുതെ ഷോ കാണിക്കാതെ മുറിയിലേക്ക് കയറി പോവാൻ നോക്ക് നീ…’

ഗർവ്വോടെ പറയുന്ന അവരുടെ കൈകൾ തന്റെ ബാഗിൽ നിന്നടർത്തിമാറ്റി സീത…

കഴിഞ്ഞു പോയ വർഷങ്ങളിൽ അമ്മയുടെ മകനെന്നെ ഒരു ഭാര്യയായ് കണ്ടിട്ടില്ലെങ്കിലും ഒരു സ്ത്രീ ശരീരം വേണം തനിയ്ക്ക് വികാരങ്ങൾ തീർക്കാൻ എന്നു തോന്നിയപ്പോഴെല്ലാം എന്റെയീ ശരീരം തേടി വന്നിട്ടുണ്ട്…. അങ്ങനെ വന്നപ്പോഴെല്ലാം ഓരോ തുകയും എന്റെ കയ്യിലേക്ക് നിർബന്ധിച്ച് തന്നിട്ടുണ്ട്…. അദ്ദേഹത്തിന്റെ കണ്ണിൽ എനിയ്ക്കുള്ള സ്ഥാനം ഓർമ്മിപ്പിച്ചു കൊണ്ട്…. ആ പൈസയെല്ലാം ഉണ്ടെന്റെ കൈവശം… തൽക്കാലം പിടിച്ചു നിൽക്കാൻ അതു മതിയാവും എനിയ്ക്ക്… അതു തീരുപ്പോൾ തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ അദ്ദേഹം പഠിപ്പിച്ച ആ തൊഴിർ ഞാനെന്റെ ജീവിതമാർഗ്ഗമാക്കി മാറ്റിക്കോളാം… എന്നാലും വയ്യ ഇവിടെ….”

വല്ലാത്തൊരു ശാന്തതയോടെ സീത പറഞ്ഞതും അതുവരെയില്ലാത്ത പോലെ ഒന്നു പിടഞ്ഞു അവിടെ കൂടിയവരുടെയെല്ലാം ഉള്ളം…. ആ പെണ്ണിന്റെ ജീവിതത്തോട് തങ്ങൾ ചെയ്തത്…. ചെയ്തു കൊണ്ടിരുന്നത് എന്താണെന്നവർ ചിന്തിക്കും നേരം കൊണ്ട് ആ വീടിന്റെ ഗേറ്റു തുറന്ന് റോഡിലത്തിയിരുന്നു സീത …. സ്വാതന്ത്ര്യത്തിന്റെ ഗന്ധം ശ്വസിച്ചു കൊണ്ട്….

തന്നെ വേദനിപ്പിച്ചവരെല്ലാം തന്റെ കാൽകീഴിൽ വന്നു കേഴുമെന്ന് അറിയാതെ…. കാലം അവർക്കും കരുതി വെച്ചിട്ടുണ്ട് യഥാവിധി ശിക്ഷയെന്നറിയാതെ……

ശുഭം…..

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *