✍️ രജിത ജയൻ
“എന്റെ നാത്തൂനേ ഞാൻ പറഞ്ഞു പറഞ്ഞു മടുത്തുന്നവനോട് ഈക്കാര്യം…. ഇപ്പോഴിപ്പോൾ അവനെ ഞാൻ നേരെ ചൊവ്വേ കാണാറുപോലുമില്ല… പറയുമ്പോൾ ഞങ്ങളുടെ താമസം ഒരു വീട്ടിലാണ്… ബന്ധമാണെങ്കിൽ അമ്മയും മകനുമാണ്… പക്ഷെ പറഞ്ഞിട്ടെന്താ കാര്യം… ഒക്കെ ഓരോ യോഗം… അങ്ങനെ കരുതി സമാധാനിക്കുവാണ് ഞാനിപ്പോൾ… ”
മൂക്കൊന്നു ഉടുത്ത സാരിത്തുമ്പിൽ തുടച്ച് അതേ സാരി കൊണ്ട് മുഖവും അമർത്തി തുടച്ച് ലളിത പറഞ്ഞു നിർത്തുമ്പോൾ കേൾവിക്കാരിയായിട്ടുള്ള ജാനകിയുടെ നോട്ടം ഹാളിനപ്പുറത്തെ ഇടനാഴിയോട് ചേർന്നുള്ള മുറിയുടെ നേർക്കാണ്….
ലളിതയുടെ ഭർത്താവ് രാഘവന്റെ സഹോദരിയാണ് ജാനകി… അവരുടെ താമസം കുറച്ചു ദൂരെയായതുകൊണ്ട് മാസത്തിലൊന്നോ രണ്ടോ പ്രാവശ്യം ലളിതയെ കാണാനായ് സഹോദരന്റെ വീട്ടിലേക്ക് ഇതുപോലെ വരാറുണ്ട് ജാനകി….
കഴിഞ്ഞ കുറെ മാസങ്ങളായി വരുമ്പോഴെല്ലാം അവർക്ക് സംസാരിക്കാനുണ്ടാവുക ഒരേയൊരു കാര്യമാണ്.. ലളിതയുടെ മൂത്ത മകൻ അജിത്തിന്റെ ജീവിതത്തെ കുറിച്ചാണത്…
“നീയിങ്ങനെ ഒന്നും മിണ്ടാതെ നിന്നിട്ടാണ് ലളിതേ അവൻ നിനക്കൊരു വില തരാത്തത്… അവൻ നിനക്ക് തരാത്ത വിലയൊന്നും അവന്റെ ഭാര്യ തരില്ലല്ലോ…?
അതും അവളെ പോലൊരു കേന്ദ്ര സർക്കാർ ജോലിക്കാരി…
പുച്ഛത്തിലാണ് ലളിതയോട് ജാനകി സംസാരിക്കുന്നതെങ്കിലും അതിൽ അവർ മറച്ചു പിടിയ്ക്കുന്നത് തന്റെ അസൂയക്കൂടി ആണെന്ന് പക്ഷെ ലളിതയ്ക്ക് അറിയില്ല…
“ഇന്നവൾക്ക് ജോലിയ്ക്ക് ഒന്നും പോവണ്ടല്ലോ ,ഇപ്പോ മണി ഏഴു കഴിഞ്ഞില്ലേ … നീ ചെന്നവരെ വിളിച്ചുണർത്തിക്കേ ലളിതേ… മതി അവരുടെ പള്ളിയുറക്കം…”
അജിത്തിന്റെ മുറിയുടെ നേർക്ക് പാളി നോക്കി ലളിതയിൽ വാശിക്കേറ്റി ജാനകി….
അത്… നാത്തൂനേ…. ആ പെണ്ണിന്നലെ രാത്രി ഒത്തിരി വൈകിയാ വന്നത്… കിടക്കാനും ഒരു നേരമായിട്ടുണ്ട്… മാസാവസാനം അല്ലേ അതിന്റെ തിരക്കാ ബാങ്കില്… ഇന്നലെ രാത്രി തന്നെ അവള് പറഞ്ഞിരുന്നു രാവിലെ വൈകിയേ എണീക്കൂ വിളിക്കണ്ടാന്ന്… ഉറക്കം ഇല്ലാത്തോണ്ട് തലവേദനയാണെന്ന്… അവര് കിടന്നോട്ടെ… വെറുതെ വിളിച്ച് അവന്റെ ദേഷ്യം കൂട്ടണ്ട….. ”
മടിച്ചാണെങ്കിലും കാര്യം തുറന്നു ലളിത പറഞ്ഞതും അവരെകനപ്പിച്ചൊന്നു നോക്കി ജാനകി…
പിന്നെ….. പത്തു മാസം വയറ്റിൽ ചുമന്നൊരു പേരക്കുട്ടിയെ നിനക്ക് പെറ്റു തരാൻ വയ്യാത്തവൾക്കല്ലേ ക്ഷീണം… നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല ലളിതേ… നീയൊന്നും ഒരു കാലത്തും നന്നാവില്ല….
മുഷിപ്പോടെ ലളിതയോടു പറഞ്ഞ് അജിത്തിന്റെ റൂമിനു നേർക്ക് ജാനകി നടന്നതും അവരിത് എന്തിനുള്ള പുറപ്പാടാണെന്നൊരു ചിന്തയോടെ അവരെ നോക്കി നിന്ന ലളിത…
അജിത്തേ…. ഇന്ദൂ… എടാ…. എഴുന്നേറ്റു വന്നേ രണ്ടാളും….
അജിത്തിന്റെ മുറി വാതിൽക്കൽ തട്ടി ഉറക്കെ വിളിയ്ക്കുന്ന ജാനകിയെ പരിഭ്രാന്തിയോടെ നോക്കി ലളിത… ദേഷ്യം വന്നാലും ഉറക്കം മുറിഞ്ഞാലും വല്ലാത്ത ദേഷ്യമാണ് അജിത്തിന്… മാത്രവുമല്ല ഇപ്പഴവനെ ഈ വിധം വിളിച്ചുണർത്തുന്നത് ജാനകി കൂടിയാവുമ്പോൾ അവന്റെ ദേഷ്യത്തിന്റെ തോത് കൂടും… വായിൽ വരുന്നത് വിളിച്ചു പറഞ്ഞെന്നുമിരിയ്ക്കും….
ഓരോന്ന് ഓർത്തതും അഹിതമായ് ഒന്നുമുണ്ടാവരുതേ അവർക്കിടയിലെന്നു മനസ്സറിഞ്ഞു പ്രാർത്ഥിച്ചു പോയ് ലളിത
തുടരെ തുടരെയുള്ള വാതിലിലെ ശക്തമായ തട്ടലും ഉറക്കെയുള്ള വിളിയൊച്ചകളും…
ഉറക്കം മുറിഞ്ഞു അജിത്തിന്…
കണ്ണൊന്നടച്ചു തുറന്നവന്റെ നോട്ടമൊന്ന് തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്നവളിലേക്ക് നീണ്ടു
പുറത്തു നിന്നുള്ള ബഹളങ്ങൾ അവളുടെ ഉറക്കത്തെയും തടസ്സപ്പെടുത്തുന്നുണ്ടെന്ന് ചുളിഞ്ഞു നിവരുന്ന അവളുടെ നെറ്റിത്തടം കണ്ടവനുറപ്പിച്ചു….
അപ്പച്ചിയുടെ ഈ ഭ്രാന്തു ഞാനിന്നു തീർത്തു തരും…
ഞൊടിഞ്ഞവൻ കിടക്കവിട്ടെഴുന്നേറ്റതും കൂടെ എഴുന്നേറ്റു ഇന്ദുവും…
നീ കിടന്നോ… മണി ഏഴാവുന്നേയുള്ളു….ഞാനിപ്പോ വരാം…
ഒപ്പമെഴുന്നേറ്റവളെ തിരികെ കിടക്കയിലേക്ക് തന്നെ കിടത്തി എഴുന്നേറ്റു വാതിൽ വലിച്ചു തുറന്നു അജിത്ത്….
“എത്ര നേരമായെടാ ഞാൻ വിളിയ്ക്കുന്നു… നീയും നിന്റെ ഭാര്യയുമെന്താ ചത്തുറങ്ങു വായിരുന്നോ അകത്ത്….?
തനിയ്ക്കു മുന്നിൽ നിൽക്കുന്നവന്റെ മുഖത്തെ ദേഷ്യമറിഞ്ഞിട്ടും അതൊന്നും ഗൗനിക്കാതെ അവനോടു ചോദിച്ചകത്തെ മുറിയിലേക്കൊന്ന് കണ്ണെത്തിച്ചവർ….
അതു കണ്ടതും പാതി വാതിൽ ചാരി അവരുടെ കാഴ്ചക്ക് മുന്നിൽ തടസ്സമായ് നിന്നു അജിത്ത്…
ഞങ്ങളുടെ കിടപ്പുമുറിയ്ക്കുള്ളിലേക്ക് എത്തികുത്തി നോക്കി കാഴ്ച കാണാനാണോ അപ്പച്ചി എന്നെ രാവിലെ തന്നെ വിളിച്ചെഴുന്നേല്പിച്ചത്….?
ആണെങ്കിൽ അപ്പച്ചിയ്ക്ക് ഈ പ്രായത്തിൽ കാണാൻ പറ്റിയ കാഴ്ചകളൊന്നും ഞങ്ങളുടെ ബെഡ് റൂമിലില്ല… അപ്പച്ചി ചെല്ല്….”
അവരിൽ തന്നെ നോട്ടമുറപ്പിച്ച് ശബ്ദം കടുപ്പിച്ച് അജിത്ത് പറഞ്ഞതും അവന്റെ ചോദ്യത്തിലും മുഖത്തെ ഭാവത്തിലും നന്നായ് തന്നെ വിളറി ജാനകി…
ഓ… പിന്നെ…. നിന്റെയും നിന്റെ ഭാര്യയുടെയും കിടപ്പുമുറിയിലേക്ക് ഒളിച്ചു നോടമാണല്ലോ എന്റെ പണി… ഇനിയിയഥവാ ഞാനൊന്ന് നോക്കിയാലും എനിയ്ക്ക് കാണാൻ പാടില്ലാത്ത കാഴ്ചകളൊന്നും അതിനകത്തുണ്ടാവില്ല… അതിനുള്ള ആണത്തമൊന്നും നിനക്കില്ലെടാ ചെക്കാ…. ഉണ്ടായിരുന്നേൽ നിന്റെ ഭാര്യയിപ്പോ ഒന്നോ രണ്ടോ പെറ്റേനെ… ഏതു നേരോം മുറിയടച്ച് കെട്ടിപ്പിടിച്ചിരുന്നിട്ടൊന്നും കാര്യമില്ലെടാ പെണ്ണിനെ പ്രസവിപ്പിക്കാൻ ആണിനും പ്രവിക്കാൻ പെണ്ണിനും ഭാഗ്യവും കഴിവും വേണം… നിനക്കും നിന്റെ ഭാര്യയ്ക്കും അങ്ങനൊരു കഴിവും ഭാഗ്യവുമില്ല… നിന്റെയൊക്കെ അഹങ്കാരത്തിന് ഈശ്വരന്റെ ശിക്ഷയാ അത്…. നിന്റെ ചന്തോം ജോലീം കണ്ട് ഞാനെന്റെ മോളെ നിനക്ക് തന്നിരുന്നേൽ അവളും ഇപ്പോ നിന്റെ ഭാര്യ മച്ചിയായ് നിൽക്കുന്നതു പോലെയിവിടെ ഇങ്ങനെ നിന്നേനെ കഴിവുകെട്ടവനെ…. നന്നായി നീയെന്റെ മോളെ അന്ന് വേണ്ടാന്നു പറഞ്ഞത്… നിന്റെ കല്യാണം കഴിഞ്ഞിട്ട് കല്യാണം കഴിഞ്ഞ എന്റെ മോൾക്കിപ്പോ രണ്ടാമതും വിശേഷമുണ്ടെടാ… അറിയ്യോ നിനക്ക്….?
ഒരൊറ്റ ശ്വാസത്തിൽ മനസ്സിലുള്ളത് മുഴുവൻ പുറത്തേക്ക് ജാനകി കുടഞ്ഞിട്ടപ്പോൾ ഞെട്ടി കണ്ണു മിഴിച്ചു പോയത് ലളിതയാണ്….
കഴിഞ്ഞ മൂന്നു വർഷമായ് അജിത്തിന്റെ കല്യാണം കഴിഞ്ഞിട്ട്… അന്നു മുതൽ ഇന്നുവരെ നാത്തൂനറിയേണ്ടത് അജിത്തിന്റെ ഭാര്യയ്ക്ക് വിശേഷമുണ്ടോ എന്നാണ്… സഹോദരന്റെ മകനോടുള്ള അവരുടെ കരുതലായിട്ടേ ഇന്നുവരെ അതിനെ കണ്ടിട്ടുള്ളു … പക്ഷെ ഇപ്പോഴാണ് അവരുടെ മനസ്സിലെ വിഷം മനസ്സിലാവുന്നത്…
തന്റെ സങ്കടങ്ങളിൽ സന്തോഷിയ്ക്കുന്ന മനസ്സാണ് അവരുടേതെന്ന് തിരിച്ചറിയുന്നത്… അവരെ അകറ്റി നിർത്താൻ അജിത്ത് പറയുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നത്….
അവരുടെ നിറക്കണ്ണോടെയുള്ള ദയനീയമായ നോട്ടം മകനെ തേടിചെന്നതും കണ്ടു തന്നെ, തന്നെ നോക്കി നിൽക്കുന്നവനെ….
അമ്മയിൽ നിന്ന് നോട്ടം പിൻവലിച്ച് തനിയ്ക്ക് മുന്നിൽ വിജയിച്ചെന്ന പോലെ നിൽക്കുന്ന ജാനകിയെ ഒന്നു നോക്കി അജിത്ത്…
“കണ്ടവർക്കൊപ്പം ഊരുചുറ്റി നടന്ന നിങ്ങളുടെ മകളെ എനിയ്ക്ക് ഭാര്യയായ് വേണ്ടെന്ന് ഞാൻ പറഞ്ഞതിന്റെ ദേഷ്യം നിങ്ങളിൽ എന്നോട് ഉണ്ടെന്ന് എനിക്കറിയാം… പിന്നെ നിങ്ങളുടെ മകളുടെ രണ്ടാമത്തെ ഗർഭം അവളെ പോലൊരുത്തിയ്ക്ക് ആകെ ചെയ്യാനറിയാവുന്നത് അത് മാത്രമാണ്… പക്ഷെ എന്റെ ഭാര്യയ്ക്ക് അതുമാത്രമല്ല അറിയുക, അവൾക്കേറെ കഴിവുകളുണ്ട്… അതിന്റെ തിരക്കുകളിലും അതു നൽകുന്ന സന്തോഷങ്ങളിലുമാണ് ഞങ്ങളിപ്പോൾ…. പിന്നെ ഞാനൊരു ആണാണെന്നും എനിയ്ക്കൊരു പെണ്ണിനെ പ്രസവിപ്പിക്കാനും കഴിയുമെന്ന് ആരുടെയും മുന്നിൽ തെളിയിക്കേണ്ട കാര്യം എനിയ്ക്കോ എന്റെ ഭാര്യയ്ക്കോ ഇല്ല… ഞങ്ങളാഗ്രഹിക്കുമ്പോൾ ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളം ഞങ്ങൾക്കൊപ്പം ഉണ്ടാകും… അതിന് വർഷങ്ങളുടെ കണക്കും ബന്ധങ്ങളുടെ ആഴവും നോക്കി ആരും കാത്തിരിക്കണമെന്നില്ല ഇവിടെ…. എന്റെ പെണ്ണിനെ ഞാനെന്റെ കൂടെ കൂട്ടിയത് എനിയ്ക്കൊരു തുണയായിട്ടാണ്… ഞങ്ങളുടെ ജീവിതത്തിൽ എന്തു വേണം എന്തു വേണ്ട എന്നതും ഞങ്ങളുടെ തീരുമാനമാണ്… മറ്റൊരാൾ വേണ്ട അതിനിടയ്ക്ക്…. അതാരായാലും….”
ആദ്യം ജാനകിയോടും പിന്നെ സ്വന്തം അമ്മയോടുമായ് കടുപ്പിച്ച് പറഞ്ഞ് അവരുടെ മുന്നിലേക്ക് വാതിൽ വലിച്ചടച്ച് അജിത്ത് കയറി പോയതും വിളറി വെളുത്തു ജാനകി…
ഒരു നോട്ടം അവരിൽ നിന്ന് ലളിതയെ തേടി പോയതും കണ്ടു താനെന്നൊരാളെ പറ്റെ അവഗണിച്ച് അകത്തേയ്ക്ക് കയറി പോവുന്നവളെ…
ലളിതേ…. എടീ…
ദയനീയമായൊന്നു വിളിച്ചു പോയവർ
“നിങ്ങളിറങ്ങി പോവുമ്പോൾ ഉമ്മറത്തെ വാതിലൊന്ന് അടച്ചേക്ക് നാത്തൂനേ, ഇനിയും നിങ്ങളെ പോലെ വലിഞ്ഞുകയറി ആരും ഇങ്ങോട്ടു കയറി വരാതെയിരിക്കാനാണ്…”
തിരിഞ്ഞു നോക്കാതെ ലളിത പറയുമ്പോൾ നാണം കെട്ടുതാഴ്ന്നു ജാനകിയുടെ തല… ഇറങ്ങി പോവാൻ പറയാതെ പറഞ്ഞിരിക്കുന്നു…
ഒരു പാട് ശാപങ്ങൾ ആ വീടിനും വീട്ടുകാർക്കും നൽകി അവരാ വീടിന്റെ പടിയിറങ്ങി പോവുമ്പോൾ തന്റെ നെഞ്ചിലെ ചൂടിലേക്ക് വീണ്ടും പതുങ്ങി കൂടി വന്നവളിലേക്ക് വീണലിഞ്ഞു തുടങ്ങിയിരുന്നു അജിത്ത്… അവരിരുവരും ആ നിമിഷം ഒരു കുഞ്ഞിനെ വല്ലാതെ ആഗ്രഹിച്ചു പോയതിനാലാവും അവരുടെ പ്രണയജീവിതത്തിന്റെ ശേഷിപ്പുമായൊരു കുഞ്ഞു ജീവൻ അവർക്കിടയിലേക്ക് യാത്ര
തുടങ്ങിയിരുന്നന്നേരം…
രജിത ജയൻ
